പുസ്തകം : കാടുകളുടെ താളം തേടി
രചയിതാവ് : സുജാതാദേവി
പ്രസാധകര് : കറന്റ് ബുക്സ് , തൃശ്ശൂര്‍
അവലോകനം : ഗീതാഞ്ജലി കൃഷ്ണന്
പര്‍വതങ്ങള്‍ സ്ഥാവരമായതും പുരുഷപ്രകൃതിയുമാണ്. നദികള്‍ സ്ഥാവരമല്ലാത്തതും സ്ത്രീപ്രകൃതിയുമാണ്. അതുകൊണ്ടുതന്നെ പര്‍വതങ്ങളില്‍ നടത്തിയ സ്ത്രീയാത്ര ആര്‍ദ്രവും വിഭിന്നവുമാകുന്നു. സ്ത്രീ എന്നാല്‍ സ്ഥാവരമായത് - വീട്, അമ്മ, സ്വതന്ത്രമായി സഞ്ചരിക്കാന്‍ അനുവാദല്ലാത്തവള് എന്നെല്ലാമാണ് സമൂഹ മന:സ്ഥിതി. മലയാളഭാഷയില്‍ സ്ത്രീകള്‍ എഴുതിയ യാത്രാവിവരണങ്ങള്‍ കുറവായത് സ്തീകള്‍ക്ക് സഞ്ചാരസ്വാതന്ത്ര്യമില്ലാത്തതുകൊണ്ടാണല്ലോ. എന്നാല്‍ സഞ്ചരിക്കുന്ന പലതും, നദി, കപ്പല്‍, മുതലായവ സാങ്കല്പികമായി സ്ത്രീകളായത് കൌതുകകരം. ലോകത്തില്‍ ഹിമാലയത്തെക്കാളേറെ വൈവിധ്യമാര്‍ന്ന പ്രകൃതി അപൂര്‍വം. അതുപോലെ അപൂര്‍വം “കാടുകളുടെ താളം തേടി” എന്ന ഈ യാത്രാവിവരണവും. ഒരു നദി തടസ്സങ്ങളെ തരണം ചെയ്ത്, സ്വാഭാവികമായി കുതിച്ചുചാടി, കളിച്ചുചിരിച്ച്, ഒഴുകുമ്പോലെ ഈ വനയാത്രയെ നമുക്കു കാണാം. തരളമായ ശരീരവും പേറി ഒരു സ്ത്രീ ഒറ്റക്ക് എങ്ങനെ യാത്രചെയ്യും എന്നതിന്, കാട് എങ്ങനെ അവരെ സ്വീകരിക്കുമെന്നതിന് , ഈ യാത്രാവിവരണമാണ് തെളിവ്. തന്റെ “ലിംഗപദവി (ജെന്‍ഡര്‍) ” എന്ന സത്യം ഇവിടെ അപ്രസക്തമാക്കിയാണ്, സുജാതാദേവി സഞ്ചരിക്കുന്നത്. അവരെ പല കാട്ടിലും കൂട്ടി ക്കൊണ്ടുപോവുന്ന വനപാലകരുടെ സഹായം, പിന്നെ പത്രപ്രവര്‍ത്തക എന്ന പരിവേഷം ഇവമാത്രമാണ് പലയിടത്തും തുണ. “ ഒറ്റക്ക് യാത്രചെയ്യുന്ന എതോ ധനികയായ ടൂറിസ്റ്റെന്നു കരുതിയാവാം, ജനം ബഹുമാനപൂര്‍വം പെരുമാറിയത്! മക്കളുടെ പഴയ പാന്റും ഷര്‍ട്ടും വിന്‍ഡ്ചീറ്ററുമൊക്കെ ചാര്‍ത്തിയിറങ്ങുമ്പോള്‍ അമേരിക്കയില്‍ നിന്നുവന്ന നീഗ്രോ അല്ലെങ്കില്‍ മുളാറ്റോയെങ്കിലുമായിരിക്കുമെന്ന് ആള്ക്കാര് വിചാരിച്ചു കാണും!” അവര്‍ സ്വയം ആശ്ചര്യപ്പെടുന്നു. പക്ഷേ കേരളം വിട്ടാല്‍ ഒറ്റക്കുള്ള സ്ത്രീയാത്രക്ക് അത്രക്ക് ഭയപ്പെടാനില്ലെന്ന് കേരളത്തിനു പുറത്ത് യാത്ര ചെയ്തിട്ടുള്ള സ്ത്രീകള്‍ക്ക് അറിയാം. കേരളത്തിലേക്കാള്‍ മറ്റേതൊരു സ്ഥലവും ഭേദമാണത്രേ!
സഞ്ചാരസാഹിത്യം സര്ഗാത്മകസാഹിത്യമല്ല എന്ന് സാഹിത്യലോകത്ത് ഒരു ധാരണയുണ്ട്. ശ്രീ എം.പീ വീരേന്ദ്രകുമാറിന്റെ “ ഹൈമവതഭൂവിലിന് “ സാഹിത്യ അക്കാദമി അവാര്‍ഡ് കിട്ടിയപ്പോള്‍ മാധ്യമങ്ങളില്‍ ഇത്തരമൊരു പരാമര്‍ശമുണ്ടായി. സര്‍ഗാത്മകതയുടെ സ്പര്‍ശനമില്ലെങ്കില്‍ കാണുവാനും കേള്‍ക്കുവാനുമുള്ള കഴിവില്ലെങ്കില്‍, നിരീക്ഷണ പാടവമില്ലെങ്കില്, യാത്രാവിവരണം ഒരു റിപ്പോര്‍ട്ട് മാത്രമായിരിക്കും. സര്ഗാതമക സൃഷ്ടിയെക്കാളും യാത്രാവിവരണമെഴുതാന്‍ പണവും സമയവും അദ്ധ്വാനവും കൂടുതല്‍ വേണമെന്ന് ശ്രീ. എസ്.കെ. പൊറ്റെക്കാട്. യാത്രാവിവരണത്തില്‍ ഭാവന പറ്റില്ലല്ലോ. വിവരങ്ങള്‍ വാസ്തവമായിരിക്കണം. ഏതൊരു സാഹിത്യസൃഷ്ടിയേയും പാരായണ ക്ഷമമാക്കുന്നത് അതിലെ ഭാഷയുടെ മനോഹാരിതയാണ്. അറിവുകള്‍, ഓര്‍മകള്‍, അനുഭവങ്ങള്‍, വെളിപ്പെടുത്തലുകള്‍, കാഴ്ച്ചകള്‍, ആശയങ്ങള്‍ എല്ലാം കോര്‍ത്തിണക്കിയ രചനയാവുമ്പോഴേ യാത്രാവിവരണവും നല്ലതാവൂ. ആദ്യവസാനം ഒരു കാവ്യാനുഭവവും സാഹസികകഥയുമായ ഈ യാത്രാവിവരണം അതിന്റെ പരിസ്ഥിതിബന്ധം കൊണ്ട്, വേറിട്ടുനില്‍ക്കുന്ന ഒന്നാണ്. ഹിമാലയ മേഖലയിലെ സംരക്ഷിതവനങ്ങളിലൂടെ, 1992ല്‍ നടത്തിയ പഠനയാത്രയുടെ വിവരണമാണ് “കാടുകളുടെ താളം തേടി‘ യെന്ന ഈ പുസ്തകം (കറന്റ് ബുക്സ് , തൃശ്ശൂര്‍). 1998 ലാണ് ഇത് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഹിമാലയന്‍ കാടുകളില്‍ പൂവിടുന്ന “ കച്നാര്‍ “ എന്ന മന്ദാരമരങ്ങളും ദേവതാരുക്കളും പൂത്ത റോഡോഡെന്‍ഡ്രോണ്‍ മരങ്ങളുമെല്ലാം അതിമനോഹരിയായ ഭൂപ്രകൃതിയുടെ സൌന്ദര്യം പദാനുപദം വിവരിക്കുന്നു.
