Saturday, October 27, 2012

ചെവികള്‍ ചെമ്പരത്തികള്‍

പുസ്തകം : ചെവികള്‍ ചെമ്പരത്തികള്‍
രചയിതാവ് : ലതീഷ് മോഹന്‍
പ്രസാധകര്‍ :
അവലോകനം : എം.ആര്‍.വിഷ്ണുപ്രസാദ്

തലച്ചോറില്‍ നിറയെ സൂര്യകാന്തികളുള്ള ഒരു സംഗീത ബാന്‍ഡാണ് പിങ്ക് ഫ്ലോയ്ഡ്. ലതീഷ് മോഹന്റെ കവിതയിലുമുണ്ട് സൂര്യനെ അഭിമുഖീകരിക്കുന്ന മഞ്ഞത്തലകളുടെ നിര. ഒളിഞ്ഞു നില്‍ക്കുന്ന സൂര്യനെ പാതി രാത്രിയിലും കടിക്കാന്‍ വെമ്പുന്ന നാഡി വ്യൂഹതിനുടമയാണ് ചെവിയില്‍ ചെമ്ബരതിയുള്ള ഇക്കവി. വിശദാംശങ്ങളില്‍ നിന്ന് നിങ്ങളുടെ ശ്രദ്ധയെ ആട്ടി അകറ്റാനാണ് ഇവിടെ ശ്രമം. പണ്ടുള്ള തെല്ലാം തനി പണ്ടങ്ങ ളെന്ന് എഴുതി വെയ്ക്കുമ്പോള്‍ പിന്നണി സംഗീതമെന്തെന്നരിയെണ്ടേ?? ടിം ടിഡിം ടിഡിംഡിം ഡിം.....കവിതയില്‍ നിയമങ്ങള്‍ കെട്ടിപടുക്കാനുള്ള ശ്രമത്തിലാണ് പലരും. ചുരുക്കി എഴുതണം..നീട്ടരുത്..പരത്തരുത്....വളയ്ക്കരുത്..തുണി അഴിക്കരുത്..അങ്ങനെ അങ്ങനെയുള്ള കവിതാ നിര്‍മാണ വര്‍ക്ക് ഷോപ്പ് നിയമങ്ങള്‍ ചീന്തി കൊണ്ടാണ് ഈ സംഗീതം പുരോഗമിക്കുന്നത്....ടിം ടിഡിം ടിഡിംഡിം ഡിം......എല്ലാം മനസിലാകുന്നില്ലേ....പിറകെ പോരുകയല്ലേ...വാ....വാ...
ഈ സമാഹാരത്തിലെ കുറ്റകൃത്യങ്ങള്‍ അതിന്‍റെ ഉള്ളടക്കത്തിലെ ശരീര ശാസ്ത്രം കോണ്ട് വേറിട്ടതാകുന്നു. പുതിയൊരു ദേശ-കാല- ശരീര ബോധത്തിലേക്ക്‌ അത് നമ്മെ കോണ്ട് ചെല്ലുന്നു. തികച്ചും സ്മാര്‍ട്ട്‌ ആയ ദൃശ്യ ബിംബ വിന്യാസത്തിലൂടെ തോന്നലുകളുടെ മേച്ചില്‍ പുറങ്ങളില്‍ ചെമ്പരത്തി ചൂടി നടക്കാന്‍ അത് നമ്മെ ക്ഷണിക്കുന്നു. നിരോധിക്കപെട്ട ചെടികളും മനുഷ്യരും ഉറക്കെ പാടുന്ന ഉദ്യാനമായി ഇക്കവിതകള്‍ മാറുബോള്‍ കുന്നിന്‍ പുറങ്ങള്‍ അവരുടെ യാത്രാവിവരണം സ്വയം എഴുതാന്‍ തുടങ്ങും. പൊട്ടിയ കണ്ണാടിയുടെ ചിത്ര സംയോജനം തന്നെയാണിത്. അടുക്കി വെയ്ക്കുമ്പോള്‍ കൈ മുറിയുന്നതിന്റെ നിറപ്പാടുകള്‍ നക്കി തുടച്ചോ, കുടഞ്ഞു കളഞ്ഞോ അടുത്ത പേജിലേക്ക് പോകുമ്പോള്‍ അതാ ആലീസ്! ആലീസിന്റെ കഴുത്തിലെ ബോര്‍ഡില്‍ വരച്ചിട്ട അമ്പൂരിയെടുത്ത് ഹൃദയത്തിനു കുറുകെ ആഴ്തുന്നു. സ്വയം ഒരു പ്രണയചിഹ്നമാകാന്‍ തോന്നുന്നു ഇത്‌ വായിക്കുമ്പോള്‍. അതുപോലെ ഉപമകള്‍ ഉണക്കാനിട്ടിരിക്കുന്ന കുന്നിന്‍ ചെരിവില്‍ വെച്ച് സാറയെ കാണുന്നു. എങ്ങനെയുണ്ട് പെണ്ണേ ഇക്കവിത എന്ന് ചോദിക്കുമ്പോള്‍ അവള്‍ ആംഗ്യത്തിലൂടെ മേഘങ്ങളേ അഴിച്ചുകെട്ടുന്നു. കാറ്റു വീശുന്നുണ്ടായിരുന്നു. ഉണക്കാനിട്ട ഉപമകള്‍ പറന്ന് പറന്ന് പോയി. ഇപ്പോള്‍ സാറ എന്നാല്‍ സാറ/ മേഘം എന്നാല്‍ മേഘം /പുല്ല് എന്നാല്‍ പുല്ല്/ മുല എന്നാല്‍ മുല.
കഴിഞ്ഞ തലമുറയ്ക്ക് കടം കൊടുക്കനുള്ളവരായിരുന്നു മിക്കവരും. തിരികെ കൊടുക്കാത്തതിന്റെ ജാള്യതയില്‍ കാലം കഴിക്കേ അവരില്‍ നിരാശയും വാര്‍ദ്ധക്യവും പൊട്ടുന്നു. നര പറിച്ചോണ്ടിരിക്ക്. അല്ലെങ്കില്‍ എല്ലാം മറച്ചുവെച്ചു ഡൈ (die) ചെയ്യ്. കടം കൊടുക്കാനുള്ളവരുടെ ഇതിഹാസങ്ങള്‍ ഇക്കവിയെ ഹരം കൊള്ളിക്കാറില്ല.
നഗരമുഖമുള്ള ഒരു മനുഷ്യന്റെ സ്വാതന്ത്ര്യ ഗീതങ്ങളാണ് ഇക്കവിതകള്‍. പബ്ബുകള്‍ അടിച്ചു തകര്‍ക്കുന്നത് സംസ്ക്കാരതോടുള്ള സ്നേഹം കൊണ്ടല്ല. മതവും ജാതിയും മറന്ന് ആണും പെണ്ണും കേട്ടിപിടിക്കുമെന്ന ഭയത്തില്‍ നിന്നാണ് ശിവസേനയുണ്ടാകുന്നത്. ഇണ ചേരുന്നതിന് കാരണങ്ങള്‍ ബോധിപ്പിക്കെണ്ടാത്ത ഒരിടത്ത് നിന്നേ തുറന്ന രചനകള്‍ സാധ്യമാകൂ. നീല നിറമുള്ള ഒരു പബ്ബിലേക്ക് കടന്നുചെല്ലും പോലെ സുഖദമാകുന്നു ഈ പുസ്തകതിലെക്കുള്ള യാത്ര. തൊണ്ണൂറുകള്‍ക്ക് ശേഷമുള്ള കാവ്യ രചനാ വൈവിധ്യങ്ങളില്‍ ഏറെ ശ്രേധേയമാകുന്നു വാക്കുകള്‍ കൊണ്ടുള്ള ഈ വാതുവെയ്പ്പ്.

No comments:

Post a Comment

താങ്കൾ എന്തുപറയുന്നു പുസ്തക വിചാരത്തെപ്പറ്റി ?