രചയിതാവ് : ജ്യോതിര്‍മയീ ഡെ (Jyotirmoy Dey)
പ്രസാധകര്‍ : ജൈകോ ബുക്ക്സ്
അവലോകനം : മുല്ല
“ കമാന്റര്‍”
“ യെസ് ബോസ്”
“ കുച്ച് ഖാസ് ഖബര്‍ ഹേം.”
“ ഓകെ. ഹോട്ടല്‍ ആഷ അറ്റ് ഘാട്ട്ക്കൂപ്പര്‍. പാഞ്ച് മിനുട്ട്..”
ചീറിപാഞ്ഞു വന്ന ബൈക്ക് ഹോട്ടല്‍ ആഷയുടെ മുന്നില്‍ പാര്‍ക്ക് ചെയ്ത് അല്പസമയം പരിസരം നിരീക്ഷിച്ച അയാള്‍ അകത്തേക്ക് കയറി. ഹോട്ടലിനകത്തേക്കും പുറത്തേക്കും പോകുന്ന ആളുകളെ
കാണുന്ന തരത്തില്‍ അയാളൊരു മൂലയിലെ കസേരയിലിരുന്നു. മധുരമില്ലാത്ത ചായ മെല്ലെ മൊത്തി അങ്ങനെയിരിക്കെ പെട്ടെന്ന് പതുക്കെ സംസാരിച്ച് രണ്ടപരിചിതര്‍ അകത്തേക്ക് കടന്നു വരുന്നത് അയാള്‍ കണ്‍കോണുകള്‍ക്കിടയിലൂടെ കണ്ടു. അവര്‍ക്ക് പിന്നാലെ ഹോട്ടലിലേക്ക് കടന്നു വന്ന മനുഷ്യന്‍ , ഒരു മാത്ര അയാളെ നോക്കി കണ്ണുചിമ്മി. കുടിച്ചിരുന്ന ചായ മുഴുവനാക്കാതെ അയാള്‍ പുറത്തിറങ്ങി ഗലിയിലെ തിരക്കിലേക്ക് ബൈക്കില്‍ കുതിച്ചു.
മുകളില്‍ വായിച്ചത് ഒരു സൂപ്പര്‍താര ചിത്രത്തിലെ കിടിലന്‍ രംഗമൊന്നുമല്ല. ഇക്കഴിഞ്ഞ ജൂണ്‍ 11 നു വേടിയേറ്റ് കൊല്ലപ്പെടുന്നത് വരെയുള്ള ജെ ഡെയുടെ (J .Dey ) ജീവിതത്തിലെ എന്നത്തേയും ഒരു ദിവസം ! ജെ ഡേ എന്ന ജ്യോതിര്‍മയീ ഡെ ( Jyotirmoy Dey ). ഇന്ത്യ കണ്ട മികച്ച ക്രൈം റിപ്പോര്‍ട്ടര്‍. കമാന്‍ഡര്‍, എന്നായിരുന്നു അദ്ദേഹം അറിയപ്പെട്ടിരുന്നത്. MID DAY യുടെ ഇന്‍വെസ്റ്റിഗേഷന്‍ എഡിറ്റര്‍. വിവരങ്ങള്‍ ചോര്‍ത്താനും പരിസരം നിരീക്ഷിച്ച് കാര്യങ്ങള്‍ ഗ്രഹിക്കുവാനുമുള്ള ജന്മവാസന അദ്ദേഹത്തെ ക്രൈം റിപ്പോര്‍ട്ടിങ്ങ് രംഗത്തെ അതികായനാക്കി. പകല്‍ സമയത്ത് തന്റെ പത്രസ്ഥാപനത്തിലിരുന്നും രാത്രി മുംബൈയിലെ ഗലികളില്‍ അലഞ്ഞു നടന്നും ജെഡെ തന്റെ കര്‍മ്മരംഗത്തെ സജീവമാക്കി.
