രചയിതാവ് : ഒര്‍ഹാന്‍ പാമുക്
പ്രസാധകര്‍ :
അവലോകനം : ലാസര്‍ ഡിസല്‍വ
സ്നോ' തന്റെ ആദ്യത്തെയും അവസാനത്തെയും രാഷ്ട്രീയ നോവല്‍ ആണെന്ന് ഒര്‍ഹാന്‍ പാമുക് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. സ്നോയെ നല്ലൊരു രാഷ്ട്രീയ നോവല്‍ ആക്കുന്നത് പക്ഷെ, അതിലെ മനുഷ്യാനുഭവങ്ങളുടെ സങ്കീര്‍ണമാനങ്ങള്‍ തന്നെയാണ്. മഞ്ഞുപുതഞ്ഞ മലമുകളില്‍ സ്ഥിതിചെയ്യുന്ന 'കാര്‍സ്' എന്ന വടക്ക് കിഴക്കന്‍ തുര്‍ക്കിയിലെ ചെറുപട്ടണത്തില്‍ നടക്കുന്നത് പ്രാദേശികമായ ഒരു പട്ടാളഅട്ടിമറി മാത്രമല്ല, സ്നേഹത്തിന്റെ അട്ടിമറി കൂടിയാണ്. ഒരു അനിവാര്യത പോലെ, മഞ്ഞുവീണ് കാര്‍സിലേക്കുള്ള ഗതാഗതങ്ങള്‍ മുഴുവന്‍ നിര്‍ത്തിവയ്ക്കപ്പെടുന്നതിന് ഏതാനും മണിക്കൂറുകള്‍ക്ക് മുന്പ് 'കാ' എന്ന കവി അവിടെ എത്തുന്നു. ഭൂതകാലത്തിന്റെ അനുഭവതീവ്രതകള്‍ നിര്‍മ്മലനാക്കി, ഒരു തീര്‍ഥാടനത്തിന്റെ മനസ്സുമായി അയാള്‍ എത്തുന്നത്, ആത്മഹത്യ ചെയ്യുന്ന ഇസ്ലാമിസ്റ്റ് അനുഭാവികളായ പെണ്‍കുട്ടികളെ കുറിച്ച് ഫീച്ചര്‍ ചെയ്യാന്‍ എന്ന ആവരണത്തിനുള്ളില്‍, തന്റെ മുന്‍കാല പ്രണയഭാജനമായ ഇപെക്കിനെ കാണാന്‍ ആണ്. തുര്‍ക്കിയിലെ ഏറ്റവും സുന്ദരിയായ സ്ത്രീയാണ് ഇപെക്കെന്നു കാ പറയുമ്പോള്‍ അവിശ്വസിക്കേണ്ട കാര്യം ഇല്ല. നോവലിന്റെ ഒടുവില്‍ ഒര്‍ഹാന്‍ തന്നെ ഒരു കഥാപാത്രമായി ഇപെക്കിനെ കാണാന്‍ എത്തുമ്പോള്‍, അവരുടെ സൌന്ദര്യത്തില്‍ മുഗ്ധനായി പോകുന്നുണ്ട്.
മഞ്ഞു പെയ്തുപെയ്ത് മലമുകള്‍ മൂടുമ്പോള്‍, മരവിപ്പിന്റെ ആവരണം നിഗൂഡമായ എന്തിന്റെയോ ഓര്‍മ്മപ്പെടുത്തല്‍ പോലെ കാര്‍സിനെ പൊതിഞ്ഞുനില്‍ക്കുന്ന നേരത്താണ് കാ അവിടെ എത്തുന്നത്. കഥയുടെ ആദ്യാവസാനം മഞ്ഞു പെയ്യുന്നു. പക്ഷെ ഉള്ളിലെ കത്തുന്ന നെരിപ്പോട് പതുക്കെ പതുക്കെ പ്രത്യക്ഷമാകുന്നു. നാല് തലത്തിലാണ് കാര്സിന്റെ രാഷ്ട്രീയം - സര്‍ക്കാരും, പട്ടാളവും രഹസ്യപോലിസും ഒക്കെ മുഖ്യപങ്ക് വഹിക്കുന്ന സര്‍ക്കാര്‍ മെഷിനറിയും ഒന്ന്. ഇതിന്റെ വിപരീതത്തില്‍ വിന്യസിക്കപെട്ട ഇസ്ലാമിക ഫണ്ടമെന്‍റലിസ്റ്റുകള് രണ്ട്. പഴയ കൊമ്മ്യൂണിസ്റ്റുകാര്‍ - അതിന്റെ പേരില്‍ നാടുകടത്തപ്പെട്ട് യൂറോപ്പിന്റെ തെരുവുകളില്‍ അലഞ്ഞ് ദര്‍ശനങ്ങള്‍ എല്ലാം ഉപേക്ഷിച്ച് തിരിച്ചെത്തിയ കായെപ്പോലുള്ള ലിബറലുകള്‍ മൂന്ന്. ഏത് രാഷ്ട്രീയ അട്ടിമറിയും ടെലിവിഷന് മുന്നിലും നാടകശാലയിലും ഇരുന്നു മഞ്ഞുമൂടിയ മനസ്സുമായി കണ്ടുതീര്‍ക്കുന്ന ബഹുഭൂരിപക്ഷം അവസാനത്തേത്. ഇത് കാര്‍സിനെയും തുര്‍ക്കിയെയും മാത്രം ഉള്‍ക്കൊള്ളുന്ന രാഷ്ട്രീയ ബിംബവത്കരണം അല്ല, എല്ലാ വികസ്വരരാഷ്ട്രങ്ങളുടെയും ആണ്.
