Tuesday, April 24, 2012

ഉദകപ്പോള

പുസ്തകം : ഉദകപ്പോള
രചയിതാവ് : പി.പദ്മരാജന്‍

പ്രസാധകര്‍ : ഡി.സി.ബുക്സ്

അവലോകനം : ലാസര്‍ ഡിസല്‍‌വ





വിദൂരദേശങ്ങളില്‍ നിന്നും ഗ്രാമങ്ങളില്‍ നിന്നും പട്ടണത്തില്‍ എത്തുന്നവര്‍ കാഴ്ചകള്‍ കണ്ട് മടങ്ങുന്നു. എന്നാല്‍ നിരത്തുകളും കെട്ടിടങ്ങളും വാഹനങ്ങളും ഒക്കെ അടങ്ങുന്ന തിരക്കുപിടിച്ച പട്ടണത്തിന്റെ പുറംകാഴ്ചകളല്ല അതിന്റെ അന്തസത്ത. ഒരുപാട് തലങ്ങളില്‍ അധിവസിക്കുന്ന പട്ടണവാസികളുടെ ജീവിതമാണത്. അത്തരത്തില്‍ ഒരു ചെറുപട്ടണത്തിന്റെ താഴേ തലങ്ങളില്‍ ജീവിക്കുന്ന കുറേ മനുഷ്യരുടെ വൈചിത്ര്യങ്ങളിലൂടെയാണ് ഈ നോവല്‍ നടക്കുക.

കൌമാരത്തില്‍, മനുഷ്യജീവിതത്തിന്റെ നിഗൂഡതകളെ കുറിച്ച് പിടിയില്ലാതിരുന്ന കാലത്ത് വായനശാലയിലെ ഏതോ വാര്‍ഷികപതിപ്പില്‍ വായിച്ച പത്മരാജന്റെ ഒരു നീണ്ടകഥ ഇന്നും മനസ്സില്‍ നില്‍പ്പുണ്ട് ('ജലജ്വാലകള്‍' എന്നായിരുന്നു ആ കഥയുടെ പേര് എന്ന് തോന്നുന്നു - വ്യക്തമായി ഓര്‍ക്കുന്നില്ല). കായലും കടലും ചേരുന്ന അഴിമുഖത്തെ വലിയ വീട്ടില്‍ താമസിക്കുന്ന വിധവയായ അമ്മയ്ക്കും മകള്‍ക്കും നടുവിലേക്ക് എഴുത്തുകാരന്‍ എത്തുന്നതും ആ രണ്ടുപേരുടെയും ജീവിതത്തിന്റെ വിചിത്രമായ അടരുകളെ അനുവാചകരിലേക്ക് എത്തിക്കുകയും ചെയ്യുന്ന സങ്കീര്‍ണകല്പനകളുമായി ഒരു കഥ. അതിലെ ജീവിതത്തിന്റെ അപൂര്‍വ്വഭൂമികകള്‍ ആ പ്രായത്തില്‍ ഞെട്ടിച്ചു എന്ന് തന്നെ പറയണം. (ആ കഥയുടെ ലളിതവല്‍ക്കരിച്ച തിരക്കഥയില്‍ നിന്നും ഭരതന്‍ പിന്നീട് 'ഒഴിവുകാലം' എന്ന സിനിമ സാക്ഷാത്കരിക്കുകയുണ്ടായി.) മറ്റൊരു ലാന്‍ഡ്സ്കേപ്പിന്റെ അധോപരിസരങ്ങളിലെ മനുഷ്യരെ കണ്ടെത്തുകയാണ് ഉദകപ്പോളയില്‍‍ പത്മരാജന്‍.

