പുസ്തകം : ഉന്മത്തതയുടെ ക്രാഷ് ലാന്റിംഗുകള്‍
രചയിതാവ് : രാജേഷ് ചിത്തിര
പ്രസാധകര്‍ : സൈകതം ബുക്സ്
അവലോകനം : എം.ആര്‍.വിഷ്ണുപ്രസാദ്
ആദ്യം കാണുന്നത് ആകസ്മികതയുടെ ഒരു നൂല്‍പാലമാണ്. ഗ്രാഫിക് ചലച്ചിത്രങ്ങളിലേതു പോലെ വായുവില്‍ തങ്ങി നില്‍ക്കുന്ന ഒരു നടവരമ്പ്. അതിലൂടെ വേണം അങ്ങോട്ട് പോകാന്‍. കൈവെള്ളയ്ക്കുള്ളിലിരുന്ന് മലയാളം ചൊല്ലുന്ന എലിക്കുഞ്ഞിനെ പിടിക്കാന്‍ ഇതുവരെയും ഒരു പൂച്ചസന്യാസിക്കും കഴിയാത്ത അവസ്ഥയില്‍ അച്ചടിലോകത്ത് കവിതയുടെ മുഖം മൂടികള്‍ പുത്തന്‍ കൂറ്റ്കാരെന്നു വ്യാജന്‍ ചമയും. അവര്‍ക്ക് മീതെ സാറ്റലൈറ്റുകളുടെ തരംഗ ലീലയില്‍ ഉന്മത്തരായ ഒരു പുതു കവിതയെഴുത്ത് സമൂഹം ആര്‍ക്കും പിടിതരാതെ പുലരുന്നുണ്ടെന്ന് ഓര്‍ക്കുക. കയ്യിലെടുത്ത് ഓമനിക്കാമെന്ന് വെച്ചാല്‍ അത്രയെളുപ്പമങ്ങ് സ്‌നേഹിക്കാന്‍ പോലും കഴിയാത്ത ഏലിയന്‍ ഭാഷയുമായ് അച്ചടിക്ക് വെളിയിലുള്ള കവിത ഇന്റെര്‍നെറ്റിന്റെ ഒടുങ്ങാത്ത വള്ളികളിലൂടെ പാഞ്ഞു നടക്കുന്നു. മുഖ്യധാരാ ആഴ്ചപതിപ്പുകളില്‍ അച്ചടിച്ച് വരുന്നതാണ് മലയാളത്തിലെ പുതുകവിതയെന്നു തെറ്റിധരിച്ചവര്‍ക്ക് നൂല്‍പാലങ്ങള്‍ കടക്കുക അസാധ്യം. രാജേഷ് ചിത്തിര എന്ന പുതുകവി അച്ചടിക്ക് പുറത്തുള്ള ആളാണ്. ഇലക്ട്രോണുകളെ കൂട്ടുപിടിച്ച് കവിത സൃഷ്ട്ടിക്കുന്ന അനേകം പുതു കവികളുടെ/കവയിത്രികളുടെ പ്രതിനിധി. ബൂലോകത്തിന്റെ വലക്കണ്ണികളില്‍ നിന്ന് രാജേഷിന്റെ കവിതകളും ഈയിടെ പുസ്തകമായ് പ്രസിധീകരിക്കപെട്ടു. 'ഉന്മത്തതയുടെ ക്രാഷ് ലാന്ടിങ്ങുകള്‍' എന്ന പേരില്‍.
ഒന്നിനെയും പെരുപ്പിക്കാനിഷ്ടമില്ലാത്ത ഒരാളെയാണ് ഈ പുസ്തകം പരിചയപ്പെടുത്തുന്നത്. വസ്തുക്കളെ മുറിച്ച്, വീണ്ടും മുറിച്ച്, മുറിച്ച് മുറിച്ച് അതിന്റെ ആറ്റ ത്തി ലേക്ക് കടന്നു ചെന്ന് , സബറ്റോമിക കണങ്ങളെ ഉമ്മ വെയ്ക്കാനുള്ള വെമ്പലാണ് ഇക്കവിതകളുടെ മുഖമുദ്ര.
മരവും പുഴുവുമാകാതെ
വസന്തത്തിന്റെ നോവറിഞ്ഞ
ഏതോ കാറ്റില്‍ നിലം തൊടാതെ
വീണുടഞ്ഞ ഒരു കണ്ണുനീര്‍.
