രചയിതാവ് : ഷാജഹാന്‍ നന്മണ്ട
പ്രസാധകര്‍ : ലിപി പബ്ലിക്കേഷന്‍സ്
അവലോകനം : വെട്ടത്താന്‍
കഥ ജീവിതത്തിന്റെ ഒരു പരിച്ഛേദമാണ്. ആരും ഇല്ലായ്മയില്‍ നിന്നു ഒന്നും സൃഷ്ടിക്കുന്നില്ല. കഥാകാരനും, തനിക്ക് ചുറ്റുമുള്ള ലോകത്തുനിന്ന് തന്നെയാണ് കളിമണ്ണ് ശേഖരിക്കുന്നത്. അയാളുടെ അനുഭവങ്ങള്‍, അയാള്ക്കു ചുറ്റുമുള്ളവരുടെ അനുഭവങ്ങള്‍,അയാള്‍ പറഞ്ഞുകേട്ട ജീവിതങ്ങള്‍ എല്ലാമാണ് അയാളുടെ അസംസ്കൃത വസ്തുക്കള്‍.ചളി കുഴച്ചുമറിച്ച് അയാളൊരു പുതിയ രൂപം സൃഷ്ടിക്കുന്നു. അടിസ്ഥാനപരമായി കളിമണ്ണ് തന്നെയാണ്. പക്ഷേ ശില്പ്പിയുടെ മികവനുസരിച്ചു രൂപത്തിന്റെ അലകും പിടിയും മാറും.
അഴകും സൌകുമാര്യവും കൂടും.ഒരു കഥ,അത് എന്താണെന്നതിലുപരി എങ്ങനെ പറഞ്ഞൂ എന്നതിനാണ് പ്രസക്തി.ഒരു സംഭവം, അതെങ്ങിനെ കാണുന്നു എന്നതാണു കഥാകാരനെ വ്യതിരിക്തനാക്കുന്നത്.എന്തും സാധാരണരീതിയില്‍ കാണുന്നവനല്ല കഥാകാരന്‍.അവന്‍റെ ആറാമിന്ദ്രിയമാണ്,എന്തും വരികള്ക്കിടയിലൂടെ വായിക്കാനുള്ള കഴിവാണ്, അവനെ വ്യത്യസ്ഥനാക്കുന്നത്.
മലയാളത്തില്‍ കഥയുടെ സുവര്‍ണ്ണകാലം കഴിഞ്ഞുപോയോ എന്നു സംശയിപ്പിക്കുന്ന വിധത്തിലാണ് കാര്യങ്ങളുടെപോക്ക്.എടുത്തുപറയാവുന്ന കഥാകാരന്മാരൊന്നും കഴിഞ്ഞ പത്തുവര്ഷമായി രംഗത്തെത്തിയിട്ടില്ല. മികച്ചത് എന്നു പറയിക്കുന്ന ഒരു കഥ അടുത്തകാലത്തൊന്നും വായിച്ചിട്ടില്ല. ഈ ദാരിദ്ര്യം കഥയുടെ കാര്യത്തില്‍ മാത്രമല്ല.നമ്മുടെ അംഗീകൃത കവികളാരും അടുത്തകാലത്ത് നല്ലൊരു കവിത എഴുതിയിട്ടില്ല. നോവല്‍ രംഗത്താണെങ്കില്‍ ,ബഞ്ചമിനെയും,രാജീവിനെയും പോലെ വാഗ്ദാനങ്ങളാണെന്ന് തോന്നിപ്പിക്കുന്ന അപൂര്വ്വം ചിലരെ മാറ്റി നിര്‍ത്തിയാല്‍, ഒരുപറ്റം, വ്യാജന്മാരും, വിഡ്ഡികളും ആണ് അരങ്ങുവാഴുന്നത്.
ഇത് മലയാളത്തിന്‍റെ മാത്രം പ്രശ്നമാണെന്ന് പറയാന്‍ വയ്യ.ഇന്ത്യന്ഭാഷകളില്‍ ഒന്നുംതന്നെ ,നമ്മെ നിര്ബ്ബന്ധമായും വായിപ്പിക്കുന്ന ഒരു പുതിയ കഥാകാരന്‍ ഉയര്ന്നു വന്നിട്ടില്ല.ക്ലിക്കുകളുടെ പിന്‍ ബലത്തോടെ അവിടെയും ഇവിടെയും പേരുകേള്പ്പി്ച്ചു വന്നവരൊക്കെ വന്ന വേഗത്തില്‍ തകര്ന്നടിയുകയും ചെയ്യുന്നു.
