Tuesday, April 17, 2012

Chinaman - The legend of Pradeep Mathew

പുസ്തകം : Chinaman - The legend of Pradeep Mathew
രചയിതാവ് : ഷേഹാൻ കരുണതിലകെ

പ്രസാധനം : Random Hose India

അവലോകനം : വി.എം.ദേവദാസ്




കോളേജു കാലത്തിനു ശേഷ ശ്രീലങ്കൻ മ്യൂസിക്ക് ബാന്റുകളിൽ ഗിറ്റാർ വായിച്ചു നടക്കുകയും, കോപ്പീ റൈറ്റർ ആയി ജോലി ചെയ്യുന്നതിനിടെ നോവലെഴുതുകയും, 'പെയിന്റർ' എന്ന ആദ്യ നോവൽ Gratiaen പുരസ്ക്കാരത്തിന് ഷോർട്ട് ലിസ്റ്റ് ചെയ്തെങ്കിലും പിന്നീടത് പ്രസിദ്ധീകരിക്കാതിരിക്കുകയും, കോപ്പീറൈറ്ററിൽ നിന്ന് സ്വതന്ത്ര പത്രപ്രവര്‍ത്തകനായും ക്രിയേറ്റീവ് ഡയറക്ടറായും ഉയരുന്നതിനിടെ വീണ്ടും ഒരു നോവലെഴുതി Gratiaen പുരസ്ക്കാരം ലഭിക്കുകയും, അത് ഹിറ്റാക്കി മാറ്റുകയും ചെയ്യുക... ശ്രീലങ്കൻ എഴുത്തുകാരനായ ഷേഹാൻ കരുണതിലകെയുടെ ജീവിതത്തിനും , അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾക്കും സാമ്യതകൾ ഏറെയാണ്. ഇത്തരം വ്യത്യസ്ത ജീവിത സാഹചര്യങ്ങൾ നൽകിയ അനുഭവങ്ങളാകണം ചതികൾ നിറഞ്ഞ ഒരു ക്രിക്കറ്റ് പിച്ചിൽ എത്തുന്ന കളിക്കാരന്റെ മാനസികാവസ്ഥയെ എഴുത്തിൽ മറികടക്കാൻ ഷേഹാന് കഴിയുന്നത്. Chinaman - The legend of Pradeep Mathew എന്ന നോവലും ഇത്തരത്തിൽ ആകസ്മികതകളുടേയും, അസാധ്യങ്ങളുടേയും, ആകുലതകളുടേയും, ആവേശത്തിന്റേയും ആകെത്തുകയാണ്.

