Monday, December 9, 2013

കാ വാ രേഖ?


പുസ്തകം : കാ വാ രേഖ?
രചയിതാവ് : ഒരു കൂട്ടം ബ്ലോഗേര്‍സ്

പ്രസാധകര്‍ : കൃതി പബ്ലിക്കേഷന്‍സ്

അവലോകനം : മേല്‍‌പ്പത്തൂരാന്‍കാ വാ രേഖ? എന്താണ് എഴുതിയിരിക്കുന്നത്? ഈ പുസ്തകമെന്റെ കൈയ്യില്‍ കിട്ടുമ്പോള്‍ ഞാന്‍ ചോദിച്ച ചോദ്യമാണിത്. ആ ചോദ്യം തന്നെയായിരുന്നു അതിനുത്തരവും! തന്റെ പണ്ഡിത സദസ്സായ നവരത്‌നങ്ങള്‍ക്കിട്ട് വിക്രമാദിത്യന്‍ പണ്ടൊരു പണികൊടുത്തു. പേരുകേട്ട നവരത്‌നങ്ങളുടെ മാനംകാക്കാന്‍ കാളിദാസന്‍ ഒരുമ്പെട്ടിറങ്ങി. വഴിയിലൊരു കൊച്ചുപെണ്‍കുട്ടിയെ കണ്ടു. അവളോടിങ്ങനെ തിരക്കി.....
''കാ ത്വം ബാലേ'' (നീയാരാണു കുട്ടീ)
''കാഞ്ചനമാലാ'' (കാഞ്ചനമാല)
''കസ്യാ പുത്രി?'' (ആരുടെ പുത്രി?)
''കനകലതായാ'' (കനകലതയുടെ)
''കിം തേ ഹസ്‌തേ?'' (എന്താണു കൈയ്യില്‍)
''താലീപത്രം'' (താളിയോല)
''കാ വാ രേഖ?'' (എന്താണ് എഴുതിയിരിക്കുന്നത്?)
''ക ഖ ഗ ഘ''
ഒട്ടേറെ വരികളിലല്ല. മറിച്ച് വരികളിലെ അര്‍ത്ഥസമ്പുഷ്ടതയിലാണ് കവിതയെന്നു തെളിയിച്ചു കാളിദാസന്‍.

ഇരുപത്തിയഞ്ച് ആധുനിക കവികള്‍ ഇവിടെ കാ വാ രേഖ? (എന്താണ് എഴുതിയിരിക്കുന്നത്?). വ്യവസ്ഥാപിത കവിതാ ശാഖയുടെ അടിമത്തത്തില്‍നിന്നും മോചിപ്പിക്കപ്പെട്ട തീക്ഷ്ണമായ കവിതകളാണ് കാവരേഖയിലുള്ളത്. പ്രസാധകരായ കൃതി പബ്ലിക്കേഷന്‍സിന്റെ ഏറ്റവും പുതിയ പുസ്തകമായ 'കാ വാ രേഖ?' എന്ന കവിതാ സമാഹാരം.

ഡോണാ മയൂരയുടെ 'ഋതുമാപിനി'യെന്ന കവിത മനുഷ്യന്റെ ചിന്തയുടെ അളവുകോലായി വര്‍ത്തിക്കുന്നു. മനസ്സ് ശൈത്യത്തിലെന്ന പോലെ മരവിച്ചു, നീലിച്ചുപോയ ഒരു ജീവിതത്തെയാണ് കവിത അടയാളപ്പെടുത്തുന്നത്. കാതിലേക്ക് തുളച്ചുകയറുന്ന ഓരോ വാക്കിനേയും തോണ്ടിപുറത്തിടാന്‍ ഉപയോഗിച്ചിരുന്ന ചിന്തയുടെ/കുരുട്ടുബുദ്ധിയുടെ, മുകളിലോട്ട് വളഞ്ഞു കൂര്‍ത്തകത്തികൊണ്ട് ഓരോ വാക്കിന്റേയും, നീളവും അര്‍ത്ഥവ്യാപ്തിയും അളന്ന് തിട്ടപ്പെടുത്തി കൈമിടുക്കുള്ള ശില്പിയുടെ ചാതുര്യത്തോടെ മനസ്സില്‍ ആഴത്തിലും, നീളത്തിലുമുള്ള മുറിവുകള്‍ തീര്‍ക്കുന്ന മനുഷ്യന്റെ മസ്തിഷ്‌കത്തിലെ കടങ്കഥകള്‍ക്കുത്തരം തേടി, വരികള്‍ കൊണ്ട് കൂട്ടിക്കെട്ടിയ കയര്‍ത്തുമ്പത്തെ പതാളക്കരണ്ടിപോലത്തെ ചോദ്യചിഹ്നങ്ങള്‍ എന്നാണ് തലയോട്ടി പിളര്‍ക്കുന്നതെന്നാര്‍ക്കറിയാം? വേനലിന്റെ മുറിവുകളെ, വസന്തമറക്കുന്നതേയുള്ളൂ; ഉണക്കുന്നില്ല! മാനുഷീകമൂല്യങ്ങളുടെ അളവുകോലായി ഋതുമാപിനി ആധുനീക ജീവിതങ്ങളുടെ തലക്കുമുക്കളില്‍ പാതാളക്കരണ്ടിപോലെ തൂങ്ങിയാടുന്നു.

