Thursday, January 19, 2012

ഡ്യൂപ്പ്

പുസ്തകം : ഡ്യൂപ്പ്
തയ്യാറാക്കിയത് : അരുൺ എഴുത്തച്ഛൻ
പ്രസാധകര്‍ : ഡി.സി.ബുക്സ്
അവലോകനം : നിരക്ഷരൻ
സു
രയ്യാ ബാനുവോ, അതാര്? എന്നാരെങ്കിലും അത്ഭുതപ്പെട്ടാല്‍ തെറ്റ് പറയാനാവില്ല. കാരണം, ഇങ്ങനെയൊരു സിനിമാ നടിയെപ്പറ്റി പലരും കേള്‍ക്കുന്നത് തന്നെ ആദ്യമായിട്ടായിരിക്കും. അരുണ്‍ എഴുത്തച്ഛന്‍ തയ്യാറാക്കിയ പുസ്തകം ഡി.സി. ബുക്ക്‌സ് പുറത്തിറക്കിയതുകൊണ്ട് ഇങ്ങനൊരു നടിയുടെ പേര് ഞാനും ആദ്യമായിട്ട് കേട്ടു. തെന്നിന്ത്യയിലെ രതിനായികമാരില്‍ പലര്‍ക്കും വേണ്ടി ഡ്യൂപ്പ് അല്ലെങ്കില്‍ 'ബോഡി ഡബിള്‍' ആയി മാത്രം തിരശ്ശീലയില്‍ പ്രത്യക്ഷപ്പെട്ടതുകൊണ്ടാണ് സുരയ്യാ ബാനു അറിയപ്പെടാത്ത നടിയായിപ്പോയത്. ഒരുകാലത്ത് മമ്മൂട്ടി - മോഹന്‍ലാല്‍ ചിത്രങ്ങള്‍ക്ക് പോലും രക്ഷപ്പെടുത്താന്‍ കഴിയാതെ പോയ മലയാള സിനിമാ വ്യവസായത്തെ, താങ്ങി നിര്‍ത്തിയിരുന്ന ഷക്കീല എന്ന അ പടം നായികയുടെ രൂപസാദൃശ്യം ഉണ്ടായതുകൊണ്ട്, ഷക്കീലയുടെ സിനിമകളില്‍ ഉടുവസ്ത്രം ഉരിഞ്ഞുള്ള ബിറ്റ് ഭാഗങ്ങള്‍ 'അഭിനയിച്ചിരുന്നത് ' സുരയ്യാ ബാനുവായിരുന്നത്രേ!. കോടാമ്പക്കത്തും വടപളനിയിലുമൊക്കെ ഉപ്പയുടെ കൈ പിടിച്ച് നടന്ന് സിനിമാക്കാരെ നേരിട്ട് കാണാന്‍ 'ഭാഗ്യ'മുണ്ടായിട്ടുള്ള ഒരു പെണ്‍കുട്ടി, സിനിമയോടുള്ള അതിയായ അഭിനിവേശം കാരണം കോടാമ്പക്കത്തിന്റെ അഴുക്കുചാലിലേക്ക് കൂപ്പുകുത്തിയ കഥകളാണ് 'ഡ്യൂപ്പ് ' എന്ന ആത്മകഥയില്‍.

സിനിമാ നടിയാകാന്‍ കൊതിച്ച് തട്ടിപ്പുകള്‍ക്ക് ഇരകളാവുന്നവരുടെ ഒരുപാട് പെണ്‍കുട്ടികളുടെ കഥയാണിത്. തട്ടിപ്പെന്നു പറഞ്ഞാല്‍ പ്രധാനമായും ലൈംഗികചൂഷണം തന്നെ. ഒരു സിനിമയില്‍ തലകാണിക്കാനായി ഏതെങ്കിലും മൂന്നാംകിട സംവിധായകന്റെയോ നിര്‍മ്മാതാവിന്റെയൊ കിടക്കപങ്കിടാന്‍ അധികമൊന്നും ആലോചിക്കാത്ത ഒരുപാട് പെണ്‍കുട്ടികളില്‍ ഒരാള്‍ മാത്രമാണ് സുരയ്യാ ബാനുവും. സിനിമയ്ക്ക് വേണ്ടി മാത്രമേ കഥാനായിക അങ്ങനൊരു കാര്യം ചെയ്തിട്ടുള്ളൂ എന്നതാണ് 'ഡ്യൂപ്പി'ല്‍ അവര്‍ എടുത്തുപറയുന്നത്. വഞ്ചിക്കപ്പെട്ടു എന്നറിയുമ്പോള്‍ വ്യസനിക്കുകയും ചെയ്യുന്നുണ്ട് സുരയ്യ. ലൈംഗിക ചൂഷണം സിനിമയ്ക്ക് പുറത്തേക്ക് കടക്കുമ്പോള്‍ ഇവരില്‍ പലരും വെറും തെരുവ് വേശ്യകളുടെ നിലവാരത്തിലേക്ക് കടക്കുന്നുണ്ട്. അത്തരത്തില്‍ മുഴുവനുമായി ശരീരം വിറ്റ് ജീവിക്കാന്‍ നില്‍ക്കാതെ, കൈയ്യിലുള്ള സാമ്പത്തികശാസ്ത്ര ബിരുദത്തിന്റേയും, ഹിന്ദി പണ്ഡിറ്റ് സര്‍ട്ടിഫിക്കറ്റിന്റേയും ബലത്തില്‍, സുരയ്യ ബാനു കോടാമ്പാക്കത്തിന്റെ വൃത്തികേടുകളില്‍ നിന്ന് രക്ഷപ്പെട്ട്, കല്യാണമൊക്കെ കഴിച്ച് ഒരു അദ്ധ്യാപികയായി ജീവിതം നയിക്കുകയാണിപ്പോള്‍.

