Tuesday, November 27, 2012

മോബിഡിക്

പുസ്തകം : മോബിഡിക്
രചയിതാവ് : ഹെർമെൻ മെൽവിൽ/ വിവര്‍ത്തനം : ഡോ. മുരളി കൃഷ്ണ
പ്രസാധകര്‍ : ഡി.സി. ബുക്സ്
അവലോകനം : നിതിന്‍ താലിബ്
നോവലിസ്റ്റിനെക്കുറിച്ച്

പത്തൊമ്പതാം നൂറ്റണ്ടിൽ ജീവിച്ചിരുന്ന അമേരിക്കൻ സാഹിത്യകാരനാണ് ഹെർമെൻ മെൽവിൽ. 1819 ആഗസ്റ്റ് ഒന്നിനു ന്യൂയോർക്കിൽ ജനിച്ചു. പത്തൊമ്പതാം വയസ്സിൽ കപ്പൽ ജോലിക്കാരനായി. തുടർന്ന് ഇരുപത്തിയൊന്ന് വർഷത്തോളം കച്ചവടക്കപ്പലുകളിലും തിമിംഗല വേട്ടക്കപ്പലുകളിലും കഴിഞ്ഞു. പിന്നീട് നാട്ടിൽ തിരിച്ചെത്തി സാഹിത്യ രചനയാരംഭിച്ചു. ആദ്യ രചനയായ "ടൈപ്പി" നൽകിയ ക്ഷിപ്രപ്രശസ്തിയുടെ തണലിൽ വിവാഹിതനായി. എന്നാൽ തുടർന്നു നടത്തിയ സാഹിത്യ സംരംഭങ്ങളെല്ലാം തികഞ്ഞ പരാജയമായിരുന്നു. അത് ദാമ്പത്യ തകർച്ചയിലേയ്ക്ക് നയിച്ചു. തുടർച്ചയായ പരാജയങ്ങൾ അദ്ദേഹത്തെ സാഹിത്യരചനയിൽ നിന്ന് പിന്തിരിയാൻ പ്രേരിപ്പിച്ചു.

1891 സെപ്തംബർ 28നു ന്യൂയോർക്കിൽ അന്തരിച്ചു. അപ്രശസ്തനായി അന്ത്യം. 'പേരുകൊണ്ടു പോലും അറിയപ്പെടാത്ത വ്യക്തി' എന്നാണ് ന്യൂയോർക്ക് ടൈംസ് അദ്ദേഹത്തെ വിശേഷിപ്പിച്ചത്. എന്നാൽ ഇന്ന് ചിത്രം ആകെ മാറിയിരിക്കുന്നു. ലോക സാഹിത്യത്തിൽ സ്വർണ്ണ ലിപികളിൽ എഴുതിച്ചേർത്ത നാമമാണ് ഹെർമന്റേത്. 'ഒറ്റക്കാലുള്ള സിംഹാസനത്തിൽ ഇരിക്കുന്ന മഹാൻ' എന്നാണ് ഇന്നു ലോകം അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്.

നോവലിലേയ്ക്ക്

മേൽ സൂചിപ്പിച്ച വിശേഷണത്തിനു ഹെർമനെ പ്രാപ്തനാക്കിയത് 'മോബിഡിക്' എന്ന അദ്ദേഹത്തിന്റെ നോവലാണ്. തന്റെ 32ആം വയസ്സിലാണ് ഹെർമൻ മോബി ഡിക്കിന്റെ രചനയാരംഭിച്ചത്. 1851 നോവൽ പ്രസിദ്ധീകരിച്ചു. മറ്റു രചനകളെപ്പോലെ പ്രസിദ്ധീകരിച്ച സമയത്ത് ഒരു തികഞ്ഞ പരാജയമായിരുന്നു മോബി ഡിക്. ഭ്രാന്തം, അതിവാചാലം, അതിഭാവുകത്വം തുടങ്ങിയ വിശേഷണങ്ങൾ ഉപയോഗിച്ചാണ് വിമർശകർ നോവലിനെ സ്വീകരിച്ചത്. അങ്ങനെയത് അവഗണനയുടെ പടുകുഴിയിലേയ്ക്ക് എറിയപ്പെട്ടു. 72 വർഷത്തോളം അവഗണിക്കപ്പെട്ടു കിടന്ന പുസ്തകം 1921 ഉയിർത്തെഴുന്നേൽക്കപ്പെട്ടു. പിന്നീട് മോബി ഡിക്കിനെ ലോകം ഏറ്റെടുത്തു. അമേരിക്കൻ സാഹിത്യത്തിലെയും അതിലുപരി ലോകസാഹിത്യത്തിലെയും മഹനീയ സൃഷ്ടികളിൽ ഒന്നായി മോബി ഡിക്ക് ഇന്ന് വിലയിരുത്തപ്പെടുന്നു. അത്യന്തം ദാർശനിക തലങ്ങളുള്ള ഒരു രചനയായി ഇന്ന് മോബി ഡിക് വാഴ്ത്തപ്പെടുന്നു. അതിനെയധികരിച്ച് അനേകം പഠനഗ്രന്ഥങ്ങൾ പുറത്തുവന്നു, ഇനിയുമെത്രെയോ വരാനിരിക്കുന്നു.

