Thursday, March 22, 2012

മലബാറിലെ ജനങ്ങള്‍

പുസ്തകം : മലബാറിലെ ജനങ്ങള്‍
രചയിതാവ് : വില്യം ലോഗന്‍ / വിവര്‍ത്തനം : ടി. വി. കൃഷ്ണന്‍

പ്രസാധകര്‍ : മാതൃഭൂമി ബുക്സ്

അവലോകനം : ലാസര്‍ ഡിസല്‍‌വ






കേരളത്തിന്റെ ചരിത്രത്തില്‍ എന്തെങ്കിലും താല്‍പ്പര്യം ഉള്ളവര്‍ക്ക് ഒറ്റയിരിപ്പിന് വായിച്ചുതീര്‍ക്കാന്‍ സാധിക്കുന്ന ഒരു പുസ്തകമാണ് വില്യം ലോഗന്റെ രണ്ട് വാല്യങ്ങളുള്ള 'മലബാര്‍ മാനുവലി'ല് നിന്നും 'ജനങ്ങള്‍' എന്ന ഭാഗം മാത്രമായി പ്രത്യേകം അടര്‍ത്തിയെടുത്ത് പ്രസിദ്ധീകരിച്ച 'മലബാറിലെ ജനങ്ങള്‍' എന്ന പുസ്തകം. സൂചനയര്‍ഹിക്കുന്ന ഒരു പ്രധാനകാര്യം ലോഗന്‍ മലയാളികളോട് കാണിക്കുന്ന അനുഭാവപൂര്‍ണ്ണവും പ്രസാദാത്മകവുമായ മമതയാണ്‌. ഏതാണ്ട് ഇതേകാലത്ത് എഴുതപ്പെട്ട, കേരളത്തിന്റെ മറ്റൊരു ഭാഗത്തെ ജനങ്ങളെയും ജീവിതത്തെയും കുറിച്ച് സമഗ്രമായി പ്രതിപാദിക്കുന്ന പുസ്തകമാണ് എല്‍. എം. എസ്‌ മിഷനറിയായിരുന്ന സാമ്യൂല്‍ മെറ്റിറിന്റെ 'നേറ്റീവ് ലൈഫ് ഓഫ് ട്രാവന്‍കൂര്‍'. ഈ പുസ്തകം ലോഗന്റെ പുസ്തകത്തോളം പില്‍ക്കാലത്ത് പരാമര്‍ശിക്കപ്പെടാതിരിക്കാനുള്ള കാരണം, പറയുന്ന വിഷയത്തിനോട്, കേരള സമൂഹത്തോട്, പുലര്‍ത്തുന്ന ഒബ്ജെക്ടിവ് അകലമായിരിക്കാം. ചരിത്രപുസ്തകത്തെ പോലും വൈകാരികമായി സമീപിക്കുക എന്നത് നമ്മുടെ ജനിതക ദുര്‍ഗുണവും.

