Monday, April 7, 2014

കണ്ണീര്‍ച്ചാലുകളേ സാക്ഷി


പുസ്തകം : കണ്ണീര്‍ച്ചാലുകളേ സാക്ഷി
രചയിതാവ് : ബി.സുജാതന്‍

പ്രസാധകര്‍ : സാഷണല്‍ ബുക്ക്‌ സ്റ്റാള്‍

അവലോകനം : കുഞ്ഞിക്കണ്ണന്‍ വാണിമേല്‍

പൊതുനിരത്തുകളില്‍ ദിവസവും പൊലിയുന്നത്‌ നിരവധി ജീവനാണ്‌. റോഡപകടങ്ങളുടെ വിവിധ കാരണങ്ങളെക്കുറിച്ച്‌ കേരളത്തില്‍ ആദ്യമായി ബി. സുജാതന്‍ നടത്തിയ സമഗ്രമായ പഠനത്തെപ്പറ്റി..

മോട്ടോര്‍വാഹനങ്ങളുടെ വരവോടെ യാത്രാസൗകര്യങ്ങള്‍ക്ക്‌ ഏറെ സഹായം ലഭിക്കുന്നുവെന്നത്‌ ഒരു വസ്‌തുത തന്നെ. വാഹനങ്ങളുടെ ലഭ്യതയില്‍ ആഹ്ലാദിക്കുന്നതോടൊപ്പം ദു:ഖങ്ങളുടെയും രോദനങ്ങളുടെയും നേര്‍ക്കാഴ്‌ചയില്‍ നിസ്സഹായരായി നില്‍ക്കുന്ന സമൂഹവും. യാഥാര്‍ത്ഥത്തില്‍ ഇത്‌ വാഹനങ്ങളുടെ കുഴപ്പംകൊണ്ടല്ല, ശകടങ്ങളെ നിയന്ത്രിക്കുന്ന മനുഷ്യരുടെ വകതിരിവില്ലായ്‌മയും അഹങ്കാരവും നിയമലംഘനവുമാണ്‌ കാരണം. രാജ്യത്ത്‌ പ്രതിവര്‍ഷം 10 ലക്ഷത്തിലധികം റോഡപകടങ്ങളിലായി ഒരു ലക്ഷത്തിലേറെ പേര്‍ മരണമടയുന്നു. ഓരോ മണിക്കൂറിലും ശരാശരി 13 പേരാണ്‌ അകാലത്തില്‍ മരണപ്പെടുന്നത്‌. കേരളത്തിലെ സ്ഥിതിയും വിഭിന്നമല്ലെന്നുള്ളതാണ്‌ സത്യം. സംസ്ഥാനത്ത്‌ സംഭവിക്കുന്ന റോഡപകടങ്ങളില്‍ 40 ശതമാനവും വാഹനമോടിക്കുന്നവര്‍ മദ്യം ഉപയോഗിക്കുന്നതുകൊണ്ടാണെന്നും പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ജനസാന്ദ്രതപോലെ വാഹനസാന്ദ്രതയ്‌ക്കും കേരളം ഇന്നു മുന്നിലാണ്‌.

കേരളത്തില്‍ വര്‍ദ്ധിച്ചുവരുന്ന വാഹനാപകടങ്ങളില്‍ മരിക്കുകയും ഗുരുതരമായ പരിക്കുകള്‍ മൂലം ദു:ഖം അനുഭവിക്കുകയും ചെയ്യുന്ന ചില സംഭവങ്ങളെക്കുറിച്ചുള്ള പ്രതിപാദ്യമാണ്‌ `കണ്ണീര്‍ച്ചാലുകളേ സാക്ഷി'യിലൂടെ വെളിപ്പെടുത്തുന്നത്‌.(വില : 100രൂപ) അപകടങ്ങളില്‍ മരിച്ച്‌ അനാഥമാകുന്ന കുടുംബങ്ങളെക്കുറിച്ചോ, പരിക്കേറ്റ്‌ വിദഗ്‌ധ ചികിത്സയ്‌ക്ക്‌ സാമ്പത്തിക ബുദ്ധിമുട്ട്‌ അനുഭവിക്കുന്നവരുടെ സങ്കടങ്ങളുടെ നേര്‍ക്കാഴ്‌ചകളെക്കുറിച്ചോ ഒരു ഗ്രന്ഥം മലയാളത്തില്‍ ഇതുവരെയുണ്ടായില്ല. അതുതന്നെ ഈ പുസ്‌തകത്തിന്റെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നു.
ലക്ഷ്യസ്ഥലത്തെത്തുവാന്‍ എത്രദൂരം വേണമെങ്കിലും മനുഷ്യന്‍ നടന്നുപോയിരുന്ന ഒരു ഗതകാലം. യാത്രകള്‍ക്ക്‌ മറ്റു മാര്‍ഗ്ഗങ്ങളൊന്നുമില്ലാതിരുന്നതിനാല്‍ നടത്തം എല്ലാവര്‍ക്കും അന്ന്‌ വളരെ പ്രിയം. രോഗങ്ങളും തീരെ കുറവുള്ള ഒരു കാലഘട്ടം, അരോഗദൃഢഗാത്രരായ ആള്‍ക്കാര്‍. ഇന്ന്‌ അങ്ങനെയൊരു സാഹചര്യത്തെക്കുറിച്ച്‌ ചിന്തിക്കാനേ കഴിയില്ല. ഇന്ന്‌ ഒരു കീ.മീറ്റര്‍ ദൂരം പെട്ടെന്ന്‌ നടന്നെത്താവുന്നതാണെങ്കിലും നമ്മള്‍ അരമണിക്കൂര്‍ സമയം ബസ്സ്‌ കാത്തുനില്‍ക്കും. നടന്നുപോകുന്നത്‌ അന്തസ്സിന്റെ പ്രശ്‌നമായും ചിലര്‍ കാണുന്നുണ്ട്‌. തീരെ നടക്കാത്തതുകൊണ്ട്‌ രോഗങ്ങളെയും ക്ഷണിച്ചു വരുത്തുന്നു.