ഒരേസമയത്ത് പോലീസുകാരുമായും ഇന്റലിജന്‍സ് ബ്യൂറോയിലെ ഉദ്യോഗസ്ഥരുമായും അതുപോലെ അധോലോകക്കാരുടേയും സൂഹൃത്തായിരുന്നു അദ്ദേഹം. അധോലോകക്കാരുടെ സ്ഥിരം താവളങ്ങളായ ഹോട്ടലുകളിലും ഗല്ലികളിലും ക്ഷമയോടെ ആരുടെ കണ്ണിലും പെടാതെ ചുറ്റിക്കറങ്ങി കാര്യങ്ങള്‍ നിരീക്ഷിച്ചറിയാനുള്ള ജെഡെ യുടെ കഴിവ് അപാരമായിരുന്നു. താനറിഞ്ഞ വിവരങ്ങള്‍ ശരിയാണോന്നറിയാന്‍ അധോലോകത്തെ ചാരന്മാരെ വിളിച്ച് ഉറപ്പ് വരുത്തുക ,അതായിരുന്നു അദ്ദേഹത്തിന്റെ രീതി. ഇവരുമായി (informers) വളരെ അടുത്ത സൌഹൃദമുണ്ടായിരുന്നു അദ്ദേഹത്തിനു. ദാവൂദിന്റേയും ഛോട്ടാരാജന്റേയും ആളുകളുമായും ജെഡെ ബന്ധം പുലര്‍ത്തിയിരുന്നുവത്രെ. ഈയിടെ അധോലോകത്തെ ഓയില്‍ മാഫിയ പറ്റിയും അതിനു പിന്നിലെ നിഗൂഡതകളിലേക്കും വെളിച്ചം വീശാനുതകുന്ന ഒരു പുസ്തകത്തിന്റെ രചനയിലായിരുന്നു അദ്ദേഹം. അതാണൊ അദ്ദേഹത്തിന്റെ കൊലക്ക് നിദാനം എന്നത് ഇപ്പോഴും അജ്ഞാതം.
തന്റെ രീതികളിലും ഭാവങ്ങളിലും വല്ലാത്ത നിഗൂഡത കാത്തുസൂക്ഷിച്ചിരുന്നു ജെഡെ. മൊബൈല്‍ ഫോണില്‍ ആരുടെ പേരും സേവ് ചെയ്യാറില്ല,.എല്ലാം കോഡുകള്‍. ചാരന്മാരെ സ്വന്തം ഫോണില്‍ നിന്നും വിളിക്കില്ല,പുറത്തെ പബ്ലിക് ബൂത്തില്‍ നിന്നേ സംസാരിക്കൂ.ചിലപ്പോള്‍ പെണ്‍ശബ്ദത്തിലാകും സംസാരം. കാണാമെന്ന് പറഞ്ഞുറപ്പിച്ച സ്ഥലം അവസാന നിമിഷം മാറ്റിപ്പറയും. അക്രമണമുണ്ടായാല്‍ പെട്ടെന്ന് രക്ഷപ്പെടാന്‍ പാകത്തില്‍ ബൈക്കെപ്പോഴും റോഡിലേക്ക് തിരിച്ചേ വെക്കൂ.. ഇത്രയധികം മുന്‍ കരുതല്‍ എടുത്തിട്ടും ഇക്കഴിഞ്ഞ ജൂണ്‍ 11 നു മലയാളിയായ ഷാര്‍പ്പ് ഷൂട്ടര്‍ സതീഷ് കാലിയയും സംഘവും അദ്ദേഹത്തെ വെടിവച്ചു കൊന്നു. .32 റിവോള്‍വറില്‍ നിന്നും ചീറിപ്പാഞ്ഞ അഞ്ചു വെടിയുണ്ടകളായിരുന്നു ശരീരം തുളച്ച് അപ്പുറം കടന്നത്. ആര്‍ക്ക് വേണ്ടിയാണു അവരിത് ചെയ്തതെന്ന് ഇന്നും അറിയില്ല. കേസ് നടക്കുന്നേയുള്ളു. ഛോട്ടാരാജന്‍ തനിക്ക് അബദ്ധം പറ്റിയതാണെന്ന് പറയുന്നു. തന്നെ കൊലപാതകത്തിനു പ്രേരിപ്പിച്ചത് ജെഡയുടെ സഹപ്രവര്‍ത്തകയായ ജിഗ്ന വോറയാണെന്നാണു രാജന്‍ അവകാശപ്പെടുന്നത്. അതെന്തായാലും ജെഡെയെ കൊലയാളികള്‍ക്ക് കാണിച്ചു കൊടുത്തതും അദ്ദെഹത്തിന്റെ ബൈക്കിന്റെ നമ്പര്‍ പ്ലേറ്റ് മൊബൈലില്‍ പകര്‍ത്തി കൊലയാളികള്‍ക്ക് കൈമാറിയതും ജിഗ്നയാണു. അധോലോകത്തിന്റെ ഇടനിലക്കാരിയാണു ഇവരെന്നാണു സൂചനകള്‍. സമൂഹത്തിലെ ഉന്നത്നമാരുടെ രഹസ്യ വിവരങ്ങള്‍ ചോര്‍ത്താന്‍ അവര്‍ ആശ്രയിച്ചിരുന്നത് അധോലോകത്തെ വിവര സ്രോതാസ്സുകളെയായിരുന്നു,
(സീറൊ ഡയലുകള്‍) .ഇങ്ങനെയുള്ള ഒരു വിവരസ്രോതസ്സായിരുന്ന ഫരീദ് താനാശയെ; (ഛോട്ടാ രാജന്റെ ബന്ധുവും വലം കൈയുമായിരുന്നു അയാള്‍,) ചൊല്ലിയുള്ള തര്‍ക്കമാണു ജെഡെക്കെതിരെ നീങ്ങാന്‍ ജിഗ്നയെ പ്രേരിപ്പിച്ചതെന്നാണു വര്‍ത്തമാനം,സത്യം കോടതി തെളിയിക്കട്ടെ.
