പുസ്തകം : ജീവിതത്തിന്റെ ബാന്‍ഡ്‌വിഡ്തില്‍ ഒരു കാക്ക
രചയിതാവ് : മനോരാജ്
പ്രസാധകര്‍ : സൈകതം ബുക്സ് , കോതമംഗലം
അവലോകനം : സിജു രാജക്കാട്
വില : 75 രൂപ
സാഹിത്യത്തിലെ കാകധര്‍മ്മം
കടുത്ത ജീവിത നൊമ്പരങ്ങളുടെ മുള്‍പ്പടര്‍പ്പില്‍ വിരിഞ്ഞ മുന്തിരിപ്പൂക്കളാണ് മനോരാജിന്റെ ‘ജീവിതത്തിന്റെ ബാന്‍ഡ്‌വിഡ്തില്‍ ഒരു കാക്ക’ എന്ന കഥാസമാഹാരത്തിലെ പതിനഞ്ച് കഥകള്‍. തിരക്കേറിയതും മലീമസവുമായ യന്ത്രവല്‍കൃത നാഗരീക ലോകത്ത് ഗ്രാമീണതയുടെ സൌന്ദര്യം പേറുന്ന കറുത്ത കാക്കയെ പ്രതിഷ്ഠിക്കുകയാണ് മനോരാജ് തന്റെ കഥകളിലൂടെ. നഗരത്തിന്റെ ചുറ്റും കാ .. കാ എന്നലറിക്കരഞ്ഞുകൊണ്ട് ഗതികിട്ടാതലയുന്ന അനാഥ രൂപമാണല്ലോ കാക്ക. എങ്കിലും അത് അവിടെ ഒരു ജീവിതം കരുപ്പിടിപ്പിക്കാന്‍ ശ്രമിക്കുന്നു. എല്ലാറ്റിനെയും സൂക്ഷ്മതയോടെ വീക്ഷിക്കുന്നു. മലിനമായ ഇടങ്ങളെ ശുചിയാക്കാന്‍ ശ്രമിക്കുന്നു. ഭൌതികവും ആന്തരീകവുമായ മലിനതകള്‍ സാംസ്കാരിക കേരളത്തെ ചീഞ്ഞുനാറുന്ന ചവറ്റുകൂനയാക്കുമ്പോള്‍ അതിനെ സാഹിത്യധര്‍മ്മം കൊണ്ട് ശുദ്ധീകരിക്കുക എന്ന കര്‍ത്തവ്യം നിര്‍വ്വഹിക്കുകയാണ് മനോരാജിലെ ‘കാക്കമനുഷ്യന്‍’
ആധുനിക ജീവിത ബിംബങ്ങളെപ്പോലും പിന്നിലാക്കിക്കൊണ്ട് ശരവേഗം പായുന്ന ശാസ്ത്രയുഗത്തില്‍ സ്വയം പരാജയപ്പെട്ടു പോകാതിരിക്കുവാന്‍ നന്മയും ഗ്രാമീണതയും അന്യം നിന്നു പോകാതിരിക്കാന്‍ കഠിനശ്രമം നടത്തുന്ന ഒരു സാത്വികനെയാണ് ‘ബാന്‍ഡ്‌വിഡ്തിലെ’ കഥാകാരനില്‍ കണ്ടെത്താന്‍ കഴിയുക. ചങ്കിന്‍കൂട് കുത്തിത്തുളച്ച് കൊണ്ട് ഉള്ളിലേക്ക് പാഞ്ഞുകയറി അവിടെ കൂടുകൂട്ടി മധുരം കിനിയുന്ന തേന്‍കണങ്ങള്‍ ഇറ്റിറ്റുവീഴിക്കുന്ന റേഡിയോ സംഗീതം നീറുന്ന വ്രണങ്ങളില്‍ പുരട്ടുന്ന ലേപനൌഷധം പോലെയാണ്, കാക്കയ്ക്ക് അനുഭവപ്പെടുന്നത്. അതുകൊണ്ട് മറ്റാരേക്കാളും റേഡിയോയെ സ്നേഹിക്കുന്നതും കാക്കതന്നെയാണ്. കഥയിലെ രണ്ട് വാചകങ്ങള്‍ ശ്രദ്ധിക്കുക. എപ്പോള്‍ റേഡിയോ ഓണ്‍ ചെയ്യുമ്പോഴും എവിടെ നിന്നെന്നറിയില്ല കാക്ക പറന്നുവന്ന് പേരാലില്‍ ഇരിക്കും. റേഡിയോ ഓഫ് ചെയ്താല്‍ കുറച്ചുസമയം അവിടെയിരുന്ന് ചിറകുകളില്‍ കൊക്കുരുമ്മി ഇടംവലം നോക്കി കരഞ്ഞു വിളിച്ച് പറന്നു പോകും... കൈമളും റേഡിയോയും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ടായിരുന്നു. സ്വന്തമായി ഒരു വീടെന്ന സ്വപ്നം പൂവണിഞ്ഞു കഴിഞ്ഞപ്പോള്‍ ആ വീട്ടിലേക്ക് ആദ്യമായി