Sunday, March 25, 2012

ആടിന്റെ വിരുന്ന് / The feast of the Goat

പുസ്തകം : ആടിന്റെ വിരുന്ന് / The feast of the Goat
രചയിതാവ് : മരിയാ വര്‍ഗാസ് യോസ (വിവര്‍ത്തനം : ആശാലത)

പ്രസാധകര്‍ : ഡി.സി.ബുക്സ്

അവലോകനം : മുല്ല


2010 ല്‍ സാഹിത്യത്തിനുള്ള നോബല്‍ പ്രൈസ് ലഭിച്ച മരിയാ വര്‍ഗാസ് യോസയുടെ പ്രശസ്തമായ നോവലാണു, ആടിന്റെ വിരുന്ന്. ലാറ്റിനമേരിക്കന്‍ സാഹിത്യത്തിലെ കേന്ദ്ര സ്ഥാനത്തൂള്ള എഴുത്തുകാരിലൊരാളാണു യോസ. 1936ല്‍ പെറുവിലെ അരാക്വിവയിലാണു യോസയുടെ ജനനം. യോസക്ക് അഞ്ചുമാസം പ്രയമുള്ളപ്പോള്‍ മാതാപിതാക്കള്‍ വേര്‍പിരിഞ്ഞു, പിന്നീട് അമ്മയോടൊപ്പം ബൊളീവിയയിലും പെറുവിലെ വിയൂറിയയിലും. പിന്നീട് 1946 ലാണു യോസ അഛനെ കാണുന്നത്,പിന്നെ അഛനമ്മമാരോടൊത്ത് ലിമയില്‍. പത്തൊമ്പത് വയസ്സുള്ളപ്പോള്‍ തന്നേക്കാള്‍ പതിമൂന്ന് വയസ്സിനു മുതിര്‍ന്ന ഒരു കസിനെ യോസ വിവാഹം കഴിച്ചു. പക്ഷേ അധിക നാള്‍ ആ ബന്ധം ഉണ്ടായില്ല. ആ ബന്ധത്തെ ആധാരമാക്കി യോസ ഒരു നോവലെഴുതി. Aunt Julia & The script writer.

1962 മുതലാണു യോസയുടെ എഴുത്ത് ലോകം ശ്രദ്ധിക്കാന്‍ തുടങ്ങിയത്. മാര്‍ക്കേസിന്റെ നോവലുകളിലെ മാജിക്കല്‍ റിയലിസത്തെ വിട്ട് ലോകം യോസയെ നിരീക്ഷിക്കാന്‍ തുടങ്ങിയിരുന്നു. നല്ല സുഹൃത്തുക്കളായിരുന്നു രണ്ട്പേരും.മാര്‍ക്കേസിനെ കുറിച്ച് എഴുതിയ ഒരു പ്രബന്ധത്തിനു യോസക്ക് ഡോക്ടറേറ്റ് ലഭിക്കുകയുണ്ടായിട്ടുണ്ട്. പക്ഷേ എഴുപതുകളുടെ പകുതിയായപ്പോഴേക്കും ആ സുഹൃത്ബന്ധം മുറിഞ്ഞിരുന്നു. ലോകമെമ്പാടുമുള്ള സാഹിത്യ പ്രേമികള്‍ വളരെ കൌതുകത്തോടെയാണു ആ പിണക്കത്തിന്റെ വാര്‍ത്തകള്‍ കേട്ടിരുന്നത്. കൈയ്യാങ്കളി വരെ എത്തിയ ആ പിണക്കം തീരുന്നത് മാര്‍ക്കേസിന്റെ ഏകാന്തതയുടെ നൂറു വര്‍ഷങ്ങളുടെ നൂറാം പതിപ്പ് ഇറങ്ങിയപ്പോഴാണു. അതിനു അവതാരിക എഴുതിയിരിക്കുന്നത് യോസയാണ്.

വളരെ മൌലികമായ ഒരു രചനാരീതിയാണു യോസയുടേത്; സ്ഥലവും കാലവും മാറിമാറി വരും എഴുത്തില്‍. വ്യത്യസ്ത കാലങ്ങളില്‍ നടന്ന സംഭവങ്ങള്‍ ,സമകാലിക സംഭവങ്ങള്‍ക്ക് ഇടയില്‍ പറയുന്ന ശൈലി. കാലത്തില്‍ നിന്നു കാലത്തിലേക്ക് ചാടുന്ന ഈ രീതി വളരെ പ്രകടമാണു ആടിന്റെ വിരുന്നില്‍. എന്നിരുന്നാലും വളരെ ലളിതമായി കാര്യങ്ങള്‍ പറയുന്നുണ്ട് യോസ, ഈ പുസ്തകത്തില്‍. കഥ വെറുതെ പറഞ്ഞു പോകുകയല്ല, അതിനപ്പുറം രാഷ്ട്രീയം,അധികാരം,സമൂഹം,സ്ത്രീ എന്നീ വിഷയങ്ങളില്‍ തന്റേതായ നിരീക്ഷണങ്ങളും കൂടെ വായനക്കാരുമായി പങ്കു വെക്കുന്നു, യോസ ആടിന്റെ വിരുന്നില്‍.

