Wednesday, December 11, 2013

ചിത്രത്തെരുവുകള്‍

പുസ്തകം : ചിത്രത്തെരുവുകള്‍
രചയിതാവ് : എം.ടി.വാസുദേവന്‍ നായര്‍

പ്രസാധകര്‍ : കറന്റ് ബുക്സ്

അവലോകനം : നിരക്ഷരന്‍


ഒരു വടക്കന്‍ വീരഗാഥ, വൈശാലി എന്നിങ്ങനെ നാലഞ്ച് തിരക്കഥകള്‍ രചിച്ചിട്ടുണ്ട് എന്നതൊഴിച്ചാല്‍ എം.ടി.ക്ക് സിനിമയുമായി കാര്യമായി എന്ത് ബന്ധമാണുള്ളത്? ' ചോദ്യം ഒരു സുഹൃത്തിന്റേതാണ്, സന്ദര്‍ഭം ഓര്‍മ്മയില്ല. എം.ടി.വാസുദേവന്‍ നായര്‍ ആരാണെന്ന് ചോദിച്ചിട്ടുള്ള ചില മലയാളി സഹപ്രവര്‍ത്തകരും എനിക്കുണ്ടായിരുന്നതുകൊണ്ട് വലുതായിട്ടൊന്നും ഞെട്ടിയില്ല. ഞാനപ്പോള്‍ത്തന്നെ തിരക്കഥകളുടെ വലിയൊരു ലിസ്റ്റ് ചൊരിഞ്ഞിട്ടു. പ്രസിഡന്റിന്റെ സുവര്‍ണ്ണകമലം നേടിയ നിര്‍മ്മാല്യം എന്ന സിനിമ എം.ടിയുടെ തിരക്കഥ ആണെന്നും അത് സംവിധാനം ചെയ്തിരിക്കുന്നത് സാക്ഷാല്‍ എം.ടി. തന്നെ ആണെന്നും സുഹൃത്തിനറിയില്ല. എം.ടിയുടെ കുറേക്കൂടെ പുതിയൊരു സിനിമയായ കടവിനെപ്പറ്റി അദ്ദേഹം കേട്ടിട്ടുപോലുമില്ല. എന്തിനധികം, ആള്‍ക്കൂട്ടത്തില്‍ തനിയെ, ഓപ്പോള്‍, പരിണയം, എന്നിങ്ങനെ ഗംഭീരമായ ഒരുപിടി എം.ടി. തിരക്കഥകളെപ്പറ്റി തികച്ചും അജ്ഞനാണ് അദ്ദേഹം.

എം.ടി.ക്ക് സിനിമയുമായുള്ള ബന്ധത്തെപ്പറ്റി അറിയാത്തവര്‍ കറന്റ് ബുക്‌സിന്റെ ചിത്രത്തെരുവുകള്‍ (190 രൂപ) സംഘടിപ്പിച്ച് വായിച്ചാല്‍ മതിയാകും. ദക്ഷിണേന്ത്യന്‍ സിനിമയുടെ ഈറ്റില്ലമായിരുന്ന മദ്രാസടക്കം ദേശീയവും അന്തര്‍ദേശീയവുമായി എം.ടി. കടന്നുപോയിട്ടുള്ള സിനിമാത്തെരുവുകള്‍, അദ്ദേഹം ഇടപഴകിയിട്ടുള്ള പ്രഗത്ഭരായ സിനിമാക്കാര്‍, അത്രയ്ക്കങ്ങ് പ്രഗത്ഭരല്ലെങ്കിലും സിനിമയുമായി ചുറ്റിപ്പറ്റി പരിചയമുള്ള സഹൃദയര്‍, അങ്ങനെ ഒരുപാട് വഴിത്താരകളും വ്യക്തികളും 14 അദ്ധ്യായങ്ങളുള്ള ചിത്രത്തെരുവില്‍ കടന്നുവരുന്നു. പ്രേംനസീര്‍ എന്ന നടന്റെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളെപ്പറ്റിയും പരസഹായ മനസ്ഥിതിയെപ്പറ്റിയുമൊക്കെ മുന്‍പും കേട്ടിട്ടുള്ളതാണ്. എന്നിരുന്നാലും, ഇടതുകൈ അറിയാതെ വലതുകൈ കൊണ്ട് അദ്ദേഹം നടത്തുന്ന സഹായങ്ങളെപ്പറ്റി എം.ടി. തന്നെ സാക്ഷ്യപ്പെടുത്തുമ്പോള്‍ നിത്യഹരിതനായകനോടുള്ള ആദരവിനും ആരാധനയ്ക്കും മാറ്റുകൂടുന്നു.

