Friday, April 27, 2012

എഴുത്തച്ഛന്‍ ഭ്രാന്താലയത്തിന്റെ രാജശില്പി

പുസ്തകം : എഴുത്തച്ഛന്‍ ഭ്രാന്താലയത്തിന്റെ രാജശില്പി
രചയിതാവ് : പ്രൊഫ . കെ .കെ . ശിവരാമന്‍

പ്രസാധകര്‍ : ബി. ബുക്സ് , പി. കെ. മെമ്മോറിയൽ ഗ്രന്ഥശാല

അവലോകനം : ചെറായി രാമദാസ്





ട്ടെല്ലുള്ള മലയാള സാഹിത്യ വിമര്‍ശം അന്യംനിന്നുപോയിട്ടില്ല എന്ന് ഒരു വയോധികന്റെ പേന കേരളത്തെ ബോധ്യപ്പെടുത്തുന്നു..... സ്തുതിപാഠകര്‍ പൊലിപ്പിച്ചെടുത്തതാണ് എഴുത്തച്ഛന്റെ കവന പാടവവും കാവ്യ ധാര്‍മികതയും.തനിമയുള്ള മലയാള നിരൂപകർ ആരും എഴുത്തച്ഛനെ പുകഴ്ത്തിയിട്ടില്ല. ഇന്‍ഡ്യയിലെ മറ്റു പ്രദേശങ്ങളിൽ ഭക്തിപ്രസ്ഥാന കാലത്ത് ഉദിച്ചുയര്‍ന്ന കവികളുമായി താരതമ്യം പോലും അര്‍ഹിക്കുന്നില്ല എഴുത്തച്ഛ നാമധാരി. ജനവിരുദ്ധ ഉദ്ബോധനങ്ങള്‍ സുരക്ഷിതമായി പ്രചരിപ്പിക്കാന്‍ ശൂദ്ര വേഷം കെട്ടിയ ബ്രാഹ്മണനാകാം ആ ആള്‍ . എഴുത്തച്ഛനെക്കാള്‍ മുന്‍പേ കണ്ണശ്ശന്മാര്‍ ഇതിഹാസ കാവ്യങ്ങള്‍ മലയാളത്തിലാക്കിയെന്നതു മറച്ചുവയ്ക്കപ്പെടുകയാണ് . മലയാളത്തിനു ക്ലാസിക്കല്‍ ഭാഷാ പദവി തേടി ഓടുന്നവര്‍ തന്നെ , നാലഞ്ചു നൂറ്റാണ്ടു മുന്‍പു മാത്രം ജീവിച്ചിരുന്നതായി പറയപ്പെടുന്ന എഴുത്തച്ഛനെ മലയാള ഭാഷയുടെ പിതാവായും കൊണ്ടാടുന്നു ! വാല്മീകി രാമായണത്തിന്റെ വ്യാജ എഡിഷനായ ' അധ്യാത്മ രാമായണ'മാണ്, സ്വന്തം 'സംഭാവന'കളും ചേര്‍ത്ത് , എഴുത്തച്ഛന്‍ കിളിയെക്കൊണ്ടു പാടിച്ചത്‌ . വ്യാസഭാരതത്തിലെ നന്മകള്‍ വികലമാക്കിയാണ് ആ കിളിയെ പഠിപ്പിച്ചത് . മാത്രമല്ല , വൃത്തികെട്ട സംബന്ധ വ്യവസ്ഥ ശൂദ്രര്‍ക്കു മോക്ഷദായകമാണെന്ന് വ്യാസന്റെ കെയറോഫില്‍ നിരീക്ഷിക്കയും ചെയ്തു . അങ്ങനെ നികൃഷ്ടമായി മാറിയ ആ ജീവിത രീതിയ്ക്കെതിരെയാണ് ചന്തുമേനോന്റെ 'ഇന്ദുലേഖ' രംഗത്ത് വന്നത് . എഴുത്തച്ഛന്‍ പ്രചരിപ്പിച്ച വർണാശ്രമധര്‍മ സിദ്ധാന്തങ്ങളെ കടപിഴുതെറിയാന്‍ വന്ന വിപ്ലവകാരിയാണ് കുഞ്ചന്‍ നമ്പ്യാര്‍ . പ്രാണന്‍ ത്യജിച്ചും ശൂദ്രന്‍ ഭൂസുരന്റെ ദുഃഖം തീര്‍ക്കണമെന്നും എഴുതിവച്ചു എഴുത്തച്ഛൻ . ഹിന്ദു മതത്തെ ജീവിക്കാന്‍ കൊള്ളരുതാത്തതാക്കി മതംമാറ്റങ്ങള്‍ക്കു കളമൊരുക്കിയവരില്‍ പ്രധാനി എഴുത്തച്ഛനാണ്. ഇതിഹാസ പരിഭാഷയില്‍ അദ്ദേഹം കൂട്ടിച്ചേര്‍ത്ത മറിമായങ്ങളിലൂടെയും ദുർബോധനങ്ങളിലൂടെയും ജനങ്ങളുടെ നൈസര്‍ഗിക വാസനകളെയും മൂല്യബോധത്തെയും താറുമാറാക്കിയതിനാലാണ് പോർടുഗീസുകാര്‍ക്ക് ഇവിടെ അഴിഞ്ഞാടി ആധിപത്യം ഉറപ്പിക്കാന്‍ വേണ്ട സാഹചര്യം ഉണ്ടായത് . ഗീതയിലുള്ളതിലേറെ പ്രതിലോമപരവും ചൂഷണപരവുമായ തത്ത്വോപദേശങ്ങളാണ് എഴുത്തച്ഛന്റേത്. രസാവിഷ്കാരം , ഔചിത്യം , വര്‍ണന തുടങ്ങിയവയിലും മേന്മയോന്നുമില്ല എഴുത്തച്ഛന്‍ കൃതികള്‍ക്ക് . അവയെക്കാള്‍ പഴയ കൃതികളില്‍ പോലും ഏറെ ലളിത കോമളമായ ഭാഷ കാണാം .... ഇങ്ങനെ പഴുതറ്റ വിമര്‍ശത്തിന്റെ കൂരമ്പുകള്‍ എമ്പാടും പായുന്നു പ്രൊഫ . ശിവരാമന്റെ പേനയില്‍ നിന്ന്‌ . അതിന്റെ പൂര്‍ണ രൂപം കാണാന്‍ പുസ്തകം വായിക്കതന്നെ വേണം . ഗ്രന്ഥകാരനും പ്രസാധകനും (കാവാലം ബാലചന്ദ്രന്‍ ) ഒരേ മനസ്സാകുന്ന അദ്ഭുത കാഴ്ചയുമുണ്ട് ഇവിടെ . ( വില : 125 രൂപ )

