പുസ്തകം : വീണ്ടുമൊരു മണ്ണാങ്കട്ടയും കരിയിലയും
രചയിതാവ് : ജയ്‌നി
പ്രസാധകര്‍ : പായല്‍ ബുക്സ്
അവലോകനം : രണ്‍ജിത് ചെമ്മാട്
'ഡിജിറ്റലൈസ് യുവര്‍ ഡ്രീംസ് ' എന്ന ആപ്‌തവാക്യത്തിന്റെ അനുരണനങ്ങളിലൂടെ പുതിയ കാലത്തിലേയ്‌ക്ക് തുഴഞ്ഞുകൊണ്ടിരിക്കുന്ന അനേകായിരം നാവികരുള്ള ഒരു കപ്പല്‍ചാലിലൂടെയാണ് നാം സഞ്ചരിക്കുന്നത്!
ഒറ്റ വിരല്‍ വണ്ണത്തില്‍ ഒരായിരം വികാരങ്ങളെ പ്രകാശതരംഗങ്ങളാക്കി, കൃത്യമായ അനുപാതത്തിലൂടെ അതാത് തുറമുഖങ്ങളിലേക്കെത്തിക്കുന്ന അതിനൂതന ഓപ്‌റ്റിക്കല്‍ ഫൈബര്‍ സംവേദനരീതിയുടെ രസതന്ത്രങ്ങള്‍ മെനയുന്ന പുതുനാവികരുടെ കടല്‍ച്ചാലുകളിലൂടെയാണ് ഇന്നിന്റെയും, വരാന്‍ പോകുന്ന നാളെയുടെയും ഭാവി നാവിഗേറ്റ് ചെയ്യപ്പെടുന്നത്.
നിയതമായ പ്രോഗ്രാമുകള്‍ ഫീഡ് ചെയ്യപ്പെട്ട് യാന്ത്രികമായ് സഞ്ചരിച്ചുകൊണ്ടിരിക്കുന്ന പുതുകാലത്തിന്റെ വക്താക്കള്‍ ഏത് ദുര്‍ബുദ്ധിയിലാണ് പ്രാക്തനാപാരമ്പര്യത്തിന്റെ കാവ്യശീലുകളെ താലോലിക്കാന്‍ മുതിരുന്നത്?
തികച്ചും ന്യായമായ ചോദ്യം!
ഉത്തരമില്ല!!
കാവ്യാനുരണനങ്ങള്‍ക്കും ശീലുകള്‍ക്കും ഛന്ദസ്സുകള്‍ക്കും യാതൊരു കാവ്യതീവ്രതയ്‌ക്കും അധിനിവേശിക്കാന്‍ കഴിയാത്ത ഉറപ്പുള്ള കോട്ടകൊത്തളങ്ങള്‍ക്കുള്ളില്‍ സുരക്ഷിതരാണ് ഇന്നിന്റെ യൗവ്വനം. ഷോര്‍ട്ട് മെസ്സേജിംഗ് സര്‍വ്വീസ് ബോട്ടുകളും, അരനിമിഷത്തിന്റെ ചിരിയനക്കങ്ങളൊരുക്കുന്ന ഫോര്‍വേര്‍ഡഡ് ജോക്കുകളും, വിര്‍ച്ച്വല്‍ ലഹരിയിലൂടെ രതി പകരുന്ന മള്‍ട്ടിമീഡിയ സര്‍വീസുകളും, ജീവനില്ലാത്ത, മണമില്ലാത്ത, രസമുകുളങ്ങളില്ലാത്ത ചാറ്റ് ദാമ്പത്യവും ചേര്‍ന്ന് വിര്‍ച്ച്വല്‍ സമ്പൂര്‍ണ്ണത കൈവരിച്ച പ്രതിനിധികളില്‍ നിന്ന്, നിരതെറ്റിയോടുന്ന ചില അനക്കങ്ങള്‍ കാണാം.