ഹൃദയസഖിയായ ചേച്ചിക്കെഴുതിയ കത്തുകള്‍ വികസിപ്പിച്ചെടുത്തതാണ് പുസ്തകരൂപത്തിലാക്കിയത്. വായനക്കാരുമായി അടുപ്പം സ്ഥാപിക്കാന്‍ ഈ രീതിക്കു സാധിച്ചു. പക്ഷെ, കത്തുകളായതു കൊണ്ടുതന്നെ വായനക്കാര്‍ക്ക് അനുസ്യൂതത്വമെന്ന രസച്ചരട് അവിടവിടെ മുറിഞ്ഞും പോയി. ചേച്ചിക്ക് അനുജത്തിയുടെ യാത്രാപരിപാടിയും പശ്ചാത്തലവും അറിയാം, നമുക്കറിയില്ലല്ലോ. സ്ഥലവും തീയതിയും കത്തുകള്ക്കില്ല എന്നൊരു പോരായ്മ പറയാതെ വയ്യ. വഴിയരികിലെ കാട്ടുപൊന്തയില്‍ ഇരുന്ന് കളകൂജനം പൊഴിക്കുന്ന പക്ഷിയെന്നപോലെ വായനക്കാര്‍ക്ക് അദൃശ്യയാവുകയാണ് അവരും. കൊച്ചിയില്‍ നിന്നുവന്ന അദ്ധ്യാപിക എന്നതിലപ്പുറം എഴുത്തുകാരി നമുക്കും വെളിപ്പെടുന്നില്ല. എഴുത്തുകാരിയെ തിരിച്ചറിയാന്‍ സാലിം ആലിയുടേതുപോലുള്ള ഒരു “പക്ഷിഗൈഡ്“ വായനക്കാര്‍ക്കും വേണ്ടിവരും. പല യാത്രാവിവരണങ്ങളിലും സഹയാത്രികരെപറ്റിയും സഞ്ചാരപഥത്തെപറ്റിയും പരാമര്‍ശിച്ചു കാണാം. പക്ഷേ, ഒറ്റക്കുള്ള ഈ യാത്രയില്‍ അതൊന്നും പ്രസക്തമല്ല. പഠനയാത്രയായതിനാലാവാം, തന്നെക്കുറിച്ചും സഞ്ചാരത്തെക്കുറിച്ചും പറയുന്നതിലും കൂടുതല്‍ ഹിമാലയന്‍ കാടുകളില്‍ വസിക്കുന്ന ഗ്രാമീണരുടെ പ്രശ്നങ്ങളാണ് പറഞ്ഞിരിക്കുന്നത്.
1992 ല്ഡല്ഹിയിലെ സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് റ്റെക്നോളജി (സി.എസ്.ഈ.) എന്ന സംഘടന ഹിമാലയ പരിസ്ഥിതി പഠനത്തിനു നല്കിയ ഫെല്ലൊഷിപ്പുമായാണ് ലേഖികയുടെ യാത്ര. “ഹിമാലയത്തിലെ വന്യമൃഗ സംരക്ഷണ കേന്ദ്രങ്ങളുടെ നിലനില്‍പ്പും ചുറ്റുമുള്ള ജനസ്ഥാനങ്ങളുടെ സാമൂഹിക സാമ്പത്തിക പ്രശ്നങ്ങളും തമ്മിലുള്ള ബന്ധം“ എന്നതായിരുന്നു പഠനവിഷയം. ഈ സംരക്ഷിതവനങ്ങള്‍ ഉത്തര്‍പ്രദേശിലും ഹിമാചല്‍ പ്രദേശിലും ഉള്ളവയാണ്. ഡെറാഡൂണില്‍ നിന്ന് ആരംഭിക്കുന്ന യാത്ര, സിംലാ വരെയെത്തിയിട്ട് അവസാനിക്കുന്നതും ഡെറാഡൂണില്ത്തന്നെയാണ്. യാത്രയുടെ ആദ്യം, പഠനയാത്രക്ക് വേണ്ട സഹായാഭ്യര്‍ഥനയുമായി ലേഖിക വനം വകുപ്പിന്റെ പല വാതിലുകളും മുട്ടുന്നുണ്ട്. ഉത്തര്‍പ്രദേശ് വനം വകുപ്പിന്റെ മുന്‍കൂര്‍ അനുവാദം വാങ്ങാതെ പോയതിന്റെ ബുദ്ധിമുട്ട്! ഹിമാലയത്തിലെ ഉയരങ്ങളിലെ തണുപ്പിനെപ്പറ്റി മുന്‍ധാരണയില്ലതെ ചെന്നതിന്റെ പ്രയാസങ്ങള്‍, അവസാനം ഒന്നും കണ്ടില്ല, കേട്ടില്ല എന്നു നടിക്കേണ്ടി വന്നതിന്റെ മന:പ്രയാസം ഇങ്ങനെ പോകുന്നു, വൈതരണികള്‍! ഒറ്റക്കായതുകൊണ്ട് യാത്രയിലുടനീളം ഉള്ള ഏകന്തത, അവിടവിടെ വീണുകിട്ടുന്ന പരിചയക്കാരുടെ ചെറു സഹായങ്ങള്‍ .. ഇവയും വിവരിച്ചിട്ടുണ്ട്.
