Wednesday, October 8, 2014

ദി ഡാവിഞ്ചി കോഡ്


പുസ്തകം : ദി ഡാവിഞ്ചി കോഡ്
രചയിതാവ് : ഡാന്‍ ബ്രൌണ്‍

പ്രസാധകര്‍ :

അവലോകനം : ലാസര്‍ ഡിസല്‍‌വകൃഷ്ണന്‍ നായരുടെ ഭാഷ ഉപയോഗിച്ച് പറഞ്ഞാല്‍ 'ഡാ വിഞ്ചി കോഡു' എന്ന നോവല്‍ ഒരു 'ട്രാഷ്' ആണ്. ഒരു മൂന്നാംകിട ത്രില്ലര്‍. നല്ല പ്രായത്തില്‍ സിഡ്നി ഷെല്‍ഡനെയും ജെഫ്രി ആര്‍ച്ചറേയും ഹാരോള്‍ഡ്‌ റോബിന്‍സിനെയും ഒക്കെ വായിച്ചിട്ടില്ലാത്തത് കൊണ്ടാവും സക്കറിയക്ക് പോലും ആ പുസ്തകത്തെ കുറിച്ച് പേജുകള്‍ എഴുതേണ്ടി വന്നത്. ക്രിസ്തുമതത്തെ അതിന്റെ അന്ത:സത്തയില്‍ പോറ ലേല്പ്പിക്കാന്‍ പര്യാപ്തമായ ഗഹനത ഈ പുസ്തകത്തിനില്ല.

ക്രിസ്തുമതത്തിനുള്ളില്‍ തന്നെ വകഭേദങ്ങളോടെ നിലനില്‍ക്കുന്ന എത്രയോ ചെറു വിശ്വാസകൂട്ടായ്മകളുണ്ട് എന്ന സമകാലിക വസ്തുത, കാക്കത്തൊള്ളായിരം ക്രിസ്ത്യന്‍ സഭകളുടെ ആവാസകേന്ദ്രമായ കേരളത്തിലെ ജനങ്ങള്‍ക്ക്‌ പറഞ്ഞ് മനസ്സിലാക്കിത്തരേണ്ട കാര്യമില്ല. അതിലൊരു കൂട്ടര്‍ തങ്ങള്‍ ക്രിസ്തുവിന്റെ വംശപരമ്പരയില്‍ പെട്ടവരാണ് എന്ന് വിശ്വസിക്കുന്നു. കേരളത്തിലെ ഒരു കൂട്ടം ക്രിസ്ത്യാനികള്‍, ചരിത്രപരമായി, പറയത്തക്ക അടിസ്ഥാനം ഒന്നുമില്ലെങ്കിലും, തങ്ങള്‍ വിശുദ്ധ തോമസ്‌ നേരിട്ട് മാമോദീസ മുക്കിയ ബ്രാഹ്മണരുടെ വംശപരമ്പരയാണെന്ന് അവകാശപ്പെടുന്നത് പോലെ ഒരു ഭോഷ്ക്കായി അതിനെ കാണാനുള്ള വിശാലത ക്രിസ്തുസഭയ്ക്കും സമൂഹത്തിനും ഇനിയും ഉണ്ടായിട്ടില്ല എന്നത് സഹതാപം അര്‍ഹിക്കുന്നു. യേശുക്രിസ്തുവിന്റെ വചനം "എന്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ" എന്നല്ല, "നിന്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ" എന്നാണ്. ബഹുസ്വരതയെ ഉള്‍കൊള്ളുന്ന അതിന്റെ മാനവീകതയെ മറന്നുപോകരുത് ഒരു ക്രിസ്ത്യാനിയും. നാലഞ്ച് നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് സൃഷ്ടിക്കപ്പെട്ട, ലോകം ഇന്നുവരെ കണ്ട ഏറ്റവും നല്ല ചില ക്ലാസിക്കുകളുടെ രചയിതാവ് എന്ന് പറയപ്പെടുന്ന ഷേക്സ്പിയറുടെ അസ്തിത്വം പോലും നമുക്കിന്നും കൃത്യമായി നിര്‍ണയിക്കാനാവാതിരിക്കെ രണ്ടായിരം കൊല്ലങ്ങള്‍ക്ക് മുന്‍പ് നടന്നു എന്ന് ഒരു മൂന്നാംകിട നോവല്‍ അവകാശപ്പെടുന്ന സംഭവം, വിശ്വാസികള്‍ ചരിത്രമായി തെറ്റിദ്ധരിചേക്കും എന്ന് സഭ ഭയപ്പെടുന്നുവെങ്കില്‍, അതെന്തു വിശ്വാസമാണ്...? ഇത്ര ശിഥിലമായ ഒരു വിശ്വാസസംഹിതയാണോ അവര്‍ തങ്ങളുടെ അല്‍മായ സമൂഹത്തിനു നല്‍കിയിരിക്കുന്നത്...?