കീഴടക്കാനാവാത്ത പ്രപഞ്ച ശക്തികൾക്കുമേൽ തന്റെ അധീശത്വം ഉറപ്പിക്കാൻ ശ്രമിക്കുന്ന മനുഷ്യന്റെ ദാർശനിക വ്യഥയുടെ മഹാഗാഥയാണീ നോവൽ. അപ്രാപ്യമായതിനെയൊക്കെ തന്റെ വശത്താക്കാൻ മനുഷ്യൻ നടത്തുന്ന മഹാസാധനയാണ് ഇതിന്റെ അന്തർധാര. 'പ്രപഞ്ച മേൽക്കൂരയിൽ കയറി നിന്ന് വിണ്ണിന്റെ മായൂര പിഞ്ഛിക കാറ്റിൽപ്പറത്താൻ' മാത്രമല്ല അതി വിശാലവും അതി ഗഹനവുമായ സമുദ്രത്തിന്റെ അനന്ത വിശാലതയിലേയ്ക്ക് നിർഭയം കടന്നു ചെന്ന് തന്റെ ശക്തി വിളംബരം ചെയ്യാനും തനിക്ക് സാധിക്കും എന്ന മനുഷ്യന്റെ ഓർമ്മപ്പെടുത്തലിന്റെ ഇതിഹാസ ഗാഥയാണീ നോവൽ. പ്രകൃതിയെ പൈശാചികമായ വെറിയോടെ കീഴ്പ്പെടുത്താൻ ശ്രമിച്ചാൽ ആത്യന്തിക നാശമാവും ഫലം എന്ന ഓർമ്മപ്പെടുത്തൽ കൂടിയാണ് മോബി ഡിക്.

മിത്തും ബൈബിളും ഇടകലർന്ന രചനാരീതിയാണ് മോബി ഡിക്കിൽ ഹെർമൻ സ്വീകരിച്ചിരിക്കുന്നത്. ശൈലീബദ്ധമാണ് നോവലിന്റെ ഭാഷ. അതിസങ്കീണ്ണമായ സാഹചര്യങ്ങളെ വിശകലനം ചെയ്യാൻ ബിംബ-രൂപക കല്പനകൾ ധാരാളമായി നോവലിൽ ഉപയോഗിച്ചിട്ടുണ്ട്. കഥാപാത്രങ്ങളുടെ മനോവ്യാപാരങ്ങളിലൂടെയും പ്രവൃത്തികളിലൂടെയും നന്മ-തിന്മകളെക്കുറിച്ചും ദൈവത്തിന്റെ സാന്നിധ്യം എന്ന സങ്കൽപ്പത്തെക്കുറിച്ചുമെല്ലാം ധാരാളം ചർച്ചകൾ നോവലിൽ നടക്കുന്നുണ്ട്. തിമിംഗല വേട്ടയെ പറ്റിയുള്ള ഒരു സർവ്വവിജ്ഞാന കോശം കൂടിയാണ് മോബിഡിക്.