ഹിമാലയം മലയാളത്തില്‍ പലേ യാത്രാവിവരണങ്ങള്‍ക്കും പ്രചോദനമായിട്ടുണ്ട്. ശ്രീ. എം പീ വീരേന്ദ്രകുമാറിന്റെ ഹൈമവതഭൂവില്‍ എന്ന പുസ്തകം, ആഷാ മേനോന് , രവീന്ദ്രന് തുടങ്ങിയവരുടെ ഹിമാലയ യാത്രകള്‍. ഇവയൊന്നും പക്ഷേ, പഠനയാത്രകളല്ല. ഒരു വര്‍ഷത്തിനിടെ പതിനൊന്നു പതിപ്പിറങ്ങിയ ‘ഹൈമവതഭൂവില്‍‘ ഹിമാലയ നിരകളിലൂടെയുള്ള ഒരു സംഘതീര്ഥാടനമാണ് വിവരിക്കുന്നത്. എല്ലാ സൌകര്യങ്ങളോടും കൂടിയുള്ള ആ യാത്രാവിവരണം ഒരുപാട് കഥകളും ഉപകഥകളും നിറഞ്ഞതാണ്. അദ്ദേഹത്തിന്റെ യാത്രാവിവരണത്തിലും അഭേദ്യമായ പ്രകൃതിബന്ധമുണ്ട്. വരളുന്ന താഴ്വരകളെക്കുറിച്ചും തളരുന്ന നദികളെക്കുറിച്ചും അദ്ദേഹം എഴുതി. എസ് കെ പൊറ്റെക്കാട് ഹിമാലയ യാത്രകളെ വിവരിച്ചിട്ടുണ്ടെങ്കിലും , പാരായണ സുഖമുണ്ടെങ്കിലും, അവ പ്രകൃതി, മനുഷ്യന് എന്ന ബന്ധത്തെ പരാമര്‍ശിക്കുന്നില്ല. കെ. വീ. സുരേന്രനാഥ് എന്ന ‘ആശാന്റെ‘ കൈലാസയാത്രയാണ് ഈ വിവരണത്തോട് (ലോകത്തിന്റെ മുകള്‍ത്തട്ടിലൂടെ, പ്രഭാത് ബുക്ക് ഹൌസ്) സാമ്യമുള്ളതായി മലയാളത്തില്‍ ഉള്ളത്. അദ്ദേഹത്തിന്റെ വ്യക്തിത്വം പോലെതന്നെ സരളവും ഋജുവും ആയത്. കണ്ടും കേട്ടും വഴിനടന്ന ഇവര്‍ രണ്ടുപേരും - സുജാതാദേവിയും കെ വീ സുരേന്ദ്രനാഥും- മനസ്സിന്റെ ക്യാമറയില്‍ ഒപ്പിയെടുത്ത് നല്കുന്ന കാട്ടാറിന്റെ കളകളാരവവും കിളിമൊഴികളും, പൂവനങ്ങളും വയലും സംഗീതവുമെല്ലാം നല്ലൊരു ചലച്ചിത്രം പോലെ ഹൃദ്യം.
ചരിത്രാതീത കാലത്ത് വന്കരകളിലൊന്ന് തെന്നിമാറി ലോറേഷ്യായില് ഗോണ്ട്വാനാ ചെന്ന് ഇടിച്ചുണ്ടായതാണല്ലോ ഹിമാലയം എന്ന ഏറ്റവും ഉയര കൂടിയതും പ്രായം കുറഞ്ഞതും ഇപ്പോഴും വളര്ന്നുകൊണ്ടീരിക്കുന്നതുമായ പര്‍വതം. പ്രകൃതിയിലെ പുണ്യാവതാരങ്ങളിലൊന്നാണ് ഇതെന്ന് ആദ്യമായെത്തുന്ന സഞ്ചാരിയും വര്‍ഷങ്ങളായി അവിടെ പാര്‍പ്പുറപ്പിച്ച സന്യാസിയും ഒരുപോലെ സമ്മതിക്കും. അതുല്യമാണ് ആ അനുഭവ വിശേഷം. ലേഖിക പഠനം നടത്തിയ സംരക്ഷിത വനങ്ങള്‍ ഉത്തര്‍ പ്രദേശിലും ഹിമാചല്‍ പ്രദേശിലുമായി, ശിവാലിക്ക്, മഹാഭാരത്, ഗ്രേറ്റര്‍ എന്നീ മൂന്ന് ഹിമാലയനിരകളിലുമായി, വ്യാപിച്ചുകിടക്കുന്നു. കേദാര്‍നാഥ്, ഗോവിന്ദ് പശുവിഹാര്, ദര്‍ലാഘട്, മജാത്തല്, ചൈല്, കനാവര്‍, സിംലാകാച്മെന്റ്, രാജാജി നാഷണല്‍ പാര്‍ക്ക് എന്നിവയാണ് അവര്‍ സന്ദര്‍ശിച്ച് സാങ്ച്വറികള്‍. കാട്ടുമൃഗങ്ങളെ അധികം കാണുവാന്‍ കഴിഞ്ഞില്ലെങ്കിലും, വനത്തിലെ, പക്ഷികളും വൃക്ഷങ്ങളും ചേര്‍ന്നൊരുക്കിയ വിരുന്നുകളുടെ വര്‍ണന, വസന്തം പൊട്ടിവിരിഞ്ഞുവരുന്ന പ്രകൃതിയുടെ വിവരണം,. 5000 വര്‍ഷങ്ങള്‍ കൊണ്ട് നഷ്ടപ്പെടാത്ത വനസമ്പത്ത്, കഷ്ടിച്ച് കഴിഞ്ഞ 50 വര്‍ഷങ്ങള്‍ കൊണ്ട് നഷ്ടപ്പെട്ടതിന്റെ പ്രത്യക്ഷങ്ങള്‍, ഫലിതവും യുക്തിയും ഒരേസമയം കൈകോര്‍ത്തുനില്‍ക്കുന്ന ആഖ്യാനം, “ സിംഹവാലന്‍ കുരങ്ങ് ആഹാരരീതിയില്‍ അല്പസ്വല്പ്പം വിട്ടുവീഴ്ച്ചകള്‍ ചെയ്യേണ്ടുന്നതിന്റെ ആവശ്യകത “ പോലുള്ള തമാശകള്‍, എന്നിവ എഴുത്തുകാരിയുടെ ധിഷണയുടെ നേര്‍ക്കാഴ്ച്ചകളെ സൂചിപ്പിക്കുന്നു.
