പുസ്തകം : തത്സമയം
രചയിതാവ് : കല്‍പ്പറ്റ നാരായണന്‍
പ്രസാധകര്‍ : മാതൃഭൂമി ബുക്‌സ്, കോഴിക്കോട്
അവലോകനം : കുഞ്ഞിക്കണ്ണന്‍ വാണിമേല്‍
ഭാഷയിലും ഭാവനയിലും കല്‍പ്പറ്റ നടത്തുന്ന ഇടപെടലുകളും പ്രതികരണങ്ങളും അവ പ്രകടിപ്പിക്കുന്ന മൗലികതയും എടുത്തുപറയേണ്ടതാണ്. മുപ്പതു ലേഖനങ്ങളാണ് പുസ്‌തകത്തിലുള്ളത്.എഴുത്തിനെ സംബന്ധിച്ച് തികഞ്ഞ രാഷ്‌ട്രീയ നിലപാട് ഈ പുസ്‌തകത്തിലെ രചനകളുടെ തെരഞ്ഞെടുപ്പിന് പിന്നിലുണ്ട്. വിമര്‍ശനം ജീവന്റെ കലയാണ്. അത് നിഴല്‍ച്ചിത്രമല്ല. മനസ്സ് മനസ്സിനോട് സംസാരിച്ചു കൊണ്ടിരിക്കണം. ആ ലക്ഷ്യം സാധൂകരിക്കുകയാണ് കല്‍പ്പറ്റ നാരായണന്‍ `തത്സമയ'ത്തില്‍.
പുസ്‌തകത്തിന്റെ ആമുഖത്തില്‍ പറയുന്നു:` നിങ്ങളുടെ യുക്തിയെയല്ല, ഭാവനയെയാണ് ഞാനാശ്രയിക്കുന്നത്. അതുകൊണ്ട് കവിതയുടെയോ കഥയുടെയോ ഉടലുകള്‍ ചിലപ്പോള്‍ ഈ രചനകളുടെ ഉടലുകളാവുന്നുണ്ട്.'മറ്റൊരിടത്ത് കല്‍പ്പറ്റ എഴുതി: `തത്സമയമേ' കേരളത്തിലിന്നുള്ളൂ. ഭൂത, വര്‍ത്തമാന, ഭാവി കാലങ്ങളൊക്കെ തത്സമയമായി ചുരുങ്ങി മലയാളിയുടെ കാലം ഒരല്‍ഷൈമേഴ്‌സ് രോഗിയുടെ കാലംപോലൊന്നായി മാറുകയാണോ?'പൂര്‍ണമായും കാഴ്‌ചപ്പുറങ്ങളായി മാറിക്കൊണ്ടിരിക്കുന്ന ഒരു നാഗരികതയെക്കുറിച്ചുള്ള വ്യസനങ്ങളാണ് കല്‍പ്പറ്റ നാരായണന്റെ ലേഖനങ്ങള്‍. കുറിക്കുകൊള്ളുന്ന നര്‍മ്മഭാഷയും നിശിത വിമര്‍ശനവും സൂക്ഷ്‌മ നിരീക്ഷണവും ഒത്തിണങ്ങിയ ലേഖനങ്ങളാണിവ.
'മുതിര്‍ന്നവരുടെ കലഹം മുഴുവനായി തീരലില്ല, ഏതോ ചിലത് ഉണര്‍ന്നത് വീണ്ടും ഉറങ്ങുന്നുണ്ട്. അടുത്ത സന്ദര്‍ഭത്തില്‍ കൂടുതല്‍ വീര്യത്തോടെ ഉണരാന്‍. മുതിര്‍ന്നവരുടെ കലഹം കലഹകാരണം ഇല്ലാതാകുന്നതോടെ ഇല്ലാതാകുന്നില്ല'-(കുട്ടികളെക്കണ്ട് പഠിക്കാം)`കവിതയുടെ ജലവിതാനം താഴുമ്പോള്‍' എന്ന ലേഖനത്തില്‍: `സംഭാഷണഭാഷ കേവലം അറിയിക്കലിന്റേതായി ചുരുങ്ങിക്കൊണ്ടിരിക്കുന്ന, ജലവിതാനം നന്നേ താണ ഭൂമിയിലെ കവിതകളാണ് ഇന്ന് ഏറെ എഴുതപ്പെടുന്നതും. കവിയെ കുറ്റപ്പെടുത്തി കൂടാ. ഭാഷ കവിതയില്‍പ്പോലും ഗദ്യമാവുന്നതില്‍ അവര്‍ മാത്രമല്ല കുറ്റക്കാര്‍. മലയാളഭാഷ മങ്ങുകയാണ്.'-എന്നിങ്ങനെ വിഷയത്തിലേക്ക് നേരിട്ട് ഇറങ്ങി നില്‍ക്കുന്ന എഴുത്തുശീലമാണ് കല്‍പ്പറ്റയുടേത്.
'എന്തിനാണ് എം.ടി. ഡൈ ചെയ്യുന്നത്'എന്ന ലേഖനം കടുത്ത വിമര്‍ശനത്തിന് വിധേയമായിട്ടുണ്ട്. ലേഖനം ഉന്നയിക്കുന്ന പ്രശ്‌നം വിവാദമല്ല. ഗ്രന്ഥകാരന്‍ എഴുതി: `ഇതൊരു വ്യക്തിയുടെ സ്വകാര്യപ്രശ്‌നമല്ലേ എന്ന് നിങ്ങളുടെ പുരികം ഞാന്‍ കാണുന്നു. കേരളത്തില്‍ ഒരു പ്രത്യേക ചരിത്രഘട്ടത്തില്‍ അതിന്റെ ഏറ്റവും പ്രമുഖനായ എഴുത്തുകാരന്‍പോലും മുടി കറുപ്പിച്ചേ പ്രത്യക്ഷപ്പെട്ടിരുന്നുള്ളൂ എന്നത് ചെറിയൊരു സ്വകാര്യ പ്രശ്‌നമല്ല.'കവിതയിലും നോവലിലുമെന്നപോലെ മറ്റു മേഖലകളിലും കല്‍പ്പറ്റ നാരായണന്റെ സര്‍ഗ്ഗാത്മകവും ചിന്താപരവുമായ വ്യാപാരം ശക്തമായി മുദ്രണം ചെയ്‌ത `തത്സമയം' ആര്‍ജ്ജവമുള്ള ആഖ്യാനവും തെളിമയാര്‍ന്ന കാഴ്‌ചയുമാണ്. അതുതന്നെയാണ് ഈ പുസ്‌തകത്തെ മികച്ച വായനാനുഭവമാക്കി മാറ്റുന്നത്.
No comments:
Post a Comment
താങ്കൾ എന്തുപറയുന്നു പുസ്തക വിചാരത്തെപ്പറ്റി ?