നിയതമായ വഴികളിലൂടെ നിരനിരയായി സഞ്ചരിക്കുന്നതൊന്നും കാഴ്‌ചയില്‍ ചലനങ്ങളുണ്ടാക്കില്ല, അചേതനമായ മറ്റെന്തും ഉണ്ടാക്കുന്ന കാഴ്‌ചയുടെ, കേള്‍വിയുടെ, അരസികത മാത്രമേ മറ്റെന്തിനെയും പോലെ ഈ പിന്തുടര്‍ച്ചയും പകര്‍ന്നു തരൂ. അവിടെയാണ് കൂട്ടം തെറ്റല്‍ പകര്‍ന്നു തരുന്ന വേറിട്ട അമൂര്‍ത്തസൗന്ദര്യം നമുക്ക് നുകരാന്‍ കഴിയുക. കാഴ്‌ച്ചയിലും കേള്‍വിയിലും രസത്തിലും സ്വത്വത്തിലേയ്‌ക്കും വരെ പകര്‍ന്നു നല്‍കുന്ന വ്യതിചലനങ്ങള്‍ നല്‍കുന്ന ഊര്‍ജ്ജം ശീലുകള്‍ക്കും താളത്തിനും ബിംബത്തിനും ലയത്തിനും ഗ്രാഹ്യത്തിനുമപ്പുറത്തേയ്‌ക്ക് കവിതയെന്ന വികാരത്തിലേയ്‌ക്ക് ഉരുകിച്ചേരുന്നു.
'വെയില്‍ കനക്കുമ്പോഴങ്ങനെയാണ്/
മിനുത്തമുഖവും കരുവാളിക്കും/
പൊഴിഞ്ഞ മഴയുടെ അവസാന തുള്ളിയും/
കുടിച്ചിട്ടും വരണ്ടു പോയ വെയില്‍/
സന്ധ്യയെ വിഴുങ്ങി/
രാവെത്തുമ്പോഴും/
തിളച്ച ചൂടിനെ ബാക്കിയാക്കി/
വെയിലൊരു വേള മാറി നില്‍ക്കും/
നാളെയുടെ പുലരിത്തുടിപ്പുകളെ/
കുടിച്ചുവറ്റിക്കാനിരുളില്‍ /
ഒളിച്ചിരുപ്പാണ് വെയില്‍/'
'വെയില്‍' എന്ന കവിതയിലൂടെ ജയ്‌നി തുടങ്ങിവയ്‌ക്കുന്നതിങ്ങനെയാണ്. പൊഴിഞ്ഞ മഴയുടെ അവസാന തുള്ളിയും കുടിച്ചിട്ടും വരണ്ടു പോയ വെയില്‍. ചുട്ടുപഴുത്ത ഇന്ദ്രിയങ്ങളിലേയ്‌ക്ക് നനവാര്‍ന്ന ഒരു സ്വപ്‌നമെങ്കിലും പകരാന്‍ കൊതിക്കുന്ന, സമ്പൂര്‍ണ്ണമായ അധിനിവേശിക്കപ്പെട്ട ഒരു ജനതയുടെ പ്രതീകമാണ്. ഒരു മഴത്തുള്ളിയെ സ്വപ്‌നം കണ്ട്, ജൈവികമായ ഒരു നീര്‍ത്തടത്തിലെ ആവാസവ്യവസ്ഥയിലേയ്‌ക്ക് ലയിക്കാന്‍ കൊതിക്കുന്ന ഉര്‍വ്വരമായ യുവമനസ്സിന്റെ തേങ്ങലുകളെല്ലാം വളരെ അലസവും അരസികവുമെന്നു തോന്നിക്കുന്ന വരികളിലൂടെ അടുക്കിവെയ്‌ക്കുന്നുണ്ട് കവി.
അമൂര്‍ത്തമായ കോറിയിടലുകളിലൂടെ അലസമായ നിറച്ചാര്‍ത്തുകളിലൂടെ അചേതനമെന്ന് തോന്നിക്കുന്ന ബിംബങ്ങളിലൂടെ പുതിയ കാലത്തിന്റെ കാവ്യചേരുവ രൂപം കൊള്ളുന്നു.
വൃത്തവും ഈണവുമില്ലാത്ത പുതുകവിത നമ്മെ അലോസരപ്പെടുത്തുന്നത്, ആന്തരികമായി സംവേദിക്കുന്ന നമ്മുടെ നേരനുഭവങ്ങളിലേക്ക് ലയിക്കപ്പെടുമ്പോഴാണ്, ഓരോ വരികളിലും തിരിച്ചും മറിച്ചും രൂപകല്‍പ്പന ചെയ്‌ത മുള്‍മുനകള്‍ കൈതയോലപോലെ നമ്മെ മുറിവേല്‍പ്പിക്കുന്നു. വാര്‍ന്നൊഴുകുന്ന രക്തനനവുകളില്‍ പതുക്കെ തണുത്ത് നാം നമ്മോട് തന്നെ സമരസപ്പെടുകയും വീണ്ടും കലഹിക്കുകയും ചെയ്യുന്നു. ഓരോ വായനയുടെയും രസതാളങ്ങളില്‍ ഉരുക്കഴിക്കുകയും വീണ്ടും മുറുക്കുകയും ചുറ്റിവരിയുകയുംചെയ്യുന്ന വരികളിലൂടെ ഉറയൊഴിക്കാനായ സര്‍പ്പത്തെപ്പോലെ നാം അലോസരപ്പെടുന്നു. പുതുകവിത ശീലുകളില്ലാത്ത മൂര്‍ച്ചയിലൂടെ അനുഭവഭേദ്യമാകുന്നു.