എന്നെഴുതുമ്പോള്‍ മനസിനുള്ളിലേക്ക് കടന്നു വരുന്നത് ഒരു ഇലക്ട്രോണാണ്. നെഗറ്റിവ് ചാര്‍ജുള്ള ഒരു കണമായ് കണ്ണുനീരിനെ വായിച്ചനുഭാവികാന്‍ കഴിയുന്നു. വസ്തുസത്തകളെ ചുരുക്കാനുള്ള ഈ വിങ്ങല്‍ പുതുകവിതയില്‍ ധാരാളമായ് കാണാം. ഇലക്ട്രോണുകളുടെ സഹായത്തോടെ എഴുതുമ്പോള്‍ എല്ലാം പരമാനുവിലേക്ക് ചെന്നെത്താന്‍ തിടുക്കം കാട്ടുന്നതാവാം. അല്ലെങ്കില്‍ വസ്തുവകകളുടെ ധാരാളിത്തത്തെ കുറിച്ച് പുറംപൂച്ച് പറയാനുള്ള വിസമ്മതമാവാം. എന്തായാലും ഇലക്ട്രോണുകളുടെ നൂല്‍പ്പാലം കടക്കാനുള്ള ധൈര്യവും സാവധാനവും വേണം. കാലുതെറ്റിയാല്‍ മൂക്കും കുത്തി അച്ചടിക്കാരുടെ വ്യാജ പുഴയിലേക്ക് ഉരുണ്ടു വീഴും. കാലത്തിന്റെ വരവു കണക്കുകളെ, യന്ത്രങ്ങളുടെ സ്വകാര്യതയെ, ഉപകരങ്ങളുടെ പ്രവര്‍ത്തനങ്ങളെ, ബന്ധങ്ങളുടെ അനൌപചാരികതയെ, പെട്ടെന്നു മാഞ്ഞു പോകുന്ന നിമിഷ സൂചികളെ ഉള്‍ക്കൊള്ളാത്ത ഒരാള്‍ക്ക് പുതുകവിത സൃഷ്ടിക്കുന്ന വാഗ്ക്രമങ്ങളെ ഉള്‍ക്കൊള്ളുക അസാധ്യമാണ്.
ആവശ്യത്തിനും അല്ലാതെയും ഗ്രാമബിംബങ്ങളെ വാഴ്ത്തുകയാണ് മിക്ക കവിത എഴുത്തുകാരുടെയും എക്കാലത്തെയും ദൗര്‍ലബ്യം. ഭൂഗോളം ഒന്നാകെ അറിവിന്റെ മഴമേഘങ്ങള്‍ ഒരേപോലെ മൂടി പുതഞ്ഞു കിടക്കുമ്പോള്‍ നാട്ടിലുല്ലവരുടെയും നഗരതിലുള്ളവരുടെയും മനസ്ഥിതി ഏതാണ്ട് ഐക്യപെട്ടു കഴിഞ്ഞിരിക്കുന്നു. സാഹിത്യം സ്വപ്നം കാണുന്ന 'വിശുദ്ധ' സങ്കല്‍പ്പങ്ങളില്‍ നിന്നൊക്കെ ഗ്രാമങ്ങള്‍ എന്നേ വിടുതി നേടിയിരിക്കുന്നു. രാജേഷ് ഒരു പ്രവാസി കൂടി ആയതിനാല്‍ ഇക്കവിതകളില്‍ ഗ്രാമ ചിത്രങ്ങള്‍ ധാരാളമായുണ്ട്. ആവിഷ്‌കാരത്തിന്റെ നൂതനത്വം കൊണ്ടാണ് ഗൃ ഹാ തുരതയുടെ പരമ്പരാഗത എമ്പക്കങ്ങളില്‍ നിന്ന് ഇക്കവിതകള്‍ വേറിട്ട് നില്‍ക്കുന്നത്. എല്ലാ കാര്യങ്ങളും പകുതിയില്‍ മുറിച്ചും, മറച്ചു വെച്ചും തയ്‌ചെടുക്കുന്ന തുണികഷ്ണതിലാണ് രാജേഷ് കവിത തുന്നുന്നത്.
