രചയിതാവ് : എന്‍.പ്രഭാകരന്‍
പ്രസാധകര്‍ : കൈരളി ബുക്സ്
അവലോകനം : അരുണ്‍ ഭാസ്കരന്‍
തീയൂര്‍ രേഖകള്‍ എന്ന നോവല്‍ എഴുതിയ എന്‍.പ്രഭാകരന്റെ ഒരു യാത്രാവിവരണഗ്രന്ഥമാണ് കുടക് കുറിപ്പുകള്‍. 1985 മുതലുള്ള പത്തിരുപത് കൊല്ലക്കാലം അദ്ദേഹം കുടകിലേയ്ക്ക് നടത്തിയ യാത്രകളാണ് ഈ പുസ്തകത്തിന്റെ ആധാരം. കുടകരുടെ ദൈവസങ്കല്‍പങ്ങളും രാഷ്ട്രീയവും സാംസ്കാരികവുമായ പ്രത്യേകതകളും ഒക്കെ കൗതുകത്തോടെ നോക്കിക്കാണുന്ന ഒരു വടക്കന്‍ മലബാറുകാരന്റെ കണ്ണുകള്‍ ഈ പുസ്തകത്തിലുടനീളം നമുക്ക് കാണാം. ഗൗരവമേറിയ ഒരുപാട് കാഴ്ചകള്‍ അദ്ദേഹം കാണുന്നുവെന്നതിനാല്‍ കുറിപ്പുകള്‍ക്കും ഗൗരവമേറെയാണ്. അലസമായ ഒരുവായനയ്ക്കുപരി ആഴത്തിലുള്ള പല വായനകളാണ് ആ കുറിപ്പുകള്‍ നമ്മളോട് ആവശ്യപ്പെടുന്നത്. എനിക്കതിന് സാധിച്ചോ എന്നുറപ്പില്ലെങ്കിലും:)
ഈ കുറിപ്പുകളുടെ ഒരു പ്രധാനപോരായ്മ അവ ഏത് കാലത്തെഴുതിയതാണെന്ന് വായനക്കാരനെ അറിയിക്കുന്നില്ല എന്നതാണ്. 1985 മുതല്‍ നടത്തിയ യാത്രകളെക്കുറിച്ച് 2008 ല്‍ കൈരളി ബുക്സ് പ്രസിദ്ധീകരിച്ച ഒരു പുസ്തകം 2012 ല്‍ ഞാന്‍ വായിക്കുമ്പോള്‍ എഴുത്തുകാരന്‍ കണ്ട ആ നാട് ഇന്ന് നിലനില്കുന്നുണ്ടെന്ന് ഒരിക്കലും കരുതാനാവില്ല. കുടകിന്റെ സ്ഥിതിയും മറിച്ചാവാന്‍ തരമില്ലെന്ന പൊതുനിയമം സത്യമാണെങ്കില്‍ ഒരിക്കല്‍ ഉണ്ടായിരുന്ന കുടകിനെ പറ്റിയുള്ള എന്‍.പ്രഭാകരന്റെ ഓര്‍മകളാണ് ഈ പുസ്തകമെന്ന് പറയേണ്ടി വരും.
പില്‍കാലത്ത് കതിവന്നൂര്‍ വീരന്‍ എന്ന തെയ്യമായി മാറിയ മാങ്ങാട്ടുകാരനായ മന്ദപ്പന്‍ അച്ചനോട് തെറ്റിപ്പിരിഞ്ഞ് കുടകിലേയ്ക്ക് പോയ വഴിയിലൂടെ 1985 മുതലിങ്ങോട്ട് എഴുത്തുകാരന്‍ നടക്കാന്‍ തുടങ്ങുന്നതോടെയാണ് പുസ്തകം ആരംഭിക്കുന്നത്. മനുഷ്യനായി മലകയറിയ മന്ദപ്പന്‍ ദൈവമായാണ് മലയിറങ്ങുന്നത്. എഴുത്തുകാരനും സമാനമായ ഒരനുഭവം കുടക് നല്‍കിയിരിക്കണം. കുടകിലേയ്ക്ക് പറങ്കിയണ്ടി കള്ളക്കടത്ത് നടത്തുന്നവരേയും വൈകുന്നേരങ്ങളില്‍ ഉറവെടുക്കുന്ന മൂലവെട്ടി എന്ന നാടന്‍ ചാരായത്തിനായി ആലസ്യത്തോടെ കാത്തുകിടക്കുന്ന കാഞ്ഞിരക്കൊല്ലി പോലുള്ള ഗ്രാമങ്ങളേയും പിന്നിട്ട്, ക്ഷയിക്കാത്ത കുടക് കാടുകളുടെ ആഴത്തിലൂടെ ഒരു ഒറ്റമരം നോക്കിയുള്ള യാത്രയാണത്. അങ്ങകലെ നിന്നേ കാണാം ആ മരം. ആ മരമെത്തിയാല്‍ കുടകിലെത്തി എന്നര്‍ഥം !
