Saturday, January 22, 2011

ഫ്രാൻസിസ് ഇട്ടിക്കോര

പുസ്തകം : ഫ്രാൻസിസ് ഇട്ടിക്കോര
രചയിതാവ് : ടി.ഡി.രാമകൃഷ്ണൻ
പ്രസാധനം : ഡി.സി.ബുക്സ്
അവലോകനം : മനോരാജ്





















പേശാമടന്തക്കും തത്തക്കുട്ടിക്കും ശേഷം വീണ്ടും ഒരു പുസ്തകത്തെ നിങ്ങളുടെ മുൻപിൽ പരിചയപ്പെടുത്താൻ ശ്രമിക്കുകയാണ്. കഴിഞ്ഞ വർഷം ഏറ്റവും അധികം ചർച്ചചെയ്യപ്പെട്ട ഒരു പുസ്തകം. ടി.ഡി.രാമകൃഷ്ണന്റെ "ഫ്രാൻസിസ്‌ ഇട്ടിക്കോര.."

ആദ്യമേ തന്നെ ഈ പുസ്തകം എനിക്ക്‌ പരിചയപ്പെടുത്തിയ ബ്ലോഗർ കുമാരനുള്ള നന്ദി ഞാൻ ഇവിടെ അറിയിക്കട്ടെ. എന്റെ 2009 ചില വായനാനുഭവങ്ങൾ എന്ന പോസ്റ്റിൽ കുമാരന്റേതായി ലഭിച്ച ഒരു കമന്റായിരുന്നു ഇത്തരം ഒരു പുസ്തകം മലയാളത്തിൽ ഉണ്ടെന്നുള്ള തിരിച്ചറിവുണ്ടാക്കിയത്‌. കുറച്ച്‌ നാളുകളുടെ തിരച്ചിലിനൊടുവിൽ ഡി.സി.ബുക്സിന്റെ എറണാകുളം അന്താരാഷ്ട്രാ പുസ്തകോൽസവത്തിൽ നിന്നും ഞാൻ ഈ പുസ്തകം കണ്ടെത്തി. വായനയുടെ ഇടയിലുള്ള എന്റെ പല സംശയങ്ങളും തേടി പിടിച്ച്‌ ദൂരീകരിച്ച്‌ തന്നതിനും കൂടി കുമാരനു ഈ അവസരത്തിൽ നന്ദി അറിയിക്കുന്നു.. പുസ്തകത്തിന്റെ മുഴുവൻ വായനക്ക്‌ ശേഷം എനിക്ക്‌ പറ്റുന്ന രീതിയിൽ ഇത്‌ മറ്റുള്ളവരിലേക്കെത്തിക്കാൻ ശ്രമിക്കണം എന്ന് ഞാൻ തീർച്ചപ്പെടുത്തിയിരുന്നു. കാരണം വേറിട്ട കാഴ്ചപാടുകൾ / സമീപനങ്ങൾ അംഗികരിക്കപ്പെടേണ്ടത് തന്നെയാണെന്ന സത്യം.

വളരെ മികച്ചതെന്ന് പറയാൻ കഴിയില്ലെങ്കിലും , സ്ഥിരമായി നമ്മൾ കാണുന്ന ചട്ടകൂടുകളിൽ നിന്നും എന്തോ വ്യത്യാസം ഫ്രാൻസിസ് ഇട്ടിക്കോര എന്ന ഈ പുസ്തകത്തിൽ വരുത്താൻ രചയിതാവ് ശ്രമിച്ചിട്ടുണ്ട്. തന്റേത്‌ മാത്രമായ ഒരു ഭാവനാസൃഷ്ടിയെ ചരിത്രവും കുറെ മിത്തുകളുമായി അതിമനോഹരമായി തന്നെ ഈ പുസ്തകത്തിൽ ഗ്രന്ഥകാരൻ സന്നിവേശിപ്പിച്ചിരിക്കുന്നു.. ഒരു നിശ്ചിത ഭൂവിഭാഗത്തിലോ വൻകരയിലോ തന്നെ ഒതുങ്ങുന്നില്ല ഇതിലെ കഥയും കഥാപാത്രങ്ങളും. പ്രപഞ്ചത്തിന്റെ എല്ലാ കോണുകളും വിരൽതുമ്പിലേക്ക് ആവാഹിക്കാൻ ശേഷിയുള്ള പുതിയ വിവരസാങ്കേതിക വിദ്യയുടെ പിൻബലത്തോടെയാണ് ഇട്ടിക്കോര മുന്നോട്ട് പോകുന്നതെന്നത് ഒരു നല്ല കാര്യമാണ്. കുറേ വർഷങ്ങൾക്ക് മുൻപ് മലയാളികളുടെ സ്വന്തം മുകുന്ദൻ “നൃത്തം” എന്ന നോവലിൽ പരീക്ഷിച്ച് വിജയം കണ്ട ഒരു ഫോർമാറ്റാണെങ്കിലും അതിൽ നിന്നും തുലോം വ്യത്യസ്തമാണ് രാമകൃഷ്ണൻ ഒരുക്കിയ ഈ ചട്ടകൂട്.

