Tuesday, January 10, 2012

മരിച്ചവരുടെ മനുഷ്യന്‍

പുസ്തകം : മരിച്ചവരുടെ മനുഷ്യന്‍
രചയിതാവ് : സി അമ്പുരാജ്

പ്രസാധകര്‍ : കൈരളി ബുക്‌സ് കണ്ണൂര്‍

അവലോകനം : എന്‍.പ്രഭാകരന്‍­മ്പുരാജ് നാട്ടനുഭവങ്ങളുടെ കഥാകാരനാണ്. താന്‍ അനുഭവിക്കുകയും നിരീക്ഷിക്കുകയും ചെയ്തു പോരുന്ന ജീവിതത്തെ അതിന്റെ നാടോടിത്തനിമ അല്പവും ചോര്‍ന്നു പോകാതെ അദ്ദേഹം അവതരിപ്പിക്കുന്നു. ആഖ്യാനത്തിന്റെ അംഗീകൃത സങ്കേതങ്ങളെയോ വാക്കുകളുടെ പദവിഭേദങ്ങളെയോ ചൊല്ലിയുളള അധീരതകളൊന്നും അമ്പുരാജിനില്ല. അനുഭവവിവരണത്തിലോ കഥാപാത്രങ്ങളുടെ പെരുമാറ്റവും സംഭാഷണങ്ങളും വിഭാവന ചെയ്യുന്നതലോ മാന്യതയുടെ അതിരുകളെ അവഗണിക്കുന്നതില്‍ ഈ കഥാകാരന് അല്പമായ ആശങ്കപോലുമില്ല. അനുഭവം തന്നെ സ്​പര്‍ശിച്ചതാണെങ്കില്‍ അത് അന്യഥാ ചെറുതോ നിസ്സാരമോ ആവട്ടെ അതിന് കഥാരൂപം നല്‍കുന്നതില്‍ അദ്ദേഹം സംശയിച്ചു നില്‍ക്കുന്നുമില്ല. ഇങ്ങനെ എല്ലാം കൊണ്ടും തന്റെ തട്ടകത്തില്‍ തികഞ്ഞ ആത്മവിശ്വാസത്തോടും അത് നല്‍കുന്ന ലാഘവത്തോടും കൂടി പെരുമാറുന്ന കഥാകാരനാണ് അമ്പുരാജ്. ''ഇത്രയും കഥയല്ല. കഥയെന്നു നിങ്ങള്‍ വിളിച്ചോളൂ ജീവിതമെന്നു ഞാന്‍ കരുതിക്കൊളളാം'' എന്ന 'ചന്ത'യെക്കുറിച്ച് മാത്രമല്ല ഈ സമാഹാരത്തിലെ മഞ്ഞുപെയ്യുന്നത്, മുതലക്കുളം എന്നിവയൊഴിച്ചുളള എല്ലാ കഥകളെക്കുറിച്ചും അദ്ദേഹത്തിന് പറയാനാവും. മാറ്റിനിര്‍ത്തിയ രണ്ടു കഥകളിലുളളതും ജീവിതം തന്നെ. പക്ഷെ അവയ്ക്ക് ജീവിതത്തെ കവിഞ്ഞു നില്‍ക്കുന്ന കഥാത്വമുണ്ടെന്നു മാത്രം.

മൂന്ന് കാര്യങ്ങളിലേക്കാണ് പ്രധാനമായും ഈ സമാഹാരം നമ്മുടെ സവിശേഷശ്രദ്ധ ക്ഷണിക്കുന്നത്. സാധാരണ ജീവിതത്തിലെ അനേകം അനുഭവമേഖലകള്‍ക്കും ജീവിത മുഹൂര്‍ത്തങ്ങള്‍ക്കും സാഹത്യത്തിലേക്ക് അറച്ചറച്ചു മാത്രം കടന്നുവരാനാവുന്ന ഒരു ഭാവുകത്വപരിസരമാണ് മലയാളത്തില്‍ ഇപ്പോഴും നിലനില്‍ക്കുന്നത്. ആദ്യം പുരോഗമനസാഹിത്യവും പിന്നീട് ആധുനികസാഹിത്യവും വ്യത്യസ്തലക്ഷ്യങ്ങളോടെ, വ്യത്യസ്തരീതിയില്‍ ഈ അവസ്ഥയെ എതിരിട്ടിരുന്നു. എങ്കിലും വായനക്കാരിലും എഴുത്തുകാരിലും വളരെയേറെപ്പേരിലും ആ അറച്ചില്‍ വലിയ മാറ്റമൊന്നും കൂടാതെ ഇപ്പോഴും നിലനില്‍ക്കുന്നു. അതുകൊണ്ടാണ് അമ്പുരാജ് എഴുതിയ തേന്‍ചക്ക്‌ളി, അന്നം, വെളുത്ത രാത്രി, എന്നിവയുടെ ഗണത്തില്‍പ്പെടുന്ന കഥകള്‍ ഇപ്പോഴും ഇവിടെ അധികമൊന്നും ഉണ്ടാവാത്തത്. 'മരിച്ചവരുടെ മനുഷ്യനി'ലെ കഥകളിലൂടെ കടന്നുപോകുമ്പോള്‍ ഈയൊരു വസ്തുത നാം പ്രേത്യകമായി ഓര്‍മ്മിക്കുക തന്നെ ചെയ്യും. അനുഭവസ്വീകരണത്തിലും ആവിഷ്‌ക്കാരവടിവിലും ഭാഷയിലുമെല്ലാം തികച്ചും വ്യത്യസ്തമായ സ്വത്വം സൂക്ഷിച്ചുകൊണ്ടാണ് അത്യൂത്തരകേരളത്തിലെ ജീവിതം ഇപ്പോഴും നിലനില്‍ക്കുന്നത്. കഥാത്മകം എന്നു വിശേഷിപ്പിക്കാവുന്ന ചില സവിശേഷഗുണങ്ങള്‍ ആ ജീവിതത്തിനുണ്ട്. ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും മറ്റു നാട്ടു വഴക്കങ്ങളിലുമൊക്കെയായുളള അതിന്റെ പടര്‍പ്പുകളിലേറെയും ഇനിയും എഴുത്തിന്റെ കണ്‍വെട്ടത്തിലേക്ക് വന്നിട്ടില്ല. അതുകൊണ്ടു തന്നെ വ്യക്തികളുടെ ആന്തരിക ജീവിതത്തില്‍ നിന്നു മാത്രമല്ല പൊതു ജീവിത പരിസരങ്ങളില്‍ നിന്നും അനായാസമായി കഥാവസ്തു കണ്ടെത്തുന്ന കാര്യത്തില്‍ ഈ പ്രദേശത്തുളള എഴുത്തുകാര്‍ക്ക് കേരളത്തില്‍ ഇതരഭാഗങ്ങളിലുളളവരേക്കാള്‍ ആത്മവിശ്വാസമനുഭവപ്പെടേണ്ടതാണ്. അക്കാര്യം ഇവിടുത്തെ ഏറ്റവും പുതിയ തലമുറയിലെ എഴുത്തുകാരെ ഓര്‍മ്മിപ്പിക്കാനും ഈ സമാഹാരം സഹായിച്ചേക്കും.