വാങ്ങിയത് ഈ റേഡിയോ ആയിരുന്നു. ഒട്ടേറേ ഇലക്ട്രോണിക്സ് സാധനങ്ങള്‍ കാലാകാലങ്ങളായി വീട്ടിലെ ഓരോ മുറിയിലും ഇടംപിടിച്ചപ്പോഴും സ്വന്തം കട്ടിലിനോട് ചേര്‍ത്ത് കൈയെത്താവുന്ന അകലത്തില്‍ ഈ റേഡിയൊ കൈമള്‍ സ്ഥാപിച്ചിരുന്നു. അങ്ങനെ കൈമള്‍ ശ്രദ്ധയോടെ പരിപാലിച്ചിരുന്ന റേഡിയോയാണ് ഇപ്പോള്‍ രക്തയോട്ടം നിലച്ച് വിറങ്ങലിച്ച് ഇരിക്കുന്നത്. … നിങ്ങള്‍ക്കൊന്നും പറ്റിയില്ലെങ്കില്‍ ഞാന്‍ കൊണ്ടുപോയി ശരിയാക്കാം... ഒരു കാര്യത്തിനും സൂക്ഷ്മതയും ഉത്തരവാദിത്വവും ഇല്ലാതായിപ്പോയല്ലോ നിങ്ങള്‍ക്കൊക്കെ.. വീണ്ടും വീണ്ടും കാക്ക സാരിയുടെ കോന്തലയില്‍ ചുണ്ട് ചേര്‍ത്ത് വലിക്കാനും ഒച്ചവെക്കാനും തുടങ്ങി..” ഇവിടെ കാക്ക മനുഷ്യനെ ചില പാഠങ്ങള്‍ പഠിപ്പിക്കുന്ന ഉരു ആകുകയാണ്. മനുഷ്യന്‍, റേഡിയോ, കാക്ക തുടങ്ങിയ വിരുദ്ധ ബിംബങ്ങളെ കോര്‍ത്തിണക്കി കയ്പും മധുരവും ഇടകലര്‍ത്തി ഒരു കഷായ ചികത്സ നടത്തുകയാണ് മനോരാജ് തന്റെ കഥയില്‍.
കാല്പനികതയും യാഥാര്‍ത്ഥ്യവും ഇണചേര്‍ന്നു കിടക്കുകയാണ് മനോരാജിന്റെ മിക്ക കഥകളിലും. വൈകാരിക അഭാവം പല കഥകളിലും നിഴലിച്ചു കിടക്കുന്നുണ്ട്. “എല്ലാത്തിലും ഒരു തരം മരവിപ്പാണ്” എന്ന് കഥാകാരന്‍ തന്റെ ആദ്യ കഥയില്‍ തന്നെ പ്രസ്താവിക്കുന്നു (ഹോളോബ്രിക്സില്‍ വാര്‍ത്തെടുത്ത ദൈവം). നാം ഒരിക്കലും ആഗ്രഹിക്കാത്തതും, ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്തതുമായ വൃത്തികെട്ട ചില ദൃഷ്ടാന്തങ്ങള്‍ ദുഃസ്സഹമായ ഗന്ധം പരത്തുന്ന പുഴുത്ത വ്രണം പോലെ ‘ശവംനാറിപൂവ്’ പോലെയുള്ള ചില കഥകളില്‍ മുഴച്ചു നില്‍ക്കുന്നുണ്ട്. വര്‍ത്തമാനകാലത്തിന്റെ കഴുകന്‍ കച്ചവടക്കണ്ണുകള്‍ മാതൃത്വത്തെപ്പോലും മലീമസമാക്കുന്നതെങ്ങനെയെന്ന് ‘പ്രസവിക്കാന്‍ താല്പര്യമുള്ള യുവതികളുടെ ശ്രദ്ധക്ക്’ എന്ന കഥ പറഞ്ഞു തരുന്നു. ശ്രീ കെ.പി.രാമനുണ്ണി അവതാരികയില്‍ ചൂണ്ടിക്കാണിക്കുന്നത് പോലെ ‘ഭീകരമാം വിധം നൃശംസതകള്‍ മാത്രം നിറയുന്ന ലോകത്ത് നന്മയും സ്നേഹവും കാരുണ്യവും പേര്‍ത്തും പേര്‍ത്തും ആവിഷ്കരിച്ചുകൊണ്ട് പ്രതിരോധം സൃഷ്ടിക്കുക എന്നതാണ് മനോരാജിന്റെ രചനാതന്ത്രം’. പക്ഷേ, സാംസ്കാരിക രംഗം അത്യാസന്ന നിലയില്‍ എത്തിച്ചേര്‍ന്നിരിക്കുന്ന ഈ കാലഘട്ടത്തില്‍ എഴുത്തുകാര്‍ പ്രതിരോധം മാത്രം സൃഷ്ടിച്ചാല്‍ പോരാ, പ്രത്യാക്രമണം കൂടി നടത്തണമെന്നാണ് ഈയുള്ളവന്റെ അഭിപ്രായം.
