രചയിതാവ് : സേതു
പ്രസാധകര്‍ : ഡി.സി.ബുക്സ്
അവലോകനം : മുല്ല
മലയാളത്തിന്റെ പ്രിയകഥാകാരന്‍ സേതുവിന്റെ ഒരു കഥയോ നോവലോ വായിച്ച് കുറിപ്പെഴുതുക അതീവ ശ്രമകരമാണു. കാരണം ഓരോ വരികള്‍ക്കിടയിലും കാണാക്കയങ്ങള്‍ നിരവധി. നമ്മളത്
കണ്ടില്ലെങ്കില്‍; ഇടക്ക് വായന നിര്‍ത്തി ആ അഗാധതയിലേക്ക് മുങ്ങാംകുഴിയിട്ടില്ലെങ്കില്‍ വരിയുടെ അറ്റം വരെ നടന്നത് വൃഥാവിലാകും. ദൂത് എന്ന ചെറുകഥയിലൂടെയാണു സേതുവിനെ ആദ്യം അറിയുന്നത്. ചെറുകഥയുടെ പാഠപുസ്തകമാണു ആ കഥ. ഒരു ചെറുകഥ എങ്ങനെ എഴുതണമെന്ന് അനുവാചകരെ നിരന്തരം ഓര്‍മ്മിപ്പിക്കുന്ന രചനാതന്ത്രം.
"നിയോഗം" എന്ന നോവല്‍ മാതൃഭൂമിയിലാണെന്ന് തോന്നുന്നു ഖണ്ഡശ്ശ: പ്രസിദ്ധീകരിക്കുന്നത്. അതിലെ വിശ്വം; അവന്റെ ഉള്ളുരുക്കങ്ങള്‍.ഒറ്റപ്പെടല്‍, എത്ര തന്മയത്വത്തോടെയാണു ഓരോ കഥാപാത്രത്തേയും നോവലിസ്റ്റ് പരുവപ്പെടുത്തിയെടുക്കുന്നത്. പിന്നീട് വന്ന "പാണ്ഡവപുരം"; വായനക്കാരനെ വിഭ്രാമകമായ അനുഭവങ്ങളിലൂടെ അപരിചിതമായ ഓര്‍മ്മകളിലൂടെ വഴി നടത്തുന്നു. അതിലെ ദേവി, മലയാള സാഹിത്യത്തിലെ ശക്തമായ ഒരു സ്ത്രീ കഥാപാത്രമാണ്. 1982 ല്‍ കേരള സാഹിത്യ അക്കാഡമി അവാര്‍ഡ് നേടിയിട്ടുണ്ട് ഈ നോവല്‍.
അത് പോലെ "അടയാളങ്ങളിലെ" പ്രിയംവദയും നീതുവും. അമ്മയും മകള്‍ക്കുമിടയിലെ ആത്മസംഘര്‍ഷങ്ങള്‍ ഒട്ടു തീവ്രത കുറയാതെ നോവലിസ്റ്റ് ആവിഷ്കരിച്ചിട്ടുണ്ട്. കൂടാതെ തൊഴിലാളിയും തൊഴിലുടമയുമായുള്ള കൊടുക്കല്‍ വാങ്ങലുകള്‍.,ആത്മ ബന്ധങ്ങള്‍, ഈ നോവലിലെ ചില കഥാപാത്രങ്ങളെ അടര്‍ത്തിയെടുത്താണു അദ്ദേഹം "കിളിമൊഴികള്‍ക്കപ്പുറത്ത്" എന്ന നോവല്‍ രചിക്കുന്നത്. തന്റെ തന്നെ കഥാപാത്രങ്ങള്‍ക്ക് പിന്നാലെ നോവലിസ്റ്റിന്റെ സഞ്ചാരം. ഇത്രേം പറഞ്ഞ സ്ഥിതിക്ക് "ആറാമത്തെ പെണ്‍കുട്ടിയെ" പറ്റി എങ്ങനെ പറയാതിരിക്കും. പൂവിന്റെ നൈര്‍മ്മല്യമുള്ള കാദംബരി; പൂ വില്‍പ്പനക്കാരി. എന്റെ ഇഷ്ട കഥാപാത്രം.
