Monday, January 16, 2012

മുണ്ടൂര്

പുസ്തകം : മുണ്ടൂര്
രചയിതാവ് : മുണ്ടൂര്‍ സേതുമാധവന്‍

പ്രസാധകര്‍ : ഗ്രീന്‍ ബുക്സ്

അവലോകനം : ജ്യോതിബായ് പരിയാടത്ത്




എന്നില്‍ ഭയവും വിസ്മയവും ഉന്മാദവും പ്രത്യാശയും നിറയ്ക്കുന്ന എന്റെ പ്രിയപ്പെട്ട കല്ലടിക്കോടന്‍ മലയ്ക്ക്‌'

വരികള്‍ ഒരു സമര്‍പ്പണത്തിന്റേതാണ്‌. പതിനെട്ടു കഥകളുടെ സമാഹാരമായ 'മുണ്ടൂര്‍' എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവായ മുണ്ടൂര്‍ സേതുമാധവന്‍ തന്റെ ഈ കൃതി എന്തുകൊണ്ടാണ്‍്‌ കല്ലടിക്കോടന്‍ മല എന്ന നിശ്ചലസാന്നിദ്ധ്യത്തിനു് സമര്‍പ്പിക്കുന്നത്‌ എന്ന സംശയം ഒരു സാധാരണ വായനക്കാരനുണ്ടാവുക സ്വാഭാവികം . സംശയനിവാരണം വരുത്താനായി സമാഹാരത്തിലെ കഥാപ്രകൃതിയിലൂടെ ഏറിയ യാത്രയൊന്നും നടത്തേണ്ടി വരുകില്ല. ഇളംനിലാവിറങ്ങി വരുന്ന ഒരു കുന്നിന്റെ ചിത്രം തെളിയുന്ന ആദ്യകഥയില്‍ത്തന്നെ അങ്ങേയറ്റം സചേതനമായ ഒരു ജൈവഭൂമികയിലേയ്ക്കുള്ള വഴിയില്‍ വായനക്കാരന്‍ എത്തുകയും ഇതു തന്നെയല്ലേ തുടക്കത്തില്‍ പരാമര്‍ശിക്കപ്പെട്ട കല്ലടിക്കോടന്‍മലയിലേയ്ക്കുള്ള കഥയുടെ നിലാവിറങ്ങുന്ന വായനാവഴി എന്ന തിരിച്ചറിവ്‌ അവനുണ്ടാവുകയും ചെയ്യുന്നു. സേതുമാധവനെന്ന മുണ്ടൂര്‍ക്കാരനായ കഥാകൃത്തിനാകട്ടെ തന്റെ ഹിമാലയം തന്നെയാകുന്നു കല്ലടിക്കോടന്‍ മല .

ഓര്‍മ്മകളില്‍ എന്നോ മരിച്ചെന്നു കരുതിയ ഗ്രാമത്തിലേയ്ക്ക്‌ തിരിച്ചെത്തുന്ന നിമിഷം . കാലമെന്ന കഴായ ചാടാന്‍ ഏറെയൊന്നും ശ്രമപ്പെടേണ്ടിവരുന്നില്ല ഗോപിയ്ക്ക്‌. പുകച്ചില്ലിനപ്പുറത്ത്‌ തെളിയുന്ന അനേകം മുഖങ്ങളില്‍ മറക്കാന്‍ ശ്രമിച്ചവയായിരുന്നു ഏറെ . അമ്മ, പെങ്ങന്മാര്‍, ഏട്ടന്‍ കൂട്ടുകാരി. കാലം വലിച്ചിട്ട ഇല്ലാത്തിരക്കുകളുടേയും അകര്‍മ്മണ്യതയുടെയും മുഖമൂടിയില്‍ നിസ്സഹായന്റെ ഷണ്ഡത്വം പക്ഷേ സമര്‍ത്ഥമായി മറഞ്ഞിരുന്നു. പതിവുവരവിലെ പതിവുവിശേഷം പോലെ അമ്മയുടെ മരണവും ഏട്ടന്റേയും പെങ്ങന്മാരുടെയും പരിദേവനവും മനസ്സിനെ തൊട്ടേയില്ല എന്നു ഭാവിച്ചുകൊണ്ടുള്ള മടക്കയാത്ര. മറവിയുടെ ഏതു നാട്യത്തിനും മേലേ തെളിയുന്ന, തലോടുന്ന ഒന്നായി, അമ്മ ഇപ്പോഴും കൂടെ എന്ന ഭ്രമകല്പനയോടെ അവസാനിക്കുന്ന 'പണ്ടൊരിക്കലി'ല്‍ വെളിപ്പെടുന്നത്‌ നിസ്സഹായതയുടെ മുഖാവരണത്തിനുള്ളിലെ അമര്‍ത്താന്‍ മാത്രം വിധിക്കപ്പെട്ട സ്നേഹത്തിന്റേയും കടപ്പാടിന്റേയുമൊക്കെ ചില കടലിരമ്പങ്ങളേയാണ്‌.