പരിസ്ഥിതി പ്രവര്‍ത്തകയും കവിയുമായ സുഗതകുമാരിയുടെയുടെ അനുജത്തിയായ സുജാതാദേവി, ഹിമാലയന്‍ കാടുകളില്‍ നടത്തിയ പഠനയാത്രയുടെ വിവരണം, ശ്രീമതി ബജേന്ദ്രി പാലിന്റെ (എവറസ്റ്റാരോഹകയായ ആദ്യത്തെ ഇന്ത്യക്കാരി) എവറസ്റ്റാരോഹണ വിവരണത്തിനോടാണ് കൂടുതല്‍ ചേര്‍ന്നു നില്ക്കുക. സാധാരണ യാത്രാവിവരണങ്ങളേയും സ്ത്രീ സങ്കല്‍പ്പത്തേയും വിമോചിപ്പിച്ചുകൊണ്ടേ ഇതു വായിക്കാന്‍ പറ്റൂ. ഈ സാഹസികത മലയാളിസ്ത്രീക്ക് അപരിചിതം. സാഹസികതയല്ലാതെ മറ്റൊന്നും ലേഖിക കാര്യമാക്കുന്നില്ല. “ഇക്കോളജിയെക്കാളും, സോഷ്യോളജിയെക്കാളും പരുക്കന്‍ ജീവിത പാഠങ്ങളാണ് ഞാന്‍ നന്നായി പഠിച്ചതെന്നു തോന്നുന്നു. വഴിവക്കിലെ പെട്ടിക്കടയില്‍നിന്നും ഭക്ഷണം കഴിക്കാന്‍ , പീടികത്തിണ്ണയിലും ചായക്കടയിലും അന്തിയുറങ്ങാന്‍ , അപരിചിതരുടെ സൈക്കിളിന്റെ പിന്നിലും ലോറിയിലുമൊക്കെ യാത്ര ചെയ്യാന്‍ , റിസര്‍വേഷനില്ലാതെ ട്രെയിനിലെ ഇടനാഴിയിലെ പെട്ടിയില്‍ കുത്തിയിരുന്നുറങ്ങാന്‍ , രോഗങ്ങളെ ചെറുക്കാന്‍ , സ്വന്തം ഭാരം സ്വയം ചുമക്കാന്‍ , മര്യാദക്കാരോടും മര്യാദയില്ലാത്തവരോടും പെരുമാറാന്‍ , സ്വയം സൂക്ഷിക്കാന്‍ , തനിച്ചിരിക്കാന്‍ ... “ . നാല്പ്പത്തിയഞ്ചുവയസ്സുണ്ടായിരുന്ന , നാഗരികയായ ഒരാള്‍, പ്രാഥമികാവശ്യങ്ങള്‍ക്കു പോലും സൌകര്യമില്ലാത്ത കാടിനുള്ളിന് രണ്ടുമാസം യാത്രചെയ്ത് കഴിഞ്ഞതിന്റെ വിവരണം സാഹസികയല്ലാതെ മറ്റെന്താണ്? “ പതിനായിരം അടി ഉയരത്തില്‍ ചായക്കടയിലെ തീ കാഞ്ഞിരുന്നാണ് ഇതെഴുതുന്നത്. ‘ഹരീ കീ ധുന് ‘ എന്ന പ്രസിദ്ധമായ താഴ്വരയിലേക്ക് കടക്കാന്‍ മല കയറി വന്നതാണ്. പക്ഷേ മുകളിലത്തെ മേഖലയിലേക്ക് കടക്കാന്‍ വയ്യ. മഴ, ആലിപ്പഴം പൊഴിയല്‍, മഞ്ഞുപെയ്യല്‍.. ഇതൊന്നും പോരാഞ്ഞ് വാരിക്കൂട്ടി തറയിലടിക്കാന്‍ ശ്രമിക്കുന്ന കംസന് കാറ്റും.“ സീമയെന്ന പേരുള്ള സ്ഥലത്തെ ജനവാസത്തിന്റെ സീമയില്‍, പൂജ്യം ഡിഗ്രിക്കു താഴെയുള്ള തണുപ്പില്‍, ചായക്കടയിലെ മുകള്‍നിലയിലെ രാപാര്‍ക്കല്‍ വായനക്കരുടെ രക്തവും മരവിപ്പിക്കും. “ ഗതികിട്ടാത്ത ഒരാത്മാവിന്റെ കുറവുതീര്ക്കാനെന്നപോലെ ഈ കാറ്റിലൂടെ, മഴയിലൂടെ ഞാനൊരു രണ്ടു ഫര്‍ലോങ്ങ് പോയി. ഇത്തിരി മറവുള്ള ഒരിടം തേടി. കക്കൂസും കുളിമുറിയുമൊന്നും അത്യാവശ്യങ്ങളില്‍പ്പെടുന്ന ഭൂവിഭാഗങ്ങളല്ലല്ലോ ഇതൊന്നും.” ചായക്കടക്കാരുടെ കാരുണ്യം ചായമാത്രമല്ല, ചൂടു ചപ്പാത്തിയും ഉരുളക്കിഴങ്ങു കറിയും പച്ചരിച്ചോറുമായി അവതരിക്കുന്നു. അവിടെയും ലേഖികയുടെ നര്‍മ്മബോധം: “ അപ്പോഴേ പറഞ്ഞില്ലേ, പോരണ്ടാ, പോരണ്ടാന്ന്. ... .പോരണ്ടാ, പോരണ്ടാന്ന് “
ഹിമാലയം ഒരിക്കല്‍ കണ്ടവര്‍ക്ക് വീണ്ടു വീണ്ടും അത് കാണാന്‍ തോന്നും. അത്രക്ക് അത് മോഹിപ്പിക്കും. . പഠനയാത്രക്ക് ആദ്യം അനുമതി നിഷേധിച്ച ഉത്തര്‍പ്രദേശ് ചീഫ്കണ്സര്വേറ്ററും വൈല്‍ഡ് ലൈഫ് വാര്ഡണുമായ ശ്രീ ബദൂരിയായോടുള്ള വാശിപ്പുറത്താണ് കാടു കണ്ടേ അടങ്ങൂ എന്ന് ലേഖിക തീരുമാനിക്കുന്നത്. ‘നേരിട്ടുള്ള പഠനത്തിന് അനുവാദം കിട്ടിയില്ലെങ്കില്‍ പഠനം പുസ്തങ്ങളുടെ സഹായത്തോടെ നടത്തും. വിനോദസഞ്ചാരിയെന്ന പേരില്‍ സംരക്ഷിത വനങ്ങള്‍ സന്ദര്‍ശിക്കും. ഉത്തരവാദപ്പെട്ട ഒരു സംഘടന ഫെല്ലോഷിപ്പുതന്ന് ഏല്‍പ്പിച്ച പഠനം ഏറ്റെടുത്ത സ്ഥിതിക്ക് അത് വേണ്ടപോലെ നടത്തേണ്ട ചുമതല എനിക്കുമുണ്ടല്ലോ. ‘ കണ്ണുകൊണ്ട് കാണാവുന്നതൊക്കെ കണ്ട്, കേള്‍ക്കാവുന്നതൊക്കെ കേട്ട്, തിരിച്ചു പോവുന്നു. പക്ഷേ കടുത്ത മണങ്ങള്‍ കാറ്റില്‍ നിറച്ചുള്ളപ്പോള്‍ കുറെയൊക്കെ മണത്തറിയാതെ വയ്യല്ലോ!” എന്ന് കരുതി സുഹൃത്തായ ശ്രീ വിനോദ്കുമാര്‍ ഉണിയാലിന്റെ സഹായത്തോടെ ഡെറാഡൂണിന് പടിഞ്ഞാറ് ഉള്ള സാങ്ച്വറികള്‍ ലേഖികക്ക് കാണുവാന്‍ സാധിക്കുന്നു. പക്ഷേ അനുവാദമില്ലാതെ ഉത്തര്‍പ്രദേശിലെ സംരക്ഷിതവനങ്ങളില്‍ കടന്നതിന് കേസ്സെടുക്കുമെന്ന വാര്‍ത്തയാണ് യാത്രാവസാനത്തില്‍ കുളുവില്‍നിന്ന് തിരിച്ചെത്തിയ സുജാതാദേവിയെ എതിരേറ്റത്. സംഘര്‍ഷമൊഴിവാക്കാന്‍ ലേഖികക്ക് പരിസ്ഥിതി മന്ത്രിയെത്തന്നെ ആശ്രയിക്കേണ്ടതായി വരുന്നുണ്ട്. പൌരബോധവും ധൈര്യവും ആണ് അവിടെയും സഹായം. അനാരോഗ്യവും ക്ഷീണവും ബുദ്ധിമുട്ടിച്ചപ്പോഴും നിശ്ചയദാര്‍ഢ്യം കൊണ്ട് അവര്‍ നമ്മെ അത്ഭുതപ്പെടുത്തുന്നു. നിരന്തരസമരം നടത്തി, വനസന്ദര്‍ശനത്തിന് ആദ്യം അനുമതി നിഷേധിച്ച ശ്രീ.