പുസ്തകം : പൂമുള്ളി ആറാം തമ്പുരാന്‍
എഡിറ്റര്‍ വി.കെ.ശ്രീരാമന്‍
പ്രസാധകര്‍ : മാതൃഭൂമി ബുക്‌സ്
അവലോകനം : ബിജു.സി.പി
മലയാളികള്‍ക്കൊക്കെ സുപരിചിതമായ സൂപ്പര്‍ഹിറ്റ് പേരാണ് ആറാം തമ്പുരാന്‍ എന്നത്. രഞ്‌ജിത്ത് തിരക്കഥയെഴുതി ഷാജി കൈലാസ് സംവിധാനം ചെയ്‌ത ആ സിനിമയുമായി ബന്ധമൊന്നുമുള്ളയാളല്ല പൂമുള്ളി ആറാം തമ്പുരാനായിരുന്ന നീലകണ്‌ഠന്‍ നമ്പൂതിരിപ്പാട്. മോഹന്‍ലാലിന്റെ ആ കഥാപാത്രത്തെപ്പോലെ താമസഭാവമില്ലാത്തതും രാജസസാത്വിക ഭാവങ്ങളില്‍ ആ കഥാപാത്രത്തെക്കാള്‍ എത്രയോ മുകളില്‍ നില്‍ക്കുന്നയാളുമായിരുന്നു ദിവംഗതനായ പൂമുള്ളി നീലകണ്‌ഠന്‍ നമ്പൂതിരിപ്പാട്. അദ്ദേഹം മരിച്ച് പതിനഞ്ചു വര്‍ഷം കഴിഞ്ഞേ ഇത്തരത്തിലൊരു പുസ്‌തകം പുറത്തു വന്നുള്ളൂ എന്നതാണ് അത്ഭുതകരം. ഉത്സാഹക്കമ്മിറ്റിയില്‍ മുന്നിട്ടിറങ്ങി ഇങ്ങനെയൊന്ന് സാധിച്ചതില്‍ വി.കെ.ശ്രീരാമന്‍ തീര്‍ച്ചയായും അഭിനന്ദനമര്‍ഹിക്കുന്നു. എഡിറ്ററുടെ വരകളും ഭേഷായി.
ഭൂപരിഷ്‌കരണത്തിനു ശേഷവും കേരളത്തിലെ ഏറ്റവും വലിയ നമ്പൂതിരിഇല്ലങ്ങളിലൊന്നായിരുന്നു പൂമുള്ളി മന. അവിടത്തെ ആറാമത്തെ മകനായി പിറന്നതിനാലാണ് നീലകണ്‌ഠന്‍ നമ്പൂതിരിപ്പാടിന് ആറാം തമ്പുരാന്‍ എന്നു വിളിപ്പേരു വന്നത്. പഴയ ഫ്യൂഡല്‍ നമ്പൂതിരിത്തത്തിന്റെ എല്ലാ നന്മതിന്മകളിലുമാണ് വളര്‍ന്നതെങ്കിലും ആറാം തമ്പുരാന് ജീവിതത്തില്‍ ഒരൊറ്റ ലക്ഷ്യമേ ഉണ്ടായിരുന്നുള്ളു- അറിവു നേടുക. ആധുനിക രീതിയിലുള്ള പഠിപ്പു സമ്പ്രദായങ്ങളെക്കാള്‍ പാരമ്പര്യമട്ടിലുള്ള വിജ്ഞാനാര്‍ജനരീതിയായിരുന്നു നീലകണ്‌ഠന്‍ നമ്പൂതിരിപ്പാടിനു പഥ്യം. കാളപൂട്ട്, പശു,കാള,എരുമ,പോത്ത് തുടങ്ങിയവയെക്കുറിച്ചുള്ള ആഴമേറിയ അറിവുകള്‍, കൃഷിവിജ്ഞാനീയം, ആനചികില്‍സയും ആനപരിചരണവും, നായാട്ട്, ആയുര്‍വേദം, ജ്യോതിഷം, വിഷചികില്‍സ, യോഗാഭ്യാസം, ബാലചികില്‍സ, കളരിപ്പയറ്റ്, സംസ്‌കൃതം, വേദാന്ത ചിന്ത, സംഗീതം, മേളങ്ങള്‍, എന്നിങ്ങനെ ഒരു കാലഘട്ടത്തില്‍ നിലവിലുണ്ടായിരുന്ന ഏതാണ്ടെല്ലാ ജ്ഞാനമണ്ഡലങ്ങളിലും അതിശയകരമായ പാണ്ഡിത്യമാണ് അദ്ദേഹം ആര്‍ജിച്ചിരുന്നത്. കര്‍ണാടക സംഗീതത്തില്‍ ചെമ്പൈയും ഹിന്ദുസ്ഥാനിയില്‍ ശരച്ചന്ദ്ര മറാഠേയും ഹ്യൂമനിസത്തില്‍ എം.എന്‍.റോയിയും ആയുര്‍വേദത്തില്‍ വൈദ്യമഠം വലിയ നാരായണന്‍ നമ്പൂതിരിയും ഒക്കെയാണ് അദ്ദേഹത്തിന് അറിവു പകര്‍ന്നത്.
