Thursday, November 1, 2012

ക്രിയാത്മക കഥാപാത്രങ്ങൾ

പുസ്തകം : ക്രിയാത്മക കഥാപാത്രങ്ങൾ
രചയിതാവ് : സി.ഗണേഷ്‌
പ്രസാധകര്‍ : കറന്റ്‌ ബുക്‌സ്‌
അവലോകനം : കെ.പി.രാമനുണ്ണി



പുത്രനെ ജരാനരകൾകൊണ്ട്‌ മുടിപ്പിക്കാതെ തന്നെ അവന്റെ യൗവനം ഏറ്റുവാങ്ങാൻ ശ്രമിക്കുന്ന യയാതിമാരായിരിക്കണം സർഗ്ഗാത്മക എഴുത്തുകാരെന്നു തോന്നുന്നു. എന്നാലേ കൂടുതൽ കാലം ജീവിതത്തിന്റെ ഊർജ്ജസ്വലത തങ്ങളുടെ രചനകളിൽ നിലനിർത്താൻ അവർക്ക്‌ സാധിക്കുകയുളളൂ.

സാഹിത്യജീവിതത്തിൽ സർഗ്ഗാത്മകത നിലനിർത്തുക എന്ന്‌ പറഞ്ഞാൽ കാലത്തിന്റെ പിറകെ പാഞ്ഞുകൊണ്ടുളള പ്രവർത്തനമാണ്‌. വർത്തമാനകാലത്തിന്റെ എഴുത്തുകാരനല്ലാത്തവൻ ഒരു കാലത്തിന്റെയും എഴുത്തുകാരനല്ല. രാമായണമാണ്‌ ഒന്നുകൂടി ഇന്ന്‌ എഴുതുന്നതെങ്കിലും രണ്ടായിരത്തിയഞ്ചിന്റെ സ്‌പന്ദനം പിടിച്ചെടുക്കാൻ കഴിഞ്ഞില്ലെങ്കിൽ അത്‌ വൃഥാവിലായിപ്പോകും. അതുകൊണ്ട്‌ സർഗ്ഗാത്മകത നശിക്കരുത്‌ എന്ന്‌ ആശിക്കുന്ന എഴുത്തുകാർ തങ്ങൾക്ക്‌ പിറകെ വരുന്ന സഹോദരസാഹിത്യകാരന്മാരുടെ തോളിൽ കയ്യിട്ട്‌ കാലത്തിനൊപ്പം മുന്നേറാൻ ബാധ്യസ്ഥരായിരിക്കുന്നു.

ഞാനടങ്ങുന്ന ആധുനികാനന്തര കഥാകൃത്തുക്കൾക്ക്‌ ശേഷം കാലത്തിന്റെ സ്‌പന്ദനങ്ങൾ പിടിച്ചെടുക്കാൻ കെൽപ്പുളള പുതുകൂട്ടം കഥാകാരന്മാരും കഥാകാരികളും മലയാളത്തിൽ സംഭവിച്ചിട്ടുണ്ട്‌. അതിൽ ഗണനീയനായ സി.ഗണേഷിന്റെ ചെറുകഥാസമാഹാരത്തോട്‌ സംവദിക്കാൻ ശ്രമിക്കുമ്പോൾ, പതിച്ചുകിട്ടുകയും പകർന്നു നല്‌കുകയും ചെയ്‌ത ജനിതകമുദ്രകളെ നോക്കി വിസ്‌മയപ്പെടുന്ന ഗ്രിഗർ മെൻഡലിന്റെ എഫ്‌ റ്റൂ ജെനറേഷനിലെ പയറുചെടിയുടെ അത്ഭുതഭാവമാണ്‌ എനിക്കുണ്ടാകുന്നത്‌. ചരിത്രത്തിന്റെ തട്ടകത്തിൽ വെച്ചോ സൗന്ദര്യത്തിന്റെ പറുദീസയിൽ വെച്ചോ അതോ വളർന്നുകൊണ്ടിരിക്കുന്ന ഒരു സാഹിത്യജനുസ്സിന്റെ ശ്രേണിയിൽ വെച്ചോ എങ്ങനെയാണ്‌ ഈ കഥകളെ വിലയിരുത്തേണ്ടതെന്ന ആശയക്കുഴപ്പം കടുത്തതാണെന്ന്‌ സമ്മതിക്കുന്നു.

