Wednesday, May 14, 2014
നിങ്ങളെന്നെ കോണ്‍ഗ്രസ്സാക്കി
പുസ്തകം : നിങ്ങളെന്നെ കോണ്‍ഗ്രസ്സാക്കി
രചയിതാവ് : എ.പി.അബ്ദുള്ളക്കുട്ടി
പ്രസാധകര്‍ : മാതൃഭൂമി ബുക്സ്, കോഴിക്കോട്
അവലോകനം : ഡോ: മഹേഷ് മംഗലാട്ട്
മലയാളപുസ്തകപ്രസാധനചരിത്രത്തിലെ അപൂര്‍വ്വമായ ബഹുമതി കൈവരിച്ച പുസ്തകത്തെക്കുറിച്ചാണു് ഈ കുറിപ്പു്. ഒന്നാം പതിപ്പു് പുറത്തിറങ്ങി രണ്ടു ദിവസത്തിനകം രണ്ടാം പതിപ്പു് പുറത്തിറക്കേണ്ടി വന്നുവെന്നതാണു് അപൂര്‍വ്വബഹുമതി. മാതൃഭൂമി ബുക്സിന്റെ സമീപകാലചരിത്രം ഇങ്ങനെ അടിക്കടി പതിപ്പുകള്‍ പുറത്തിറക്കുന്ന വിസ്മയം കാഴ്ചവെക്കുന്നുണ്ടെങ്കിലും അതു് കേരളത്തിലോ മലയാളിസമൂഹത്തിലോ ആരും വലിയ കാര്യമായി കണക്കാക്കുന്നുണ്ടെന്നു് തോന്നുന്നില്ല. വീരേന്ദ്രകുമാറിന്റെ രാമന്റെ ദു:ഖവും ഹൈമവതഭൂവിലും പതിപ്പുകള്‍ ഏറെ പിന്നിട്ടുവെന്നാണു് പ്രസാധകര്‍ നല്കുന്ന പരസ്യത്തില്‍ കാണുന്നതു്. ഈ പുസ്തകമാവട്ടെ സപ്തംബര്‍ 14നു് ഒന്നാം പതിപ്പു്, സപ്തംബര്‍ 17നു് രണ്ടാം പതിപ്പു് എന്ന ക്രമത്തില്‍ വീരേന്ദ്രകുമാറിനെ കടത്തിവെട്ടിയിരിക്കുന്നു. മലയാളിസമൂഹം മുമ്പില്ലാത്ത താല്പര്യം പുസ്തകപാരായണത്തില്‍ കാണിക്കുന്നെങ്കില്‍ നല്ലതു തന്നെ. രാഷ്ട്രീയക്കാരുടെ പുസ്തകത്തില്‍ മാത്രം താല്പര്യം എന്ന നിലയില്‍ മലയാളികള്‍ മാറിയെന്നാണെങ്കില്‍ ആശങ്കപ്പെടേണ്ട കാര്യമാണു്. തലശ്ശേരിയിലെ പുസ്തകശാലയില്‍ സപ്തംബര്‍ 24നു് ചെല്ലുമ്പോള്‍ അവിടെ പുസ്തകത്തിന്റെ മുപ്പതിലേറെ കോപ്പികള്‍ ഉണ്ടായിരുന്നു. ഈ കുറിപ്പു് എഴുതാനിരിക്കുമ്പോള്‍ മൂന്നാം പതിപ്പിന്റെ പരസ്യം വന്നിട്ടില്ല.
