Thursday, May 1, 2014

വേസ്റ്റ് ലാന്റ്

പുസ്തകം: വേസ്റ്റ് ലാന്റ്'
രചയിതാവ് :ടി.എസ്.ഏലിയട്ട്
അവലോകനം : കെ..ബീന

ചി പുസ്തകങ്ങള്‍ക്ക് മുന്നില്‍ അത്ഭുതം കൊണ്ടു കണ്ണു ചിമ്മിയിരുന്നു പോവും. ഇതെങ്ങനെ ഒരു മനുഷ്യന്‍ എഴുതി എന്ന് അമ്പരപ്പിക്കുന്ന സര്‍ഗ്ഗവൈഭവങ്ങള്‍. ഓരോ വാക്കും വരിയും മറ്റേതോ ലോകത്തു നിന്ന് എത്തുന്ന ഊര്‍ജ്ജ പ്രവാഹങ്ങളെന്ന് നിനച്ച് പോവുന്ന അനുഭവം.


''വേസ്റ്റ് ലാന്റ്'' - എപ്പോള്‍ വായിച്ചാലും ഞാനീ അമ്പരപ്പില്‍പ്പെട്ടു പോകും. 1922-ല്‍ പ്രസിദ്ധീകരിച്ച ടി.എസ്.ഏലിയട്ടിന്റെ വേസ്റ്റ്‌ലാന്റ് ഇംഗ്ലീഷ് ഭാഷയിലുണ്ടായ ആധുനിക കൃതികളില്‍ അഗ്രഗണ്യമെന്ന് കാലാകാലങ്ങളായി വിലയിരുത്തപ്പെടുന്നു. എത്രയെത്ര പഠനങ്ങളാണ് ഈയൊരു പുസ്തകത്തെക്കുറിച്ച് പുറത്തു വന്നിട്ടുളളത്.

ഒന്നാം ലോകമഹായുദ്ധത്തിന്റെ കെടുതികള്‍ ഇരുട്ട് വീഴ്ത്തിയ മനസ്സുകളില്‍ നിറഞ്ഞു നിന്ന അരാജകത്വവും അനിശ്ചിതത്വവും നിരര്‍ത്ഥകതയുമൊക്കെ നിഴലിക്കുന്ന ''വേസ്റ്റ്‌ലാന്റ്'' ഭയാക്രാന്തമായ ഒരു കാലഘട്ടത്തിന്റെ വെളിപ്പാടുകള്‍ കൂടിയാണ്. അസാധാരണവും അത്യപൂര്‍വ്വവുമായ ഒരു ലോകകാഴ്ചയാണ് കവിത. ഇങ്ങനെയൊരു കവിത എങ്ങനെയെഴുതാന്‍ കഴിഞ്ഞു എന്ന അത്ഭുതം ഓരോ വായനയും എന്നിലുണര്‍ത്തിയിട്ടുണ്ട്. ആസുരമായ ഒരു കാലത്തിന്റെ സ്പന്ദനങ്ങളില്‍ നിന്നുയരുന്ന ആകുലമായ ഓര്‍മ്മപ്പെടുത്തലുകള്‍ വേസ്റ്റ് ലാന്റ് നമുക്ക് തരുന്നു. പേര് പോലെ തന്നെ ജീവിതത്തിന്റെ നിരര്‍ത്ഥകത കവിതയിലുടനീളമുണ്ട്.

മിത്തുകളും യാഥാര്‍ത്ഥ്യങ്ങളും ചരിത്ര സംഭവങ്ങളും മറ്റു കൃതികളില്‍ നിന്നുളള വരികളും മറ്റു ഭാഷകളിലെ ഭാഗങ്ങളും ഒക്കെ ചേര്‍ത്ത് ഏലിയട്ട് ''വേസ്റ്റ് ലാന്റ്'' കടുപ്പപ്പെടുത്തിയിരിക്കുന്നു. ''വേസ്റ്റ് ലാന്റി'' ലെ ഓരോ വരിയും വായിച്ചെടുക്കാന്‍ ഏലിയട്ട് തന്നെ അതിന്റെ ടിപ്പണിക്ക് ഒരു പുസ്തകം ഇറക്കി.