ഒറ്റമൂലികളും ചേരുവകളും സമം ചേര്‍ത്ത് ആസ്വാദ്യതയുടെയും സ്വീകാര്യതയുടെയും നെയ്‌മധുരക്കൂട്ടുകളും മേമ്പൊടി ചേര്‍ത്ത്, വായനാ രോഗിക്കു വേണ്ടി പാകപ്പെടുത്തിയെടുക്കുന്ന രചനാ സങ്കല്‌പ്പമല്ല, ജയ്‌നിയുടെ വരികളില്‍ കാണുന്നത്.
അതില്‍നിന്നൊക്കെ വഴുതിമാറി, സ്വീകാര്യതയെന്ന അത്യന്തം അപകടകാരിയായ, പുതുവിതയുടെ കീടാണുവിനെ നിഷ്‌കരുണം ചവിട്ടിയരച്ച്, കൂസലെന്യേ എഴുതിത്തെറിപ്പിക്കുന്ന മൂര്‍ച്ചയേറിയ വാക്കുകളുടെ കൂര്‍ത്തതും പിളര്‍ന്നതുമായ തുണ്ടുകളെ അമൂര്‍ത്തമായി അടുക്കി വച്ചുകൊണ്ടാണ് ഇവിടെ കവി കവിതയെന്ന നിര്‍മ്മിതികള്‍ അടുക്കിപ്പെറുക്കി ഉറപ്പിക്കുന്നത്. ഒറ്റവായനയില്‍ അത്യാകര്‍ഷകമായതൊന്നും സംഭവിക്കുന്നില്ലെങ്കിലും തുടര്‍വായനയിലേയ്‌ക്ക് അലസമായി ക്ഷണിക്കുകയും പിന്നീട് ക്ഷണിക്കാതെ തന്നെ അബോധത്തിലൂടെ അവിടേയ്‌ക്ക് ചേക്കേറാന്‍ തുനിയുകയും ചെയ്യുന്ന കാക്കക്കൂടുകള്‍ പോലെ തലങ്ങും വിലങ്ങും നീണ്ടും കൂര്‍ത്തും മുള്ളു കൊണ്ടും ചിലമ്പിയാര്‍ത്തും തലയ്‌ക്ക് ചുറ്റും മൂളലോടെ പറന്നുകൊണ്ടിരിക്കുന്ന ഒരു ജൈവ ആക്രമണമായി കവിത വായനക്കാരനിലേയ്‌ക്ക് ആവേശിക്കുന്നു.
ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ ഡെസ്‌ക് ടോപ്പ് പബ്‌ളിഷിങ്ങില്‍ വിദഗ്‌ധയായ കവി, ജോലിസംബന്ധമായ സാങ്കേതികവിവരണങ്ങളെയും ഇ-ലോകത്തിന്റെ നേര്‍ക്കാഴ്‌ചകളെയും ചൂഷണങ്ങളെയും സാദ്ധ്യതകളെയും വരെ വിവിധ ബിംബങ്ങളിലൂടെ കവിതയിലേയ്‌ക്ക് സന്നിവേശിപ്പിച്ചിട്ടുണ്ട്. സൈബര്‍ കാലത്തിന്റെ പ്രതിനിധികളായ ഏതൊരു പുതുകവിയെയും പോലെ ഇത്തരം വിഷയം കൈകാര്യം ചെയ്യുമ്പോഴും വ്യത്യസ്‌തവും ലളിതവുമായ ഘടനാവിശേഷം ജന്മസിദ്ധമായ കൈയ്യടക്കത്തില്‍ ഭദ്രമാകുന്നുണ്ട്.