'മൊഴി'യെന്ന കവിതയിലൂടെ ശശികുമാര്‍ പറഞ്ഞത് തന്നിലെ കാണാതെപോയ മറ്റൊരു വ്യക്തിയെക്കുറിച്ചാണ്, ജീവിത പരിണാമചക്രത്തിന്റെ ചുഴലിച്ചയിപ്പെട്ട് കാണാതെപോയ കാമുകന്‍! പ്രണയത്തിന്റെ അധിനിവേശകാലത്ത് മധുരനാരങ്ങയും, മുന്തിരിയുമായി നിശാനിയമങ്ങള്‍ ഭേദിച്ചുനടന്ന അയാളുടെ തിരോധാനത്തെപ്പറ്റി എങ്ങനെയെല്ലാം കുത്തിക്കുത്തി വിചാരണ നടത്തിയാലും ഒന്നും പറയാന്‍ കഴിയാത്ത, അയാളിലെത്ര തുരന്നു നോക്കിയാലും കാമുകന്റെ ശേഷിപ്പുകള്‍ കണ്ടെത്താന്‍ കഴിയില്ല.

'ജീവിതം പ്രവാസത്തിലേക്ക് തര്‍ജ്ജമ ചെയ്യുമ്പോള്‍' രഞ്ജിത്ത് ചെമ്മാടന്‍ പ്രവാസജീവിതത്തിന്റെ വിഹ്വലതകള്‍ വളരെ തീക്ഷ്ണമായി അടയാളപ്പെടുത്തിയിരിക്കുന്നത് ട്രാക്കുകളനവധിയുള്ള, അതിവേഗപാതയിലെ നിത്യാഭ്യാസിയെപ്പോലെയാണ്. ഒരു ശരാശരി പ്രവാസിയുടെ ജീവിതത്തിലെ ട്രാഫിക്ക് ജാമുകള്‍ നിറഞ്ഞ ദാമ്പത്യജീവിതത്തിന്റെ സെന്‍സ്സര്‍ ചെയ്യാത്ത ചിത്രം വരച്ചു കാണിക്കുന്നതിങ്ങനെ. സിഗ്‌നല്‍ ചുവപ്പു വീണ ദാമ്പത്യത്തില്‍ അവളുടെ നെറ്റിത്തടം മുതല്‍ അടിവയറുവരെ നെടുകയും കുറുകയും ചുംബിച്ചുകൊണ്ടാണ്.