ഉലുവാ മണമുള്ള ആളുകള്‍ ഏതോ പറമ്പിലിരുന്ന് കപ്പ പുഴുങ്ങുന്ന ഒരു കവിതയില്‍ (ഓര്‍മ്മകള്‍ ചൂളം കുത്തി...)
അര്‍ഥങ്ങള്‍ ഒളിപ്പിച്ചും വെട്ടി കളഞ്ഞും നടത്തുന്ന കൈപ്പണി കവിതയെഴുത്തില്‍ ഒരു നല്ല തയ്യല്‍കാരന്റെ സാന്നിധ്യത്തെ അറിയിക്കുന്നു. ഓര്‍മകളെ പുകത്തീവണ്ടികലുമായ് ഉപമിക്കാനല്ല ഇക്കവിതയിലെ ആകാംഷ. മറിച്ച് നിലാവിന് കീഴിലെ ആഞ്ഞിലി മര ചോട്ടിലിരുന്ന് പുകയൂതുന്നോന്റെ നെഞ്ചിലെ സിഗ്‌നല്‍ വെട്ടത്തിലാണ് കവിയുടെ കണ്ണ്. കവിയുടെ വാക്കുകളിലൂടെ തന്നെ ഈ കത്രികവിദ്യയെ അടുത്തറിയാം. 'കാഴ്ച്ച' എന്ന കവിതയില്‍ രാജേഷ് ഇങ്ങനെ എഴുതുന്നു.
ഇടത്ത് നിന്ന് വലത്തോട്ട്
പലവുരു വാക്കുകളെ
നിരത്തി വെട്ടി മാറ്റി
മുറിച്ച് കടക്കും മുന്പ്
ഇടത്തോട്ടും പിന്നെ
വലത്തോട്ടും തല
ഒരു പെന്‍ഡുലം പോലെ.
ഇത്തരത്തില്‍ എഡിറ്റിങ്ങിന്റെ ഒരു കൊയ്ത്ത് പാട്ടിലൂടെ യാണ് കവിതയെ രാജേഷ് വരുതിയിലാക്കുന്നത്. നാട്ടിന്‍ പുറത്തെ ഒരു പാവം തടിപ്പണിക്കാരന്റെ തിരോധാനത്തെ വരച്ച് വെയ്ക്കുന്ന കവിതയില്‍ (ഉളിപ്പേച്ച്) മേല്‍സൂചിപ്പിച്ച എഡിറ്റിങ്ങിന്റെ ജാലവിദ്യ പൂര്‍ണ രൂപത്തില്‍ കളിയാടുന്നുണ്ട്. അതുമാത്രമല്ല കാലത്തിന്റെ വിവിധ ചീളുകള്‍ ഒറ്റവാക്കുകളുടെ ചിന്തേരടരുകളായ് നാലുപാടും ചിതറുന്ന അനുഭവം കൂടി ഇക്കവിത പങ്കുവെയ്ക്കുന്നു. ഒരുത്തനുമിപ്പോള്‍ ബാലനാശാരിയെ വേണ്ട എന്ന ദുഖത്തെ മുറിഞ്ഞ പലകകളായ് കവിതയില്‍ അടുക്കി വെയ്ക്കുമ്പോള്‍ കരിവീട്ടി, റം, ബ്ലേഡ് കുമാരന്‍, തെക്ക്, ജയഭാരതി, പോളിഷ്, ഉണ്ണിമേരി, മുഴക്കോല്, ശ്രീവിദ്യ, കോഴിക്കൂട് എന്നിങ്ങനെ ഓര്‍മകളുടെ അറക്കവാള്‍ പല്ലുകള്‍ വാക്കുകളായ് തുറിച്ചു നില്‍ക്കുന്നു. കുത്ത്യാലും കുത്ത്യാലും മുറുകാത്ത മുണ്ടേ, നീയിതെവിടെ പോയ്, എന്ന ചോദ്യത്തില്‍ നിന് മുഷിഞ്ഞ ഒരു അണ്ടര്‍വെയര്‍ നമ്മളെ നോക്കി ചിരിക്കുന്നത് കാണാം. അര്‍ഥങ്ങള്‍ ഒളിപ്പിച്ച് വെച്ചുള്ള ഈ കണ്ണാരം പൊത്ത് ഈ സമാഹാരത്തിലെ മിക്ക കവിതയിലും കാണാം. നിന്നിലേക്കുള്ള യാത്രകളില്‍, ഒട്ടും സ്വോഭാവികമാല്ലാത്ത ചിലത്, തുറമുഖം, സാക്ഷാത്ക്കാരം, പോന്റൂര്‍ തീര്‍ഥാടനം, കാലത്തിന്റെ സ്ടാച്ചു പറച്ചില്‍, വേയിലെ വേയിലെ തുടങ്ങിയവ ചില ഉദാഹരണങ്ങളാണ്.