ചരിത്രപരമായ കാരണങ്ങളാൽ തന്നെ സാമൂഹ്യവും രാഷ്‌ട്രീയവുമായ അവസ്ഥകളോട്‌ അത്രയൊന്നും സംവദിക്കാത്ത സൗന്ദര്യദർശനമായിരുന്നല്ലോ ആധുനികത ആളുന്ന കാലത്ത്‌ കഥാസാഹിത്യം സ്വീകരിച്ചിരുന്നത്‌. അതുകൊണ്ടുതന്നെ പിന്നീട്‌ വന്ന ഞങ്ങളുടെ തലമുറ ജീവിതത്തിന്‌ നേരെ കണ്ണുതുറിക്കുന്ന യാഥാർത്ഥ്യങ്ങളോട്‌ വിശദവും പ്രകടവുമായ പ്രതിബദ്ധത പുലർത്താൻ ശ്രമിച്ചു. ജ്യേഷ്‌ഠൻ കാരണവർ അമ്മാവന്റെ മകളെ തിരിഞ്ഞുനോക്കാതെ വേദനിപ്പിച്ചെങ്കിൽ അവളുടെ അനിയത്തിക്കുട്ടിയെ നിശ്ചയമായും കല്യാണം കഴിച്ച്‌ കടം വീട്ടുന്ന വാശിയാണ്‌ അതിലുണ്ടായിരുന്നത്‌. സമീപനത്തിലെ ഇത്തരം വ്യത്യാസങ്ങളിൽ പുതിയ തലമുറയിലെ കഥാകൃത്തുക്കൾ എന്തെന്ത്‌ നിലപാടുകൾ കയ്യാളുന്നു എന്ന്‌ ആരായുന്നത്‌ വിജ്ഞാനപ്രദമായിരിക്കും. സ്ഥൂല രാഷ്‌ട്രീയ വ്യവഹാരങ്ങളിൽ അമിതോത്സാഹമെടുക്കാതെ വ്യക്തിജീവിതത്തിന്റെ തനിമയിൽ സൂക്ഷ്‌മവും വിവിധവുമായ സാമൂഹികാവസ്ഥ പ്രതിഫലിപ്പിക്കുകയാണ്‌ അവരുടെ സൃഷ്‌ടികളുടെ സ്വഭാവമെന്ന്‌ പൊതുവെ പറയാം. “പേർസണൽ ഈസ്‌ പൊളിറ്റിക്കൽ” എന്ന വൈകിയുളള മഹാ അറിവ്‌ പേർത്തുംപേർത്തും ദൃഷ്‌ടാന്തവത്‌കരിക്കുന്ന ഈ പ്രവണതയിൽനിന്ന്‌ മാറിനില്‌ക്കുന്നതല്ല സി.ഗണേഷിന്റെ രചനകളും.

ഏറ്റവും സുന്ദരമായ ആത്മകഥയെഴുതുവാൻ ആർക്കാണ്‌ കഴിയുക? ഉപ്പിനോ? പുല്ലിനോ? മണൽത്തരിക്കോ?“ എന്ന ആശ്രമത്തിലെ സ്വാമിയുടെ ചോദ്യത്തോടെ തുടങ്ങുന്ന ‘ഇരുൾ മുറിച്ചുകടക്കുമ്പോൾ’ എന്ന കഥയിൽ വിശ്ലഥമായ ആധുനിക മനുഷ്യന്റെ ജീവചരിത്രമെഴുതാനുളള ശ്രമം തന്നെയാണ്‌ കഥാകൃത്ത്‌ നടത്തുന്നത്‌. അകൽച്ചയുടെയും അന്യവത്‌കരണത്തിന്റെയും ഏകാന്തതയുടെയും ഇരുട്ടിലൂടെ സീതാരാമൻ ഐ.എ.എസ്‌. സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. കഥാപാത്രത്തിന്റെ ജീവിതംപോലെ തന്നെ അടുക്കും ചിട്ടയുമില്ലാതെയും യാഥാർത്ഥ്യത്തിലും ഭ്രമാത്മകതയിലും മാറിമാറി തുഴഞ്ഞും കഥാഘടന മുന്നോട്ടു പോകുന്നു. മനുഷ്യർക്ക്‌ തമ്മിൽ ആശയവിനിമയം അസാധ്യമായ ലോകത്തിലായിരിക്കും ജീൻസും സാൽവാർ കമ്മീസും യോഗിനിമാരുടെ ഉടയാടകളുമെല്ലാം കൂടുതൽ മെച്ചമായി സംസാരിക്കുന്നത്‌!

പീതവസ്‌ത്രങ്ങൾ ഇങ്ങനെ നാവനക്കി.

"സ്വാമിജി ഒരിക്കലുപയോഗിച്ച വസ്‌ത്രങ്ങൾ വീണ്ടും ഉപയോഗിക്കാറില്ല. മുനിസിപ്പാലിറ്റിയുടെ ചവറ്റുകൂനയിലെറിയും...“

ജീൻസിന്റെയും കൂട്ടരുടെയും മുഖം വിളറി.