സേതുവിന്റെ കൃതികള്‍ ഇനിയും ഒരുപാടുണ്ട്. ഓര്‍മ്മയില്‍ നിന്നും എടുത്തെഴുതിയതാണു മുകളില്‍ പറഞ്ഞതത്രയും...ഇവരെപറ്റി പറയാതെ എഴുത്തുകാരനെപറ്റി പറഞ്ഞാല്‍ അത് മുഴുവനാകില്ലല്ലോ...
സേതുവിന്റെ ഏറ്റവും പുതിയ നോവലാണു മറുപിറവി ( വില Rs 200). കഥയും ചരിത്രവും ഭാവനയുടെ
അലകുകള്‍ ചേര്‍ത്ത് ഭംഗി വരുത്തി ,ഇടക്ക് സമകാലിക സംഭവങ്ങള്‍ സൂക്ഷ്മതയോടെ തുന്നിച്ചേര്‍ത്ത് അദ്ദേഹമങ്ങനെ പറഞ്ഞുപോകുമ്പോള്‍ നമ്മളും അതിലേക്ക്,ആ കാലഘട്ടത്തിലേക്ക് നടന്നു കയറുകയാണു.ശരിക്കും ഒരു മറുപിറവി !! രണ്ടായിരം വര്‍ഷങ്ങള്‍ക്കപ്പുറത്തെ സംഭവങ്ങള്‍, ആളുകള്‍, അവരുടെ ജീവിതം ,മോഹങ്ങള്‍, കൊടുക്കല്‍ വാങ്ങലുകള്‍.....
അങ്ങനെ വായിച്ചു പോകുമ്പോള്‍ ഞാനൊറ്റക്കല്ലാന്നും എനിക്കു ചുറ്റും ആരൊക്കെയോ ഉണ്ടെന്നുമുള്ള തോന്നല്‍, എനിക്ക് മുന്‍പെ ജീവിച്ച് മരിച്ച് പോയവര്‍, അവരുടെ സങ്കടങ്ങള്‍, വ്യഥകള്‍, വിരഹം....കണ്ണടച്ച് ഇത്തിരി നേരം ഇരുന്നാല്‍ പലതും നേരില്‍ കാണുന്നത് പോലെ.., കപ്പലുകള്‍, കപ്പല്‍ചാലുകള്‍, കരയില്‍ കപ്പലടുപ്പിക്കാന്‍ കാറ്റിന്റെ കനിവിനായ് കാത്ത്നില്‍ക്കുന്ന നാവികര്‍, അക്കൂട്ടത്തില്‍ യവനരുണ്ട്, റോമാക്കാരുണ്ട്,അറബികളുണ്ട്.... കരയില്‍ അവരെ വരവേല്‍ക്കാനായി
ആഹ്ലാദാതിരേകത്തോടെ കാത്ത് നില്‍ക്കുന്ന നാട്ടുകാര്‍.... ഒരു കൊല്ലത്തെ കാത്തിരിപ്പിനു അവസാനമാണിത് രണ്ട് കൂട്ടര്‍ക്കും... നൂറ്റാണ്ടുകള്‍ക്കു മുന്‍പ് വിദേശികളായ കച്ചവടക്കാരും അവരുടെ ഇടനിലക്കാരും വന്നും പോയും കൊണ്ടിരുന്ന ഒരു കാലഘട്ടം എനിക്കു മുന്നില്‍ അങ്ങനെ ചുരുള്‍ നിവര്‍ന്ന് വരുന്ന പോലെ...!!!!
രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുന്ന്പ് തന്നെ പടിഞ്ഞാറന്‍ തീരത്തെ പ്രധാന തുറമുഖമായിരുന്നത്രെ മുചിരിപ്പട്ടണം (മുസിരിസ്). പടിഞ്ഞാറന്‍ നാടുകളിലേക്കുള്ള കടല്‍കച്ചവടത്തിന്റെ പ്രധാന കവാടം. ആലോചിച്ച് നോക്കൂ...മൊബൈലും ജി പി ആറെസ് സംവിധാനങ്ങളൊന്നും ഇല്ലാത്ത കാലത്ത് നക്ഷത്രങ്ങളെ അടയാളങ്ങളാക്കി പുതിയ കപ്പല്പാതകള്‍ കണ്ടെത്തിയ ഗ്രീക്കുകാരും റോമാക്കാരും..!!! ഈ ഗ്രീക്കുകാര്‍ കടലിലെ വമ്പന്മാരായിരുന്നത്രെ, കൂറ്റന്‍ തിരമാലകളില്‍ അമ്മാനമാടാന്‍ മിടുക്കന്മാര്‍.. സൂയസ് കനാല്‍ ഇല്ലാതിരുന്ന അന്ന് ആഫ്രിക്ക മുഴുവന്‍ ചുറ്റി നമ്മുടെ തീരത്തെത്തുക എളുപ്പമായിരുന്നില്ല അവര്‍ക്ക്, പുതിയൊരു പാത അനിവാര്യമായിരുന്നു അവര്‍ക്ക്, അങ്ങനെയാണു ദിക്കറിയാതെ കടലില്‍ ഉഴറിയ ഹിപ്പാലസ് എന്ന ഗ്രീക്ക് നാവികന്‍ ,തെക്ക് പടിഞ്ഞാറന്‍ കാറ്റിനെ കൂട്ട് പിടിച്ച് അറബിക്കടല്‍ മുറിച്ച് കടന്ന് നമ്മുടെ പടിഞ്ഞാറന്‍ തീരത്തെത്തുന്നത്. ആ കണ്ടെത്തല്‍ മുച്ചിരിയെ അന്താരാഷ്ട തുറമുഖമാക്കി മാറ്റുകയായിരുന്നത്രെ.
പൊന്ന് തേടി പോയവരെ പറ്റിയും കടലിലെ മുത്തും പവിഴവും വാരാന്‍ പോയവരെ പറ്റിയുമൊക്കെ നമ്മള്‍ മുത്തശ്ശിക്കഥകളില്‍ ഒരുപാട് കേട്ടിട്ടുണ്ട് അല്ലേ.. യവനന്മാരും അവര്‍ക്ക് പിന്നാലെ അറബികളും നമ്മുടെ നാട്ടിലേക്ക് കൂട്ടത്തോടെ കടല്‍ മുറിച്ച് കയറി വന്നതും മുത്ത് തേടി തന്നെയാണു. നമുക്ക് ഏറെ സുപരിചിതമായ മുത്ത്, കുരുമുളക്!!!
ആര്‍ക്കും വേണ്ടാതെ കാട്ടില്‍ യഥേഷ്ടം വിളഞ്ഞു കിടന്നിരുന്ന കുരുമുളകിനു ആവശ്യക്കാരേറിയപ്പോള്‍ അതെങ്ങനെ ഒരു രാജ്യത്തിന്റെ സമ്പദ്ഘടനയില്‍ മാറ്റം വരുത്തിയെന്നും, ആ കൊടുക്കല്‍ വാങ്ങലുകള്‍ക്കിടക്ക് രൂപപെട്ട ബന്ധങ്ങളുടെ ഇഴയടുപ്പം എത്രയെന്നും സേതു നമ്മെ ഈ നോവലിലൂടെ ബോധ്യപ്പെടുത്തുന്നുണ്ട് .