ഇതയും പറഞ്ഞത് എഴുത്തുകാരനെ പറ്റി ഒരുള്‍ക്കാഴ്ച്ച ഉണ്ടാകാനാണു. ജെഡെ യുടെ പുതിയ പുസ്തകത്തെ പറ്റി പറയുമ്പോള്‍ എഴുത്തുകാരനെ പറ്റി അറിയണം. എന്നാലേ ആ എഴുത്തിന്റെ ശൈലി, സത്യം എന്നിവ നമുക്കനുഭവഭേദ്യമാകൂ. വെറുതെ വായിച്ചു പോകാവുന്ന ഒരു പുസ്തകമല്ല ഇത്. പലപ്പോഴും വിക്കിയെ ആശ്രയിക്കേണ്ടി വന്നു. പുസ്തകത്തില്‍ പറഞ്ഞ ആളുകള്‍ ,അവരുടെ മുന്‍ കാലജീവിതം ഒക്കെ അറിയാന്‍. അങ്ങനെ നോക്കുമ്പോള്‍ സാധാരണ ഒരു നോവലോ കഥയോ വായിക്കുന്ന ലാഘവത്തോടെ വായിക്കാന്‍ ആവില്ല ഇത്. അതൊരു പക്ഷെ അദ്ദേഹത്തിന്റെ എഴുത്തിന്റെ രീതി കൊണ്ട് കൂടിയാകാം. ഒരു തരം റിപ്പോര്‍ട്ടിങ്ങ് ശൈലി. നമുക്ക് പരിചയമില്ലാത്ത , അറിയാത്ത ഒരു ലോകമാണു ജെ ഡെ നമുക്ക് മുന്‍പില്‍ തുറന്നിടുന്നത്.
“സീറോ ഡയല്‍ ,ദ് ഡേഞ്ചറസ് വേള്‍ഡ് ഓഫ് ഇന്‍ഫോര്‍മേര്‍സ്” . ( ZERO DIAL The Dangerous World Of Informers) പേരു സൂചിപ്പിക്കുന്നത് പോലെ നാമാരും അധികം കേള്‍ക്കാത്തതും കാണാത്തതുമായ അധോലോക ചാരന്മാരുടെ അഥവാ വിവര സ്രോതസ്സുകളുടെ ജീവിതം. (മലയാളം വിവര്‍ത്തനം ഇറങ്ങീട്ടില്ല. വില Rs 125/-)
ജീവിതത്തിനും മരണത്തിനുമിടയിലെ നൂല്‍പ്പാലത്തിലൂടെയാണു ഇവരുടെ സഞ്ചാരം. സീറോ ഡയല്‍ എന്നാണു ഇക്കൂട്ടര്‍ പോലീസ് വൃത്തങ്ങളില്‍ അറിയപ്പെടുക. ജീവിക്കാന്‍ വേണ്ടിയാണു ഇവരീ വേഷം കെട്ടുന്നത്. മിക്കവരുടേയും മുന്‍ കാല ചരിത്രം പരിശോധിച്ചാല്‍ അടിപിടി, ആള്‍മാറാട്ടം കൊലപാതക ശ്രമം എന്നിവയൊക്കെ കാണും. അധോലോകക്കാരുമായി നല്ല അടുപ്പം കാണും ഇവര്‍ക്ക്. ഈ അടുപ്പത്തില്‍ നിന്നും തങ്ങള്‍ക്ക് കിട്ടുന്ന വിവരങ്ങള്‍ പോലീസുകാര്‍ക്ക് ചോര്‍ത്തിക്കൊടുത്ത് കാശ് കൈപറ്റുക.ചിലപ്പോള്‍ ഡബിള്‍ ഗെയിമും കളിക്കും ഇവര്‍.അതായത് പോലീസിന്റെ വിവരങ്ങള്‍ അധോലോകക്കാര്‍ക്ക് ചോര്‍ത്തിക്കൊടുക്കുക. അത് പോലെ സമൂഹത്തിലെ ഉന്നതന്മാരെ നിരീക്ഷിച്ച് അവരുടെ രഹസ്യങ്ങള്‍ ചോര്‍ത്തി ഭീഷണിപ്പെടുത്തി പണം പിടുങ്ങുക. ഇന്റലിജന്‍സ് ബ്യൂറൊയിലെ ഉദ്യോഗസ്ഥര്‍ ഇവരെ വ്യാപകമായി ഉപയോഗപ്പെടുത്തുന്നുണ്ട്. . മുകളില്‍ നിന്നുള്ള സമ്മര്‍ദ്ദം ഏറുമ്പോള്‍ ഒരു വമ്പന്‍ കേസ് കിട്ടാനും മുഖം രക്ഷിക്കാനും മിക്കവരും ആശ്രയിക്കുക ചാരന്മാരേയാണ്. ഇങ്ങനെ ഭീകരവാദികളേയും ഗുണ്ടകളുടേയുമൊക്കെ ചോര്‍ത്തിക്കിട്ടിയ നീക്കങ്ങള്‍ നിരീക്ഷിച്ച് ഒരു ഏറ്റുമുട്ടല്‍ നാടകത്തിലൂടെ അവരെ കൊന്നുകളയുക. ഇങ്ങനെയുള്ള encounter specialist കള്‍ ഒരുപാടുണ്ട് ഐബിയില്‍.
