Saturday, October 26, 2013

ജീന്‍സ്-പാക്കിസ്ഥാനി പുതു പെണ്‍കഥകള്‍

പുസ്തകം : ജീന്‍സ്-പാക്കിസ്ഥാനി പുതു പെണ്‍കഥകള്‍
സമാഹരണം / വിവര്‍ത്തനം : കെ പി. പ്രേംകുമാര്‍
പ്രസാധകര്‍ : ഡി സി ബുക്സ്,കോട്ടയം
അവലോകനം : ഷീബ.ഇ.കെ




ലോകമെമ്പാടുമുള്ള സ്ത്രീകള്‍ക്ക് നേരിടേണ്ടി വരുന്ന പ്രശ്നങ്ങള്‍ അടിസ്ഥാനപരമായി ഒരു പോലെത്തന്നെയാണ്. എങ്കില്‍ കൂടി,മതാധിഷ്ഠിതനിയമങ്ങള്‍ പാലിക്കപ്പെടുന്ന രാജ്യങ്ങളിലെ സ്ത്രീകള്‍ക്കുനേരെ മതവും ഭരണകൂടവും സമൂഹവും ചേര്‍ന്ന് അടിച്ചേല്‍പ്പിക്കുന്ന ചങ്ങലകള്‍ കൂടുതല്‍ ശക്തമാണ്.പാക്കിസ്ഥാനില്‍ നിന്നുള്ള ഒന്‍പതു യുവ കഥാകാരികളുടെ രചനകള്‍ മലയാളത്തിലേക്കു പരിഭാഷപ്പെടുത്തുകയാണ് ശ്രീ.കെ .പി.പ്രേംകുമാര്‍ 'ജീന്‍സ്-പാക്കിസ്ഥാനി പുതുപെണ്‍കഥകളിലൂടെ.

പെണ്‍കുട്ടി പിറക്കുന്നത് അത്യന്തം നീചമെന്നു കരുതുന്ന ഒരുസമൂഹത്തില്‍ ഒരു പെണ്‍കുട്ടി ജീവിച്ചിരിക്കണമെങ്കില്‍ ഒന്നുകില്‍ അതിന് ഒരു ഇരട്ട സഹോദരന്‍ ഉണ്ടായിരിക്കണം.അല്ലെങ്കില്‍ സമീപത്തെവിടെയെങ്കിലും അതേസമയത്ത് ഒരാണ്‍കുട്ടി ജനിച്ചിരിക്കണം.അതല്ലെങ്കില്‍ ജനിച്ചയുടനെ പെണ്‍കുഞ്ഞിനെ കുഴിവെട്ടി മൂടണമെന്നാണ് ട്രിബ്യൂണലിന്റെ കല്പന. സ്വന്തം മകളെ കുഴിവെട്ടിമൂടുന്നതു കണ്ടുനില്‍ക്കേണ്ടി വന്ന നിസ്സഹായയായഅമ്മയുടെ കഥയാണ് സോണിയ നഹീദ് കമാല്‍ എഴുതിയ 'മുല'.

മുലയൂട്ടാനുള്ള അദമ്യമായ ആഗ്രഹം കൊണ്ടുമാത്രം,തെറ്റാണെന്നറിഞ്ഞിട്ടും അയല്‍പക്കത്തെ കുഞ്ഞിനെ ആരും കാണാതെ മുലയൂട്ടാന്‍ ശ്രമിക്കുന്ന അവളെ സ്വന്തം അമ്മ തന്നെ ട്രിബ്യൂണലിന് ഒറ്റിക്കൊടുക്കുകയും മാതൃത്വത്തിന്റേതായ ആ അവയവം തന്നെ ചെത്തിമാറ്റപ്പെടുക എന്ന ക്രൂരശിക്ഷക്ക് വിധേയമാക്കുകയുമാണ്.മാതൃത്വത്തിനു നേരെ സമുദായവും ഭരണനേതൃത്വവും അടിച്ചേല്‍പ്പിക്കുന്ന നിയമങ്ങള്‍ നിസ്സഹായയാക്കുന്ന സ്ത്രീകളുടെ മനസ്സ് പിന്നെ അതിനോടു സമരസപ്പെടുമെന്നും ഭാവിയില്‍ താനും സ്വന്തം അമ്മയെപ്പോലെ പെരുമാറിയേക്കാമെന്നും അന്ന് ഒരു പക്ഷേ മരണത്തെയാവും തനിക്ക് അതിനേക്കാള്‍ ഇഷ്ടമാവുക എന്നും ശിക്ഷ കാത്തു കിടക്കവേ അവള്‍ ഓര്‍ക്കുന്നുണ്ട്.