നീന ശബരീഷ് ഹൈടെക്ക് പച്ചയിലൂടെ പുത്തന്‍ തലമുറയുടെ വികലമായ ദാമ്പത്യബന്ധത്തിന്റെ ഭയാനകരൂപം വരച്ചുകാട്ടുന്നുണ്ട്, കുറച്ചു വരികള്‍കൊണ്ട് ഒരുപാട് കഥപറയുന്ന കവിത. ഒരു കുടക്കീഴില്‍ അണയാന്‍ ആഗ്രഹിച്ച് പ്രണയത്തിന്റെ പെരുമഴയും നനഞ്ഞു നില്‍ക്കുന്ന ഡ്രീമന്റെ കാമുകനില്‍ നിന്നും ജയ്‌നിയുടെ ഇ-പ്രണയത്തിലെത്തുമ്പോള്‍ പ്രണയവും, ചാറ്റിംഗും അതിനുശേഷമുള്ള ചീറ്റിംഗും കാണാം. ആദ്യം എന്റെ കരളേയെന്നു വിളിച്ചു പ്രണയിച്ചുതുടങ്ങുന്ന വെര്‍ച്വല്‍ പ്രണയം ബ്ലഡി ബിച്ച് എന്ന അഭിസംബോധനയോടെ അവസാനിക്കുമ്പോള്‍ പ്രണയവിരഹിയായ കാമുകി ലാപ്‌ടോപ്പെങ്കിലും നഷ്ടപ്പെടാതെ കിട്ടിയല്ലോയെന്ന് സ്വയം ആശ്വസിക്കാന്‍ ശ്രമിക്കുന്നു.

വേട്ടക്കാരനിലൂടെ മനുഷ്യനു നിശ്ചയിക്കപ്പെട്ട് കഴിഞ്ഞിരിക്കുന്ന മരണത്തേക്കുറിച്ച് ഓര്‍മ്മിപ്പിക്കുകയാണ് യൂസഫ്പാ കൊച്ചന്നൂര്‍. കാറ്റും മഴയും വെയിലും രാവും കാടും തീയും സമുദ്രവുമൊക്കെ തുളച്ച് മരണം ഒരു വേട്ടക്കാരനെപ്പോലെ വരുന്ന് ജീവനും തൂക്കിക്കൊണ്ടുപോകുന്ന രംഗം മനുഷ്യനെ തെല്ലൊന്ന് ചിന്തിപ്പിക്കുകതന്നെ ചെയ്യുന്നു. ഒത്തുതീപ്പിലൂടെ, വാര്‍ദ്ധക്യത്തില്‍ ഗതകാലസ്മരണകള്‍ ഒരുമ്മിച്ചോര്‍ത്തെടുക്കുന്ന ദമ്പതികളെയാണ് കാണാന്‍കഴിയുക. അവര്‍ കാമുകീ കാമുകന്മാരായിരിന്നിരിക്കാം പണ്ട്! പരസ്പര സ്‌നേഹത്തിന്റെയും വിശ്വാസത്തിന്റേയും സാന്ത്വനത്തിന്റേയും മൂര്‍ത്തീഭാവങ്ങളായ രണ്ട് കമിതാക്കളെ കണാന്‍ കഴിഞ്ഞത് എ. സതീദേവിയുടെ ഈ കവിതയില്‍ മാത്രം, ഒരുപക്ഷേ കവിയത്രി പഴയ തലമുറക്കാരിയായതുകൊണ്ടൊ എന്തോ?

