Showing posts with label സിനിമ. Show all posts
Showing posts with label സിനിമ. Show all posts

Tuesday, November 20, 2012

ഉടലില്‍ കൊത്തിയ ചരിത്രസ്മരണകള്‍


പുസ്തകം : ഉടലില്‍ കൊത്തിയ ചരിത്രസ്മരണകള്‍
രചയിതാവ് : കെ പി ജയകുമാര്‍
പ്രസാധകര്‍ : മാതൃഭൂമി ബുക്‌സ്, കോഴിക്കോട്
അവലോകനം : ഡോ. വി.സി ഹാരിസ്




സിനിമയുടെ രാഷ്ട്രീയം, രാഷ്ട്രീയ സിനിമ എന്നിവ സിനിമയുടെ ആവിര്‍ഭാവകാലം തൊട്ടുതന്നെ ചര്‍ച്ച ചെയ്യപ്പെട്ടുവന്നിട്ടുള്ള വിഷയങ്ങളാണ്. നിരവധി സൈദ്ധാന്തികരും ചലച്ചിത്രവിമര്‍ശകരും ഇവയെപ്പറ്റി ഗഹനങ്ങളായ അന്വേഷണങ്ങള്‍ നടത്തിയിട്ടുമുണ്ട്. സെര്‍ജി ഐസന്‍സ്റ്റൈന്‍ തന്നെ ഏറ്റവും നല്ല ഉദാഹരണമാണ്. ചലച്ചിത്രപഠനത്തില്‍ മാത്രമല്ല, ചലച്ചിത്രഭാഷയുടെ രൂപീകരണത്തില്‍പ്പോലും രാഷ്ട്രീയ നിലപാടുകള്‍ എത്രമാത്രം നിര്‍ണ്ണായകമായിരിക്കുന്നു എന്ന് നമ്മെ ബോധ്യപ്പെടുത്തുന്ന തരത്തിലുള്ള സൈദ്ധാന്തികവും പ്രായോഗികവുമായ ഒട്ടനവധി അന്വേഷണങ്ങള്‍ നടത്തിയിട്ടുള്ള ആളാണ് ഐസന്‍സ്റ്റൈന്‍. അങ്ങനെ നിരവധി വ്യക്തികള്‍, പ്രസ്ഥാനങ്ങള്‍, രീതിശാസ്ത്രങ്ങള്‍. ഇതൊക്കെയാണെങ്കിലും ഇന്നിപ്പോള്‍ രാഷ്ട്രീയവും സിനിമയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ആലോചിക്കുമ്പോള്‍ നമ്മെപ്പോലുള്ളവര്‍ക്ക് അവ്യക്തതകള്‍ മാത്രം ബാക്കി.
സിനിമയും രാഷ്ട്രീയവും, രാഷ്ട്രീയ സിനിമ എന്നിവയെ തല്‍ക്കാലം രണ്ട് വ്യത്യസ്ത സംവര്‍ഗ്ഗങ്ങളായി കാണാം. ഒരര്‍ത്ഥത്തില്‍ എല്ലാ സിനിമയും, മറ്റേത് കലാരൂപങ്ങളേയും പോലെ, രാഷ്ട്രീയമാണ് എന്ന് നമുക്ക് വാദിക്കാം. അതുകൊണ്ടുതന്നെ രാഷ്ട്രീവും സിനിമയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് നമുക്ക് യാതൊരു തരത്തിലുമുള്ള അവ്യക്തതയും ആവശ്യമില്ല. എന്നാല്‍ രാഷ്ട്രീയ സിനിമ എന്ന സംവര്‍ഗ്ഗം ഏത് രീതിയിലാണ് നാം തിരിച്ചറിയുകയും നിര്‍വ്വചിക്കുകയും ചെയ്യുക? പ്രത്യക്ഷത്തില്‍ രാഷ്ട്രീയ പ്രശ്‌നങ്ങള്‍ ഉന്നയിക്കുന്ന സിനിമകള്‍ രാഷ്ട്രീയ സിനിമകളാണെന്ന് പൊതുവേ പറയാം. അതാത് രാജ്യങ്ങളിലെ, അതാത് സമയങ്ങളിലെ രാഷ്ട്രീയ സംഭവ വികാസങ്ങളുമായി ബന്ധപ്പെട്ട് സംസാരിക്കുന്ന സിനിമകള്‍ രാഷ്ട്രീയ സിനിമയാണെന്ന് കാണാന്‍ പ്രയാസമില്ല. എന്നാല്‍ ഗൊദാര്‍ദ് പറഞ്ഞ ഒരുകാര്യം നമുക്കിവിടെ ഓര്‍ക്കാം: ‘what is important is not to make political films, what is important is to make films politically'. എന്നുവെച്ചാല്‍ സിനിമ രാഷ്ട്രീയ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നുവോ എന്നതിനെക്കാള്‍ പ്രധാനം സിനിമയുടെ മൊത്തം പ്രക്രീയ (നിര്‍മ്മാണത്തിന്റെയും വിതരണത്തിന്റെയും കാഴ്ചയുടെയും) രാഷ്ട്രീയപരമാണോ എന്നതാണ് പ്രധാന പ്രശ്‌നം. ഈ അര്‍ത്ഥത്തില്‍ നോക്കിയാല്‍ രാഷ്ട്രീയവും സിനിമയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് കേരളത്തില്‍ ശ്രദ്ധിക്കപ്പെടേണ്ട ചര്‍ച്ചകളും പഠനങ്ങളും ഉണ്ടായിട്ടില്ല എന്നത് വ്യക്തമാണ്.
വിഗതകുമാരന്‍ (1928) തൊട്ടുള്ള മലയാള സിനിമകള്‍ സവിശേഷാര്‍ത്ഥത്തില്‍ രാഷ്ട്രീയ സിനിമകളാണെന്ന് നമുക്ക് വാദിക്കാം. ആയിരത്തിതൊള്ളായിരത്തി അമ്പതുകളില്‍ ലഭ്യമായ പുതിയ ഉണര്‍വ്വ് മലയാള സിനിമയില്‍ നീലക്കുയില്‍ പോലുള്ള സിനിമകളെ സാധ്യമാക്കി. ജാതിയുടെയും ലിംഗവ്യത്യാസത്തിന്റെയും അടിസ്ഥാനത്തില്‍ രൂപപ്പെട്ടുവന്ന പ്രശ്‌നങ്ങളായിരുന്നു ഇത്തരം സിനിമകളുടെ കാതല്‍. എന്നാല്‍, അതേസമയം, പുരോഗമനപരമെന്ന് വിശേഷിപ്പിക്കാവുന്ന ഒരു രാഷ്ട്രീയ അടിസ്ഥാനം അവര്‍ക്ക് ഉണ്ടായിരുന്നുതാനും. ഇത്തരം സിനിമകളെ രാഷ്ട്രീയ സിനിമകളായി പൊതുവേ നാം അംഗീകരിക്കാറില്ല. മറിച്ച് സാമൂഹിക പ്രശ്‌നങ്ങള്‍ ഉന്നയിക്കുന്ന സിനിമകളായി മാത്രമേ അവ പൊതുവേ വായിക്കപ്പെടാറുള്ളു. അമ്പതുകളിലും അറുപതുകളിലും പുരോഗമന സാഹിത്യപ്രസ്ഥാനവുമായി ബന്ധപ്പെട്ട നിരവധി എഴുത്തുകാര്‍ ചലച്ചിത്രമേഖലയില്‍ തിരക്കഥാകൃത്തുകളുമായും ഗാനരചയിതാക്കളുമായും സംവിധായകരുമായും പ്രത്യക്ഷപ്പെടുന്നതോടെ മലയാള സിനിമയ്ക്ക് സവിശേഷമായ ഒരു സ്വഭാവം കൈവരുന്നു. ഇത് മലയാള സിനിമയുടെ ‘വളര്‍ച്ച’യെ അടയാളപ്പെടുത്തുന്ന ഒരു ചരിത്രഘട്ടം. ഇത് കഴിയുമ്പോള്‍ എന്ത് സംഭവിക്കുന്നു എന്ന ചോദ്യത്തെപ്പറ്റിയാണ് ഈ പുസ്തകം ആലോചിക്കുന്നത്.