1930 മുതല്‍ 1961 ല്‍ കൊല്ലപ്പെടുന്നത് വരെ ഡൊമിനിക്കന്‍ റിപ്പ്ലബ്ലിക്ക് ഭരിച്ചിരുന്ന ജനറല്‍ ട്രൂജിലൊ മൊളീ‍നയുടെ ഏകാധിപത്യത്തിന്റെ കഥയാണു ആടിന്റെ വിരുന്ന്. ലോകത്ത് എവിടെയായാലും ഏകാധിപതികള്‍ക്ക് ഒരേ സ്വരവും ഭാവമുമെന്ന് നമ്മെ ഉണര്‍ത്തുന്നു, ഈ പുസ്തകം. അധികാരത്തിന്റെ ഇരുണ്ട ഇടനാഴികകളില്‍ അരങ്ങേറുന്ന വൃത്തികെട്ട നാടകങ്ങള്‍ക്ക് നേരെ പിടിച്ച ഒരു കണ്ണാടി. അധികാരം പിടിച്ചെടുക്കാനും അത് നിലനിര്‍ത്താനും എന്തെല്ലാം പൈശാചിക കൃത്യങ്ങളാണു ഓരോ ഏകാധിപതികളും അനുവര്‍ത്തിച്ച് വരുന്നതെന്നു വായനക്കാരെ ബോധ്യപ്പെടുത്തുന്ന ഒരു ഇരുണ്ട നോവലാണു ആടിന്റെ വിരുന്ന്. അതേ സമയം അങ്കിള്‍ സാമിന്റെ ഇരട്ട മുഖവും നോവലില്‍ അനാവൃതമാകുന്നുണ്ട്. ശക്തനായ കമ്മ്യൂണിസ്റ്റ് വിരുദ്ധന്‍ എന്ന നിലയില്‍ യാങ്കീ ഭരണകൂടം ട്രൂജിലോയെ പിന്തുണക്കുന്നുണ്ട് .അധികാരം പിടിച്ചെടുക്കാന്‍ അവരാണു അയാള്‍ക്ക് ആയുധങ്ങളും പണവും കൊടുക്കുന്നത്.

ക്യൂബയേയും ഫിഡലിനേയും അടിക്കാനുള്ള വടി ആയിരുന്നു അങ്കിള്‍ സാമിനു ട്രൂജിലോ. പക്ഷേ ചരിത്രം ആവര്‍ത്തിക്കുകയാണു,അവസാനം സി ഐ എ യുടെ ഏജന്റുമാരാല്‍ തന്നെയാണു അയാള്‍ കൊല്ലപ്പെടുന്നതും. വായനക്കാരെ ശരിക്കും അസ്വസ്ഥമാക്കുകയും മനോവേദനയിലാഴ്ത്തുകയും ചെയ്യുന്നു ഈ പുസ്തകം.

ഒരേ സമയം മൂന്നു വ്യത്യസ്ഥ കോണുകളിലുടെയാണു കഥ വികസിക്കുന്നത്. ട്രൂജിലോയുടെ മന്ത്രിസഭയിലെ പ്രമുഖനായിരുന്ന സെനേറ്റര്‍ അഗസ്റ്റിന്‍ കബ്രാളിന്റെ മകള്‍ യുറാനിറ്റയുടെ അനുഭവങ്ങള്‍, അവള്‍ പറയുകയാണു, തന്റെ പതിനാലാം വയസ്സില്‍ തനിക്ക് എന്തു കൊണ്ട് നാടു വിടേണ്ടി വന്നുവെന്നും, നീണ്ട മുപ്പത് കൊല്ലങ്ങള്‍ക്ക് ശേഷം താനെന്തിനു തിരിച്ച് നാട്ടിലെത്തിയെന്നും.. അതേസമയം, ജനറലിനെ കൊല്ലാന്‍ കാത്തുനില്‍ക്കുന്നവര്‍ , ,അവരോരുത്തരും എങ്ങനെ ജനറലിനെ വധിക്കാനുള്ള ശ്രമത്തില്‍ പങ്കാളികളാകേണ്ടി വന്നു എന്നും, അവരോര്‍ത്തര്‍ക്കുമുണ്ടായ കയ് ക്കുന്ന അനുഭവങ്ങളും. അടുത്തത് സാക്ഷാല്‍ ജനറലിന്റെ അവസാന ദിവസം , അയാളുടെയും അയാളുടെ മന്ത്രിസഭയിലെ പ്രമുഖരുടെ വാചകങ്ങളിലൂടെ .ഇങ്ങനെ ഒരേ സമയം മൂന്നു കോണുകളിലൂടെയാണു ആടിന്റെ വിരുന്ന് മുന്നോട്ട് പോകുന്നത്.