ക്ഷമ. അതാണു ഒരു ഇന്‍ഫോര്‍മറുടെ ഏറ്റവും വലിയ കൈമുതല്‍. ചിലപ്പോള്‍ ദിവസങ്ങള്‍ അല്ലെങ്കില്‍ ആഴ്ചകള്‍ ഇരയുടെ നീക്കങ്ങള്‍ നിരീക്ഷിച്ചിരിക്കേണ്ടി വരും. ഇതിനിടയില്‍ പിടിക്കപ്പെട്ടാല്‍ കഥ തീര്‍ന്നത് തന്നെ. ഇവിടെ അഹമ്മദും റഹീമും സദത്തീനുമെല്ലാം സീറോ ഡയലുകളാണു. വിവരങ്ങള്‍ വിറ്റ് ജീവിതം കരുപിടിപ്പിക്കുന്നവര്‍. ജീവിതത്തിനും മരണത്തിനുമിടയിലെ അവരുടെ ഞാണിന്മേല്‍ കളി നന്നായി വരച്ചുവെച്ചിട്ടുണ്ട് ജെഡെ. രാജ്യത്തെ ഐ ബി ഓഫീസര്‍മാരുമായ് ചേര്‍ന്ന് ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ടെററിസ്റ്റ് ആയ റിയാസ് ബട്ക്കലിനെ തേടിയുള്ള അവരുടെ അന്വേഷണത്തിന്റെ വിവരങ്ങള്‍ ഉദ്വേഗജനകമായ് വിവരിക്കുന്നുണ്ട് പുസ്തകത്തില്‍. ഒരോ തവണയും അയാള്‍ രക്ഷപ്പെടുകയാണു. അയാളിപ്പോള്‍ പാകിസ്ഥാനിലാണെന്നാണു ഭാഷ്യം. അത് ശരിയല്ലെന്നും പാകിസ്ഥാനില്‍ ചെന്ന് താനയാളെ വെടിവെച്ചു കൊന്നുമെന്നുമാണു ഛോട്ടാരാജന്‍ അവകാശപ്പെടുന്നത്. സത്യം ആര്‍ക്കറിയാം...
ജെഡെയെന്ന അപൂര്‍വ്വ വ്യക്തിത്വത്തിന്റെ പ്രതിഫലനമാണീ പുസ്തകം. ഒരു അപസര്‍പ്പക കഥ പോലെ ജീവിതം നെയ്ത വ്യക്തി. മരണത്തില്‍ പോലും ആ ദുരൂഹത വിടാതെ പിന്തുടരുന്നു അദ്ദേഹത്തെ... കേസിനു തുമ്പുണ്ടാകുമെന്നും അദ്ദേഹത്തിന്റെ ഘാതകര്‍ക്ക് പരമാവധി ശിക്ഷ കിട്ടുമെന്നും നമുക്ക് പ്രത്യാശിക്കാം.എങ്കിലേ ഘാട്ട്കൂപ്പറിലെ വസതിയില്‍ കണ്ണീര്‍ പെരുമഴയില്‍ വിറങ്ങലിച്ചിരിക്കുന്ന ഒരമ്മയുടേയും പെങ്ങളുടേയും അദ്ദേഹത്തിന്റെ ഭാര്യ ശുഭയുടേയും മനസ്സിനു ഇത്തിരിയെങ്കിലും ശാന്തി ലഭിക്കൂ...
No comments:
Post a Comment
താങ്കൾ എന്തുപറയുന്നു പുസ്തക വിചാരത്തെപ്പറ്റി ?