വായനക്കാരുടെ കുറവാണോ നല്ല എഴുത്തുകാരുടെ അഭാവത്തിന് കാരണം? ഒരു യഥാര്ത്ഥ പ്രതിഭ വായനക്കാരെ കണ്ടുകൊണ്ടല്ല എഴുതുന്നതു.അയാള്ക്കത് ഒരു തപസ്യയാണ്. ആല്മാവിഷ്കാരമാണ്. മറ്റെല്ലാം പിന്നാലേ വരുന്നതാണ്.പക്ഷേ ഒരു സാധാരണ എഴുത്തുകാരന് വായനക്കാര്‍ ഒരു പ്രശ്നം തന്നെയാണ്.എഴുതിയത് വായിക്കപ്പെടുന്നതിലൂടെ,ആദരിക്കപ്പെടുന്നതിലൂടെയാണ് അയാള്ക്ക് വേണ്ട ഊര്ജ്ജം പകര്‍ന്നു കിട്ടുന്നത്.ആ ഊര്ജ്ജം കിട്ടാതാവുന്നതോടെ അയാളുടെ എഴുത്ത് മുരടിച്ചുപോകുന്നു.
പുതിയ കാലത്തിനനുയോജ്യമായ മാധ്യമമാണ് ഇന്‍റര്‍നെറ്റ്.പുതു എഴുത്തുകാര്ക്കും വളര്ന്നു്വരുന്നവര്ക്കും എഴുതിവളരുവാന്‍ ഒരു സാഹചര്യം അതൊരുക്കുന്നുണ്ട്.പക്ഷേ വാളെടുത്തവനൊക്കെ വെളിച്ചപ്പാടാകുന്ന ഒരു ലോകമാണതു.പരസ്പരം പുറംചൊറിഞ്ഞുകൊടുത്ത് സായൂജ്യം നേടുന്നവര്‍ ബൂലോകത്തെ നിസ്സാരവല്‍ക്കരിച്ചുകളയുന്നു.ഗൌരവമായി ഈ മാധ്യമത്തെ നേരിടുന്നതിനും പരിമിതികളുണ്ട്.എന്തായാലും ആഗ്രഹിക്കുന്നവര്‍ക്കൊക്കെ എഴുതാനും,എഴുതിവളരാനും ഇന്നിന്റെ ഈ മാധ്യമം വഴിയൊരുക്കുന്നു.
ശ്രീ ഷാജഹാന്‍ നന്മണ്ടയുടെ (നന്മണ്ടന്‍) “നിഹാരയുടെ കിളിക്കൂട്” എന്ന കഥാസമാഹാരമാണ് ഇത്രയൊക്കെ ചിന്തിക്കാന്‍ വഴിയൊരുക്കിയത്.ബ്ലോഗില്‍ അദ്ദേഹത്തിന്‍റെ കഥകള്‍ നേരത്തെ കണ്ടിരുന്നു.ഒന്നോടിച്ചുവായിച്ചു പോയതല്ലാതെ മനസ്സിരുത്തി വായിക്കാന്‍ കഴിഞ്ഞിരുന്നില്ല.കഴിഞ്ഞദിവസം “ലിപി”യില്‍ പുസ്തകം കണ്ടപ്പോള്‍ വാങ്ങി. വിസ്തരിച്ചു വായിച്ചു.