ആരാണു രാമന്‍കുട്ടി? എന്താണയാള്‍ നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നത്‌? പറയാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്‌? മുണ്ടൂരിലെ രണ്ടാമത്തെ കഥ. രാമന്‍കുട്ടി പറഞ്ഞത്‌. രാമന്‍കുട്ടി ഒരു പ്രതീകമാണ്‌. ഏതൊരു ശരാശരി മനുഷ്യനുമുള്ളില്‍, ജീവിതത്തിലെ ഓരോ കാല്‍വെയ്പിന്നും താളമെന്നപോലെ നിരന്തരം പിറുപിറുക്കുന്ന, കലഹിക്കുന്ന, മുഖം വീര്‍പ്പിക്കുന്ന, ഉപദേശിക്കുന്ന, പിന്‍വിളിക്കുന്ന, വിമര്‍ശിക്കുന്ന ഒരു അപരനുണ്ട്. ഇവിടെ രാമന്‍കുട്ടി ആ മറ്റേയാളാകുന്നു.

ജീവിതത്തിന്റെ വരണ്ട വേനല്‍പ്പാതകള്‍ ആയാസത്തോടെ പിന്നിടുമ്പോഴും നമ്മെ മുന്നോട്ടു നടത്തുന്നത്‌ ചില പ്രത്യാശകളാണ്‌. ഏതോ തിരിവില്‍ കാത്തിരിക്കുന്ന വസന്തം, പിന്നിട്ട വഴികളില്‍ കൈവിട്ടുപോയെന്നു കരുതിയ ചില അപ്രതീക്ഷിതാഹ്ലാദങ്ങള്‍, സൌഭാഗ്യങ്ങള്‍. ബന്ധങ്ങളൊക്കേയും വെയിലില്‍ കരിഞ്ഞുവീഴുന്ന പൂക്കളെപ്പോലെയാണെന്നറിയുമ്പോഴും ഇനിയൊരു തിരിഞ്ഞുനോട്ടമില്ലെന്ന് ഉള്ളിലുറയ്ക്കുമ്പോഴും ചിലത് ഓര്‍മ്മകളില്‍ വൈരസ്യം നിറയ്ക്കുന്നവയാണെങ്കില്‍പ്പോലും ചിലതെങ്കിലും അഴിക്കാനാവാത്ത കടുംകെട്ടുകളാണെന്ന തളര്‍ത്തുന്ന തിരിച്ചറിവുകള്‍ തരുന്ന രണ്ടു് കഥകളാണ്‌ ഇടവഴിയിലെ വസന്തവും പുറപ്പാടും.

മനസ്സിനെ വന്നുതൊടുന്ന കഥാതന്തു. ആവിഷ്കാരലാളിത്യം, പുതുമ എന്നിവകൊണ്ടു് മികച്ചു നില്ക്കുന്ന കഥയാണ്‌ ഏട്ടന്‍ വന്നു. സ്നേഹനിധിയായ സഹോദരനെ കാണാനായി കാത്തിരുന്ന സഹോദരിയ്ക്കടുത്തേയ്ക്ക്‌ എത്തുന്നത്‌ ഏട്ടന്റെ ഭാര്യയാണ്‌. വളരെക്കുറച്ചു വരികളിലൂടെ വരച്ചിടുന്ന ഒരു ദുരന്തത്തിന്റെ സൂചന പരിണാമഗുപ്തിയില്‍ തെളിയുമ്പോള്‍ വായനക്കാരനിലേക്കും ഈ കഥയിലെ വിഷാദം പടരുന്നു.