ബദൂരിയായില് നിന്നുതന്നെ അവര്‍ രാജാജി നാഷണല്പാര്ക്കു സന്ദര്‍ശിക്കാന്‍ അനുവാദം നേടുന്നു. ഈ പഠനം വിജയകരമായി പൂര്‍ത്തിയാക്കിയതിനുള്ള കടപ്പാട് ശ്രീ. ബദൂരിയായോടാണ്. അദ്ദേഹം ഉയര്‍ത്തിയ കടമ്പകളാണ് അതു ചാടിക്കടക്കുന്നതിനുള്ള പ്രചോദനം നല്‍കിയത്. പെണ്ണെരുമ്പെട്ടാല്‍ എന്ന് ചൊല്ലുണ്ടല്ലോ! അത് പെണ്ണിനുള്ള പ്രശംസയോ പരിഹാസമോ?
മേധാ പാട്ക്കറും, വന്ദന ശിവയും, സുഗത കുമാരിയും ദയാഭായിയുമെല്ലാം പൊതുവായി സൂക്ഷിക്കുന്ന ഒരു ജൈവബന്ധമുണ്ട്. സ്ത്രീയും പ്രകൃതിയുമായുള്ള ജൈവബന്ധം. അതേ ജൈവബന്ധമാണ് ഈ യാത്രയിലും സുജാതാദേവിക്ക് തുണയാവുന്നത്. ജീവിതക്ലേശങ്ങളെക്കാളും പാരമ്പര്യത്തിന്റെ കനത്ത ചങ്ങലയാണ് ഉത്തരേന്ത്യക്കാരെ ബന്ധിച്ചിരിക്കുന്നത്. പണി ചെയ്യാന്‍ മാത്രമായി പിറന്നവളാണ് ഇവിടത്തെ ഗ്രാമീണ സ്ത്രീ. പുലരും മുന്‍പ് ഒരു വലിയ കുട്ടയുമായി കാട്ടിലേക്ക് പുറപ്പെടുന്നവള്‍ നടു നിവര്‍ത്തുന്നത് രാവേറെ ചെന്നതിനു ശേഷമാണ്. വിറകുവെട്ടണം, വെള്ളം കൊണ്ടുവരണം, കൃഷിപ്പണി ചെയ്യണം, പുല്ലരിയണം, കുഞ്ഞുങ്ങളെ നോക്കണം. എന്നാലും പരുക്കന്‍ ജീവിതത്തിന്റെ യാഥാര്‍ത്ഥ്യങ്ങളുമായി മല്ലിട്ട് ജീവിച്ചിട്ടും ഹിമാലയത്തിലെ സ്ത്രീകളുടെ പാട്ടിന്റെ ഉറവ വറ്റുന്നില്ല. പുല്ലരിയുമ്പോഴും പണിചെയ്യുമ്പോഴും അവര്‍ പാടുന്നു. യാത്രക്കിടയിലും സന്തോഷവും സങ്കടവുമൊക്കെ പാട്ടിലൂടെ തുറന്നൊഴുക്കി വിടുന്നു. ഈ കിന്നരിമാര്‍ക്ക് ദുമേദസ്സില്ലാത്തത് ഭക്ഷണക്കുറവുകൊണ്ടു മാത്രമല്ല, തലമുറകളായുള്ള മലകയറ്റവും ഭാരം പേറിയുള്ള നടത്തവും കൊണ്ടാണത്രേ. ഇവരുടെ പുരുഷന്മാരാവട്ടെ, ടൂറിസ്റ്റ് സീസണില്‍ പണിയെടുത്തിട്ട് മറ്റുകാലത്ത് പുകച്ചും കുടിച്ചും ചീട്ടുകളിച്ചും അലസജീവിതം നയിക്കുന്നു.
പരിസ്ഥിതി വാദിയും പക്ഷിശാസ്ത്രജ്ഞനുമായ സാലിം ആലി ഏറെക്കാലം ഡെറാഡൂണില്‍ താമസിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ പക്ഷിഗൈഡുകള് ആണ് സുജാതാദേവി പക്ഷികളെ തിരിച്ചറിയാന്‍ ഉപയോഗിക്കുന്നത്. സുജാതാദേവിയുടെ പക്ഷികളെ കാണാനുള്ള ആഗ്രഹം ഒരു പക്ഷേ സാലിം ആലിയോളം തന്നെ വരും. അദ്ദേഹത്തിന്റെ ആത്മകഥയായ “ ഫാള്‍ ഒഫ് എ സ്പാരോ” യിലും ഇത്രക്ക് പക്ഷിവിവരണങ്ങളില്ല. “ സിനിമാഭ്രാന്തര്‍ക്ക് താരദര്‍ശനം എന്ന് പറയുമ്പോലെ തന്നെ ഒരു പക്ഷിഭ്രാന്ത് ഈ വിവരണങ്ങളിലെ ആര്‍ത്തിയില്‍ വായിച്ചെടുക്കാം. നോക്കുക : “ എന്തൊക്കെ മരങ്ങളാണ്, എത്ര പൂക്കളാണ്, പുഴകളാണ്! കൊച്ചു കൊച്ചു നൂറു വെള്ളച്ചാട്ടമുണ്ട് വഴി നിറയെ. പുഴയിലെ പാറക്കെട്ടില്‍ നമ്മുടെ വണ്ണാത്തിയെക്കാളും ഇത്തിരികൂടിപ്പോന്ന റിവര്‍ചാറ്റ് അഥവാ വെള്ളത്തൊപ്പിക്കാരന്‍ ചുവപ്പന്‍ സ്റ്റാര്‍ട് ഇരതേടി നില്‍പ്പുണ്ട്. കരിം ചുവപ്പു വാലും വയറും കരിനീല ദേഹവുമുള്ള ഒരുണ്ടക്കിളി. തലയില്‍ വെണ്ണ പൊത്തിയതുപോലെ അല്‍പ്പം വെളുപ്പും.” “ കറുത്തു സുന്ദരന്മാരായ ഖലീജ് എന്ന കാട്ടുകോഴികളെ ഞാന്‍ കേദാരത്തില് വച്ചു തന്നെ കണ്ടിരുന്നു. ചെറുതൊപ്പി വച്ച തവിട്ടു കാട്ടുകോഴികളേയും നേരത്തേ പരിചയപ്പെട്ടിരുന്നു. പശുവിഹാറിലെ പുതുമുഖങ്ങളിലൊന്ന് റോസ് ഫിഞ്ച് ആയിരുന്നു. ആ നെഞ്ചിലെ ഇളം ചുവപ്പ് ഞാന്‍ ആദ്യമായി കാണുകയാണ്. നമ്മുടെ ഒരു പക്ഷിക്കും ഇങ്ങനെയൊരു നിറമില്ല.” (പേജ് 36,37).