ഫ്രാൻസിസ്‌ ഇട്ടിക്കോര എന്ന പേരിൽ പണ്ട്‌ കേരളത്തിലെ കുന്നംകുളത്ത്‌ ജീവിച്ചിരുന്നതും പിന്നീട്‌ യൂറോപ്പിലേക്ക്‌ കുടിയേറിയതുമായ ഒരു കുരുമുളക്‌ വ്യാപാരിയെ ചുറ്റിപറ്റിയാണ് ഇതിന്റെ കഥ മുന്നോട്ട്‌ പോകുന്നത്‌. ഒരു പരിധിവരെ വായനക്കിടയിൽ ഇത്തരം ഒരു കഥാപാത്രം ചരിത്രത്തിലുണ്ടോ എന്ന് നമുക്ക് സംശയം തോന്നിക്കുമാറ് രാമകൃഷ്ണൻ കൈകാര്യം ചെയ്തിരിക്കുന്നു.. ഫ്രാൻസിസ്‌ ഇട്ടിക്കോരയുടെ പിൻതലമുറയിൽ പെട്ടതെന്ന് സ്വയം വിശേഷിപ്പിച്ച്‌ ഒരു ഇട്ടിക്കോര തന്റെ കോരപ്പാപ്പന്റേതായ കുറെ രഹസ്യങ്ങളുടെ കഥകൾ തേടി - അതോടൊപ്പം തന്റെ നഷ്ടപ്പെട്ടുപോയ പുരുഷത്വവും തേടി - അമേരിക്കയിൽ നിന്നും കേരളത്തിലേക്ക്‌ വരുവാൻ തുടങ്ങുന്നിടത്താണ് കഥയുടെ ആരംഭം. ഒരു റിയൽ ബിച്ച് ആയിരുന്ന സ്വന്തം അമ്മയുടെ കൂട്ടികൊടുപ്പുകാരനായി തുടങ്ങിയ ജീവിതം.. മദ്യപിച്ച് ലക്ക് കെട്ട് സ്വന്തം മകന്റെ മുൻപിലേക്ക് നഗ്നയായി വന്ന അമ്മയെ വെടിവെച്ച് കൊന്ന് തെരുവിലേക്ക് ജീവിക്കാനിറങ്ങിയ മകൻ…അവന്റെ ആരോഗ്യം തുടിക്കുന്ന ശരീരത്തിൽ മയങ്ങാത്ത പെണ്ണൂങ്ങൾ ഇല്ല എന്നായപ്പോൾ മടുപ്പനുഭപ്പെടുകയും തുടർന്ന് ഒരു തുടുത്ത ഇറാഖിപ്പെണ്ണിന്റെ നഗ്നയാക്കി തോക്കിന്റെ മുനക്ക് മുൻപിൽ നിറുത്തി മതിയാവോളം റേപ്പ് ചെയ്യുക എന്ന ഒറ്റ ലക്ഷ്യത്തോടെ, അമേരിക്ക - ഇറാഖ്‌ യുദ്ധത്തിൽ ഒരു തികഞ്ഞ സാഡിസ്റ്റിന്റെ മാനസീകവ്യാപാരങ്ങളോടെ അമേരിക്കൻ പട്ടാളത്തിനുവേണ്ടി സ്ത്രീപീഡനവും മറ്റും നടത്തി, അതിന്റെ തുടർച്ചയായി നഷ്ടപ്പെട്ട പുരുഷത്വം തേടി പിടിക്കാൻ ലോകത്തിന്റെ പല ഭാഗങ്ങളിലും പലരേയും സമീപിച്ച്‌ നിരാശനായ ജോസഫ്‌ , ഇന്റർനെറ്റിലെ ഗൂഗിൾ സെർച്ച്‌ എഞ്ചിൻ വഴി കണ്ടെത്തിയ "ദി സ്കൂളിന്റെ" പരസ്യത്തിൽ ആകൃഷ്ടനാവുകയും അതിൽ നിന്നും ദി സ്കൂളിന്റെ പ്രിൻസിപ്പാളായ മിസ്‌. രേഖയെ ഇമെയിലിലൂടെ കോണ്ടാക്ട്‌ ചെയ്യുന്നിടത്താണു കഥയുടെ തുടക്കം.