കഥാസാരം

ആംഗലേയ സാഹിത്യത്തിലെ ഏറ്റവും ശ്രദ്ധേയമായ ആരംഭ വാക്യങ്ങളിൽ ഒന്നാണ് മോബി ഡിക്കിന്റെ ആരംഭ വാക്യമായ " എന്നെ ഇഷ്മേൽ (ഇസ്മേൽ) എന്നു വിളിൽക്കൂ....."എന്നത്. മോബിഡിക് എന്ന സ്പേം തിമിംഗല വേട്ടയാണ് നോവലിന്റെ ഇതിവൃത്തം. ഇഷ്മേൽ എന്ന ചെറുപ്പക്കാരന്റെ വിവരണം എന്ന നിലയിലാണ് നോവലിന്റെ രൂപഘടന. കച്ചവടക്കപ്പലുകളിലെ നീണ്ട കാലത്തെ പരിചയത്തിനു ശേഷം മറ്റൊന്നിലും ഉറച്ച് നിൽക്കാൻ സാധിക്കാതിരുന്ന അയാൾ ഒടുവിൽ തിമിംഗല വേട്ടയ്ക്ക് പോകുന്ന കപ്പലിലെ ജോലിക്കാരനാകാൻ തീരുമാനിക്കിടത്തുനിന്നാണ് നോവൽ ആരംഭിക്കുന്നത്. വഴിയിൽ, രാത്രി സത്രത്തിൽ വച്ച് പരിചയപ്പെട്ട കീക്വഗ് എന്ന ഗോത്രവർഗ്ഗ യുവാവും അയാളോടൊപ്പം ചേരുന്നു. പോളിനേഷ്യൻ ദ്വീപുകളിലൊന്നായ കോക്കോവോക്കോ ദ്വീപിലെ ഗോത്രത്തലവന്റെ മകനാണയാൾ. ചെറുപ്പം മുതൽ കീക്വഗ്ഗിന്റെ ആശയും ആവേശവുമായിരുന്നു കടൽ. വളരെ സമർത്ഥനായ ചാട്ടുളിക്കാരൻ കൂടിയാണ് കീക്വഗ്. വളരെ ആഴത്തിൽ വേരോടിയ മനുഷ്യസ്നേഹമാണ് കീക്വഗ്ഗിന്റെ മറ്റൊരു സവിശേഷത. നാന്റക്കെറ്റിൽ നിന്നും യാത്ര തിരിക്കുന്ന പെക്വേഡ് എന്ന തിമിംഗല വേട്ടക്കപ്പലിന്റെ ചീഫ് മേറ്റായ സ്റ്റാർബക്കിനെ കണ്ട് അവർ കരാറൊപ്പിടുന്നു. ഏനാബ് (അഹാബ്) എന്ന മനുഷ്യനാണ് അതിന്റെ ക്യാപ്റ്റൻ എന്ന് അവർ സ്റ്റാർബക്കിൽ നിന്ന് മനസ്സിലാക്കുന്നുണ്ടെങ്കിലും അയാളെ അപ്പോൾ കാണുന്നില്ല.അയാളെപറ്റി ധാരാളം കേൾക്കുന്നുണ്ട്, അയാൾ ഒറ്റക്കാലനാണെന്നകാര്യവും അതിൽപ്പെടും.