കാര്‍സിന്റെ രാഷ്ട്രീയത്തിന് സമാനമായി ചിലന്തിവലപോലെ പടരുന്നു അവിടുത്തെ മനുഷ്യബന്ധങ്ങളും. വളരെ ലളിതമായ കൌമാരവാഞ്ചകളെ തിരിച്ചുപിടിക്കാനെത്തുന്ന കായെ കാത്തിരിക്കുന്നത് ബന്ധങ്ങളുടെ വിചിത്രമായ കുടുക്കുകളാണ്. ഇപെക്ക് വിവാഹമോചിതയാണെങ്കിലും, കായുടെ പഴയകാല കൂട്ടുകാരന്‍ കൂടിയായ ആദ്യഭര്‍ത്താവ് വീണ്ടും അവരെ വിവാഹം കഴിക്കാന്‍ ഒരുങ്ങുന്നു എന്ന് ഇപെക്ക് തന്നെയാണ് കായോട് പറയുന്നത്. ആര്‍ദ്രമായ വിമുഖതകളോടെയും എന്നാല്‍ തീക്ഷ്ണതയുടെ ഉയരങ്ങളില്‍ നിര്‍ലജ്ജവും ആയി തന്നെയാണ് ഇപെക്ക് കായെ സ്നേഹിക്കുന്നത്. അപ്പോഴും, അനുജത്തിക്ക് വേണ്ടി ഉപേക്ഷിച്ച തീവ്രവാദി നേതാവായ ബ്ലൂവിനോടുള്ള സ്നേഹത്തില്‍ നിന്നും വിടുതലിന് വേണ്ടിയാണോ താന്‍ കായെ സ്നേഹിക്കുന്നത് എന്ന സന്ദേഹം അവളിലുണ്ട്. കായുടെ സ്നേഹം എത്ര നിര്‍മലമായിരുന്നെന്നാലും അത് ബ്ലൂവിന്റെ സ്നേഹത്തോളം തീക്ഷ്ണമായിരുന്നില്ല എന്ന് പിന്നീട് ഇപെക് ഒര്‍ഹാനോട് മനസ്സ്തുറക്കുന്നുണ്ട്. അല്ലെങ്കില്‍, സ്നേഹം ആവശ്യപ്പെടുന്ന ചില വെല്ലുവിളികളെ, സമരങ്ങളെ ബ്ലൂവിനോളം സാഹസികമായി ഏറ്റെടുക്കാന്‍ കായ്ക്ക് ആയില്ലല്ലോ എന്ന്. തന്റെ ഭ്രാന്തമായ പ്രണയകാലത്തിന്റെ ഉറവിടം കരസ്ഥമാക്കാന്‍ വരുന്ന കായെ തന്നെയാണ് ബ്ലൂ ഒളിത്താവളങ്ങളില്‍ ബഹുമാനത്തോടെ സ്വീകരിക്കുന്നതും "ശുദ്ധനായ മനുഷ്യന്‍" എന്ന് വിശേഷിപ്പിക്കുന്നതും.