ലോഗന്റെ ജീവിതചരിത്രത്തിലൂടെ ചെറുതായൊന്നു കണ്ണോടിച്ചാല്‍ തന്നെ അദ്ദേഹം അടിസ്ഥാനത്തില്‍ ഒരു റിബല്‍ സ്വഭാവം നിലനിര്‍ത്തിയിരുന്നു എന്നു കാണാം. ബ്രിട്ടീഷ്‌ സിവില്‍സര്‍വീസിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ ആയിരിക്കുമ്പോള്‍ തന്നെ, ബ്രിട്ടന്റെ പ്രബലഭാഗമായ ഇംഗ്ലണ്ടില്‍ നിന്നല്ല ലോഗന്‍ എന്നതും ഓര്‍ക്കണം. ഇപ്പോഴും ഇംഗ്ലിഷ് ഭാഗത്ത് നിന്നും വംശീയമായ ലോപത്വം, ഗോപ്യമായെങ്കിലും, പ്രകടിപ്പിക്കപ്പെടുന്ന സ്കോട്ട്ലാന്‍ഡില്‍ നിന്നും ആണ് ലോഗന്‍ ബ്രിട്ടീഷ് സിവില്‍സര്‍വീസില്‍ എത്തുന്നത്. അതുകൊണ്ട് തന്നെയാവും കോളനിവത്കരിക്കപ്പെട്ട കേരളജനതയോട് ലീനമായ ഒരു ആഭിമുഖ്യം അദ്ദേഹത്തിന് വന്നുചേര്‍ന്നത്‌ എന്ന് ന്യായമായും അനുമാനിക്കാം. അതിന് ഉപോല്‍ബലം നല്കുന്നതായിരുന്നു മലബാര്‍ കളക്റ്ററായും മറ്റും അദ്ദേഹം നടത്തിയ പ്രവര്‍ത്തനങ്ങള്‍. തനിക്കു മുന്‍പ് ഭരിച്ച ബ്രിട്ടിഷ് ഉദ്യോഗസ്ഥര്‍ പലരും മലബാറിലെ ജനങ്ങളെയും അവരുടെ ജീവിതരീതികളെയും മനസിലാക്കാന്‍ പരാജയപ്പെട്ടു എന്ന് തന്റെ മാനുവലില്‍ അദ്ദേഹം നിശിതമായി വിമര്‍ശിക്കുന്നു. ചുരുക്കത്തില്‍ കോളനിവത്കണത്തിന്റെ നടത്തിപ്പ് സുഗമാക്കുക എന്ന സാമ്രാജ്യത്വ അജണ്ടയ്ക്ക് പിടികൊടുക്കതെയാണ് ലോഗന്‍ മലബാറില്‍ പ്രവര്‍ത്തിച്ചത്. അതുകൊണ്ട് തന്നെയാവും ഒരു ശിക്ഷണനടപടി എന്ന നിലയ്ക്ക് സര്‍ക്കാര്‍ അദ്ദേഹത്തെ ജുഡിഷ്യല്‍ ചുമതലകളിലേക്ക്‌ മാറ്റിയതും, അതിനെത്തുടര്‍ന്ന് അദ്ദേഹം ജോലി ഉപേക്ഷിച്ച് സ്വദേശത്തെക്കു മടങ്ങിയതും.

