പുസ്തകം : പെരുംആള്‍
രചയിതാവ് : രമേശന്‍ ബ്ലാത്തൂര്
പ്രസാധകര്‍ : ഡി.സി.ബുക്സ്
അവലോകനം : മനോരാജ്
ഭാരതീയ ഭാഷകളില്‍ എഴുതപ്പെട്ടിട്ടുള്ള ഏറ്റവും മികച്ച സാഹിത്യസൃഷ്ടികളാണ് ഇതിഹാസങ്ങളായ രാമായണവും മഹാഭാരതവും എന്നതില്‍ തര്‍ക്കമുണ്ടാവുമെന്ന് തോന്നുന്നില്ല. ഇത്രയേറെ ചായക്കൂട്ടുകളും കഥാപാത്രങ്ങളും അവയുടെ സങ്കലനവും കൊണ്ട് വളരെ ബൃഹത്തായ കാന്‍വാസെങ്കില്‍ പോലും ഒരു മികച്ച ചിത്രകാരന്റെ അതല്ലെങ്കില്‍ ചലച്ചിത്രകാരന്റെ കൈത്തഴക്കത്തോടെ വാല്‍മീകിയും വേദവ്യാസനും നമ്മോട് പറഞ്ഞുവെക്കുന്നു. ഇതിഹാസങ്ങളെ പറ്റി പറയുമ്പോള്‍ എന്നും എന്റെ മനസ്സില്‍ ഓടിയെത്തുന്നത് വെള്ളിയാഴ്ചകളില്‍ വൈകുന്നേരം ആറ് മണിയാവാന്‍ കാത്തുനില്‍ക്കുന്ന കുട്ടികാലമാണ്. വെള്ളിയാഴ്ചകളിലായിരുന്നു അച്ഛന്‍ വരുന്നത്. വരുമ്പോള്‍ കൈയിലുള്ള പലഹാരപ്പൊതിയില്‍ എന്തെന്നറിയുവാനുള്ള ആകാഷയോടൊപ്പം തന്നെയായിരുന്നു അക്കാലത്ത് ബാലരമ അമര്‍ചിത്രകഥ രൂപത്തില്‍ പുറത്തിറക്കിയിരുന്ന ശ്രീകൃഷ്ണചരിതവും മഹാഭാരതവും. വല്ലാത്ത ഒരു ആവേശത്തോടെയായിരുന്നു അക്കാലത്ത് അത് വായിച്ചിരുന്നതും. പിന്നീട് അതുകൊണ്ട് തന്നെ ഇതിഹാസങ്ങളുമായി ബന്ധപ്പെട്ട കൃതികള്‍ എന്നും എന്നെ ആകര്‍ഷിച്ചിട്ടുണ്ട്. ഖണ്ഡേക്കറുടെ യയാതിയും ശിവജി സാവന്തിന്റെ കര്‍ണ്ണനും പ്രതിഭാറായിയുടെ ദ്രൌപദിയും അതുപോലെ മലയാളത്തിന്റെ സ്വന്തം രചനകളിലേക്ക് വന്നാല്‍ പി.കെ. ബാലകൃഷ്ണന്റെ ഇനി ഞാന്‍ ഉറങ്ങട്ടെ, എം.ടി.വാസുദേവന്‍ നായരുടെ രണ്ടാമുഴം, സാറാ ജോസഫിന്റെ ഊരുകാവല്‍ ...ഇവയെല്ലാം അതുകൊണ്ട് തന്നെ പ്രിയങ്കരങ്ങള്‍ തന്നെ. പക്ഷെ ഇവയില്‍ ഏറ്റവും അധികം മനസ്സിനെ സ്വാധീനിച്ച ഒരു കൃതി ഏതെന്ന് ചോദിച്ചാല്‍ ഇതിഹാസങ്ങള്‍ക്ക് പുത്തന്‍ ഡിവിയേഷന്‍സ് നല്‍കിക്കൊണ്ട് എം.ടി ഒരുക്കിയ രണ്ടാമൂഴം എന്ന ഒറ്റ ഉത്തരമേ എനിക്കുള്ളൂ. ഇന്ന് മഹാഭാരതമെന്നാല്‍ എനിക്ക് ഭീമന്റെ കഥയാണ്.
പറഞ്ഞ് വന്നത് പെരുംആള്‍ എന്ന പുസ്തകത്തെ കുറിച്ചാണല്ലോ പിന്നെയെന്തിന് രണ്ടാമൂഴത്തെ പറ്റി ഇത്രയേറെ വിശദീകരിക്കുന്നു എന്ന ഒരു സംശയം ഒരു പക്ഷെ ഉണ്ടായേക്കാം. പെരുംആള്‍ എന്ന പുസ്തകത്തിന്റെ ആമുഖത്തില്‍ ഗ്രന്ഥകാരന്‍ തന്നെ പറഞ്ഞുവെച്ച ചില പരാമര്‍ശങ്ങളാണ് ഇത് പറയുവാന്‍ പ്രേരണയായത്. എന്നെ രണ്ടാമൂഴം ആവേശിച്ചത് പോലെ മറ്റൊരു രീതിയിലാണെങ്കില്‍ പോലും പെരുംആള്‍ എന്ന പുസ്തകത്തിന്റെ രചനക്ക് ശ്രീ. രമേശന്‍ ബ്ലാത്തൂരിന് പ്രേരണയായിട്ടുണ്ട് എം.ടിയും രണ്ടാമൂഴവും എന്ന് അദ്ദേഹം പുസ്തകത്തിനെഴുതിയ ആമുഖക്കുറിപ്പില്‍ നിന്നും മനസ്സിലായി. മനോഹരമായി, നാട്യങ്ങളില്ലാതെ എഴുതപ്പെട്ട ഒരു ആമുഖം. അവിടെ തുടങ്ങുന്നു പെരുംആള്‍ എന്ന നല്ല പുസ്തകം എന്ന് വേണമെങ്കില്‍ പറയം. പലപ്പോഴും തിരക്കുപിടിച്ച വായനയില്‍ ഞാനുള്‍പ്പെടെ പലരും ഉപേക്ഷിക്കാറുള്ളതാണ് ആമുഖങ്ങള്‍. പക്ഷെ പെരുംആള്‍ വായിക്കുമ്പോള്‍ തീര്‍ച്ചയായും ആമുഖവും വായിച്ചിരിക്കണം എന്ന് ഞാന്‍ പറയും.
മഹാഭാരതത്തെ പല കഥാപാത്രങ്ങളുടെ വീക്ഷണകോണുകളിലൂടെ കണ്ടുകൊണ്ടുള്ള ഒട്ടേറെ കൃതികള്‍ ഉണ്ടെങ്കിലും രാമയണവുമായി ബന്ധപ്പെട്ട് ഗദ്യകൃതികള്‍ ഇത്തരത്തില്‍ കുറവാണെന്ന് തോന്നുന്നു. ബ്ലോഗുകളില്‍ / ആനുകാലീകങ്ങളില്‍ വായിച്ചിട്ടുള്ള ഒറ്റപ്പെട്ട ചില കഥകള്‍ ഒഴിച്ചുനിറുത്തിയാല്‍ സാറാജോസഫിന്റെ ഊരുകാവലും കെ.ബി.ശ്രിദേവിയുടെ ദാശരഥവും ടി.എന്‍.പ്രകാശിന്റെ കൈകേയിയും ആണ് ഞാന്‍ വായിച്ചിട്ടുള്ളവയില്‍ രാമായണത്തെ വ്യത്യസ്തകാഴ്ചപ്പാടില്‍ കാണുന്ന നോവലുകള്‍. ഇതില്‍ തന്നെ ഊരുകാവല്‍ വളരെയേറെ ഇഷ്ടപ്പെടുകയും ചെയ്തിരുന്നു. (സി.എന്‍.ശ്രീകണ്ഠന്‍ നായരുടെ ലങ്കാലക്ഷ്മി പണ്ടെപ്പോഴോ വായിച്ച് മുഴുമിപ്പിക്കാതെ പോയത് കൊണ്ട് അതേ പറ്റി ആധികാരികമായി പറയുന്നില്ല) ഇപ്പോള്‍ ഇതാ ആ ഗണത്തിലേക്ക് കൂട്ടിച്ചേര്‍ക്കാവുന്ന ഒരു മികച്ച രചനകൂടെ പെരുംആളുടെ വായനയിലൂടെ സാധിച്ചു. കേട്ടറിഞ്ഞതും വായിച്ചറിഞ്ഞതും കണ്ടറിഞ്ഞതിമായ രാമായണത്തില്‍ ഏവരും വില്ലനായി കാണുന്ന കഥാപാത്രമാണ് രാവണന്‍. ആ രാവണന്റെ മാനസീക വ്യാപാരങ്ങളിലൂടെയാണ് പെരുംആളിലൂടെ രമേശന്‍ ബ്ലാത്തൂര് നമ്മെ നയിക്കുന്നത്.