അറിവുകളുടെ തമ്പുരാന്‍ എന്ന നിലയില്‍ നാടും നാട്ടുകാരും ആദരം മാത്രമേകിയപ്പോഴും ഒരു നാടന്‍ നമ്പൂതിരിയെപ്പോലെ ഇതൊന്നും എന്റെയല്ല,എന്റെയല്ല എന്ന ജൈവബോധമാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. മികച്ച ശിഷ്യന്മാരിലേക്ക് അറിവു പകരാനല്ലാതെ പ്രബന്ധങ്ങളോ പുസ്‌തകങ്ങളോ എഴുതാന്‍ അദ്ദേഹം ശ്രമിച്ചിരുന്നില്ല. ധനസമ്പാദനത്തിനായി ആ അറിവുകള്‍ വിനിയോഗിക്കാനും അദ്ദേഹം ഒരുമ്പെട്ടില്ല. ഒരു പക്ഷേ, പഴയ നാടന്‍ ജ്ഞാനികളുടെ ഒരു മട്ടും മാതിരിയും ഇങ്ങനെ ആയിരുന്നിരിക്കാം. ആറാം തമ്പുരാനെക്കുറിച്ചു കേള്‍വിയിലുള്ള കഥകളെല്ലാം ഒരതിശയോക്തിയുടെ സ്വഭാവമുള്ളതാണ്. അദ്ദേഹത്തിന്റെ ഭാര്യ ലീല അന്തര്‍ജനം എഴുതിയിരിക്കുന്നതു നോക്കുക വിവാഹം കഴിഞ്ഞ കാലത്തും അദ്ദേഹം പഠിക്കുക തന്നെയായിരുന്നു... എന്നും രാവിലെ നാലു മണിക്ക് എഴുന്നേല്‍ക്കും യോഗാഭ്യാസം ചെയ്യും. പയറ്റാന്‍ പോകും...ഉച്ചയ്‌ക്ക് അല്‌പം ഗോതമ്പു ചോറ്. നെയ്യ് ധാരാളം വേണം. ഭരണിയില്‍ നിന്നു തന്നെ ഒഴിച്ചാലാണ് തൃപ്‌തി.. നായാടികളോട് എന്തോ പ്രത്യേക പരിഗണന ഉണ്ടായിരുന്നു...വലിയ സാഹസികനായിരുന്നു. ആനപ്പുറത്തു കയറുകയും പാമ്പിനെ പിടിക്കുകയുമൊക്കെ ചെയ്യുമായിരുന്നു. കുട്ടികള്‍ കളിക്കുന്നിടത്തും ഉത്സവാഘോഷങ്ങളിലും ചെല്ലാന്‍ താത്‌പര്യം കാണിക്കുമായിരുന്നു... ഇന്നത്തെ നിലയില്‍ ചിന്തിക്കാന്‍ കൂടി എളുപ്പമല്ലാത്ത തരം ഒരു ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. വലിയ പ്രഭുവും പലപ്പോഴും പെരുമാറ്റത്തില്‍ ഒരല്‌പം ധാര്‍ഷ്ട്യമുള്ളയാളുമായിരുന്നിട്ടും ജാതിമത ഭേദമോ നമ്പൂരിത്തത്തിന്റെ കേമത്തങ്ങളോ കാണിച്ചിരുന്നില്ല എന്നതാണ് പൂമുള്ളി നീലകണ്‌ഠന്‍ നമ്പൂതിരിപ്പാടിനെ ഒന്നു വ്യത്യസ്‌തനാക്കുന്നത്.