മഞ്ഞയാണിന്നു ഞാനെങ്കിലോ നീ നീല/
നമ്മളീ ഭൂമിയെ പച്ചയാക്കും /
നീ മുകില്‍, ഞാനതില്‍ നിന്നൊഴുകിടു/
മുര്‍വരത നല്‍കിടും കാലവര്‍ഷം /
നീ തൂലിക, ഞാനതില്‍ നിന്നിറ്റു വീഴു /
മറിവിന്റെയക്ഷരത്തുള്ളി /
ഞാനിറുങ്ങനെ പൂത്തിടും കര്‍ണ്ണികാരം /
നീയതിലുണര്‍ന്നിടും വിഷുപ്പുലരി /
നീ ഹരന്‍, ഞാന്‍ നിന്നര്‍ദ്ധമേനിയ്‌ക്കധിപ /
നിന്നിഷ്‌ടവധുവാം ഹിമശൈലപുത്രി
'മറുപാതി` എന്ന കവിതയിലൂടെ വ്യത്യസ്‌തവും അടുക്കും ചിട്ടയോടെയുമുള്ളതുമായ ബിംബങ്ങള്‍ മനോഹരമായി ഇണക്കിച്ചേര്‍ത്തിട്ടുണ്ട് കവി.
മണ്ണാങ്കട്ടയയും കരിയിലയുമെല്ലാം നമ്മള്‍ കഥ കേട്ടുതുടങ്ങിയ നാള്‍ മുതലുള്ള അനാദിബിംബങ്ങളാണ്. എന്നാല്‍ പുതു നിര്‍മ്മിതിയുടെ രസതന്ത്രങ്ങള്‍ പുതിയ കാലത്തിന്റെ രസവേഗങ്ങളെ ആവോളം പുതുക്കി നിമിഷങ്ങള്‍ മാത്രം ആയുസ്സുള്ള പുതുബിംബങ്ങളെ പ്രതിഷ്‌ഠിക്കുമ്പോള്‍ പല സൃഷ്ടികളും അരോചകവും അപ്രാപ്യവും ആകുന്നു. ബന്ധുദേശവാസികള്‍ക്ക് മാത്രം പ്രാപ്യമായ പുതിയ രസക്കൂട്ടുകളിലേയ്‌ക്ക് പുതു നിര്‍മ്മിതികള്‍ കൂടു മാറുമ്പോള്‍ അപ്രാപ്യരായ മറുദേശക്കാര്‍ക്ക് നിര്‍മ്മിതിയുടെയും നിര്‍മ്മാണത്തിനാവശ്യമായ ഇമേജുകളുടെയും മുന്നില്‍ വാ പൊളിച്ച് നില്‍ക്കേണ്ട ദുരന്തം പുതുകവിതയുടെ പല രചനകളിലും കാണാം കഴിയും, അത്രമേല്‍ പരിചിതമല്ലാത്ത ദേശ വൈശിഷ്ട്യങ്ങളെ സമ്പര്‍ക്കമില്ലാത്ത ഭൂമികയിലേയ്‌ക്കു കൂടി പരിചയപ്പെടുത്തുക എന്നൊരു ദീര്‍ഘവീക്ഷണം അത്തരം രചനാ ശൈലികളില്‍ പ്രതിഫലിക്കുന്നു എന്നൊരു മറുവാദവുമുണ്ട്, എന്നാല്‍ ഇത്തരം ന്യായാന്യായങ്ങള്‍ക്കിടയിലാണ് മണ്ണാങ്കട്ടയുടെയും കരിയിലയുടെയും ദഹനലാളിത്യം നമുക്ക് അനുഭവഭേദ്യമാകുന്നത്.
തകര്‍ത്തു പെയ്യുന്ന പേമാരിയില്‍/
നിനക്കായ് ഞാന്‍ ഓലക്കുടയാകാം/
എന്റെ കാര്‍കൂന്തലിന്നിരുട്ടില്‍/
നിന്നെ ഞാന്‍ ഒളിപ്പിച്ചു വെയ്‌ക്കാം/
പ്രിയ സ്‌നേഹിതാ നമുക്കൊന്നായ് നടക്കാം/
കൊടുങ്കാറ്റിലെന്‍ കാലിടറുമ്പോള്‍/
എനിക്കു മുകളിലൊരു ഭാരമായമരുക/
`വീണ്ടുമൊരു മണ്ണാങ്കട്ടയും കരിയിലയും' എന്ന കവിതയിലൂടെ അതിലളിതമായി പ്രണയതീവ്രത വരച്ചുവെച്ച് ജയ്‌നി ഇത്തരം ബിംബങ്ങളെ പുനരവതരിപ്പിക്കുന്നു.
