Tuesday, July 10, 2012

മരുഭൂമിയുടെ ആത്മകഥ

പുസ്തകം : മരുഭൂമിയുടെ ആത്മകഥ
രചയിതാവ് : വി.മുസാഫിര്‍ അഹമ്മദ്
പ്രസാധകര്‍ : കറന്റ് ബുക്സ്, തൃശൂര്‍
അവലോകനം : ചെറുവാടിമുഹമ്മദ്‌ അസദിന്റെ "റോഡ്‌ റ്റു മക്ക " എന്ന പുസ്തകമാവണം മരുഭൂമിയെ കുറിച്ച് ഏറ്റവും മനോഹരമായി പറഞ്ഞിട്ടുണ്ടാവുക. ഇന്നും ലോകത്തിന്റെ പ്രിയപ്പെട്ട വായനയില്‍ ആ പുസ്തകമുണ്ട്. പക്ഷെ മരുഭൂമിയുടെ ഹൃദയത്തിലേക്ക് ഇറങ്ങിച്ചെന്ന് അതിന്റെ ഹൃദയ മിടിപ്പിന്റെ താളവും ഭാവവും തുറന്നു കാണിക്കുന്ന ഒരു കൃതിയെ സന്തോഷപൂര്‍വ്വം പരിചയപ്പെടുത്തട്ടെ..

ശ്രീ . മുസഫര്‍ അഹമ്മദിന്റെ " മരുഭൂമിയുടെ ആത്മകഥ " എന്ന യാത്രാ വിവരണ ഗ്രന്ഥം വായനയില്‍ ലഹരിയായി പടര്‍ന്ന രണ്ട് ദിവസങ്ങള്‍ ആയിരുന്നു കഴിഞ്ഞു പോയത്. അതായത് മരുഭൂമി ഒരേ സമയം വിസ്മയവും വിഭ്രമവും ആകുന്ന അവസ്ഥകളെ വായനയില്‍ പിന്തുടര്‍ന്ന അനുഭവം. പേരിനെ അന്വര്‍ത്ഥമാക്കും വിധം മരുഭൂമിയുടെ ആത്മകഥ എഴുതുക തന്നെയാണ് ഇവിടെ മുസഫര്‍ ചെയ്തിരിക്കുന്നത്. സൗദി അറേബ്യയിലെ വിശാലമായ മരുക്കാടുകളില്‍ അലഞ്ഞ്, ആ മണല്‍ക്കാറ്റില്‍ പൊടിപിടിച്ചു പോയ ചരിത്ര സത്യങ്ങളെ ഊതി വെളുപ്പിച്ച് അക്ഷരങ്ങളാക്കി ഹൃദ്യമായ ഒരു വായന ഒരുക്കിയതില്‍ മുസഫര്‍ അഭിനന്ദനം അര്‍ഹിക്കുന്നു.