ജീവിതത്തിന്റെ അവസാന ഇന്നിംഗ്സ് കളിക്കാന്‍ ആരംഭിച്ചിരിക്കുന്നുവെന്ന് തിരിച്ചറിഞ്ഞ - വീജീ എന്ന പേരില്‍ അറിയപ്പെടുന്ന - W.G. Karunasena എന്ന സ്പോര്‍ട്ട്സ് ജേര്‍ണലിസ്റ്റ് ശ്രീലങ്കന്‍ ക്രിക്കറ്റിലെ -ഒരു പക്ഷേ ലോകക്രിക്കറ്റിലെ തന്നെ- ഏറ്റവും മികച്ച ബൗളറായി കരുതുന്നത് പ്രദീപ് ശിവനാഥന്‍ മാത്യു എന്ന കളിക്കാരനെയാണ്. അമാനുഷികമെന്നു കരുതാവുന്ന വിധം വഴക്കത്തോടെ ബൗള്‍ ചെയ്യുന്ന പ്രദീപന്‍ കളിക്കളത്തിനകത്തും, പുറത്തും 'ചീത്തക്കുട്ടി'യായി ചരിത്രത്തില്‍ നിന്നും മറഞ്ഞതായാണ് വീജീ മനസിലാക്കുന്നത്. 1996ല്‍ ക്രിക്കറ്റ് വേള്‍ഡ് കപ്പ് നടക്കുന്നതിനോടനുബന്ധിച്ച് ഒരു ഡോക്യുമെന്ററിയുടെ സ്ക്രിപ്റ്റ് തയ്യാറാക്കാനുള്ള അവസരം വീജിയ്ക്കും , ആത്മമിത്രമായ അരിയരത്നെയ്ക്കും ലഭിയ്ക്കുന്നു. പ്രശസ്തരായ ശ്രീലങ്കന്‍ ക്രിക്കറ്റ് താരങ്ങളുടെ ലിസ്റ്റില്‍ അവര്‍ പ്രദീപ് മാത്യുവിനേയും ഉള്‍പ്പെടുത്തുന്നതോടെയാണ് പ്രശ്നങ്ങള്‍ തുടങ്ങുന്നത്. ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡില്‍ നിന്നും, മറ്റു പലയിടത്തു നിന്നും അവര്‍ക്ക് എതിര്‍പ്പുകള്‍ നേരിടേണ്ടി വരുന്നു. പ്രതിബന്ധങ്ങളെ അവഗണിച്ചുകൊണ്ട് അതികമാര്‍ക്കും അറിയാതെ എങ്ങോ മറഞ്ഞിരിക്കുന്ന പ്രദീപനെ തേടിയിറങ്ങുകയാണ് വീജിയും ആത്മ സുഹൃത്തും. ക്രിക്കറ്റ് കളിക്കമ്പക്കാരായ മറ്റു സുഹൃത്തുക്കള്‍ , അവര്‍ക്കിടയിലെ ചങ്ങാത്തവും വൈരാഗ്യങ്ങളും, വീജിയുടെ വ്യക്തിജീവിതത്തിലെ പ്രശ്നങ്ങള്‍ , മദ്യപാനം മൂലം നശിച്ചുകൊണ്ടിരിക്കുന്ന ആരോഗ്യസ്ഥിതി, പ്രദീപനെക്കുറിച്ചുള്ള അന്വേഷണങ്ങള്‍ , അതിൽ നേരിടേണ്ടി വരുന്ന പ്രതിബന്ധങ്ങള്‍ എന്നിവയിലൂടെയാണ് നോവല്‍ മുന്നോട്ടു പോകുന്നത്. ഡോക്യുമെന്ററി ഭാഗികമായി പരാജയപ്പെടുന്നതോടെ അസ്വസ്ഥനാകുന്ന വീജീ തനിക്ക് തൊട്ടടുത്ത് നില്‍ക്കുന്ന മരണത്തിന് കീഴടങ്ങും മുന്നെ പ്രദീപനെക്കുറിച്ച് ഒരു പുസ്തകമെഴുതാന്‍ തീരുമാനിക്കുന്നു. തന്റെ പ്രായത്തേയും ആരോഗ്യത്തേയും ബന്ധങ്ങളെയും മറന്നും, മറികടന്നും അതിസാഹസികമായ ചെയ്തികളിലേയ്ക്ക് അയാള്‍ എത്തിപ്പെടുന്നു. എന്നാല്‍ 'ഇനിയൊരടി നടന്നാല്‍ കിട്ടുമേ കൈക്കലെന്നു"ള്ള മട്ടില്‍ പ്രദീപ് മാത്യവും , അയാളുടെ കളി ചരിത്രവും വീജീയിൽ നിന്നും തെന്നിമാറിക്കൊണ്ടിരിക്കുന്നു. എന്നാല്‍ വീജി വര്‍ദ്ധിതാവേശത്തോടെ പ്രദീപന്റെ ജീവിതചരിത്രത്തിനു പിന്നാലലെ യാത്രയാരംഭിക്കുന്നതോടെ ആകസ്മികതകളുടെ കളിയൊരുക്കം ആരംഭിക്കുകയാണ്. തന്റെ പുസ്തകം മുക്കാലേമുഴുവനും തീരുന്നതോടെ വീജീ ആശുപത്രിക്കിടക്കിയിലാകുകയും , ജീവിതത്തിന്റെ വിക്കറ്റ് മരണത്തിന് സമ്മാനിച്ചുകൊണ്ട് കളിക്കളത്തില്‍ നിന്ന് പിന്‍വാങ്ങുകയും ചെയ്യുന്നു. എന്നാല്‍ വീജിയുടെ പുസ്തകം അവിടം കൊണ്ട് തീരുന്നില്ല. ആ കൈയ്യെഴുത്തു പ്രതി പല കൈകളിലൂടെ കടന്നു ചെല്ലുക വഴി പ്രദീപന്റെ കഥയ്ക്ക് അവിചാരിതമായ പരിണാമഗുപ്തിയുണ്ടാകുന്നു.