കലക്ടര്‍ എന്ന നിലയ്ക്കും അതിന് മുന്‍പ് മറ്റനേകം ചുമതലകള്‍ വഹിച്ചുകൊണ്ടും മലബാറില്‍ ഏറെ വര്‍ഷങ്ങള്‍ താമസിച്ച ലോഗന്‍ തനിക്കു ലഭ്യമായ സ്ഥിതിവിവരകണക്കുകളില്‍ നിന്നും, ഒരുപാട് കാലത്തെ ജനസമ്പര്‍ക്ക പരിപാടികളില്‍ കൂടിയും കേരളജനതയെ കുറിച്ച് സമഗ്രമായ നിലപാടുകളാണ് മുന്‍പോട്ട് വയ്ക്കുന്നത്. ജാതി തിരിച്ച് ഓരോ സമുദായത്തിന്റെയും ജീവിതരീതികളെ സൂക്ഷ്മമായി തന്നെ നോക്കികാണുന്ന ലോഗന്‍ പക്ഷെ പൊതുവായി 'ജനം' എന്ന നിലയ്ക്ക് അഭിസംബോധന ചെയ്യുന്നത് നായര്‍ വിഭാഗത്തെ ആണെന്ന് വേണം കരുതാന്‍. ഒരു യുറോപ്യന് ആശ്ചര്യജനകമായി തോന്നാവുന്ന പല ജീവിതരീതികളും എന്നാല്‍ വത്യസ്ഥമായ മറ്റൊരു ജനസമൂഹത്തിന്റെ സ്വാഭാവികമായ അവസ്ഥ എന്ന നിലയ്ക്ക് വളരെ നിര്‍മമതയോടെയാണ് ഈ പുസ്തകം സമീപിക്കുന്നത്. എന്നാല്‍ ജാതീയതയുടെ തൂണുകള്‍ ശക്തമായി നിലനിര്‍ത്താന്‍ ശ്രമിക്കുന്ന ബ്രാഹ്മണ്യത്തെ വിമര്‍ശനാത്മകമായി നോക്കി കാണാന്‍ മടിക്കുന്നുമില്ല: "മറ്റു സമുദായങ്ങളുടെ ചിലവില്‍ ബ്രാഹ്മണ്യത്തെ പ്രകീര്‍ത്തിക്കുകയാണ് സ്മൃതിവചനങ്ങള്‍ ചെയ്യുന്നത്. ബ്രാഹ്മണസൃഷ്ടിയാണ് ജാതിവ്യവസ്ഥയെന്ന് അതിന്റെ ഉത്ഭവവും വളര്‍ച്ചയും നിലവിലുള്ള സ്ഥിതിയും നിസ്സംശയം വിളിച്ചോതുന്നുണ്ട്. അതായത് തങ്ങളുടെ വ്യക്തിത്വവും മേധാശക്തിയും പുലര്‍ത്തണമെങ്കില്‍ നീക്കുപോക്കില്ലാത്ത ഒരു വിഭജനരേഖ ആര്യന്മാരായ തങ്ങള്‍ക്കും നാട്ടുകാരായ കറുത്തവര്‍ക്കും ഇടയില്‍ നിലനിര്‍ത്തേണ്ടതുന്ടെന്നു നേരത്തെ വന്ന ആര്യന്‍ കോളനിസ്റ്റുകള്‍ കണ്ടറിഞ്ഞു പ്രവര്‍ത്തിച്ചു എന്നതാണ് സത്യം. ജാതിയുടെ ആവിര്‍ഭാവത്തിനുള്ള സ്വാഭാവീകമായ വിശദീകരണവും ഇത് തന്നെ". എന്നാല്‍ ഈ മനസ്സിലാക്കല്‍ സമകാലിക ബ്രാഹ്മണസമൂഹത്തോട് ഒരു ചരിത്രകാരന്‍ പുലര്‍ത്തേണ്ടുന്ന സത്യാത്മകമായ വിശകലനങ്ങള്‍ക്കും നിലപാടുകള്‍ക്കും മറയായി നില്‍ക്കുന്നില്ല.