അങ്ങനെ ഒരു ക്രിസ്തുമസ് ദിനത്തിൽ പെക്വേഡ് നാന്റക്കെറ്റിൽ നിന്നും യാത്രതിരിക്കുന്നു. കഴിയുന്നിടത്തോളം തിമിംഗലങ്ങളെ വേട്ടയാടിപ്പിടിച്ച് അവയുടെ തലയിലുള്ള ശുദ്ധവും സുതാര്യവും സുഗന്ധപൂരിതവും അമൂല്യവുമായ മെഴുക് കഴിയുന്നിടത്തോളം ശേഖരിക്കുക എന്നതാണ് തിമിംഗല വേട്ടക്കപ്പലുകളുടെ ലക്ഷ്യം. കപ്പൽ പുറപ്പെട്ട് കുറച്ച് ദിവസങ്ങൾക്കു ശേഷമാണ് ഇഷ്മേൽ ഏനാബിനെ കാണുന്നത്. ഏതാണ്ടൊരു ഭൂതാവിഷ്ടഭാവമായിരുന്നു ഒറ്റക്കാലന്. തിമിംഗലവേട്ടയല്ല ഏനാബിന്റെ ലക്ഷ്യമെന്ന് പിന്നീടാണ് കപ്പലിലുള്ളവർക്ക് മനസ്സിലാകുന്നത്. തന്റെ കാൽ അപഹരിച്ച മോബി ഡിക് എന്ന സ്പേം തിമിംഗലത്തെ വകവരുത്തുക എന്നതുമാത്രമായിരുന്നു അയാളുടെ ലക്ഷ്യം. തീവ്രമായ തന്റെ പ്രതികാരത്തിനു മുന്നിൽ മറ്റെല്ലാം ഹോമിക്കൻ, സ്വന്തം ജീവൻപോലും, തയ്യാറായ ഏതാണ്ട് ഭ്രാന്തമായ ഒരു മാനസിക നിലയിലായിരുന്നു അയാൾ. മോബിഡിക്കിനോടുള്ള തന്റെ വെറുപ്പ് മറ്റെല്ലാ സ്പേം തിമിംഗലങ്ങളോടും അയാൾ കാട്ടിയിരുന്നു. ഒരു വെറിയിൽ കഴിയുന്നിടത്തോളം സ്പേം തിമിംഗലങ്ങളെ കൊല്ലുന്നത് ഒരു രാക്ഷസീയ ആനന്ദമായി അയാൽ കരുതി. അത്തരത്തിൽ വഴിയിൽ തിമിംഗല വേട്ടയിൽ ഏർപ്പെടുന്നുണ്ടെങ്കിലും അതിലൊന്നും ഏനാബ് തൃപ്തനായിരുന്നുല്ല. അയാളൂടെ ലക്ഷ്യം മോബി ഡിക് മാത്രമായിരുന്നു. ഇടയ്ക്ക് വഴിയിൽ കാണുന്ന കപ്പലുകളോടെല്ലാം അയാൾക്ക് ചോദിക്കൻ ഒന്നു മാത്രമേയുള്ളൂ 'വഴിയിലെങ്ങാനും മോബി ഡിക്കിനെ കണ്ടോ?' മോബി ഡിക്കുമായി സന്ധിച്ചിട്ടും അതിനെ ഒഴിവാക്കി വന്നു എന്നു പറയുന്ന ക്യാപ്റ്റനെ അയാൾ പരിഹസിക്കുന്നുമുണ്ട്.


ഒടുവിൽ ദിവസങ്ങൾക്ക് ശേഷം അവർ മോബി ഡിക്കിന്റെ സഞ്ചാര പഥത്തിലെത്തിച്ചേരുന്നു. അപ്പോഴേയ്ക്കും ഏനാബ് ഏതാണ്ട് ഭ്രാന്തിന്റെ വക്കോളം എത്തിയിട്ടുണ്ടായിരുന്നു. രണ്ടു ദിവസം തുടർച്ചയായി ഏറ്റുമുട്ടിയിട്ടും അവർക്ക് മോബി ഡിക്കിനെ കീഴ്പ്പെടുത്താനായില്ലെന്നു മാത്രമല്ല അവൻ ധാരാളം നാശനഷ്ടങ്ങൾ വരുത്തുകയും ചെയ്തു. 'തന്റെ തിരോധാനത്തിനു ശേഷം ഏനാബിന്റെ മരണം പ്രവചിച്ച പാർസിയുടെ അപ്രത്യക്ഷമാകലായിരുന്നു അതിൽ ശ്രദ്ധേയമായ ഒന്ന്. (താൻ അപ്രത്യക്ഷനായിക്കഴിഞ്ഞേ ഏനാബ് മരിക്കൂവെന്നും മരണത്തിനുമുൻപ് അയാൾ തന്നെ ഒരിക്കൽക്കൂടിക്കാണുമെന്നും പാർസി പ്രവചിച്ചിരുന്നു) തിമിംഗലവേട്ടയ്ക്കുപയോഗിക്കുന്ന നൗകകൾ താറുമാറായി. ഇതെല്ലാം വരാൻ പോകുന്ന അപായത്തിന്റെ സൂചനയാണെന്നും ഇതിൽ നിന്നു പിന്മാറണമെന്നും സ്റ്റാർബക് അപേക്ഷിച്ചെങ്കിലും ഏനാബ് അതൊന്നും ചെവിക്കൊള്ളുന്നില്ല. ഒടുവിൽ മോബി ഡിക്കിനായി ഏനാബ് പ്രത്യേകം തീർപ്പിച്ച ചാട്ടുളി അയാൾ അതിന്റെ നേരെ പ്രയോഗിക്കുന്നു. ചാട്ടുളിയുടെ കയർ അയാളുടെ കഴുത്തിൽ കുരുങ്ങി അയാൾ മോബി ഡിക്കിനോടൊപ്പം കടലിന്റെ ആഴത്തിലേയ്ക്ക് ആണ്ടു പോകുന്നു. അതിനു മുന്നേ തലേ ദിവസം അപ്രത്യക്ഷനായ പാർസിയുടെ മൃതശരീരം മോബിഡിക്കിനോട് ചേർത്തു ബന്ധിച്ച നിലയിൽ അയാൾ കാണുന്നു. മരണവക്ത്രത്തിൽ അകപ്പെടുംമുൻപ് തിമിംഗലം പെക്വേഡിനെയും അതിലെ ഏതാണ്ട് എല്ലാ നാവികരെയും ഇല്ലായ്മ ചെയ്യുന്നു. കഥ നമ്മോട് വിവരിക്കാൻ മാത്രം ഇഷ്മേൽ ശേഷിക്കുന്നു.