കണ്ണൂര്‍ നിയോജകമണ്ഡലത്തില്‍ നിന്നും മുല്ലപ്പള്ളി രാമചന്ദ്രനെ പരാജയപ്പെടുത്തി ലോക്‍സഭാംഗമായ സി.പി.എം പ്രവര്‍ത്തകനായ അബ്ദുള്ളക്കുട്ടിയെ ആരാണു് കോണ്‍ഗ്രസ്സാക്കിയതു് എന്നറിയാന്‍ ഈ പുസ്തകം വായിക്കേണ്ടതു തന്നെയാണു്. അബ്ദുള്ളക്കുട്ടി തന്നെ പറയുന്ന കാര്യങ്ങള്‍ വെച്ചു് നമ്മുക്കത് മനസ്സിലാക്കാം എന്നതിനാല്‍ പ്രസക്തമായ പുസ്തകമാണിതെന്ന കാര്യത്തില്‍ എതിരഭിപ്രായമില്ല. പുസ്തകം അവസാനിക്കുന്നതു് ഈ വാക്കുകളിലാണു്: "ഇനി, എനിക്കത് വയ്യ. മടുത്തു സാഖാക്കളേ. നിങ്ങളാണു് എന്നെ കോണ്‍ഗ്രസ്സാക്കിയതു്, നിങ്ങള്‍ മാത്രം". പാര്‍ട്ടി പ്രവര്‍ത്തകനാകുന്നതിന്റെ പശ്ചാത്തലം, സമരങ്ങള്‍, നേരിടേണ്ടി വന്ന എതിര്‍പ്പുകള്‍ എന്നിങ്ങനെ പല കാര്യങ്ങളും വിവരിക്കുന്ന ഈ പുസ്തകം, പറയുമെന്നു് പ്രതീക്ഷിച്ച പലതും പറയാതെ വിട്ടിരിക്കുന്നു.
സ്കൂള്‍ പഠനകാലത്തു് അദ്ധ്യയനത്തില്‍ വലിയ താല്പര്യമുള്ള വിദ്യാര്‍ത്ഥിയായിരുന്നില്ല അബ്ദുള്ളക്കുട്ടി. അതുപോലെ രാഷ്ട്രീയത്തിലും താല്പര്യമുണ്ടായിരുന്നില്ല. മുതിര്‍ന്നവരുടെ രാഷ്ട്രീയതാല്പര്യങ്ങള്‍ക്കായി വിദ്യാര്‍ത്ഥികളെ ദുരുപയോഗം ചെയ്യുന്നതായാണു് അക്കാലത്ത് വിദ്യാര്‍ത്ഥിരാഷ്ട്രീയത്തെ ഇദ്ദേഹം കണ്ടിരുന്നത് (പുറം 20). കമ്പില്‍ സ്കൂളില്‍ ഒമ്പതാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിച്ചു. കെ. എസ്. യു-എം. എസ്. എഫ് മുന്നണി സ്വമേധയാ പിന്തുണ നല്കി. ആ തെരഞ്ഞടുപ്പില്‍ ജയിച്ചു. പത്താം തരത്തില്‍ പഠിക്കുമ്പോള്‍ എസ്. എഫ്.ഐക്കും കെ.എസ്.യു മുന്നണിക്കുമെതിരെ സ്വതന്ത്രനായി മത്സരിച്ചു. അത്തവണ മൂന്ന് സ്ഥാനാര്‍ത്ഥികള്‍ക്കും പതിനൊന്ന് വോട്ടുകള്‍ വീതം കിട്ടി. നറുക്കെടുപ്പിലൂടെ വിജയിയെ കണ്ടെത്തിയപ്പോള്‍ ഭാഗ്യം തുണച്ചതു് എസ്. എഫ്. ഐ സ്ഥാനാര്‍ത്ഥിയായ ദിനേശനാണു്. ദിനേശന്‍ സ്കൂള്‍ ലീഡറുമായി. ഈ കൂട്ടുകാരനുമായുള്ള സൌഹൃദമാണു് എസ്. എഫ്.ഐയില്‍ ചേരാന്‍ പ്രേരണയായതു്.