മുഹൂര്‍ത്തം, അയനം, ഗ്രഹണം എന്നീ മൂന്ന് ഭാഗങ്ങളും നാന്ദിയും, വിരാമവും അങ്ങിനെയൊരു ഘടനയിലാണ് പെരുംആള്‍ എന്ന നോവലിനെ ശ്രീ.രമേശന്‍ ബ്ലാത്തൂര്‍ വിന്യസിച്ചിരിക്കുന്നത്. എഴുത്തുകാരന്റെ ഭാവനയില്‍ നിന്നും ഉടലെടുത്ത രാവണന്റെ പൂര്‍വ്വകാമുകിയെ വരെ വാല്‍മീകീ രാമായണത്തിലെ ഒരു കഥാപാത്രമാണെന്ന് തോന്നുംവിധം ചിത്രീകരിക്കാന്‍ നോവലിസ്റ്റിനു കഴിഞ്ഞിട്ടുണ്ട്. പാടിപ്പതിഞ്ഞ കഥകളിലെല്ലാം നല്ല പിള്ള ഇമേജുള്ള വിഭീഷണന്റെ കുടിലതകളും സഹോദരീ സ്നേഹം മൂലം രാവണന്‍ വരുത്തിവെച്ച വിനകളും പറയുമ്പോള്‍ കൈയടക്കം കൊണ്ട് നോവല്‍ വായന ഒരിടത്തും വിരസത സൃഷ്ടിക്കുന്നില്ല. എങ്കില്‍ പോലും രാമായണമെന്ന ബൃഹത്തായ ക്യാന്‍വാസ് പുസ്തകത്തില്‍ നിന്നും ലഭിക്കും എന്ന മുന്‍ധാരണയോടെ പുസ്തകം വായിക്കരുത്. കാരണം ഇതില്‍ രാമന്‍ എന്ന കഥാപാത്രം തിരശ്ശീലയില്‍ ഒന്നോ രണ്ടോ സീനുകളില്‍ പ്രത്യക്ഷനാവുന്ന സഹനടന്‍ മാത്രം. ആ ഒരു വ്യത്യസ്തത തന്നെയാണ് നോവലിനെ മനോഹരമാക്കുന്നതെന്നും തോന്നി. തീര്‍ത്തും രാവണനെ ചുറ്റിപ്പറ്റി തന്നെയാണ് കഥ മുഴുവന്‍ നീങ്ങുന്നതും.
ഞാനാദ്യമായി ഒരാശ്രമം കാണുകയാണ്. പൊട്ടിത്തെറിക്കുന്ന ഉത്സാഹത്തോടെ ഹോമധൂപങ്ങള്‍ക്കൊപ്പം ചുറ്റിനടക്കുന്ന എന്നെ ആരോ ഗുരുവിന്റെ മുന്നിലേക്ക് നയിച്ചു. കാല്‍തൊട്ടുവന്ദിച്ച് ആചാര്യനോടഭ്യര്‍ത്ഥിച്ചു. “ശിഷ്യനായി സ്വീകരിച്ച് എനിക്ക് വെളിച്ചമേകിയാലും.”