MTശങ്കരാടിയുടേയും അടൂര്‍ ഭാസിയുടേയും രസികന്‍ സ്വഭാവവിശേഷങ്ങള്‍, കൃഷ്ണാഭായ് തെരുവിലെ വാസു അണ്ണന്‍, സത്യന്‍, ശോഭനാ പരമേശ്വരന്‍, രാഘവന്‍ മാസ്റ്റര്‍, എം.ബി.എസ്, എസ്.കെ.പൊറ്റക്കാട്, ബാലന്‍ കെ.നായര്‍, അനിയന്‍, ശാരദ, ഐ.വി.ശശി, മണിയന്‍, വേണു എന്നിങ്ങനെ പ്രശസ്തരും അപ്രശസ്തരുമായ സിനിമാക്കാരെ ഏറ്റക്കുറച്ചിലില്ലാതെ എഴുത്തുകാരന്‍ സ്മരിക്കുന്നു. സിനിമയില്‍ക്കയറി രക്ഷപ്പെടാനായി കോടാമ്പാക്കത്തെ ലോഡ്ജുകളില്‍ ചേക്കേറിയ കലാകാരന്മാരെപ്പറ്റിയും, കുറഞ്ഞ സൌകര്യങ്ങളില്‍ സൌഹാര്‍ദ്ദപരമായി കഴിഞ്ഞ് കൂടിയ സിനിമാക്കാരെപ്പറ്റിയുമൊക്കെ എത്രയോ വായിച്ചിരിക്കുന്നു. എന്നിരുന്നാലും, അത്തരം സിനിമാക്കഥകള്‍ മലയാളത്തിന്റെ പ്രിയ എഴുത്തുകാരന്റെ വരികളിലൂടെ വായിക്കുന്നതിന്റെ സുഖം ഒന്ന് വേറെ തന്നെ.

'ഇരക്കേണ്ടിവരുന്ന വെളിച്ചപ്പാട്' എന്ന അദ്ധ്യായം 'നിര്‍മ്മാല്യ'ത്തിന്റെ നിര്‍മ്മാണത്തെക്കുറിച്ചുള്ളതാണ്. അതില്‍ സഹകരിച്ചവര്‍ പലരും മണ്‍മറഞ്ഞുകഴിഞ്ഞിരിക്കുന്നു. എം.ടി. കൂടെ അതിന്റെ അണിയറക്കഥകള്‍ എഴുതാതിരുന്നെങ്കില്‍, മഹത്തായ ഒരു സിനിമയുടെ പിന്നില്‍, താമസ സൌകര്യമടക്കമുള്ള സുഖസൌകര്യങ്ങളുമൊക്കെ ത്യജിച്ച് സഹകരിച്ച നായികാ നായകന്മാരുടേയും സാങ്കേതിക വിദഗ്ദ്ധരുടേയും മറ്റ് കലാകാരന്മാരുടേയും അര്‍പ്പണമനോഭാവം, മലയാള സിനിമാ ചരിത്രത്തില്‍ രേഖപ്പെടുത്താതെ പോയേനെ. കനത്ത പ്രതിഫലവും പറ്റി സ്വന്തം വേഷങ്ങള്‍ കാട്ടിക്കൂട്ടി സെറ്റ് വിടുന്ന ഇന്നത്തെ സിനിമാക്കാര്‍ അവശ്യം വായിച്ചിരിക്കേണ്ട അത്തരം മറ്റൊരു അദ്ധ്യായമാണ് 'സ്‌നേഹത്തിന്റെ കടവുകള്‍'. നിര്‍മ്മാല്യത്തിന്റെ അന്ത്യരംഗങ്ങള്‍ എങ്ങനെ ഷൂട്ട് ചെയ്തു? പി.ജെ. ആന്റണി ക്ഷേത്രത്തിന്റെ നാലുകെട്ടിനകത്ത് കയറിയോ? ദേവിയുടെ മുഖത്ത് അദ്ദേഹം ശരിക്കും കാറിത്തുപ്പിയോ? എന്നൊക്കെയുള്ള സംശയങ്ങളുടെ ഉത്തരങ്ങള്‍ അനാവരണം ചെയ്യപ്പെടുന്നുണ്ട് 'ഇരക്കേണ്ടി വരുന്ന വെളിച്ചപ്പാടി'ല്‍.