6 comments:

  1. കെ. കെ. ശിവരാമന്റെ പുസ്തകം വായിച്ചിട്ടില്ല. ചെറായി രാംദാസിനും എഴുത്തച്ചനെ വിമര്‍ശിക്കാം - പക്ഷെ അതിന് നാലുവരി പുലഭ്യം മതിയാവില്ല.

    ReplyDelete
  2. എഴുത്തച്ചന്റെ കവിത്വത്തെപ്പറ്റിയും ആദര്‍ശങ്ങളെപ്പറ്റിയും ഒന്നും പറയുന്നില്ല. പക്ഷേ ഇന്നത്തെ നിലയിലുള്ള മലയാളം നന്നായി പ്രയോഗിച്ചവരുടെ മുന്‍ഗാമി എഴുത്തച്ചന്‍ (ഒരളവുവരെ ചെറുശ്ശേരിയും)തന്നെയാണ്. അതുകൊണ്ടാണ് എഴുത്തച്ചനെ ഭാഷാപിതാവ് എന്നുവിളിക്കുന്നത്. സംശയമുള്ളവര്‍ ചീരാമന്റെ രാമകഥപ്പാട്ടോ കണ്ണശ്ശന്മാരുടെ കൃതികളോ വ്യാഖ്യാനമില്ലാതെ വായിച്ച് മനസ്സിലാക്കാന്‍ നോക്കൂ. ഭാഷ ആ രീതിയില്‍ രൂപപ്പെട്ട ചുറ്റുപാടിലായിരിക്കും എഴുത്തച്ചന്‍ തന്റെ കൃതികള്‍ എഴുതിയിട്ടുണ്ടാവുക.