പിന്നീടുള്ള കഥയിൽ മുഴുവൻ അമേരിക്കൻ ഡോളറിനോടുള്ള അടങ്ങാത്ത അഭിനിവേശത്തിൽ രേഖ (കോളേജ്‌ അദ്ധ്യാപിക), രശ്മി (ബാങ്ക് ഉദ്യോഗസ്ഥ), ബിന്ദു (ഫാഷൻ ഡിസൈനർ) എന്നീ മൂന്ന് പ്രോഫണലുകൾ തുടങ്ങിയിരിക്കുന്ന “ദി സ്കൂൾ“ എന്ന വെബ് സൈറ്റും അതിൽ ആകൃഷ്ടരായി വരുന്നവർക്ക് അവരുടെ ഇഷ്ടമേഖലകളിലൂടെ നയിച്ച് (ബിന്ദുവിൽ തുടങ്ങി രശ്മിയിലൂടെ രേഖയിലേക്ക് എന്ന് അവരുടെ ഭാഷ) അവിടെ നടക്കുന്ന ബോഡിലാബ്‌, ലിബെറേഷൻ, സൊറ തുടങ്ങിയ സെക്സ്‌ ടൂറിസത്തിന്റെ മാറിയ മുഖവും, ക്ലൈന്റ് ആയ ഇട്ടിക്കോരയുടെ ആവശ്യപ്രകാരം അദ്ദേഹത്തിന്റെ മുത്തച്ച്ഛൻ എന്ന് പറയപ്പെടുന്ന ഫ്രാൻസിസ്‌ ഇട്ടിക്കോരയെക്കുറിച്ചും കോരപ്പാപ്പന്റെ കുടുംബമായ പതിനെട്ടാം കുറ്റുകാരെപറ്റിയും അവരുടെ ഇടയിലുള്ള ചില ആചാരങ്ങളെയും പറ്റിയൊക്കെ ദി സ്കൂളിന്റെ നടത്തിപ്പുകാരും അവരുടെ ചില വിശ്വസ്തരായ പറ്റുപടിക്കാരും (ബുജി , കുന്നംകുളത്തുകാരൻ ബെന്നി തുടങ്ങിയവർ) നടത്തുന്ന അന്വേഷണങ്ങളും തുടർന്നുണ്ടാവുന്ന അപകടങ്ങളും എല്ലാം നോവലിസ്റ്റ്‌ വരച്ചു കാട്ടുമ്പോൾ, നോവലിസ്റ്റിന്റെ അഗാധമായ ബാഹ്യവിജ്ഞാനം കൂടി വായനക്കാരൻ സഹിക്കേണ്ടി വന്നു എന്നതൊഴിച്ചാൽ വളരെ പുതുമ തോന്നുന്ന ഒരു ആഖ്യാനശൈലി തന്നെ രാമകൃഷ്ണൻ ഈ നോവലിനായി അവലംബിച്ചിരിക്കുന്നു എന്നത്‌ ശ്ലാഘനീയം തന്നെ.

