രചയിതാവ് : ചങ്ങമ്പുഴ കൃഷ്ണപിള്ള
പ്രസാധനം : ഡി.സി.ബുക്സ്
അവലോകനം : കെ.എ.ബീന
പന്ത്രണ്ടു വയസ്സുള്ളപ്പോഴാണ് 'രമണന്‍' എനിക്ക് സ്വന്തമാകുന്നത്. പ്രസംഗമത്സരത്തില്‍ സമ്മാനമായി കിട്ടിയ ''ചങ്ങമ്പുഴക്കൃതികള്‍''.
''മലരണിക്കാടുകള്‍ തിങ്ങി വിങ്ങി''യും, ''കനകച്ചിലങ്ക കിലുങ്ങി കിലുങ്ങി''യുമൊക്കെയായി അതിനും മുമ്പേ ചങ്ങമ്പുഴ കൃഷ്ണപിള്ള എന്ന കവി വായനയുടെ പൂന്തോപ്പിലെത്തിയിരുന്നു. എന്നാല്‍ 'രമണന്‍' വന്നത് മറക്കാനാവാത്ത ഒരനുഭവമായിത്തന്നെയാണ്, നീട്ടി നീട്ടി പാടിച്ചൊല്ലി കരഞ്ഞു തളര്‍ന്നുറങ്ങിയ ഒരു രാത്രി.... ആ രാത്രി ഇടപ്പള്ളി രാഘവന്‍പിള്ള സ്വപ്നത്തില്‍ വന്നു, ആട്ടിടയന്മാരുടെ വേഷം എന്താണെന്നു അറിയാത്തതുകൊണ്ട് സ്വപ്നത്തില്‍ വള്ളിനിക്കറിട്ടൊരു കൊച്ച് പയ്യനായിരുന്നു സ്വപ്നത്തിലെ രമണന്‍.... പന്ത്രണ്ട് വയസ്സുകാരി പെണ്‍കുട്ടി രമണനോട് പറഞ്ഞു.
''ചന്ദ്രിക പോയെങ്കില്‍ പോട്ടെ, ഞാനില്ലേ ഇവിടെ കൂട്ടിന്. നമുക്ക് പാടി നടക്കാം....''
പിന്നീടുള്ള ദിവസങ്ങളില്‍ കുത്തിയിരുന്ന് രമണന്‍ ഹൃദിസ്ഥമാക്കുകയായിരുന്നു.... ദൈവമേ എന്തൊരു ഒഴുക്ക്, എന്തൊരു വാക്യഭംഗി. ചന്ദ്രിക പെട്ടെന്ന് തന്നെ ശത്രുവായി, സ്വാര്‍ത്ഥ, ദുഷ്ട, നീച- ഭാവനയില്‍പോലും ദ്രംഷ്ടകള്‍ മുളച്ച് വന്നു. പിന്നീട് പല കാലത്തും പലരും ചന്ദ്രികയാണെന്ന് കേട്ടു, അവര്‍ക്കൊന്നും പക്ഷേ, സങ്കല്പത്തിലെ ചന്ദ്രികയുടെ ദുഷ്ടമുഖം അവര്‍ക്കൊന്നും കണ്ടില്ല.
സ്‌കൂളില്‍ കഥാപ്രസംഗ മത്സരത്തിന് പങ്കെടുക്കാന്‍ പേരൂര്‍ക്കട സ്കൂളിലെ സുകുമാരന്‍ കല്ലുവിള സാര്‍ രമണനെ ആ രൂപത്തില്‍ ചിട്ടപ്പെടുത്തി. നീട്ടിപ്പാടി.
''കണ്ടിട്ടില്ല ഞാനീവിധം മലര്‍-
ച്ചെണ്ടുപോലൊരു മാനസം.
എന്തൊരത്ഭുത പ്രേമസൗഭഗം
എന്തൊരാദര്‍ശ സൗരഭം''
''പറയൂ പരസ്പരം നാമറിയാ-
തൊരു രഹസ്യം പോലും മന്നിലുണ്ടോ?''