    ഭാഗവതത്തിലും മറ്റും ബ്രാഹ്മണഭക്തി അതിരു കടക്കുന്നുണ്ട്. ചില സമയത്ത് വിപ്ലവകാരിയായ നമ്പ്യാരും ബ്രാഹ്മണസ്തുതി നടത്തിയിട്ടുണ്ട്.

    ReplyDelete
  3. പുസ്തകം കൈകാര്യം ചെയ്യുന്ന ഭാഷാപരമായ പ്രശ്നങ്ങളേക്കാള്‍, സാമൂഹികമായ കാര്യങ്ങളെക്കുറിച്ച് അറിഞ്ഞപ്പോള്‍ പുസ്തകം വായിക്കണമെന്ന തോന്നലുണ്ടാവുന്നു.

    എഴുത്തച്ഛനെ പ്രൊഫ. ശിവരാമന്‍ കൈകാര്യം ചെയ്ത രീതിയിലൊരു പേഴ്സ്പെക്ടീവില്‍ അരിയുന്നത് ആദ്യമാണ്.

    ReplyDelete
  4. പ്രദീപ് മാഷ് പരഞ്ഞതിനോട് യോജിക്കുന്നു.
    ഒപ്പം ഇതും
    കെ. കെ. ശിവരാമന്റെ പുസ്തകം വായിച്ചിട്ടില്ല. ചെറായി രാംദാസിനും എഴുത്തച്ചനെ വിമര്‍ശിക്കാം - പക്ഷെ അതിന് നാലുവരി പുലഭ്യം മതിയാവില്ല.

    ReplyDelete
  5. i didn't read this book yet.but i don't think its fair to criticize a legend in this way