ഒരു പുരോഹിതന്‍ കൊലപാതകങ്ങള്‍ നടത്തുന്നതും നഗ്നനായി ആരാധന നടത്തുന്നതുമാണ് പ്രകോപനപരമായ രംഗങ്ങളെന്നു വായിക്കാന്‍ ഇടയായി. ഇത് രണ്ടും ഒരു നോവലില്‍ ചിത്രീകരിക്കാന്‍ പാടില്ല എന്ന് വന്നാല്‍ എഴുത്തുകാര്‍ കുഴഞ്ഞത് തന്നെ. ഒരു സന്യാസി ബലാല്‍സംഗം ചെയ്യുന്നത് ചിത്രീകരിച്ചാല്‍ സന്യാസികളും, ഒരു ഡോക്ടര്‍ നിയമരഹിതമായി ഗര്‍ഭചിദ്രം നടത്തുന്നത് ചിത്രീകരിച്ചാല്‍ ഡോക്ടര്‍മാരും തൂപ്പുകാരന്‍ ഓടയിലേക്ക്‌ മൂത്രമൊഴിക്കുന്നത് ചിത്രീകരിച്ചാല്‍ തൂപ്പുകാരും ഒക്കെ പ്രതിഷേധത്തിനും നിയമനടപടിക്കും മുതിര്‍ന്നാല്‍ കഥയെഴുത്തുകാരൊക്കെ കടപൂട്ടി വീട്ടിലിരിക്കുകയെ നിവൃത്തിയുള്ളൂ.


എന്നാലിവിടെ അതുപോലുമല്ല പ്രശ്നം. കൊലപാതകം നടത്തുന്നവന്‍ പുരോഹിതവസ്ത്രം ധരിച്ചവന്‍ എന്നതിനപ്പുറം പുരോഹിതനായി അവരോധിക്കപെട്ടവനാണെന്ന് നോവലില്‍ എവിടെയും സൂചനകള്‍ ഇല്ല. എന്നാല്‍ ചെറുപ്പം മുതല്‍ തെരുവില്‍ വളര്‍ന്ന്, കൊലപാതകങ്ങള്‍ ഉള്‍പ്പെടെയുള്ള ക്രൂരകൃത്യങ്ങള്‍ നടത്തി ജയിലിലടയക്കപെട്ട ഒരു മനോരോഗിയാണെന്ന് വ്യക്തമായി നോവലിസ്റ്റു പറയുന്നുമുണ്ട്. അയാളുടെ വിശ്വാസം ഒരു സൈക്കോപാത്തിന്റെ അടിമത്തമാണ്‌. മറ്റൊരു ക്രൈം ചെയ്യുന്നതിനപ്പുറം വേറൊന്നുമല്ല അയാള്‍ക്കത്. അതുകൊണ്ട് തന്നെയാണ് ഒരു പ്രാര്‍ത്ഥനയുടെ അനുധാവനതയോടെയും സൂക്ഷ്മതയോടെയും അയാള്‍ക്ക്‌ കൊലപാതകങ്ങള്‍ ചെയ്യാന്‍ സാധിക്കുന്നത്. ഓരോ കൊലപാതകത്തിന് ശേഷവും തന്റെ മുറിക്കുള്ളില്‍ എത്തികഴിഞ്ഞാണ് അയാള്‍ നഗ്നനായി ആരാധനയില്‍ ഏര്‍പ്പെടുന്നത്. ആ നഗ്നതയെ മറ്റു പലതിനുമോടൊപ്പം ഭ്രാന്തിന്റെ ബഹിര്‍സ്ഫുരണമായി കാണാവുന്നതാണ്. എന്നാല്‍ പ്രാര്‍ഥനയില്‍ നഗ്നത നിഷിദ്ധമാണ് എന്ന് അര്‍ത്ഥമാക്കരുത്. വിശുദ്ധ ഫ്രാന്‍സീസ് അസീസി മുറിക്കുള്ളില്‍ അടച്ചിരുന്നല്ല, നിരത്തിലൂടെ നഗ്നനായി നടന്നുകൊണ്ടാണ് തന്റെ ദിവ്യത്വം പ്രഘോഷിച്ചത്.

