Tuesday, June 26, 2012

മരുഭൂമിയുടെ ആത്മകഥ

പുസ്തകം : മരുഭൂമിയുടെ ആത്മകഥ
രചയിതാവ് : വി.മുസഫര്‍ അഹമ്മദ്
പ്രസാധകര്‍ : കറന്റ് ബുക്സ്, തൃശൂര്‍
അവലോകനം : വല്ല്യമ്മായി



"ജീവിതം മരുഭൂമിയില്‍ ഒരു സമ്മാനമാണ്‌; ഒരു നിധിയാണ്; ഒരത്ഭുതമാണ്‌. ജീവിതം അതിന്റെ മഹിമയില്‍:അപൂര്‍‍വ്വതയുടെ മഹിമ, എല്ലായ്പ്പോഴും അത്ഭുതകരം. ഇവിടെയാണ്‌ അറേബ്യയുടെ നാമരഹിതമായ എല്ലാ സുഗന്ധങ്ങളും കിടക്കുന്നത്. ഇതു പോലൊരു മണല്‍പ്പരപ്പില്‍, ഇതു പോലെ മാറി വരുന്ന മറ്റു ഭൂഭാഗങ്ങളിലും." (മക്കയിലേക്കൊരു പാത)


മനുഷ്യനെന്നും മറുനാടുകളുടെ കഥകളും കാഴ്ചകളും മറ്റു വിശേഷങ്ങളുമറിയാന്‍ കൊതിച്ചു. പലയിടങ്ങളെ കുറിച്ചും സഞ്ചാര സാഹിത്യ കൃതികളിലൂടെയും മറ്റു ഭാഷാ കൃതികളുടെ വിവര്‍ത്തനങ്ങളിലൂടെയും വായിച്ചറിഞ്ഞപ്പോഴും അറേബ്യയെ കുറിച്ചുള്ള അറിവ് മരുഭൂമി പോലെ വരണ്ടുണങ്ങി തന്നെയിരുന്നു. കാരണം ജീവിതമൊരു കര പറ്റിക്കാനായി കടലു കടന്നവരിലധികവും അത്തറു മണത്തോടൊപ്പം എഴുതി അയച്ചതൊക്കെയും വിരഹത്തിന്റെയും നൊമ്പരത്തിന്റേയും കഥകളായിരുന്നു. ബാബു ഭരദ്വാജിന്റെ "പ്രവാസിയുടെ കുറിപ്പുകളും" ബന്യാമിന്റെ "ആടുജീവിതവും" പ്രവാസത്തിന്റെ വേറിട്ട മുഖങ്ങള്‍ നമുക്കു കാണിച്ചു തന്നെങ്കിലും മരുഭൂമിയുടെ ആഴവും പരപ്പും നമുക്കന്യമായി തന്നെ തുടര്‍ന്നു.

ചെറുപ്പം മുതലേ തന്റെ പേരിനെ അന്വര്‍ത്ഥമാക്കും വിധം യാത്രകളിഷ്ടപ്പെടുന്ന ശ്രീ മുസഫര്‍, തന്റെ മരുഭൂ കാഴ്ചകളിലൂടെ അറിഞ്ഞതും അനുഭവിച്ചതും വായനക്കാരുടെ കൂടെ അനുഭവമാക്കി തീര്‍ക്കുന്ന കൃതിയാണ് 2010 ലെ സഞ്ചാര സാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ "മരുഭൂമിയുടെ ആത്മകഥ".

അറ്റമില്ലാതെ കിടക്കുന്ന മണല്‍ പരപ്പും അതിലൂടെ നടന്നു നീങ്ങുന്ന ഒട്ടകങ്ങളുമാണ് മരുഭൂമിയെന്നു കേള്‍ക്കുമ്പോള്‍ മനസ്സിലെത്തുന്ന ചിത്രം. എന്നാല്‍ ഇതിനപ്പുറമുള്ള മരുഭൂ വിശേഷങ്ങളെ നമ്മുടെ മുന്നിലെത്തിക്കാന്‍ മുസഫറിന് ‍ കൂട്ടിനെത്തുന്നത് പലപ്പോഴും മരുഭൂമി തന്നെയാണ്. റജാലിലെ മൌനമുറഞ്ഞ ശിലകളും നിലാവ് കുടിച്ച കള്ളിമുള്‍ചെടികളും നീല പുടവ പുതച്ച് കിടക്കുന്ന അഖ്ബ കടലിടുക്കുമെല്ലാം അതില്‍ ചിലത് മാത്രം.‍ ഒരൊറ്റ മരത്തിന്റെ തണല്‍ കൊടുംകാട്ടിനെക്കാള്‍ കുളിരുണ്ടാക്കുന്നതും കിളികളും തടാകത്തിലെ ജലപരപ്പും ചേര്‍ന്നുള്ള സംഗീതവും തുടങ്ങി വൈവിധ്യമാര്‍ന്ന അനുഭവങ്ങള്‍ ആണ് ഓരോ രാത്രിയും പകലും മരുഭൂമി അതിഥിക്കായി പകര്‍ന്നു നല്‍കുന്നത്. ലൈല-മജ്നു പ്രണയ കഥ നടന്നെന്നു വിശ്വസിക്കുന്ന ലൈല അഫ്‌ലാജ് എന്ന സ്ഥലം പോലെ കാല പഴക്കത്തില്‍ രൂപാന്തരം പ്രാപിച്ച സ്ഥലങ്ങളെയും മരുഭൂ യാത്രകളില്‍ അങ്ങിങ്ങായി കണ്ട ചില അപൂര്‍വ്വ ജീവിതങ്ങളെയും മുസഫര്‍ നമുക്ക് പരിചയപ്പെടുത്തുന്നുണ്ട്.