മോട്ടോര്‍ വാഹനങ്ങള്‍ പ്രചാരത്തിലാകുന്നതിനു മുമ്പ്‌ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും കരിഗ്യാസ്‌ വണ്ടികള്‍ യാത്രാ സൗകര്യത്തിന്‌ നിര്‍ണ്ണായകമായ പങ്ക്‌ വഹിച്ചിട്ടുണ്ട്‌. ഇപ്പോള്‍ റോഡുകള്‍ മത്സരവേദികളാവുകയാണ്‌. വാഹനപ്പെരുപ്പം കൊണ്ട്‌ വീര്‍പ്പുമുട്ടുന്ന സംസ്ഥാനത്തെ നിരത്തുകളില്‍ വാഹനമോടിക്കുന്നവരുടെ കര്‍ശനനിയന്ത്രണങ്ങളും അച്ചടക്കവും കാല്‍നടക്കാരുടെ അതീവ ശ്രദ്ധയുമുണ്ടെങ്കില്‍ എത്രയോ റോഡപകടങ്ങള്‍ ഒഴിവാക്കാന്‍ കഴിയും. അമേരിക്കയില്‍ ഏഴുപേര്‍ക്ക്‌ ഒരു വാഹനമുള്ളപ്പോള്‍ കേരളത്തില്‍ ആറുപേര്‍ക്ക്‌ ഒരു വാഹനമുണ്ട്‌.

ചക്രത്തില്‍ കയറ്റിവച്ച അപായമാണ്‌ മോട്ടോര്‍ വാഹനം. അതിന്റെ ചക്രം പിടിക്കുന്നവര്‍ കൂടി അപകടകാരിയാണെങ്കില്‍ കുരങ്ങന്റെ കൈയില്‍ പൂമാല കിട്ടിയതുപോലിരിക്കും. മൂന്ന്‌ ഋ യുടെ അഭാവം കൊണ്ടാണ്‌ വാഹന അപകടങ്ങള്‍ പെരുകാന്‍ കാരണം. മൂന്ന്‌ ഋ എന്നാല്‍ എഞ്ചിനിയറിംഗ്‌, എന്‍ഫോഴ്‌സ്‌മെന്റ്‌, എജ്യുക്കേഷന്‍ എന്നാണ്‌ അര്‍ത്ഥമാക്കേണ്ടത്‌.
ദിവസേന സംസ്ഥാനത്തെ നിരത്തുകളിലുണ്ടായിക്കൊണ്ടിരിക്കുന്ന ഭയാനകമായ വാഹനാപകടങ്ങള്‍ കണ്ടും കേട്ടും വായിച്ചും മനം മടുത്ത ഒരു മനുഷ്യസ്‌നേഹി അതിന്‌ അല്‌പമെങ്കിലും തടയിടാനോ ജനത്തെ ബോധവല്‍ക്കരിക്കുവാനോ കഴിയുമെന്ന വിശ്വാസത്തിലാണ്‌ ഈ പുസ്‌തകം രചിച്ചത്‌.
റോഡപകടങ്ങളുടെ വിവിധ കാരണങ്ങളെക്കുറിച്ചും നിയന്ത്രണ മാര്‍ഗ്ഗങ്ങളെപ്പറ്റിയും അവയോട്‌ ബന്ധപ്പെട്ട നിയമങ്ങളെക്കുറിച്ചും അപകടത്തെത്തുടര്‍ന്ന്‌ ഉടനെ ഉണ്ടാവേണ്ട കാര്യങ്ങളെപ്പറ്റിയും സുജാതന്‍ സവിസ്‌തരം ഈ പുസ്‌തകത്തില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്‌. പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത് കല്ലേലി രാഘവന്‍പിള്ള.

1 comment:

  1. കണ്ണീര്‍ച്ചാലുകളേ സാക്ഷി എന്ന പുസ്തകത്തെക്കുറിച്ചുള്ള അവലോകനം നന്നായി.
    ലൈബ്രറിയിലേക്ക്‌ വാങ്ങുന്നുണ്ട്
    ആശംസകള്‍

    ReplyDelete

താങ്കൾ എന്തുപറയുന്നു പുസ്തക വിചാരത്തെപ്പറ്റി ?