“നിന്റെ കുലമേതാണ്”
“പുലസ്ത്യന്റെ വംശം, വിശ്രവസ്സാണ് പിതാവ്.” ആചാര്യന്‍ ഒരു നിമിഷം മൌനിയായി.
“അമ്മയുടെ കുലം പറയൂ കറുമ്പാ”
“കൈകസിയാണമ്മ. രാക്ഷസകുലത്തില്‍”
രാക്ഷസക്കുട്ടീ, നീയ് ബ്രഹ്മജ്നാനമല്ല നേടേണ്ടത്, ശാസ്ത്രങ്ങളല്ല, പോകൂ.. മാനിനെ കല്ലെറിഞ്ഞു വീഴ്ത്താന്‍ പഠിക്കൂ.. (നാന്ദി, പേജ് 15)
മനസ്സില്‍ ഗുരുവായി കണ്ട വ്യക്തി തന്നെ കൊലവിളി നടത്താന്‍ പറയുക. അതാവാം ഒരു പക്ഷെ രാവണന്‍ എന്ന വ്യക്തിയെ രാക്ഷസരൂപിയാക്കി തീര്‍ത്തത്. സത്യത്തില്‍ ഇത് തന്നെയല്ലേ ഇന്നും നടക്കുന്നത്. വിദ്യാഭ്യാസം ആഗ്രഹിക്കുന്നവന്റെ കുലവും അവന്റെ കുലീനത്വവും തിരക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍!! കുട്ടികളെ ജാതിയും വര്‍ണ്ണവും വര്‍ഗ്ഗവും തിരിച്ച് അവരിലേക്ക് വൈരാഗ്യത്തിന്റെ വിഷവിത്തുകള്‍ എറിഞ്ഞുകൊടുക്കുന്ന പുത്തന്‍ വിഭ്യാഭ്യാസ തത്വസംഹിതകള്‍. നാളെയുടെ യുവത്വത്തെ രാക്ഷസകുലത്തിലേക്ക് ചേക്കാറാന്‍ നിര്‍ബന്ധിക്കുന്ന വ്യവസ്ഥാപിത വിഭ്യാഭ്യാസരീതികള്‍. ഇനിയും രാവണന്മാരെ സൃഷ്ടിക്കരുതെന്ന ഒരു തിരിച്ചറിവ് നമുക്ക് തരുന്നു നാന്ദിയിലെ ഈ വാക്കുകളിലൂടെ ഗ്രന്ഥകാരന്‍.
