Thursday, October 10, 2013

രാമഗാഥ

പുസ്തകം : രാമഗാഥ
രചയിതാവ് : ദേവകി പ്രസാദ്

പ്രസാധകര്‍ : കണിക്കൊന്ന പബ്ലിക്കേഷന്‍സ്

അവലോകനം : ജ്യോതിര്‍മയീ ശങ്കരന്‍





രാമഗാഥക്ക് എഴുതിയ അവതാരിക

ശ്രീമതി ദേവകി പ്രസാദ് എഴുതിയ രാമഗാഥയ്ക്ക് ഒരവതാരിക എഴുതണമെന്നു പറഞ്ഞപ്പോൾ സന്തോഷമാണ് തോന്നിയത്. പുസ്തകം വായിയ്ക്കാനും ശ്രീരാമ കഥകളിലൂടെ ഒരിയ്ക്കൽക്കൂടി ഊളിയിടാനും ഒരവസരം കിട്ടിയത് തന്നെ കാരണം.

കഴിഞ്ഞ ഒട്ടനവധി വർഷങ്ങളായി എല്ലാ കർക്കിടകത്തിലും മുടങ്ങാതെ ഞാൻ രാമായണം വായിയ്ക്കാറുണ്ട്. സത്യം പറഞ്ഞാൽ കർക്കിടകമെത്താൻ കാത്തിരിയ്ക്കാറുണ്ട് , വായിയ്ക്കാനായി എന്നു തന്നെ പറയാം. രാമകഥാസാഗരത്തിലൂടെ ഊളിയിടുമ്പോൾ സർവ്വ ദു:ഖങ്ങളും മറക്കാനാകുന്നു.

ഇവിടെയും കഥ കിളിമകളിലൂടെ നിവരുകയാണ്. വളരെ ലളിതവും സാധാരണക്കാർക്കുപോലും പെട്ടെന്നു ഗ്രഹിയ്ക്കാവുന്നതുമായ ഭാഷയാണുപയോഗിച്ചിരിയ്ക്കുന്നത്. കവയിത്രി എല്ലാവരേയും നമിച്ചും സ്വന്തം ഊറ്റമാണെന്നു തെറ്റിദ്ധരിയ്ക്കല്ലേയെന്ന് അപേക്ഷിച്ചുമാണു എശ്താൻ തുനിയുന്നത്.

രാമാവതാരം നാമകരണം, വിദ്യാഭ്യാസം എന്നിങ്ങനെ തുടക്കം കുറിച്ച് വിശ്വാമിത്രന്റെ യാഗരക്ഷയും, അഹല്യാമോക്ഷവുമെല്ലാമെത്തുമ്പോൾ അറിയാതെ മനസ്സിൽ രാമായണത്തിലെ വരികളും പൊന്തി വരുന്നു. കഥയുടെ ഒഴുക്ക് നമ്മെ ശരിയ്ക്കും സ്പർശിയ്ക്കുന്നുണ്ടെന്നതിന്റെ അടയാളം തന്നെയാണിത്. അഹല്യാസ്തുതി, സീതാസ്വയംവരം, രാമാഭിഷേകം, അഭിഷേക വിഘനം എന്നിവയും ഗുഹ സംഗമം, ദശരഥന്റെ മരണം എന്നുവേണ്ട, രാമകഥയുടെ എല്ലാഭാഗങ്ങളും ഒരേ താളത്തിൽ വായിയ്ക്ക്കാവുന്ന വിധത്തിലുള്ള രചന നമ്മെ ഏറെ ആകർഷിയ്ക്കുന്നു. കുട്ടികൾക്കുപോലും സ്വയം വായിച്ചാസ്വദിയ്ക്കാനാകുന്ന ശൈലിയാണ് ഇവരുടേത് . സാധാരണ അദ്ധ്യാത്മ രാമായണം വായിയ്ക്കാൻ താല്പര്യം കാണിയ്ക്കാത്തവരെക്കൂടി ശൈലിയുടെ ലാളിത്യം ആകർഷിച്ചെന്നും വരാം.

രചനയ്ക്കിടയിൽ കടുപ്പമാർന്ന വരികൾ വരുമ്പോൾ അത് വായനയുടെ ആസ്വാദനത്തെ കുറയ്ക്കും. ഇവിടെ വരികൾ മനസ്സിൽ നിന്നും നേരിട്ടു വരുമ്പോൾ അതിൽ ഭക്തിയുടെ സാന്ദ്രത കൂടുന്നു. ശ്രീരാമന്റെ കഥ ഭാരതത്തിന്റെ സ്വന്തം കഥയാണ്. ഭഗവാന്റെ മനുഷ്യാവതാരകഥ നമ്മുടെ ചരിത്രവും സംസ്ക്കാരവുമെല്ലാം ഉരുത്തിരിഞ്ഞുവന്ന വഴിയുടെ കഥകൂടിയാണ്. വ്യാഖ്യാനരീതിയുടെ വ്യത്യാസം കഥയെ ബാധിയ്ക്കില്ലെങ്കിലും കഥാതന്തുവിന്റെ ഗതിയിൽ പാളിച്ചകൾ വരാതിരിയ്ക്കുവാൻ വ്ലരെയേറെ ശ്രദ്ധിയ്ക്കുക തന്നെ വേണം. ഇക്കാര്യത്തിൽ രാമഗാഥയുടെ കർത്താവായ ദേവകി പ്രസാദ് വിജയിച്ചിട്ടുണ്ടെന്നു ഇതു വായിച്ചാൽ മനസ്സിലാക്കാനാകും.

കൂടുതല്‍ കൂടുതൽ പേരിലേയ്ക്കു രാമകഥയും നമ്മുടെ സംസ്ക്കാരവും എത്തിച്ചേരാൻ കൃതി വഴി വയ്ക്കട്ടേയെന്നു പ്രാർത്ഥിയ്ക്കുന്നു

No comments:

Post a Comment

താങ്കൾ എന്തുപറയുന്നു പുസ്തക വിചാരത്തെപ്പറ്റി ?