ആയിരത്തിതൊള്ളായിരത്തി എഴുപതുകളില്‍ മലയാള സിനിമയില്‍ സംഭവിക്കുന്ന വ്യതിയാനങ്ങള്‍ ഇവിടെ പ്രസക്തമാണ്. സിനിമയെ ഒരു കലാരൂപമെന്ന നിലയില്‍ കൂടുതല്‍ ഗൗരവമായി വീക്ഷിക്കുന്ന ഒരു കൂട്ടം ചലച്ചിത്രപ്രവര്‍ത്തകര്‍ സജീവമാകുന്ന ഒരു കാലമാണിത്. സ്വഭാവികമായും സിനിമയുടെ രാഷ്ട്രീയവും ഇവിടെ പ്രധാനമായി തീരുന്നു. ഇതേ എഴുപതുകള്‍ തന്നെയാണ് കേരളത്തില്‍ ഇടതുപക്ഷ തീവ്രവാദം, നക്‌സലിസം, എന്നൊക്കെ നാമിപ്പോള്‍ വിവക്ഷിക്കുന്ന രാഷ്ട്രീയ മുന്നേറ്റങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുന്നതും. ഈയൊരു ചരിത്രഭൂമികയെ മലയാള സിനിമ ഏതൊക്കെ രീതിയിലാണ് അടയാളപ്പെടുത്തുന്നത്? ഈയൊരു ചോദ്യം നമ്മുടെ നാട്ടിലെ രാഷ്ട്രീയ സിനിമയുടെ ചരിത്രവുമായി ബന്ധപ്പെടുത്തികൊണ്ട് ചിന്തിച്ചാല്‍ അങ്ങേയറ്റം പ്രാധാന്യമേറിയതാണെന്ന് പറയേണ്ടതില്ലല്ലോ. ഈയൊരു ദൗത്യമാണ് കെ. പി. ജയകുമാറിന്റെ പുസ്തകം ഏറ്റെടുക്കുന്നത്.
എഴുപതുകളെ തുടര്‍ന്നുണ്ടായ രാഷ്ട്രീയ മാറ്റങ്ങളെ കണിശവും സമഗ്രവുമായ രീതിയില്‍ വിശകലനം ചെയ്യുന്ന സാമൂഹിക ശാസ്ത്രപരവും മറ്റുമായ പഠനങ്ങള്‍ നമുക്ക് ഏറെയില്ലല്ലോ. ഇവയുടെ അഭാവത്തില്‍ ഇതുപോലൊരു ചരിത്രാനുഭവത്തെ സിനിമ എങ്ങനെ ആഖ്യാനവത്കരിക്കുന്നു എന്ന ചോദ്യം വേണ്ടരീതിയില്‍ കൈകാര്യം ചെയ്യാന്‍ നമുക്കാവില്ല എന്നുറപ്പാണ്. ഈ അസാധ്യതയുടെ മറവിലാണ് ജയകുമാറിന്റെ പുസ്തകം സാധ്യമാകുന്നത്. സ്വാഭാവികമായും നാം പ്രതീക്ഷിക്കുന്ന മട്ടിലുള്ള കണിശതയും സമഗ്രതയും ഈ പുസ്തകത്തിന് കൈവരണമെന്നില്ല. എങ്കില്‍പ്പോലും ലഭ്യമായ അറിവുകളുടെ അടിസ്ഥാനത്തില്‍ നമ്മുടെ സിനിമ ചരിത്രത്തിലെ ഒരു സവിശേഷഘട്ടത്തെ വിശകലനം ചെയ്യാന്‍ ശ്രമിക്കുന്ന ആദ്യത്തെ കൃതി എന്ന അര്‍ത്ഥത്തില്‍ ഈ പുസ്തകത്തിന് സവിശേഷമായ ഒരു സ്ഥാനമുണ്ട്.

ഈ പുസ്തകത്തിന്റെ പോരായ്മകളും ന്യൂനതകളുമായിരിക്കണം തുടര്‍ പഠനങ്ങള്‍ക്കുള്ള ഭൂമിക ഒരുക്കേണ്ടത്. ഇവിടെ ഒരുപക്ഷേ ഏറ്റവും പ്രസക്തമായ ചോദ്യം മലയാള സിനിമയ്ക്ക് അകത്തുതന്നെ ഒരു സവിശേഷഘട്ടത്തില്‍ ലഭ്യമാകുന്ന ഒരുതരം വിഭചനമാണ്. അതായത് ജനപ്രീയ സിനിമ/കലാസിനിമ എന്ന വ്യവഛേദം. ഇടതുപക്ഷ തീവ്രവാദത്തെ പ്രമേയതലത്തില്‍ കൈകാര്യം ചെയ്യുന്ന നിരവധി ജനപ്രീയ സിനിമകള്‍ ഇവിടെയുണ്ടായിട്ടുണ്ട്: ഇത്തിരിപൂവേ ചുവന്നപൂവേ, പഞ്ചാഗ്നി, ആരണ്യകം തുടങ്ങിയവ. ഇതേ വിഷയത്തെ മറ്റൊരു രീതിയില്‍ കൈകാര്യം ചെയ്യുന്ന സിനിമകളുമുണ്ട്: കബനീ നദി ചുവന്നപ്പോള്‍, അമ്മ അറിയാന്‍, അപരാഹ്നം, പിറവി, മാര്‍ഗ്ഗം തുടങ്ങിയവ. ഒരു ചലച്ചിത്ര വിദ്യാര്‍ത്ഥിയെ സംബന്ധിച്ചിടത്തോളം ഈ രണ്ടുതരം സിനിമകളെയും ഒരേകൂട്ടം വിശകലനോപാധികള്‍ ഉപയോഗിച്ചുകൊണ്ട് പഠിക്കാനാകുമോ എന്നത് വളരെ പ്രധാനപ്പെട്ട ഒരു പ്രശ്‌നമാണ്. രീതിശാസ്ത്രവുമായി ബന്ധപ്പെട്ട ഈ പ്രശ്‌നത്തെ തല്‍ക്കാലം മാറ്റിനിര്‍ത്തിയാല്‍ ഈ രണ്ടുതരം സിനിമകളും കേരളീയ സമൂഹത്തില്‍ ചെലുത്തുന്ന സ്വാധീനത്തെപ്പറ്റി തീര്‍ത്തും വ്യത്യസ്തമായ രീതിയില്‍ നമുക്ക് സംസാരിക്കാവുന്നതാണ്. ഇത് കൂടാതെ ചലചിത്രഭാഷയുടെയും ആഖ്യാനരീതികളുടെയും വ്യതിരിക്തതകള്‍ കൂടി കണക്കിലെടുത്താല്‍ ഇതുപോലൊരു പഠനം ഉയര്‍ത്തുന്ന വെല്ലുവിളികളെപ്പറ്റി നമുക്ക് ബോധ്യമാവുന്നതാണ്.

ഒരുകാര്യം വ്യക്തമാണ്. ജനപ്രീയസിനിമ നാം പ്രതീക്ഷിക്കുന്നതുപോലെ തന്നെ ഇടതുപക്ഷ തീവ്രവാദവുമായി ബന്ധപ്പെട്ട അനുഭവങ്ങളെ അവയുടെ ചരിത്ര-രാഷ്ട്രീയ പരിസരങ്ങളില്‍നിന്ന് ചോര്‍ത്തിയെടുത്ത് കേവലം വ്യക്തിപരവും കുടുംബപരവുമായ അവസ്ഥകളിലേക്ക് ന്യൂനികരിക്കുന്നുണ്ട്. ഇത്തിരപൂവേ ചുവന്ന പൂവേ, പഞ്ചാഗ്നി തുടങ്ങിയ സിനിമകളില്‍ ഈയൊരു പ്രവണത ശക്തമായി തന്നെ നമുക്ക് കാണാം. ഇതോടൊപ്പം തികച്ചും ആശയപരവും കാല്പനികവുമായ ഒരു തലംകൂടി കാണാന്‍ പ്രയാസമില്ല. എന്നാല്‍ മറ്റ് ചിത്രങ്ങള്‍ പലപ്പോഴും വൈകാരികനുഭവങ്ങളെ പൂര്‍ണ്ണമായി ചോര്‍ത്തികളഞ്ഞ് കേവലരാഷ്ട്രീയത്തിന്റെ തീര്‍ത്തും വരണ്ട മേഖലകളില്‍ വ്യാപരിക്കുന്നതാണ് നമുക്ക് കാണാന്‍ കഴിയുക. ഈ വ്യത്യസത്തെ സൗന്ദര്യ ശാസ്ത്രപരമായും സാമൂഹിക ശാസ്ത്രപരമായും നാമെങ്ങനെയാണ് വിലയിരുത്തുക? ഈ പുസ്തകം ഇങ്ങനെയൊരു ചോദ്യം പ്രത്യക്ഷത്തില്‍ ഉന്നയിക്കുന്നില്ല. എന്നാല്‍ പുസ്തകം വായിച്ചുതീരുമ്പോള്‍ ഈയൊരു ചോദ്യമാണ് ഏറ്റവും പ്രധാനമെന്ന് ഒരുപക്ഷേ നമുക്ക് തോന്നിയേക്കാം. അങ്ങനെയെങ്കില്‍ ഈ പുസ്തകം അവതരിപ്പിക്കാന്‍ ശ്രമിക്കുന്ന സാമൂഹിക പ്രശ്‌നങ്ങള്‍ നമ്മെ സംബന്ധിച്ചിടത്തോളം പുതിയ ചോദ്യങ്ങള്‍ക്കും ചിന്തകള്‍ക്കും വഴിമരുന്നിടുന്ന സംഗതികളായി തീരാം.

നക്‌സലൈറ്റ് ശരീരങ്ങളാല്‍ ഇപ്പോഴും ഭൂതാവേശിതമാകുന്ന കേരളീയ സമൂഹത്തില്‍ എഴുപതുകളെത്തുടര്‍ന്നുണ്ടായ മേല്‍ സൂചിപ്പിച്ച തരത്തിലുള്ള സിനിമകള്‍ എന്തു ദൗത്യമാണ് നിര്‍വഹിക്കുന്നതെന്ന് നാം അന്വേഷിക്കേണ്ടതുണ്ട്. അതേ സമയം ശരീരം ചരിത്രമാകുകയും ചരിത്രം കേവലം ഗൃഹാതുരത്വമാകുകയും ചെയ്യുന്ന വിചിത്ര പ്രക്രീയയ്ക്കിടയില്‍ ചലച്ചിത്രാഖ്യാനങ്ങളുടെ സ്ഥാനമെന്തെന്ന് കൂടി നാം ആലോചിക്കേണ്ടതുണ്ട്. ഇത്തരം ആലോചനകള്‍ക്ക് ഒരു വേദിയായി മാറുമെങ്കില്‍ ഉടലില്‍ കൊത്തിയ ചരിത്രസ്മരണകള്‍ എന്ന ഈ പുസ്തകം അതിന്റെ പരിമിതമായ ദൗത്യം നിറവേറ്റിയെന്ന് പറയാം. (പേജ്: 103 വില: 65)

Sunday, December 25, 2011

ഏകാന്തം

പുസ്തകം :ഏകാന്തം
രചയിതാവ് :ആലങ്കോട്‌ ലീലാകൃഷ്‌ണന്‍
പ്രസാധകര്‍ : ഡിസി ബുക്‌സ്‌
അവലോകനം : കുഞ്ഞിക്കണ്ണന്‍ വാണിമേല്‍