പന്ത്രണ്ട് അധ്യായങ്ങളാണ് ഈ പുസ്തകത്തിനുള്ളത്
ദൈവത്തിന്റെ വഴിയില്‍ എന്ന ഒന്നാമധ്യായവും ഒരു മരം: ഒറ്റമരം എന്ന രണ്ടാമധ്യായവും കുടകിലേയ്ക്കുള്ള വഴിക്കാഴ്ചകളാണ്.ഒരു മുന്നറിയിപ്പും കുറേ വസ്തുതകളും എന്ന മൂന്നാമധ്യായം മുതല്‍ നാം കടകിനെ അനുഭവിക്കാന്‍ തുടങ്ങുന്നു. കുടകിലെ പ്രകൃതിയുടെയും സ്ത്രീകളുടെയും പുരുഷന്മാരുടെയും ഭംഗിയെപ്പറ്റി കാലങ്ങളായി നാം അറിഞ്ഞ സത്യങ്ങള്‍ പിന്നെയും നമ്മോട് പറയുന്ന എഴുത്തുകാരന്‍ അതു മാത്രമല്ല സത്യമെന്നുകൂടി നമുക്ക് ചൂണ്ടീക്കാണിച്ചുതരുന്നു.
കദനത്തിന്റെ ഊരില്‍ എന്ന നാലാമിടം കതിവന്നൂര്‍ വീരനായ മന്ദപ്പന്റെ ഓര്‍മകളാലാണ് നിറയുന്നത്. അരിവാളും കുരിശും എന്ന പേരുള്ള തൊട്ടടുത്ത ഭാഗത്താവട്ടെ കേരളത്തില്‍ നിന്ന് പോയി കുടകില്‍ കമ്യൂണിസ്റ്റ് ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന ഗോണിക്കൊപ്പയിലെ സഖാക്കള്‍ നിറയുന്നു.
ഗോണിക്കൊപ്പയിലെ തന്നെ ആത്മീയ എന്ന സ്ഥാപനത്തിലെ തുളസീദേവിയെയും അരവിന്ദ ആര്യയെയും കുടകിന്റെ തനത് സാംസ്കാരികത കാക്കുന്നതിനായി അവര്‍ നടത്തുന്ന ശ്രമങ്ങളെയും പറ്റിയാണ് ആറാംഭാഗം. പഴയകാലത്ത് നെല്ലു നിറച്ച പത്തായങ്ങള്‍ക്ക് കാവല്‍ നിന്നിരുന്ന പത്തായമുത്തശ്ശിമാരുടെ മരപ്രതിമകള്‍ മുതല്‍ ആധുനികകാലത്ത് നിര്‍മിച്ചെടുത്ത പാരമ്പര്യ കലാരൂപങ്ങളെ വിമര്‍ശിച്ചതിനാല്‍ ആത്മീയ നേരിടുന്ന പ്രശ്നങ്ങള്‍ വരെ ഇതില്‍ നമുക്ക് വായിക്കാം
കുശാലപ്പ എന്ന നെല്‍കൃഷിക്കാരനെക്കുറിച്ചുള്ള ഏഴാം ഖണ്ഡം കുടകിലെ നെല്‍കൃഷിയെപ്പറ്റിയും പുന്നെല്ലും പൊലിപ്പാട്ടും പത്തായം നിറവും അടക്കം നെല്ല് നമുക്ക് തന്ന ഉത്സവങ്ങളെപ്പറ്റിയും കുടകരുടെ ആതിഥ്യമര്യാദയെപ്പറ്റിയും പറയുന്നു. ഒപ്പം നെല്ല് മെല്ലെമെല്ലെ കളമൊഴിയുന്ന കാഴ്ചയും നാം കാണുന്നു. എരുമാട് എന്നു പേരിട്ട എട്ടാം ഭാഗം കുടകിലെ മതബന്ധങ്ങളെപ്പറ്റി നമ്മോട് പറയുന്നു.