മഴയിലലിഞ്ഞും കാറ്റില്‍ പറന്നും/
ഒരു കഥയായ് മായുവോളം/
പ്രിയ സ്‌നേഹിതാ നമുക്കൊന്നായ് നടക്കാം
എന്ന് അവസാനിക്കുമ്പോള്‍ പഴം കഥയുടെ മിത്തുകളില്‍ നിന്ന് പുതുജീവിതം വരച്ചിടുകയും, ഒരു നുരയുന്ന ബിയര്‍ബോട്ടിലിന്റെ ആയുസ്സുള്ള പ്രണയത്തെ ഒരു കഥയായ് മാറുന്നതുവരെയുള്ള സമയത്തിലേയ്‌ക്ക് സന്നിവേശിപ്പിക്കുകയും ചെയ്യുന്നു. കഥയില്‍ നിന്നു തുടങ്ങി ക്ഷണികമായ ജീവിതത്തിന്റെ ഒറ്റ ക്യാന്‍വാസില്‍ ഒരു പോസ്റ്റ് മോഡേണ്‍ ചിത്രം പോലെ മഴയും കാറ്റും പ്രളയവും സന്നിവേശിപ്പിച്ച്, വിസ്‌മയിപ്പിച്ച്, വീണ്ടും കഥയിലേയ്‌ക്ക് തന്നെ ബിംബങ്ങളെ തിരികെ പറഞ്ഞയയ്‌ക്കുകയും ചെയ്യുന്ന, തികച്ചും ലളിതവും വിസ്‌മയാവഹവുമായ ഘടനാ വൈഭവം വെച്ചു പുലര്‍ത്തുന്നുണ്ട് കവയത്രി ഇവിടെ.
മലയാളം കവിതാ ബ്‌ളോഗിലും ഓണ്‍ലൈന്‍ ഇടങ്ങളിലും ശ്രദ്ധേയമായ സാന്നിദ്ധ്യമായ ജയ്‌നിയുടെ പ്രണയവും വിരഹവും മഴയും കടലും സൈബര്‍ വിഷയങ്ങളും എല്ലാം വിഷയമാകുന്ന കവിതകള്‍ ഈ സമാഹാരത്തിലുണ്ട്. അമിത പ്രതീക്ഷയില്ലാത്ത വായനയുടെ ലളിതവും വശ്യവുമായ തലങ്ങളിലേയ്‌ക്ക് കൂട്ടുകൊണ്ടുപോകുകയും കവിതയുടെ ലഹരിയിലേയ്‌ക്ക് ലളിതമായി നുഴഞ്ഞിറങ്ങാന്‍ തുനിയുന്ന ഒരു സാധാരണ കാവ്യാനുയാത്രികനെ തൃപതിപ്പെടുത്തുകയും ചെയ്യുന്ന എല്ലാ ചേരുവകളും കലര്‍പ്പില്ലാതെ ഈ സമാഹാരത്തില്‍ ചേര്‍ന്നിട്ടുണ്ട് എന്ന് നിസ്സംശയം പറയാം...
മിന്നിമറിയുന്ന മയില്‍പ്പീലിത്തുണ്ടുകളിലല്ല/
നിന്റെ കണ്ണുകള്‍ ഞാനാദ്യം കണ്ടത്/
കൈക്കുടന്നയില്‍ നിറയുന്ന മഞ്ചാടിക്കുരുവിന്റെ/
വര്‍ണ്ണശബളിമയിലല്ല നിന്‍ കവിള്‍തുടിപ്പറിഞ്ഞത്/
പാതി ഞാനും പാതിനീയുമെന്നോതുന്ന/
കുന്നിക്കുരുമണികളിലല്ല നിന്നെയറിഞ്ഞത്/
തെരുവീഥികളിലേകനായ് തീവെയിലേറ്റു
പൊള്ളിത്തിണര്‍ത്ത കവിള്‍ത്തടങ്ങളില്‍ നിന്നെയറിഞ്ഞു...
'അവസാനം' എന്ന കവിതയില്‍ കവി വിശേഷിപ്പിക്കുന്ന പോലെത്തന്നെയാണ് നമ്മള്‍ ജയ്‌നിയുടെ കവിതകളും അറിഞ്ഞുകൊണ്ടിരിക്കുന്നത്.
"ജയ്‌നിയുടെ കവിതകള്‍; പ്രാക്തനാപാരമ്പര്യത്തിന്റെ ഡിജിറ്റല്‍ രൂപകങ്ങള്‍" എന്ന പേരില്‍ പുസ്തകത്തിന് എഴുതിയ അവതാരികയില്‍ നിന്നും.
ആശംസകൾ... ഇനിയും വരട്ടെ ഇതു പോലുള്ള പരിചയപ്പെടുത്തലുകൾ
ReplyDelete