തങ്ങള്‍ സ്വര്‍ഗ്ഗത്തിലേക്ക് കണ്ണുകളുയര്‍ത്തി പ്രാര്‍ത്ഥിക്കുന്ന ദൈവം ഹോളോബ്രിക്സിലാണ് വാര്‍ത്തെടുക്കപ്പെട്ടിരിക്കുന്നത് എന്ന തിരിച്ചറിവു പകരുന്ന (ഹോളോബ്രിക്സില്‍ വാര്‍ത്തെടുത്ത ദൈവം) കഥാകാരന്‍ പക്ഷേ നിരീശ്വരനാകാന്‍ ഇഷ്ടപ്പെടുന്നില്ല. ഈശ്വരവിശ്വാസം തന്നെയാണ് മനോരാജിന്റെ പല കഥകളിലും ചാലകശക്തിയും നൊസ്റ്റാള്‍ജിയയും (അരൂപിയുടെ തിരുവെഴുത്തുകള്‍). പക്ഷേ ‘നടപ്പാതയില്‍ വീണുടയുന്ന സ്വപ്നങ്ങള്‍’ എന്ന കഥയില്‍ ആ ദൈവത്തിന് വില നിശ്ചയിക്കപ്പെട്ടിരിക്കുന്നു. ഇരുന്നൂറ് രൂപ. അതാണ് വിഗ്രഹം വില്‍ക്കുന്ന പെണ്‍കുട്ടി ദൈവത്തിന് ഇട്ടിരിക്കുന്ന വില. അവളുടെയും കുടുംബത്തിന്റെയും ഒരു ചാണ്‍ വയറിന്റെ അഥവാ വിശപ്പിന്റെ വില.
ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ അച്ചിലിട്ടപോലത്തെ യന്ത്രഭാഷണമാണ് ‘ഒരു എക്സ്‌റേ മെഷിന്റെ ആത്മഗതം’. ബാന്‍ഡ്‌വിഡ്തിലെ കാക്ക പറന്ന് പറന്ന് ഇവിടം വരെയെത്തുമ്പോള്‍ മനോരാജ് കഥകളുടെ രൂപവും ഭാവവും മാറുന്നു. അത് അനുഭൂതിയുടെ വേറിട്ട ഒരു തലം സൃഷ്ടിക്കുന്നു.
പ്രണയിച്ച യുവാവിനെ വിവാഹം കഴിക്കാനാകാത്തതിന്റെ നിരാശയില്‍ ഹൃദ്രോഗിയായ ഭര്‍ത്താവിനെ വിട്ട് ആത്മഹത്യയില്‍ ശരണം പ്രാപിക്കാനിറങ്ങി പുറപ്പെട്ട അരുന്ധതി എന്ന യുവതിക്ക് തന്റെ പൂര്‍വ്വ കാമുകന്‍ തന്നെ ചതിക്കുകയായിരുന്നു എന്ന തിരിച്ചറിവ് തീവണ്ടിയുടെ ഹുങ്കാരശബ്ദത്തില്‍ നിന്നും ലഭിക്കുന്ന കഥയാണ് അരുന്ധതിയുടെ അന്നത്തെ ദിവസം. ഭൂതകാലത്തിന്റെ വിഴുപ്പുഭാണ്ഢം വഴിയില്‍ ഉപേക്ഷിച്ചിട്ട് വേണം യുവമിഥുനങ്ങള്‍ വിവാഹത്തിലേക്ക് പ്രവേശിക്കേണ്ടത് എന്നൊരു താക്കീതും കഥാകൃത്ത് ഈ കഥയിലൂടെ നല്‍കുന്നുണ്ട്. ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ക്ക് കൌമാരത്തിലെ ഇക്കിളിപ്പെടുത്തുന്ന സ്വപ്നങ്ങളുമായി യാതൊരു ബന്ധവുമില്ലെന്നു പറയാനും മനോരാജ് ഈ കഥയെ ഉപയോഗപ്പെടുത്തുന്നു. രസകരമായ സ്വഭാവ സവിശേഷതകളുള്ള നാട്ടിന്‍പുറം കഥാപാത്രം കുഞ്ഞപ്പന്റെ കഥയാണ് ‘ഉണങ്ങാത്ത മുറിവ്.’ കഥ അവസാനിക്കുമ്പോള്‍ ഇയാള്‍ നായികയുടെ മനസ്സില്‍ ഒരു ഉണങ്ങാത്ത മുറിവായി പഴുത്തു നില്‍ക്കുകയാണ്.