ദേശീയവും അന്തര്‍ദേശീയവുമായ നിരവധി സിനികള്‍ കാണാന്‍ വഴിയൊരുങ്ങിയ അനുഭവങ്ങള്‍, ജൂറി അംഗം അടക്കം കൈയ്യാളിയിട്ടുള്ള വിവിധ പദവികള്‍, അതില്‍നിന്നൊക്കെ കിട്ടിയിട്ടുള്ള പരിചയസമ്പന്നത, സൌഹൃദവലയങ്ങള്‍, നേട്ടങ്ങള്‍, പണം നോക്കാതെ സിനിമയ്ക്കായി ചെയ്തിട്ടുള്ള ത്യാഗങ്ങള്‍, എന്നിങ്ങനെ എം.ടി.യുടെ അധികം അറിയപ്പെടാത്ത ഒരുപാട് സിനിമാ മുഖങ്ങളാണ് ചിത്രത്തെരുവില്‍ ഉടനീളം കാണാനാകുന്നത്. 'ചെറിയ വേഷങ്ങളിലെ വലിയ മനുഷ്യന്‍' എന്ന അദ്ധ്യായത്തിലെ ചന്ദ്രേട്ടന്റേയും കുടുംബത്തിന്റേയും സൌഹൃദങ്ങള്‍ ആരും കൊതിക്കുന്നതാണ്. ഫിലിംസ് ഡിവിഷനില്‍ ചെറിയ ഉദ്യോഗസ്ഥനായി തുടങ്ങി, എന്‍. എഫ്. ഡി. സിയുടെ റീജിയണല്‍ മാനേജര്‍ വരെ എത്തിയ ചന്ദ്രേട്ടനെപ്പറ്റിയുള്ള ഓര്‍മ്മകള്‍ അവസാനിക്കുന്നത് വ്യസനിപ്പിച്ചുകൊണ്ടാണ്. 'ചെറിയ റോളായിരുന്നു, തരക്കേടില്ലാതെ ചെയ്തു അല്ലേ?' എന്ന് എം.ടിയുടെ കരം കവര്‍ന്നുകൊണ്ട് ചോദിക്കുമ്പോള്‍ ചന്ദ്രേട്ടന്‍ മരണക്കിടക്കയിലാണ്. 'നീണ്ട നടപ്പാതയില്‍ തണലും കുളിരും സ്‌നേഹവും വിരിച്ചുതന്ന ഒരു ചോലമരം കൂടി അങ്ങനെ നഷ്ടപ്പെട്ടു. എനിക്ക് മാത്രമല്ല, പലര്‍ക്കും.' എന്ന് ചന്ദ്രേട്ടന്റെ മരണത്തെപ്പറ്റിയുള്ള വരികള്‍ ചന്ദ്രേട്ടന്റെ സൌഹൃദത്തിന്റെ ആഴവും പരപ്പുമാണ് എടുത്തുകാണിക്കുന്നത്.