'ചൈനാമാൻ' എന്നാൽ ക്രിക്കറ്റ് ലോകത്ത് ഇടങ്കൈയ്യൻ സ്പിൻ ബോളറുടെ യാഥാസ്ഥിതികമല്ലാത്ത കൈവഴക്കത്തെയാണ് സൂചിപ്പിക്കുന്നത്. എന്നാൽ ആ പേരിലുള്ള നോവല്‍ ക്രിക്കറ്റിനെക്കുറിച്ചു മാത്രമല്ല പറയുന്നത് ശ്രീലങ്കയുടെ ചരിത്രം, രാഷ്ട്രീയം, വംശീയ വിദ്വേഷങ്ങള്‍ , തീവ്രവാദ ആക്രമണങ്ങൾ , സൈനിക മുന്നേറ്റങ്ങൾ എന്നിവ ഇതിന്റെ അരികനുസാരികളാണ്. ക്രിക്കറ്റ് ലോകത്തെ നല്ലതും, ചീത്തയുമായ എല്ലാ ഇടപെടലുകളും, ഇടപാടുകളും നോവലിലും കടന്നുവരുന്നു. ജീവിച്ചിരിക്കുന്നതോ, ജീവിച്ചിരിക്കുന്നവരെന്ന് തോന്നുകയോ, മരിച്ചവരോ ആയ ക്രിക്കറ്റ് താരങ്ങൾ നോവലിൽ കഥാപാത്രങ്ങളാകുന്നു. പുസ്തകം വായന എന്നതിലുപരി ആവേശപൂർണ്ണമായ ഒരു ഇന്നിംഗ്സ് കളിക്കുന്നതിന്റെ അനുഭവമായിരിക്കും ഈ നോവൽ നൽകുന്നത്. ഫസ്റ്റ് ഇന്നിംഗ്സ് , സെക്കന്റ് ഇന്നിംഗ്സ്, ക്ലോസ് ഓഫ് പ്ലേ, ഫോളോ ഓണ്‍, ലാസ്റ്റ് ഓവര്‍ എന്നിങ്ങനെ തലക്കെട്ടുകളെ സാധൂകരിക്കും വിധമുള്ള അഞ്ചു ഭാഗങ്ങളാണ് നോവലിലുള്ളത്. ടെസ്റ്റ് ക്രിക്കറ്റ് പുരോഗമിക്കുന്നതു പോലെ ശാന്തമായി തുടങ്ങുകയും, ഇടയ്ക്ക് കളി കത്തി കയറുകയും, മറ്റു ചിലപ്പോള്‍ കളി പിന്‍വലിയുകയും, ഇന്നിംഗ്സ് ഇഴയുകയും, ശേഷം ഊഴമാറ്റം നടക്കുകയും, ചില സ്പെല്ലുകളില്‍ അട്ടിമറികള്‍ നടക്കുകയും, അവസാന ഓവറുകളില്‍ വിജയപരാജയങ്ങള്‍ നിശ്ചയിക്കാനുള്ള അവേശകരമായ കളിയൊരുക്കങ്ങള്‍ നടക്കുകയും ചെയ്യുന്ന ഘടനയും, ആഖ്യാനവുമാണ് നോവലും ഉള്‍ക്കൊള്ളുന്നത്. ക്രിക്കറ്റു പ്രേമികള്‍ക്ക് ഒരു പറുദീസയാണ് ഈ നോവല്‍ ഒരുക്കുന്നത്, അല്ലാത്തവര്‍ക്ക് അതിന്റെ ചെടിപ്പൊഴിവാക്കാന്‍ വിധമുള്ള ഘടനാ പരീക്ഷണങ്ങളും, നുറുങ്ങു-പൊടിക്കൈ-വിദ്യകളും നോവലില്‍ ആവിഷ്ക്കരിച്ചിരിക്കുന്നു. എന്നാല്‍ ആദിമദ്ധ്യാന്തം ക്രിക്കറ്റ് ലഹരി നിറഞ്ഞൊരു നോവലാണ് ചൈനാമാൻ. ജീവിതത്തിലെ നല്ലൊരു പങ്കും ചാരായത്തില്‍ മുക്കിയ അരിയരത്നെ എന്ന കിഴവന്‍ സ്പോ‌‌ര്‍ട്സ് ജേര്‍ണലിസ്റ്റ് 1996ല്‍ ശ്രീലങ്ക ലോകകപ്പ് നേടിയപ്പോള്‍ കുടിനിര്‍ത്തിയതിനെക്കുറിച്ച് സുഹൃത്തായ വീജിയോട് പറയുന്നത് "അര്‍ജ്ജുന രണതുംഗ അന്ന് ഷെയിന്‍ വോണിനെ അടിച്ച ആ സിക്സര്‍ ഒന്നുമതി എനിക്കു ജീവിതകാലം മുഴുവന്‍ ലഹരി കിട്ടാനെ"നെന്നാണ്. ഇത്തരത്തിൽ കളിലഹരിയുടെ ആവേശവും, വൈകാരികമായ അവസ്ഥാന്തരങ്ങളും, ഫിക്ഷന്റെ കൈയ്യടക്കവും, ഘടനാപരമായ പരീക്ഷണങ്ങളും ഒരുപോലെ ചേരുന്നൊരു വായനാനുഭവമാണ് ചൈനാമെന്‍ തീര്‍ക്കുന്നത്.

No comments:

Post a Comment

താങ്കൾ എന്തുപറയുന്നു പുസ്തക വിചാരത്തെപ്പറ്റി ?