“പുള്ളിപ്രാവില്ലാത്ത ഇടമില്ല. ഇലപ്പടര്‍പ്പിനിടയില്‍ ഒന്നുരണ്ടിടത്ത് കാട്ടുകോഴികളെ കണ്ടു. അതിനിടയില്‍ ഒരു കുരങ്ങന് - റിസൈസ് മെക്കാക്ക് - തറയിലിറങ്ങി എന്തൊക്കെയോ പെറുക്കിയും കടിച്ചുതുപ്പിയും നടക്കുന്നുണ്ടായിരുന്നു. ഒരുവലിയ മരത്തിലൂടെ വേഗം വേഗം നടന്ന് മുകളിലേക്ക് കയറുന്ന സുന്ദരന്‍ കൊച്ചുകിളിയെ ഞാനാദ്യം കാണുകയായിരുന്നു. വെളുത്ത വയറും കറുത്തതലയും കറുപ്പും ചാരവും കലര്‍ന്ന പുറവുമുള്ള ഇവനാവണം ഹിമാലയന്‍ ട്രീ കീപ്പര്‍. “ (പേജ് 70) ഇത്തരത്തിലുള്ള വിവരണങ്ങള്‍, ചിറകും തൂവലും വാലും വര്‍ണിച്ച്, ഗൈഡ് ബുക്കുനോക്കി ഓരോന്നിനേയും തിരിച്ചറിഞ്ഞ്, കുറുകലും പാട്ടും കേള്‍പ്പിച്ച് നല്കാന് ഒരു യഥാര്‍ഥ പ്രകൃതിനിരീക്ഷകക്കു മാത്രമേ സാധിക്കൂ. “പ്രകൃതിനിരീക്ഷകയുടെ യാത്രാവിവരണമെന്ന് ഇതിനെ വിളിക്കാം. “ മലയാളത്തില്‍ ഇത്തരമൊന്ന് അപൂര്‍വമെന്ന് പറയാനിതാണ് കാരണം. വഴിവക്കില്‍ കാണുന്ന, പക്ഷികളെയും മൃഗങ്ങളേയും തിരിച്ചറിയാന്‍ അതെക്കുറിച്ച് അറിവില്ലാത്തവര്‍ക്ക് സാധിക്കയില്ല. പലരും ഹംസമെന്ന് പറയുന്നത് താറാവിനെയായിരിക്കും. ശ്യാമക്കിളിയെ കുയിലെന്നും വിളിക്കും! പല യാത്രാവിവരണങ്ങളിലും ഇങ്ങനെ തെറ്റായ പക്ഷിപ്പേരുകള്‍ അരോചകമാവാറുണ്ട്. അധികം പേരും പക്ഷികളെ ശ്രദ്ധിക്കാറുപോലും ഇല്ല.
രാജാജി നാഷണല്‍ പാര്‍ക്കില്‍ വച്ചാണ് ലേഖിക എറ്റവുമധികം മൃഗങ്ങളെ കാണുന്നത്. പുള്ളിമാനുകള്‍, മ്ലാവുകള്‍, നീലക്കാളകള്‍, ബാര്‍ക്കിങ് ഡിയര്‍ തുടങ്ങിയവയെ. പക്ഷെ, ഒരു ദിവസം വനപാലകര്‍ കൂടെയില്ലാതെ നടക്കാന്‍ പോയ സമയം ആനയെക്കണ്ടത് വിവരിച്ചിരിക്കുന്നത് അവിസ്മരണീയം. ഒരു സംഘം മാനുകള്‍ വരുന്നതുകണ്ട് ഒഴിഞ്ഞൊരു ഇടത്ത് ഒരു കല്ലില്‍ ഇരുന്നതാണ് അവര്‍. വളര്‍ന്നു പന്തലിച്ച ഒരാലിന്റെ അടുത്ത്. അപകടകാരിയല്ലെന്ന് തോന്നിയതിനാലാവണം മാനുകള്‍ ഭയം കൂടാതെ മേഞ്ഞു. ആലിന്മുകളില് കുരങ്ങന്മാരും ഉണ്ടായിരുന്നു. അവര്‍ക്ക് മനുഷ്യരെ കണ്ടാലും ഒരു കൂസലുമില്ല. അപ്പോള്‍ വരുന്നു ഒരു കുറുക്കന് . പനങ്കുല വാലന്‍ , പരമ സുന്ദരന്‍ . ലേഖികയെ കണ്ടതും അവന്റെ ചിരി മാഞ്ഞു. കാടിനുള്ളിലേക്ക് പിന്‍വലിഞ്ഞു. അതെത്തുടര്‍ന്ന് പക്ഷികളെക്കണ്ട് കുറച്ചകത്തോട്ടുപോയപ്പോള് കമ്പൊടിയുന്ന ശബ്ദം. ചുള്ളി ഞെരിയുന്ന ശബ്ദം. അതോടൊപ്പം ഒരു തുമ്പിക്കൈ പൊങ്ങുന്നതും കണ്ടു. മസ്തകത്തിന്റെ ഭാഗവും. ഒറ്റയാനായിരുന്നു. പതുക്കെ ആനയെ നോക്കി പിന്നോട്ടു നടന്നു. കുറച്ചു ദൂരമെത്തിയിട്ട് തിരിഞ്ഞോടി. അനുഭവം കഴിയുമ്പോള്‍ പേടി ഒരു സുഖമെന്ന് അവര്‍. പക്ഷെ, ഈ പുസ്തകത്തിലൂടെ കടന്നുപോകുമ്പോള്‍, ഹിമാലയത്തില്‍ കാടുകളേ ഇല്ലല്ലോ എന്ന തീരാദു:ഖത്തില്‍ നമ്മളെത്തും. ഗ്രാമീണര്‍ കാടും മലയും കയ്യേറി ആടിനെയും പശുവിനെയും വളര്‍ത്തുന്നു. കൃഷിയിറക്കുന്നു. സംരക്ഷിത വനങ്ങളിലും നാഷണല്‍ പാര്‍ക്കുകളിലും വനം കൈയ്യേറ്റം കേരളത്തില്‍ അത്ര രൂക്ഷമല്ല. കാരണം, മരം വെട്ടി തീകത്തിച്ച് രക്ഷനേടേണ്ട അത്ര കഠിനമായ തണുപ്പ് നമുക്കില്ല. തെങ്ങ് എന്ന കല്പ്പവൃക്ഷം വിറകിന്റെ ആവശ്യത്തെ ഒരുവിധം നിറവേറ്റുന്നതുകൊണ്ടും, കാട്ടിലഴിച്ചുവിട്ട് ആടുമാടുകളെ വളര്‍ത്താത്തതും മറ്റൊരു കാരണമാവാം. ഹിമാചല്‍ പ്രദേശില്‍ ഉള്ള ദര്‍ലാഘട് എന്ന സാങ്ച്വറിയില്‍ ഒരു സിമന്റ് ഫാക്ടറിക്ക് അനുവാദം നല്‍കിയതോടെ സാങ്ച്വറിയുടെ നല്ലൊരു ഭാഗം “ഡീ നോട്ടീഫൈഡ്” ആയി. മരുഭൂമികള്‍ ഉണ്ടാവുന്നതിന് നല്ല ഉദാഹരണം. ഹിമാചല്‍ പ്രദേശിലെ ചൈലെന്ന മറ്റൊരു റിസര്‍വ് വനത്തിനുള്ളില്‍ ഉള്ളത് 120 ഗ്രാമങ്ങളാണ്. അവയിലൊക്കെ ഒരു പതിനായിരം മനുഷ്യരും അവരുടെ കന്നുകാലികളും. തടിമില്ലുള്പ്പെടെ പതിനെട്ട് വ്യവസായസ്ഥാപനങ്ങള്‍ കാട്ടിനുള്ളീലുണ്ട്. ഒരു സര്‍ക്കാര്‍ പള്ളീക്കൂടം, മിലിട്ടറി അക്കാദമിയുടേ സ്കൂള്‍, മിലിട്ടറീ എന്‍ജിനീയറിംഗ് സര്‍വീസിന്റെ ഓഫീസ്, ഹോട്ടികള്‍ചര്‍ ഡീപ്പാര്ട്മെന്റിന്റെ ഓഫീസ്, കൃഷിസ്ഥലം, ടൂറീസം വകുപ്പിന്റെ ഓഫീസ്, ലേഖികയോടൊപ്പം നമുക്കും ചോദിക്കാം, ഈ പ്രകൃതിവിരുദ്ധ സഹകരണസമൂഹത്തെ സംരക്ഷിതവനമെന്ന് വിളിക്കുന്നതെന്തിന്? ( വര്‍ഷം തോറും മനുഷ്യലക്ഷങ്ങള്‍ കയറിയിറങ്ങുന്ന ശബരിമല തേക്കടി റിസര്‍വ് വനത്തിനുള്ളിലാണ്. വിനോദസഞ്ചാരികള്‍ക്ക് തുറന്നു കൊടുക്കാത്തതുകൊണ്ട് സൈലന്റ് വാലി നമുക്ക് ഇപ്പോഴുമുണ്ട്.) ചൈലിലെ ഗ്രാമീണജനതക്ക് വെള്ളമില്ലെന്ന പരാതി യാണ് മുന്നില്‍. വന്യമൃഗങ്ങള്‍ കൃഷിനശിപ്പിക്കുന്നുവെന്ന പരാതി വേറെയും. ഗ്രാമവാസികളുടെ വാദം വിചിത്രമാണ്. “ കാട്ടിലെ പുല്ല് എന്തിനാണ് ഈ മാനുകള്‍ക്ക് വിട്ടുകൊടുക്കുന്നത്? അത് ഞങ്ങളുടെ ആടും പശുവും തിന്നാലെന്താണ്? ഈ മാനുകളെക്കൊണ്ട് ആര്‍ക്കാണ് പ്രയോജനം?അവര്‍ നിങ്ങള്‍ക്കെന്തു തരുന്നു?”
സുജാതാദേവിയുടെ കാവ്യഭംഗിയുള്ള ഭാഷ, ഓരോ അധ്യായത്തേയും അതിമനോഹരമാക്കുന്നു. സംസ്കൃതഭാഷയിലുള്ള അവരുടെ സ്വാധീനം ഒളിഞ്ഞും തെളിഞ്ഞും പ്രസരിക്കുന്നു. ഹിമാലയ യാത്ര നടത്തുന്ന എല്ലാവരും കാളിദാസനെ അനുസ്മരിക്കാറുണ്ട്. കുമാര സംഭവത്തിലെ പാര്‍വതിയും, മറ്റ് നായികമാരും ഈ പ്രദേശങ്ങളില്‍ നിന്നാണല്ലോ. സുജാതാദേവിയും കാളിദാസനേയും കേദാരനാഥനേയും അനുസ്മരിച്ചിട്ടാണ് തുടങ്ങുന്നത്. വനദേവതയാല്‍ അനുപ്രയാതയായി വന്നെത്തുന്ന ‘സ്ഥാവര രാജകന്യക’ യാണ് കുമാരസംഭവത്തിലെ പാര്‍വതി, കേദാരത്തിലെ വനലക്ഷ്മിയും. വനയാത്രക്കിടയിലും സന്ദര്‍ശ്ശിക്കാന്‍ പറ്റിയ, കേദാരവും മണികര്ണവും കുളു വാലി എന്നിവയെക്കുറിച്ചുമുള്ള വിവരണങ്ങളുണ്ട്. കൂടാതെ മുന്‍പൊരിക്കല്‍ നടത്തിയ കേദാരനാഥ് ക്ഷേത്രത്തിലേക്കുള്ള കാല്‍നടയാത്രയുടെ വര്‍ണനയും. യാത്രക്കിടയില്‍ കൂട്ടിനെത്തുന്ന ഒരു നായ വഴികാട്ടിയായതും , അവര്‍ അതിനോട് സംസാരിച്ചുനടന്നതും അത്ഭുതകരമാണ്. അതിലും രസകരമാണ് അവരുടെ കുതിരസവാരിയെക്കുറിച്ചുള്ള വിവരണം. സ്വര്‍ഗവും നരകവും ഒരുമിച്ച് കാണിച്ചുതരുന്ന മലമടക്കുകളിലെ കുതിരസവാരി! ഇടക്ക് കാലില്‍ വല്ല കമ്പോ വള്ളിയോ ഉടക്കിയാല്‍ കുതിര പേടീച്ച് ചിനച്ചും കൊണ്ട് രണ്ടുകാലില്‍ നില്ക്കും. അള്ളിപ്പിടിച്ച് അതിന്റെ പുറത്ത് കിടക്കുകയേ രക്ഷയുള്ളൂ. കുതിരസവാരിക്കു ശേഷം കുതിരക്കുപോലും നടക്കാനാവാത്ത വഴിയിലൂടെ കാലുകൊണ്ട് നടന്നു കയറി. പര്വതനന്ദനനായ പഹാഡിയുടെ മലകയറ്റം കാണേണ്ട കാഴ്ച്ചയാണത്രെ. കുത്തനെയുള്ള മലകള്‍ അയാള്‍ അതിവേഗത്തില്‍ കയറിയിറങ്ങും.