കാലഘട്ടത്തിലേക്കും ജീവിതത്തിലേക്കുമുള്ള ക്യാമറയുടെ ഇടപെടലാണ്‌ സിനിമ. സൂക്ഷ്‌മതയോടെ ജീവിതത്തിന്റെ വൈവിദ്ധ്യങ്ങള്‍ പകര്‍ത്തെഴുതുന്ന ചലച്ചിത്രം പ്രേക്ഷക മനസ്സില്‍ അവബോധത്തിന്റെയും പാരസ്‌പര്യത്തിന്റെയും അടയാളമായി പതിഞ്ഞുനില്‍ക്കും. മധു കൈതപ്രത്തിന്റെ `ഏകാന്തം' എന്ന സിനിമയും തിരശ്ശീലയില്‍ എഴുതിച്ചേര്‍ത്തത്‌ മറ്റൊന്നല്ല. അകംനോവിന്റെ ആഴക്കാഴ്‌ചകള്‍ മലയാളത്തില്‍ സംഭവിക്കുന്നത്‌ വല്ലപ്പോഴുമാണ്‌. ആക്രിസിനിമകളും ക്വൊട്ട്വേഷന്‍ ചിത്രങ്ങളും ഉഴുതുമറിക്കുന്ന മലയാളത്തില്‍ മനുഷ്യപ്പറ്റിന്റെ ശീതളസ്‌പര്‍ശം വരദാനംപോലെയാണ്‌ വന്നുനിറയുന്നത്‌. ആ നിരയിലൊന്നാണ്‌ `ഏകാന്തം'. കാഴ്‌ചയില്‍ തങ്ങിനില്‍ക്കുന്ന ഫ്രെയിമുകളും തിയേറ്ററില്‍ നിന്നും കൂടെപ്പോരുന്ന കഥാപാത്രങ്ങളും ഓര്‍മ്മയില്‍ പതിയുന്ന സംഭാഷണങ്ങളും കൊണ്ട്‌ സമ്പന്നമായ ഏകാന്തം സംവിധായകന്റെ ചിത്രമെന്നപോലെ തിരക്കഥാകൃത്തിന്റെയും ജിവിതമെഴുത്താണ്‌. ആലങ്കോട്‌ ലീലാകൃഷ്‌ണന്‍ രചിച്ച `ഏകാന്തം' ദൃശ്യപഥത്തിലും വായനയിലും അനുഭവപ്പെടുത്തുന്നതും കണ്ടെടുക്കുന്നതിന്റെയും അവതരണത്തിന്റെയും കലയാണ്‌; കലോപാസനയാണ്‌.

ഒറ്റപ്പെടലിന്റെ പാഠപുസ്‌തകമാണ്‌ ആലങ്കോട്‌ ലീലാകൃഷ്‌ണന്റെ `ഏകാന്തം'എന്ന തിരക്കഥ. ബന്ധങ്ങളുടെ വേര്‍പ്പാടില്‍ മനസ്സുനീറുന്ന കുറെ മനുഷ്യരാണ്‌ ഏകാന്തത്തിന്റെ തിരഭാഷയിലുള്ളത്‌. അവര്‍ ഓരോരുത്തരും അനുഭവിക്കുന്ന ജീവിതാവസ്ഥ വ്യത്യസ്‌തമാണ്‌. എങ്കിലും അവരെല്ലാം പങ്കുപറ്റുന്ന നൊമ്പരങ്ങള്‍ ഒന്നുതന്നെയാണ്‌. ജീവിതത്തിന്റെ വിവിധ സന്ദര്‍ഭങ്ങളില്‍ നിനച്ചിരിക്കാതെ ഒറ്റപ്പെട്ടുപോകുമ്പോള്‍ പലരും പകച്ചുപോകുന്നു. സ്‌നേഹത്തിന്റെ പച്ചപ്പിലൂടെ അതിജീവനം കൊതിക്കുന്നവരുമുണ്ട്‌. ഏകാന്തത, വാര്‍ദ്ധക്യം, രോഗം തുടങ്ങിയ മനുഷ്യാവസ്ഥകളില്‍ ആരും ആഗ്രഹിച്ചുപോകുന്ന നിരുപാധിക സ്‌നേഹമാണ്‌ `ഏകാന്ത'ത്തിന്‌ അടിസ്ഥാനധാരയായി സ്വീകരിച്ചത്‌.``നീ പോയാല്‍ എനിക്കു പിന്നെ ആരാടോ ഉള്ളത്‌''?-(സീന്‍-2) എന്നിങ്ങനെ ഏകാന്തത്തിലെ കേന്ദ്രകഥാപാത്രമായ കെ. പി. എ. മേനോന്‍ (തിലകന്‍) ചോദിക്കുന്നുണ്ട്‌. ഭാര്യയുടെ അന്ത്യകര്‍മ്മങ്ങള്‍ക്കൊടുവില്‍ ജാതകം ഒഴുക്കുന്ന മേനോന്റെ ഓര്‍മ്മയുടെ നിറവിലാണ്‌ ബന്ധങ്ങളുടെ അകവരമ്പിലൂടെ അയാള്‍ നടന്നുപോകുന്നത്‌. കെ. പി. എ. മേനോന്‌ നഷ്‌ടപ്പെടുന്നത്‌ ഭാര്യയും രാവുണ്ണി മേനോനു(മുരളി)മാണ്‌. രണ്ടുപേരും വിടവാങ്ങിയത്‌ മരണത്തിലേക്കും. പിന്നെയും ജീവിതം താങ്ങി നടക്കുന്ന മേനോന്‍ ചിത്രാന്ത്യത്തില്‍ വിജനതയിലേക്ക്‌ നോക്കിനില്‍ക്കുന്നു. ഒരുതരത്തിലുള്ള അലിഞ്ഞുചേരല്‍.ഏകാന്തത്തിലെ എല്ലാ കഥാപാത്രങ്ങളും മനംപൊള്ളുന്ന പാതയിലൂടെ നടന്നുപോകുന്നവരാണ്‌. അവര്‍ സ്‌നേഹം കൊതിക്കുന്നു. സാന്ത്വനത്തിന്റെ വിരല്‍സ്‌പര്‍ശം ആഗ്രഹിക്കുന്നു. വേഗതയോടൊപ്പം കുതിക്കാന്‍ വിധിക്കപ്പെട്ട ലോകത്ത്‌ ഒറ്റപ്പെടുന്നവരുടെ മുറിപ്പാടുകള്‍ ആരാണ്‌ തിരിച്ചറിയുന്നത്‌? അവരുടെ ഹൃദയവേപഥുകളിലേക്കാണ്‌ ഏകാന്തത്തിന്റെ തിരക്കഥാകാരന്‍ നമ്മെ കൂട്ടിക്കൊണ്ടുപോകുന്നത്‌. എഴുത്തിന്റെയും ദൃശ്യത്തിന്റെയും പാകപ്പെടുത്തലാണ്‌ തിരക്കഥയുടെ മേന്മകളിലൊന്ന്‌. സാഹിത്യവും സിനിമയും ഇഴുകിച്ചേരുന്നതിന്റെ മനോഹാരിതയും ആത്മസ്‌പര്‍ശവും ഏകാന്തത്തിലുണ്ട്‌.

കോട്ടേപാടത്ത്‌ പയ്യാനക്കല്‍ തറവാടും ഗ്രാമവും ഉള്ളുരുക്കം പേറുന്നവരുടെ കഥാഭൂമികയാവുന്നു. തറവാട്ടിലെത്തുന്നവരും അകന്നുപോകുന്നവരും. എല്ലാവരും ദൂരത്തേക്ക്‌ മാറിപ്പോവുന്ന ജീവിതത്തിലൂന്നി രാവുണ്ണി മേനോന്‍ പറയുന്നന്നു: ``സുഖം. ഭാര്യപോയി. മക്കളും അടുത്തില്ല. സുഖം...പരമസുഖം....? (സീന്‍-11). വാര്‍ദ്ധക്യത്തിന്റെ വേവലാതി ഏകാന്തത്തിന്റെ സീനുകളില്‍ ഇരമ്പം തീര്‍ക്കുന്നു. മക്കള്‍ അകലങ്ങളില്‍ ജോലിത്തിരക്കുകളില്‍ മുങ്ങിനില്‍ക്കുന്നു. വീട്ടില്‍ വിങ്ങുന്ന മനസ്സുകള്‍ നോക്കെത്താദൂരത്ത്‌ കണ്ണുകളര്‍പ്പിച്ചു കഴിയുന്നു. വര്‍ത്തമാന ജീവിത്തത്തിന്റെ വിഷമവൃത്തത്തില്‍ നിന്നും മലയാളിക്കും വേറിട്ടുനില്‍പ്പില്ല. കരുണം, തനിയെ, ഏകാന്തം എന്നിവ പറയുന്നത്‌ ഈയൊരു യാഥാര്‍ത്ഥ്യമാണ്‌. പുതിയകാലത്തിന്റെ ആര്‍ക്കും വിട്ടുനില്‍ക്കാന്‍ സാധിക്കാത്ത ജീവിതാവസ്ഥയാണ്‌. അത്‌ ആലങ്കോട്‌ ലീലാകൃഷ്‌ണന്‍ ഭംഗിയായി `ഏകാന്ത' ത്തില്‍ അവതരിപ്പിച്ചിട്ടുണ്ട്‌. തിലകനും മധുകൈതപ്രത്തിനും ദേശീയ പുരസ്‌കാരം നേടിക്കൊടുത്ത `ഏകാന്തം'മലയാളത്തിലെ തിരക്കഥാകൃതികളില്‍ വീണ്ടും വീണ്ടും വായിക്കാന്‍ പ്രേരിപ്പിക്കുന്ന പുസ്‌തകങ്ങളിലൊന്നാണ്‌. (വില- 55 രൂപ)