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍ പ്രസിദ്ധീകൃതമായ ഈ കൃതി അക്കാലത്തെ കേരള സമൂഹത്തെ തനതായ രീതിയില്‍ വൃത്തിയും വെടിപ്പും ആചാര, ഉപചാര മര്യാദകളുമുള്ള ഒരു ആധുനിക സമൂഹമായാണ് കാണാന്‍ ശ്രമിക്കുന്നത്. മറ്റുപല കൊളോണിയല്‍ എഴുത്തുകളിലും തികച്ചും അപരിഷ്കൃതമായ ഒരു സമൂഹമായി പരിചയപ്പെടുന്നതിന് തുലോം വത്യസ്ഥമാണ്‌ ലോഗന്റെ കേരളം. നായര്‍ വിഭാഗത്തിലെ 'സംബന്ധം' എന്ന സ്ത്രീപുരുഷബന്ധം കേരളത്തിന്റെ ചരിത്രത്തെ അടയാളപ്പെടുത്തുമ്പോള്‍ പലപ്പോഴും ഒരു പതിത അവസ്ഥയായി വ്യവഹരിച്ചു കാണാറുണ്ട്. എന്നാല്‍ ലോഗന്‍ എഴുതുന്നു: "സത്യം, സമീപകാലത്തെ സംബന്ധിച്ച് പ്രത്യേകിച്ചും, മറ്റൊന്നാണ്. സംബന്ധത്തില്‍ ഏര്‍പ്പെടുന്ന സ്ത്രീക്കും പുരുഷനും പാരമ്പര്യത്തിന്റെ താത്വികവശം മാത്രമെടുത്ത് പറഞ്ഞാല്‍, ബന്ധം നിലനിര്‍ത്താനും ഉപേക്ഷിക്കാനും സ്വാതന്ത്ര്യം ഉണ്ടെന്നത് നേരാണ്. എന്നാല്‍, വൈവാഹിക ബന്ധം, അതിന്റെ ഔപചാരികസ്വഭാവം വച്ചുകൊണ്ട് തന്നെ, ഇത്രയും പവിത്രമായി പരിഗണിക്കുകയും പാലിക്കുകയും ചെയ്യുന്ന മറ്റൊരു വിഭാഗത്തെ കാണുകയില്ല. ഭാര്യ-ഭര്‍തൃബന്ധം സ്വാഭിമാനം സംരക്ഷിക്കപെടുന്നു. അതിന്റെ ലംഘനം നിര്‍വിശങ്കം ശിക്ഷിക്കപ്പെടുന്നു. നായര്‍സ്ത്രീകള്‍ മറ്റേതു വിഭാഗത്തില്‍ പെട്ട സ്ത്രീകളെയും പോലെ സദാചാരിണികളാണ്". മലബാര്‍ പ്രദേശത്ത്‌ എണ്ണത്തില്‍ പ്രബലമായ തീയ്യവിഭാഗത്തെ കുറിച്ച് ലോഗനുള്ളത്, പൊതുവെ അധ:സ്ഥിത ജനതതിയായി ചരിത്രവിവരണങ്ങളില്‍ പരിചയിച്ചിട്ടുള്ള അഭിപ്രായമല്ല: "കാഴ്ചയില്‍ പല ഈഴവ സ്ത്രീകളും യൂറോപ്പ്യന്‍ സ്ത്രീകളോളം തന്നെ സുന്ദരിമാരാണ്. മലബാര്‍ ജില്ലയില്‍ ഒരു യൂറോപ്പ്യന്റെ കണ്ണില്‍ ഏറ്റവും മതിപ്പുണ്ടാക്കുക പുരാതന കടത്തനാട്ടെയും ഇരുവഴിനാട്ടിലേയും കോട്ടയത്തേയും സ്ത്രീ പുരുഷന്‍മാരായിരിക്കുമെന്ന് പൊതുവില്‍ പറയുന്നതില്‍ തെറ്റില്ല. ഈ പറഞ്ഞ സ്ത്രീപുരുഷന്മാരില്‍ ഗണ്യമായ വിഭാഗം തീയ്യസമുദായത്തില്‍ പെട്ടവരാണ്".