വലിയൊരു കാന്‍വാസിലാണു സേതു നോവല്‍ വരച്ചിട്ടിരിക്കുന്നത്. നോവലിലെ അരവിന്ദനിലേക്ക് കഥാകൃത്ത് പരകായപ്രവേശം നടത്തിയിരിക്കുന്നു. ഒരുപാട് കാലത്തെ പ്രവാസത്തിനു ശേഷം നാട്ടിലെത്തുന്ന അരവിന്ദന്റെ അനുഭവങ്ങളിലൂടേ,ഓര്‍മ്മകളിലൂടെ, അയാളുടെ കൂട്ടുകാരുടേ സംഭാഷണങ്ങളിലൂടെയൊക്കെയാണു നോവല്‍ മുന്നോട്ട് പോകുന്നത്. ഓരോ കഥാപാത്രങ്ങളെ മെനയുമ്പോഴും അവരുടെ നിയോഗമെന്തെന്നു തീര്‍പ്പാക്കാനുള്ള ബാധ്യത നോവലിസ്റ്റിനു തന്നെയാണ്. എങ്കിലും മുചിരിയും അലക്സാഡ്രിയയും തമ്മില്‍ നിലനിന്നിരുന്ന അന്നത്തെ കച്ചവട ബന്ധത്തിന്റെ അവസാന ശേഷിപ്പായ പാപ്പിറസ് ചുരുള്‍ തേടിപ്പോയ ആസാദിനെ, മുചിരിക്കാരനാണയാള്‍, അരവിന്ദന്റെ സുഹൃത്ത്, അലക്സാന്‍ഡ്രിയയിലെ എതോ ട്രാഫിക് സിഗ്നലില്‍ വെച്ച് കൊന്നു കളയേണ്ടിയിരുന്നില്ല, അയാളാ ചുരുളുമായി തിരികെ വരണമായിരുന്നു...എനിക്കുറപ്പുണ്ട്
അങ്ങനെയുള്ള കുറിപ്പുകള്‍, രേഖകള്‍ ഇപ്പോഴും ഗ്രീസിലെ ഏതേലും ലൈബ്രറികളില്‍,റോമിലെ ഏതെങ്കിലും ദേവാലയത്തില്‍ അല്ലെങ്കില്‍ ഈജിപ്റ്റിലെ പിരമിഡുകള്‍ക്കിടയില്‍ പൊടിപിടിച്ച് കിടപ്പുണ്ടാകുമെന്ന്....
അന്ന്; ഈജിപ്റ്റിലെ ക്ലിയോപാട്ര രാജ്ഞി, ജൂലിയസ് സീസറില്‍ തനിക്കുണ്ടായ മകന്‍ സീസറിയനെ രാജാവായിരുന്ന ഒക്ടേവിയനില്‍ നിന്നും രക്ഷിച്ച് ഒളിപ്പിക്കാന്‍ കണ്ട് വെച്ചിരുന്ന സ്ഥലം നമ്മുടെ
കേരളതീരത്തെ മുസ്‌രിസ് ആയിരുന്നത്രെ!!! വിശ്വസിക്കാന്‍ പ്രയാസമുണ്ടല്ലേ..? അതറിയുന്നത് കൊണ്ടാണ് അന്നത്തെ കാലത്തേക്ക് വെളിച്ചം വീശുന്ന കുറിപ്പുകളുടെ ആവശ്യകതയെ പറ്റി ഞാന്‍ ഓര്‍മ്മിപ്പിച്ചത്. ചെങ്കടല്‍ തീരത്തെ ബെര്‍ണിക്ക എന്ന കൊച്ചു തുറമുഖത്ത് നിന്നും നമ്മുടെ കേരളതീരത്തേക്കുള്ള ദൂരം നാല്പത് ദിവസമെന്നും ഇടക്കുള്ള തുറമുഖങ്ങളെപറ്റിയും കച്ചവട ചരക്കുകളെപറ്റിയും, ജനങ്ങളെപറ്റിയും അവിടങ്ങളില്‍ കാണപ്പെട്ടിരുന്ന തോണികളെ കുറിച്ച് വരെ വിശദമായി അവരെഴുതിയ കുറിപ്പുകളാണു പെരിപ്ലസ് മാരിസ് എരിത്രിയി. അപ്പോ ഇതൊക്കെ എവിടെയോ ഉണ്ട് ഇപ്പോഴും...
അത് പോലെ, നമ്മുടെ നാട്ടില്‍ ജൂതന്മാര്‍ എങ്ങനെ അഭയാര്‍ത്ഥികളായി വന്നു എന്നും എങ്ങനെ അവര്‍ നമ്മുടെ നാടുമായി മുറിച്ചെറിയാനാകാത്ത വിധം ഇടകലര്‍ന്ന് പോയിയെന്നുമുള്ള അനിഷേധ്യതയിലേക്കൊരു തിരി വെളിച്ചം. അത് വളരെ നന്നായിതന്നെ പറഞ്ഞു വെക്കുന്നുണ്ട് സേതു നോവലില്‍.