ബാലന്‍ എന്ന നാടക കലാകാരന്റെ നന്മയും കലാകാരന്മാര്‍ നേരിടുന്ന വെല്ലുവിളികളും കഷ്ടപ്പാടുകളും ശത്രുക്കളുടെ ആക്രമണവും കുടുംബജീവിതവും എല്ലാം നാടകീയമായും സമ്യക്കായും ആവിഷ്കരിച്ചിരിക്കുന്ന കഥയാണ് ‘ഗാന്ധര്‍വ്വമോക്ഷം’. അന്ത്യത്തില്‍ അല്പം അപൂര്‍ണ്ണതയും ഇടയ്ക്ക് അല്പം ഇഴച്ചിലും ഉണ്ടെന്ന് തോന്നിയേക്കാമെങ്കിലും അനുഭവഗന്ധിയായ കഥയാണിത്.
കഥയേക്കാളുപരി ഒരു തിരക്കഥയുടെ പരിപ്രേക്ഷ്യത്തില്‍ നിന്നുകൊണ്ട് രചിക്കപ്പെട്ടതാണ് “ശവംനാറിപ്പൂവ്’ എന്നും പറയാം. കഥയുടെ സത്ത് മുഴുവന്‍ ആവാഹിച്ചെടുത്ത് ആരംഭിച്ചിരിക്കുന്ന ഈ കഥയുടെ ആദ്യവാക്യത്തില്‍ തന്നെ അതിന്റെ സൌന്ദര്യാത്മകത മുഴുവന്‍ നിറഞ്ഞു നില്‍ക്കുന്നതായി കാണാം. ദുര്‍മൃത്യുവിനിരയായവരുടെ ശവം മറവ് ചെയ്യുന്ന കാളിയപ്പന്റെ കഥ ചിത്രം വരയ്ക്കുന്നത് പോലെ മനോരാജ് ആലേഖനം ചെയ്തിരിക്കുന്നു. മിത്തിന്റെ അനുഭവങ്ങള്‍ തോറ്റിയെടുത്ത ‘ശവംനാറിപ്പൂവ്’ , ചീഞ്ഞഴുകിയ ശവം പോലെ നാറുന്ന വികല ബന്ധങ്ങളുടെയും, ദുര്‍മരണങ്ങളുടെയും ഒരു വിലാപയാത്ര തന്നെ കാഴ്ചവയ്ക്കുകയാണ്. ശവത്തെ ബലാത്സംഗം ചെയ്യുന്നത് പോലെയുള്ള ക്രൂരമായ പീഡനം ഭര്‍ത്താവില്‍ നിന്നും ഏറ്റുവാങ്ങി ഭാര്യ കെട്ടിത്തൂങ്ങി ചത്ത് കിടക്കുമ്പോള്‍ തന്നെ തന്റെ മകളെ കാമപൂര്‍ത്തിക്കായി ഉപയോഗിക്കുന്ന കാളിയപ്പന്‍ അറപ്പുളവാക്കുന്ന കഥാപാത്രമാണ്. എങ്കിലും ജീവിതത്തിന്റെ ബാന്‍ഡ്‌വിഡ്തില്‍ ആ കഥ ഒരു തിലകക്കുറിയായി നിലകൊള്ളുന്നു. കൊള്ളാനും തള്ളാനുമാകാത്ത കഥ. അതാണ് ശവം നാറിപ്പൂവ്.