നോവലിന്റെ ഒറിജിനല്‍ സ്പാനിഷിലാണു. അതു കൊണ്ട് തന്നെ സ്പാനിഷ് ഭാഷയിലെ പല നാടന്‍ പ്രയോഗങ്ങളും മലയാളീകരിച്ചപ്പോള്‍ വല്ലാതെ അശ്ലീലമായി എന്ന ഒരു കുറവ് പരിഭാഷക്കുണ്ട്. (വില:Rs250/-)

They kill the Goat---എന്നത് ഒരു സ്പാനിഷ് പഴമൊഴിയാണു. അതില്‍ നിന്നാവും യോസ തന്റെ നോവലിന്റെ തലക്കെട്ട് എടുത്തത്.

ഇനി നോവലില്‍ നിന്നും...

ട്രൂഹിയോയുടെ വധത്തിനു ശേഷം അയാളുടെ മകന്‍, രാജ്യം വിടുന്നതിനു മുന്‍പ് തന്റെ പപ്പയെ കൊന്നവരോട് പ്രതികാരം ചെയ്യുകയാണു. തീവ്രവാദികള്‍ മിക്കവരും പിടിയിലായി. അവരെ രാജ്യത്തെ കുപ്രസിദ്ധമായ എല്‍ ന്യൂവെ എന്ന തടങ്കല്‍ പാളയത്തില്‍ കൊണ്ട് വന്നു പീഡിപ്പിക്കുകയാനു അയാള്‍. ഒരാഴ്ച്ചയൊളം പട്ടിണിക്കിട്ട മിഗുവെല്‍ ഏഞ്ചലിനും ഏണസ്റ്റൊ ഡയസിനും , ജയിലര്‍ ഒരു പാത്രം ഇറച്ചിക്കറി കൊണ്ടു വന്നു കൊടുത്തു. വിശപ്പു കൊണ്ട് ആര്‍ത്തി പിടിച്ച് അത് മുഴുവന്‍ അകത്താക്കിയ അവരോട് ആ ക്രൂരനായ ജയിലര്‍ ചോദിക്കുക്കുകയാണു... തന്റെ മകനെ കൊന്നു തിന്നിട്ടും ഏണസ്റ്റോ ഡയസ്സിനു ഒന്നും തോന്നുന്നില്ലേ എന്ന്..!! അയാളെ തെറി വിളിച്ച ഏണസ്റ്റൊക്ക് മുമ്പിലേക്ക് ജയിലര്‍ ഒരു കുഞ്ഞിന്റെ അറുത്ത് മാറ്റിയ തല നീട്ടിപ്പിടിച്ചു. തന്റെ കുഞ്ഞിന്റെ തൂങ്ങിയാടുന്ന തല കണ്ട ഏണസ്റ്റോ ഹൃദയ സ്തംഭനം വന്നു മരിക്കുകയാണു. കുറച്ച് മുന്‍പ് അയാള്‍ അകത്താക്കിയത്.....

എന്തു തോന്നുന്നു സുഹൃത്തുക്കളെ...ചര്‍ദ്ദിക്കണോ...വെയിറ്റ്....പ്ലാസ്റ്റിക് കവറൊക്കെ മാപ്പുകാരും കളക്ടര്‍ സാറും കൂടി കൊണ്ട് പോയി.
ദേ കുറച്ച് ടിഷ്യൂ പേപ്പര്‍....