Tuesday, November 22, 2011

സത്യന്‍ അന്തിക്കാടിന്റെ ഗ്രാമീണര്‍

പുസ്തകം : സത്യന്‍ അന്തിക്കാടിന്റെ ഗ്രാമീണര്‍
രചയിതാവ് : താഹ മാടായി
പ്രസാധനം : മാതൃഭൂമി ബുക്സ്
അവലോകനം : ബുക്ക് മലയാളം (bookmalayalam)


ചരിത്രം ആലേഖനം ചെയ്യപ്പെട്ട ഉടലാണ് മനുഷ്യര്‍. ജീവിതത്തിന്റെ ഓരോ നിമിഷവും മസ്തിഷ്‌കത്തിലെ ഓര്‍മ്മകളുടെ അടരുകളില്‍ എഴുതപ്പെടുന്നു. ഒരു ചരിത്രമെഴുത്തിനും പിടിച്ചെടുക്കാനാവാത്ത സൂക്ഷ്മതയോടെ അത് കാലത്തെ രേഖപ്പെടുത്തിവച്ചിരിക്കുന്നു. ചില കാലങ്ങളില്‍ ചിലനേരങ്ങളില്‍ സ്മരണകളുടെ വാതിലുകള്‍ മെല്ലെ തുറക്കപ്പെടും. അനുഭവത്തിന്റെ ചൂരുള്ള ജീവിതസ്മരണകള്‍ കാറ്റുകൊള്ളാനിറങ്ങും. തലമുറകളോട് കഥകള്‍ പറഞ്ഞും ജീവിതം പറഞ്ഞും അത് സ്വകാര്യ നിനവുകളെ പൊതുസ്വത്താക്കിമാറ്റും. അങ്ങനെ ഒരാളുടെ സ്മൃതിഭാണ്ഡം സമൂഹത്തിന് ചരിത്രഭണ്ഡാരമാകും.

സത്യന്‍ അന്തിക്കാടിന്റെ ഗ്രാമീണര്‍ സ്മരണകളുടെ പുറം സഞ്ചാരമാണ്. സിനിമയുടെ വെളിച്ചത്തില്‍ നാം കണ്ടറിഞ്ഞ, ആരാധിക്കുകയും ഭയപ്പെടുകയും സ്‌നേഹിക്കുകയും പിന്നീട് മറക്കുകയും ചെയ്ത മരിച്ചവരും ജീവിച്ചിരിക്കുന്നവരുമായ നിരവധി മുഖങ്ങള്‍ ഒരു വെള്ളിത്തിരയിലെന്നപോലെ വീണ്ടും കടന്നുവരുകയാണ്. അവരേറെയും ഗ്രാമീണരായിരുന്നു. നഗരത്തിനു മുമ്പ് ജനിക്കുകയും നാഗരികതയോട് കലരാനാവാതെ പുലരുകയും ചെയ്തവര്‍. അഭിനയത്തിന്റെയും ജീവിതത്തിന്റെയും അതിരുകള്‍ മായ്ച്ചുകളഞ്ഞ ശങ്കരാടി പാടവരമ്പിലെ കാരണവരായി കാര്‍ഷികനന്‍മയുടെ സ്മരണയായി നടന്നുമറയുന്നു. അഭിനയത്തിന്റെ ആര്‍ജ്ജവത്താല്‍ നമ്മെ വിസ്മയിപ്പിച്ച ഫിലോമിനയെക്കുറിച്ചാണ് പരദൂഷണം അമ്മയി എന്ന ഓര്‍മ്മക്കുറിപ്പ്. ബുദ്ധകഥയിലെ സന്യാസിയെപ്പോലെ എല്ലാ ആഗ്രഹങ്ങളും കടവില്‍ ഉപേക്ഷിച്ചുപോകുന്ന ശുദ്ധ ഗ്രാമീണനെന്ന് സത്യന്‍ അന്തിക്കാട് ഒടുവില്‍ ഉണ്ണികൃഷ്ണനെ സത്യന്‍ അന്തിക്കാട് സ്മരിക്കുന്നു.

ആലീസ് ഇന്‍ വണ്ടര്‍ ലാന്റ് എന്ന ഓര്‍മ്മക്കുറിപ്പ് ഇന്നും തന്റെ സന്തത സഹചാരിയായ ഇന്നസെന്റിനെക്കുറിച്ചുള്ള കുറിപ്പാണ്. സിംഹത്തെപ്പോലെ ഗര്‍ജ്ജിക്കാറുണ്ടെങ്കിലും ഉള്ളില്‍ ഒരുപാവം ഗ്രാമീണനാണ് തിലകനെന്ന് ഓര്‍മ്മകള്‍ സാക്ഷ്യപ്പെടുത്തുന്നു. ഒരു ജോക്കറുടെ ജീവിതംപോലെ അരങ്ങിലും അണിയറയിലും രണ്ട് ജീവിതം നയിച്ച പച്ചമനുഷ്യന്‍ ബഹദൂര്‍ സ്മരണകാണ് ജോക്കര്‍ എന്ന കുറിപ്പ്. തീവ്രമായ ജീവിതാനുഭവങ്ങളിലൂടെ കടന്നുപോയ പപ്പുവിനെ താരവെളിച്ചത്തിനപ്പുറം ആഴത്തില്‍ മനസ്സിലാക്കിയതിന്റെ ആര്‍ദ്രതയാണ് ഇന്നലകള്‍ ഇതുവഴിയേപോയി എന്ന ഓര്‍മ്മയില്‍ തുളുമ്പിനില്‍ക്കുന്നത്. അഭിനയ കലയുപടെ കരുത്തുകൊണ്ട് കാലത്തിന് മുമ്പേ നടക്കുന്ന കെ പി എ സി ലളിതയെക്കുറിച്ചാണ് കാലത്തിന്റെ പെണ്ണനുഭവങ്ങള്‍ എന്ന കുറിപ്പില്‍ സത്യന്‍ അന്തിക്കാട് സ്മരിക്കുന്നത്. ഏതുകഥയ്ക്കും വഴങ്ങുന്ന നാടന്‍ ശരീരമാണ് നെടുമുടിയെന്ന് ഓര്‍മ്മക്കുറിപ്പില്‍ പങ്കുവയ്ക്കുകമാത്രമല്ല, തന്റെ സിനിമകളിലൂടെ തെളിയിക്കുകയും ചെയ്തിട്ടുണ്ട് സത്യന്‍ അന്തിക്കാട്. മീനയും ഭരത്‌ഗോപിയും ചിരിയിലും വഴിമാറിനടക്കുന്ന ശ്രീനിവാസനും ചട്ടമ്പിത്തരത്തില്‍ നിന്നും ഹാസ്യത്തിലേക്ക് നടന്നുകയറിയ പറവൂര്‍ ഭരതനും കോഴിക്കോടിന്റെ ഉടലും ഭാഷണവുമായ മാമുകോയയും ബോബി കൊട്ടാരക്കരയും അടൂര്‍ ഭവാനിയുമെല്ലാം ഓര്‍മ്മയുടെ തിരശീലയില്‍ വീണ്ടും വന്നുനിരക്കുന്നു.
ഇത് കേവലമായ ഓര്‍മ്മക്കുറിപ്പല്ല, മനുഷ്യപ്പറ്റിന്റെ ആര്‍ദ്രമായ അനുഭവം സമ്മാനിക്കുന്ന പാഠപുസ്തകമാണ്. സ്‌നേഹത്തില്‍ നിന്നും നന്‍മയില്‍നിന്നും മനുഷ്യത്വത്തില്‍ നിന്നും കാരുണ്യത്തില്‍ നിന്നും സഹതാപത്തില്‍ നിന്നുമെല്ലാം ഓടിയോടി നഗരമാകാന്‍ ശ്രമിക്കുന്ന എല്ലാ നാട്ടിന്‍പുറങ്ങള്‍ക്കും നാഗരികരാകാന്‍ വെമ്പുന്ന എല്ലാ ഗ്രാമീണര്‍ക്കും നഗരത്തില്‍ എന്നേക്കുമായി അകപ്പെട്ടുപോയവര്‍ക്കും ജീവിതത്തെ മുഖാമുഖം കാണാന്‍ ഒരു കണ്ണാടി. അതില്‍ ഒതുപാട് ജീവിതങ്ങള്‍ ഒരേസമയം പ്രതിബിംബിക്കുന്നുണ്ട്.
(പേജ്: 149 വില: 90 രൂപ)

Saturday, November 19, 2011

സിനിമയല്ല ജീവിതം

പുസ്തകം : സിനിമയല്ല ജീവിതം
തയ്യാറാക്കിയത് : ബി.ശ്രീരേഖ
പ്രസാധകര്‍ : ഡി.സി.ബുക്സ്
അവലോകനം : നിരക്ഷരൻ














ഡി.സി.ബുക്ക്‌സ് പുറത്തിറക്കിയ 23 ലേഖനങ്ങളുള്ള 'സിനിമയല്ല ജീവിതം' എന്ന ഉര്‍വ്വശിയുടെ ഓര്‍ക്കുറിപ്പിലെ 23 ലേഖനങ്ങള്‍ തയ്യാറാക്കിയത് ബി. ശ്രീരേഖയാണ്. സിനിമയ്ക്ക് കഥ എഴുതിയിട്ടുള്ള ആളാണ് ഉര്‍വ്വശി. അപ്പോള്‍പ്പിന്നെ ഇങ്ങനൊരു ഓര്‍മ്മക്കുറിപ്പ് എന്തിന് ശ്രീരേഖയെക്കൊണ്ട് എഴുതിക്കണം? ആദ്യം ചിന്ത പോയത് അങ്ങനെയാണ്. അതിനെപ്പറ്റി അന്വേഷിച്ചപ്പോളാണ് മനസ്സിലാക്കാനായത്. 'ഉത്സവമേളം' എന്ന സിനിമയുടെ കഥ ഉര്‍വ്വശി എഴുതിയതൊന്നും അല്ല. തമിഴിലെ ഒരു സിനിമാക്കഥ മലയാളത്തിലാക്കാന്‍ ഉര്‍വ്വശി നിര്‍ദ്ദേശിച്ചു. എന്നാല്‍പ്പിന്നെ ഉര്‍വ്വശിയുടെ സെലിബ്രിറ്റി സ്റ്റാറ്റസ് ഉപയോഗപ്പെടുത്താം എന്നുകരുതി ആ സിനിമയുടെ പ്രവര്‍ത്തകര്‍ ടൈറ്റിലില്‍, കഥ ഉര്‍വ്വശി എന്നങ്ങ് അടിച്ചുകയറ്റി. പോരേ പൂരം! ജനങ്ങള്‍ തെറ്റിദ്ധരിക്കപ്പെടാന്‍ കൂടുതലെന്തുവേണം?

