Wednesday, October 3, 2012

Nemesis

പുസ്തകം : Nemesis
രചയിതാവ് : ഫിലിപ്പ് റോത്ത്

പ്രസാധകര്‍ : വിന്റേജ് ബുക്സ്

അവലോകനം : വി.എം.ദേവദാസ്




മേരിക്കന്‍ ജൂതന്റെ ജീവിതം എന്നത് ഫിലിപ്പ് റോത്തിന്റെ നോവലുകളില്‍ പുതുമയല്ല. തന്റെ പുതിയ നോവലിലും അത്തരം ഒരു പരിസരമാണ് എഴുത്തുകാരന്‍ ഒരുക്കുന്നത്. എന്നാല്‍ പശ്ചാത്തലമാകട്ടേ പോളിയോയും, ലോകമഹായുദ്ധവും പടര്‍ന്നു പിടിച്ച കാലഘട്ടം. 1944ല്‍ Newark-ല്‍ പോളിയോ പടര്‍ന്നു പിടിച്ച കാലത്തില്‍ നിന്നാണ് റോത്ത് കഥ തുടങ്ങുന്നത്. സ്കൂള്‍ മൈതാന നിയന്ത്രകനും, കായികാദ്ധ്യാപകനുമായ Bucky Cantor എന്ന അമേരിക്കന്‍ ജൂതന്റെ ജീവിതാകുലതകളും, ബന്ധങ്ങളും, രോഗ ദുര്യോഗങ്ങളുമാണ് നോവലില്‍ വിഷയമാക്കിയിരിക്കുന്നത്. അമ്മയുടെ മരണം, മോഷണക്കുറ്റത്തിന് ജയിലാകുന്ന അച്ഛന്‍ എന്നീ കാരണങ്ങളാല്‍ തന്റെ മുത്തച്ഛന്റേയും മുത്തശ്ശിയുടേയും കൂടെയാണ് Bucky വളരുന്നത്. ജീവിതത്തെ ആസക്തിയോടെ സമീപിക്കുകയും, ആരോഗ്യവും പേശീബലവുമുള്ള ശരീരം നിലനിര്‍ത്തുകയും ചെയ്യുന്ന ചെറുപ്പക്കാരനായി അയാളെ വളര്‍ത്തുന്നത് അവരാണ്. കാഴ്‌ചശക്തിയ്ക്ക് ചെറിയ പ്രശ്നമുള്ളതുകൊണ്ട് താല്‍പ്പര്യമുണ്ടായിട്ടു പോലും ലോകമഹായുദ്ധത്തില്‍ പങ്കെടുക്കാന്‍ അയാള്‍ക്കു കഴിയുന്നില്ല. പക്ഷേ, സ്കൂളില്‍ കുട്ടികളുടെ ആരാധ്യപുരുഷനും കായിക മാതൃകയുമാണ് അയാള്‍. എന്നാല്‍ Newarkല്‍ പടര്‍ന്നു പിടിച്ച പോളിയോ അയാളുടെ ജീവിതത്തിലും കരിനിഴലുകള്‍ വീഴ്ത്തുന്നു. നഗരത്തില്‍ അങ്ങിങ്ങു മാത്രം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പോളിയോ കേസുകള്‍ സ്കൂളിലേയ്ക്കും വ്യാപിക്കുന്നതോടെ നിവാരണോപായം എന്ന നിലയ്ക്ക് ആളുകള്‍ - പ്രത്യേകിച്ച് കുട്ടികള്‍- കൂട്ടം കൂടുന്ന സ്ഥലങ്ങളില്‍ നിരോധനം വരുന്നതോടെ കായിക പരിശീലനത്തിനും തടസ്സം നേരിടുന്നു. രക്ഷിതാക്കളും സ്കൂള്‍ മാനേജ്മെന്റും ഒരുപോലെ പരിഭ്രാന്തരാകുന്നു. എന്നാല്‍ നഗരാദ്ധ്യക്ഷന്‍ സമ്പൂര്‍ണ്ണ നിവാരണ വിലക്ക് കൊണ്ടു വരുന്നതിന് എതാനും ദിവസം മുമ്പു തന്നെ Bucky -തന്റെ എതിര്‍പ്പുകളെ മാറ്റിവച്ച്- കാമുകിയുടെ അഭ്യര്‍ത്ഥന പ്രകാരം അവള്‍ താമസിക്കുന്ന Indian Hill-ലേയ്ക്ക് ജോലി മാറുന്നു. രോഗ ബാധിതമല്ലാത്ത പുതിയ ഇടത്ത് ജോലിയും, പ്രണയവുമായി മുന്നോട്ടു പോകുന്നതിനിടയില്‍ Newarkല്‍ നിന്ന് മുത്തശ്ശിയുടെ ഫോണ്‍കോളുകള്‍ വഴി എത്തുന്ന രോഗ-യുദ്ധ-വാര്‍ത്തകള്‍ അയാളുടെ ജീവിതത്തെ പിന്നെയും പിടിച്ചുലയ്ക്കുന്നു. താന്‍ പരിശീലിപ്പിച്ച മിടുക്കരായ കുട്ടികള്‍ പോളിയോ ബാധിച്ച് മരണപ്പെടുകയോ, തളര്‍ന്നു കിടക്കുകയോ ചെയ്യുന്ന വാര്‍ത്തകള്‍... ലോകമഹായുദ്ധത്തില്‍ പങ്കെടുക്കുന്ന തന്റെ ഉറ്റ സുഹൃത്തുക്കളുടെ മരണവാര്‍ത്തകള്‍... ഇതെല്ലാം ചേര്‍ന്ന് താന്‍ ഒരു സുരക്ഷിത ഇടത്തില്‍ ഒളിച്ചിരിക്കുന്ന ഭീരുവാണെന്ന കുറ്റബോധം അയാളില്‍ സൃഷ്ടിക്കപ്പെടുന്നു. ആകുലതകളില്‍ നിന്നു രക്ഷപ്പെടാന്‍ കാമുകിയുമായുള്ള ബന്ധം വിവാഹത്തിലേയ്ക്ക് ദീര്‍ഘിപ്പിക്കാന്‍ ശ്രമം നടക്കുന്നതിനിടെ Indian Hill-ലും പോളിയോ റി‌‌പ്പോര്‍ട്ട് ചെയ്യപ്പെടുന്നു. താന്‍ പോളിയോ വാഹകന്‍ ആയിരുന്നു എന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ സൂചന നല്‍കുക കൂടി ചെയ്തതോടെ Bucky Cantor മാനസികമായും, ശാരീരികമായും തളരുന്നു... സ്വയം ആരാധിക്കുന്ന ആരോഗ്യദൃഢമായ അയാളുടെ ശരീരത്തെ പോളിയോ കീഴ്പ്പെടുത്തുന്നു. കായിക പരിശീലകന്‍-കാമുകന്‍-കുടുംബജീവി-സാമൂഹ്യജീവി-ജൂതന്‍-വികലാംഗന്‍ എന്നീ നിലകളില്‍ Bucky Cantor പേറൂന്ന ആകുലതകളുടെ, ദുര്യോഗത്തിന്റെ വിശകലനങ്ങളാണ് നോവലിന്റെ 3 ഭാഗങ്ങളിലായി അവതരിപ്പിക്കപ്പെടുന്നത്. ലോകമഹായുദ്ധങ്ങളും, പകര്‍ച്ച വ്യാധികളും ദുരിതപൂര്‍ണ്ണമാക്കിയ തൊള്ളായിരത്തി നാല്‍പ്പതുകളില്‍ ലോകാവസ്ഥ എങ്ങനെയായിരുന്നോ അതിന്റെ പ്രത്യക്ഷ രൂപകമായി അയാളുടെ ശരീരം നോവലില്‍ അടയാളപ്പെടുത്തുന്നു. 2011ലെ മാന്‍ ബുക്കര്‍ ഇന്റര്‍നാഷണല്‍ വിജയിയായ ഫിലിപ്പ് റോത്ത് ഇത്തവണയും വാനയയില്‍ നിരാശപ്പെടുത്തിയില്ല എന്നു തന്നെ വേണം പറയാന്‍. (പുസ്തകവില : 300രൂപ)

1 comment:

താങ്കൾ എന്തുപറയുന്നു പുസ്തക വിചാരത്തെപ്പറ്റി ?