Tuesday, November 20, 2012

ഉടലില്‍ കൊത്തിയ ചരിത്രസ്മരണകള്‍


പുസ്തകം : ഉടലില്‍ കൊത്തിയ ചരിത്രസ്മരണകള്‍
രചയിതാവ് : കെ പി ജയകുമാര്‍
പ്രസാധകര്‍ : മാതൃഭൂമി ബുക്‌സ്, കോഴിക്കോട്
അവലോകനം : ഡോ. വി.സി ഹാരിസ്




സിനിമയുടെ രാഷ്ട്രീയം, രാഷ്ട്രീയ സിനിമ എന്നിവ സിനിമയുടെ ആവിര്‍ഭാവകാലം തൊട്ടുതന്നെ ചര്‍ച്ച ചെയ്യപ്പെട്ടുവന്നിട്ടുള്ള വിഷയങ്ങളാണ്. നിരവധി സൈദ്ധാന്തികരും ചലച്ചിത്രവിമര്‍ശകരും ഇവയെപ്പറ്റി ഗഹനങ്ങളായ അന്വേഷണങ്ങള്‍ നടത്തിയിട്ടുമുണ്ട്. സെര്‍ജി ഐസന്‍സ്റ്റൈന്‍ തന്നെ ഏറ്റവും നല്ല ഉദാഹരണമാണ്. ചലച്ചിത്രപഠനത്തില്‍ മാത്രമല്ല, ചലച്ചിത്രഭാഷയുടെ രൂപീകരണത്തില്‍പ്പോലും രാഷ്ട്രീയ നിലപാടുകള്‍ എത്രമാത്രം നിര്‍ണ്ണായകമായിരിക്കുന്നു എന്ന് നമ്മെ ബോധ്യപ്പെടുത്തുന്ന തരത്തിലുള്ള സൈദ്ധാന്തികവും പ്രായോഗികവുമായ ഒട്ടനവധി അന്വേഷണങ്ങള്‍ നടത്തിയിട്ടുള്ള ആളാണ് ഐസന്‍സ്റ്റൈന്‍. അങ്ങനെ നിരവധി വ്യക്തികള്‍, പ്രസ്ഥാനങ്ങള്‍, രീതിശാസ്ത്രങ്ങള്‍. ഇതൊക്കെയാണെങ്കിലും ഇന്നിപ്പോള്‍ രാഷ്ട്രീയവും സിനിമയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ആലോചിക്കുമ്പോള്‍ നമ്മെപ്പോലുള്ളവര്‍ക്ക് അവ്യക്തതകള്‍ മാത്രം ബാക്കി.
സിനിമയും രാഷ്ട്രീയവും, രാഷ്ട്രീയ സിനിമ എന്നിവയെ തല്‍ക്കാലം രണ്ട് വ്യത്യസ്ത സംവര്‍ഗ്ഗങ്ങളായി കാണാം. ഒരര്‍ത്ഥത്തില്‍ എല്ലാ സിനിമയും, മറ്റേത് കലാരൂപങ്ങളേയും പോലെ, രാഷ്ട്രീയമാണ് എന്ന് നമുക്ക് വാദിക്കാം. അതുകൊണ്ടുതന്നെ രാഷ്ട്രീവും സിനിമയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് നമുക്ക് യാതൊരു തരത്തിലുമുള്ള അവ്യക്തതയും ആവശ്യമില്ല. എന്നാല്‍ രാഷ്ട്രീയ സിനിമ എന്ന സംവര്‍ഗ്ഗം ഏത് രീതിയിലാണ് നാം തിരിച്ചറിയുകയും നിര്‍വ്വചിക്കുകയും ചെയ്യുക? പ്രത്യക്ഷത്തില്‍ രാഷ്ട്രീയ പ്രശ്‌നങ്ങള്‍ ഉന്നയിക്കുന്ന സിനിമകള്‍ രാഷ്ട്രീയ സിനിമകളാണെന്ന് പൊതുവേ പറയാം. അതാത് രാജ്യങ്ങളിലെ, അതാത് സമയങ്ങളിലെ രാഷ്ട്രീയ സംഭവ വികാസങ്ങളുമായി ബന്ധപ്പെട്ട് സംസാരിക്കുന്ന സിനിമകള്‍ രാഷ്ട്രീയ സിനിമയാണെന്ന് കാണാന്‍ പ്രയാസമില്ല. എന്നാല്‍ ഗൊദാര്‍ദ് പറഞ്ഞ ഒരുകാര്യം നമുക്കിവിടെ ഓര്‍ക്കാം: ‘what is important is not to make political films, what is important is to make films politically'. എന്നുവെച്ചാല്‍ സിനിമ രാഷ്ട്രീയ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നുവോ എന്നതിനെക്കാള്‍ പ്രധാനം സിനിമയുടെ മൊത്തം പ്രക്രീയ (നിര്‍മ്മാണത്തിന്റെയും വിതരണത്തിന്റെയും കാഴ്ചയുടെയും) രാഷ്ട്രീയപരമാണോ എന്നതാണ് പ്രധാന പ്രശ്‌നം. ഈ അര്‍ത്ഥത്തില്‍ നോക്കിയാല്‍ രാഷ്ട്രീയവും സിനിമയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് കേരളത്തില്‍ ശ്രദ്ധിക്കപ്പെടേണ്ട ചര്‍ച്ചകളും പഠനങ്ങളും ഉണ്ടായിട്ടില്ല എന്നത് വ്യക്തമാണ്.
വിഗതകുമാരന്‍ (1928) തൊട്ടുള്ള മലയാള സിനിമകള്‍ സവിശേഷാര്‍ത്ഥത്തില്‍ രാഷ്ട്രീയ സിനിമകളാണെന്ന് നമുക്ക് വാദിക്കാം. ആയിരത്തിതൊള്ളായിരത്തി അമ്പതുകളില്‍ ലഭ്യമായ പുതിയ ഉണര്‍വ്വ് മലയാള സിനിമയില്‍ നീലക്കുയില്‍ പോലുള്ള സിനിമകളെ സാധ്യമാക്കി. ജാതിയുടെയും ലിംഗവ്യത്യാസത്തിന്റെയും അടിസ്ഥാനത്തില്‍ രൂപപ്പെട്ടുവന്ന പ്രശ്‌നങ്ങളായിരുന്നു ഇത്തരം സിനിമകളുടെ കാതല്‍. എന്നാല്‍, അതേസമയം, പുരോഗമനപരമെന്ന് വിശേഷിപ്പിക്കാവുന്ന ഒരു രാഷ്ട്രീയ അടിസ്ഥാനം അവര്‍ക്ക് ഉണ്ടായിരുന്നുതാനും. ഇത്തരം സിനിമകളെ രാഷ്ട്രീയ സിനിമകളായി പൊതുവേ നാം അംഗീകരിക്കാറില്ല. മറിച്ച് സാമൂഹിക പ്രശ്‌നങ്ങള്‍ ഉന്നയിക്കുന്ന സിനിമകളായി മാത്രമേ അവ പൊതുവേ വായിക്കപ്പെടാറുള്ളു. അമ്പതുകളിലും അറുപതുകളിലും പുരോഗമന സാഹിത്യപ്രസ്ഥാനവുമായി ബന്ധപ്പെട്ട നിരവധി എഴുത്തുകാര്‍ ചലച്ചിത്രമേഖലയില്‍ തിരക്കഥാകൃത്തുകളുമായും ഗാനരചയിതാക്കളുമായും സംവിധായകരുമായും പ്രത്യക്ഷപ്പെടുന്നതോടെ മലയാള സിനിമയ്ക്ക് സവിശേഷമായ ഒരു സ്വഭാവം കൈവരുന്നു. ഇത് മലയാള സിനിമയുടെ ‘വളര്‍ച്ച’യെ അടയാളപ്പെടുത്തുന്ന ഒരു ചരിത്രഘട്ടം. ഇത് കഴിയുമ്പോള്‍ എന്ത് സംഭവിക്കുന്നു എന്ന ചോദ്യത്തെപ്പറ്റിയാണ് ഈ പുസ്തകം ആലോചിക്കുന്നത്.