ആശുപത്രിയിലെ രോഗികളുടെ ജീവിതത്തിന്റെ നേര്‍ക്കാഴ്ച സ്വാനുഭവത്തിന്റെ സ്ഫടികത്തില്‍ പ്രതിഫലിപ്പിക്കുന്ന കഥയാണ് ‘ആണ്‍ഞരമ്പുരോഗികളുടെ വാര്‍ഡ്’ . ഈ കഥ നമ്മുടെ സങ്കല്‍പ്പങ്ങളെ മാറ്റിമറിക്കുന്നു.
ജോലി നഷ്ടമായ സര്‍ക്കസ്സ് ജീവനക്കാരായ ദമ്പതിമാര്‍ ജീവിതം പച്ചക്ക് അഭിനയിക്കേണ്ടി വരുന്ന കഥപറയുകയാണ് ‘ജീവനകല’. ടെക്നോളജിയുടെ പരമാവധി ഉപയോഗവും ദുരുപയോഗവും ഈ കഥയില്‍ കാണാം. സ്വന്തം അമ്മയുടെ സപ്തതി ആഘോഷം വാടയ്ക്ക് ആളെകൊണ്ട് ചെയ്യിച്ച് അതുമുഴുവന്‍ ഗള്‍ഫിലിരുന്ന് ടിവി സ്ക്രീനിലൂടെ ലൈവായി വീക്ഷിച്ച് നിര്‍വൃതി കൊള്ളുന്ന മകനോട് അമ്മയുടെ കണ്ണീര് ഉയര്‍ത്തുന്ന ഒരു ചോദ്യമുണ്ട്. ‘ടെക്നോളികൊണ്ട് പകരം വെക്കാവുന്നതാണോ മക്കളുടെ സ്നേഹം?” സ്വന്തം വൈകാരിക വിക്ഷോഭം ഗ്രന്ഥകര്‍ത്താവ് കഥാപാത്രങ്ങളില്‍ ആരോപിക്കുകയാണ് ഈ കഥയില്‍.
മറ്റുള്ളവരുടെ മരണത്തില്‍ നിന്നും ഒരു ജീവിതം കരുപ്പിടിപ്പിക്കാന്‍ ശ്രമിക്കുന്ന ഇമ്മാനുവലിന്റെ കഥ പറയുകയാണ് ‘ശവക്കുഴിയിലേക്ക് വഴിക്കണ്ണുമായി’ എന്ന കഥ. “ഇന്നു ഞാന്‍ നാളെ നീ“ എന്ന ആപ്ത വാക്യവുമായി ആരംഭിക്കുന്ന കഥയില്‍ “കര്‍ത്താവേ, ആരെങ്കിലും ഒന്ന് മരിച്ചിരുന്നെങ്കില്‍..” എന്ന് ഒരു ശവപ്പെട്ടിക്കച്ചവടക്കാരന്‍ ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിച്ചു പോകുന്നെങ്കില്‍ അത് അയാളുടെ ഗതികേടുകൊണ്ടാവും.
അങ്ങിനെ ജീവിതത്തിന്റെ അകവും പുറവും മറുപുറവും വരച്ചുകാണിക്കുന്ന ഈ കഥാസമാഹാരം “മധുരിച്ചിട്ട് തുപ്പാനും വയ്യ കയ്ച്ചിട്ട് ഇറക്കാനും വയ്യ” എന്ന അനുഭൂതിയാണ് അനുവാചകരില്‍ സൃഷ്ടിക്കുന്നത്. 15 കഥകളേക്കാളുപരി ഒരു ചരടില്‍ കോര്‍ത്തിണക്കിയ പതിനഞ്ച് അധ്യായങ്ങളുള്ള ഒരു ഉത്തരാധുനിക നോവല്‍ അനുഭവം ഈ സമാഹാരം പ്രദാനം ചെയ്യുന്നുണ്ട്. മനോരാജിന്റെ ഈ കൃതി സാഹിത്യലോകം ചര്‍ച്ച ചെയ്യും എന്ന് തീര്‍ച്ച.
മുഴുവന്‍ കഥകളും വായിച്ചിരുന്നു. ഇഷ്ടമായി.
ReplyDeleteസാധാരണ പ്രമേയങ്ങളെ, ലളിതമായ ഭാഷയില്‍ വ്യത്യസ്തമാര്‍ന്ന പ്ലോട്ടില്‍ അവതരിപ്പിക്കുകയാണ് മനോരാജ് ചെയ്തിരിക്കുന്നത്. ആറ്റിക്കുറുക്കിയ വരികളില്‍ മികച്ച കയ്യടക്കത്തോടെ.