1 comment:

  1. യോസയുടെ പുതിയ പുസ്തകങ്ങള്‍ ഇറങ്ങുമ്പോള്‍ സാധാരണചെയ്യാറുള്ളതുപോലെ The feast of the Goat- ന്റെ ഇംഗ്ലീഷ് പരിഭാഷയും യൂണിവേഴ്സിറ്റി ലൈബ്രറിയില്‍ എത്തിയ ദിവസം തന്നെ റിസര്‍വുചെയ്യുകയും ആദ്യം വായിക്കുകയും ചെയ്തഞാന്‍ ഒന്നൊന്നരമാസം കഴിഞ്ഞപ്പോള്‍ പുതിയപുസ്തകം ഏതെങ്കിലും എടുത്തുപറയാനുണ്ടോ എന്നു ചോദിച്ച സുഹൃത്ത് റാസിഫിന് ഇത്പറഞ്ഞുകൊടുത്തു. ദിവസങ്ങള്‍ക്കുള്ളില്‍ ആ പുസ്തകം തപ്പിയെടുത്തു വായിച്ചശേഷം റാസിഫ് പറഞ്ഞു. എനിക്കാപുസ്തകം ഇഷ്ടമായില്ല, ഒട്ടും . അതെന്താ കാരണം എന്നു ചോദിച്ചപ്പോള്‍ റാസിഫിന്റെ മറുപടി എന്തൊരുവയലന്‍സാ അതിനകത്ത് എന്നായിരുന്നു. സ്പാനിഷില്‍ യോസ ഇത്ര ക്രൂരമായ ചിത്രമാണോ വരഞ്ഞിട്ടിരിക്കുന്നത് എന്ന് അറിയില്ല. പുസ്തകം വായിച്ചു കൊണ്ടിരിക്കുന്ന കാലത്ത് നെറ്റില്‍ ട്രൂഹിയോ മോളിനയുടെകാലത്തെ ക്കുറിച്ച് നടത്തിയ അന്വേഷണം ജനിപ്പിച്ചത് യോസ അത്രയ്ക്ക ങ്ങ് കടത്തിപ്പറഞ്ഞു എന്ന പ്രതീതിയേഅല്ല. ആഖ്യാനത്തിന്റെ കര്‍ക്കശമായ കൃത്യതകൊണ്ട് നമ്മെഅത്ഭുതപ്പെടുത്താറുള്ള യോ സ ഇവിടെയും ഒരു ഏകാധിപതിയെയും അയാളുടെകാലത്തെയും അതിശയിപ്പിക്കുന്ന യാഥാതഥ്യത്തോടെ വരഞ്ഞിടുകയായിരുന്നു. the war of the end of the world, the time of the hero എന്നീ നൊവലുകളിലൂടെ ശ്രദ്ധേയമായ, ചരിത്രത്തെയും സംഭവങ്ങളെയും ബൃഹദാഖ്യാനങ്ങളിലൂടെ പുനസൃഷ്ടിക്കുന്നതിലുള്ള യോസയുടെ കൈത്തഴക്കം ഈ നൊവലിലും പ്രകടമായിരുന്നു.
    In praise of the stepmother, The notebooks of Don Rigoberto, Captain Pantoja and the Special Service, ഇതിനെല്ലമുപരി The Green House എന്നീനൊവലുകളില്‍ രതിയുടെ, കാമത്തി ന്റെ ഉദാത്തമായഅവസ്ഥകള്‍ക്കൊപ്പം അതിന്റെ വികടമാ മുഖങ്ങള്‍ വരെ വരഞ് ഞു കാട്ടിയ യൊസഇവിടെയതി ന് ഒരു ക്ലൈമാക്സിന്റെതലത്തില്‍ മാത്രമേ കാര്യമായപരിഗണനകൊടുക്കുന്നുള്ളു. ഇംഗ്ളീഷ് പരിഭാഷയനുസരിച്ചാണെങ്കില്‍, ഈ ഭാഗം ഏറ്റവും സത്യസന്ധമായി മലയാ ളപരിഭാഷയില്‍ പകര്ത്തപ്പെട്ടുട്ടുമുണ്ട്.
    അമേരിക്കന്‍ പിന്തുണയോടെ ഒരുചെറുരാജ്യത്തിന്റെ ജനതയെ പതിറ്റാണ്ടുകളോളം ഭയത്തിന്റെ മുള്മുനയിളക്കി നിയന്ത്രിച്ച ഒരുഏകാധിപതിയുടെ കാലത്തെക്കുറിച്ചുള്ള ഒ രു നോവല്‍ നമ്മെ ഛര്‍ദ്ദിപ്പിക്കുമെങ്കില്‍ അതിന്റെ യാഥാര്‍ഥ്യം നമ്മെക്കൊണ്ട് എന്തൊക്കെ ചെയ്യിക്കുമായിരുന്നില്ല?

    ReplyDelete

താങ്കൾ എന്തുപറയുന്നു പുസ്തക വിചാരത്തെപ്പറ്റി ?