അയനമെന്ന രണ്ടാം ഭാഗമാണ് ഏറെ സുന്ദരമായി തോന്നിയത്. യഥാര്‍ത്ഥ രാമായണത്തില്‍ എവിടെയും വായിച്ചിട്ടില്ലാത്ത ചമേലി എന്ന കഥാപാത്രത്തിലൂടെ രാവണിലെ കാമുകഭാവം ബ്ലാത്തൂര് മനോഹരമാക്കുന്നു. ചമേലിയോട് സാദൃശ്യം തോന്നിയതിനാല്‍ മാത്രം മണ്ഢോദരിയെ വേള്‍ക്കുന്നു രാവണന്‍. ശൂര്‍പ്പണഖയുടെ വാശിക്ക് മുന്‍പില്‍ തകര്‍ന്നു പോകുന്ന സഹോദരന്‍. സഹോദരിയുടെ രാത്രിസഞ്ചാരങ്ങള്‍ കാവല്‍ഭടന്മാര്‍ക്കിടയില്‍ പോലും മുറുമുറുപ്പായിട്ടും അവളെ ശാസിക്കാന്‍ കഴിയാതായി പോകുന്ന പരാക്രമി. ബാലിയോട് ഒരു വേള പരാജയമടഞ്ഞപ്പോളും ആ പരാജയത്തെ അഭിമാനമായി കാണുന്ന വില്ലാളിവീരന്‍. വിഭീഷണന്‍ എന്ന സഹോദരനാല്‍ ചതിക്കപ്പെടുന്ന ഏട്ടന്‍. ഇന്ദ്രജിത് എന്ന വില്ലാളിയായ മകന്റെ സ്നേഹം ആവോളം ആസ്വദിക്കുന്ന , ഒടുവില്‍ മകന്റെ മരണമേല്‍പ്പിച്ച മുറിവ് താങ്ങാനാവാതെ ഇരിക്കുന്ന പിതാവ്. മേഘനാഥന്‍ രാവണപുത്രനല്ലെന്ന മണ്ഢോദരിയുടെ വെളിപ്പെടുത്തലിനെ തികഞ്ഞ സമചിത്തതയോടെ, എല്ലാം എനിക്കറിയാമായിരുന്നുവെന്നും പക്ഷെ നീ എന്ത് തന്നെ പറഞ്ഞാലും അവന്‍ എന്റെ മകനാണ് എന്നു പ്രതിവചിക്കുന്ന മഹാന്‍. ഒടുവില്‍ യുധഭൂമിയിലേക്കുള്ള പടപുറപ്പാടിന് മുന്‍പ് നികുംഭിലയിലെ പൂജക്ക് വിഘ്നം വരുത്തുവാനായി കൊട്ടാരത്തിന്റെ രഹസ്യ അറയിലൂടെ വാനരനെ കടത്തിവിട്ട് മണ്ഢോദരിയെ ബലാല്‍കാരം ചെയ്യാന്‍ ബുദ്ധിയുപദേശിച്ച സ്വസഹോദരന്‍ വിഭീഷണന്റെ കുടിലബുദ്ധിയെ പ്രതി ഉത്കണ്ഠാകുലനാവുന്ന രാവണന്‍. രാവണന്റെ ഒട്ടേറെ വ്യത്യസ്ത മുഖങ്ങള്‍ - ഇത് വരെ നമ്മളാരും കാണാത്ത മുഖങ്ങള്‍ - വരച്ചു കാട്ടുന്നു ബ്ലാത്തൂര് പെരുംആളിലൂടെ. അവസാനം രണഭൂമിയില്‍ ശസ്ത്രങ്ങളാലും മായാവിദ്യകളാലും രാമ-ലക്ഷ്മണന്മാരെ വശംകെടുത്തുന്നതിനിടയില്‍ , സ്വന്തം സഹോദരന്റെ നെറികെട്ട പ്രവൃത്തിയുടെ ബാക്കിയെന്നോണം വാനരനാല്‍ അപമാനിതയായ സ്വപത്നിയെക്കുറിച്ചുള്ള അശ്ലീലം നിറഞ്ഞ സംസാരത്തിനു ചെവികൊടുക്കാനാവാതെ “രാമാ നീയെന്നെ ഒന്ന് കൊന്നുതരൂ.. അനുജനെയ്യിച്ച പരിഹാസസ്വരത്താല്‍ എന്റെ മനസ്സ് ചത്തു. ഇനി വെറും ജഡമായിരിക്കുന്ന ഈ ശരീരത്തെ നീ ജീവനറ്റതാക്കൂ“ എന്ന് മനസ്സാലെ വിലപിക്കുന്ന രാവണന്‍.