അവ പറഞ്ഞു. ”നമ്മൾ ഭാഗ്യം ചെയ്‌തവർ.“

യോഗിനികൾ ചിരിച്ചു. ”ഞങ്ങളും.“

സീതാരാമൻ ഞെട്ടിയില്ല. ചിരിച്ചുമില്ല. പക്ഷെ യോഗിനിമാരുടെ ചിരിയുടെ വന്യതയിൽ ഭൂമിയിൽ വിളളലുണ്ടായി. ആ വിടവന്വേഷിച്ചാണ്‌ സീതാരാമൻ ആശമത്തിൽനിന്നും ഇരുട്ടിനെ തട്ടിമാറ്റി പുറത്തേക്ക്‌ നടക്കാൻ ശ്രമിച്ചത്‌.

അർത്ഥക്കേടുകളിലൂടെ ഇന്നത്തെ ജീവിതാവസ്ഥയുടെ അർത്ഥങ്ങൾ തിരയുന്ന കഥയുടെ ഒരു ഭാഗം ഇങ്ങനെയാണ്‌ അവതരിപ്പിച്ചിരിക്കുന്നത്‌. അസംബന്ധചിത്രീകരണം പലപ്പോഴും ഫലപ്രദമായി ഉച്ചരിക്കാനാകാത്ത സാമൂഹ്യവൈകൃതാവസ്ഥയുടെ പകരമായാണല്ലോ സംഭവിക്കാറുളളത്‌. കാലത്തിന്റെ രോഗാതുരതകളെ കഥാകൃത്തിന്റെ സ്‌പർശിനികൾ പിടിച്ചെടുക്കുന്നു എന്നതിന്റെ നിദർശനം തന്നെയാണ്‌ കലാസുഭഗമായ ഇത്തരം ആഖ്യാനമുഹൂർത്തങ്ങൾ.

‘ചുറ്റുപാടുകൾ’, ‘ക്രിയാതന്ത്രങ്ങൾ’, ‘തിരോധാനം’ എന്നീ കഥകളും ഋജുവല്ലാത്ത വ്യക്തി അനുഭവക്കൊടുമകളിലൂടെ സമൂഹം വീണുകിടക്കുന്ന രാഷ്‌ട്രീയാവസ്ഥയുടെ സൂക്ഷ്‌മതലങ്ങൾതന്നെ തേടിക്കൊണ്ടിരിക്കുന്നു. പലപ്പോഴും ഗണേഷിന്റെ കഥകളിലേക്ക്‌ കടക്കാൻ മുതിരുമ്പോൾ മുന്നിലുളള അതാര്യത സങ്കീർണ്ണമായ യഥാർത്ഥജീവിതത്തിന്റെ അഗോചരപ്രതലങ്ങളാണ്‌ വായനക്കാരന്‌ കാണിച്ചുതരുന്നത്‌. പ്രമേയത്തിൽ മാത്രമല്ല, കൃതിയുടെ രൂപത്തിലും ഘടനയിലുമെല്ലാം കാലത്തിന്റെ കുഴമറിഞ്ഞ അവസ്ഥയെ കഥാകാരൻ ആവാഹിക്കാൻ ശ്രമിക്കുന്നു.

ഒരു കഥയുടെ ചരടുപോലും പൊട്ടാതെടുക്കാൻ സാധിക്കാത്തവണ്ണം വിശ്ലഥമായ ജീവിതാവസ്ഥയുടെ ചിത്രീകരണമാണ്‌ ‘ബസ്സ്‌-ക്രിയാത്മക കഥാപാത്രം’ എന്ന കഥ. ബസ്സ്‌ യാത്ര, ഊമയായ പോക്കറ്റടിക്കാരൻ, അസംബന്ധം പിടിച്ച സംസാരവുമായി വെപ്പുപല്ലുകാരൻ, അവരവരെ പരിഹാസ്യമാംവണ്ണം സ്ഥാപിക്കാൻ ശ്രമിക്കുന്ന തടിച്ചിയും മെലിച്ചിലും, ബസ്സപകടം, ചില യാത്രക്കാരുടെ ചാവൽ, ഹോസ്‌പിറ്റൽ എന്നിങ്ങനെ കുറേ രംഗങ്ങൾ കയ്‌പ്പോടെ ചിതറിക്കിടക്കുകയാണ്‌ ഈ കഥയിൽ. എന്നും നാം അഭിമുഖീകരിക്കുന്ന വ്യാവഹാരികമായ ജീവിതരംഗങ്ങൾ എത്രത്തോളം അശ്ലീലവും ഉച്ചരിക്കാൻ സാധിക്കാത്തതുമാണെന്ന്‌ ഊമയുടെ പ്രജ്ഞയിലൂടെ തെളിയുന്നു. മനുഷ്യൻ ആധ്യക്ഷം വഹിക്കാത്ത ജീവിതം സമ്മേളനങ്ങളിൽ യന്ത്രങ്ങളും മറ്റു ക്രിയാത്മക കഥാപാത്രങ്ങളുമായി മാറുന്നത്‌ സ്വാഭാവികമാണ്‌.