സംഘടനാപ്രവര്‍ത്തനത്തില്‍ സജീവമാകുന്ന സാഹചര്യവും അബ്ദുള്ളക്കുട്ടി വിവരിക്കുന്നുണ്ട്. എസ്.എസ്.എല്‍.സി ജയിച്ചപ്പോള്‍ ഐ.ടിഐയില്‍ നിന്നും ഡിപ്ലോമ നേടി ഗള്‍ഫിലേക്ക് അയക്കാനായിരുന്നു ഗള്‍ഫിലുള്ള മൂത്ത സഹോദരനും കുടുംബത്തിലെ മുതിര്‍ന്നവരും തീരുമാനിച്ചതു്. അതിനിടെ തളിപ്പറമ്പിലെ സര്‍ സയ്യിദ് കോളേജില്‍ പ്രീഡിഗ്രിക്ക് ചേര്‍ന്നിരുന്നു. കോളേജിലെ ഉല്ലാസപ്രദമായ അന്തരീക്ഷത്തില്‍ നിന്നും വിടുതല്‍നേടി വീട്ടുകാരുടെ നിര്‍ബ്ബന്ധത്തെത്തുടര്‍ന്നു് ഐ. ടി. ഐയില്‍ ചേരേണ്ടി വന്നു. താല്പര്യമില്ലാത്ത അന്തരീക്ഷവും പഠനവിഷയവും കാരണം ഒരു രക്ഷോപായം എന്ന നിലയിലാണു് സംഘടനാപ്രവര്‍ത്തകനാവുന്നതു് (പുറം 33). ദിനേശന്‍ എന്ന സുഹൃത്തും ഐ.ടിഐയിലെ മനംമടുപ്പും ഇല്ലായിരുന്നുവെങ്കില്‍ അബ്ദുള്ളക്കുട്ടി കമ്യൂണിസ്റ്റാകുമായിരുന്നില്ല! അങ്ങനെയെങ്കില്‍ അദ്ദേഹത്തെ സഖാക്കള്‍ക്ക് കോണ്‍ഗ്രസ്സ് ആക്കാനും കഴിയുമായിരുന്നില്ല! നിലവാരം കുറഞ്ഞ നാടകങ്ങളിലും സിനിമകളിലും കഥാപുരോഗതി നേര്‍ത്ത ഏതെങ്കിലും സംഭവത്തിന്റെ മേല്‍ കെട്ടിപ്പൊക്കുന്നതുപോലെയാണോ കേരളത്തിലെ രാഷ്ട്രീയനേതൃത്വങ്ങളെല്ലാം രൂപപ്പെടുന്നതു് എന്ന സംശയമാണു് ഈ വിവരണം വായനക്കാരനില്‍ ഉണര്‍ത്തുക.
യാദൃച്ഛികതകളുടെ കളി, ഇദ്ദേഹത്തിന്റ ജീവിതത്തിലെ നിര്‍ണ്ണായകമുഹൂര്‍ത്തങ്ങളെന്നു് വായനക്കാര്‍ കുരുതുന്നേടങ്ങളിലെല്ലാമുണ്ടു്. ഐ.ടി.ഐയിലെ പഠനകാലത്ത് മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ സ്വകാര്യവത്കരണത്തിനെതിരെ എസ്. എഫ്. ഐ നടത്തിയ അറുപതുദിവസം നീണ്ട സമരത്തില്‍ സജീവമായി പങ്കെടുത്തു. പരീക്ഷ എഴുതാന്‍ ആവശ്യമായ ഹാജരില്ലാത്തതിനാല്‍ ഐ.ടി.ഐ പഠനം രാഷ്ട്രീയവിദ്യാഭ്യാസം മാത്രമായി. തുടര്‍ന്നു് എസ്. എന്‍ കോളേജിലായിരുന്നു പഠനം. അവിടെ സംഘടനാ നേതാവായിരുന്നു. എസ്.എഫ്.ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറിയും കേന്ദ്രകമ്മിറ്റി അംഗവും കാലിക്കറ്റ് യൂനിവേഴ്സിറ്റി യൂനിയന്‍ ജനറല്‍ സെക്രട്ടറിയുമായി. അങ്ങനെ വിദ്യാര്‍ത്ഥിസംഘനാരംഗത്തുനിന്നും പാര്‍ട്ടിയിലെത്തി ജില്ലാ പഞ്ചായത്തു് അംഗവുമായി. ഈ കഥകളൊന്നും കാലാനുക്രമത്തില്‍ ആത്മകഥാകാരന്‍ പറയുന്നില്ല. ഇതിനിടയിലാണു് യാദൃച്ഛികതയുടെ കളികള്‍ അരങ്ങേറുന്നതു്.