ആസ്വാദനം

തൃതീയപുരുഷാഖ്യാനമായാണ് നോവൽ അവതരിപ്പിച്ചിരിക്കുന്നത്. രൂപക-ബിംബ കല്പനകൾ നോവലിൽ ധാരാളമുണ്ട്. അത് കഥാപാത്രങ്ങളുടെ പേരുകളിലും ദൃശ്യമാണ്. അവയ്ക്കെല്ലാം തന്നെ ഒരു പ്രതീകാത്മക സ്വഭാവമുണ്ട്. നമ്മോട് കഥപറയുന്ന 'ഇഷ്മേൽ' ബൈബിളിലെ കഥാപാത്രമാണ്. ഉൽപ്പത്തിപ്പുസ്തകത്തിൽ അബ്രഹാമിന്റെ പുത്രൻ, ഹാജർ എന്ന അടിമസ്ത്രീയിൽ ഉണ്ടായ പുത്രൻ. ഭാര്യയായ സാറയിൽ ഇസഹാക് എന്ന പുത്രൻ ജനിച്ചപ്പോൾ വീട്ടിൽ നിന്ന് പുറത്താക്കപ്പെട്ടവൻ. സ്വതന്ത്രനാക്കപ്പെട്ടവൻ. അവഗണനയുടെയും ഒറ്റപ്പെടലിന്റെയും ഏകാന്തതയുടെയും പ്രവാസത്തിന്റെയും ഒക്കെ പ്രതീകമാണ് ഇഷ്മേൽ.

ഏനാബ് എന്ന നാമവും ബൈബിളിൽ നിന്നു തന്നെയാണ് സ്വീകരിക്കപ്പെട്ടിട്ടുള്ളത്. സ്വേഛാദിപതിയായ ഒരു രാജാവായിരുന്നു ഏനാബ്. ഇടയിൽ പ്രത്യക്ഷപ്പെടുന്ന മറ്റൊരു കഥാപാത്രമുണ്ട്, ഏലിയാവ്. ഇഷ്മേലും കീക്വഗും കപ്പലിൽ കരാറുറപ്പിച്ചു വരുമ്പോൾ 'നിങ്ങളുടെ ആത്മാക്കളെക്കുറിച്ച് അവിടെ എന്തെങ്കിലും സംഭാഷണമുണ്ടായോ?' എന്നു ചോദിക്കുന്ന ഏലിയാവ് ബൈബിളിലെ പ്രവാചകനായ ഏലിയാവാണ്, ഏകാധിപതിയായിരുന്ന ഏനാബിന്റെ എതിരാളി. ഇങ്ങനെ ആഴത്തിൽ പരിശോധിച്ചാൽ കഥാപാത്രങ്ങളിലും സംഭാഷണങ്ങളിലും ഒക്കെ മിത്തും ബൈബിളൂം മറ്റും ഒളിപ്പിച്ചുവച്ച ധാരാളം ബിംബകല്പനകൾ നമുക്ക് ദർശിക്കാനാകും. പ്രകൃതിയുടെ വന്യതയുടെയും ഭീതിയുടെയും സൗന്ദര്യത്തിന്റെയും ശാശ്വത പ്രതീകമാണ് മോബി ഡിക്.

