Saturday, October 6, 2012

മഞ്ഞ്

പുസ്തകം : മഞ്ഞ്
രചയിതാവ് : എം.ടി.വാസുദേവന്‍ നായര്‍

പ്രസാധകര്‍ : കറന്റ് ബുക്സ് , തൃശൂര്‍

അവലോകനം : റാണിപ്രിയളരെ മുന്നേ വായിക്കപ്പെടേണ്ട എം ടി യുടെ സുന്ദര പ്രണയകാവ്യം.മഞ്ഞ് എന്ന നോവലിന്റെ മധുരസംഗീതം എന്റെ സിരകളില്‍ ചലനം സൃഷ്ടിച്ചിരുന്നു എന്ന് പറയുന്നതാവും ശരി. അതിലെ കഥാപാത്രങ്ങളും ചിലവരികളും ഹൃദയത്തില്‍ നിറഞ്ഞു നില്‍ക്കുന്നു.

മഞ്ഞിലുടനീളം ഒരു മൌനം,ഒരു നിശബ്ദത...അതാണ്‌ ഞാന്‍ അനുഭവിച്ചത്. നിശബ്ദതയുടെ നീക്കിയിരിപ്പ്. വാചാലമായ മൌനം.പ്രണയത്തിന്റെ ഹൃദയ ഭാഷ..

വായിച്ചു തീര്‍ന്നപ്പോളെക്കും മഞ്ഞിലെ വിമലാദേവിയെ ഞാന്‍ ആവാഹിച്ചു കഴിഞ്ഞിരുന്നു.ശരിക്കും കാത്തിരിപ്പിന്റെ ആന്തരാര്‍ത്ഥം എന്താണ്? വിമലയുടെ മനസ്സിന്റെ ആഴത്തില്‍ നിന്ന് ഉയരുന്ന സ്മൃതിയുടെ ഓളങ്ങള്‍ വളരെ സൂക്ഷ്മമായി എം ടി വിവക്ഷിച്ചിരിക്കുന്നു. " വരും...വരാതിരിക്കില്ല" ഈ വാക്കുകള്‍ ആണ് നോവലില്‍ അലയടിക്കുന്ന മന്ത്രം... പ്രണയത്തിന്റെ മാധുര്യവും,വിരഹത്തിന്റെ വേദനയും ഒരുപോലെ മലയാളികള്‍ക്ക് അനുഭവവേദ്യമാക്കുന്നു മഞ്ഞ് ..........

വരാതിരിക്കില്ല വിമലയുടെ സുധീര്‍ മിശ്ര ! പ്രണയത്തിന്റെ നനുത്ത സ്പര്‍ശം അവളുടെ ഹൃദയത്തെ തൊട്ടുണര്‍ത്തുന്ന മരണമില്ലാത്ത ഓര്‍മ്മകള്‍ ! ഒന്‍പത് വര്‍ഷത്തെ കാത്തിരിപ്പ് ! യഥാര്‍ത്ഥ സ്നേഹം തേടിയുള്ള യാത്ര ! അതാണ്‌ വിമല...

വളരെ സുന്ദരിയാണ് അവള്‍.മേല്‍ച്ചുണ്ടിനു മീതെ ഉള്ള നീല നനുത്ത രോമങ്ങള്‍ ആണ് വിമലയുടെ ആകര്‍ഷകത്വം. സുധീറിന്റെ പ്രതീക്ഷയില്‍ ഇരിക്കാറുള്ള കല്‍ മണ്ഡപത്തിലും പരുക്കന്‍ ബഞ്ചുകളിലും ഒരു കിനാവുപോലെ ഞാനും ഇരുന്നു....