ഇതില്‍ അവസാനിക്കുന്നില്ല മഞ്ഞുമലയിലെ കത്തുന്ന സ്നേഹത്തിന്റെ തീ. സഹോദരിയില്‍ നിന്നും ബ്ലൂവിനെ തട്ടിപറിച്ചത്, കാദിഫിനെ സംബന്ധിച്ചിടത്തോളം സ്നേഹത്തിന്റെ അട്ടിമറിയാണ്. വലിയ ആശയപ്രതിബദ്ധതയുടെ പേരിലൊന്നും അല്ല അവള്‍ തലയില്‍ തട്ടം ധരിക്കാന്‍ തുടങ്ങിയതെങ്കിലും, നാടകം കാണാന്‍ വന്നിരിക്കുന്ന ഒരു ജനകൂട്ടത്തിനു മുന്നില്‍ അതുപേക്ഷിക്കാന്‍ തയ്യാറാവുന്നത്, കഠിനവേദനയോടെയാണെങ്കില്‍ കൂടി, ആശയത്തിനുപരിയായി നില്‍ക്കുന്നത് സ്നേഹം തന്നെ എന്ന തിരിച്ചറിവില്‍ നിന്നാവും. ഇസ്ലാമിക് വിദ്യാര്‍ഥികള്‍ ആയ നെസിപ്പും ഫാസിലും തങ്ങളുടെ ഐഡിയോളജിക്കല്‍ സംഘര്‍ഷങ്ങള്‍ക്ക് ഇടയ്ക്കും കാദിഫിനോടുള്ള തടഞ്ഞുനിര്‍ത്താനാവാത്ത പ്രണയം ഉള്ളില്‍ പേറുന്നവര്‍ ആണ്. മഞ്ഞുപെയ്ത്തിന്റെ, രാഷ്ട്രീയ അട്ടിമറിയുടെ ഒക്കെ നടുവിലും എല്ലാ കഥാപാത്രങ്ങളും സ്നേഹത്തിന്റെ തീയുമായി നടക്കുന്നവരാകുന്നു - അതാണ് കഥയുടെ ഗംഭീര്യത്തെ അനുഭവിപ്പിക്കുന്നതും.
"മനസ്സില്‍ നിര്‍മ്മലനായ" കായുടെ സ്നേഹത്തിന്റെ കൈവഴികള്‍ ഇതുമാത്രമല്ല. പ്രാപഞ്ചികമായ ഒരു സ്നേഹവീക്ഷണം ഉണ്ടാക്കിയതാണ് അയാളുടെ ശുദ്ധത. സങ്കീര്‍ണതകളുടെ അഭാവത്തില്‍ സംഭവിക്കുന്ന ഗ്രാമ്യമായ ഒരു ശുദ്ധതയെ കുറിച്ചല്ല ഇത്. കൊമ്മ്യൂണിസ്റ്റ് ആക്ടിവിസത്തിന്റെ പേരില്‍ നാട്കടത്തപെട്ടവനാണ് കാ. ആശയങ്ങളും സ്വപനങ്ങളും അതിന്റെ പ്രയോക്താക്കളും ഫ്രാങ്ക് ഫെര്‍ട്ടിന്റെ അഭയാര്‍ത്ഥിതെരുവുകളില്‍ പലവഴിക്ക് ചിതറിതെറിച്ച് അസ്തമിക്കുന്നത് കണ്ടവനാണ് കാ. പിന്നെ കാര്‍സില്‍ എത്തുന്നതുവരെ കവിത വറ്റിപോകാന്‍ മാത്രം ജീവിതത്തിന്റെ മുറിവുകള്‍ പേറിയവന്‍. അയാളുടെ നിര്‍മ്മലത , കൂട്ടത്തില്‍ നിന്നും ഒരുപാട് മുന്നേ പറന്ന കിളിയുടെ നിര്‍മ്മമതയാണ്. ഇപെക്കും ബ്ലൂവും തമ്മിലുള്ള സ്നേഹത്തിന്റെ കഥ രഹസ്യപോലിസ് മേധാവി അറിയിക്കുമ്പോള്‍ കൊച്ചുകുട്ടിയെപോലെ കരഞ്ഞുകൊണ്ട് ആ വൈകാരിക സമസ്യയെ അയാള്‍ക്ക് മറികടക്കാന്‍ സാധിക്കുന്നത് അതുകൊണ്ടാണ്. മറ്റൊന്നും കൊണ്ടാവില്ല നെസ്സിപ് എന്ന വിദ്യാര്‍ഥിയെ ആഴത്തില്‍ സ്നേഹിക്കാന്‍ അയാള്‍ക്കാവുന്നതും. പട്ടാളഅട്ടിമറിയുടെ ഇരകളിലൊന്നായി നെസ്സിപ് മരിച്ചുകഴിഞ്ഞ് അവന്റെ കൂട്ടുകാരന്‍ അയാളെ കാണാന്‍ വരുമ്പോള്‍ അത് നെസ്സിപ് തന്നെയെന്ന ഭ്രാമാത്മകതയില്‍ എത്താന്‍ മാത്രം ആഴമുണ്ട് ആ സ്നേഹത്തിന്. അയാളെ പിന്തുടരാന്‍ നിയോഗിക്കപ്പെട്ട രഹസ്യ പോലീസിന്റെ കിങ്കരന്‍ കായുടെ സ്നേഹത്തോടൊപ്പം ചേര്‍ന്ന് അയാളുമായി സംസാരിച്ചു നടക്കുന്നു. കായുടെ ഉപാധിരഹിതമായ സ്നേഹത്തിന്റെ ഒഴുക്ക് എഴുത്തുകാരന്റെ ആത്മപ്രകാശനം കൂടിയാണ്.
ഉത്തരാധുനികനായ എഴുത്തുകാരനാണ് പാമുക് എന്ന് എം. മുകുന്ദന്‍ പറയുന്നുണ്ട് (മലയാള മനോരമ പത്രം). ക്ലാസിക്ക് ആഴങ്ങളുള്ള സ്നോ എന്ന നോവലിനെ മുന്‍നിര്‍ത്തി അത്തരം വര്‍ഗീകരണം സാധ്യമാണോ എന്ന് സംശയമാണ്. ഒരു പ്രസ്താവം പോലെ പറയുക നന്നല്ലെങ്കിലും, മറ്റൊരുതരത്തില്‍ ഇത് സാധ്യമാക്കുന്ന ചില ആശയപ്രകാശനങ്ങള്‍ നോവല്‍ ഉള്‍ക്കൊള്ളുന്നുണ്ട്. കാ എന്ന കവിയുടെ, അയാളുടെ കൊലപാതകം അന്വേഷിച്ചെത്തുന്ന ഒര്‍ഹാന്‍ എന്ന നോവലിസ്റ്റിന്റെ, പുതിയ മനുഷ്യന്റെ തന്നെ, ദര്‍ശനം ഇല്ലായ്മയാണ് ഇത് സാധ്യമാക്കുന്നത്. കാര്‍സില്‍ രൂക്ഷമായ രാഷ്ട്രീയഅട്ടിമറി നടന്നതിനുശേഷം കായോട് "താങ്കളുടെ വിശ്വാസം എന്താണ്?" എന്ന ചോദ്യം ഉന്നയിക്കപ്പെടുന്നുണ്ട്. നിശ്ശബ്ദനായിരിക്കുന്ന കായ്ക്ക് വേണ്ടി മറുപടി പറയുന്നത് അപ്പോഴേക്കും അയാളെ ഏറെക്കൂറെ മനസ്സിലാക്കിക്കഴിഞ്ഞ ഇപെക്ക് ആണ്; "കാ ഒന്നിലും വിശ്വസിക്കുന്നില്ല". ഇത് നോവലിന്റെ പൊതുസ്വഭാവം കൂടിയാണ്.