മൂന്നാമത്തെ കാര്യം 'മരിച്ചവരുടെ മനുഷ്യനി'ല്‍ ചേര്‍ത്തിരിക്കുന്ന 'മഞ്ഞുപെയ്യുന്നത്' എന്ന കഥയിലൂടെ വെളിപ്പെടുത്തുന്നതാണ്. ഭൂഖണ്ഡാന്തരങ്ങളില്‍ ദാമ്പത്യബന്ധങ്ങളും വ്യാപാരസ്ഥാപനങ്ങളും നിലനിര്‍ത്തുന്ന, ജന്മംകൊണ്ട് വിയറ്റ്‌നാംകാരനായ ഹുങ്ങ് എന്ന മനുഷ്യനാണ് കഥയിലെ നായകന്‍. അള്‍ഷിമേഴ്‌സും സോംമ്‌നാംബുലിസവുമൊക്കെ ബാധിച്ചു തുടങ്ങി ഹുങ്ങ് അമേരിക്കയില്‍ ബീജബാങ്കും റഷ്യയില്‍ ഫ്‌ളാറ്റ് ബിസിനസ്സും ചൈനയില്‍ കാര്‍ഫാക്ടറിയും ആഫ്രിക്കയില്‍ തുകല്‍വ്യാപാരവുമൊക്കെ ഉളളയാളാണ്. ''മറവി ബാധിച്ചവന് ആഗോളമനുഷ്യനായി ഇനിയും തുടരുവാന്‍ കഴിയുകയില്ല. ഓര്‍മ്മകള്‍ ഇല്ലാതായവന് ഒരു ദേശം പോലും വേണ്ടിവരില്ല. ഒരു വീട്ടിലേക്കൊതുങ്ങും അവന്റെ ലോകം. ചിലപ്പോള്‍ അതിലും ചുരുങ്ങി ഒരു കിടക്കയോളം.'' എന്നുളള അയാളുടെ പ്രസ്താവവുമെല്ലാം ഇനിയും പൂര്‍ണ്ണമായ വ്യക്തത വന്നുകഴിഞ്ഞിട്ടില്ലാത്ത അനേകം പുതിയ ആശങ്കകളുടെയും ഭീതികളുടെയും പരിസരങ്ങളിലേക്കാണ് വായനക്കാരെ കൊണ്ടുപോകുന്നത്. വടക്കന്‍കേരളത്തിന്റെ മണ്ണില്‍ നിന്ന് കഥാകാരന്‍ നടത്തുന്ന ഈ വഴി വിട്ട യാത്ര മലയാളിയുടെ കഥ മേലില്‍ മലയാളക്കരയ്ക്ക് പുറത്തേക്ക് വേരുകള്‍ പടര്‍ത്തിയാവും വളരുക എന്നോ ഒരു വേള ഒരുപടികൂടി കടന്ന് അങ്ങനെ മാത്രമേ ഇനി അതിന് വളരാനാവൂ എന്നോ എന്ന സൂചന നല്‍കുന്ന ഒന്നാണ്. ഈ സൂചനയില്‍ ആഹ്ലദിക്കുകയോ ദു:ഖിക്കുകയോ ചെയ്യുന്നതില്‍ കാര്യമില്ല. നമ്മുടെ ജീവിതം അതിന്റെ ഭൗതീകമായ നിലനില്‍പ്പിനു തന്നെ അരികെയും അകലെയുമുളള അന്യദേശങ്ങളെ വന്‍തോതില്‍ ആശ്രയിച്ചു തുടങ്ങിയിരിക്കുന്നുവെന്നും നമ്മുടെ മനോലോകവും ദേശം എന്ന തട്ടകത്തില്‍ ഒതുങ്ങാതാവുന്നു എന്നും ഉളള യാഥാര്‍ത്ഥ്യത്തില്‍ നിന്ന് രൂപം കൊണ്ടതാണ് അത് എന്ന വസ്തുത അംഗീകരിക്കുകയാണ് പ്രധാനം.
(മരിച്ചവരുടെ മനുഷ്യന് എഴുതിയ അവതാരികയില്‍ നിന്ന്)

No comments:

Post a Comment

താങ്കൾ എന്തുപറയുന്നു പുസ്തക വിചാരത്തെപ്പറ്റി ?