പല തലങ്ങളിൽ നിന്ന് വായിക്കാവുന്ന പുസ്തകമാണിത്. ഒരു ത്രില്ലർ വായിക്കുന്ന ആവേശത്തോടെ, തികച്ചും ഉപരിപ്ലവമായി നമുക്കിത് വായിച്ചു തീർക്കാം. ഇനി തിമിംഗല വേട്ടയുമായി ബന്ധപ്പെട്ടാണെങ്കിൽ അങ്ങനെ.തിമിംഗല വേട്ടയിലെ ആവേശവും ഭയാനകമായ അപകട സാധ്യതകളും വളരെ തന്മയത്വത്തോടെ നോവലിൽ മെൽവിൽ വരച്ചിടുന്നു. അല്ലെങ്കിൽ ജീവിതത്തിന്റെ നേരെ തുറന്നുവച്ച ഒരു കണ്ണാടിപോലെ നമുക്കിതിൽ നോക്കിയിരിക്കാം. അത്യധികം ഗഹനമായ ദാർശനിക-ദൈവിക സമസ്യകൾ ഹെമൻ ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു. ദൈവത്തിനും പ്രകൃതിശക്തികൾക്കും മീതെ മനുഷ്യന്റെ ശക്തി വിളംബരം ചെയ്യാൻ ശ്രമിക്കുന്ന ഏനാബ്, മനുഷ്യമനസ്സിലെ ഭയം എന്ന വികാരത്തെ ഞെരിച്ചമത്തി അന്വേഷണമെന്ന മഹാസരണിയിലേയ്ക്ക് ഇറങ്ങാൻ വെമ്പി നിൽക്കുന്ന മാനവ ചേതനയുടെ നിത്യപ്രതീകമായി ഏനാബിനെ നിരൂപകർ വിലയിരുത്തുന്നു. മനുഷ്യന്റെ നിശ്ചയ ദാർഢ്യത്തിന്റെ മൂർത്തീകരണമാണ് ഏനാബ്. തിമിംഗലം കൂത്തടിക്കളിക്കുന്ന ഏകാന്തവും ഗഹനവും വിജനവുമായ കടൽപ്പരപ്പുകൾ മനുഷ്യന്റെ ആഗ്രഹത്തിന്റെ പ്രതീകമാണ്. പൂർണ്ണാരോഗ്യമുള്ളതും തിമിംഗലാസ്ഥിയിൽ തീർത്തതുമായ രണ്ടു കാലുകളിൽ കപ്പലിനെ നിയന്ത്രിച്ചുകൊണ്ട് കപ്പൽത്തട്ടിൽ ഓടി നടക്കുന്ന ഏനാബ് ജീവിതത്തിനും മരണത്തിനുമിടയിൽ ഉഴറി നീങ്ങുന്ന മനുഷ്യകാമനകൾ തന്നെയാണ്. ഓരോ തവണ തകരുമ്പോഴും വീണ്ടും ഏനാബ് പുതിയ കാലുകൾ തിമിംഗല അസ്ഥികൾ കൊണ്ട് തീർക്കുന്നതു പോലെ നമ്മളും ഓരോ ആഗ്രഹത്തിലും ഇടറി വീഴുമ്പോഴും പുതിയ ആഗ്രഹങ്ങളുമായി ജീവിതത്തിന്റെ ആഴങ്ങളിലേയ്ക്ക് വീണ്ടും ഇറങ്ങിച്ചെല്ലുന്നു. ഏതൊരു പ്രതിബന്ധത്തിനുമപ്പുറം ലക്ഷ്യബോധത്തോടെ മുന്നേറുന്ന മനുഷ്യൻ എന്ന ജീവിയുടെ ഉത്തമ പ്രതീകമാണ് ഏനാബ്.