ഈ കഥാസമാഹാരം ഒരു സംഭവമാണെന്ന് പറയാനുള്ള ശ്രമമല്ല ഇത്.”നിഹാരയുടെ കിളിക്കൂട്” മലയാള ചെറുകഥാസരണിയില്‍ ഗുരുവായൂര്‍ കേശവനെപ്പോലെ തലയുയര്ത്തി നില്ക്കുന്ന ഒരു രചനയുമല്ല.പക്ഷേ വായിച്ചുതുടങ്ങിയാല്‍ മുഴുവനാക്കാന്‍ നിര്ബ്ബന്ധിക്കുന്ന എന്തോ ഒന്നു ഇതിലുണ്ട്.ഒന്നൊഴികെ എല്ലാം പ്രവാസികളുടെ നനുത്ത ദു:ഖത്തിന്റെ കഥകളായതുകൊണ്ടാണോ?കടുത്ത ദു:ഖത്തിലും പ്രതീക്ഷയുടെ ഒരു വെള്ളിനൂല്‍ ഇഴചേര്ന്നതുകൊണ്ടാണോ?അറിഞ്ഞുകൂടാ.
ഈ കഥാകാരന്‍റെ, തെളിനീരരുവി പോലെയുള്ള ഭാഷ ഹൃദയാവര്ജകമാണ്.ആദ്യം പറഞ്ഞതുപോലെ,എന്തുപറഞ്ഞു എന്നതല്ല,എങ്ങിനെ പറഞ്ഞു എന്നതാണു മുഖ്യം.ഷാജഹാന്‍ തന്‍റെ മനസ്സിലുള്ളത് നന്നായിതന്നെ പറഞ്ഞിട്ടുണ്ട്.തെളിമയോടെ കഥ പറയുന്ന രീതിയാണ് നന്മണ്ടന്റേത്. “ഒരു കടപ്പാടിന്റെ ഓര്‍മ്മയ്ക്ക്”, “മടക്കം”, “പ്രാവുകള്‍ കുറുകുന്നു” എന്നു തുടങ്ങി ഏതാണ്ടെല്ലാക്കഥകളും വായനക്കാരനോടു മുഴുവനായി സംവദിക്കുന്നതാണ്.”ആലംഖാന്റെ നഷ്ടപ്പെട്ട ചെമ്മരിയാട്” അടിച്ചമര്ത്തപ്പെട്ട വികാരങ്ങളുടെ ഇടയില്പ്പെട്ടുപോകുന്ന പാവം പ്രവാസിയുടെ കഥയാണ്. ഒരുതെറ്റും ചെയ്യാതെ മരണം ഏറ്റുവാങ്ങേണ്ടിവന്ന പ്രാരാബ്ധക്കാരന്റെ കഥ.കലാപഭൂമിയിലെ സ്ഫോടകവസ്തുക്കള്‍ നിര്വ്വീര്യമാക്കാന്‍ ചെല്ലുന്ന സചിവോത്തമ വര്മ്മയുടെ കഥപറയുന്ന “ബസ്രയിലെ ക്ഷത്രിയന്‍” മറ്റ് കഥകളില്‍ നിന്നു വേറിട്ടുനില്ക്കുന്നു.
കുറ്റങ്ങളും കുറവുകളും? തീര്ച്ചയായും ഉണ്ട്.എല്ലാം മിനിക്കഥകളാണ്.മുഴുവന്‍ പറഞ്ഞുതീര്ന്നില്ല എന്ന തോന്നലുളവാക്കിയാണ് മിക്ക കഥകളും അവസാനിക്കുന്നത്.അത് ഒരുപരിധിവരെ ബ്ലോഗുകള്‍ നല്കുന്ന ശാപമാണ്.നീട്ടിയെഴുതിയാല്‍,വായിക്കാനാളില്ലാതാവുമോ എന്ന ഭയംകൊണ്ടു പല രചനകളും വെട്ടിച്ചുരുക്കേണ്ടിവരുന്നു.നന്മണ്ടനേപ്പോലൊരു എഴുത്തുകാരന്‍ അത്തരം ഭയങ്ങളില്‍ നിന്നു മോചിതനാവേണ്ട സമയം കഴിഞ്ഞു.