ശാസ്ത്രത്തോടൊരു സംശയം ചോദിക്കുന്ന അരുണ്‍ കുമാറിനോടെനിക്കും ഒരു സംശയം ചോദിക്കാനുണ്ട്. അക്ഷരം തന്ന വൃദ്ധനെ അച്ഛനായി കാണുവാന്‍ അഭ്യസിപ്പിച്ച ശാസ്ത്രമേ... ഈ വൃദ്ധസദനങ്ങളെന്തിന്? ഈ ചോദ്യം ശാസ്ത്രത്തോടായിരുന്നില്ല ചോദിക്കേണ്ടത്, ശാസ്ത്രം പഠിപ്പിച്ച നല്ല മൂല്യങ്ങളെ മറന്നുപോയ മനുഷ്യനോടും അവന്റെ മാനുഷികമൂല്യങ്ങളോടുമായിരുന്നില്ലെ? അന്യപത്‌നിയെ എന്നുമമ്മയായ് കാണുവാന്‍ ചൊന്ന ശാസ്ത്രമേ/അന്യപത്‌നിക്കു തന്‍ കുഞ്ഞിനെ നല്‍കുന്നീലോകം, എന്തിനിങ്ങനെ? ഇവിടെ മുകളില്‍ ചോദിച്ചത്രയും തീവ്രതയില്ലെങ്കിലും, പരിഭവം ശാസ്ത്രത്തോടുതന്നെ. അന്യനില്‍ വാഴുന്നതീശ്വരന്‍/എന്നുഘോഷിച്ച ശാസ്ത്രമേ/തമ്മിലന്യന്റെ കണ്ഠത്തെ/ഖണ്ഢിച്ചിടൂന്നതും പൂജയോ? എന്നെ വളരെ ആകര്‍ഷിച്ച കവിതകളില്‍ ഒന്ന്. ഒരുപാട് ആകര്‍ഷിച്ചതുകൊണ്ടാവാം സ്വാഭാവികമായും ഈ സംശയങ്ങള്‍. അറിവുകള്‍ വിറ്റു വിശപ്പടക്കി, അറിവുപകര്‍ന്നുതന്ന പുസ്തകങ്ങള്‍ മാത്രം ബാക്കിയായ്... അതും വില്‍ക്കാന്‍ തയാറായിനില്‍ക്കുന്നു പക്ഷേ.. അതില്‍ സൂക്ഷിച്ചിരുന്ന മാനംകാണാത്ത മയില്‍പ്പീലികള്‍ മാത്രം നല്‍കാന്‍ വിസ്സമ്മതിക്കുന്ന കവയത്രി മയില്‍പ്പീലികളിലൂടെ ഗൃഹാതുരമായ ഒരു ബാല്യത്തിനെ ഓര്‍മ്മിപ്പിക്കുന്നു, കുറേ ജീവിതസ്പന്ദനങ്ങളേയും.

കാ വാ രേഖയെന്ന പേരിനെ അര്‍ത്ഥമുള്ളതാക്കിയ കവിതയാണ് ഉമേഷ് പീലിക്കോടിന്റെ കവല. കേരളത്തിലെ സാമൂഹിക രാഷ്ട്രീയ വീക്ഷണമാണ് കവല നടത്തുന്നത്. പ്രതിമകളിലൂടെ പ്രതികരണശേഷി നഷ്ടപ്പെട്ടുനില്‍ക്കുന്ന നിസ്സഹായരായ ജനതയെ കാണാന്‍ കഴിയുമെങ്കില്‍, കൊടിമരങ്ങളിലൂടെ കേരള രാഷ്ട്രീയത്തിലെ ചാഞ്ചാട്ടങ്ങളും, ജനതയുടെ രാഷ്ട്രീയ കാഴ്ചപ്പാടും കാണാന്‍ കഴിയും. തട്ടുകടയാകട്ടെ മലയാളിയുടെ സാമൂഹിക ചര്‍ച്ചാവേദിയും. ഷൈന്‍ കുമാറിന്റെ പുറപ്പാട്, പേറ്റുനോവിന്റെ കടം ബാക്കിയാക്കി യാത്രയാകാന്‍ പോകുന്ന ഒരുവളുടെ വിഹ്വലതകളാണെങ്കിലും, യാത്രയെങ്ങോട്ടെന്നുമാത്രം നിശ്ചയമില്ല. മരണത്തിലേക്കോ, അതോ ഒരു ഒളിച്ചോട്ടത്തിലേക്കോ? വ്യക്തമായിട്ടില്ല. ടോറന്റോ ചുഴിയില്‍പ്പെട്ടലയുന്ന സ്‌നേഹം പരന്നൊഴുകാന്‍ വെമ്പല്‍കൊള്ളുന്നുണ്ട്. സ്‌നേഹത്തിന്റെ വെള്ളച്ചാട്ടം ആര്‍ത്തലച്ചൊഴുകുവാന്‍ മോഹിക്കുന്നുണ്ട്, പക്ഷേ തണുപ്പുകാലത്തെ നയാഗ്രപോലെ ഉറഞ്ഞുകിടക്കുകയാണ് സമ്മറിലെത്തുമെന്നു പ്രതീക്ഷിക്കുന്ന ചൂടുള്ള സാന്ത്വനത്തിനായി, സ്‌നേഹത്തിന്റെ നയാഗ്രാ വെള്ളച്ചാട്ടം മനസ്സില്‍ സൂക്ഷിക്കുന്നത്, ഉറുമ്പരിക്കുന്ന മഞ്ഞിന്റെ ഫോസ്സിലില്‍ എന്നകവിതയിലൂടെ ഗീത രാജനാണ്.