അനാദികാലം മുതൽ ചോരയ്ക്ക് വേണ്ടിയുള്ള മനുഷന്റെ അടങ്ങാത്ത ദാഹവും വേട്ടയിലെ വന്യമായ ആവേശവും നമുക്ക് മോബി ഡിക്കിന്റെ വരികൾക്കിടയിൽ വായിച്ചെടുക്കാം. മനുഷ്യന്റെ സ്വാർത്ഥത, ആർത്തി, വന്യമായ പ്രതികാര ദാഹം, പ്രകൃതിശക്തികളൂടെ മേൽ തന്റെ അപ്രമാദിത്വവും അധീശത്വവും സ്ഥാപിക്കാനുള്ള ത്വര എന്നിവയെല്ലാം മോബി ഡിക്കിന് ഊടും പാവും നെയ്യുന്നു.

മനുഷ്യന്റെ എല്ലാ കണക്കുകൾക്കും മേലെയാണ് പ്രകൃതിയുടെ കണക്കുകൾ എന്ന ശക്തമായ ഓർമ്മപ്പെടുത്തലോടെയാണ് നോവൽ അവസാനിക്കുന്നത്. പ്രകൃതിയുടെ മേൽ മനുഷ്യന്റെ അത്യാർത്തിയോടെയുള്ള കടന്നുകയറ്റം ഒരു സർവ്വനാശത്തിലാവും ചെന്നെത്തുക എന്ന ഒരു ഓർമ്മപ്പെടുത്തലും കൂടിയാണ് മോബി ഡിക്.

ഷേക്സ്പീരിയൻ ദുരന്തനാടകങ്ങളുടെ ഓർമ്മകളൂണർത്തുന്ന ദുരന്ത പര്യവസായിയായ നോവലാണ് മോബി ഡിക്. ഒടുവിൽ തിരിഞ്ഞുനോക്കുമ്പോൾ എന്താണ് നേടിയത്, എന്തിനു വേണ്ടിയായിരുന്നു കാട്ടിക്കൂട്ടലുകളെല്ലാം എന്ന ചിന്ത നമ്മിലുണർത്താൻ പുസ്തകം പ്രാപ്തമാണ്.

കോടാനുകോടി വർഷങ്ങൾക്കുമപ്പുറം പ്രപഞ്ചം പോലും ഉണ്ടാകുന്നതിനുമുൻപ് നിശ്ചയിക്കപ്പെട്ട കർമ്മബന്ധിതമായ പാതയിലൂടെ യാത്രചെയ്യാൻ വിധിക്കപ്പെട്ട മനുഷ്യൻ, ഒരു പക്ഷേ അത് നമ്മുടെ അന്ത്യത്തിലാവാം ചെന്നു നിൽക്കുന്നത്, എന്നിരുന്നാലും അത് നാം തന്നെ നിറവേറ്റണം അതാണ് നമ്മുടെ ജന്മലക്ഷ്യ എന്ന ആദർശവാദ തത്വശാസ്ത്രത്തെ വിളംബരം ചെയ്യുകയാണ് മോബി ഡിക്കിൽ ഹെർമൻ മെൽവിൽ, ഏനാബിലൂടെ.

വാൽക്കഷണം: ഡോ. മുരളീ കൃഷ്ണയുടേത് ഒരു സംഗൃഹീത പുനരാഖ്യാനമാണ്. അതുകൊണ്ടു തന്നെ അത് നമുക്ക് നൽകുന്ന വായനാനുഭവത്തിന് ചില പരിമിതികളൂണ്ട്.

--------------------------------------------------------
(സഹായക സാമഗ്രികൾ: മോബി ഡിക്കിന് ഡോ. മുരളീ കൃഷ്ണ എഴുതിയ ആമുഖം, വിക്കീ പീഡിയ )

1 comment:

  1. വായിക്കാന്‍ പ്രേരിപ്പിക്കുന്ന, പുസ്തകത്തെക്കുറിച്ച് എല്ലാം ഉള്‍ക്കൊണ്ട മികച്ച അവലോകനം.

    ReplyDelete

താങ്കൾ എന്തുപറയുന്നു പുസ്തക വിചാരത്തെപ്പറ്റി ?