ബീന ഷായുടെ 'സുന്ദരിയുടെ കല്യാണം' ബാല്യ വിവാഹത്തിന്റെ ദയനീയ ചിത്രമാണ് വരച്ചിടുന്നത്.പന്ത്രണ്ടുകാരി സുന്ദരിയുടെ കല്യാണത്തിന്റെ ഒരുക്കങ്ങള്‍ക്കിടയിലും അസ്വസ്ഥയും നിസ്സഹായയുമായി നില്‍ക്കുകയാണ് അവളുടെ ഉമ്മ സേഭാംഗി,സമൂഹത്തിന്റെ തീര്‍പ്പുകള്‍ക്കെതിരെ ശബ്ദമുയര്‍ത്താന്‍ കെല്‍പ്പില്ലാതെ.വരന്റെ കൂടെ പറഞ്ഞയച്ച മകളുടെ മരണവാര്‍ത്തയാണ് പിന്നെയവര്‍ കേള്‍ക്കുന്നത്.അഞ്ചു പെണ്‍മക്കളുള്ള ഒരു വിധവ തന്റെ മകളുടെ വിവാഹം നടക്കുന്നതിനു വേണ്ടി സുന്ദരിയെക്കുറിച്ചു പറഞ്ഞ അപവാദം വിശ്വസിച്ച ഭര്‍തൃവീട്ടുകാര്‍ അവളെ അവിശുദ്ധയായി പ്രഖ്യാപിച്ച് കൊലപ്പടുത്തി.സ്വന്തം പെണ്മക്കളുടെ വിവാഹം എന്ന കടമ്പ കടക്കാന്‍എന്തും ചെയ്യാന്‍ മടിക്കാത്ത സമൂഹം സ്വന്തമായ ഒരു ഖബറിടം പോലും നിഷേധിച്ച് സുന്ദരിയെ വഴിയരികില്‍ തള്ളിക്കളയുകയാണ്.

'മണല്‍ക്കല്ലുകള്‍ക്കപ്പുറം 'എന്ന സേഭാ സര്‍വറുടെ കഥ മതങ്ങള്‍ക്കതീതമായി സ്നേഹവും സൗഹൃദവും സ്വപ്നം കാണുന്നു. ഇരുകുടുംബങ്ങളുടെയും എതിര്‍പ്പു കണക്കിലെടുക്കാതെ വിവാഹിതരാവാന്‍ തീരുമാനിച്ച ഹമീദിന്റെയും സരിതയുടെയും വിവാഹദിവസം ഹമീദിന്റെ ബന്ധുക്കള്‍ സരിതയെ കൊലപ്പെടുത്തി.വര്‍ഷങ്ങള്‍ക്കു ശേഷം അവളുടെ പ്രേതം ഗതികിട്ടാതെ അലയുന്നത് അവിടെ വിരുന്നിനെത്തിയ പെണ്‍കുട്ടി കാണുന്നു.പെണ്‍കുട്ടിയുടെ ഹിന്ദുവായ കൂട്ടുകാരിയുടെ മുന്‍തലമുറക്കാരിയാണ് സരിതയെന്നു മനസ്സിലാക്കുന്ന പെണ്‍കുട്ടി ,ഹിന്ദുക്കളും മുസ്ലിങ്ങളും ഒരുമിച്ചു മുങ്ങിക്കുളിക്കുന്ന ഇന്ത്യയിലെ ജലാശയങ്ങളെക്കുറിച്ച് സ്വപ്നം കാണുന്നുണ്ട്.മകളുടെ ദുരന്തത്തോടെ ഇന്ത്യയിലേക്കുപോയ സരിതയുടെ കുടുംബം തിരിച്ച് പാക്കിസ്ഥാനിലേക്കുതന്നെ വരണമെന്നും അങ്ങനെ ആ ആത്മാവിന് ശാന്തി കിട്ടണമെന്നും അവള്‍ ആഗ്രഹിക്കുന്നു.

'അങ്ങനെ..ലോകമങ്ങു മാറിപ്പോയി 'എന്ന സാബിന്‍ ജാവേരി ജില്ലാനിയുടെ കഥയില്‍ വാര്‍ത്തകള്‍ കേള്‍ക്കാനായി ഹിന്ദുവും മുസ്ലിമുമൊക്കെ ഒത്തു കൂടിയിരുന്ന കാര്‍റേ‍ഡിയോയിലൂടെ പ്രക്ഷേപണം ചെയ്യുന്ന ലഹളയുടെ വാര്‍ത്തകള്‍ തന്നെ അവര്‍ക്കിടയില്‍ ഭിന്നിപ്പു സൃഷ്ടിക്കുന്നു.പരസ്പരം അവര്‍ ആസ്വദിച്ചിരുന്ന ആ കൂട്ടായ്മകള്‍ക്കിടയില്‍ വല്ലാത്തൊരു ഘനം വന്നു ചേരുന്നതും അയല്‍ക്കാര്‍ അകന്നു പോകുന്നതും കൂട്ടുകാര്‍ കളിക്കാന്‍ വരാതായതും മുന്ന എന്ന കൊച്ചുബാലനില്‍ അന്യതാബോധം വളര്‍ത്തി.ആഹ്ലാദത്തോടെ അവരെല്ലാം കഴി‍ഞ്ഞിരുന്ന കടല്‍ത്തീരത്തെ പഴയ മഹല്ല് തന്നില്‍ ഏറെ നഷ്ടബോധമുണ്ടാക്കുമെന്ന് ഒടുവില്‍ അവന്‍ മനസ്സിലാക്കുന്നുണ്ട്.വാര്‍ത്തകള്‍ മനുഷ്യരെ ഭിന്നിപ്പിക്കുന്ന കാഴ്ചയാണിതില്‍.