ലൈല മജ്നു എന്ന അനശ്വരമായ അറബ് - പേര്‍ഷ്യന്‍ പ്രണയ കാവ്യത്തെ കുറിച്ച് നമ്മള്‍ കേള്‍ക്കുകയും വായിക്കുകയും ചെയ്തിട്ടുണ്ട്. പക്ഷെ കഥയുടെ പിന്നാമ്പുറത്തേക്ക് ഒരന്വേഷണം നടത്തിയിട്ടുണ്ടോ. ഇല്ലായിരിക്കാം. ലൈല അഫ് ലാജ് എന്ന മരുഭൂമിയില്‍ സംഭവിച്ച ഒരു യഥാര്‍ത്ഥ കഥയാണത്. ലൈല രാജകുമാരി ആയിരുന്നെന്നും ഗ്രാമമുഖ്യന്റെ മകള്‍ ആയിരുന്നു എന്നുമൊക്കെ നാട്ടുക്കാര്‍ക്കിടയില്‍ അഭിപ്രായമുണ്ട്. അതുപോലെ മജ്നു പേര്‍ഷ്യനോ മിസ്‌രിയോ ആയിരുന്നു എന്നുമൊക്കെ സംസാരമുണ്ട്. പക്ഷെ അവരുടെ പ്രണയം സത്യമായിരുന്നു. ലൈലയെ നഷ്ടപ്പെട്ട ഖയസ് മരുഭൂമിയിലൂടെ അലഞ്ഞു ഭ്രാന്തനായി എന്നാണ് പറയപ്പെടുന്നത്‌. ആ അര്‍ത്ഥത്തിലാവണം
ഭ്രാന്തന്‍ എന്ന അറബി പദമായ മജ്നൂന്‍ എന്ന പേര് വന്നതും പിന്നെ മജ്നു ആയി തീര്‍ന്നതും. മുസഫര്‍ പറയുന്ന പോലെ , കഥാപാത്രങ്ങളെ നിര്‍മ്മിച്ച , എഴുതിയ ദേശങ്ങളുണ്ട്. എന്നാല്‍ ഒരു കഥാപാത്രത്തിന്റെ പേരില്‍ നില നില്‍ക്കുന്ന ഏക നാട് ലൈല അഫ് ലാജ് മാത്രമായിരിക്കും. വറ്റി വരണ്ടുപ്പോയ ഒരു പുഴയുണ്ട് ഇവിടെ. ലൈല കുളിക്കാന്‍ വന്നിരുന്നു എന്ന് പറയുന്ന ലൈലാക്കുളം എന്ന വിളിപ്പേരുള്ള പുഴ. ഇരുപതു വര്‍ഷം മുമ്പ് വരെ ഈ പുഴ ഒഴുകിയിരുന്നു. മലയാളികള്‍ അടക്കമുളവര്‍ ഇവിടെ കുളിക്കാന്‍ വന്നിരുന്നു എന്നും പറയുന്നു. ലൈലയുടെയും മജ്നുവിന്‍റെയും ദുരന്തമായ പ്രണയത്തിന്റെ ഓര്‍മ്മകളില്‍ കരഞ്ഞ് കരഞ്ഞ് കണ്ണുനീര്‍ വറ്റിയായിരിക്കുമോ ഈ പുഴയും വരണ്ടുണങ്ങിയത്...? തിരിച്ച് വരുന്ന വഴിയില്‍ താഴ്വരയില്‍ കുറെ കബറുകള്‍ കാണുന്നു. "അതിലൊന്നില്‍ ലൈല ഉറങ്ങുന്നുണ്ടാവുമോ " എന്ന് മുസഫര്‍ ചോദിക്കുമ്പോള്‍ മനസ്സ് പിടയുന്നു. ശരിക്കും ഈ ചോദ്യം മുതല്‍ വായിച്ചു തുടങ്ങണം ലൈല മജുനു എന്ന പ്രണയ കാവ്യം എന്ന് തോന്നുന്നു.

മരുഭൂമിയുടെ പരപ്പിലൂടെ ഞാനും നടന്നിട്ടുണ്ട്. നബിയുടെ കാലത്തെ യുദ്ധങ്ങളും, ഉമര്‍ മുഖ്താറിന്റെ പോരാട്ടങ്ങളും, ആല്‍ക്കെമടിസും തുടങ്ങി ചെറുപ്പത്തില്‍ വല്ല്യുമ്മ പറഞ്ഞു തന്ന കഥകള്‍ വരെ ഇവിടിരുന്നു ഓര്‍ത്തെടുത്തിട്ടും ഉണ്ട്. പക്ഷെ മരുഭൂമിയിലെ ഒരു രാത്രി എന്ന സ്വപ്നം ഇതുവരെ സാധ്യമായിട്ടില്ല. " നിലാവ് കോരിക്കുടിച്ച കള്ളിമുള്‍ച്ചെടികള്‍ " എന്ന അദ്ധ്യായം അതുകൊണ്ട് തന്നെ അസൂയയും ആവേശവും ഉണ്ടാക്കുന്നു. ഈ അധ്യായത്തിന്റെ സൗന്ദര്യത്തിലേക്ക് ഞാന്‍ മുസഫറിന്റെ വരികള്‍ തന്നെ പരിചയപ്പെടുത്താം.