"വിഭീഷണാ, മഹാത്മാവാണ് നിന്റെ ജ്യേഷ്ഠന്‍. അഭ്യര്‍ത്ഥിക്കുന്നവരെ തൃപ്തരാക്കും വിധം ദാനം ചെയ്തു, ആശിച്ച സുഖങ്ങളെല്ലാം അനുഭവിച്ചു, നല്ല രാജാവെന്ന പേരുനേടുംവിധം ആശ്രിതര ഭരിച്ചു, സുഹൃത്തുക്കളെ ഏറ്റവും നന്നായി പരിചരിച്ചു. ശത്രുവിനോട് പോരാടി. മഹാതപസ്സ് അനേകകാലം ചെയ്തവന്‍, വേദങ്ങളെല്ലാം തികച്ചുമറിയുന്നവന്‍, ഉത്തമങ്ങളായ കര്‍മങ്ങള്‍ നിര്‍വഹിക്കുന്നതില്‍ മഹാശൂരന്‍ ജീവനെ വെടിഞ്ഞു. യോജിച്ച രീതിയില്‍ സംസ്കാരം നടത്തൂ."
ഒടുവില്‍ രാമബാണമേറ്റ് ആ മഹാപരാക്രമി നിപതിച്ചപ്പോള്‍ രാമന്‍ വിഭീഷണനോട് പറയുന്ന ഈ വാക്കുകളില്‍ നിന്നും രാവണനെ നാം സ്നേഹിച്ചു തുടങ്ങുന്നു. ഒരു പരിധിവരെ രാവണനെ സ്നേഹിക്കാന്‍ നമ്മെ പ്രേരിപ്പിക്കുക തന്നെയായിരുന്നിരിക്കണം നോവലിസ്റ്റിന്റെ ലക്ഷ്യവും. അങ്ങിനെയെങ്കില്‍ പെരുംആള്‍ എന്ന നോവല്‍ വിജയിച്ചു എന്ന് തന്നെ പറയാം. “എനിക്ക് വേണ്ട നിന്റെ ശേഷക്രിയ“ മരണം പുല്‍കിയ രാവണനോടൊപ്പം വായനക്കാരും വിഭീഷണനെയും രാമനെയും നോക്കി ഇതേറ്റു പറയുമ്പോള്‍ അതിലൂടെ നോവലിസ്റ്റ് തന്റെ ദൌത്യം പൂര്‍ത്തീകരിച്ചു എന്ന് നിസംശയം പറയാം.
നോവലിസ്റ്റ് ഈ നോവലിനായി ഉപയോഗിച്ചിരിക്കുന്ന അനുപമമായ ഭാഷാപ്രയോഗങ്ങളെ പ്രകീര്‍ത്തിക്കാതെ വയ്യ. ചില വേളകളില്‍ അത് അത്യുന്നത നിലവാരം പുലര്‍ത്തുന്നുമുണ്ട്. പുസ്തകത്തിനായി സോമന്‍ കടലൂര്‍ വരച്ച ചിത്രങ്ങള്‍ വ്യത്യസ്തതകൊണ്ട് ഏറെ മികവ് പുലര്‍ത്തുന്നു. ആ ചിത്രങ്ങള്‍ കഥക്കും പുസ്തകത്തിനും നല്‍കുന്ന മിഴിവ് എടുത്തുപറയേണ്ടത് തന്നെ. കവര്‍ ഡിസൈന്‍ ചെയ്ത ബ്ലോഗര്‍ കൂടിയായ സുധീഷ് കൊട്ടിബ്രവും തന്റെ ജോലി മനോഹരമാക്കി. ഈ വര്‍ഷത്തെ അബുദാബി ശക്തി അവാര്‍ഡ് നേടികൊണ്ട് പെരുംആള്‍ യാത്ര തുടങ്ങികഴിഞ്ഞു. ഇനിയും ഒട്ടേറെ പുരസ്കാരങ്ങള്‍ തീര്‍ച്ചയായും ഈ ഒരു പുസ്തകത്തിലൂടെ രമേശന്‍ ബ്ലാത്തൂരെ തേടിയെത്തിയാല്‍ അത്ഭുതപ്പെടേണ്ടതില്ല. (വില: 85 രൂപ)
No comments:
Post a Comment
താങ്കൾ എന്തുപറയുന്നു പുസ്തക വിചാരത്തെപ്പറ്റി ?