ആയിരത്തിതൊള്ളായിരത്തി എഴുപതുകളില്‍ മലയാള സിനിമയില്‍ സംഭവിക്കുന്ന വ്യതിയാനങ്ങള്‍ ഇവിടെ പ്രസക്തമാണ്. സിനിമയെ ഒരു കലാരൂപമെന്ന നിലയില്‍ കൂടുതല്‍ ഗൗരവമായി വീക്ഷിക്കുന്ന ഒരു കൂട്ടം ചലച്ചിത്രപ്രവര്‍ത്തകര്‍ സജീവമാകുന്ന ഒരു കാലമാണിത്. സ്വഭാവികമായും സിനിമയുടെ രാഷ്ട്രീയവും ഇവിടെ പ്രധാനമായി തീരുന്നു. ഇതേ എഴുപതുകള്‍ തന്നെയാണ് കേരളത്തില്‍ ഇടതുപക്ഷ തീവ്രവാദം, നക്‌സലിസം, എന്നൊക്കെ നാമിപ്പോള്‍ വിവക്ഷിക്കുന്ന രാഷ്ട്രീയ മുന്നേറ്റങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുന്നതും. ഈയൊരു ചരിത്രഭൂമികയെ മലയാള സിനിമ ഏതൊക്കെ രീതിയിലാണ് അടയാളപ്പെടുത്തുന്നത്? ഈയൊരു ചോദ്യം നമ്മുടെ നാട്ടിലെ രാഷ്ട്രീയ സിനിമയുടെ ചരിത്രവുമായി ബന്ധപ്പെടുത്തികൊണ്ട് ചിന്തിച്ചാല്‍ അങ്ങേയറ്റം പ്രാധാന്യമേറിയതാണെന്ന് പറയേണ്ടതില്ലല്ലോ. ഈയൊരു ദൗത്യമാണ് കെ. പി. ജയകുമാറിന്റെ പുസ്തകം ഏറ്റെടുക്കുന്നത്.
എഴുപതുകളെ തുടര്‍ന്നുണ്ടായ രാഷ്ട്രീയ മാറ്റങ്ങളെ കണിശവും സമഗ്രവുമായ രീതിയില്‍ വിശകലനം ചെയ്യുന്ന സാമൂഹിക ശാസ്ത്രപരവും മറ്റുമായ പഠനങ്ങള്‍ നമുക്ക് ഏറെയില്ലല്ലോ. ഇവയുടെ അഭാവത്തില്‍ ഇതുപോലൊരു ചരിത്രാനുഭവത്തെ സിനിമ എങ്ങനെ ആഖ്യാനവത്കരിക്കുന്നു എന്ന ചോദ്യം വേണ്ടരീതിയില്‍ കൈകാര്യം ചെയ്യാന്‍ നമുക്കാവില്ല എന്നുറപ്പാണ്. ഈ അസാധ്യതയുടെ മറവിലാണ് ജയകുമാറിന്റെ പുസ്തകം സാധ്യമാകുന്നത്. സ്വാഭാവികമായും നാം പ്രതീക്ഷിക്കുന്ന മട്ടിലുള്ള കണിശതയും സമഗ്രതയും ഈ പുസ്തകത്തിന് കൈവരണമെന്നില്ല. എങ്കില്‍പ്പോലും ലഭ്യമായ അറിവുകളുടെ അടിസ്ഥാനത്തില്‍ നമ്മുടെ സിനിമ ചരിത്രത്തിലെ ഒരു സവിശേഷഘട്ടത്തെ വിശകലനം ചെയ്യാന്‍ ശ്രമിക്കുന്ന ആദ്യത്തെ കൃതി എന്ന അര്‍ത്ഥത്തില്‍ ഈ പുസ്തകത്തിന് സവിശേഷമായ ഒരു സ്ഥാനമുണ്ട്.

