Wednesday, March 7, 2012

നോത്രദാമിലെ കൂനന്‍

പുസ്തകം : നോത്രദാമിലെ കൂനന്‍
രചയിതാവ് : വിക്ടര്‍ ഹ്യൂഗോ / വിവര്‍ത്തനം : കെ.പി ബാലചന്ദ്രന്‍

പ്രസാധകര്‍ : ഗ്രീന്‍ ബുക്സ്

അവലോകനം : അന്വേഷകന്‍സ്കൂളില്‍ പഠിക്കുന്ന കാലത്താണ് പാവങ്ങള്‍ വായിക്കുന്നത്. നീലൂരെ പഴയ ആ ലൈബ്രറി കെട്ടിടത്തില്‍ താടി നീണ്ട ലൈബ്രെരിയന്റെ അടുത്തുനിന്നും ചുവന്ന പുറം ചട്ടയുള്ള ആ പുസ്തകം എടുത്തത്‌ ഇപ്പോളും ഓര്‍ക്കുന്നുണ്ട്. ജീന്‍ വാന്‍ ജീന്റെ കഥയൊക്കെ പലയിടത്തും നിന്ന് കേട്ടതാണ് പുസ്തകം എടുക്കാന്‍ തോന്നാന്‍ കാരണം. റേഡിയോ നാടകങ്ങളില്‍ നിന്നുമൊക്കെ പള്ളിയിലെ മെഴുകുതിരിക്കാലുകള്‍ മോഷ്ടിച്ച മുന്‍ തടവുകാരന്റെ കഥ കേട്ടിരുന്നു. പക്ഷെ വായന അത്രയ്ക്ക് സുഖമല്ലായിരുന്നു. 1924 ല്‍ നാലപ്പാട്ട് നാരായണ മേനോന്‍ നടത്തിയ വിവര്‍ത്തനം എഴുപതു വര്‍ഷത്തിനു ശേഷം ഒരു സ്കൂള്‍ വിദ്യാര്‍ഥിയായ ഞാന്‍ വായിക്കുമ്പോള്‍ എങ്ങനെയിരിക്കുമെന്ന് പറയേണ്ടല്ലോ. എന്തായാലും അത് വായിച്ചു തീര്‍ത്തിരുന്നു. ഴാംഗ് വാല്‍ ഴാംഗ് എന്ന മനുഷ്യനെ ചുറ്റിപ്പറ്റിയുള്ള കഥ ഇന്നും മനസ്സില്‍ നിന്നും പോയിട്ടില്ല. മനുഷന്റെ കഷ്ടതതകളും ദുരിതങ്ങളും എത്ര മനോഹരമായാണ് അതില്‍ വരച്ചു കാണിച്ചത്. എം മുകുന്ദന്റെ അഭിപ്രായത്തില്‍ നോവലുകളുടെ അമ്മയാണ് "പാവങ്ങള്‍ "

അന്നേ കേട്ടിരുന്നു വിക്ടര്‍ ഹ്യൂഗോയുടെ മറ്റൊരു പ്രശസ്ത രചനയായ നോത്രദാമിലെ കൂനനെക്കുറിച്ച്.. പക്ഷെ അക്കാലത്തൊന്നും അത് വായിക്കാന്‍ അവസരം കിട്ടിയില്ല..

കുറച്ചു നാള്‍ മുന്‍പാണ് ഗ്രീന്‍ ബുക്സ് പ്രസിദ്ധീകരിച്ച വിവര്‍ത്തനം കിട്ടിയത്. കെ.പി ബാലചന്ദ്രന്റെ വിവര്‍ത്തനം ആകര്‍ഷണീയമായി. സത്യത്തില്‍ ആശ്ചര്യമാണ് തോന്നിയത്. 1831 ലാണ് ഹ്യൂഗോ ഈ നോവല്‍ എഴുതിയത്. കാലങ്ങള്‍ക്ക് ശേഷവും അതിന്റെ ഇതിവൃത്തത്തിന്റെ പ്രാധാന്യം അസ്തമിച്ചിട്ടില്ല. കൂനനും ചെകിടനുമായ വിരൂപിക്ക് ജിപ്സിപ്പെൺകുട്ടിയില്‍ തോന്നുന്ന സ്നേഹമാണ് പ്രമേയമെങ്കിലും അതിനിടയിലൂടെ കടന്നു വരുന്ന ജീവതത്തിന്റെ യാഥാര്‍ത്ഥ്യ ചിത്രീകരിച്ചിരിക്കുന്നത് കാല, ദേശങ്ങള്‍ക്കതീതമായാണ്. അത് തന്നെയാണ് ഈ പുസ്തകം വായിക്കുമ്പോള്‍ നമ്മളെ എണീല്‍ക്കാന്‍ പ്രേരിപ്പിക്കാത്തതും.