"പൂര്‍ണ നിലാവില്‍ എന്നിലേക്ക്‌ വരൂ എന്ന് മാദകമായി മരുഭൂമി ക്ഷണിച്ച ഒരു രാത്രി ഇന്നും കോരിത്തരിപ്പിക്കുന്നു. മരുഭൂമിയിലെ കള്ളിമുള്‍ച്ചെടികളില്‍ നിലാവ് അതിന്‍റെ പ്രണയം കോരിച്ചൊരിരിഞ്ഞ രാത്രി. ഒട്ടക ഇണകള്‍ പരസ്പരം ഉമ്മവെച്ച് സ്നേഹം പകരുന്നത് കണ്ട രാത്രി ".
നിലാവ് ഒഴുകി നടക്കുന്ന മരുഭൂമിയില്‍ മണലുകള്‍ കടല്‍ത്തിരകള്‍ പോലെ ഇളകുന്നത് , നിലാവിന്റെ ചുംബനം ഏറ്റുവാങ്ങുന്ന കള്ളിച്ചെടികള്‍ , മരുഭൂമിയിലെ സൂര്യാസ്തമയം എല്ലാം ഈ അധ്യായത്തെ രസകരമാക്കുന്നു.


അറ്റമില്ലാതെ പരന്ന് കിടക്കുന്ന മണല്‍ക്കാടുകള്‍. ഇടയ്ക്ക് എവിടെയോ കാണുന്ന മരീചിക, ഇതിനപ്പുറം എങ്ങിനെ നമ്മള്‍ മരുഭൂമിയെ കാണുന്നു എന്നൊരു ചോദ്യം സ്വയം ചോദിച്ചിട്ടുണ്ടോ..? ഉണ്ടെങ്കില്‍ അതിനുള്ള ഉത്തരങ്ങളാണ് മിക്ക അധ്യായങ്ങളും. മരുഭൂമിയിലെ ജല സാന്നിധ്യത്തെ കുറിച്ച് വിശദമായി പറയുന്നുണ്ട് ഇവിടെ. വറ്റി വരണ്ടു പോയ നദികളും ജലാശയങ്ങളും അതിനേക്കാള്‍ ഭംഗിയായി ഇപ്പോഴും വറ്റാത്ത നീരുറവകള്‍ ഉള്ള സ്ഥലങ്ങളും. ഷൈബുല്‍ ലുഹ അത്തരം ഒരു സ്ഥലമാണ്. മഴ ഒട്ടും കിട്ടാത്ത ഇവിടെ തുളുമ്പാന്‍ വെമ്പി നല്‍ക്കുന്ന കുളങ്ങള്‍ നല്ലൊരു കാഴ്ച ആവണം. അതുപോലെ അല്‍ഹസ മരുഭൂമി. ചുട്ടുപൊള്ളുന്ന മണല്‍ കാടുകളല്ല പകരം നടക്കുമ്പോള്‍ വെള്ളം കാലിനെ നനക്കുമോ എന്ന് തോന്നിക്കുന്ന മരുഭൂമിയാണ്. ജല സാന്നിധ്യം ജീവന്റെ തുടിപ്പുകള്‍ക്ക് എങ്ങിനെ ആത്മാവ് പകരുന്നു എന്ന് പറയുന്ന ഒന്നിലധികം അദ്ധ്യായങ്ങള്‍ ഇതിലുണ്ട്.

ക്രൂരന്‍മാരായ തൊഴിലുടമകലാണ് അറബികള്‍ എന്നൊരു ധാരണ അറിഞ്ഞോ അറിയാതെയോ വരുത്തി തീര്‍ത്തിട്ടുണ്ട്. അങ്ങിനെ ഇല്ല എന്നും പറയാന്‍ പറ്റില്ല. "മരണത്തിന്റെ പൊള്ളല്‍ "എന്ന അദ്ധ്യായം അങ്ങിനെ ശ്രദ്ധേയമാണ്. കൂടെ നൊമ്പരവും. അല്‍ നഫൂദ് മരുഭൂമിയുടെ അടുത്ത് നഫ്ത എന്ന ഗ്രാമത്തില്‍ ആണ് ഈ സംഭവം നടക്കുന്നത്. പെരുമ്പാമ്പ്‌ വിഴുങ്ങിയ തന്റെ നേപ്പാളി തൊഴിലാളിയുടെ മൃദദേഹം , അവനു ജീവന്‍ ഉണ്ടാകും എന്ന പ്രതീക്ഷയില്‍ പാമ്പിന്റെ വയറ് കീറി പുറത്തെടുക്കുന്നതും നോക്കി നില്‍ക്കുന്ന തോട്ടമുടമ. അവസാനം ജീവന്‍ ഇല്ല എന്ന് കേള്‍ക്കുമ്പോള്‍ പൊട്ടിക്കരയുന്ന അയാളുടെ നിലവിളിയില്‍ കുറെ അര്‍ത്ഥങ്ങളുണ്ട്. കൂടെ ദുരന്തം ഏറ്റുവാങ്ങിയ ആ നേപ്പാളി യുവാവ് നമ്മുടെ നൊമ്പരവും ആകും.

