Wednesday, December 4, 2013

ചങ്ങമ്പുഴ ജീവിതവും കലാപവും

പുസ്തകം : ചങ്ങമ്പുഴ ജീവിതവും കലാപവും
രചയിതാവ് : പി.എം.ഷുക്കൂര്‍
പ്രസാധകര്‍ : പ്രിയത ബുക്‌സ്‌, കോഴിക്കോട്‌
അവലോകനം : ബിജു.സി.പി


ലയാളം കണ്ട ഏറ്റവും ജനപ്രിയനായ കവി ചങ്ങമ്പുഴ കൃഷ്‌ണപിള്ളയായിരുന്നു എന്ന കാര്യത്തില്‍ തര്‍ക്കമുണ്ടാവില്ല. കവിയുടെ നൂറാം ജന്മവാര്‍ഷികം ആഘോഷിക്കുന്ന ഈ വേളയില്‍ വീണ്ടും അദ്ദേഹത്തിന്റെ ജീവിതവും കവിതകളും പുതുവായനകളിലേക്കു കടന്നു വരേണ്ടതുണ്ട്‌. ചങ്ങമ്പുഴ കൃഷ്‌ണപിള്ള എന്ന കവിയുടെ വ്യക്തിജീവിതവും സാഹിത്യജീവിതവും വിശകലനാത്മകമായി വിവരിക്കുകയാണ്‌ ചങ്ങമ്പുഴ ജീവിതവും കലാപവും എന്ന കൃതിയില്‍. ഗവേഷകനും ഗ്രന്ഥകാരനുമായ പിഎം ഷുക്കൂറിന്റേതാണ്‌ ഈ മികച്ച രചന. മലയാള കകവിതയില്‍ സുലളിത പദവിന്യാസങ്ങളിലൂടെ പ്രണയത്തിന്റെയും സൗന്ദര്യാനുഭൂതിയുടെയും മഞ്‌ജീരശിഞ്‌ജിതം നിറച്ച കവിയാണ്‌ ചങ്ങമ്പുഴ. കവിയുടെ കത്തുകള്‍, ഡയറിക്കുറിപ്പുകള്‍, കവിയുടെ സഹോദരനുമായി നടത്തിയ സംഭാഷണങ്ങള്‍ വിശദമായ മറ്റു ഗവേഷണങ്ങള്‍ കവിതകളുടെ വിമര്‍ശനാത്മകമായ വിലയിരുത്തലുകള്‍ എന്നിവയിലൂടെയാണ്‌ ജീവചരിത്രം കണ്ടെടുക്കുന്നത്‌. ജന്മശതാബ്ദി വേളയില്‍ ചങ്ങമ്പുഴ കൃഷ്‌ണപിള്ളയെക്കുറിച്ച്‌ ഒരനുസ്‌മരണഗ്രന്ഥം തന്നെയിത്.(പേജ്‌ 328, വില 200 രൂപ)

ചങ്ങമ്പുഴയുടെ കവിതകളെല്ലാം കാല്‌പനികതയുടെ വര്‍ണച്ചാര്‍ത്തുകളാല്‍ അലങ്കരിക്കപ്പെട്ടവയായിരുന്നു. വിവരണങ്ങളുടെ ധാരാളിത്തവും വികാരങ്ങളുടെ കുത്തൊഴുക്കും വൈകാരികമായ ചാഞ്ചാട്ടങ്ങളും മതിമോഹനശുഭനര്‍ത്തനമാടുന്ന പദങ്ങളുടെ ലാസ്യതാണ്ഡവങ്ങളുമെല്ലാം നിറഞ്ഞ രചനകള്‍. കവിയുടെ ജീവിതവും ഇങ്ങനെ വൈകാരികതയുടെ ക്ഷോഭങ്ങളും ആഹ്ലാദവിസ്‌ഫോടനങ്ങളും കൂലംകുത്തിയൊഴുകുന്ന കലാപപരതയുമെല്ലാം നിറഞ്ഞതായിരുന്നു എന്ന്‌ കണ്ടെടുക്കുന്നു പിഎം ഷുക്കൂര്‍. തീര്‍ത്തും ദരിദ്രമായ ജീവിത സാഹചര്യങ്ങളില്‍ നിന്ന്‌ വളര്‍ന്ന്‌ കഷ്ടപ്പാടുകള്‍ നീന്തിക്കടന്ന്‌ കവിതയുടെ ലോകത്ത്‌ ഗന്ധര്‍വരാജകുമാരനായി വാണ്‌ ദയനീയമായൊരു ജീവിതാന്ത്യത്തിലേക്കു പോയ ചങ്ങമ്പുഴ കൃഷ്‌ണപിള്ളയുടെ ജീവിതകഥ ഒരു നോവല്‍ പോലെ വായിച്ചു പോകാനാവും വിധം മനോഹരമായിട്ടാണ്‌ അവതരിപ്പിക്കുന്നത്‌. അതേ സമയം തന്നെ ചങ്ങമ്പുഴക്കവിതകളുടെ ആത്മാവിലേക്കു വെളിച്ചം വീശുന്ന നിരൂപണദൃഷ്ടിയോടെയുള്ള വിശകലനങ്ങളും നിറയെയുണ്ട്‌.