പ്രൈമറി ക്ലാസ്സില്‍ നമ്മളെല്ലം വനസമ്പത്ത് എന്തെല്ലാമെന്ന് പഠിച്ചത് ഓര്‍മ്മയുണ്ട്. തടി, വിറക്, തേന്‍ , ആനക്കൊമ്പ്, പച്ചമരുന്നുകള്‍ , ചന്ദനം,കസ്തൂരി ഇങ്ങനെ പലതും വനം നമുക്ക് തരുന്നു. വനമാണ് സമ്പത്തെന്നും അത് മണ്ണിനേയും പ്രകൃതിയേയും സംരക്ഷിക്കുന്നുവെന്നും വനത്തിനുള്ളില്‍ മനുഷ്യന് കയറുന്നതാണ് വനനശീകരണമെന്നും ഒരു ക്ലാസ്സിലും പഠിച്ചില്ല. പതിനഞ്ച് അധ്യായങ്ങളിലായി പകുത്തുവെച്ച ഈ പുസ്തകം സര്‍ക്കാരിന്റെ പ്രകൃതി-വന സംരക്ഷണത്തിനോടും വികസനനയത്തോടുമുള്ള ഒരു വിമര്‍ശനം കൂടിയാണ്. “ഭരിക്കുന്നവര്‍ക്ക് സ്ത്രീയോടും പ്രകൃതിയോടും ഒരേ സമീപനമാണ്. ഉടമസ്ഥാവകാശവും ചൂഷണവും. പട്ടണങ്ങളെ ഊട്ടുന്നതിലും താലോലിക്കുന്നതിലുമാണ് എന്നും സര്‍ക്കാരുകള്‍ക്ക് താല്‍പ്പര്യം. കാടിന്നുള്ളില്‍ കഴിയുന്ന ഗ്രാമീണരുടെ പുനരധിവാസത്തിനുള്ള പണവും സ്ഥലവും കണ്ടെത്തുക വിഷമമുള്ള കാര്യമല്ല. നഗരത്തില്‍ ആര്‍ക്കും വേണ്ടാത്ത ഷോപ്പിങ് കോമ്പ്ലെക്സുകള് കെട്ടുന്നതാണ് വികസനം. തല്ക്കാലം വോട്ടുനേടാനുള്ള വ്യഗ്രത മാത്രമേ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കുള്ളൂ. ദീര്‍ഘദൃഷ്ടിയോടെ ആസൂത്രണം നടത്തണമെന്ന് പറയാനുള്ള കാലം എന്നേ കഴിഞ്ഞുപോയി. ഉരുള്‍ പൊട്ടലിന്റേയും മണ്ണൊലിപ്പിന്റേയും വൃഷ്ടിപ്രദേശം വരണ്ടുപോകലിന്റേയും ഒത്ത നടുവില്‍ വന്നെത്തിയിട്ടും ഒന്നും കണ്ടും കേട്ടുമില്ലെന്ന് ഭാവിച്ച് വീണ്ടും വിത്തെടൂത്തുണ്ണുന്ന വിഡ്ഢിത്തത്തില്‍ നാം മുഴുകുന്നു. ഈ പോക്കിന് കടിഞ്ഞാണിടാന്‍ ആരും തയ്യാറല്ലെങ്കില്‍ ഈ നാട് അനുഭവിച്ചു തീര്‍ക്കട്ടെ.” ഇതാണ് ഈ യാത്രയുടെ കണ്ടെത്തല്‍.
എന്തുകൊണ്ട് സുജാതാദേവിയെന്ന ഈ അനുഗ്രഹീത എഴുത്തുകാരി മലയാളഭാഷക്ക് അധികം സംഭാവനകള്‍ നല്‍കിയിട്ടില്ല? സമയക്കുറവോ കാരണം? അവര്‍ ഇനിയും എഴുതണേ എന്ന് വായനക്കാര്‍ പ്രാര്‍ഥിച്ചുപോവും. വായനക്കാരി/കാരന് പ്രകൃതിസ്നേഹിയും പക്ഷിസ്നേഹിയും ആണെങ്കില്‍ പറയാനുമില്ല. യാത്ര ഇഷ്ടപ്പെടുന്ന, പ്രകൃതിയെ സ്നേഹിക്കുന്ന ഏതൊരാളും അത്ഭുതാദരങ്ങളോടേ മാത്രമേ ഈ വനയാത്ര വായിക്കൂ. ആലീസ് കണ്ട അത്ഭുതലോകം പോലെയൊരു അത്ഭുതലോകമാണ് ഈ പുസ്തകത്തില്‍ ചുരുള്‍ നിവരുന്നത്. ആഗോളതാപനത്തിന്റെ, പരിസ്ഥിതിനാശത്തിനുള്ള കടുത്ത പിഴയടക്കലിന്റെ, നാടുമുടിക്കുന്ന വികസനത്തിന്റെ ഈ വേളയില്‍, ‘ഇത്തിരി പച്ചപ്പ് നിലനില്‍ക്കുന്ന മനസ്സുകള്‍ക്ക് ‘ ഈ പുസ്തകം അമൃതാണ്.
ബഹു:ഗീതാഞ്ജലി കൃഷ്ണന് "കാടുകളുടെ താളം തേടി"എന്ന യാത്രാവിവരണത്തിന് തയ്യാറാക്കിയ അവലോകനംവളരെ നന്നായിരിക്കുന്നു. എല്ലാ വശങ്ങളേയും സ്പര്‍ശിച്ചു കൊണ്ടുള്ള താരതമ്യപഠനം അനുവാചകന് ആ പുസ്തകം വായിക്കാനുള്ള താല്പര്യം വളര്‍ത്താന്‍ ഇടയാക്കുന്നുണ്ട്.അഭിനന്ദനങ്ങള്‍.
ReplyDeleteആശംസകളോടെ
NB:പുസ്തക വിവരത്തില്‍ പുസ്തകത്തിന്റെ വില
കൂടി ചേര്‍ത്തിയാല്‍ ഉപകാരമായിരിക്കും.