മരുഭൂമിയിലെ സമയങ്ങള്‍ പ്രവചനാതീതമാണ്. തെളിഞ്ഞു നിന്ന സൂര്യന്‍ പ്രതീക്ഷിക്കാതെ അസ്തമിച്ചേക്കാം . തെളിഞ്ഞ അന്തരീക്ഷത്തെ മൂടി പുതച്ചു ഭീകരമായ ഒരു പൊടിക്കാറ്റ് വീശിയടിച്ചേക്കാം. മുസൈഖിറ മരുഭൂമിയിലേക്കുള്ള യാത്രയില്‍ ഭീകരമായ പൊടിക്കാറ്റില്‍ പെട്ട് മരണത്തെ മുഖാമുഖം കണ്ട അനുഭവം പറയുന്നു " മണല്‍ക്കെണിയിലെ മിടിപ്പ് " എന്ന അദ്ധ്യായം. മരുഭൂയില്‍ വഴി തെറ്റി മറിച്ച് വീണവരുടെ കഥ കൂടി പറയുമ്പോള്‍ മണല്‍ കാടിന്റെ മറ്റൊരു മുഖം നമ്മളറിയുന്നു.

ഓരോ അദ്ധ്യായവും അതിലെ ഓരോ വരികളും വായനയുടെ ഉത്സവമാകുന്ന ഒരു പുസ്തകത്തെ എന്റെ പരിമിതികള്‍ വെച്ച് അവലോകനം ചെയ്യുക പ്രയാസമാണ്. പതിനഞ്ചു അധ്യാങ്ങളിലായി പരന്നു കിടക്കുന്ന മരുഭൂമിയുടെ ആത്മകഥ. അബഹയിലെ തേന്‍ മണക്കുന്ന , വഴികളിലൂടെ, സൗദി അറേബ്യ അതിര്‍ത്തി പങ്കിടുന്ന ഹക്കല്‍ എന്ന ദേശത്തിലൂടെ, ഇസ്ലാമിക ചരിത്രത്തിലെ യുദ്ധങ്ങള്‍ നടന്ന പ്രദേശങ്ങളില്‍, മക്കയില്‍, മദീനയില്‍, കടലിലും കരയിലും തുടങ്ങി ചരിത്രവും മിത്തും ഇഴപിരിയുന്ന ദേശങ്ങളിലൂടെ നടത്തിയ ആവേശകരമായ യാത്രാ അനുഭവങ്ങളെ അക്ഷരങ്ങളിലൂടെ അനുഭവമാക്കി മാറ്റുന്നതില്‍ മുസഫര്‍ എന്ന എഴുത്തുക്കാരന്‍ പരിപൂര്‍ണ്ണമായും വിജയിച്ചിരിക്കുന്നു.

മരുഭൂമിയില്‍ മരുപ്പച്ച കാണുന്ന സഞ്ചാരിയുടെ സന്തോഷം പോലെയാണ് ഈ പുസ്തകം നമ്മുടെ വായനയെ സ്വാദീനിക്കുക. എവിടെയോ നഷ്ട്ടപ്പെട്ടുപ്പോയ എന്‍റെ വായനയെ മരുഭൂമിയുടെ ആത്മകഥ തിരികെ കൊണ്ട് വന്നു. ആ ആവേശത്തില്‍ മറ്റൊരു പുസ്തകം വായനക്കെടുക്കുമ്പോള്‍ അത് മുസഫര്‍ അഹമ്മദിന്റെ തന്നെ "മയിലുകള്‍ സവാരിക്കിറങ്ങുന്ന ചെരിവിലൂടെ "ആയതു കേവലം യാദൃക്ശ്ചികമല്ല എന്ന് ഉറപ്പിച്ച് പറയാന്‍ കഴിയും.

No comments:

Post a Comment

താങ്കൾ എന്തുപറയുന്നു പുസ്തക വിചാരത്തെപ്പറ്റി ?