ദിലീപ് നായര്‍ എന്ന യുവകവിക്ക് പുരാണങ്ങളും പഴങ്കഥകളും തീരെപിടിക്കുന്നില്ല. പണ്ടു പണ്ടുകളില്‍നിന്നും കടമെടുത്ത് അപരിചിതങ്ങളായ അര്‍ത്ഥങ്ങളില്‍നിന്നും വിചിത്രമായ പേരും തൂക്കി മുടിവെട്ടാതെ, താടിവടിക്കാതെ നടന്ന തെറ്റുകളുടെ കഥയില്‍ ചോദ്യങ്ങളില്ലായിരുന്നു. ജയിക്കുന്നവന്റെ ശരികള്‍ തോല്‍ക്കുന്നവന്റെ സിംഹാസനങ്ങള്‍ കൈക്കലാക്കി. കാട് വാണ ജ്യേഷ്ഠനും കുരിശില്‍ തറഞ്ഞ ദൈവവും പണ്ടു പണ്ടുകളില്‍ നിന്നും കഥകള്‍ കടമെടുത്ത് സുഖമായി ജീവിച്ചുവെന്നാണ് കവിയുടെ നിഗമനം. കവിതയിലെ വിപ്ലവം. ഇതുവെറും വായാടി വിപ്ലവമോ അതൊ പുരോഗമന ചിന്താഗതിയോ എന്ന് അനുവാചകന് തോന്നല്‍ ഉളവാക്കുന്നു. പറയാനുള്ളത് മിതമായ ഭാഷയില്‍ പറഞ്ഞു ഫലിപ്പിച്ചിരിക്കുന്ന മറ്റൊരു കവിത. വൈരുദ്ധ്യം എന്ന കവിതയിലൂടെ കവി മനസ്സില്‍ കാണുന്ന ബിംബമെന്താണെന്ന് അനുവാചകനെ കുഴക്കുന്നു.

ജെയിംസ് സണ്ണി പാറ്റൂരിന്റെ രാജകുമാരനു കൊട്ടാരം തീര്‍ത്തവരും എസ്.കലേഷിന്റെ പണ്ടൊരു പെണ്‍കുട്ടിയും നിലവാരം പുലര്‍ത്തുന്നു. ഉസ്മാന്‍ പള്ളിക്കരയിലിന്റെ യാത്രാപുകിലുകള്‍ രചനയില്‍ വ്യത്യസ്ത പുലര്‍ത്തി. ആധുനിക കവിതകളില്‍ ഇംഗ്ലീഷും മറ്റു ഭാഷാശകലങ്ങളും തിരുകിക്കയറ്റി ജാഡകാണിക്കുന്ന കവികള്‍ക്ക് മാതൃകയായി ശുദ്ധ മലയാളത്തില്‍ വാക്കുകള്‍ തിരഞ്ഞു പിടിച്ചെഴുത്താന്‍ ശ്രമിച്ചിരിക്കുന്നു കവി. മലയാള ബ്ലോഗിംഗ് രംഗത്തുനിന്നും ഒരുപിടി നല്ല കവികളെ വെളിച്ചത്തുകൊണ്ടുവരാന്‍ കൃതി പബ്ലിക്കേഷനും അതിന്റെ സംഘാടകര്‍ക്കും കഴിഞ്ഞതില്‍ വളരെയേറെ സന്തോഷിക്കുന്നു. ഈ പുസ്തകം, ഇതില്‍ എഴുതിയ എല്ലാ എഴുത്തുകാര്‍ക്കും പ്രചോദനമാകും എന്നകാര്യത്തില്‍ സംശയമില്ല. ഡോണാമയൂരയെ പ്രത്യേകം ശ്രദ്ധിച്ചുകൊള്ളുക.

1 comment:

  1. പുസ്തകത്തെ പരിച്ചയപെടുതിയത്തിനു നന്ദി.

    ReplyDelete

താങ്കൾ എന്തുപറയുന്നു പുസ്തക വിചാരത്തെപ്പറ്റി ?