കവിതാരഞ്ജിനി എന്ന പേര് 'തുടരും ഉറവ് ' എന്ന തമിഴ് സിനിമയിലൂടെ എങ്ങനെ ഉര്‍വ്വശി ആയി മാറിയെന്ന് വിവരിക്കുന്ന 'ആ സന്ധ്യയില്‍ ഞാന്‍ ഉര്‍വ്വശിയെ സ്‌നേഹിച്ചു തുടങ്ങി' എന്ന ലേഖനത്തോടെ പുസ്തകത്താളുകള്‍ ആരംഭിക്കുന്നു. മുന്താണെ മുടിച്ച് എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ ഉര്‍വ്വശിക്ക് 13 വയസ്സ് മാത്രമായിരുന്ന് വായിച്ചപ്പോള്‍ വിശ്വസിക്കാനായില്ല. ഉണ്ണിമേരിയെപ്പറ്റി പറയുന്ന ലേഖനത്തില്‍ ഉണ്ണിമേരിയെ ചേച്ചീ എന്ന് വിളിക്കണ്ട, പകരം 'ഉണ്ണി' എന്ന് വിളിച്ചാല്‍ മതി എന്ന് ഉണ്ണിമേരി പറയുന്നുണ്ട്. ഉണ്ണിമേരിയുടെ അമ്മൂമ്മയെ, അമ്മൂമ്മ എന്ന് വിളിക്കണ്ട, 'അമ്മൂ' എന്ന് വിളിച്ചാല്‍ മതിയെന്ന് അമ്മൂമ്മയും പറയുന്നുണ്ട്. പ്രായമാകുന്നതില്‍ എത്രയൊക്കെ വിഹ്വലപ്പെട്ടിട്ടും തങ്ങള്‍ക്കൊപ്പം നായകനായി അഭിനയിച്ച അതേ നായകന്റെ അമ്മയായി പല നടികള്‍ക്കും അഭിനയിക്കേണ്ടി വരുന്നത് വല്ലാത്തൊരു വിധിവിളയാട്ടം തന്നെ!. തങ്കമണീ എന്ന് കഥാപാത്രത്തിന്റെ പേരില്‍ സംബോധന ചെയ്ത് ലോഹിതദാസ് ഉര്‍വ്വശിക്ക് അയക്കുന്ന കത്ത് കൗതുകം ജനിപ്പിക്കുന്നതാണ്. ഒരു പക്ഷെ ഒരു എഴുത്തുകാരന്റെ ചിന്താധാരയില്‍ മാത്രം ഉദിക്കുന്ന ഒരു കാര്യമാകാം ആ കത്ത്. ഭരതം എന്ന സിനിമയില്‍ ജേഷ്ഠന്‍ മരിച്ചത് വെളിയില്‍ അറിയിക്കാതെ ദുഃഖം ഉള്ളിലൊതുക്കി അനുജത്തിയുടെ കല്യാണം നടത്തുന്ന മോഹന്‍ലാലിന്റെ കഥാപാത്രം അനുഭവിക്കുന്ന ആത്മസംഘര്‍ഷം, സ്വന്തം അനുജന്റെ മരണസമയത്ത് ഉര്‍വ്വശിയും അനുഭവിക്കുന്നുണ്ട്. സ്വയം അഭിനയിച്ച് ഫലിപ്പിച്ച് കൈയ്യടി വാങ്ങുന്ന പല സന്ദര്‍ഭങ്ങളിലൂടെയും കടന്നുപോകുന്ന പച്ചമനുഷ്യര്‍ തന്നെയാണ് അഭിനേതാക്കളുമെന്ന് സംശയം വേണ്ട.

'നക്ഷത്രങ്ങള്‍ മരിക്കുമ്പോള്‍' എന്ന ലേഖനത്തില്‍.... മുരളി, മോണിഷ, പത്മരാജന്‍, രഘുവരന്‍ എന്നിവര്‍ മരിച്ചപ്പോള്‍ പത്രക്കാരും, സിനിമാക്കാരുടെ പളപളപ്പന്‍ ജീവിതത്തിനപ്പുറത്തേക്ക് മറ്റൊന്നും അറിയാന്‍ ആഗ്രഹമില്ലാത്ത പൊതുജനങ്ങളും, നേരവും കാണവുമൊന്നും നോക്കാതെ പത്രക്കാരും, നടത്തുന്ന നെറികെട്ട പ്രകടനങ്ങള്‍ക്ക് എതിരെ ഉര്‍വ്വശി രോഷം കൊള്ളുന്നുണ്ട്. സില്‍ക്ക് സ്മിതയെപ്പറ്റിയുള്ള ഓര്‍മ്മകള്‍ പങ്കുവെക്കുന്ന 'കരയുന്ന സ്മിത' എന്ന ലേഖനത്തില്‍, സ്മിതയുടെ ചേതനയറ്റ ശരീരത്തെ, കഴുത്തുവരെ പൊതിഞ്ഞ് കിടക്കുന്ന തുണി അല്‍പ്പം കൂടെ താഴ്‌ത്തിക്കിട്ടി, മരിച്ചുപോയ മാദകനടിയുടെ മാദകാവസ്ഥയില്‍ത്തന്നെയുള്ള ഒരു ഫോട്ടോയ്ക്ക് വേണ്ടി ശ്രമിക്കുന്ന പത്രക്കാരെക്കുറിച്ച് ആര്‍ക്കും തോന്നാവുന്ന അവജ്ഞയും ദേഷ്യവും തന്നെയാണ് ഉര്‍വ്വശിക്കും തോന്നുന്നത്. സിനിമാ ഷൂട്ടിങ്ങിന്റെ ഷോട്ടുകള്‍ക്കുള്ള ഇടവേളകളില്‍ വലിയൊരു പുതപ്പുകൊണ്ട് ശരീരം മറച്ചിരിക്കുന്ന ആളാണ് സ്മിത എന്നത് പത്രക്കാര്‍ക്ക് അറിയാത്ത കാര്യമൊന്നും അല്ലന്നുറപ്പാണ്.

'എവിടെയോ ഒരു രാജലക്ഷ്മി' 'കരയുന്ന ആറുവയസ്സുകാരന്‍' എന്നിങ്ങനെ പല ലേഖനങ്ങളിലും മനസ്സിനെ ആര്‍ദ്രമാക്കാന്‍ പോന്ന തന്തുക്കള്‍ ഉണ്ടെങ്കിലും എഴുത്തില്‍ തീക്ഷ്ണത കുറവായതിനാലായിരിക്കണം അതൊന്നും അധികനേരം ഉള്ളിലുടക്കി നില്‍ക്കുന്നില്ല. പല ലേഖനങ്ങളും എവിടെയോ തുടങ്ങി ലക്ഷ്യമൊന്നും ഇല്ലാതെ മറ്റെവിടെയോ അവസാനിച്ചതുപോലുള്ള വായനാനുഭവം നല്‍കി. 'ഒരു മകന്റെ നൊമ്പരം' എന്ന ലേഖനം സത്യത്തില്‍ ഉര്‍വ്വശിയല്ല, സത്യന്‍ അന്തിക്കാടാണ് എഴുതേണ്ടിയിരുന്നത്. വനിതയിലോ മറ്റോ ഖണ്ഡശ വന്നിരുന്ന ലേഖനങ്ങള്‍ ആണിതൊക്കെ എന്നുള്ളതുകൊണ്ടാകാം വനിതയുടെ എഡിറ്റര്‍ ഇന്‍ ചാര്‍ജ്ജ് എം.മധു ചന്ദ്രന്, ഉര്‍വ്വശി നന്ദി പറയുന്നത്. ഒരു വാരികയില്‍ ഖണ്ഡശ പ്രസിദ്ധീകരിക്കുമ്പോള്‍ മറ്റ് ലേഖനങ്ങള്‍ക്കിടയില്‍ ചിലപ്പോള്‍ ഈ ഒരു കോളത്തിന്റെ അപാകതകള്‍ കാര്യമായി ശ്രദ്ധിക്കപ്പെടാതെ പോയെന്ന് വരാം. പക്ഷെ അതെല്ലാം ചേര്‍ത്ത് പുസ്തകമാകുമ്പോള്‍, വായനയുടെ തലം മാറുന്നുണ്ട്. അതുകൊണ്ടുതന്നെ അപാകതകള്‍ മുഴച്ച് നില്‍ക്കുകയും ചെയ്യുന്നു.