ഈ സമാഹാരത്തിലെ ‘ചങ്ങമ്പുഴയെ അറിയുക’, ‘ബി.മുരളിയും സിതാരയും എന്നെ മോഷ്‌ടിക്കുന്നു’ എന്നീ കഥകൾ ജീവിതത്തിന്റെ അറിവിനെ സംബന്ധിച്ചുളള ചില സമസ്യകൾ കൂടി ഉയർത്തിക്കൊണ്ടുവരുന്നുണ്ട്‌. നിഷ-സനൽ, ഭാസ്‌കരൻനായർ-ചന്ദ്രിക ജോടികളുടെ പ്രണയപാരസ്‌പര്യത്തെ (ഉവ്വോ?) പ്രശ്‌നവത്‌കരിക്കാൻ ചങ്ങമ്പുഴസാഹിത്യത്തെ കഥാകാരൻ ഇവിടെ കൂട്ടുപിടിക്കുന്നു. ഭാവമോ വികാരമോ ബന്ധമോ തനതായി പിടിച്ചെടുക്കാൻ കഴിയാത്തവണ്ണം സകല മനുഷ്യസാധ്യതയും എഴുതപ്പെട്ടു കഴിഞ്ഞു എന്നതിന്റെ സൂചനയോ ഗതികേടോ ആയിരിക്കാം അങ്ങനെ വ്യക്തമാക്കപ്പെടുന്നത്‌. ഭാഷയുടെ കണ്ണാടിമാളികകൾ കുത്തിപ്പൊട്ടിച്ച്‌ മൂർത്തമായ അനുഭവവ്യക്തിയുടെ ആഗമനം അസാധ്യമാണെന്നോ കഥാകാരൻ ഉദ്ദേശിക്കുന്നതെന്ന്‌ സംശയിക്കാം. ഭാഷയിൽനിന്ന്‌ വേർപെടുത്തിക്കൊണ്ട്‌ യാതൊരു അനുഭവവും സാധ്യമല്ലെന്ന വാദമുണ്ടല്ലോ. മുൻസാഹിത്യത്തിന്റെ ഭാരങ്ങൾ കുടഞ്ഞെറിഞ്ഞ്‌ നവംനവങ്ങളായ വാക്കുകൾ ഉച്ചരിക്കാൻ പുതിയ കഥാകാരന്മാർക്ക്‌ കെല്‌പുണ്ടാകണം എന്നുതന്നെയാണ്‌ എന്റെ പ്രാർത്ഥന. പാഠാന്തരയാത്രകൾക്കുളള കൗതുകം ആത്യന്തികമായി അവയെല്ലാം വലിച്ചെറിഞ്ഞ്‌ ജീവിതത്തെ അതിന്റെ ഉപ്പിലും ചൂരിലും പിടികൂടാനുളള ധീരതയിലേക്ക്‌ കഥാകാരനെ നയിക്കട്ടെ. (വില - 45.00)

കാലം സൃഷ്‌ടിക്കുന്ന പ്രകമ്പനങ്ങളെ വ്യക്തിയുടെ ഇമചലനത്തിലും കോരിത്തരിപ്പിലും കൂടി അനുധാവനം ചെയ്യുന്നതാണ്‌ സാഹിത്യത്തിലെ സത്യമായ രാഷ്‌ട്രീയപ്രവർത്തനം. ഈ ഉത്തരവാദിത്തം അതിഗൂഢ വഴികളിലൂടെയാണെങ്കിലും നിർവ്വഹിക്കുന്നു എന്നതാണ്‌ സി.ഗണേഷിന്റെ കഥകളോടുളള എന്റെ സന്തോഷം. ചരിത്രത്തിന്റെ ചിത്രപ്പണിക്കാരനായി വരുന്ന ഈ പുതിയ കഥാകൃത്തിൽ ഞാൻ വിശ്വാസവും പ്രതീക്ഷയും അർപ്പിക്കുന്നു.

No comments:

Post a Comment

താങ്കൾ എന്തുപറയുന്നു പുസ്തക വിചാരത്തെപ്പറ്റി ?