ഒരു വലിയ കഥയില്‍ മുഴുവന്‍ താന്‍ ഒപ്പം കൊണ്ടുനടന്ന നായകനെപ്പോലും കഥാകാരന്‍ അവസാനം കയ്യൊഴിയുകയാണ്. കാ ഫ്രാങ്ക് ഫെര്‍ട്ടിലെ ഒരു നിരത്തില്‍വച്ച് വെടിവച്ച് കൊല്ലപ്പെടുന്നു എന്ന് കഥയുടെ നടുവിലെത്തുമ്പോള്‍ നമ്മള്‍ വായിക്കുന്നു. അത് എന്തിന് എന്ന ചോദ്യമാണ് ബാക്കിഭാഗം വിശദീകരിക്കേണ്ടത്. കൊലപാതകത്തിന്റെ കാരണം തിരക്കിയെത്തുന്ന ഒര്‍ഹാനും അതിനുള്ള ഉത്തരവുമായല്ല മടങ്ങുന്നത്, സ്നേഹത്തിന്റെ, മനുഷ്യബന്ധത്തിന്റെ വിചിത്രപരിണാമങ്ങളുടെ മറ്റുചില മാറാപ്പുകളുമായാണ്. കാ പരാജിതനായി, ഏറെക്കൂറെ അവഹേളിതനായി ആണ് കാര്‍സില്‍ നിന്നും മടങ്ങുന്നത്. അയാള്‍ ബ്ലൂവിനെ ഒറ്റിക്കൊടുത്തിരിക്കുമോ? കാര്‍സ് മുഴുവന്‍ അങ്ങിനെ വിശ്വസിക്കുന്നു. ഒരുപക്ഷെ ഇപെക്കിനെ സ്വന്തമാക്കാന്‍ അയാള്‍ അത് ചെയ്തിരിക്കുമോ എന്ന് ഒര്‍ഹാന്‍ പോലും സംശയിക്കുന്നുണ്ട്. ഇപെക്കും ഇതേ ചോദ്യം ചോദിക്കുന്നു; "കായ്ക്ക് ആ കുറ്റബോധം ഉണ്ടായിരുന്നില്ലെങ്കില്‍ എന്തുകൊണ്ട് ഒരുതവണ പോലും എന്നെ കാണാന്‍ വന്നില്ല?" ബ്ലൂവിനോടുള്ള തീവ്രമായ സ്നേഹത്തില്‍ നിന്നും ഒളിച്ചോടാന്‍ വേണ്ടി മാത്രമാണോ ഇപെക് കായെ സ്നേഹിച്ചത്? ബ്ലൂവിന്റെ മരണത്തിനു പകരംവീട്ടാന്‍ തീവ്രവാദികള്‍ തന്നെയാവുമോ അയാളെ കൊന്നത്? ഉദ്വോഗത്തോടെ വായിച്ചവസാനിപ്പിക്കുന്ന നോവലിന്റെ ഒടുവില്‍ വായനക്കാരന് ഒരു ഉത്തരവും കിട്ടുന്നില്ല. ഏതിലെങ്കിലും ഒന്നില്‍ വിശ്വസിച്ച് സ്വസ്ഥനാവാനുള്ള പഴുതുകള്‍ എഴുത്തുകാരന്‍ കാണിച്ചു തരുന്നുമില്ല. കഥ പറഞ്ഞുകഴിഞ്ഞു; ഇനി ഈ പീഡഭൂമിയില്‍ നിന്നും നിന്റെ അനുഭവങ്ങളും എടുത്ത് ഒറ്റയ്ക്ക് പോവുക എന്നാണത്.
തന്റെ കുറിപ്പില്‍ സ്നോയെകുറിച്ച് മുകുന്ദന്‍ ഇങ്ങിനെ എഴുതുന്നു "തുര്‍ക്കിയില്‍ തലയില്‍ തട്ടം ധരിക്കുന്നത് വിലക്കുകയുണ്ടായി. അതിന്റെപേരില്‍ ഹൈസ്കൂള്‍ വിദ്യാര്‍ഥിനികള്‍ തുടരെ ആത്മഹത്യ ചെയ്യുന്നു. അതിനെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്യാനാണ് കാ തുര്‍ക്കിയിലെത്തുന്നത്. എന്നാല്‍ അവിടെവച്ച് തന്റെ വിദ്യാര്‍ഥി ജീവിതകാലത്തെ പ്രണയിനിയായ ഇപെക്കിനെ കാ കണ്ടുമുട്ടുന്നു. റിപ്പോര്‍ട്ട് ചെയ്യുന്നതിന് പകരം തന്റെ പ്രണയിനിയെ പ്രാപിക്കാന്‍ ശ്രമിച്ചും തീവ്രവാദി