Thursday, November 10, 2011

ഗുല്‍മോഹര്‍

പുസ്തകം : ഗുല്‍മോഹര്‍
രചയിതാവ്
: ദീദി ദാമോദരന്‍
പ്രസാധകര്‍
: ഡി.സി.ബുക്ക്സ്
അവലോകനം
: കുഞ്ഞിക്കണ്ണന്‍ വാണിമേല്‍


തിരക്കഥയ്‌ക്ക്‌ നിരവധി നിര്‍വ്വചനങ്ങളുണ്ട്‌. കാഴ്‌ചപ്പാടിന്റെയും സമീപനത്തിന്റെയും അടിസ്ഥാനത്തില്‍ വൈവിധ്യവും. തിരശ്ശീലയ്‌ക്ക്‌ അനുയോജ്യമായി കഥയെ രൂപപ്പെടുത്തലാണ്‌ തിരക്കഥയെന്ന്‌ സാമാന്യമായി വിശേഷിപ്പിക്കാം. തിരക്കഥാസാഹിത്യത്തെ സംബന്ധിച്ചും വ്യത്യസ്‌ത വിലയിരുത്തലുകള്‍ സ്വാഭാവികം. ഇത്തരം കാര്യങ്ങള്‍ മാനദണ്‌ഡമാക്കി തിരക്കഥകളെ വിലയിരുത്തുന്ന പ്രവണത മലയാളത്തില്‍ അടുത്തിടെയാണ്‌ സജീവമായത്‌. എണ്‍പത്‌ വയസ്സ്‌ പിന്നിട്ട മലയാളസിനിമയിലെ തിരക്കഥകളുടെ പുസ്‌തകരൂപത്തിലേക്കുള്ള പരകായപ്രവേശത്തിന്‌ ആക്കംകൂടിയത്‌ സിനിമ പാഠപുസ്‌തകങ്ങളില്‍ ഇടംനേടിയതോടുകൂടിയാണ്‌. മുമ്പ്‌ മലയാളത്തില്‍ തിരക്കഥാപുസ്‌തകങ്ങളുണ്ടായത്‌ എം.ടി.യുടെയും പത്മരാജന്റെയുമാണ്‌. അവയോടുചേര്‍ന്നു നിന്നത്‌ സത്യജിത്‌ റായിയുടെ ഏതാനും തിരക്കഥകളുടെ വിവര്‍ത്തനങ്ങളും വിജയകൃഷ്‌ണന്‍ വിവര്‍ത്തനം ചെയ്‌ത വിശ്വോത്തര സിനിമകളുടെ തിരക്കഥകളും നിസ്സാര്‍ അഹ്‌മദ്‌ എഡിറ്റുചെയ്‌ത മലയാളത്തിലെ പരീക്ഷണചിത്രങ്ങളുടെ തിരഭാഷകളുമാണ്‌. ഇത്‌ തിരക്കഥാ പുസ്‌തകങ്ങളുടെ വസന്തകാലമാണ്‌. എല്ലാവിഭാഗം സിനിമകളുടെയും തിരക്കഥകള്‍ ചിത്രങ്ങളുടെ പ്രദര്‍ശനത്തോടനുബന്ധിച്ചോ, പ്രദര്‍ശനത്തിനു മുമ്പുതന്നെയോ പുസ്‌തകരൂപത്തില്‍ പുറത്തിറങ്ങുന്നു. തിരക്കഥകള്‍ ഏതാനും എഴുത്തുകാരുടെ ക്രെഡിറ്റില്‍ നിന്നും ജനകീയദശയിലേക്ക്‌ പ്രവേശിച്ചതും അടുത്തകാലത്താണ്‌. ഈ മാറ്റങ്ങളൊക്കെ മലയാളസിനിമയുടെ നേട്ടമോ, കോട്ടമോ എന്ന്‌ മലയാളിയുടെ കാഴ്‌ചയും വായനയും വിലയിരുത്തപ്പെടേണ്ടിയിരുക്കുന്നു. തിരക്കഥയുടെ പുസ്‌തകരൂപത്തിലേക്കുള്ള കുടിയേറ്റത്തെപ്പറ്റി ഇവിടെ സൂചിപ്പിച്ചത്‌ ഡി. സി. ബുക്‌സ്‌ പ്രസിദ്ധീകരിച്ച ദീദി ദാമോദരന്റെ `ഗുല്‍മോഹര്‍' എന്ന പുസ്‌തകം വായനയ്‌ക്കു മുന്നിലുള്ളതു കൊണ്ടാണ്‌.

``എഴുതപ്പെടുന്ന വാക്കുകള്‍, സാഹിത്യത്തില്‍ അന്തിമമാണ്‌. പിന്നീടുള്ള അതിന്റെ വളര്‍ച്ചയും വികാസവുമെല്ലാം വായനക്കാരന്റെ മനസ്സിലാണ്‌. തിരക്കഥയില്‍ അങ്ങനെയല്ല. ഫിലിമിലേക്കു പകര്‍ത്തിയതിനുശേഷംപോലും അതില്‍ വെട്ടിത്തിരുത്തലുകള്‍ ഉണ്ടാവുക അതിസാധാരണമാണ്‌. എഴുതുന്ന വരികള്‍ പലപ്പോഴും ലൊക്കേഷനുകളില്‍ ആവശ്യമില്ലാതെ വരുന്നു. എഡിറ്റിംഗ്‌ ടേബിളില്‍ അവയില്‍ പലതും അര്‍ത്ഥശൂന്യമായി മാറുന്നു''- ( പത്മരാജന്‍- പത്മരാജന്റെ തിരക്കഥകളുടെ മുഖക്കുറിപ്പ്‌) എന്നിങ്ങനെ തിരക്കഥാകൃത്തിന്റെ നിയോഗത്തെപ്പറ്റിയാണ്‌ പത്മരാജന്‍ പറഞ്ഞുവച്ചത്‌. ഒരര്‍ത്ഥത്തില്‍ തിരക്കഥയും സാഹിത്യവും തമ്മിലുള്ള താരതമ്യപ്പെടുത്തലുമാണിത്‌. മലയാളത്തില്‍ ഒട്ടേറെ സാഹിത്യകൃതികള്‍ക്കും തിരക്കഥകള്‍ക്കും പത്മരാജന്‍ സൂചിപ്പിച്ച വിഷമവൃത്തത്തില്‍ നിന്നും കരകയറാനും സാധിച്ചിട്ടില്ലെന്ന്‌ സിനിമകളില്‍ പ്രേക്ഷകര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്‌. ഈ പശ്ചാത്തലത്തില്‍ വേണം ദീദി ദാമോദരന്റെ `ഗുല്‍മോഹറി'നെ സമീപിക്കേണ്ടത്‌. ദീദിയുടെ വാക്കുകള്‍ക്ക്‌ അതിന്റെ സാഹിതീയമൂല്യത്തിന്‌ വലിയ കോട്ടം സംഭവിക്കാതെ തിരശ്ശീലയിലെത്തിക്കാന്‍ സാധിച്ചിട്ടുണ്ടെന്ന്‌ ജയരാജിന്റെ ആവിഷ്‌കാരം വ്യക്തമാക്കിയിട്ടുണ്ട്‌. തിരശ്ശീലയുടെ ക്രമാനുബന്ധം തിരിച്ചറിഞ്ഞ്‌ തിരക്കഥ ഒരുക്കുമ്പോള്‍ രചയിതാവിന്‌ നേടിയെടുക്കാന്‍ സാധിക്കുന്ന വിജയം ദീദി കൈവരിച്ചതും മറ്റൊന്നല്ല.

ഒരു കൂട്ടം ചെറുപ്പക്കാര്‍ അനീതിക്കെതിരെ നടത്തുന്ന പോരാട്ടത്തിന്റെ കഥയാണ്‌ ഗുല്‍മോഹറില്‍ ദീദി ദാമോദരന്‍ പറയുന്നത്‌. അവരില്‍ കൂട്ടംതെറ്റിമേയുന്നവരുണ്ട്‌. എങ്കിലും അവരുടെ ലക്ഷ്യം ഒന്നാണ്‌. അരുണും ഹരികൃഷ്‌ണനും അന്‍വറും ഗായത്രിയും ഇന്ദുചൂഡനും റഷീദും എല്ലാം പ്രക്ഷുബ്‌ധതയുടെ വേനലിലൂടെയാണ്‌ നടക്കുന്നത്‌. വിപ്ലവം സ്വപ്‌നം കാണുന്ന കുറെ മനസ്സുകളുടെ ഘോഷയാത്ര. കഥയും കഥാഗതിയും തീക്ഷ്‌ണതയോടെ പറയുന്നതില്‍ തിരക്കഥാകൃത്ത്‌ കൈയൊതുക്കം നേടിയിട്ടുണ്ട്‌. ഫ്‌ളാഷ്‌ ബാക്കില്‍ കഥയുടെ ചുരുള്‍നിവരുമ്പോള്‍ കേരളത്തിലെ നക്‌സല്‍ കലാപങ്ങളുടെ മണവും നിറവും ചിത്രത്തിനും ദൃശ്യഭാഷക്കും വന്നുചേരുന്നു. തിളക്കുന്ന യൗവ്വനങ്ങളുടെ വിപ്ലവും പ്രണയവും ഇഴചേര്‍ന്നു നില്‍ക്കുന്ന കഥ. പ്രേക്ഷകന്റെ മനസ്സില്‍ കനലുകോരിയിടുന്ന സംഭാഷണങ്ങള്‍. ഹൃദയത്തില്‍ സ്‌പര്‍ശിക്കുന്ന പ്രണയമൊഴികള്‍. എല്ലാം കൂട്ടുചേരുമ്പോഴും എഴുത്തിന്റെ കാര്‍ക്കശ്യം ചോര്‍ന്നുപോകുന്നില്ല എന്നതാണ്‌ ദീദി ഒരുക്കിയ തിരക്കഥയുടെ മികവ്‌. ഇന്ദുചൂഡനോട്‌ ഗായത്രി ഒരിക്കല്‍ പറഞ്ഞു: ?മറുപടി എന്തായാലും എന്റെ പ്രേമം അവസാനിക്കുകയില്ല. ഋതുഭേദങ്ങള്‍ വകവയ്‌ക്കാതെ ഞാനീ ഗുല്‍മോഹര്‍ ചുവട്ടില്‍ കാത്തിരിക്കും. കൊടും വേനല്‍ച്ചൂടില്‍ വിയര്‍ക്കുമ്പോഴും മഴ നനയുമ്പോഴും ഓര്‍ക്കുക ഇവിടെ ഈ മരച്ചുവട്ടില്‍ ഒരാള്‍ കാത്തിരിപ്പുണ്ടെന്ന്‌.'' കഥയുടെ ആരോഹണാവരോഹണത്തില്‍ ഇന്ദുചൂഡന്‍ തലയില്‍ മണ്ണെണ്ണ ഒഴിച്ച്‌ പ്രഖ്യാപിക്കുന്നു: ?ഇതൊരു തോറ്റ ജനതയാണ്‌. ഇവരെ ഇനിയും തോല്‍പിക്കാന്‍ ആവില്ല നിങ്ങള്‍ക്ക്‌.'