ലളിതമായ, സ്നേഹാതിഷ്ടിതമായ ഒരു അത്യാത്മികതയുടെ സന്ദേശവാഹകരാവുക എന്നതിനപ്പുറം മറ്റൊന്നും തന്റെ ശിഷ്യഗണങ്ങളില്‍ നിന്നും യേശുക്രിസ്തു ആഗ്രഹിക്കുന്നുണ്ടാവില്ല. മരണത്തില്‍ നിന്നും ഉയരത്തെണീറ്റു എന്ന് വിശ്വസിക്കപ്പെടുന്ന ദിവ്യദേഹത്തെ രക്ഷിക്കാന്‍ നശ്വരരായ നമ്മള്‍ ബുദ്ധി മുട്ടേണ്ടതുണ്ടോ? ഉത്തരം യേശുക്രിസ്തു തന്നെ പറഞ്ഞിട്ടുണ്ടല്ലോ: "നിങ്ങള്‍ എന്തിന് എന്നെ ഓര്‍ത്ത്‌ വിലപിക്കുന്നു, നിങ്ങളെയും നിങ്ങളുടെ മക്കളെയും ഓര്‍ത്ത്‌ കരയുവിന്‍"

4 comments:

 1. Dc oru 3rd grade book anennu paranja adhya alarikkum thankal

  ReplyDelete
 2. ഡാവിഞ്ചി കോഡ് തേഡ് റേറ്റ് ആണെന്ന് പറഞ്ഞത് താങ്കളുടെ നിരൂപണ സ്വാതന്ത്ര്യം. പക്ഷേ ഈ നിരൂപണം ഞാൻ വായിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും മോശപ്പെട്ട ഒന്നാണ്. ഒരു തേഡ് റേറ്റ് നിരൂപകനാണ് താങ്കൾ. താങ്കളുടെ നിരൂപണത്തിൽ ആകെ നോവൽ മോശമാണെന്നും സമൂഹം അതിനെ കാണേണ്ട രീതിയും മാത്രമേ ഉള്ളൂ. നോവൽ എഴുതിയ രീതിയും (style of writing) ശൈലിയും ഒന്നും വിശദീകരിക്കപ്പെട്ടിട്ടില്ല.