ഒരു സ്ത്രീയുടെ വിലപ്പെട്ടെതെല്ലാം കവര്‍ന്ന് എവിടെക്കോ മറഞ്ഞു പോകുന്ന സുധീര്‍മിശ്രയെ അനീതി, വഞ്ചന,ചതി എന്നൊക്കെ പറയാമെങ്കിലും വിമല അങ്ങിനെ കരുതുന്നില്ല.ഒരിക്കലും മുഴുമിക്കാത്ത ചിത്രം പോലെ ലൌവേര്‍സ് ട്രാക്കിലെ ശിലാഫലകങ്ങളില്‍ തങ്ങളുടെ പേര് കൊത്തിവച്ച് ഒരു ദിനം അപ്രത്യക്ഷനാകുന്ന സുധീര്‍ മിശ്ര.എന്നിട്ട് പോലും അവള്‍ അയാളെ സ്നേഹിക്കുകകയായിരുന്നു, പ്രതീക്ഷിക്കുക ആയിരുന്നു.

തടാകത്തിലെ ജലം പോലെ കെട്ടിക്കിടക്കുന്നത് അവളുടെ മനസ്സാണ്.ഓര്‍മ്മയുടെ താളുകള്‍ മറിക്കപ്പെടുമ്പോള്‍ വിമലയുടെ ശിഥിലമായ കുടുംബ പാശ്ചാത്തലവും വരച്ചുകാട്ടുന്നു ലേഖകന്‍.

സുധീര്‍ മിശ്ര സഞ്ചാരിയും സഹൃദയനുമാനെന്നു കാണാം.ബസ്സില്‍ വച്ചുള്ള പരിചയം പ്രണയമായ് പടരുന്നു.നൈനിതാളിലെ ലൌവേര്‍സ് ട്രാക്കിലൂടെ സഞ്ചരിച്ച് കാപ്പിറ്റോളില്‍ വച്ച് ആത്മാവും ശരീരവും ഒന്നാകുന്നു."സ്ത്രീത്വത്തിന്റെ മൂടുപടം ചീന്തുന്ന..ആദ്യ വേദന,ആദ്യ പാപം,ആദ്യ നിര്‍വൃതി.."

ഒരിക്കലും കാണാത്ത തന്റെ പിതാവിനെ തേടുന്ന ബുദ്ദു എന്ന തോണിക്കാരന്‍ ഇവിടെ കാത്തിരിപ്പിന്റെ മറ്റൊരു മുഖവുമായ് എത്തുന്നു...സ്വന്തം പിതാവിന്റെ മരണത്തില്‍ ഒന്ന് പൊട്ടിക്കരയാന്‍ പോലും ആകാത്ത വിമല... സീസണില്‍ വന്നണഞ്ഞ ആ സര്‍ദാര്‍ജി ... എന്തിനായിരുന്നു അവളോട് അടുപ്പം കാട്ടിയത്? എന്തിനായിരുന്നു ആ വരവ്? എന്തിനായിരുന്നു പിതാവിന്റെ മരണത്തില്‍ ആശ്വാസം പകര്‍ന്നത്? തന്റെ സുഹൃത്തിന്റെ മരണത്തിന്റെ സൂചനയായിരുന്നോ അയാള്‍ വിമലക്ക് നല്‍കിയിരുന്നത് ? കടം വാങ്ങിയ ആ സായാഹ്നം ഓര്‍മ്മിപ്പിച്ചത് എന്തിനായിരുന്നു? ശ്വാസകോശ അര്‍ബുദത്തിനു ഇരയായ് അയാളും മരണത്തിനു കീഴടങ്ങുകയാണെന്ന സത്യം വിളിച്ചു പറയാനോ? അറിയില്ല..സിഗരറ്റിന്റെ ഗന്ധമുള്ള ശ്വാസം അവളുടെ കവിളില്‍ സ്പര്‍ശിച്ചു എന്ന്‍ സുധീര്‍ മിശ്രയുടെ ഓര്‍മകളില്‍ അവള്‍ അയവിറക്കുന്നത് ലേഖകള്‍ പറയുന്നുണ്ടല്ലോ..