മലയാളത്തിലെ നിരവധി സിനിമകളില്‍ ഇത്തരം സന്ദര്‍ഭങ്ങള്‍ കണ്ടെടുക്കാന്‍ സാധിച്ചേക്കും. പക്ഷേ, അവയില്‍ നിന്നും ഗുല്‍മോഹറും അതിന്റെ തിരഭാഷയും വേറിട്ടുനില്‍ക്കുന്നത്‌ ആഖ്യാനത്തില്‍ പുലര്‍ത്തുന്ന സൂക്ഷ്‌മതയാണ്‌. ഒരേ തൂവല്‍പക്ഷികളുടെ കഥ തിരക്കഥയാക്കി മാറ്റുന്നിടത്ത്‌ മാധ്യമത്തിന്റെ കരുത്തം പരിമിതിയും ദീതി മനസ്സിലാക്കിയിട്ടുണ്ട്‌. വാക്കുകള്‍ ദൃശ്യങ്ങളായി പുനര്‍ജ്ജനിക്കുമ്പോള്‍ വന്നുചേരാനിടയുള്ള വിള്ളലുകള്‍ പരമാവധി അതിവര്‍ത്തിക്കുന്ന തിരക്കഥകളിലൊന്നാണ്‌ ദീദിയുടെ ഗുല്‍മോഹര്‍.സിനിമയുടെ അരങ്ങിലെന്നപോലെ അണിയറയിലും സ്‌ത്രീ സാന്നിദ്ധ്യം ശക്തമാകുന്നതിന്റെ അടയാളമാണ്‌ ദീദി ഒരുക്കിയ തിരക്കഥ. സീന്‍25-ല്‍ ഇന്ദുചൂഡന്‍ പറയുന്നു: ?അതിതുവരെ മനസ്സിലായിട്ടില്ലേ ഗായത്രിക്ക്‌. ഞങ്ങള്‍ ആണുങ്ങള്‍ എന്ത്‌ വിപ്ലവം പ്രസംഗിക്കുമ്പോഴും ഞങ്ങളുടെ ചൊല്‍പ്പടിക്ക്‌ നില്‍ക്കുന്ന ഒരു പെണ്ണിനെ ഞങ്ങള്‍ വീടിനുള്ളില്‍ ആഗ്രഹിക്കും. പുരോഗമനവാദത്തിന്റെ അസ്‌കിതയില്ലാത്ത ഒരടുക്കളക്കാരിയെ.'' സ്‌ത്രീശാക്തീകരണത്തിന്റെ കാലത്തുപോലും മലയാളസിനിമയിലെ സ്‌ത്രീകഥാപാത്രങ്ങള്‍ സംസാരിക്കുന്നതും അവര്‍ക്ക്‌ സമൂഹത്തില്‍ ലഭിക്കുന്ന ഇടങ്ങളും ഓര്‍മ്മപ്പെടുത്തുന്ന മുഹൂര്‍ത്തങ്ങള്‍ ഗുല്‍മോഹര്‍ വരച്ചിടുന്നു. ചിത്രത്തിലൊരിടത്ത്‌ ഇന്ദുചൂഡന്‍ സന്ദേഹിക്കുന്നതുപോലെ ?ആര്‍ക്കാണ്‌ തെറ്റുപറ്റിയതെന്ന്‌ ആര്‍ക്കറിയാം.? പരമ്പരാഗത തിരക്കഥാ രചനകള്‍ പിന്തുടരുന്ന സാമാന്യബോധത്തിന്‌ ആഴത്തില്‍ മുറിവേല്‍പിക്കുന്ന സമീപകാല മലയാള തിരക്കഥകളില്‍ ഏറെ ശ്രദ്ധേയമാണ്‌ ഗുല്‍മോഹര്‍. കഥയും കഥാപാത്രങ്ങളും അവരുടെ പ്രശ്‌നങ്ങളും പഠിച്ചറിഞ്ഞ്‌ ദൃശ്യാഖ്യാനത്തിന്‌ പാകമാകുന്ന ശൈലിയില്‍ പ്രതിപാദിച്ചിട്ടുണ്ട്‌. കാഴ്‌ചയിലും വായനയിലും സുതാര്യമാണ്‌ ഗുല്‍മോഹര്‍. തിരഭാഷയുടെ സൗന്ദര്യവും കരുത്തും ഒത്തിണങ്ങിയ ഈ പുസ്‌തകം തിരക്കഥാ രചനയിലും സ്‌ത്രീ മുന്നേറ്റത്തിന്റെ നാളുകളിലേക്ക്‌ ചേര്‍ത്തുവായിക്കാന്‍ ചലച്ചിത്ര വിദ്യാര്‍ത്ഥികള്‍ക്കും പ്രവര്‍ത്തകര്‍ക്കും പ്രയോജനപ്പെടും. (വില- 90 രൂപ)


Wednesday, October 26, 2011

കോലങ്ങള്‍

പുസ്തകം : കോലങ്ങള്‍
രചയിതാവ് : കെ.ജി.ജോര്‍ജ്ജ്

പ്രസാധകര്‍ : മാതൃഭൂമി ബുക്സ്

അവലോകനം : വെള്ളെഴുത്ത്




1980
ലെ മികച്ച ചിത്രത്തിനുള്ള സംസ്ഥാന അവാർഡ് കെ എസ് സേതുമാധവൻ - എം ടി കൂട്ടുകെട്ടിന്റെ ‘ഓപ്പോളി‘നായിരുന്നു. മികച്ച രണ്ടാമത്തെ ചിത്രം ഭരതൻ സംവിധാനവും ജോൺപോൾ തിരക്കഥയും രചിച്ച ‘ചാമര’ത്തിനും. കെ ജി ജോർജ്ജിന്റെ ‘കോലങ്ങൾ’ക്ക് ആ വർഷത്തെ മികച്ച സഹനടിക്കുള്ള (ചന്തമറിയം - രാജം കെ നായർ) ഒരവാർഡ് കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. കൂട്ടത്തിൽ കോലങ്ങളായിരുന്നു മികച്ച ചിത്രമെന്നും താൻ ജൂറിയിലുണ്ടായിരുന്നെങ്കിൽ അതിനെയായിരിക്കും നല്ല ചിത്രമായി തെരെഞ്ഞെടുക്കുകയെന്നും ജോൺപോൾ അഭിപ്രായപ്പെട്ടത് വിവാദത്തിനു തിരിപിടിപ്പിച്ചു. അല്ലെങ്കിൽ അവാർഡുകൾ എന്നാണ് വിവാദത്തിനു വഴിമരുന്നിടാതിരുന്നിട്ടുള്ളത്? പക്ഷേ കോലങ്ങളെക്കുറിച്ച് നല്ല അഭിപ്രായം തന്നെയായിരുന്നു ഭരതനും അടൂർ ഗോപാലകൃഷ്ണനും സേതുമാധവനുമുണ്ടായിരുന്നതെന്ന് ‘കോലങ്ങൾ പിറന്ന വഴി’ എന്ന ആമുഖ ലേഖനത്തിൽ ജോൺ പോൾ എഴുതുന്നു. എന്നുവച്ചാൽ പച്ചമനുഷ്യരുടെ ജീവിതപശ്ചാത്തലത്തിൽ കാട്ടിയ ആലേഖനസൂക്ഷമതയും മാധ്യമപരമായ കൈയടക്കവും ഗ്രഹണപടുത്വമുള്ള ആളുകൾ അന്നേ ശ്രദ്ധിച്ചിരുന്നു എന്നു തന്നെ. നിറം പിടിപ്പിച്ച അതിശയലോകത്തിൽ നിന്ന് ഇറങ്ങി മലയാള സിനിമ യഥാതഥമായ ഭൂമികകളിൽ കാലുറച്ചു നിൽക്കാനുള്ള പുനരാലോചന തുടങ്ങിയ കാലമായിരുന്നു. വർണ്ണശബളമല്ലാത്ത ഗ്രാമീണദാരിദ്ര്യങ്ങൾക്ക് കറുപ്പും വെളുപ്പുമെന്ന പാരമ്പര്യശീലത്തിൽ നിന്നുള്ള ഇറങ്ങി നടപ്പും കോലങ്ങൾ നടപ്പാക്കി. ചിത്രം കളറായിരുന്നു. താൻ സിനിമ കൺസീവ് ചെയ്തതു തന്നെ വർണ്ണത്തിലാണെന്ന് കെ ജി ജോർജ്ജ് ഏറ്റു പറഞ്ഞിട്ടുണ്ട്. ദരിദ്രവും ഏകതാനവുമായ ജീവിതത്തെ നിറം പിടിപ്പിക്കുന്നത് മനുഷ്യപ്രകൃതിയിലെ വൈവിധ്യങ്ങളാണല്ലോ. മോഹങ്ങളും ഇഷ്ടങ്ങളും വഴക്കങ്ങളും സ്വപ്നങ്ങളും അസൂയയും അഹമ്മതിയും ഏഷണിയും കാലുഷ്യങ്ങളും മത്സരങ്ങളും തിടമ്പേറ്റി തുള്ളുന്ന പ്രകൃതിയെയാണ് അങ്ങനെ ജോർജ്ജ് ഒപ്പിയെടുത്തത്. നന്മകൾ മാത്രം കുടികൊള്ളുന്ന ഒരു ഭാവനാത്മക ഗ്രാമത്തെയല്ല.