സെക്സ്‌ പോലെ തന്നെ ഈ നോവലിൽ മുഖ്യ സ്ഥാനം വഹിക്കുന്ന മറ്റൊരു വിഷയം കണക്കാണ്. കണക്കിൽ തനിക്കുള്ള വിജ്ഞാനം മുഴുവൻ അല്ലെങ്കിൽ കണക്കിൽ നമുക്ക്‌ ഇന്റെർനെറ്റിൽ നിന്നും കിട്ടാവുന്ന ഏറെക്കുറെ വിവരങ്ങളും അദ്ദേഹം ഇതിലേക്ക്‌ കുത്തിനിറച്ചിരിക്കുന്നു.. പഴയ ഹൈപേഷ്യൻ സിദ്ധാന്തവും പഴയ കാലഘട്ടത്തിൽ ജീവിച്ചിരുന്ന പ്രശസ്തരായ പല മാത്തമാറ്റീഷ്യൻസിനെയും കഥയിലേക്ക്‌ ബോധപുർവ്വം കുടിയേറ്റുക വഴി ചില സമയങ്ങളിലെങ്കിലും വായന നമുക്ക്‌ വിരസമാകുന്നു എന്ന് പറയാതെ തരമില്ല.. അതുപോലെ തന്നെ ജോസഫ്‌ എന്ന ഇട്ടിക്കോരയുടെ പിന്മുറക്കാരൻ ഒരു നരഭോജിയാണെന്നതും അതിന്റെ തുടർച്ചയായി കാനിബാൾസ്‌ ഫീസ്റ്റ്‌ എന്ന രീതിയിൽ നരമാംസാസ്വാദനവും എല്ലാം കൂടി നോവൽ സംഭവബഹുലം തന്നെയെന്ന് പറയാതെ വയ്യ.. നരമാംസാസ്വാദന്ം മനോഹരമായി തന്നെ അല്ലെങ്കിൽ നരഭോജികൾ എങ്ങിനെയാണ് ആ ചടങ്ങ് ഒരു ഉത്സവമാക്കുന്നതെന്ന് വളരെ മനോഹരമായി വിവരിക്കുന്നുണ്ട്. അതുപോലെ, നോവലിൽ പറയുന്ന 18ം കൂറ്റക്കാർ എന്ന കോരപ്പാപ്പന്റെ പിൻ തലമുറക്കാർക്കിടയിൽ നിലകൊള്ളുന്ന കോരക്ക്‌ കൊടുക്കൽ, കോരപ്പൂട്ട്‌, കോരപ്പണം എന്നൊക്കെ പറയുന്ന വിചിത്രങ്ങളായ ചില ആചാരങ്ങളിലേക്കും നോവലിസ്റ്റ്‌ നമ്മെ കൊണ്ടുപോകുന്നുണ്ട്‌.. (ഇതിന്റെ സത്യം തേടി പല സുഹൃത്തുകളേയും സമീപിച്ചെങ്കിലും അത്തരം ആചാരങ്ങളും ഫ്രാൻസിസ്‌ ഇട്ടിക്കോരയെന്ന കഥാപാത്രത്തെപോലെ തന്നെ ഗ്രന്ഥകാരന്റെ ഫാന്റസി മാത്രമാണെന്നാണു അറിയാൻ കഴിഞ്ഞത്‌)

സെക്സിനു നോവലിൽ കൂടുതൽ പ്രാമുഖ്യം കൊടുക്കുമ്പോൾ പോലും അത്‌ നോവലിലെ അവശ്യമായ ഒരു ചട്ടക്കൂടാക്കാൻ നോവലിസ്റ്റ്‌ ശ്രദ്ധിച്ചിട്ടുണ്ട്‌.. പിന്നെ ഹ്യെപേഷ്യൻ സിദ്ധാന്തവും കാനിബാൾസും ഒപ്പം പഴയ കാലത്തെയും പുതിയ കാലത്തെയും ബന്ധിപ്പിക്കാൻ ഉപയോഗിക്കുന്ന ഇമെയിൽ ചിന്തകളും എല്ലാം വേറിട്ടത്‌ തന്നെ. ഒപ്പം സെക്സ്‌ ടൂറിസം കേരളത്തിൽ എത്രത്തോളം പടർന്നു എന്ന ഒരു തിരിച്ചറിവും ഈ നോവൽ നമുക്ക്‌ തരുന്നുണ്ട്‌. എന്ത്‌ തന്നെയായാലും പുസ്തകത്തിൽ ഗ്രന്ഥകാരൻ തന്റെ അറിവുകൾ വാരി വിതറാൻ ശ്രമിച്ചപ്പോളും അതിൽ അദ്ദേഹം ഒരു പരിധിവരെ വിജയിച്ചു എന്ന് തന്നെ എന്റെ വിശ്വാസം. കാരണം, ഇത്രയും അധികം അലോസരപ്പെടുത്താൻ സാദ്ധ്യതയുള്ള ഒരു വിഷയമാണു ഇത്രയേറേ ചർച്ചാവിഷയമായതെന്ന് തന്നെ. കുറഞ്ഞ കാലം കൊണ്ട്‌ ഈ പുസ്തകത്തിന്റെ 2 പതിപ്പുകൾ വിറ്റഴിഞ്ഞു എന്ന് പറയുമ്പോൾ നമുക്കറിയാം മടിപിടിച്ച മലയാളിയുടെ വായനാശീലത്തിൽ ഈ പുസ്തകം എത്രത്തോളം സ്വാധീനം ചെലുത്തി എന്നത്‌.