പിറന്നു വീഴുമ്പോള്‍ തന്നെ നാവുകള്‍ ഛേദിക്കപ്പെടുന്ന ഒരു സമൂഹത്തില്‍,പിഴുതുമാറ്റിയിട്ടും മുളച്ചുവരുന്ന നാവുകള്‍, സ്വാതന്ത്ര്യത്തിന്റെ പ്രഖ്യാപനം തന്നെയാവുന്നു നിഖത് ഹസന്റെ 'നാവ് 'എന്ന കഥ.

ഖ്വൈസ്റോ ഷഹ്റാസിന്റെ 'ജീന്‍സ് 'യാഥാസ്ഥിതികത്വം വരച്ചു കാട്ടുന്ന രസകരമായ കഥയാണ്.മിറിയത്തിന്റെ അടക്കവും ഒതുക്കവും കണ്ട് അവളെ മകനു വധുവായി കണ്ടെത്തിയ ഫറൂഖിന്റെ മാതാപിതാക്കള്‍ പെട്ടൊന്നൊരുനാള്‍ അവളെ ജീന്‍സിലും ഇറക്കം കുറഞ്ഞ ടോപ്പിലും കാണുന്നതോടെ നിശ്ചയിച്ചുറപ്പിച്ച വിവാഹം തന്നെ വേണ്ടന്നുവെയ്ക്കുന്നു.വസ്ത്രങ്ങളിലൂടെ പുതിയൊരു പറ്റം മൂല്യങ്ങളേയും വ്യക്തിത്വത്തേയും ആശ്ലേഷിക്കുന്നതോടെ മിറിയത്തിനു കൈവിട്ടു പോകുന്നത് അവളുടെ ജീവിതം തന്നെയാണ്.പാശ്ചാത്യവേഷം ധരിക്കുന്ന, കൂട്ടുകാര്‍ക്കൊപ്പം ഔട്ടിംഗിനുപോകുന്ന പെണ്‍കുട്ടികള്‍ക്ക് നല്ല പുത്രവധുമാകാന്‍ കഴിയില്ല എന്നും അത്തരം പെണ്‍കുട്ടി തങ്ങളുടെ മകനെ ചൊല്‍പ്പടിക്കു നിര്‍ത്തുമെന്നും ഭയക്കുന്ന മാതാപിതാക്കള്‍ രണ്ടു വര്‍ഷത്തോളം അവള്‍ മനസ്സിലോമനിച്ച സ്വപ്നങ്ങളെ ജീന്‍സിന്റെ പേരില്‍ നിര്‍ദ്ദയം ചവിട്ടിയരക്കുന്നു.ഇവിടെ ,പെണ്‍കുട്ടികളുടെ സ്വാതന്ത്ര്യപ്രഖ്യാപനങ്ങളുടെ പ്രതീകമാകുന്നു ജീന്‍സ്.സ്വാതന്ത്ര്യം സ്വായത്തമാവുമ്പോള്‍ സാധാരണജീവിതം അവള്‍ക്കന്യമായിത്തീരുന്നുവെന്നും കഥാകാരി പറയുന്നു.