ചെവി കേള്‍ക്കാത്ത നീതി പീഠം കൂനനില്‍ കുറ്റം ചാർത്തുന്നതാണ് കഥയിലെ ഒരു പ്രധാന ഭാഗം. സമൂഹത്തിന്റെ അവഗണന മനുഷ്യനോടു തന്നെ വെറുപ്പ്‌ തോന്നുന്ന രീതിയില്‍ കൂനനെ മാറ്റുന്നത് എവിടെയും സംഭവിക്കാവുന്ന കാര്യമാണ്.

സ്നേഹം എങ്ങനെയാണ് ഇതിലും മനോഹരമായി ചിത്രീകരിക്കാന്‍ കഴിയുക ? ജിപ്സി പെണ്‍കുട്ടിയെ രക്ഷിക്കാന്‍ വേണ്ടി ആ കൂനന്‍ നടത്തുന്ന പരാക്രമങ്ങള്‍ നെഞ്ചുരുക്കും. കഥ പറയുന്നതിനൊപ്പം തന്നെ മതങ്ങളുടെ കൺകെട്ട് വിദ്യകള്‍ എല്ലാ കാലത്തും ഉണ്ടെന്നും ഈ നോവല്‍ ഓർമ്മിപ്പിക്കുന്നുണ്ട്‌.

ചെറിയ കാര്യങ്ങളെപ്പോലും അത്ഭുത കൃത്യങ്ങളായി ചിത്രീകരിക്കുന്നതും അത് നടന്ന സ്ഥലങ്ങളില്‍ ആരാധാനാലയങ്ങള്‍ ഉയരുന്നതും പരിഹാസ രൂപേണ ഹ്യൂഗോ പറയുന്നുണ്ട്. അത് വായിച്ചപ്പോള്‍ ഞാനോര്‍ത്തു പോയി. ഹ്യൂഗോ നമ്മുടെ കാലത്തെയും നാടിനെയും മുന്‍കൂട്ടി കണ്ടിരുന്നോ?

കഥയുടെ അവസാനം കണ്ണ് നനയിപ്പിക്കുന്നതാണ്. എല്ലാ കരുതലുകളെയും ഭേദിച്ച് ജിപ്സിപ്പെൺകുട്ടി തൂക്കിലിടപ്പെട്ടു. നാളുകള്‍ക്ക് ശേഷം അവളുടെ കല്ലറ പരിശോധിച്ചപ്പോള്‍ ആ അസ്ഥികൂടത്തിനെ പുണര്‍ന്നു കിടക്കുന്ന കൂനന്റെ അസ്ഥിപഞ്ജരം കണ്ടെടുത്തു. അവര്‍ അസ്ഥിപഞ്ജരത്തെ ആലിംഗനത്തില്‍ നിന്നും വേര്‍പെടുത്താന്‍ ശ്രമിച്ചപ്പോള്‍ അത് തകര്‍ന്നു പൊടിഞ്ഞു പോയി.

അത് വായിച്ച എന്റെ ചങ്കും പൊടിഞ്ഞു പോയി.

5 comments:

 1. പുസ്തകവിചാരം അനുവാചകന് പ്രയോജനപ്രദമായ
  ദൌത്യമാണ് നിര്‍വ്വഹിച്ചു കൊണ്ടിരിക്കുന്നത്.
  അഭിനന്ദനങ്ങള്‍.
  1960-70കാലഘട്ടങ്ങളില്‍ വായിച്ച "വിക്ടര്‍ ഹ്യൂഗോ"
  വിന്‍റെ പുസ്തകങ്ങളിലെ കഥാപാത്രങ്ങളും,ഗുണപാഠവും
  എന്‍റെ ഉള്ളില്‍ ഇന്നും തെളിമയോടെ വിളങ്ങിനില്ക്കുന്നു.
  നല്ല പുസ്തകങ്ങള്‍ പരിചയപ്പെടുത്തുന്നതില്‍ നന്ദിയുണ്ട്.
  ആശംസകള്‍

  ReplyDelete
 2. നന്ദി, ഈ പരിചയപ്പെടുത്തലിന്‍

  ReplyDelete
 3. മലയാള പരിഭാഷ വായിച്ചിട്ടുണ്ട്. ഡിസിബുക്സ് പ്രസിദ്ധീകരണം ആണെന്നാണ്‌ ഓർമ്മ.

  ReplyDelete
 4. ഈ പുസ്തകം പരിചയ പെടുത്തിയതിനു വളരെ നന്ദി .

  ReplyDelete

താങ്കൾ എന്തുപറയുന്നു പുസ്തക വിചാരത്തെപ്പറ്റി ?