    ReplyDelete
  6. ക്ഷമിക്കണേ . വളരെ യാദൃച്ഛികമായാണ് ഞാന്‍ ഈ ബ്ളോഗില്‍ എത്തിയതും , എന്‍റെ ഒരു പുസ്തകക്കുറിപ്പിനോടുള്ള പ്രതികരണങ്ങള്‍ വായിച്ചതും . ശ്രീ : ലാസറിന്‍റെ പ്രതികരണം അത്ഭുതപ്പെടുത്തുന്നു. എന്‍റെ കുറിപ്പിന് ആധാരമായ പ്രൊഫ . ശിവരാമന്‍റെ പുസ്തകത്തിലെ പ്രധാന പോയ്ന്‍റുകള്‍ ചുരുക്കിയെഴുതുകയേ ഞാന്‍ ചെയ്തുള്ളൂ . ഒടുവില്‍ , " ഇങ്ങനെ പഴുതറ്റ വിമര്‍ശത്തിന്‍റെ കൂരമ്പുകള്‍ എമ്പാടും പായുന്നു പ്രൊഫ. ശിവരാമന്‍റെ പേനയില്‍ നിന്ന് . അതിന്‍റെ പൂര്‍ണരൂപം കാണാന്‍ പുസ്തകം വായിക്കതന്നെ വേണം " എന്ന് ഉപസംഹരിച്ചിട്ടുമുണ്ട് . പക്ഷേ ഇത് ഇതുപോലെതന്നെ വായിച്ചെടുക്കാന്‍ വേണ്ട ക്ഷമയില്ലാത്തതുകൊണ്ടാവാം , ലാസര്‍ തന്‍റെ ക്ഷോഭം എന്‍റെ മേല്‍ ചൊരിഞ്ഞത് : ഞാന്‍ എഴുത്തച്ഛനെ പുലഭ്യം പറയുകയാണെന്ന് ! ആ കുറിപ്പില്‍ പുസ്തകത്തെപ്പറ്റി എന്‍റെ അഭിപ്രായമില്ലെന്ന് ആവര്‍ത്തിച്ചുകൊള്ളുന്നു. ( പുസ്തകത്തെയും ഗ്രന്ഥകാരനെയും ഞാന്‍ രണ്ടു ലേഖനങ്ങളിലായി വിശദമായി പരിശോധിച്ചിട്ടുണ്ട് ആയിടെതന്നെ - സമകാലിക മലയാളം വാരിക , 20 . 4 . 2012 ) .എന്‍റെ കുറിപ്പ് വസ്തുനിഷ്ടമാണോ ( ആധാര ഗ്രന്ഥം എന്‍റെ വരികളെ ന്യായീകരിക്കുമോ ) എന്നറിയാന്‍ പുസ്തകം വായിക്കണമെന്ന് അപേക്ഷിക്കുന്നു ( ബി . ബുക്സ് , പി . കെ . സ്മാരക ഗ്രന്ഥശാല , അമ്പലപ്പുഴ - 688561 , വില : 125 രൂപ , മൊബൈല്‍ : 9496302843 ) . എന്‍റെ കുറിപ്പിനെ പുലഭ്യം പറച്ചിലായി ലാസറിനു തോന്നിയതില്‍ നിന്ന് ഒരു കാര്യം കൂടി വ്യക്തമാകുന്നു : ഒരു നല്ല വായനക്കാരനു വേണ്ട വിചാരശീലമല്ല , അന്ധ ഭക്തന്‍റേതായ വികാര വിക്ഷോഭമാണ് അദ്ദേഹത്തില്‍ മുന്നിട്ടു നില്‍ക്കുന്നത് . അല്ലെന്നാകണമെങ്കില്‍ , എന്‍റെ കുറിപ്പില്‍ നിന്ന് അമാന്യമായ ഒരു വാക്കോ പ്രയോഗമോ എങ്കിലും അദ്ദേഹം ചൂണ്ടിക്കാട്ടേണ്ടതുണ്ട്. എഴുത്തച്ഛന്നെതിരെ പഴുതറ്റ വിമര്‍ശമാണ് ഈ പുസ്തകം ഉന്നയിക്കുന്നത് . അതിന്‍റ്റെ തീവ്രത എന്‍റ്റെ കുറിപ്പില്‍ നിന്നു തന്നെ വ്യക്തമാണ് . പുസ്തകവും അതേക്കുറിച്ചുള്ള എന്‍റെ ലേഖനങ്ങളും പുറത്തുവന്നിട്ട് മൂന്ന് ആണ്ടുകള്‍ കഴിഞ്ഞു . ഗ്രന്ഥകാരന്‍റെ വാദങ്ങളെ ദുര്‍ബലപ്പെടുത്താവുന്ന ഒരു പ്രതികരണമെങ്കിലും കാണാന്‍ കഴിഞ്ഞില്ല ഇന്നോളം . എഴുത്തച്ഛന്‍ അടക്കമുള്ള ഭക്തകവികളെക്കുറിച്ചു പഠിക്കുന്ന ഒരാള്‍ എന്ന നിലയില്‍ ഞാന്‍ താത്പര്യത്തോടെയാണ് അത്തരം പ്രതികരണങ്ങള്‍ പ്രതീക്ഷിക്കുന്നത് . എന്തിനെയും കാര്യ കാരണ സഹിതം പരിശോധിക്കുന്ന ശീലം നവോത്ഥാനകാലം ഈ നാടിനു തന്നിട്ടുണ്ട് . ഒട്ടേറെ നൂറ്റാണ്ടു കാലം ജനങ്ങള്‍ വാക്കൈ പൊത്തിനിന്നു കേട്ടിരുന്ന സ്മൃതികല്‍പനകള്‍ പോലും ഇഴകീറി പരിശോധിക്കയാണ് പുതിയ കാലവും പുതിയ മനുഷ്യരും . ഏതാനും പതിറ്റാണ്ടുകളായി , എണ്ണിയാല്‍ത്തീരാത്തത്ര ഗവേഷണ പഠനങ്ങള്‍ , പഴയ സാഹിത്യകൃതികളെക്കുറിച്ചും പഴയ കാലങ്ങളെക്കുറിച്ചും പുറത്തുവരുന്നുണ്ട് ഇന്‍ഡ്യയില്‍ . അവ പരിശോധിക്കാന്‍ വേണ്ട ബൗദ്ധികമായ കെല്‍പ്പ് നമുക്കില്ലെങ്കില്‍ , ആ ലേഖകരെ , പുലഭ്യം പറച്ചിലുകാര്‍ എന്നും നിസ്സാരക്കാര്‍ എന്നും മറ്റും വഴക്കുപറഞ്ഞ് നമ്മുടെ കേമത്തം തെളിയിക്കാന്‍ എന്തെളുപ്പം !

    ReplyDelete

താങ്കൾ എന്തുപറയുന്നു പുസ്തക വിചാരത്തെപ്പറ്റി ?