ഒട്ടേറെ സമ്പുഷ്ടമായ മലയാള സാഹിത്യത്തിൽ ഈ നോവൽ ഒരു മുതൽകൂട്ടോ അല്ലെങ്കിൽ ബെഞ്ച്‌മാർക്കോ അവില്ല എങ്കിലും വ്യത്യസ്തമായ ഒരു രീതികൊണ്ടും പ്രമേയത്തിന്റെ ഒരു പുതുമകൊണ്ടുംവായന അർഹിക്കുന്ന ഒരു പുസ്തകമാണിതെന്ന് നിസ്സംശയം പറയാം. കാരണം ഇന്നിന്റെ പലബെസ്റ്റ്‌ സെല്ലറുകളേക്കാളും നിലവാരം ഇതിനുണ്ടെന്നതിൽ തർക്കമില്ല എന്നത്‌ തന്നെ.

5 comments:

  1. ആ പുസ്തകം വായിച്ച പോലെ അനുഭവപ്പെട്ടു ..ഈ ശ്രമം ഉത്കൃഷ്ടം തന്നെ ... അഭിനന്ദനങ്ങള്‍ മനു .

    ReplyDelete
  2. 'ഫ്രാന്‍സിസ്‌ ഇട്ടിക്കോര' ഒരു കണക്കിന്‌ ഞാന്‍ വായിച്ചു തീര്‍ത്തൊരു നോവലാണ്‌ അറു മുഷിപ്പനായി തോന്നിയത്‌ നോവലിസ്റ്റിണ്റ്റെ വിജ്ഞാന വിതരണം തന്നെ, പ്രത്യേകിച്ചും ഗണിത ശാസ്ത്ര വിജ്ഞാനീയം. പിന്നെ സെക്സ്‌. ആവശ്യത്തിനു്‌ മാത്രമാണ്‌ അത്‌ നോവലില്‍ കുത്തിചെലുത്തിയിട്ടുള്ളത്‌ എന്ന് എനിക്ക്‌ തോന്നിയില്ല. കുന്നം കുളം കച്ചവടത്തിണ്റ്റെ ചേരുവയുടെ ഭാഗമായിട്ടു കൂടിയാണ്‌ . പലപ്പോഴും അത്‌ അലോസരപ്പെടുത്തുന്നുണ്ട്‌. തീര്‍ച്ചയായും 'ഫ്രാന്‍സിസ്‌ ഇട്ടിക്കോര' ഒരു മികച്ച നോവലല്ലതന്നെ. ടി.ഡി.രാമകൃഷ്ണന്‍ നല്ലൊരു വിവര്‍ത്തകനാണ്‌. ആ രംഗത്തെ അദ്ദേഹത്തിണ്റ്റെ സംഭാവനകള്‍ എടുത്തു പറയേണ്ടതുമാണ്‌.

    ReplyDelete
  3. മനൊജ്...നന്ദി, പുസ്തകവിചാരത്തിന്... ഇപ്പോൾ,ഇങ്ങനെ യൊക്കെ നിരൂപണം നടത്തുന്നവർ കുറവാണ്..താങ്ങളുടെ ഉദ്ദ്യമത്തിന് നന്ദി... “ ആരഭി’ എന്ന എന്റെ ബ്ലോഗിൽ ‘വാത്മീകം’ എന്നൊരു കഥ പോസ്റ്റ് ചെയ്തിട്ടുണ്ട് വായിക്കുമല്ലോ,http://chandunair.blogspot.com/
    പിന്നെ, ഇപ്പോഴത്തെ ബെസ്റ്റ് സെല്ലറുകളിൽ ഒന്നായ ഒരു പുസ്തകമുണ്ട് മലയാളത്തിൽ, “അനാമികയുടെ സിവിശേഷങ്ങൾ” രചന:- ആശാ ജി വൈക്കം. വായിക്കുക.... സ്നേഹത്തോടെ..ചന്തുനായർ

    ReplyDelete
  4. മനോരാജ്,
    പുസ്തകത്തിന്റെ നല്ല വശങ്ങളെയും ചീത്ത വശങ്ങളെയും ഒരേ പോലെ വരച്ചു കാട്ടാനും അതുവഴി അമിത പ്രതീക്ഷകള്‍ വായനക്കാരന് നല്‍കാതെ, ഒരു യഥാര്‍ത്ഥ ചിത്രം മാത്രം നല്‍കുന്നതില്‍ താങ്കള്‍ വിജയിച്ചിരിക്കുന്നു.. അഭിനന്ദനങ്ങള്‍..