വിമല ഇന്നും കാത്തിരിക്കുന്നു...ആ വയലെറ്റ് നിറമുള്ള അക്ഷരത്തിന്റെ ഉടമസ്ഥനെ ... നീല കണ്ണുള്ള ആ കാമുകനെ....കാത്തിരിപ്പ് അവസാനിക്കുന്നില്ല..അടുത്ത സീസണില്‍ വരുമെന്ന പ്രതീക്ഷയോടെ ബുദ്ദു, ഗോരാസഹിബിനു വേണ്ടി .... വിമല, സുധീര്‍ മിശ്രക്ക് വേണ്ടി...

"കഥകള്‍ ആത്മാവില്‍ നിന്നൊഴുകുമ്പോള്‍ കവിതയാണ്" അതെ...മഞ്ഞ് മികച്ച ഭാവഗാനം തന്നെ... "ആരും വന്നില്ല " എന്നറിഞ്ഞിട്ടും , ബോട്ട് നീങ്ങിയപ്പോള്‍ ജലപ്പരപ്പിലേക്ക് നോക്കി നിന്ന് കൊണ്ട് വിമല നിശബ്ദമായ് പറയുന്നത് നമുക്ക് കേള്‍ക്കാം .... "വരാതിരിക്കില്ല...."

നൈനിത്താള്‍ കാത്തിരിക്കുന്നു...പുതിയ സഞ്ചാരികള്‍ക്കായി..

7 comments:

 1. ഏറെ ഇഷ്ടപ്പെട്ട പുസ്തകത്തെ പറ്റി എഴുതിയതും വളരെ നന്നായി

  ReplyDelete
 2. ഒരു കാവ്യനോവല്‍ ആണ് മഞ്ഞ് എന്നാണ് എനിക്ക് തോന്നാറ്.. പ്രിയ നോവലിന്റെ ചെറു നിരൂപണം നന്നായി

  ReplyDelete
 3. ഏറെ വായിക്കപ്പെട്ടതും, ചർച്ച ചെയ്യപ്പെട്ടതുമായ പുസ്തകമാണ് എം.ടി യുടെ മഞ്ഞ്. പലരും പല വീക്ഷണകോണുകളിൽ നിന്ന് മഞ്ഞിനെ വായിച്ചിട്ടുള്ളത് അറിഞ്ഞതുകൊണ്ടാവാം., ഇത്തവണ പുസ്തകവിചാരം അതിന്റെ പതിവു നിലവാരത്തിലേക്ക് ഉയർന്നില്ല എന്നു തോന്നിയത്.....

  എം.ടി വർഷങ്ങൾക്കു മുമ്പ് എഴുതിയ, സാധാരണ മലയാളവായനക്കാർ പലതവണ വായിച്ചു തീർത്ത, സിനിമയിലൂടെ ദൃശ്യഭാഷ്യവും ഇറങ്ങിയ., മഞ്ഞ് എന്ന നോവലിന്റെ ഉപരിപ്ളവമായ കഥ പറയൽ മാത്രമായിപ്പോയി ഈ പുസ്തകവിചാരം എന്നു തോന്നിയത് ഒരുപക്ഷേ എന്റെ വായനയുടെ കുഴപ്പമാവും.....

  ReplyDelete
 4. വര്ഷങ്ങല്ക്ക് മുന്പ് ങ്ങാന് ചന്ദ്രികആഴ്ചപ്പതിപ്പില് ഒരുകഥ എഴുതി
  "വെള്ളക്കാറില് വരുന്നവറ്" കഥ തീറ്ത്തും വ്യത്യസ്തം,പക്ഷ അതിനറെ ഊര്ജ്ജം മഞ്ഞായിരുന്നു എന്റെ പ്രിയപ്പെട്ട പുസ്തകം

  ReplyDelete
 5. മഞ്ഞോളം മനോഹരമായൊരു നിരൂപണം.

  ReplyDelete
 6. അതിമനോഹരം- നോവലും നിരൂപണവും

  ReplyDelete
 7. ഹൃദയത്തെ ആഴത്തിൽ സ്വാധീനം ചെലുത്താൻ കഴിവുള്ള ഒരു വിലയിരുത്തൽ

  ReplyDelete

താങ്കൾ എന്തുപറയുന്നു പുസ്തക വിചാരത്തെപ്പറ്റി ?