  നിരൂപണത്തിന് റേറ്റിംഗ് : 0.5/5

  ReplyDelete
  Replies
  1. ഡാവിഞ്ചി കോഡ് എന്ന ഒരു പുസ്തകം എഴുതുന്നതിലൂടെ ഡാൻ ബ്രൗൺ എന്ന എഴുത്തുകാരൻ നിരൂപകരിൽ നിന്നും.. പാരമ്പര്യ കൃസ്റ്റൻ വിശ്വാസ സമൂഹത്തിൽ നിന്നു മുള്ള ഈ എതിർപ്പും വിമർശനങ്ങളും എത്രയോ നേരത്തെ തന്നെ മുൻകൂട്ടി കണ്ടിട്ടുണ്ടാവണം.. ഈ പുസ്തകം ശരിക്കും ഒരു 'നോവൽ ' മാത്രമായി കണാനുള്ള വായന പാഠവം ഇതു വായിക്കുന്ന സാധാരണ വായനക്കാരിൽ ഇല്ലെന്ന ഉത്തമബോധമുണ്ടായിട്ടാവാം.. ഇതൊരു നോവലാണെന്ന് മുഖവുരയിൽ പറയുന്നതിനോടൊപ്പം തന്നെ അടുത്ത പേജിൽ താൻ നോവലിൽ ഉൾകൊള്ളിച്ചിരിക്കുന്ന സ്ഥലങ്ങളും പ്രസ്ഥാനങ്ങളും വാസ്തവമാണെന്നു കൂടി പറയുമ്പോൾ .. തന്റെ പ്രിയ വായനക്കാർ താൻ പറയാൻ പോകുന്ന കഥയും വാസ്തവമണെന്ന് വിചാരിക്കുന്നു.. ഇത് നോവലിന്റെ വിപണി തന്ത്രം കൂട്ടാനുള്ള എഴുത്തുകാരന്റെ ബോധപൂർവമായ ഒരു 'കെണി'യാണ്... ഇല്ലാത്ത ചരിത്രത്തെയാണ് താൻ ജീവനുള്ള ചരിത്രസ്മാരകങ്ങളുടെയും ഐതീഹ്യ പെരുമകളുടെയും സഹായത്തോടെ ഇടകലർത്തി പറയുമ്പോഴാണ് വായനക്കാരിൽ ശരിയെത് തെറ്റെത് എന്ന വസ്തുത വിലയിരുത്താനാകാത്തത്... ഈ തന്ത്രം പ്രയോഗിച്ചു വിജയിക്കുന്നതിൽ ബ്രൗൺ വിജയിച്ചിരിക്കുന്നു..ഒപ്പം ജീവനുള്ള ചരിത്ര സ്മാരകങ്ങളിലൂടെ വായനക്കാരെ കൂടെ കൂട്ടി തന്റെ കഥയ്ക്ക് മിഴിവേകാനും ... ഡാൻ ബ്രൗണിനു സാധിച്ചിരിക്കുന്നു.. മേൽപറഞ്ഞവയെല്ലൊം..എഴുത്തുകാരന്റെ മിടുക്കാണ്... പിന്നെ 'വിശ്വാസം'.. വിശ്വാസത്തെ ഈ മതനിരപേക്ഷരതയുടെ നൂറ്റാണ്ടിൽ ആർക്കാണ് ചോദ്യം ചെയ്യാൻ അവകാശമില്ലാത്തത്.. ഒരു നോവലിന്റെ കഥ തങ്ങളുടെ വിശ്വസത്തെ ഹനിക്കാൻ പോകുന്നതാണെന്നു വിറകൊളളുന്ന വെക്തികൾ ഇനിയെങ്കിലും മനസിലാക്കണം നിങ്ങൾക്കുള്ളിൽ അങ്ങനെ ഒരു ഭയമുണ്ടെങ്കിൽ പ്രശ്നം നിങ്ങളുടെ 'വിശ്വാസത്തിലെ '.. നിങ്ങളുടെ വിശ്വസ്തതയ്ക്കാണ്... ഇത് വേറും ഒരു നോവൽ മാത്രമാണ്.. മതവിശ്വാസങ്ങളെ ചോദ്യം ചെയ്യാൻ തക്ക തൊന്നും ഇതിലില്ല.. പക്ഷേ ഒന്നുമില്ലെങ്കിലും ഒരു 'ചർച്ചയ്ക്കിട' വരുത്താൻ പോന്ന കഥാതന്തു രൂപപ്പെടുത്തിയെടുക്കുന്നതിലും... അതു മികവോടെ വായനക്കാരനിലെത്തിക്കുന്നതിലും ഡാൻ ബ്രൗൺ വിജയിച്ചിരിക്കുന്നു എന്നു പറയാതെ വയ്യ..

   Delete

താങ്കൾ എന്തുപറയുന്നു പുസ്തക വിചാരത്തെപ്പറ്റി ?