ഇന്നലെയുടെ കലഹങ്ങളും കാലുഷ്യങ്ങളും, നാളെയെക്കുറിച്ചുള്ള ആകുലതകളും വിഹ്വലതകളൂം, ഇന്നിലേയ്ക്ക്‌ പ്രസന്നമായ വെളിച്ചത്തിന്റെ ഒരു കിരണം പോലും പ്രസരിക്കാനില്ലാത്തവിധം നിഴല്‍മൂടിയ ജീവിതപരിസരങ്ങള്‍. ഇതൊക്കെയാണ്‌ മുണ്ടൂരിലെ മിക്കവാറും കഥകളിലും കാണുന്നത്‌. ഈ കൂട്ടത്തില്‍ ചേരാതെ രണ്ടോ മൂന്നോ കഥകളെങ്കിലും പക്ഷേ മാറിനില്ക്കുന്നുമുണ്ട്. നാളെയ്ക്കു നീളുന്ന സ്വപ്നം ആണ്‌ ആദ്യത്തേത്‌ . സ്വത്വസന്നിഗ്ദ്ധതയാണു് വിഷയമെങ്കിലും കൈകാര്യംചെയ്ത രീതിയില്‍ പുതുമ അവകാശപ്പെടാവുന്നതാണ്‌ ഈ കഥ. മറ്റൊരു വേറിട്ട ആവിഷ്കാരമാണ്‌ മുണ്ടൂര്‍ എന്ന കഥ. സൃഷ്ടിയുടെ നോവിന്റെ പൊറുതികേടുകള്‍ - ഭാര്യയില്‍നിന്നും ആദ്യം പകരുന്നത്‌ ഭര്‍ത്താവിലേയ്ക്കുതന്നെ. നിവൃത്തികേടുകളുടെ ഘോഷയാത്രക്കിടയില്‍ അയാള്‍ക്കുനേരെ നീളുന്ന ഉദാരതയുടെ ഹസ്തങ്ങളും നന്മയുടെ സ്പര്‍ശങ്ങളും. കഥാന്ത്യത്തില്‍ വായനക്കാരനും ആശ്വാസത്തിന്റേതായ ഒരു തളര്‍ന്ന നെടുവീര്‍പ്പയക്കാനും ഒന്നു പുഞ്ചിരിക്കാനും വകുണ്ട് ഈ കഥയില്‍ .

'രക്ഷിക്കുവാന്‍ കടപ്പെട്ടവനില്‍നിന്നും ഇക്ഷിതിഗര്‍ഭത്തില്‍ രക്ഷ തേടുന്നവള്‍ എന്നു പെണ്ണിനെ പെങ്ങള്‍- എന്ന കവിതയില്‍ ആവിഷ്കരിച്ചത്‌ ഒ. എന്‍. വിയാണ്‌. ഉണ്ണിയാര്‍ച്ച കരയുന്നു എന്ന മുണ്ടൂര്‍ക്കഥയിലെ ഉണ്ണിയാര്‍ച്ചയായവള്‍ കരയുന്നത്‌ അതുപോലെ രക്ഷകനെന്നു വിശ്വസിച്ചവന്റെ വിശ്വരൂപദര്‍ശനത്തിലാണ്‌. പക്ഷേ സീതയെപ്പോലെ ഒഴിഞ്ഞുപോകാനല്ല സ്വയം രക്ഷിക്കുന്ന ഉണ്ണിയാര്‍ച്ചയാവാനാണ്‌ അവള്‍ താല്പര്യപ്പെടുന്നത്‌.

തന്റെ പട്ടിണിയെക്കുറിച്ചോര്‍ക്കാതെ പോളണ്ടിന്റെ ജയാപജയങ്ങളെക്കുറിച്ചു വ്യാകുലപ്പെടുന്ന പാതപ്പണിക്കാരന്‍ രാമാണ്ടി, നമുക്ക്‌ മുണ്ടു മുറുക്കിയുടുക്കാം എന്ന കഥയിലെ ഹരിദാസന്‍മാഷ്‌, സൂര്യ, രാഘവന്‍ കുട്ടി.. വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളുടെ നിര നീളുന്നു.

പൊള്ളുന്ന ജീവിതസമസ്യകളൊന്നും കൈകാര്യം ചെയ്യുന്നില്ല, വായനക്കാരന്റെ സംവേദനക്ഷമതയെ വെല്ലുവിളിക്കുന്നില്ല, എന്നാല്‍പ്പോലും പാരമ്പര്യത്തില്‍ നിന്നുള്ള ഒരു മാറിനടത്തം ഈ സമാഹാരത്തില്‍ സൂക്ഷ്മത്തില്‍ തിരിച്ചറിയാന്‍ കഴിയുന്നുണ്ട്‌. ഒപ്പം രചനയിലെ മുണ്ടൂര്‍വല്‍ക്കരണം ഏതാണ്ടു് എല്ലാ കഥകളിലും തന്നെ അനുഭവവേദ്യമാകുന്നുണ്ടു്. പാത്രമനസ്സുകളിലെ കലാപക്കാറ്റ്‌ വായനക്കാരനിലേയ്ക്കു വീശിയെത്തുണ്ടു്. പലപ്പോഴും വര്‍ത്തമാനം അവനവനോടുള്ളതാണെങ്കില്‍പ്പോലും ഇയാള്‍ എന്റെയുള്ളിലുമുണ്ടല്ലോ എന്ന തിരിച്ചറിവ്‌ വായനക്കാരനുണ്ടാവുന്നുണ്ടു്. മുണ്ടൂരും അതിലെ കഥകളൂം നമ്മുടെ തന്നെ കഥയോ നമുക്കുചുറ്റും സംഭവിച്ച സംഭവിച്ചുകൊണ്ടിരിക്കുന്ന കഥകളോ ഒക്കെയായി മാറുന്നുമുണ്ടു്.

No comments:

Post a Comment

താങ്കൾ എന്തുപറയുന്നു പുസ്തക വിചാരത്തെപ്പറ്റി ?