ചന്ദുമേനോന്‍ 'ഇന്ദുലേഖ' പ്രസിദ്ധീകരിക്കുന്നത് 1889 - ല്‍ ആണ്. നോവലിന്റെ ഒടുവില്‍ മാധവനും ഇന്ദുലേഖയും മദിരാശിയില്‍ പോയി സന്തുഷ്ടമായി ശിഷ്ടകാലം ജീവിച്ചു എന്നാണ് നമ്മള്‍ വായിക്കുന്നത്. അത്തരത്തില്‍ മരുമക്കത്തായ ക്രമത്തില്‍ നിന്നും മക്കത്തായത്തിലേക്ക് മാറുന്നതിന്റെ ചെറിയ ലാന്ചനകള്‍ ആ നോവല്‍ പങ്കുവയ്ക്കുന്നുണ്ട്. എങ്കിലും അത് നോവലിന്റെ പ്രധാനമായ കഥാഭൂമികയല്ല. ഇത്തരം കൂട്ടുകുടുംബ വ്യവസ്ഥിതിയുടെ ഭ്രംശങ്ങള്‍ വ്യക്തിജീവിതത്തിന്റെ തന്നെ സങ്കീര്‍ണതകളായി സാഹിത്യത്തില്‍ കുറച്ചുകൂടി മുര്‍ത്തമാവുന്നത് പത്തെഴുപത്തഞ്ച് കൊല്ലങ്ങള്‍ക്ക് ശേഷം എം. ടിയുടെ കാലത്താണ്. എന്നാല്‍ ഈ പരിണാമത്തിന്റെ വ്യഥകള്‍ തന്റെ കാലത്ത് തന്നെ ആരംഭിച്ചത് ലോഗന്‍ വ്യക്തമായും കാണുന്നുണ്ട്: "ഒരു പുരുഷന്‍ തന്റെ ആയുഷ്ക്കാലം കൊണ്ട് ആര്‍ജ്ജിക്കുന്ന സ്വത്തുക്കള്‍, കോടതികളുടെ കണ്ണില്‍, അയാളുടെ മരണശേഷം തറവാടിലേക്ക് ചേരേണ്ടാതാണെന്ന് വരുന്നു. മറിച്ച്, അയാളുടെ സ്വന്തം മക്കള്‍ക്ക്‌ ചെല്ലേണ്ടതല്ല. നായര്‍സമുദായത്തില്‍ പുരുഷപ്രജകളെല്ലാം പട്ടാള സേവനത്തിലിറങ്ങുകയും വീടും കുടുംബവും അത്ര കാര്യമായി എടുക്കാതിരിക്കുകയും ചെയ്ത കാലത്ത്, ഇതുകൊണ്ട് വലിയ ദോഷം ഉണ്ടായിരുന്നില്ല. എന്നാല്‍ ഇന്ന് സ്ഥിതി മാറിയിരിക്കുന്നു. ഒരു നായര്‍ ഒരു സ്ത്രീയെ മാത്രമേ വിവാഹം ചെയ്യുന്നുള്ളൂ. ഭാര്യയുമൊത്ത് അയാള്‍ പ്രത്യേക വീട് വച്ച് താമസിക്കുന്നു. ഭാര്യയിലുണ്ടാവുന്ന സന്താനങ്ങള്‍ തന്റെയും സന്താനങ്ങളായി കരുതി അയാള്‍ കുടുംബജീവിതം നയിക്കുന്നു. അയാളുടെ സ്വാഭാവികബന്ധങ്ങള്‍ രൂഡമൂലമാവുന്ന സാഹചര്യമാണിത്. ഭാര്യ-ഭര്‍തൃബന്ധങ്ങളും പിതൃ-പുത്രബന്ധങ്ങളും പ്രകടഭാവംകൊള്ളുന്നു. താന്‍ സ്വന്തമായി ആര്‍ജിച്ച സ്വത്തുകള്‍ സ്വന്തം കുട്ടികള്‍ക്കും കുട്ടികളുടെ അമ്മയ്ക്കും ചേരേണ്ടാതാണെന്നും അതിന് നിയമസമ്മതി വേണമെന്നും അയാള്‍ സ്വാഭാവികമായും ആഗ്രഹിക്കുന്നു".

