Monday, May 26, 2014

മഴപെയ്തു തോരുമ്പോൾ


പുസ്തകം : മഴപെയ്തു തോരുമ്പോൾ
രചയിതാവ് : ടി.ജി.വിജയകുമാര്‍
പ്രസാധകര്‍ : ലിപി പബ്ലിക്കേഷന്‍സ്
അവലോകനം : ഡോ. പി.സരസ്വതി



ചിരിപ്പിയ്ക്കുവാൻ കഴിയുന്നതിലും ശ്രമകരമാണ്‌ പുഞ്ചിരിപ്പിയ്ക്കുവാൻ. ചിരിയ്ക്കുക നീർപ്പോളപ്പോലെയാണ്‌. അങ്ങോട്ട്‌ അപ്രത്യക്ഷമാകും. പുഞ്ചിരിയോ? അതങ്ങനെ വളർന്ന്‌ വളർന്ന്‌ മുഖമാകെ പടർന്ന്‌ കണ്ണിലൊളിച്ച്‌ കാണുന്നവരെ സന്തോഷത്തിന്റെ നിലാവിൽ കുളിപ്പിയ്ക്കും. മഴ പെയ്തു തീരുമ്പോൾ എന്ന ടി.ജി. വിജയകുമാറിന്റെ പുസ്തകം വായിച്ചാൽ മനസ്സിൽ മൊട്ടിടുന്നത്‌ തണുത്ത പുഞ്ചിരിയാണ്‌ മഴയുടെ കുളിർമ്മപോലെ

ഇരുപത്തേഴ്‌ ലേഖനങ്ങളുടെ സമാഹാരമാണ്‌ മഴപെയ്തു തീരുമ്പോൾ. ലേഖനമെന്നല്ല സത്യത്തിൽ ഈ സൃഷ്ടിയ്ക്ക്‌ പേരിടേണ്ടത്‌. മനസ്സും മനസ്സും സംവേദിക്കുക എന്നതാണ്‌ പറ്റിയ പേര്‌. സാധാരണ ഉപന്യാസ രചയിതാക്കൾക്ക്‌ ഒരു മേലങ്കിയുണ്ട്‌. ഗൗരവത്തിന്റെയും വിരസതയുടേയും. പ്രോസ്‌- പ്രോസൈക' ആണെന്നല്ലേ പറയാറ്‌. പക്ഷേ വിജയകുമാറിന്‌ അത്തരമൊരു ആവരണമില്ല.

പുസ്തകത്തിന്റെ പുറകിൽ അദ്ദേഹത്തിന്റെ ഒരു ചിത്രമുണ്ട്‌. വിടർന്ന ചിരി. അതുകണ്ട്‌ നമ്മളും ചിരിയ്ക്കും. വിജയകുമാറിന്റെ ലേഖനത്തിലൊളിച്ചിരിയ്ക്കുന്നതും കണ്ണുകൾ ഒന്നിറുക്കിപ്പിടിച്ചുള്ള
മുഖഭാവം തന്നെ . ഞാനെല്ലാം കണ്ടു; അറിഞ്ഞു. നിങ്ങൾകണ്ടോ എന്ന ഭാവം.

തനിക്കനുഭവപ്പെട്ടതെല്ലാം രുചിച്ച്‌ ഏകദേശം അതിന്റെ ചേരുവകളെല്ലാം മനസ്സിലാക്കി കലാഭംഗിയോടെ വിളമ്പുന്ന പാചകക്കാരനാണ്‌ വിജയകുമാർ. 'ടോട്ടൽ 4 യു സിൻഡ്രോം' തുടങ്ങുന്നതിങ്ങനെ.... 'ഭാരതം വളരുകയാണ്‌. കേരളവും' തുടർന്ന്‌ ശബരീനാഥനേയും കടന്ന്‌ ഷെയർ മാർക്കറ്റിന്റേയും മ്യൂച്ചൽ ഫണ്ടിന്റേയും ലോകത്തേയ്ക്ക്‌. ധനകാര്യ വിദഗ്ദന്റെ പ്രൗഢിയോടെ വിശദമായ സമ്പട്‌വ്യവസ്ഥാ ചിന്തകൾ. 'ടോട്ടൽ 4 യു സിൻഡ്രോമി'ന്റെ ആന്റി ബയോട്ടിക്‌ കാലാകാലങ്ങളായി കേരളത്തിലേക്കെത്തിക്കൊണ്ടിരി ക്കുന്ന വിദേശപ്പണം ക്രിയാത്മകമായ വഴിക്ക്‌ തിരിച്ചു വിടലാണെന്നാണ്‌ വിജയകുമാറിന്റെ അഭിപ്രായം. ഏതൊരു ഭരണകൂടത്തേയും നേർവഴിക്ക്‌ നയിക്കാൻ ഈ വലിയ കൊച്ചുമനുഷ്യന്‌ കഴിഞ്ഞേക്കും. സമ്പത്തും മലയാളിയും പലലേഖനങ്ങളിലും ഒളിഞ്ഞും തെളിഞ്ഞും കാണുന്നു. മോഹനവാഗ്ദാനങ്ങളിൽ കുടുങ്ങി ചിലന്തി വലയിൽപ്പെട്ട പാറ്റയെപ്പോലെ ജീവസത്തൂറ്റി പിടഞ്ഞു വീഴുന്ന മലയാളികൾ വിജയകുമാറിന്റെ ദൃഷ്ടിപഥത്തിലുണ്ട്‌. 'അഹന്തയ്ക്കുണ്ടോ മറു മരുന്ന്‌' നഷ്ടബോധ ത്തിന്റെ നെടുവീർപ്പാണ്‌.

ഒരുകാലത്ത്‌ കേരളത്തിന്റെ ഉയിർപ്പും കിതപ്പുമായിരുന്ന ചായക്കടകൾ സാമൂഹ്യവിമർശനത്തിന്റെ കളിത്തൊട്ടിലായിരുന്നു. ഇന്നതൊന്നും ഇല്ല. വിശപ്പിന്റെ മുന്നിൽ ആദർശങ്ങൾ അടിയറവു പറയുന്ന ഇക്കാലത്ത്‌ ആഗോള വ്യാപകമായ അപകടകരമായ ഭക്ഷ്യക്ഷാമം എത്തുമെന്നുപേടിക്കുന്നു ലേഖകൻ. തരിശുഭൂമികളെ ഹരിതാഭമാക്കാൻ ആഗ്രഹിക്കുന്ന കൃഷി മാനേജ്‌മന്റ്‌ തുടങ്ങുവാൻ യൂറേക്ക എന്ന്‌ വിളിച്ചുകൂവിയ വിജയകുമാറിന്‌ അതിവേഗം ബഹുദൂരം സഞ്ചരിക്കാതെ തന്നെ കേരളീയരെ ശരിക്കും പിടി കിട്ടി. പഴയ മാവേലിപ്പാട്ടുപോലെ എല്ലാവരും ഒന്നായി ഒരു പുതിയ സോഷ്യലിസ്റ്റ്‌ സാമ്രാജ്യം സ്വപ്നം കാണാൻ ടൂറിസം പ്രമോർട്ടറായ വിജയകുമാറിന്‌ ഒട്ടും വിഷമമില്ല.

No comments:

Post a Comment

താങ്കൾ എന്തുപറയുന്നു പുസ്തക വിചാരത്തെപ്പറ്റി ?