നാലാമത്തെ തവണ കണ്ണൂരില്‍ മത്സരിച്ചുജയിച്ച മുല്ലപ്പള്ളി രാമചന്ദ്രന്‍, തന്റെ നാട്ടില്‍ ഒരു കല്യാണത്തില്‍ പങ്കെടുക്കവാന്‍ വന്നപ്പോള്‍ അദ്ദേഹത്തെ, മുല്ലപ്പള്ളിയുടെ പേഴ്സനല്‍ സ്റ്റാഫിലൊരാള്‍ പരിചയപ്പെടുത്തിക്കൊടുത്തു. പിരിയുമ്പോള്‍ ആത്മഗതം എന്ന നിലയില്‍, ഈ വലിയ മനുഷ്യനെ തോല്പിക്കാന്‍ ഞാന്‍ തന്നെ വേണ്ടിവരുമെന്നു് തോന്നുന്നുവെന്നു് പറഞ്ഞു. അത് മുല്ലപ്പള്ളി കേള്‍ക്കുകയും ചെയ്തു! പിന്നീട് കേന്ദ്രസര്‍ക്കാരിനുള്ള കോണ്‍ഗ്രസ്സ് പിന്തുണ പിന്‍വലിച്ച ദിവസം, ദില്ലിയില്‍ എസ്. അജയകുമാര്‍ എം.പിയുടെ മുറിയില്‍ പനിപിടിച്ചു കിടക്കുകയായിരുന്നു. അപ്പോള്‍, വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ ആരെ നിറുത്തിയാലാണു് മുല്ലപ്പള്ളിയെ തോല്പിക്കാനാവുകയെന്നു് അവിടെയുണ്ടായിരുന്ന എസ്.എഫ്.ഐ നേതാക്കള്‍ ചര്‍ച്ച ചെയ്യുകയായിരുന്നു. പനിക്കിടക്കയില്‍ നിന്നു് താന്‍ വേണം നില്ക്കാനെന്നു് അബ്ദുള്ളക്കുട്ടി പറഞ്ഞു. അതൊരു ഫലിതമായേ എല്ലാവരും കണക്കാക്കിയുള്ളൂ. പക്ഷെ, പാര്‍ട്ടി സ്ഥാനാര്‍ത്ഥിയാക്കിയതു് അബ്ദുള്ളക്കുട്ടിയെ! സി.പി.എം സ്ഥാനാര്‍ത്ഥിനിര്‍ണ്ണയം ഇത്രത്തോളും ലളിതമായിരിക്കാനിടയില്ല എന്നാണു് ആ പാര്‍ട്ടിയെക്കുറിച്ചു് കേരളീയര്‍ ധരിച്ചുവെച്ചിരിക്കുന്നതു്. പലതരം കണക്കുകൂട്ടലുകളും സമവാക്യങ്ങളും ചേര്‍ത്തു നടത്തുന്ന സ്ഥാനാര്‍ത്ഥിനിര്‍ണ്ണയത്തെ ലളിതവത്കരിച്ചു പറഞ്ഞു കേള്‍ക്കുന്നതു് ആത്മകഥയിലായാലും വായനാസുഖമുള്ള കാര്യമല്ല.