ഇടതുപക്ഷത്തിന്റെ ജനശക്തി ഫിലിംസിനെപ്പറ്റി കേള്‍ക്കാത്തവര്‍ക്ക് അതേപ്പറ്റി വായിക്കാം. ദേവലോകം എന്ന സിനിമയിലൂടെ എം.ടി. കൊണ്ടുവന്ന 'ജൂനിയര്‍ വക്കീലി'നെപ്പറ്റിയും അദ്ദേഹത്തിന്റെ ആദ്യകാലത്തെ ചില സിനിമാക്കഥകളും വായിക്കാം. നിഷ എന്ന് വിളിച്ച് മകളോടെന്നപോലെ സ്‌നേഹം കാണിച്ചിരുന്ന മോനിഷയെപ്പറ്റി ഒരു ചെറു നൊമ്പരത്തോടെ വായിക്കാം. എഴുതാനിരിക്കുന്ന ഹോട്ടല്‍ മുറിയില്‍ കൊണ്ടുവന്നിട്ട മേശയ്ക്കും കസേരയ്ക്കും 50 രൂപ വാടക കൊടുക്കേണ്ടി വന്ന കഥ വായിക്കാം. അടൂര്‍ ഭാസി കൊടുത്ത കഞ്ചാവ് ബീഡി വലിച്ച് എടങ്ങേറായ എം.ടിയെപ്പറ്റി വായിക്കാം. സിനിമാക്കഥ എഴുതിക്കാനായി അമേരിക്കയ്ക്ക് കൊണ്ടുപോയപ്പോള്‍, അവിടെ പഠിക്കുന്ന സ്വന്തം മകളെ കാണാനുള്ള സൌകര്യം പോലും ഉണ്ടാക്കിക്കൊടുക്കാതെ വിഷമിപ്പിച്ച കാശുകാരായ കുറേ അമേരിക്കന്‍ മലയാളികളുടെ സമീപനത്തെപ്പറ്റി വായിക്കാം. സിനിമയെന്ന മഴവില്ലിന്റെ കീഴെയുള്ള നിധി തേടി വന്ന് പരാജയപ്പെടുകയും വിജയിക്കുകയും ചെയ്ത മനുഷ്യരുടെ കഥകള്‍ വായിക്കാം.

മലയാള സാഹിത്യത്തിന് എത്രമാത്രം സംഭാവനകള്‍ നല്‍കിയിട്ടുണ്ടോ അതിനടുക്കെത്തന്നെ സംഭാവനകള്‍ സിനിമയ്ക്കും നല്‍കിയിട്ടുള്ള എം.ടി.യെ ആണ് ചിത്രത്തെരുവുകളില്‍ കാണാനാകുന്നത്. തെരുവിലേക്ക് ഇറങ്ങിച്ചെല്ലുമ്പോള്‍, ആദ്യ അദ്ധ്യായം മുതല്‍ അവസാനം വരെ, തട്ടും തടവും ഒന്നുമില്ലാതെ അനായാസമായ വായന സമ്മാനിച്ച, വിലപ്പെട്ട അനുഭവങ്ങള്‍ പങ്കുവെച്ച, എണ്ണമറ്റ സംഭാവനകള്‍ സിനിമയ്ക്ക് നല്‍കിയ അനുഗൃഹീതനായ ആ ബഹുമുഖപ്രതിഭയ്ക്ക് സാദര പ്രണാമം.

വാല്‍ക്കഷണം: വായിച്ച് വായിച്ച് അവസാനമെത്തിയപ്പോള്‍ എനിക്കേറെ പരിചയമുള്ള ഒരു മുഖം ചിത്രത്തെരുവില്‍ എം.ടി.ക്കൊപ്പം നില്‍ക്കുന്നത് കണ്ടപ്പോള്‍ ഒരുപാട് അഭിമാനിക്കാനായി. എം.ടി. കൃതികളെല്ലാം മനോരമയ്ക്ക് വേണ്ടി സീഡിയിലാക്കാന്‍ അഞ്ച് വര്‍ഷത്തോളം വിയര്‍പ്പൊഴുക്കിയ, എഴുത്തും വരയും സിനിമയുമൊക്കെ എന്നും ആവേശമായി കൊണ്ടുനടന്നിട്ടുള്ള, എം.ടി.യുടെ സകലമാന സാഹിത്യസൃഷ്ടികളിലൂടെയും കടന്നുപോകാനായ, അതില്‍ പലതിന്റേയും കൈയ്യെഴുത്ത് കോപ്പികള്‍ കാണാനും കൈവശം വെക്കാനും ഭാഗ്യമുണ്ടായ എന്റെയൊരു സഹപാഠി അനൂപ് ആർ. ആയിരുന്നു അത്.

No comments:

Post a Comment

താങ്കൾ എന്തുപറയുന്നു പുസ്തക വിചാരത്തെപ്പറ്റി ?