ഇടപ്പള്ളിരാഘവന്‍ പിള്ളയും ചങ്ങമ്പുഴയുമായുള്ള ബന്ധം ഉള്‍പ്പെടെ ചില കാര്യങ്ങളില്‍ മറ്റു പല ജീവചരിത്രകാരന്മാരുമെഴുതിയിട്ടുള്ളതില്‍ നിന്നു വ്യത്യസ്‌തമായ ചില നിരീക്ഷണങ്ങള്‍ അവതരിപ്പിക്കുന്നുണ്ട്‌ ഷുക്കൂര്‍. ഇടപ്പിള്ളിയുടെ കാവ്യജീവിതത്തെക്കുറിച്ചുള്ള നിരീക്ഷണങ്ങള്‍ കൂടുതല്‍ ഗൗരവാവഹവുമാണ്‌. രാഘവന്‍ പിള്ളയുടെ കവിതകള്‍ ചങ്ങമ്പുഴക്കവിതകളെക്കാള്‍ ആത്മാര്‍ഥവും സത്യസന്ധവുമായിരുന്നുവെന്നു മാത്രമല്ല ഘടനയിലും ഭാവത്തിലും ആ കവിതകളെക്കാള്‍ ആഴവും പരപ്പുമുള്ളതായിരുന്നു(പുറം 101) എന്നാണ്‌ ഷുക്കൂര്‍ പറയുന്നത്‌. പുസ്‌തകം മൊത്തത്തില്‍ വായിക്കുമ്പോള്‍ ഇത്തരത്തിലുള്ള വേറെയും നിരീക്ഷണങ്ങള്‍ കാണാനാവും. ചങ്ങമ്പുഴയുടെ ഒരു ജീവചരിത്രഗ്രന്ഥത്തില്‍ പലേടത്തും ഒരു കവി എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ ശേഷികളെ തെല്ലു കുറച്ചു കാണുന്നതുപോലെ തോന്നുന്ന നിരീക്ഷണങ്ങള്‍. രമണന്‍ എന്ന കൃതി നേടിയ അത്ഭുതാവഹമായ ജനപ്രീതിയെക്കുറിച്ചു പറയുമ്പോഴും അതിന്റെ ചില പോരായ്‌മകള്‍ നിരീക്ഷിക്കുന്നുണ്ട്‌ ഷുക്കൂര്‍.

ഒരെഴുത്തുകാരന്റെ രചനയെക്കുറിച്ച്‌ അറിയാനാഗ്രഹിക്കുന്നവര്‍ അയാളുടെ വ്യക്തിജീവിതത്തിന്റെ പുതപ്പുപൊക്കി നോക്കാന്‍ മെനക്കെടരുത്‌ എന്ന മട്ടിലുള്ള നിരൂപണ സമീപനങ്ങള്‍ സുപരിചിതമായിക്കഴിഞ്ഞ കാലമാണിത്‌. അപ്പോഴും ചങ്ങമ്പുഴയുടെ കാവ്യജീവിതത്തെ ഏതാണ്ടു മുഴുവനായിത്തന്നെ കൃഷ്‌ണപിള്ള എന്ന മനുഷ്യന്റെ വ്യക്തിജീവിതത്തിലേക്കു ചുരുക്കിക്കൊണ്ടു വരാന്‍ ശ്രമിക്കുകയല്ലേ ഈ പുസ്‌തകം എന്നു തോന്നും. എന്നാല്‍, ഇതൊരു ജീവചരിത്രഗ്രന്ഥമായതിനാല്‍ അത്തരത്തിലൊരു സമീപനം അനുവദനീയമാണെന്നും പറയാം.
ചങ്ങമ്പുഴകൃഷ്‌ണപിള്ള എന്ന വലിയ കവിയുടെ കവിതകളിലേക്കും, കലഹവും കലാപവും ഗന്ധര്‍വസമാനമായ പ്രണയാനുഭവങ്ങളും വിഷാദാത്മകത്വവും നിറഞ്ഞ ആ ജീവിതത്തിലേക്കും വായനക്കാരെ കൈപിടിച്ചു കൊണ്ടുപോകുന്ന ഹൃദ്യമായ വായനാനുഭവമാണ്‌ ഈ പുസ്‌തകം

No comments:

Post a Comment

താങ്കൾ എന്തുപറയുന്നു പുസ്തക വിചാരത്തെപ്പറ്റി ?