ആറോനും ശീമോനും ബസലേലുമൊക്കെ ഇവിടെ തന്നെ ജനിച്ച് വളര്‍ന്നവരാണു., ചേന്ദമംഗലത്ത്, നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് ലോകമാകെ ചിതറിയ പോയ അവരുടെ പൂര്‍വ്വികരില്‍ ചിലര്‍ കേരളത്തിലും എത്തിയിരിക്കാം. ആരായിരുന്നു കേരളക്കരയില്‍ ആദ്യമെത്തിയ ജൂതന്‍ എന്നതിനു കൃത്യമായ കണക്കുകള്‍ ഇല്ലെങ്കിലും , കൃസ്തുവിനു ആയിരം വര്‍ഷം മുന്‍പ് ഇസ്രയേല്‍ വാണ ശലമോന്‍ രാജാവിന് ഇവിടെ നിന്നും രത്നങ്ങളും പട്ടും ചന്ദനവുമൊക്കെ കയറ്റിപ്പോയിരുന്നെന്ന് ബൈബിളില്‍ പറയുന്നുണ്ടത്രെ. കാര്‍ത്തെജ് പട്ടണത്തിലെ ഗോപുരവാതില്‍ ഇവിടുന്ന് കൊണ്ട് പോയ ചന്ദനമരത്തില്‍ പണിതതാണെത്രെ..!!!!
പലസ്റ്റീന്‍ എന്ന രാഷ്ട്രത്തിന്റെ നടുക്ക് ഇസ്രായേല്‍ എന്നൊരു രാജ്യം കുത്തിത്തിരുകി വെച്ചതിനെ നോവലിസ്റ്റ് ന്യായീകരിക്കുന്നില്ല, തികച്ചും കിരാതവും മനുഷ്യത്വ രഹിതവുമായ ആ നടപടി കാരണം ഇന്നും പശ്ചിമേഷ്യ പുകയുകയാണു. എന്നാലും 1948 മെയ് 14 നു ഇസ്രായേല്‍ എന്ന രാജ്യം പിറന്നപ്പോള്‍ കൊടിപിടിക്കാനും ജാഥ നയിക്കാനും ചേന്ദമംഗലത്തും പറവൂരുമൊക്കെ ഒരുപാട് ആളുകള്‍, ജൂതന്മാര്‍ ഉണ്ടായിരുന്നു എന്നത് കൌതുകകരമല്ലേ. ഇങ്ങനെയുള്ള ചരിത്രകൌതുകങ്ങള്‍ നിരവധിയുണ്ട് നോവലിലുടനീളം.
അങ്ങനെ അന്ന് ആ വാഗ്ദത്ത ഭൂമി തേടി പോയതാണു ബസലേലും, ചേന്ദമംഗലക്കാരന്‍, നോവലിലെ ഒരു കഥാപാത്രമാണയാളും, ആളിപ്പോഴും ജീവിച്ചിരിപ്പുണ്ട്. ഒരുപാട് പ്രതീക്ഷകളും സ്വപ്നങ്ങളുമായാണ് ബസലേലും കൂട്ടരും കടല്‍കടന്ന് പോയത്. ആ പറിച്ച് നടല്‍ പക്ഷെ എളുപ്പമായിരുന്നില്ല അവര്‍ക്ക്, അത്രക്കുണ്ടായിരുന്നു തങ്ങളുടെ പൂര്‍വ്വികര്‍ക്ക് അഭയം തന്ന ഈ മണ്ണിനോടുള്ള അവരുടെ അടുപ്പം, ഒരിക്കലും തിരിച്ച് വരാന്‍ സാധ്യതയില്ലാന്നറിഞ്ഞിട്ടും ഒരിക്കല്‍ മടങ്ങാനായേക്കും എന്ന ആഗ്രഹം, അതുള്ളിലൊതുക്കി തന്നെയാണു പലരും കടല്‍ കടന്നിരിക്കുക. അതുകൊണ്ട് തന്നെയാണല്ലോ ബസലേല്‍ ഒരുപാട് കാലത്തിനു ശേഷം തിരിച്ചു വന്നതും... വീട് വെക്കുകയാണ് അയാളിപ്പോള്‍, ചേന്ദമംഗലത്ത്, വല്ലപ്പോഴും വരുമ്പോള്‍ താമസിക്കാന്‍.... ഇതുപോലെ മണ്ണിനെ സ്നേഹിച്ച, മനസ്സില്‍ നന്മയുടെ നനവ് വറ്റിപ്പോകാതെ സൂക്ഷിച്ച ഒരുപാട് പേരുണ്ട് നോവലില്‍, മാണിക്കന്‍, കിച്ചന്‍, ജോസ തുടങ്ങിയവര്‍. വായിച്ച് പോകേ അവരുടെ വേദനകളും സന്തോഷങ്ങളും നമ്മുടെതും കൂടിയാവുകയാണു ... അതു തന്നെയല്ലെ ഒരു കഥാകാരന്റെ വിജയവും...