പാര്‍ട്ടി പ്രവര്‍ത്തകന്‍ എന്ന നിലയില്‍ വ്യക്തിപരമായ പല പ്രശ്നങ്ങളും ഇദ്ദേഹത്തിനു് അനുഭവിക്കേണ്ടിവന്നിട്ടുണ്ടു്. വിവാഹം, ഉമ്മുമ്മയുടെ മരണം, വ്യവസായം തുടങ്ങല്‍ എന്നിങ്ങനെ ചില കാര്യങ്ങള്‍ അദ്ദേഹം വിശദീകരിക്കുന്നുണ്ടു്. ഇത്തരം സന്ദര്‍ഭങ്ങളിലൊന്നും അദ്ദേഹവും കുടുംബവും ആഗ്രഹിക്കുന്നതുപോലെ പെരുമാറാന്‍ സാധിക്കുന്നില്ല എന്നതാണു് പ്രശ്നം. അതിലേറെ പാര്‍ട്ടിക്കകത്തു് ഒട്ടേറെ എതിര്‍പ്പും നേരിടേണ്ടി വന്നിട്ടുണ്ടു്. മുല്ലപ്പള്ളി രാമചന്ദ്രന്റെ മണ്ഡലത്തില്‍ അദ്ദേഹത്തെ അട്ടിമറിച്ചു് ജയം നേടിയ അബ്ദുള്ളക്കുട്ടിയോടു് പാര്‍ട്ടിയോഗത്തില്‍വെച്ചു് പ്രശാന്തന്‍ എന്ന ഒരു സഖാവു് പറഞ്ഞു: സഖാക്കളേ, അബ്ദുള്ളക്കുട്ടിയുടെ കഴിവുകൊണ്ടല്ല ജയിച്ചതു്. ഞാനുള്‍പ്പെടെയുള്ള സഖാക്കള്‍ കള്ളവോട്ട് ചെയ്തിട്ടാണു്. അതു് സഖാവു് മറക്കരുതു് (പുറം 48). പാര്‍ട്ടിക്കകത്തു് അദ്ദേഹം നേരിടേണ്ടവന്ന എതിര്‍പ്പിന്റെ തുടക്കമാണതു്. പ്രശാന്തനെ ആരോ കരുവാക്കി കളിക്കുകയാണെന്നു് സൂചിപ്പിക്കുന്നുണ്ടെങ്കിലും അതാരെന്നതു് ആത്മകഥയുടെ അവസാനപുറം വായിച്ചു് പുസ്തകം മടക്കിവെക്കുമ്പോഴും വായനക്കാരനു് അറിയാനാകില്ല. അതാരെന്നു് ഊഹിക്കുകയേ നിവൃത്തിയുള്ളൂ. ഊഹം ശരിയായിരിക്കണമെന്നും പറയാനാവില്ല.
അബ്ദുള്ളക്കുട്ടിയെപ്പോലുള്ള ഒരു യുവരാഷ്ട്രീയനോതാവു് എങ്ങനെയാണു് നേതൃനിരയിലെത്തുന്നതെന്നും എങ്ങനെയാണു് ചേരിമാറുന്നതെന്നും മനസ്സിലാക്കാന്‍ ഈ പുസ്തകം സഹായകമാണു്. എന്നാല്‍ നമ്മുടെ യുവനേതൃത്വം ഇത്രത്തോളം ആഴംകുറഞ്ഞ രാഷ്ട്രീയാവബോധവുമായാണു് പ്രവര്‍ത്തിക്കുന്നതു് എന്നറിയുന്നതു് സങ്കടകരമാണു്. പാര്‍ട്ടിക്കകത്തു് പലതരം പ്രശ്നങ്ങള്‍ അനുഭവപ്പെട്ടപ്പോള്‍ ഒരിക്കല്‍ ദില്ലിയില്‍ വെച്ച് രമേശ് ചെന്നിത്തല ഇദ്ദേഹത്തെ കണ്ടുമുട്ടുകയും കോണ്‍ഗ്രസ്സിലേക്കു് ക്ഷണിക്കുകയും ചെയ്തു. പിന്നീടൊരിക്കല്‍ കെ.സുധാകരനും ഇദ്ദേഹത്തെ കോണ്‍ഗ്രസ്സിലേക്ക് ക്ഷണിച്ചു. പാര്‍ട്ടിയില്‍ നിന്നും പുറത്തായപ്പോള്‍ അദ്ദേഹം ആ ക്ഷണം സ്വീകരിച്ചു് കോണ്‍ഗ്രസ്സുകാരനായി.