സംഘടനകളുമായി അപകടമാംവിധം ഇടപെട്ടും കവിതകള്‍ എഴുതിയും അയാള്‍ സമയം പോക്കുന്നു". ഇത്രയും അബദ്ധജടിലവും നിസ്സാരവത്കരിക്കുകയും ചെയ്ത ഒരു ചുരുക്കെഴുത്ത്, ഇന്റെര്‍നെറ്റിലെ സിനോപ്സിസും എക്സ്ട്രാക്ട്സും നോക്കി നിരൂപണം ചെയ്യുമ്പോള്‍ ഉള്ള പരിമിതിയെന്ന് എഴുതിതള്ളാന്‍ ആവാത്തത്, മുകുന്ദനെപ്പോലുള്ള ഉത്തരവാദപ്പെട്ട ഒരു എഴുത്തുകാരന്‍ അത് പറയുമ്പോള്‍, നൊബേല്‍ സമ്മാന ജേതാവിനോട് മാത്രമല്ല മലയാള വായനക്കാരോട് മുഴുവനുമുള്ള അവഹേളനം ആകുന്നതുകൊണ്ടാണ്. ഇസ്താംബൂളില്‍ നിന്നും കാര്സിലേക്ക് മഞ്ഞുവീഴുന്ന മലമ്പാതയിലൂടെ കാ നടത്തുന്ന സ്വപ്നസദൃശ്യമായ യാത്രയുടെ ചിത്രീകരണത്തോടെ ആണ് നോവല്‍ ആരംഭിക്കുന്നത്. എന്ത് ഇസ്താംബൂള്‍, എന്ത് അങ്കാര, എന്ത് കാര്‍സ്..., എല്ലാം തുര്‍ക്കി തന്നെ എന്നാണെങ്കില്‍ എനിക്ക് വാദങ്ങളില്ല. വിദ്യാര്‍ഥിനികള്‍ ക്രമാതീതമായി ആത്മഹത്യയിലേക്ക് തിരിയുന്നത് കാര്‍സ് എന്ന പട്ടണത്തിലാണ്. കാ വന്നെത്തുന്നതും തന്റെ പഴയ സഹപാഠിയെ കണ്ടുമുട്ടുന്നതും കാര്‍സിലാണ്. പാമുക് തന്റെ നോവലിലൂടെ അനശ്വരമാക്കിയ കാര്‍സ് എന്ന ചരിത്രപട്ടണത്തെ എഴുതിതള്ളുന്നത് വേദനാജനകമാംവിധം ക്രൂരമാണ്.
ഒരിക്കല്‍ തന്റെ ഗൂഡമായ പ്രണയത്തിന്റെ ഉറവിടം ആയിരുന്ന ഇപെക് വിവാഹമോചിതയായി കാര്‍സില്‍ കഴിയുന്നു എന്നറിയുന്നതോട് കൂടിയാണ് കാ അവിടേക്ക് യാത്രപോകാന്‍ തീരുമാനിക്കുന്നത്. ഒരുപക്ഷെ അങ്ങിനെ ഒരു വിവരം കിട്ടിയില്ലായിരുന്നുവെങ്കില്‍ അയാള്‍ ആ യാത്ര ചെയ്യുമായിരുന്നില്ല. കാര്‍സിലേക്കുള്ള യാത്രയില്‍ കായുടെ ആത്യന്തിക ലക്‌ഷ്യം ഇപെക് തന്നെയായിരുന്നു. ആത്മഹത്യ ചെയ്യുന്ന പെണ്‍കുട്ടികളെ കുറിച്ചുള്ള ഫീച്ചര്‍ ഭൌതീകമായ ഒരു കാരണമായി അയാള്‍ കണ്ടെത്തുകയായിരുന്നു. ആയിരം പേജുള്ള ഒരു നോവലിന്റെ ആദ്യം മുതല്‍ അവസാനം വരെ നായകനും നായികയും പ്രണയിക്കുകയും, ഒരിക്കല്‍ പോലും തൊടാതിരിക്കാനുള്ള പ്ലാറ്റോണിക് ഷണ്ടത്വം പ്രകടിപ്പിക്കുകയും ചെയ്യുന്നതിന്റെ വായനാസുഖം മലയാളിയുടെ ജനിതകദുര്‍ഗുണം മാത്രമാവും. കായെ സംബന്ധിച്ചിടത്തോളം ഇപെക്കുമായുള്ള ഇണചേരലുകള് "സമയം പോക്ക"ല്ല, അതിതീക്ഷ്ണം ആയ പ്രണയത്തിന്റെ പ്രകാശനം ആണ്. അയാളുടെ ജീവിതത്തോളം തന്നെ ആഴംവരും അതിന്.
