Saturday, July 7, 2012

അനുഭവം യാത്ര ഓര്‍മ

പുസ്തകം : അനുഭവം യാത്ര ഓര്‍മ
രചയിതാവ് : അക്‌ബര്‍ കക്കട്ടില്‍
പ്രസാധകര്‍ : ഒലിവ്‌ പബ്ലിക്കേഷന്‍സ്‌ കോഴിക്കോട്‌.
അവലോകനം : ബിജു.സി.പി

ഡിറ്റര്‍മാര്‍ അവതരിപ്പിക്കുന്ന പുസ്‌തകങ്ങള്‍ മലയാളത്തില്‍ ഒട്ടേറെയുണ്ടെങ്കിലും കുറേ ലേഖനങ്ങളോ കഥകളോ പെറുക്കിക്കൂട്ടുക എന്നതിനപ്പുറം കാര്യമായൊന്നും നടക്കാറില്ല. ആ സ്ഥാനത്താണ്‌ അനുഭവം ഓര്‍മ, യാത്ര എന്ന പേരില്‍ ഒരു പുസ്‌തക പരമ്പരയെന്ന പോലെ പുസ്തകങ്ങള്‍ വന്നിരിക്കുന്നത്‌. കേവലം വായനാവിഭവം മാത്രമല്ല ഇവ. പുറം ചട്ട മുതല്‍ പിന്‍പുറം വരെ മനോഹരമായി ചിട്ടപ്പെടുത്തിയ കലാശില്‌പങ്ങളാണ്‌. ഇതിലെ രചനകള്‍ ജാഗ്രതയോടെ തിരഞ്ഞെടുക്കുകയും ശരിയായ ക്രമത്തില്‍ തന്നെ വിന്യസിക്കുകയും ചെയ്‌തിരിക്കുന്നതിനാല്‍ ഹൃദ്യമായ ഒരു വായനാനുഭവമാകുന്നുണ്ട്‌. ബുക്ക്‌ എഡിറ്റിങ്ങിനു മാതൃകയായി കാണിക്കാവുന്ന രണ്ടു പുസ്‌തകങ്ങള്‍.

അനുഭവം, ഓര്‍മ, യാത്ര എന്നിങ്ങനെ മൂന്നു ഭാഗങ്ങളുണ്ട്‌ ഓരോ പുസ്‌തകത്തിലും. അനുഭവക്കുറിപ്പുകളുടെ വിഭാഗത്തിലുള്ള രചനകളോരോന്നും ജീവിതത്തിന്റെ ചൂരും ഇളം ചൂടും നല്‍കുന്നവയാണ്‌. അക്‌ബര്‍ കക്കട്ടിലിന്റെ പുസ്‌തകത്തിലെ ആദ്യ ഭാഗങ്ങള്‍ ഇങ്ങനെ- ഇതു കഥയല്ല. ഉപ്പ ആദ്യം ഒരു കല്യാണം കഴിച്ചിരുന്നു. കന്നി പ്രസവത്തില്‍ ആ അമ്മയും കുഞ്ഞും മരിച്ചു പോവുകയാണുണ്ടായത്‌. ഉമ്മയെയും ആദ്യമൊരാള്‍ കല്യാണം കഴിച്ചിട്ടുണ്ട്‌... സ്വന്തം മാതാപിതാക്കളെക്കുറിച്ച്‌ ഇതിനെക്കാള്‍ ലളിതസുഭഗമായും എഴുതാന്‍ ഏതെഴുത്തുകാരനാണ്‌ കഴിയുക. വായന രസകരമാ ഒരനുഭവമാക്കുന്ന എഴുത്തുകാരനാണ്‌ അക്‌ബര്‍ കക്കട്ടില്‍. അദ്ദേഹമെഴുതുന്നത്‌ എന്തു തന്നെയായാലും നാം അറിയാതെ വായിച്ചിരുന്നു പോകും. അത്ര ലളിതവും രസകരവുമാണ്‌ അദ്ദേഹത്തിന്റെ ശൈലി. പൊതുവേ എഴുത്തുകാരുടെ അനുഭവക്കുറിപ്പുകളില്‍ ആത്മപ്രശംസ മാത്രം കടന്നുവരുമ്പോള്‍ അക്‌ബര്‍ കക്കട്ടിലിന്റെയും പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെയുമൊക്കെ രചനകളില്‍ ആത്മപരിഹാസത്തിന്റെ നര്‍മവും ആത്മാര്‍ഥതയുടെ സുഗന്ധവുമാണ്‌ ഉണ്ടാവുക. ആറ്‌ അനുഭവക്കുറിപ്പുകളും പന്ത്രണ്ട്‌ ഓര്‍മക്കുറിപ്പുകളും അഞ്ച്‌ യാത്രാ ക്കുറിപ്പുകളുമാണ്‌ അക്‌ബര്‍ കക്കട്ടിലിന്റെ പുസ്‌തകത്തിലുള്ളത്‌. കക്കട്ടിലിന്റെ യാത്രക്കുറിപ്പുകളും വായനക്കാരെ സഞ്ചാരദേശങ്ങളിലേക്ക്‌ കൂട്ടിക്കൊണ്ടു പോകുന്നവ തന്നെ.

1 comment:

  1. അവലോകനം നന്നായി.
    അക്ബര്‍ കക്കട്ടിന്‍റെ "അനുഭവം യാത്ര ഓര്‍മ"
    വായിക്കണം..
    ആശംസകള്‍

    ReplyDelete

താങ്കൾ എന്തുപറയുന്നു പുസ്തക വിചാരത്തെപ്പറ്റി ?