സി.പി.ഐ(എം) എന്ന പാര്‍ട്ടിയില്‍ നിന്നും പുറത്തുപോകേണ്ടിവന്ന പല നേതാക്കളുണ്ടു്. അവരില്‍ രണ്ട് വലിയ മാതൃകകള്‍ ഇപ്പോഴും നമ്മുടെ മുന്നിലുണ്ടു്. എം.വി.രാഘവനും കെ.ആര്‍.ഗൌരിയമ്മയും. ഇവര്‍ ഇടതുപക്ഷമുന്നണിയുടെ എതിര്‍മുന്നണിയിലാണെങ്കിലും സ്വന്തം പാര്‍ട്ടിയുണ്ടാക്കി രാഷ്ട്രീയത്തില്‍ നില്ക്കുന്നവരാണു്. ആലപ്പുഴയില്‍ ടി. ജെ. ആഞ്ജലോസ് എന്ന യുനേതാവു്, ഇങ്ങനെ ഒരു ഘട്ടത്തില്‍, സി.പി.ഐ എന്ന പാര്‍ട്ടിയില്‍ ചേര്‍ന്നു. അബ്ദുള്ളക്കുട്ടിയാവട്ടെ പുതിയ ഒരു രാഷ്ട്രീയലൈന്‍ തന്റെ പ്രവര്‍ത്തനത്തിലൂടെ തുറന്നുതന്നിരിക്കുന്നു.
ചെറുപ്പത്തില്‍ ഇന്ദിരാഗാന്ധിയുടെ ആരാധകനായിരുന്നു താനെന്നു് അബ്ദുള്ളക്കുട്ടി പറയുന്നുണ്ടു് (പുറം 23). നേരത്തെ കോണ്‍ഗ്രസ്സുകാരനാകേണ്ടതായിരുന്നു താനെന്നും ഒടുവില്‍ താന്‍ അതായെന്നും വ്യക്തമായി ഇദ്ദേഹത്തിനു് പറയാനാകുന്നില്ല. മറിച്ചു് പാര്‍ട്ടിസഖാക്കളെല്ലാം ചേര്‍ന്നു് തന്നെ കോണ്‍ഗ്രസ്സാക്കി എന്നു് പരാതി പറയുകയാണു്. വ്യക്തമായ കാഴ്ചപ്പാടോടെ ഈ ആത്മകഥ മാറ്റിയെഴുതുകയാണെങ്കില്‍ ഒടുവില്‍ ഞാന്‍ കോണ്‍ഗ്രസ്സുകാരനായി എന്ന ശീര്‍ഷകം നല്കാനാവും എന്നാണു് തോന്നുന്നതു്.
സപ്തംബര്‍ അവസാനിച്ചു, ഒക്ടോബറിന്റെ ആദ്യനാളുകളായി. പുസ്തകത്തിന്റെ മൂന്നാം പതിപ്പിന്റെ പരസ്യവുമായി മാതൃഭൂമി പത്രം ഇനിയും എത്തിയിട്ടില്ല. രണ്ടു് ദിവസത്തിനപ്പുറം ആരുടെ രാഷ്ട്രീയജിജ്ഞാസയെയും ഉണര്‍ത്താന്‍ ഈ പുസ്തകത്തിനു് കഴിയുന്നില്ലെന്നാണോ ഇതു് സൂചിപ്പിക്കുന്നതു്? മലയാളപുസ്തകങ്ങള്‍ ആയിരം കോപ്പികളാണു് സാധാരണ അച്ചടിക്കാറുള്ളതു്. രണ്ടാം പതിപ്പിനപ്പുറം, രണ്ടായിരം കോപ്പികള്‍ക്കപ്പുറം, കടക്കാന്‍ ഈ പുസ്തകത്തിനു് സാധിക്കുന്നില്ലെങ്കില്‍ എന്താവാം കാരണം? ഉള്ളടക്കമോ പ്രതിപാദനരീതിയോ? പുസ്തകം മാറ്റിയെഴുതുന്നതിനെക്കുറിച്ചും ആലോചിക്കാവുന്നതാണു്.
Subscribe to:
Post Comments (Atom)
No comments:
Post a Comment
താങ്കൾ എന്തുപറയുന്നു പുസ്തക വിചാരത്തെപ്പറ്റി ?