ഈ പുസ്തകത്തിന്റെ പോരായ്മകളും ന്യൂനതകളുമായിരിക്കണം തുടര്‍ പഠനങ്ങള്‍ക്കുള്ള ഭൂമിക ഒരുക്കേണ്ടത്. ഇവിടെ ഒരുപക്ഷേ ഏറ്റവും പ്രസക്തമായ ചോദ്യം മലയാള സിനിമയ്ക്ക് അകത്തുതന്നെ ഒരു സവിശേഷഘട്ടത്തില്‍ ലഭ്യമാകുന്ന ഒരുതരം വിഭചനമാണ്. അതായത് ജനപ്രീയ സിനിമ/കലാസിനിമ എന്ന വ്യവഛേദം. ഇടതുപക്ഷ തീവ്രവാദത്തെ പ്രമേയതലത്തില്‍ കൈകാര്യം ചെയ്യുന്ന നിരവധി ജനപ്രീയ സിനിമകള്‍ ഇവിടെയുണ്ടായിട്ടുണ്ട്: ഇത്തിരിപൂവേ ചുവന്നപൂവേ, പഞ്ചാഗ്നി, ആരണ്യകം തുടങ്ങിയവ. ഇതേ വിഷയത്തെ മറ്റൊരു രീതിയില്‍ കൈകാര്യം ചെയ്യുന്ന സിനിമകളുമുണ്ട്: കബനീ നദി ചുവന്നപ്പോള്‍, അമ്മ അറിയാന്‍, അപരാഹ്നം, പിറവി, മാര്‍ഗ്ഗം തുടങ്ങിയവ. ഒരു ചലച്ചിത്ര വിദ്യാര്‍ത്ഥിയെ സംബന്ധിച്ചിടത്തോളം ഈ രണ്ടുതരം സിനിമകളെയും ഒരേകൂട്ടം വിശകലനോപാധികള്‍ ഉപയോഗിച്ചുകൊണ്ട് പഠിക്കാനാകുമോ എന്നത് വളരെ പ്രധാനപ്പെട്ട ഒരു പ്രശ്‌നമാണ്. രീതിശാസ്ത്രവുമായി ബന്ധപ്പെട്ട ഈ പ്രശ്‌നത്തെ തല്‍ക്കാലം മാറ്റിനിര്‍ത്തിയാല്‍ ഈ രണ്ടുതരം സിനിമകളും കേരളീയ സമൂഹത്തില്‍ ചെലുത്തുന്ന സ്വാധീനത്തെപ്പറ്റി തീര്‍ത്തും വ്യത്യസ്തമായ രീതിയില്‍ നമുക്ക് സംസാരിക്കാവുന്നതാണ്. ഇത് കൂടാതെ ചലചിത്രഭാഷയുടെയും ആഖ്യാനരീതികളുടെയും വ്യതിരിക്തതകള്‍ കൂടി കണക്കിലെടുത്താല്‍ ഇതുപോലൊരു പഠനം ഉയര്‍ത്തുന്ന വെല്ലുവിളികളെപ്പറ്റി നമുക്ക് ബോധ്യമാവുന്നതാണ്.