അഞ്ച് ഭാഗങ്ങളാണ് പുസ്തകത്തില്‍ ഉളളത്. ആദ്യ ഭാഗമായ ''ദി ബറിയല്‍ ഓഫ് ദി ഡെഡ്'' (The Burial of the Dead) സ്വന്തം കുലത്തില്‍ നിന്നും വീട്ടുകാരില്‍ നിന്നും കൂട്ടുകാരില്‍ നിന്നും ഒറ്റപ്പെടുന്ന മനുഷ്യ അവസ്ഥയെക്കുറിച്ചാണ് പറയുന്നത്. ഏകാന്തമായ ജീവിതാവസ്ഥകളുടെ ചിത്രീകരണമാണ് ഭാഗത്ത് കവി നടത്തുന്നത്. രണ്ടാം ഭാഗം ''ദി ഗെയിം ഓഫ് ചെസ്'' (The Game of Chess) സാക്ഷാത്കരിക്കാത്ത കാമചോദനകളെക്കുറിച്ച് പറയുന്നു. മൂന്നാമത്തെ ഭാഗത്തില്‍ ''ദി ഫയര്‍ സെര്‍മണ്‍'' (The Fire Sermon) സമകാലിക സമൂഹത്തെ ബാധിച്ചിരിക്കുന്ന ദുഷ്ടത, പുതിയൊരു പ്രതിഭാസമല്ലെന്ന് പറയുന്നു. എന്നാല്‍ ആധുനിക ഭീകരതയുടെ വേരറുക്കുന്നത് അത്ര എളുപ്പമല്ല എന്ന് ഏലിയട്ട് സൂചിപ്പിക്കുന്നു. അതിനുളള കാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നത് സമൂഹം കടന്നു പോകുന്ന മന്ദതയെയാണ്.''ഡെത്ത് ബൈ വാട്ടര്‍'' (Death By Water) എന്ന നാലാം ഭാഗം നാശോന്മുഖമായ അവസ്ഥയില്‍ നിന്ന് മോചനം എങ്ങനെ സാധ്യമാക്കാം എന്ന് ചിന്തിക്കുന്നു. അവസാന ഭാഗത്ത് ''വാട്ട് ദി തണ്ടര്‍ സെഡ്'' (What the Thunder said?) ഭയാനകമായ ജീവിതസാഹചര്യങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ ത്യാഗത്തിലൂടെയേ കഴിയൂ എന്ന് ഇന്ത്യന്‍ ഉപനിഷത്തുക്കളെ വഴിയാക്കി ഏലിയട്ട് സൂചിപ്പിക്കുന്നു.


യുദ്ധാനന്തര സമൂഹത്തിലുണ്ടായിരുന്ന നഷ്ടബോധത്തിന്റെയും നിരാശയുടെയും തീവ്രമായ സാന്നിദ്ധ്യം വേസ്റ്റ്‌ലാന്റിലുണ്ട്. ജീവിച്ചിരിക്കുമ്പോള്‍ തന്നെ മരിച്ച അവസ്ഥ - അത് വ്യക്തമാക്കുന്ന നിരവധി സന്ദര്‍ഭങ്ങള്‍ ഏലിയട്ട് എടുത്തു കാട്ടുന്നു. യഥാര്‍ത്ഥ മരണവും മരിച്ചതു പോലെ ജീവിക്കലും തമ്മിലുളള താരതമ്യം കവിതയുടെ മാനം ഉയര്‍ത്തുന്നു.

തൈര്‍സിയാസ് എന്ന നപുംസകത്തിലൂടെയാണ് ഏലിയട്ട് കഥ പറയുന്നത്. ദുര്‍ഗ്രാഹ്യമായ സന്ദര്‍ഭങ്ങളിലൂടെയാണ് കവിത നയിക്കുന്നത്. തൈര്‍സിയസിന്റെ നപുംസകത്വം എല്ലാം അറിയാനും ഉള്‍ക്കൊളളാനും കഴിയുന്നൊരു തലം സൃഷ്ടിക്കുന്നു. തൈര്‍സിയാസിന്റെ അന്ധത വേസ്റ്റ്‌ലാന്റില്‍ താമസിക്കുന്നവര്‍ക്ക് ജീവിതത്തിന്റെ വ്യര്‍ത്ഥത കാണാനുളള ശേഷിക്കുറവിനെ സൂചിപ്പിക്കുന്നു. ആത്മീയ മരണത്തിലൂടെയും ആന്തരിക വറുതികളിലൂടെയും കടന്നു പോകുന്ന മനുഷ്യര്‍ ശീതകാലത്തിലെന്ന പോലെ അവനവന്റെ മരവിപ്പില്‍ ഒതുങ്ങിക്കൂടാന്‍ ഇഷ്ടപ്പെടുന്നുവെന്ന് ഏലിയട്ട് പറയുന്നു.

ചിതറിയ ചിത്രങ്ങളുടെ ഒരു കൂട്ടമായിട്ടും കുറേയേറെ കവിതകള്‍ ചേര്‍ന്ന ഒരു കവിതയായുമൊക്കെ ''വേസ്റ്റ്ലാന്റി'' നെക്കുറിച്ച് നിരുപകര്‍ വിലയിരുത്തിയിട്ടുണ്ട്. ഏലിയട്ട് താന്‍ കടന്നു പോയ ''കഷ്ട'' കാലത്തിന്റെ കൃത്യമായൊരു ചിത്രം തരുന്നുണ്ട്. കവിതയുടെ സാധ്യതകള്‍ക്കപ്പുറം ചെന്ന് നിന്ന് ഏലിയട്ട് പറയാന്‍ ശ്രമിച്ചതൊക്കെ - ഓരോ വായനയിലും വേസ്റ്റ്‌ലാന്റ് ഉയര്‍ത്തുന്നത് വെല്ലുവിളിയാണ്.