അറുപതോളം ലേഖനങ്ങളടങ്ങിയ ഒരു ബൃഹദ്‌ഗ്രന്ഥമാണെങ്കിലും അനുസ്‌മരണങ്ങളും വാഴ്‌ത്തുകളുമല്ലാതെ പൂമുള്ളി ആറാംതമ്പുരാന്‍ എന്ന ജൈവജീനിയസിനെ അദ്ദേഹം അര്‍ഹിക്കുന്ന ഉന്നതമായ വൈജ്ഞാനിക തലത്തില്‍ കാണുന്ന ഒരു പ്രബന്ധം പോലും പുസ്‌തകത്തിലില്ല എന്നത് വലിയൊരു പോരായ്‌മയാണ്. കേരളത്തിന്റെ വിശാലമായ സാംസ്‌കാരിക സാഹചര്യത്തില്‍ പൂമുള്ളി നീലകണ്‌ഠന്‍ നമ്പൂതിരിപ്പാടിനെ അടയാളപ്പെടുത്താന്‍ ശേഷിയുള്ള ഒരു സാംസ്‌കാരിക പഠനമെങ്കിലും ഇക്കൂട്ടത്തില്‍ ചേര്‍ക്കാമായിരുന്നു. നൂറ്റാണ്ടുകള്‍ നീണ്ടു നിന്ന നമ്പൂരിത്ത പ്രഭാവങ്ങള്‍ക്ക് വിരാമം കുറിച്ചവരില്‍ പ്രമുഖന്‍ എന്ന നിലയില്‍ മറ്റൊരു വലിയ ചരിത്രപ്രസക്തി കൂടിയുണ്ട് ആറാം തമ്പുരാന്. നമ്പൂതിരി സമുദായക്കാരൊക്കെ പഴഞ്ചന്‍ ഫ്യൂഡല്‍ മനോഭാവത്തില്‍ കെട്ടിക്കിടന്നവരായിരുന്നു എന്ന മട്ടിലുള്ള സാമ്പ്രദായിക ധാരണകളെ ഒരര്‍ഥത്തിലെങ്കിലും പൊളിച്ചടുക്കുന്ന ജീവിതമായിരുന്നു അത്. ഇന്നലെകളിലെ ആറാം തമ്പുരാനെയാണ് ഈ പുസ്‌തകം കണ്ടെടുക്കുന്നത്. വര്‍ത്തമാനത്തിലും ഭാവിയിലും കൂടി പ്രസക്തമാണ് ആ ജീവിതം.
ഏതാണ്ടെല്ലാ ലേഖനങ്ങളും നമ്പൂരി ഭാഷയിലോ അതിനെ അനുകരിച്ചുള്ള ഭാഷാരീതിയിലോ ആണ് എഴുതിയിട്ടുള്ളത്. പരിധിയിലധികമാകുമ്പോള്‍ ചിലേടത്തെങ്കിലും അതിനൊരു മിമിക്രി സ്വഭാവം വരും. എന്നാല്‍, സവിശേഷമായ ഒരാഖ്യാന രീതിയുടെ മാതൃകകളായും പ്രാദേശികഭാഷാ മാതൃക എന്ന നിലയിലുമൊക്കെ ഒരു പ്രസക്തിയുണ്ട് ഇതിലെ ലേഖനങ്ങളുടെ ഭാഷാമാതൃകയ്‌ക്ക്.(പേജ് 416 വില 300രൂപ)
യശശ്ശരീരനായ പൂമുള്ളി ആറാം തമ്പുരാനെക്കുറിച്ച് ഒരു പുസ്തകം ഇറക്കിയത് ഉചിതമായി. ഇതിന്നായി പ്രവര്‍ത്തിച്ചവര്‍ അഭിനന്ദനമര്‍ഹിക്കുന്നു.
ReplyDeleteആറാം തമ്പുരാന്
ReplyDelete