ഒരുകാര്യം വ്യക്തമാണ്. ജനപ്രീയസിനിമ നാം പ്രതീക്ഷിക്കുന്നതുപോലെ തന്നെ ഇടതുപക്ഷ തീവ്രവാദവുമായി ബന്ധപ്പെട്ട അനുഭവങ്ങളെ അവയുടെ ചരിത്ര-രാഷ്ട്രീയ പരിസരങ്ങളില്‍നിന്ന് ചോര്‍ത്തിയെടുത്ത് കേവലം വ്യക്തിപരവും കുടുംബപരവുമായ അവസ്ഥകളിലേക്ക് ന്യൂനികരിക്കുന്നുണ്ട്. ഇത്തിരപൂവേ ചുവന്ന പൂവേ, പഞ്ചാഗ്നി തുടങ്ങിയ സിനിമകളില്‍ ഈയൊരു പ്രവണത ശക്തമായി തന്നെ നമുക്ക് കാണാം. ഇതോടൊപ്പം തികച്ചും ആശയപരവും കാല്പനികവുമായ ഒരു തലംകൂടി കാണാന്‍ പ്രയാസമില്ല. എന്നാല്‍ മറ്റ് ചിത്രങ്ങള്‍ പലപ്പോഴും വൈകാരികനുഭവങ്ങളെ പൂര്‍ണ്ണമായി ചോര്‍ത്തികളഞ്ഞ് കേവലരാഷ്ട്രീയത്തിന്റെ തീര്‍ത്തും വരണ്ട മേഖലകളില്‍ വ്യാപരിക്കുന്നതാണ് നമുക്ക് കാണാന്‍ കഴിയുക. ഈ വ്യത്യസത്തെ സൗന്ദര്യ ശാസ്ത്രപരമായും സാമൂഹിക ശാസ്ത്രപരമായും നാമെങ്ങനെയാണ് വിലയിരുത്തുക? ഈ പുസ്തകം ഇങ്ങനെയൊരു ചോദ്യം പ്രത്യക്ഷത്തില്‍ ഉന്നയിക്കുന്നില്ല. എന്നാല്‍ പുസ്തകം വായിച്ചുതീരുമ്പോള്‍ ഈയൊരു ചോദ്യമാണ് ഏറ്റവും പ്രധാനമെന്ന് ഒരുപക്ഷേ നമുക്ക് തോന്നിയേക്കാം. അങ്ങനെയെങ്കില്‍ ഈ പുസ്തകം അവതരിപ്പിക്കാന്‍ ശ്രമിക്കുന്ന സാമൂഹിക പ്രശ്‌നങ്ങള്‍ നമ്മെ സംബന്ധിച്ചിടത്തോളം പുതിയ ചോദ്യങ്ങള്‍ക്കും ചിന്തകള്‍ക്കും വഴിമരുന്നിടുന്ന സംഗതികളായി തീരാം.

നക്‌സലൈറ്റ് ശരീരങ്ങളാല്‍ ഇപ്പോഴും ഭൂതാവേശിതമാകുന്ന കേരളീയ സമൂഹത്തില്‍ എഴുപതുകളെത്തുടര്‍ന്നുണ്ടായ മേല്‍ സൂചിപ്പിച്ച തരത്തിലുള്ള സിനിമകള്‍ എന്തു ദൗത്യമാണ് നിര്‍വഹിക്കുന്നതെന്ന് നാം അന്വേഷിക്കേണ്ടതുണ്ട്. അതേ സമയം ശരീരം ചരിത്രമാകുകയും ചരിത്രം കേവലം ഗൃഹാതുരത്വമാകുകയും ചെയ്യുന്ന വിചിത്ര പ്രക്രീയയ്ക്കിടയില്‍ ചലച്ചിത്രാഖ്യാനങ്ങളുടെ സ്ഥാനമെന്തെന്ന് കൂടി നാം ആലോചിക്കേണ്ടതുണ്ട്. ഇത്തരം ആലോചനകള്‍ക്ക് ഒരു വേദിയായി മാറുമെങ്കില്‍ ഉടലില്‍ കൊത്തിയ ചരിത്രസ്മരണകള്‍ എന്ന ഈ പുസ്തകം അതിന്റെ പരിമിതമായ ദൗത്യം നിറവേറ്റിയെന്ന് പറയാം. (പേജ്: 103 വില: 65)

No comments:

Post a Comment

താങ്കൾ എന്തുപറയുന്നു പുസ്തക വിചാരത്തെപ്പറ്റി ?