    ഒരു ചെറിയ നിര്‍ദ്ദേശം. പുസ്തകത്തിന്റെ പേരിനൊപ്പം എഴുത്തുകാരന്റെ പേരുകൂടി കാണത്തക്ക വിധത്തില്‍ 'Archives' ഒരുക്കുകയാണെങ്കില്‍ കൂടുതല്‍ ആകര്‍ഷകമാകും.. കാരണം പലരും പലപ്പോഴും പുസ്തകത്തിലേക്ക് ആകര്ഷിക്കപെടുക, പുസ്തകത്തിന്റെ തലക്കെട്ട്‌ വെച്ച് ആയിരിക്കില്ല, പകരം ആരെഴുതി എന്നതിനെ വെച്ചായിരിക്കും..

    ReplyDelete
  5. മനോരാജ് -

    ഈ പുസ്തകത്തെപ്പറ്റിയുള്ള വാനോളം പുകഴ്ത്തുകേട്ട്, നാട്ടിൽ നിന്നും വരുത്തി വായിച്ച പുസ്തകമാണ്. ചരിത്രവും കണക്കും സ്പൈസും ആവശ്യത്തിനു ചേർത്ത ഒരു ചേരുവ. ഹിസ്റ്ററി വായിച്ചുബോറഡിച്ചാൽ മാറ്റാനായി ആവശ്യമുള്ളടത്തും ഇല്ലാത്തയിടങ്ങളിലും സെക്സ് കാര്യമായി ചിത്രീകരിച്ചിരിക്കുന്നു. ഇത്രയും ഗൌരവമേറീയ വിഷയം കൈകാര്യം ചെയ്യുമ്പോൾ അതിന്റെ ആവശ്യമുണ്ടാ‍ായിരുന്നോ എന്നു സംശയം. എല്ലാത്തരത്തിലുള്ള വായനക്കാരെയും ഈ പുസ്തകത്തിലേക്ക് ആകർഷിക്കാനുള്ള ഒരു തന്ത്രമായിരുന്നു എന്നെനിക്ക് തോന്നുന്നു. രേഖയും ബിന്ദുവും രശ്മിയും പിന്നെ ഹൈപ്പേഷ്യയും - കഥാപാത്രങ്ങൾ ആവശ്യമായിരുന്നെങ്കിലും ആവശ്യമില്ലാത്ത സ്പൈസ് വെറുതെ കുത്തിത്തിരുകി.

    ഇനി ഇതിന്റെ നല്ല വശങ്ങൾ :കോരക്ക് കൊടുക്കലും പതിനെട്ടാം കൂറ്റുക്കാർ ഇതെല്ലാം വളരെ റിയലിസ്റ്റിക്കായി ചിത്രീകരിച്ചിരിക്കുന്നു. അതിലെ ചരിത്രവും കണക്കുമെല്ലാം വളരെ രസാവഹമായിരിക്കുന്നു,അതിനോട് ചേർത്തുവെച്ച കോരയെപ്പറ്റിയുള്ള ഫാന്റസി തിരിച്ചറിയാനാവാത്തവിധം ചരിത്രവുമായി ചേർന്നു നിൽക്കുന്നു.

    ഒരു വായനക്കുള്ള പുസ്തകം, രണ്ടാമതൊരിക്കൽ കൂടി വായിക്കാൻ തോന്നിയിട്ടില്ല.

    എന്തായാലും പരിചയപ്പെടുത്തേണ്ടീയിരുന്ന ഒരു പുസ്തകം തന്നെ, നന്ദി മനോരാജ് !

    - സന്ധ്യ

    ReplyDelete

താങ്കൾ എന്തുപറയുന്നു പുസ്തക വിചാരത്തെപ്പറ്റി ?