''സ്ഥിരതയില്ലി പ്രപഞ്ചത്തിലൊന്നിനും
കപടതയ്‌ക്കേ കഴിഞ്ഞിടൂ
കാഞ്ചന ജയപതാകയൊന്നിവിടെ പറത്തുവാന്‍''
''ഇക്കല്ലറ തന്‍ ചവിട്ടു പടിയിലൊ-
രല്പമിരുന്ന് കരഞ്ഞേച്ച് പോകണേ.
അസ്സൗഹൃദാശ്രുക്കള്‍ കണ്ടുകൊണ്ടെങ്കിലു-
മാശ്വസിക്കട്ടെയൊന്നിപ്രേമഗായകന്‍''
കഥാപ്രസംഗത്തിനൊടുവില്‍ ഞാന്‍ പൊട്ടിക്കരഞ്ഞു. കേട്ടുനിന്ന ടീച്ചര്‍മാരും കുട്ടികളും കരഞ്ഞു. കരച്ചില്‍ മാറ്റാന്‍ അന്നമ്മടീച്ചര്‍ മിഠായി തന്നു. (വാഴക്കുല കഥാപ്രസംഗമായി അവതരിപ്പിച്ചപ്പോഴും ഇതേ രംഗങ്ങള്‍ ആവര്‍ത്തിച്ചു.) എത്രയെത്ര വിദ്യാലയങ്ങളില്‍, എത്രയെത്ര സദസ്സുകളില്‍, ഏകാന്ത വായനാമുറികളില്‍ 'രമണന്‍' കണ്ണീര്‍ വീഴ്ത്തിച്ചിട്ടുണ്ടാകും?
75 വര്‍ഷങ്ങള്‍ - ഇന്നും രമണന്‍ മലയാളിയുടെ പുസ്തകവായനയില്‍ പുതുമയേകി നിലനില്ക്കുന്നു. മലയാളത്തിലെ ആദ്യ പാസ്റ്ററല്‍ (ഇടയകാവ്യം) കൃതി യെന്ന് വിശേഷിപ്പിക്കപ്പെട്ട 'രമണന്‍' ഓരോ വായനക്കാരനും അവന് സ്വന്തമായ വായനാനുഭവമാണ് പകര്‍ന്നു നല്കിയത്. പിന്നാലേ പിന്നാലേ എഡിഷനുകള്‍ ഇറങ്ങി മലയാളിയെ അമ്പരപ്പിച്ച 'രമണന്‍' ആസാമിലും ബംഗാളിലുമൊക്കെ പട്ടാള ബാരക്കുകളില്‍ മലയാളി യുവത്വത്തിന് വികാരതീവ്രമായ സാന്ത്വനമോ സങ്കടമോ ഒക്കെയേകി കൂടെ ചെന്നു.
എം.ടി. വാസുദേവന്‍ നായര്‍ 'രമണന്‍'പകര്‍ത്തി എഴുതിയെടുത്ത് വായിച്ചതിനെക്കുറിച്ച് പറഞ്ഞിട്ടുണ്ട്.
''ബീച്ചിലും ബാല്‍ക്കണിയിലും ബോട്ടുജെട്ടിയിലും വണ്ടിത്താവളങ്ങളിലും, മടപ്പള്ളിയിലും മാളികമച്ചിലും കുടിലിലും വയലിലും ഫാക്ടറിയിലും പടപ്പാളയത്തിലും കുറെ നാളായിട്ട് 'രമണന്‍' ആണ് ഒന്നാം പാഠം.'' എന്നാണ് ജോസഫ് മുണ്ടശ്ശേരി രമണന്റെ അവതാരികയില്‍ പറഞ്ഞിരിക്കുന്നത്.