ജലയുദ്ധത്തെ കുറിച്ച് പ്രതിപാദിക്കുന്ന ആദ്യ അദ്ധ്യായം വായിക്കുമ്പോള്‍ അമ്മയുടെ വയറ്റില്‍ നിന്നേ ചുറ്റുമുള്ള ജലപരപ്പിനെ അതിലെ വേലിയേറ്റ വേലിയിറക്കങ്ങളെ തൊട്ടറിഞ്ഞ ജെസീക്കയും (ലന്തന്‍ബത്തേരിയിലെ ലുത്തിനിയകള്‍ / എന്‍.എസ്.മാധവന്‍) ജലത്തിനു വേണ്ടിയുള്ള പോരാട്ടത്തില്‍ രക്തസാക്ഷിയായി മാറിയ ആതിയിലെ ദിനകരനുമായിരുന്നു (ആതി / സാറാ ജോസഫ്) എന്റെ മനസ്സില്‍. വായിച്ചടയ്ക്കുന്ന പുസ്തകങ്ങളില്‍ നിന്നും പിന്നീടുള്ള ജീവിതത്തിലേക്ക് എന്നോടൊപ്പം ഇറങ്ങി വരുന്ന ഇത്തരം കഥാപാത്രങ്ങളാണ്‌ വായനയില്‍ നിന്നുള്ള ഏറ്റവും വലിയ സമ്പാദ്യവും.

ഒരു മണല്‍ക്കാറ്റിനു ശേഷമെന്നോണം മനസ്സിലെ വരണ്ടയൊരു മരുഭൂ ചിത്രത്തെ പൂത്തുലഞ്ഞ് നില്ക്കുന്ന ഒരു മരുപ്പച്ചയായി മാറ്റുന്നുണ്ട് ഈ വായന. ഓരോ കാഴ്ചയും ഉണര്‍ത്തിയ അനുഭൂതിയും കവിത തുളുമ്പും ഭാഷയിലൂടെ ഗ്രന്ഥ കര്‍ത്താവ് നമുക്ക് പകര്‍ന്ന് തരുന്നു. മറ്റ് യാത്രാ വിവരണങ്ങളില്‍ നിന്ന് ഈ പുസ്തകത്തെ വേറിട്ട് നിര്‍ത്തുന്നതും അത് തന്നെയാണ്

5 comments:

  1. അവലോകനം നന്നായി.
    ശ്രീ.വി.മുസഫര്‍ അഹമ്മദിന്‍റെ'മരുഭൂമിയുടെ ആത്മകഥ'
    വായിച്ചിട്ടുണ്ട്.
    ആശംസകള്‍

    ReplyDelete
  2. അവലോകനം നന്നായി മനോചേട്ടാ ...മുസഫര്‍ അപരിചിതനാണ് എനിക്ക് .
    അദ്ധേഹത്തിന്റെ മറ്റു പുസ്ടകങ്ങള്‍ കൂടി പരമാര്‍ശിക്കയിരുന്നു വായിക്കാന്‍ ശ്രമിക്കുന്നതാണ് .ഭാവുകങ്ങള്‍ ..

    ReplyDelete
  3. വായിക്കാന്‍ കുറിച്ചിട്ട പേരാണ് മുസഫര്‍ ...
    മക്കയിലെക്കൊരു പാതയും , മരുഭൂമിയുടെ ആത്മ കഥയും

    ReplyDelete
  4. വി മുസാഫിര്‍ ആ പേരിന്‍റെ പൂര്‍ത്തീകരണം സാറിന്‍റെ ഈ അക്ഷരക്കൂട്ടങ്ങള്‍ വരിചെര്‍ത്തു മനസ്സിലാക്കിത്തന്നു... thanks

    ReplyDelete

താങ്കൾ എന്തുപറയുന്നു പുസ്തക വിചാരത്തെപ്പറ്റി ?