ഫാത്തിമ നഖ് വിയുടെ 'നല്ല ഭാര്യ ' വിവാഹമെന്ന ചട്ടക്കൂടിലേക്ക് വീട്ടുകാരുടെ നിര്‍ബന്ധത്തിനു വഴങ്ങുന്ന ഡോക്ടര്‍ സുലൈമാന്‍ അലിമിന്റെ കഥയാണ്.വിവാഹശേഷവും തന്റെ ദിനചര്യകള്‍ക്കുമാത്രം പ്രാധാന്യം നല്‍കി,ഭാര്യയുടെ കൊച്ചു കൊച്ചു വിശേഷങ്ങള്‍ക്കോ ഇഷ്ടാനിഷ്ടങ്ങള്‍ക്കോ യാതൊരു പരിഗണനയും കൊടുക്കാതിരുന്ന അയാള്‍ക്ക് ,രതി വല്ലപ്പോഴും അനുഷ്ഠിക്കുന്ന ഒരു ചടങ്ങുമാത്രമായിരുന്നു.വര്‍ഷങ്ങള്‍ കഴിഞ്ഞ് ഒരു നാള്‍ പെട്ടെന്ന്, തന്റെ ഭാര്യ എത്ര സുന്ദരിയും യുവതിയും ആകര്‍ഷണീയത ഉള്ളവളുമാണെന്ന് ഡോക്ടര്‍ കണ്ടെത്തുകയാണ്.അന്നേരം തന്നിലേക്കവളെ അടുപ്പിക്കാന്‍ ശ്രമിക്കുന്ന അയാളില്‍ നിന്നവള്‍ വഴുതിമാറുകയാണ്.ഇക്കാലമത്രയും അവള്‍ അനുഭവിച്ചു പോന്ന പ്രണയനഷ്ടങ്ങളെ അയാള്‍ക്ക് അയവിറക്കാന്‍ വിട്ടു കൊണ്ട് സ്വാതന്ത്ര്യം സ്വയം കണ്ടെത്തുകയാണ്.

'ആയിയുടെ പെണ്മക്കള്‍ 'ഫാമിദാ റിയാസിന്റെ രചനയാണ്.ബുദ്ധിമാന്ദ്യമുള്ള ഫാത്തിമക്കു നേരെ കാമാന്ധരായ പരിസരവാസികള്‍ നടത്തുന്ന ലൈംഗികാതിക്രമങ്ങള്‍ക്കൊടുവില്‍ അവള്‍ ഗര്‍ഭിണിയാവുന്നു.അവിഹിത ഗര്‍ഭം ഗ്രാമത്തില്‍ ലഹളയുണ്ടാക്കുമെന്നു ഭയന്ന ആയി മകളുടെ കുഞ്ഞിനെ ആയിടെ ഭര്‍ത്താവു മരിച്ച സ്ത്രീക്കു നല്‍കി അവര്‍ക്കു ഭര്‍ത്താവിന്റെ സ്വത്തില്‍ അര്‍ഹത നേടാന്‍ അവസരം കൊടുത്ത് മകളെ ഗ്രാമത്തിലേക്കു തന്നെ തിരിച്ചു കൊണ്ടു വരുന്നു.ഫാത്തിമക്ക് ജിന്ന് കൂടിയതാണെന്നു പറഞ്ഞ നാട്ടുകാര്‍ ഒരാല്‍ത്തറ പണിത് അവളെ വിശുദ്ധയായി പ്രഖ്യാപിച്ച് ആരാധിക്കാന്‍ തുടങ്ങി.അങ്ങനെ പുതുലോകത്തിന്‍ ലഭിക്കാത്ത സുരക്ഷിതത്വത്തോടെ അന്ധവിശ്വാസങ്ങളുടെ പഴയലോകത്തില്‍ മന്ദബുദ്ധിയായ ആ യുവതിക്കൊരിടം കിട്ടുന്നു.

നയ്യാര റഹ്മാന്റെ 'ജോലിക്കുള്ള അപേക്ഷ',മെച്ചപ്പെട്ട ഒരു ജോലിക്കു വേണ്ടി നെട്ടോട്ടമോടുന്ന ഫര്‍സാന അന്‍സാരിയെന്ന യുവ വിധവയുടെ കഥയാണ്.ജീവിതം കൂടുതല്‍ മെച്ചപ്പെടുത്താമെന്ന പ്രതീക്ഷയില്‍ ടൈപ്പിസ്റ്റ് ജോലിക്കുള്ള ഇന്റര്‍വ്യൂവിനു വരുന്ന അവള്‍ക്ക് അധികയോഗ്യതകള്‍ ഉണ്ടായിരുന്നിട്ടും വിധവയും ഒരു കുട്ടിയുടെ അമ്മയുമായതിനാല്‍ വേണ്ട വിധത്തില്‍ ജോലിചെയ്യാന്‍ കഴിയില്ല എന്നു പറയുന്ന ഉദ്യോഗസ്ഥ സ്വന്തം ചാര്‍ച്ചക്കാരിക്ക് ജോലികൊടുക്കാനായി അവളെ ഒഴിവാക്കുമ്പോള്‍ ഫര്‍സാന അതുവരേക്കു പടുത്തുയര്‍ത്തിയ പ്രതീക്ഷകള്‍ ഒരു നിമിഷം കൊണ്ട് തകര്‍ന്നടിഞ്ഞു പോകുന്നു.

No comments:

Post a Comment

താങ്കൾ എന്തുപറയുന്നു പുസ്തക വിചാരത്തെപ്പറ്റി ?