കാരണവനാര്‍ ദൈവങ്ങളായി കൂട്ടുകുടുംബങ്ങളുടെ ആരാധ്യനായി കഴിഞ്ഞിരുന്ന, മഞ്ഞുരുകും പോലെ മാഞ്ഞുപോവുന്ന കാഴ്ചകളും കേരളത്തില്‍ നിന്നെത്തി കുടകില്‍ നിലയുറപ്പിച്ച ദൈവങ്ങളും ദ്രാവിഡരെന്ന് അഭിമാനിക്കുമ്പോഴും മെല്ലെമെല്ലെ ബ്രാഹ്മണവാഴ്ചകള്‍ക്ക് കീഴ്പ്പെടുന്ന കുടകന്റെ മത-സാംസ്കാരികബോധവുമെല്ലാം ദൈവങ്ങളുടെ ദേശാടനം എന്ന ഭാഗത്ത് വിവരിക്കപ്പെടുന്നു. ഇതിന്റെ തുടര്‍ച്ചയില്‍ ഹെബ്ബാലെയിലെ കാട്ടിലുള്ള ക്ഷേത്രത്തില്‍ നടക്കുന്ന ലിംഗോത്സവത്തിന്റെ അമ്പരപ്പിക്കുന്ന രംഗങ്ങളാനുള്ളത്.
അവസാനത്തെ രണ്ടു ഭാഗങ്ങളില്‍ സൗന്ദര്യങ്ങള്‍ക്കും കഥകള്‍ക്കുമപ്പുറം കുടകന്റെ യഥാര്‍ഥ ജീവിതത്തെപ്പറ്റിയും ദേശത്തിന്റെ സ്വകാര്യമായ സംസ്കാരങ്ങള്‍ ലോകത്തിന്റെ പൊതുവായ സംസ്കാരത്താല്‍ തിരസ്കരിക്കപ്പെടുമ്പോള്‍ നാട് കടക്കാനൊരുമ്പെടുന്ന കുടകരെപ്പറ്റിയും കാട്ടിത്തരുന്നു. ഈ പുസ്തകത്തിലെ ഏറ്റവും മനോഹരമായ രംഗവും അവസാന അധ്യായങ്ങളിലൊന്നിലാണ്. നിയമവിരുദ്ധമായ പാക്കറ്റ് ചാരായവും മുളമ്പാത്തിയില്‍ കൂടി ഒഴുകിയെത്തുന്ന വെള്ളവും തേടി നിശബ്ദമായി മെഴുകുതിരിയുടെ വെളിച്ചത്തില്‍ എത്തുന്ന ജനങ്ങള്‍ ഒരു പൗരാണികാചാരമെന്ന പോലെ തെളിയുന്ന കാഴ്ച. സത്യം പക്ഷേ എത്രയോ അകലെയാണെങ്കിലും. മലയാളികള്‍ തൊഴിലന്വേഷിച്ച് കുടകില്‍ ചെന്ന ആ പഴയകാലത്തും കഥകള്‍ക്കപ്പുറം ഇത്തരം കയ്പ് നിറഞ്ഞ നേരുകളുണ്ടായിരുന്നു എന്നും എന്‍ പ്രഭാകരന്റെ ഈ പുസ്തകം നമ്മോട് പറയും. ഇങ്ങനെ ....
നാട്ടില് ചായ മന്താളത്തില്
കൊടകില് പോയപ്പൊ ആട
ചായ വക്കുപൊട്ടിയ മന്താളത്തില്
No comments:
Post a Comment
താങ്കൾ എന്തുപറയുന്നു പുസ്തക വിചാരത്തെപ്പറ്റി ?