മനുഷ്യബന്ധങ്ങളുടെ സങ്കീര്‍ണതയ്ക്കപ്പുറം ഒരുപാട് സോഷ്യോ - പൊളിറ്റിക്കല്‍ മാനങ്ങളുള്ള ഒരു നോവല്‍ അതീത വായനയുടെ തലങ്ങള്‍ ആവശ്യപ്പെടുന്നുണ്ട്. ഇവിടെ ഇപെക് ഒരു രാഷ്ട്രമാണ്. അകലെയിരുന്നു ഒരാള്‍ തീവ്രമായി അഭിലഷിക്കുന്ന തന്റെ ദേശം. വീണ്ടും വീണ്ടും കടന്നുവരുന്ന ഇപെക്കിന്റെ സൌന്ദര്യത്തെ കുറിച്ചുള്ള സൂചനകള്‍, ദേശാഭിവാഞ്ചയുടെ വെളിപ്പെടുത്തലാണ്. കായും പിന്നീട് ഒര്‍ഹാനും ഇപെക്കിനെ കാണുമ്പോള്‍ ആദ്യം ശ്രദ്ധിക്കുന്നത്, വസ്ത്രത്തിനു മുകളില്‍ അവള്‍ ഉപയോഗിക്കുന്ന ഒരു അരപ്പട്ടയാണ്. പഴയ ഫാഷനില്‍ ഉള്ളതാണത്. എന്തുകൊണ്ടാവും ഇപെക് ഇപ്പോഴും അതുപയോഗിക്കുന്നത്. സമകാലത്തും രാഷ്ട്രം ചരിത്രത്തിന്റെ ചില അവശിഷ്ടങ്ങള്‍ ഉടുത്തുകൊണ്ടിരിക്കുന്നു എന്നതിനല്ലെങ്കില്‍ ഈ സൂചനയ്ക്ക് പാഠത്തില്‍ സാംഗത്യമില്ല. കായെപ്പോലെ സ്നേഹത്തെ സ്വത്വം ആക്കിയ ഒരാള്‍ക്ക് തന്റെ സാംസ്കാരികഭൂമികയില്‍ ഇണചേരലോളം ആഴത്തില്‍ അര്‍പ്പിക്കാതെ മടക്കയാത്ര അസാധ്യമാണ്. പക്ഷെ ദേശത്തെ പൂര്‍ണ്ണമായും എടുത്തുള്ള പോക്ക് സ്നേഹത്താല്‍ തന്നെ തകര്‍ക്കപ്പെടുകയും ചെയ്യുന്നു എന്ന് അവസാനം നമ്മള്‍ അറിയുന്നുണ്ട്. ഇപെക്കില്ലാതെ ജെര്‍മനിയില്‍ തിരിച്ചെത്തുന്ന കാ തന്റെ എലിപ്പത്തായം പോലുള്ള മുറിയിലിരുന്ന് അഭിരമിക്കുന്നത് അവളുടെ രൂപസാദൃശ്യമുള്ള ഒരു നടിയുടെ നീലച്ചിത്രങ്ങളിലാണ്. പ്രവാസിയുടെ ദേശാഭിനിവേശത്തിന്റെ ദയനീയതയും നിസ്സഹായതയും ഇതിനേക്കാള്‍ നന്നായി എങ്ങിനെ ധ്വനിപ്പിക്കാനാവും.
ഒരുപാട് താളുകളുള്ള ഈ പുസ്തകം രസച്ചരട് മുറിയാതെ വായിച്ചവസാനിപ്പിക്കുമ്പോള്‍, എന്നാലും മാര്‍ക്കേസിന്റെ ഒരു ചെറുകഥയോ ജിബ്രാന്റെ ഒരു കവിതയോ അനുഭവവേദ്യമാക്കിയ സാഫല്യം കിട്ടിയില്ലല്ലോ എന്ന വേദന ബാക്കിയാവുക തന്നെ ചെയ്യും.
ഒര്‍ഹാന്‍ പാമുക്കിന്‍റെ "സ്നോ" എന്ന നോവലിനെക്കുറിച്ചുള്ള ലാസര്‍ ഡിസില്‍വയുടെ
ReplyDeleteഅവലോകനം താല്പര്യത്തോടെ വായിച്ചു.
നന്നായിരിക്കുന്നു.
ആശംസകള്‍
പുസ്തകം വായിക്കണം. പരിചയപ്പെടുത്തിയതില്‍ സന്തോഷം...
ReplyDeleteവായിക്കാന്‍ തുടങ്ങിയില്ല, എന്തായാലും ഇതിവിടെ കണ്ടതു നന്നായി,നന്ദി. നാളെയോ മറ്റന്നാളോ സ്നോ വായിക്കാന്‍ തുടങ്ങും.
ReplyDelete