''ഗ്രാമീണസൗന്ദര്യപ്പുളപ്പിന്റെ പശ്ചാത്തലമൊരുക്കുക, അതില്‍ ഗ്രാമീണാനുരാഗകഥയുടെ കോരിത്തരിപ്പിക്കുന്ന രംഗങ്ങള്‍ സ്വരൂപിച്ച് യഥാസ്ഥാനം വിനിശേഷിപ്പിക്കുക, പാത്രങ്ങളെയും കര്‍മ്മഭാവങ്ങളെയും അപായകരമായ ഔചിത്യ ക്ഷതി പറ്റാത്ത വിധം ഇണക്കിക്കൊള്ളിക്കുക, യവനനാടകങ്ങളിലെ ''കോറസ്'' പോലുള്ള ഗായകസംഘങ്ങളെ കൊണ്ടിടക്കൊളുത്തിടുവിച്ച് കഥയെ സുഘടിതമാക്കുക - ഇത്രയും ഈ കാവ്യത്തിലെ നേട്ടങ്ങളാണ്''എന്നും മുണ്ടശ്ശേരി പറഞ്ഞിട്ടുണ്ട്. ബൗദ്ധികമായോ അക്കാദമിക് രീതികളിലോ 'രമണനെ' വിലയിരുത്താന്‍ ഞാനൊരിക്കലും ശ്രമിച്ചിട്ടില്ല. 'കാതോടുകാതോരം' പറയുന്നൊരു കഥയാണത്.. ആ കഥ.. മനസ്സില്‍ പതിഞ്ഞുപോയെങ്കില്‍ അതിന് കാരണം അതിന്റെ കാവ്യഭംഗിയാണ്. ഓരോ വായനയിലും രമണന് ആര്‍ജ്ജവം കൂടുന്നതേയുള്ളൂ. പദസ്വാധീനത്തിന്റെ കാര്യത്തിലും കാവ്യനിര്‍മ്മിതിയുടെ കാര്യത്തിലും 'രമണന്‍' പലപ്പോഴും നല്ലൊരു വഴികാട്ടിയാണ്.
ഒരു കൊച്ചുനാട്ടിലെ കൊച്ചൊരു ഭാഷയില്‍ ഉണ്ടായൊരു വലിയ കൃതി-
ടെന്നിസന്റെ 'ഇന്‍ മെമ്മോറിയം', മില്‍ട്ടന്റെ 'ലിസിഡസ്' സ്‌പെന്‍ഡറിന്റെ 'ഷെപ്പേര്‍ഡ്‌സ് കലണ്ടര്‍' ഇംഗ്ലീഷ് സാഹിത്യത്തിലെ 'പാസ്റ്ററല്‍ എലിജി'കള്‍ വിശ്വപ്രസിദ്ധമായി നിലനില്ക്കുമ്പോള്‍ നമ്മുടെ 'രമണന്‍' 75ന്റെ നിറവില്‍ തിളങ്ങി നില്‍ക്കുന്നു എന്നത് സന്തോഷകരമായ കാര്യമാണ്. ഇപ്പോഴത്തെ വായനയില്‍
''ഹാ മരിച്ചാലും, മഹശ്വരനായ്ഗ്ഗാന-
സീമയില്‍ നില്‌പോരു ഗന്ധര്‍വ്വനാണ് നീ''
എന്ന രമണന്റെ വരികള്‍ തന്നെയാണ് 'രമണന്റെ' കയ്യൊപ്പായി നില്ക്കുന്നത്.
ഞാന്‍ ഏറ്റവും ഇഷ്ടപ്പെടുന്ന പുസ്തകം -കവിത.
ReplyDeleteപഠിക്കുന്ന കാലത്ത് എന്നിലെ കവിതാവാസനയെ പ്രോല്‍സാഹിപ്പിച്ചു
കൊണ്ട് എന്റെ സലാം മാഷ് എനിക്ക് സമ്മാനിച്ച പുസ്തകം.ഇതിലെ
പലതും കാണാതെ അറിയാമായിരുന്നു.ഇപ്പോള്‍ ചങ്ങമ്പുഴയുടെ ഡി,സി,ബി ഇറക്കിയ രണ്ടു സമാഹാരങ്ങളും ഞാന്‍ വാങ്ങിയിട്ടുണ്ടെന്നു ആഹ്ലാദപൂര്‍വം പറയട്ടെ.നന്ദി...
നന്നായിരിക്കുന്നു
ReplyDeleteആശംസകള്‍