തിരിഞ്ഞു നോക്കുമ്പോൾ സാമ്പ്രദായിക ധാരണയിൽ ഇന്നും പുലർന്നുപോരുന്ന മൂല്യസഞ്ചയങ്ങളുടെ ഇരിപ്പിടമായ ഗ്രാമം എന്ന സങ്കൽ‌പ്പത്തെ കോലങ്ങൾ അട്ടിമറിച്ച കാഴ്ച ശ്രദ്ധേയമാണ്. പി ജെ ആന്റണിയുടെ ‘ഒരു ഗ്രാമത്തിന്റെ ആത്മാവ്’ എന്ന നോവലിനെ ആസ്പദമാക്കി ജോർജ്ജ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് കോലങ്ങൾ. ഇതേ നോവലിനെ ആന്റണി നാടകമാക്കിയപ്പോൾ നൽകിയ പേര്, ‘ മൂന്നു പെണ്ണുങ്ങളും കുറേ നാട്ടുകാരും’ എന്നായിരുന്നു. കുഞ്ഞമ്മ, ലീല, ദേവയാനി എന്നീ പെൺകുട്ടികളുടെ ജീവിതം സമൂഹത്തിന്റെ സദാചാരജാഗ്രതകൾ കുട്ടിച്ചോറാക്കിയതെങ്ങനെ എന്നതിന്റെ വിചാരിപ്പാണ് സിനിമയുടെ കാതൽ. കുഞ്ഞമ്മയെ സ്നേഹിച്ച ചെറിയാന് അവളെ കിട്ടാത്തത് അയാൾ വരത്തനായിരുന്നെന്ന ഒറ്റ ദോഷത്താലാണ്. അയാൾ അവൾക്കുവേണ്ടി കൂടി പണിത വീടു കാണാൻ അയാളുടെ ക്ഷണപ്രകാരം ഒരിക്കൽ ചെന്നത്, അവളുടെ ചാരിത്ര്യത്തെപ്പറ്റിയുള്ള തത്പരകക്ഷികളുടെ ദൂഷണത്തിനു കണക്കിന് മരുന്നിട്ടു കൊടുത്തു. നിവൃത്തിയില്ലാതെ കുഞ്ഞമ്മയ്ക്ക് രണ്ടാം കെട്ടുകാരനും മുൻ ഭാര്യയെ ചവിട്ടിക്കൊന്നവനുമായ കള്ളുവർക്കിയുടെ ഭാര്യയാകേണ്ടി വരുന്നു. നഗരത്തിന്റെ ആകർഷണവലയത്തിലേയ്ക്ക് എടുത്തു ചാടി ദുഷിച്ചുപോയതാണ് ലീലയുടെ ദുരന്തം. ഒളിഞ്ഞു നോട്ടക്കാരനായതിനാൽ നാട്ടിലെ സ്ത്രീകളുടെ രഹസ്യ മറുകുകൾ അറിയാവുന്ന പരമുവിന്റെ ഏഷണിയിൽ നശിച്ചുപോയതാണ് ദേവയാനിയുടെ ജീവിതം. സിനിമയുടെ അവസാനം ഒരു ഭ്രാന്തിയായി എല്ലാവരെയും കൊല്ലുമെന്ന് നിസ്സഹായമായ ഭീഷണിമുഴക്കി അവൾ പ്രത്യക്ഷപ്പെടുന്നുണ്ട്.

ഫലത്തിലിത് തിരിച്ചിട്ട മൂല്യങ്ങളുടെ ദുരന്തയാത്രയാണ്. ശുദ്ധാത്മാക്കളായ സ്ത്രീകൾ സദാചാരവിചാരണകളിൽ കുറ്റമൊന്നും ചെയ്യാതെ വേവുകയും കുറ്റവാളികളായ വിചാരിപ്പുകാർ മൂല്യവിചാരത്തിന്റെ മുഖമറയ്ക്കുള്ളിൽ വിശുദ്ധാത്മാക്കളായി ചിരിക്കുകയും ചെയ്യുന്ന കെട്ടകാലത്തിന്റെ കോലമാണ് സിനിമ ചിത്രീകരിക്കുന്നത്. ആണത്താധികാരങ്ങളാണ് സദാചാരവിചാരിപ്പുകൾക്കുള്ളിലുള്ളത്. അതിനു ഗ്രാമ-നഗര ഭേദമില്ല. സാക്ഷര - നിരക്ഷര വ്യത്യാസമില്ല. തന്റെ സ്ഥലം കൈയേറിയവനെ വൃഷണത്തിൽ പിടിച്ച് നിരായുധനാക്കുകയും ഉറക്കെ സംസാരിക്കുകയും ചെയ്യുന്ന ചന്തമറിയയുടെ വിമതസ്വരം പോലും ദീനമാവുന്നുണ്ട് ഒടുവിൽ. ആത്യന്തികജയം നന്മയുടേതെന്ന് ഉരുവിട്ടു പഠിച്ച വായ്ത്താരികളുടെ ഗതിയും ശ്രുതിയും തെറ്റിച്ചുകൊണ്ടാണ് ചലച്ചിത്രത്തിന്റെ അവസാനത്തിൽ ആസുരമായ ചിരികൾ വീണുരുളുന്നത്. ഇത്തരം സന്ദർഭങ്ങളിൽ നാം കൂട്ടുപിടിച്ചു പഴകിയ വിധി സങ്കൽ‌പ്പത്തിനു നേരെ കൂർത്ത പരിഹാസവും സിനിമ ഉയർത്തുന്നുണ്ട്. ചായക്കടക്കാരൻ കേശവൻ കാക്കയെ എറിയുന്ന കല്ല് അവന്റെ തലയിൽ തന്നെ പതിക്കുന്ന ദൃശ്യമാണ് അതിലൊന്ന്. ഏഷണികൊണ്ട് വിവാഹം മുടക്കുന്നവർ മാത്രമല്ല, നല്ല മനുഷ്യരുടെ നിവൃത്തികേടുകളും മറ്റുള്ളവരുടെ ദുരന്തത്തിനു വരി കൊടുക്കുന്നുണ്ട്. ചെറിയാനുമായുള്ള ബന്ധവും മറിയത്തിന്റെ വാശിയും പത്രോസിന്റെ മരണവും പൈലിയുടെ സ്നേഹവും വർക്കിയുടെ കാമവും ഒത്തുച്ചേർന്നാണ് കുഞ്ഞമ്മയെ തകർക്കുന്നത്. ഇത്രയധികം തേർചക്രങ്ങളുരുളാൻ ഒരു പതിനാറു വയസ്സുകാരി ചെയ്തപാതകം എന്താണ്, ദരിദ്രയും നിസ്സഹായയും ആയ ഒരു പെൻ കുട്ടിയായി ജനിച്ചു. അത്രമാത്രം. സമാനമായ ചെറിയാന്റെ ദുരന്തത്തിനോ? കുട്ടിശങ്കരൻ നായരുടെ സംശയമാണ് ദേവയാനിയെ ഭ്രാന്തിയാക്കുന്നത്. അനാഥയായി തെരുവിലേയ്ക്കിറക്കി വിടുന്നത്. ലീലയെ കൂട്ടിക്കൊണ്ടുപോയത് വകയിലൊരു സഹോദരനാണ്. അവൾ ഗർഭിണിയായി തിരിച്ചെത്തുന്നു. ഗർഭമലസിക്കലിന്റെ വേദനയുൾപ്പടെ അവളുടെ സഹനം നിശ്ശബ്ദതയിലാണ്. സഹജീവികൾ പരസ്പരബന്ധിതമായ ശൃംഖലയിലെ കണ്ണികളാണെന്ന ബോധം അവരുടെ വൈകാരികമായ ജീവിതത്തിൽ നിഴലുപരത്തിക്കൊണ്ട് സിനിമ പങ്കുവയ്ക്കുന്നുണ്ട്.

ക്യാമറ ഒപ്പുന്ന വിശദാംശങ്ങൾ അതിനു പിന്നിൽ തുറന്നുപിടിച്ച കണ്ണുമായി നിൽക്കുന്ന പ്രതിഭയുടെ തെരെഞ്ഞെടുപ്പുകളാണ്. കണ്ടറിഞ്ഞവയുടെ ഭാവാത്മകതയും ആഴവും സങ്കീർണ്ണതയും പങ്കുവയ്ക്കാൻ ഒരു പിൽക്കാലവായനയ്ക്ക് കഴിഞ്ഞെങ്കിലോ എന്ന സന്ദേഹമാണ് നമ്മെ തിരക്കഥാരൂപങ്ങളിലേയ്ക്ക് പിന്നെയും എത്തിക്കുന്നത്. സിനിമയ്ക്കു പകരമാവില്ല തിരക്കഥ. സാഹിത്യരൂപം എന്ന നിലയ്ക്കു് അതിന്റെ പ്രസക്തി ഏറെക്കുറേ സംശയാസ്പദവുമാണ്. എങ്കിലും തിരക്കഥയുടെ എലുകകൾ കോറുന്ന ചിത്രങ്ങൾക്കു മേൽ വായനയുടെ ഭാവനയ്ക്കും മേയാനുള്ള പുൽമേടുകളുടെ പ്രസക്തി കാണാതെ പോവേണ്ടതില്ലെന്നു തോന്നുന്നു.