ഷാജഹാന്‍ നന്മണ്ട രചിച്ച 'നീഹാരയുടെ കിളിക്കൂട്'
ReplyDeleteഎന്ന ചെറുകഥാസമാഹാരത്തിന്‍റെ അവലോകനം
ശ്രീ,വെട്ടത്താന്‍ സാര്‍ സത്യസന്ധമായി തന്നെ അവതരിപ്പിച്ചിരിക്കുന്നു.പണ്ടു നമ്മള്‍ വായിച്ചു മനസ്സിലേറ്റിയ വിശ്വസാഹിത്യഗ്രന്ഥങ്ങള്‍ ഇന്നത്തെ അതിന്‍റെ
സംക്ഷിപ്തരൂപങ്ങള്‍ ഇറങ്ങി കൊണ്ടരിക്കുന്നത്
വായിക്കുമ്പോള്‍ ഇന്നാകാപ്സ്യൂള്‍ ഒട്ടും ഏശുന്നില്ല
എന്നതാണ് വാസ്തവം!വേണ്ട ചേരുവകള്‍ വേണ്ടപോലെ ചേര്‍ത്താലെ വിഭവം സ്വാദിഷ്ടമാകു!!!
ആശംസകളോടെ
ആഹാ നല്ല അവലോകനം ആണെന്ന് മനസിലാക്കുന്നു സ്നേഹപൂര്‍വ്വം പുണ്യവാളന്‍
ReplyDeleteഷാജഹാന്‍ ഭായ് അഭിന്ദനം!!!
ReplyDeleteഅവലോകനം ചെയ്ത വെട്ടത്താനും അഭിനന്ദനം!!
ReplyDeleteഅഭിനന്ദനം സുഹൃത്തേ.....
ReplyDeleteവായിച്ചു, അവലോകനം തയ്യാറാക്കിയ വെട്ടത്താൻ ചേട്ടന് അഭിനന്ദനങ്ങൾ... എഴുത്തുകാരൻ വായനക്കാരനെ കണ്ടല്ല് എഴുതുന്നത് എന്ന ഭാഗത്തോട് വിയോജിക്കുന്നു....
ReplyDelete'നിഹാരയുടെ കിളിക്കൂടിനെ' ഇവിടെ കണ്ടതില്‍ സന്തോഷം
ReplyDeleteമനോഹരമായ ഭാഷയാണ് ഷാജഹാന്റേത്..പക്ഷെ വെട്ടത്താൻ പറഞ്ഞതുപോലെ, ഷാജഹാനെ പോലൊരു എഴുത്തുകാരൻ കഥയുടെ ദൈർഘ്യത്തെ ഭയപ്പെടരുത്..
ReplyDeletethanks alot to all
ReplyDeleteപുസ്തകം പ്രസാധനം ചെയ്യുന്നതിന് മുമ്പേ കയ്യില്‍ കിട്ടിയിരുന്നു...
ReplyDeleteകിട്ടിയ ചെറിയ ഇടങ്ങളില്‍ പരമാവധി കാഴ്ചകള്‍ നിറച്ച്, ലോകം,കുടുംബം,സന്തോഷം, കളിചിരികള്‍ എന്നിവ ഒരു കുടുസ്സു കുടുസ്സു മുറിയിലേക്കും ഒരു ചില്ല് പെട്ടിയിലേക്കും ഒതുക്കുന്ന പ്രവാസിയെപ്പോലെ ഷാജഹാന്‍ കഥകളെയും ചെറിയ ചതുര വടിവില്‍ അടച്ച്ചിടുകയാണ് എന്ന് അന്നേ പറഞ്ഞിരുന്നു...
കൂട് വിട്ടാല്‍ പറന്നു ആകാശം പുല്‍കുന്ന പറവകളെ ചിറകുകള്‍ വെട്ടിയൊതുക്കി കാഴ്ചകളുടെ സൌന്ദര്യത്തിനായ് പിടിച്ചു വെച്ച പോലെയാണ് പല കഥകളും..
നല്ല ഒരു ഭാഷ ഉണ്ടായിട്ടും , ഒരു കഥയെഴുതുമ്പോള്‍ മറ്റൊരു കഥ വന്നു തിരക്ക് കൂട്ടുന്ന വ്യഗ്രതയാണ് ഷാജഹാന്...
ഞാന്‍ കൂടി അംഗമായ ഒരു പ്രസാധന സംരംഭത്തിന്റെ കഥകള്‍ ലിസ്റ്റ് ചെയ്യപ്പെട്ടതില്‍ നന്മണ്ടനും ഉണ്ടെന്നു സസന്തോഷം അറിയിക്കട്ടെ...