ആധുനിക സമൂഹത്തിന്റെ ആന്തരികമായ തകര്‍ച്ചയ്‌ക്കൊപ്പം ഏലിയട്ട് വായനക്കാരന് മുന്നിലുയര്‍ത്തുന്നത് അവസ്ഥയില്‍ നിന്നുളള മോചനത്തെക്കുറിച്ചുളള ചോദ്യങ്ങളും കൂടിയാണ്.
ഒരുപാട് കെട്ടുകഥകളും മിത്തുകളും ഇതില്‍ കാണാം. സിമ്പോളിസമാണ് കവിതയുടെ മുഖമുദ്ര.
ഇമേജുകളുടെ ധാരാളിത്തമാണ് മറ്റൊരു പ്രത്യേകത - വായനക്കാരനെ അത്ഭുതപ്പെടുത്തുന്ന വിധത്തില്‍ അവ ഉപയോഗിക്കുന്നതില്‍ ഏലിയട്ടിന് അനാദൃശമായ ഒരു പാടവം തന്നെയുണ്ട്. മുക്കുവ രാജാവ്, ഹയാസിന്ത് പെണ്‍കുട്ടി, മാഡം സോസോസ്ട്രസ് തുടങ്ങി മിത്തുകളുടെയും ഇമേജുകളുടെയും ഘോഷയാത്ര തന്നെയുണ്ട്''വേസ്റ്റ് ലാന്റില്‍''. ആധുനിക മനുഷ്യനെ സൂചിപ്പിക്കാന്‍ ഏലിയട്ട് മുക്കുവ രാജാവിനെയാണ് ഉപയോഗിച്ചിരിക്കുന്നത്. മുക്കുവരാജാവിന്റെ ലൈംഗിക ശേഷിക്കുറവ്, ആധുനിക മനുഷ്യന്റെ നഷ്ടമായ ജീവിത ചൈതന്യവുമായി ചേര്‍ത്തു വയ്ക്കുന്നു. ഭൗതികതയുടെ നിഷ്‌ക്രിയത്വത്തില്‍ ആത്മീയതയുടെ ശാദ്വലതകളിലേക്ക് മനുഷ്യരാശിയെ നയിക്കാനുളള മാര്‍ഗ്ഗങളായിരുന്നു ഏലിയട്ടിന്റെ അന്വേഷണം. ഒടുവില്‍ ഇന്ത്യന്‍ ആത്മീയതയിലെ ദത്ത, ദയത്വം, ദമ്യത ഇവയിലാണ് ഏലിയട്ട് പ്രതീക്ഷയര്‍പ്പിക്കുന്നത്.

ആത്യന്തികമായി മനുഷ്യ നന്മ വ്യക്തികളിലൂടെയാണ് സാധിതമാകേണ്ടതെന്ന ചിന്താഗതിയാണ് ഏലിയട്ടിനുണ്ടായിരുന്നത്. കാവ്യമാര്‍ഗ്ഗത്തില്‍ സ്വീകരിച്ച നവീന രീതി, നൂതന സങ്കേതങ്ങളും, പാരമ്പര്യ നിക്ഷേധവും പരീക്ഷിക്കുന്നതായി വ്യാഖ്യാനിക്കപ്പെട്ടു. ദുരൂഹത ''വേസ്റ്റ് ലാന്റി'' ന്റെ മുഖമുദ്രയായി ചര്‍ച്ച ചെയ്യപ്പെട്ടു. മലയാളത്തില്‍ പ്രശസ്ത കവി അയ്യപ്പപണിക്കരുടെ ''കുരുക്ഷേത്രം'' ''വേസ്റ്റ്‌ലാന്റിനോട്'' ചേര്‍ത്തുവച്ച് വായിക്കപ്പെടാവുന്ന ഒരു കൃതിയാണ്. ലോകസാഹിത്യത്തിന്റെ അക്ഷയഖനിയില്‍ അത്ഭുതപ്പെടുത്തിക്കൊണ്ട് ''വേസ്റ്റ് ലാന്റ്'' നിലനില്‍ക്കുന്നു.

2 comments:

  1. നല്ല അവതരണം.. വായിക്കുംതോറും ഗഹനമായി വരുന്ന ഈ കവിത ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെയും മുഖമുദ്രയാണ്

    ReplyDelete

താങ്കൾ എന്തുപറയുന്നു പുസ്തക വിചാരത്തെപ്പറ്റി ?