എങ്ങനെയാണ്, എവിടെയൊക്കെയാണ് മസാല സിനിമകളിലെ സീനുകള്‍ നിര്‍മ്മിക്കപ്പെടുന്നത്. അതിനായി കോടാമ്പക്കത്തുള്ള സൗകര്യങ്ങള്‍ എന്തൊക്കെയാണ്. ഏതൊക്കെ പൊലീസുകാരുടെ വീടുകള്‍ വരെ ഇതിനായി ഉപയോഗിക്കുന്നുണ്ട്, എന്തുകൊണ്ടാണ് പല മാദകനടികളും ഒരു സിനിമയ്ക്ക് മൊത്തത്തില്‍ കൂലി വാങ്ങുന്നതിന് പകരം ഒരു ദിവസത്തേക്ക് കൂലി വാങ്ങാന്‍ തുടങ്ങിയത്, എന്നിങ്ങനെ പല കാര്യങ്ങളും 'ഡ്യൂപ്പ് ' പറയുന്നുണ്ട്. ഇതില്‍ പലതും വായനക്കാരന് അത്രയ്ക്ക് പുതിയ സിനിമാക്കഥകളാണെന്ന് തോന്നുന്നില്ല. ഒക്കെ എല്ലാവരും മുന്‍പ് ഒരിക്കലെങ്കിലും കേട്ടിട്ടുള്ള കാര്യങ്ങള്‍ തന്നെ. നളിനി ജമീലയുടെ ആത്മകഥയുടെ ചുവട് പിടിച്ചാണോ ഇങ്ങനൊരു പുസ്തകം ഇറക്കാന്‍ ഡീ.സി. തീരുമാനിച്ചതെന്ന് ആരെങ്കിലും സംശയിച്ചാല്‍, അങ്ങനെ വിസ്തരിച്ചാല്‍, കുറ്റം പറയാനാവില്ല. എന്തായാലും ആമുഖത്തില്‍ സുരയ്യാ ബാനു പറയുന്ന ചില വരികള്‍ ഒരു സന്ദേശമായി കണക്കാക്കുന്നതില്‍ തെറ്റില്ല. ആ വരികള്‍ അതേ പടി പകര്‍ത്തട്ടെ.
'സിനിമ നല്‍കുന്ന പ്രശസ്തിയും പണവും അത്ര വലുതായതിനാല്‍ തന്റെ വഴി സിനിമ എന്ന് ഓരോരുത്തരും പഠിച്ചുവയ്ക്കുന്നത് വിജയിച്ചവരുടെ കഥകള്‍ മാത്രം കേള്‍ക്കുന്നതുകൊണ്ടാണ്. പരാജയപ്പെട്ട ഒരാളും അവരുടെ കഥ സ്വയം തുറന്ന് പറയാറില്ലല്ലോ ? പരാജയപ്പെട്ടവരുടെ കഥകള്‍ കൂടെ നിങ്ങള്‍ കേള്‍ക്കണമെന്ന് എനിക്ക് തോന്നുന്നു'

മറ്റാരും കേട്ടില്ലെങ്കിലും സിനിമയുടെ ഭ്രമിപ്പിക്കുന്ന മായാപ്രപഞ്ചത്തിലേക്ക് ഇറങ്ങിച്ചെല്ലാന്‍ ചാടിത്തുള്ളി നില്‍ക്കുന്ന പെണ്‍കുട്ടികളെങ്കിലും കേട്ടിരിക്കേണ്ടതാണ് സുരയ്യയുടെ അനുഭവങ്ങള്‍. കഷ്ടപ്പാടുകള്‍ ഒരുപാട് തരണം ചെയ്ത് സിനിമയുടെ ഔന്നത്യത്തിലേക്കെത്തിയ ഒരു ഇന്നസെന്റോ, കഷ്ടപ്പാടുകള്‍ ഒന്നും അനുഭവിക്കാതെ തന്നെ തെന്നിന്ത്യന്‍ സിനിമയില്‍ വെന്നിക്കൊടി പാറിച്ച ഒരു ഉര്‍വ്വശിയോ എഴുതിയാൽ തീരുന്നതല്ല സിനിമാ വ്യവസായത്തിന്റെ പിന്നാമ്പുറ കഥകള്‍. വിജയിച്ചതിനേക്കാളേറെ, സുരയ്യാ ബാനുവിനെപ്പോലെ വിജയിക്കാതെ പോയ ഒരുപാട് പേരുടെ കഥകള്‍ പറയാന്‍ കോളീവുഡ്ഡിന്നും ബോളീവുഡ്ഡിനും ഹോളീവുഡ്ഡിനും കാണും.

1 comment:

  1. ഡ്യൂപ്പ് എന്ന പുസ്തകത്തെ പറ്റിയുള്ള അവലോകനം
    അര്‍ത്ഥവത്തും ഉചിതവുമായി.
    ആശംസകളോടെ,
    സി.വി.തങ്കപ്പന്‍

    ReplyDelete

താങ്കൾ എന്തുപറയുന്നു പുസ്തക വിചാരത്തെപ്പറ്റി ?