കഥ പറയുന്ന 'ഞാന്‍' നായകനല്ല, ആ പട്ടണത്തിന്റെ തെരുവുകളില്‍ നിന്ന് ജീവിതം കാണുകയും കേള്‍ക്കുകയും ചെയ്യുന്ന ഒരാള്‍ മാത്രമാണ്. അയാള്‍ പരിചയപ്പെടുന്ന മനുഷ്യര്‍, അയാളെ പങ്കെടുപ്പിക്കുന്ന കേളികളില്‍ മാത്രമേ അയാള്‍ ഇടപെടുന്നുള്ളൂ. ഒരുപാട് ജീവിതങ്ങള്‍ അയാളുടെ മുന്നിലൂടെ കടന്നു പോകുന്നു, വിചിത്രമായ നിറഭേദങ്ങളോടെ. അനുജത്തിയെ വിവാഹംകഴിച്ച്, വാര്‍ധക്യത്തില്‍ കഴുകന്മാരുമായി കഴിയുന്ന പഴയ ഐ. സി. എസ്‌ ഉദ്യോഗസ്ഥനായ കരുണാകര മേനോന്‍, ഒറ്റമുലച്ചിയായ വേശ്യയെ കൊണ്ട് തന്റെ ലിംഗത്തില്‍ മൂത്രമൊഴിപ്പിക്കുന്ന ഋഷി, പിമ്പായിരിക്കുമ്പോളും ചെയ്യുന്ന ജോലിയില്‍ ചില എത്തിക്സും നിയമാവലികളും ഉണ്ടെന്നു വിശ്വസിക്കുന്ന തങ്ങള്‍, ഗര്‍ഭചിദ്രം നടത്തി ഉപജീവനം കഴിക്കുന്ന സിദ്ധാര്‍ഥന്‍, ശരീരത്തിന്റെ ഭംഗിയൊക്കെ നഷ്ട്ടപ്പെട്ട് ആരാലും തിരക്കപ്പെടാതെ പത്തുവര്‍ഷമെങ്കിലും കിടന്നിട്ടേ മരിക്കാവൂ എന്ന് ആഗ്രഹിക്കുന്ന ക്ലാര എന്ന വേശ്യ, ഉള്ളതൊക്കെ ഓരോന്നായി വിറ്റുതുലച്ച് ഗ്രാമത്തില്‍ നിന്നും നഗരത്തില്‍ വന്നു ജീവിതം ആഘോഷിച്ചു തീര്‍ത്ത്‌ ഒടുവില്‍ ഭ്രാന്തിലേക്കെത്തുന്ന ജന്മിപുത്രനായ ജയകൃഷ്ണന്‍ - അങ്ങിനെ പോകുന്നു ആ നിര.

അത്തരത്തില്‍ ചില കഥകള്‍ പറയുക മാത്രമല്ല എഴുത്തുകാരന്‍,‍ ഏതൊരു ചെറുപട്ടണത്തിന്റെയും മിനിയേച്ചര്‍ ചില മനുഷ്യരുടെ അവസ്ഥാന്തരങ്ങളിലൂടെ നിര്‍മ്മിച്ചെടുക്കുകയാണ്. 'ആധുനികത' സംവദിക്കാന്‍ ശ്രമിച്ച കറുത്ത ജീവിതങ്ങളുടെ ആഴം ഇതിലുണ്ട്. കഥാപാത്രങ്ങളുടെ പേരുകളില്‍ തന്നെ ഇരുണ്ട ഫലിതത്തിന്റെ ഐറണി കാണാം - രതിവൈകൃതങ്ങളില്‍ അഭിരമിക്കുന്ന 'ഋഷി'യും ഗര്‍ഭചിദ്രം നടത്തി ജീവിക്കുന്ന 'സിദ്ധാര്‍ഥനും' സഹോദരനെ കല്യാണം കഴിക്കുന്ന 'ദേവി'യും പിമ്പായ 'തങ്ങളു'മൊക്കെ വിപരീതങ്ങളുടെ ജീവിതം നയിക്കുന്നവരാണ്‌. എന്നാല്‍ ഇവരയൊക്കെ നിലനിര്‍ത്തികൊണ്ട് തന്നെ ആ കറുത്തജീവിതങ്ങളെ മറികടക്കുന്ന ഒരു കാല്പനീകതലം നോവലിന്റെ രൂപഭാവങ്ങളില്‍ സന്നിവേശിക്കപ്പെടുന്നത് കൊണ്ട് കൂടിയാവും അനുവാചകനില്‍ ആ പട്ടണം ഉണ്ടായി വരുന്നത്:

"ഇത് തങ്ങളിന്റെ റോഡ്‌, സിദ്ധാര്‍ഥന്റെ റോഡ്‌. ഋഷിയെയും ചിലപ്പോഴെല്ലാം ഈ വഴിക്ക് കണ്ടുമുട്ടിയിട്ടുണ്ട്. ഞങ്ങളുടെയെല്ലാം ജീവിതത്തില്‍ ഈ ഇടുങ്ങിയ വഴി, റോട്ടര്‍മഷികൊണ്ട് വരഞ്ഞിട്ട വൃത്തികേട്‌ തോന്നിക്കുന്ന ഒരു തെറ്റിന്റെ ഓര്‍മ്മ പോലെ, ഞങ്ങള്‍ എല്ലാം ചേര്‍ന്ന് വരഞ്ഞിട്ടിരിക്കുന്നു. റോഡിന്റെ അന്ത്യത്തില്‍, പഴയ മുനിസിപ്പല്‍ കുളത്തിന്റെ മുരത്ത അരമതിലുകള്‍. പൊളിഞ്ഞ, കല്ലുകള്‍ എഴുന്ന, മതില്‍ മാര്‍ക്കണ്ടെയനാണ്. മരണമില്ലാത്ത, ജീവനില്ലാത്ത, ശാപമില്ലാത്ത...
ഞാന്‍ ആ മതിലിലിരുന്നു."
തെന്നിയും തെറിച്ചും വീഴുന്ന ഇത്തരം കാഴ്ചകളില്‍ കൂടിയാണ് പട്ടണം വളരുന്നത്‌.

പട്ടണങ്ങളെ മൂര്‍ത്തമാക്കുന്ന സാഹിത്യസംബന്ധിയായ നാഗരികതയുടെ സ്വഭാവവിശേഷം 'ആധുനികത'യുടെ മുഖമുദ്രയാണ്. ഇന്ന് പട്ടണങ്ങളുടെ ഏകാമാനത റദ്ദായി കഴിഞ്ഞു. ഒരുപക്ഷെ ഉദകപ്പോളയിലെന്നപോലെ പട്ടണത്തെ സമീപിക്കുക ഇന്ന് ഒരു എഴുത്തുകാരനെ പ്രലോഭിപ്പിച്ചു എന്നിരിക്കില്ല. എന്നാല്‍ ചിലര്‍ക്കെങ്കിലും ഓര്‍മ്മകളായി, ചിലര്‍ക്കെങ്കിലും അജ്ഞാതവും നിഗൂഡവുമായ ഭൂതകാലത്തിന്റെ ഭാവനാത്മകമായ വീന്ടെടുപ്പായി ഈ കഥ ആവേശിക്കാതിരിക്കില്ല. മനുഷ്യാവസ്ഥയുടെ വലിയ ക്യാന്‍വാസുകളില്‍ വരയുമ്പോഴും ഏതു സാഹചര്യത്തിലും ധര്‍മ്മവിചാരങ്ങളുടെ ജീവല്‍പ്പാതയിലൂടെ സഞ്ചരിച്ചു മോക്ഷഘട്ടങ്ങളിലെത്തുന്ന 'സുന്ദരികളും സുന്ദരന്മാരും' അല്ല ഇവിടെ പ്രത്യക്ഷപ്പെടുക. ഏതൊക്കെ പുറംമോടികളിലും മോക്ഷരഹിതരായി അവസാനിക്കുന്ന വിരൂപരുടെ ഒരു കൂട്ടം. ഈ നോവല്‍ പ്രസിദ്ധികൃതമായ ശേഷം കഴിഞ്ഞ കാല്‍ നൂറ്റാണ്ടുകൊണ്ട് വ്യതിരക്തമായ ഒരു ഭാഷാസമൂഹം എന്ന നിലയ്ക്ക്, സാമൂഹിക നിലവാരത്തില്‍, കേരളം നടത്തിയ കുതിപ്പുകളുടെ വഴിത്താരയില്‍ ഈ വിരൂപര്‍ ഒക്കെ അപ്രസക്തരായി പോയിരിക്കുന്നുവല്ലോ എന്നത് പക്ഷെ നോവല്‍ സംവദിച്ച കാലികമായ ഭാവുകത്വത്തിനും കല്പനാവിഭവങ്ങള്‍ക്കും കോട്ടംവരുത്തുന്ന ഒന്നല്ല.

പിന്‍കുറിപ്പ്: ഈ നോവലിലെ ജയകൃഷ്ണന്‍, ക്ലാര എന്നീ കഥാപാത്രങ്ങളെ സിനിമാറ്റിക്കായ ഒരു തലത്തിലേക്ക് പൊലിപ്പിച്ചെടുത്തു നിര്‍മ്മിച്ചതാണ് പത്മരാജന്റെ തന്നെ 'തൂവാനത്തുമ്പികള്‍' എന്ന പ്രശസ്തമായ സിനിമ.

1 comment:

  1. nalla review..
    i have lost the count on how many times i have read this book.. every character has a story to tell.. it is dark and real..

    ReplyDelete

താങ്കൾ എന്തുപറയുന്നു പുസ്തക വിചാരത്തെപ്പറ്റി ?