നന്നായിരിക്കുന്നു.
ReplyDeleteഒരു കാര്യം കൂടി.
'പാണ്ഡവപുര'ത്തിനു ശേഷമാണ് 'നിയോഗം' രചിക്കപ്പെടുന്നത്. രണ്ടും 'മാതൃഭൂമി'യില്‍ തന്നെ. തൊണ്ണൂറുകളിലാണ് 'നിയോഗം' പ്രസിദ്ധീകരിച്ചത്.
നല്ലൊരു അവലോകനം.സേതു എന്ന ചേന്ദമംഗലം കാരന്റെ മനസ്സ് ഈ പുസ്തകത്തില്‍ ഉണ്ടെന്നു തോന്നുന്നു.ചരിത്രത്തെ കൂട്ട് പിടിച്ചെഴുതിയ ഈ പുസ്തകം വായിക്കുവാന്‍ ആഗ്രഹം ആഗ്രഹം ജനിപ്പിച്ചു മുല്ലയുടെ ഈ എഴുത്ത്. ചേന്ദമഗലത്തെ ജ്യൂത സമൂഹത്തെപ്പറ്റി പറയാത്ത ഒരു അഭിമുഖവും സേതുവിനില്ല എനെന്നിക്ക് തോന്നിയിട്ടുണ്ട്.
ReplyDeleteനല്ല പോസ്റ്റ്....
ReplyDeleteനല്ല അവലോകനം
നിറഞ്ഞ സന്തോഷം മുല്ലേ പ്രിയ എഴുത്തുകാരനെക്കുറിച്ചുള്ള നല്ലൊരു അവലോകനം വായിക്കാന്‍ കഴിഞ്ഞതില്‍ . 1976ല്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ വന്ന 'ദാഹിക്കുന്ന ഭൂമി'യാണ് ആദ്യകഥ അദ്ധേഹത്തിന്റെ. അതിനു ശേഷമാണ് 'നിയോഗവും ' ,'പാണ്ഡവപുരം'വും പ്രസിദ്ധീകരിച്ചത്. അടയാളങ്ങള്‍ എന്ന നോവലിനേക്കാള്‍ വായിക്കപ്പെട്ടതും ചര്‍ച്ചചെയ്യപ്പെട്ടതും 'പാണ്ഡവപുരം' ആണ്. കേരളസാഹിത്യ അക്കാദമിയുടെ അവാര്‍ഡ് 1982 ലഭിച്ചത് 'പാണ്ഡവപുരം'ത്തിനു ആയിരുന്നു.മലയാളനോവല്‍ സാഹിത്യത്തിലെ പ്രധാനമായ ഒരു പാരമ്പര്യതെ തിരുത്തിയെഴുതിയ ആളാണ് സേതു.ജൂതസമൂഹത്തെക്കുറിച്ച് പുതിയ ചില അറിവുകള്‍ കൂടി മുല്ല പങ്കുവെച്ചു .പുസ്തകം വാങ്ങി എന്തായാലും വായിക്കണം .ഒരിക്കല്‍കൂടി നന്ദി മുല്ലേ ഈ അവലോകനത്തിന് .
ReplyDeleteഒരിടത്തെപ്പോഴോ സേതു പറഞ്ഞതായി വായിച്ചു.''അനുഭവക്കുറിപ്പുകള്‍ സാഹിത്യ സൃഷ്ടിയായി അവതരിപ്പിക്കുന്ന ഒരു പ്രവണത പുതിയ എഴുത്തുകാരില്‍ കണ്ടുവരുന്നതായി.അതു നല്ലതല്ലെന്നും..
ReplyDeleteഅനുഭവങ്ങളല്ലാതെയാരാണുപിന്നെ സാഹിത്യത്തിന്റെ (അതേതുരൂപത്തിലവതാരംകൊണ്ടാലും)സഹയാത്രികര്‍ എന്നെനിക്കിപ്പോഴുമൊരുശങ്ക..