ഭാഷോല്‍പ്പത്തിയെ കുറിച്ച് സമഗ്രവും സങ്കീര്‍ണവും ആയ ഒരുപാട് പഠനങ്ങള്‍ കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടയ്ക്ക് നടന്നിട്ടുണ്ട്. ഭാഷയുടെ പിതാവായി എഴുത്തച്ഛനെ കൃത്യമായി ബിംബവത്കരിച്ചിട്ടുമുണ്ട്. അദ്ദേഹത്തിന്‍റെ ഓര്‍മ്മയ്ക്ക്‌ തുഞ്ചന്‍പറമ്പില്‍ സമുചിതമായ സാംസ്കാരികസ്ഥാപനം ഉയര്‍ന്നു കഴിഞ്ഞു. എഴുത്തച്ഛന്റെ ജീവിതത്തെ ആസ്പദമാക്കി ബ്രഹൃത്തായ ഒരു നോവല്‍ ഈയടുത്ത് പ്രസിദ്ധീകൃതമാവുകയും ചെയ്തു (തീക്കടല്‍ കടഞ്ഞ് തിരുമധുരം - സി. രാധാകൃഷ്ണന്‍). ഭാഷയെ കുറിച്ച് സംസാരിക്കുന്നിടത്ത് ലോഗന്‍ എഴുത്തച്ഛനെ കുറിച്ച് എഴുതുന്നു: "പതിനേഴാം നൂറ്റാണ്ടില്‍ ശൂദ്ര (നായര്‍) ജാതിയില്‍പ്പെട്ട തുഞ്ചത്തെഴുത്തച്ചന്‍ എന്നൊരാള്‍ തമിള്‍ അക്ഷരമാലയെ ആധാരമാക്കിയുള്ള ഗ്രന്ഥലിപികളുടെ ചുവടുപിടിച്ച് ഗ്രാമ്യമലയാളത്തിനു തനതായ രൂപകല്‍പ്പന നല്‍കുകയും (സംസ്കൃത പദങ്ങളുടെ സ്വതന്ത്രമായ പ്രയോഗം) ആധുനിക മലയാളത്തില്‍ പ്രധാന സംസ്കൃതകൃതികളുടെ സ്വതന്ത്രവിവര്‍ത്തനത്തിനു ഒരുങ്ങുകയും ചെയ്തപ്പോള്‍, അതൊരു വിപ്ലവമായിരുന്നു". ആറ്റികുറുക്കിയെടുത്താല്‍ പില്‍ക്കാലത്ത് ഒരുപാട് പള്‍പ്പ് നഷ്ട്ടപെടുത്തി എഴുത്തച്ഛനെ കുറിച്ചു എഴുതിയുണ്ടാക്കിയതൊക്കെയും വസ്തുതാപരമായി ഇപ്പറഞ്ഞതില്‍നിന്ന് ഒരു ഔന്‍സു പോലും കൂടുതല്‍ വരില്ല. കേരളത്തിലെ ശിക്ഷാരീതികളെ കുറിച്ചും മറ്റും പരാമര്‍ശിക്കുന്നതിനിടയ്ക്ക് ഇങ്ങിനെ ഒന്ന് കാണാം: "ജീവനോടെ കഴുവില്‍ കയറ്റുന്നതും അപൂര്‍വമായിരുന്നില്ല. 1795 ജൂണില്‍ ബ്രിട്ടീഷ് വിരുദ്ധ ലഹളകളുടെ തലവനായിരുന്ന പഴശ്ശി (പൈച്ചി) യുടെ ഉത്തരവിന്‍ പ്രകാരം, കോട്ടയം താലൂക്കില്‍ പെട്ട വെങ്ങോട് ഒരു നായരുടെ വീട്ടില്‍ കവര്‍ച്ച നടത്തിയ കുറ്റമാരോപിച്ചു, നാമമാത്രമായ വിചാരണ നടത്തി രണ്ട് മാപ്പിളമാരെ ഈ വിധത്തില്‍ കഴുവേറ്റുകയുണ്ടായി". സര്‍ദാര്‍ പണിക്കരും എം. ടി യുമൊക്കെ 'സിംഹ'മാക്കി മാറ്റിയ പഴശ്ശി അത്രയ്ക്ക് നീതിബിധമുള്ള ഒരു ദേശാഭിമാനിയായിരുന്നു എന്നു കരുതാന്‍ നിര്‍വാഹം ഇല്ല. ഒരു ബ്രിട്ടീഷ് ഉദ്യോഗസ്ഥന്‍ മറ്റെന്തെഴുതും എന്ന വിരുദ്ധചിന്തയ്ക്ക് കാര്യമായ പ്രസക്തിയില്ല. മറ്റു ചരിത്ര വിവരണങ്ങളിലെല്ലാം ഒരു ഇന്‍സൈഡര്‍‍ എന്ന നിലയ്ക്ക് കേരളത്തോട് നീതിപുലര്‍ത്തിയ എഴുത്തുകാര്‍ ഒരിടത്ത് മാത്രം അങ്ങിനെ അല്ലാതാവേണ്ടതില്ല. മാത്രവുമല്ല ചില ഭരണ/ജീവിത രീതികള്‍ സമഗ്രമായി പ്രതിപാദിക്കുന്നതിനിടയ്ക്കു തുച്ഛമായ ഒരു ഉദാഹരണമായി മാത്രമാണ് പഴശ്ശിയെ പരാമര്‍ശ്ശിക്കുന്നതും. ഇന്നത്തെ കേരളത്തില്‍ പഴശ്ശിയെ പോലുള്ള ബിംബങ്ങള്‍ ക്രമാതീതമായി മഹത്വവത്ക്കരിക്കപ്പെടുമ്പോള്‍‍‍, നമ്മള്‍ അതിലേക്ക് കൂടുതല്‍ ശ്രദ്ധാലുക്കളാകുന്നു എന്നു മാത്രം. ചരിത്ര രചനയുടെ അമച്വറിസത്തില്‍ പോലും ഈ പുസ്തകം വിശ്വസനീയമായി നില്‍ക്കുന്നു എന്നതാണ് ഇതിന്റെ ആത്യന്തികമായ ഗുണഫലം.

1 comment:

  1. മലബാര്‍ മാനുവല്‍ വായിച്ചിട്ടില്ല.
    വിവരണം അതിലേയ്ക്ക് എത്താന്‍ സഹായകവും. വിജ്ഞാനപ്രദവുമാണ്.

    ReplyDelete

താങ്കൾ എന്തുപറയുന്നു പുസ്തക വിചാരത്തെപ്പറ്റി ?