എണ്ണി പറയാനും അക്കമിട്ടു നിരത്താനും കഴിയാത്ത വിധത്തില്‍ പുതുപുത്തന്‍ ആവിഷ്‌കാര വൈവിധ്യങ്ങള്‍ കൊണ്ട് കഴിഞ്ഞ പത്തു വര്‍ഷകാലം മലയാള കവിത അന്തം വിട്ട് നില്‍ക്കുന്ന കാഴ്ചയാണ് കണ്ടത്. ചുരുങ്ങിയ കാലം കൊണ്ട് ഇത്രത്തോളം വൈവിധ്യങ്ങളെ ഉള്‍ക്കൊണ്ട മറ്റൊരു എഴുത്ത് രൂപവും സമകാലിക മലയാളത്തില്‍ വേരുറപ്പിച്ചിട്ടില്ല. കവിതയുടെ അനിയന്ത്രിതമായ ഈ കുത്തോഴുക്കിനെ മെരുക്കാന്‍ കഴിയാതെ നദിക്കരയിലിരുന്നു കുറ്റം പറഞ്ഞവരാണ് ഏറെ പേരും. പബ്ലിക് ലൈബ്രറിയില്‍ കാലു നീട്ടിയിരുന്ന് നാലഞ്ചു പുസ്തകം തപ്പിയെടുത്ത് പുതുകവിതയെ നിരുപിക്കാന്‍ സാധ്യമല്ല. മുഖ്യെതര അച്ചടി പുറങ്ങളിലൂടെ, തിര മലയാള കൂട്ടായ്മകളിലൂടെ, ഇല്ലന്റ്‌റ് മിനി മാസികളിലൂടെ, നാനാതരം പുതുമുഖ പ്രസാധകരിലൂടെ, ഈമൈലുകളിലൂടെ , സെല്‍ ഫോണിലൂടെ വഴുതി ഒഴുകി കൊണ്ടിരിക്കുന്ന വരാല്‍ മത്സ്യമാണ് പുതു കവിത. ആദ്യവായനയില്‍ രണ്ടുപേര്‍ തമ്മിലുള്ള സ്വകാര്യ ഭാഷണമായി തോന്നാമെങ്കിലും 'നമുക്കിടയില്‍' എന്ന കവിത പുതുകവിതയെ എതിരിടുന്നവരോട് കവി നടത്തുന്ന സംഭാഷണമായി വായിക്കാം. നമുക്കിടയിലെന്താണ്? എന്ന ചോദ്യം തന്നെയാണ് വായനക്കാരനും പുതു കവിതയും തമ്മിലുള്ള നിശ്ചലതയെ വര്‍ധിപ്പിക്കുന്നത്. കവിതയില്‍ ഒറ്റമരങ്ങളുടെ കാലം കഴിഞ്ഞെന്ന് പൂര്‍ണ ബോധ്യമുണ്ടായിട്ടും നിലനില്‍പ്പിന്റെ തീയാളുന്ന ചരിവുകള്‍ മരങ്ങളെ ചുറ്റി നില്‍പ്പില്ലെന്ന് അറിഞ്ഞിട്ടും എന്തിനാണ് ഈ നാട്യങ്ങള്‍ എന്ന ചോദ്യത്തിന് മുന്നിലേക്ക് പ്രതികളെ മാറ്റി നിര്‍ത്താന്‍ രാജേഷിനു കഴിയുന്നുണ്ട്.
മരക്കൂട്ടത്തിനിടയിലെ ഏതോ ഒരു മരമെന്ന്
ഒരു പേര് വിളിക്കാനായ്‌മ്പോഴേക്കും
ചില്ലകള്‍ വരെ മൊട്ടിട്ടു നില്‍ക്കുന്ന
മരമായി നിന്റെ കണ്ണുകള്‍ തിളങ്ങുന്നു.
പുതുകവിത ഒരു മരക്കൂട്ടത്തെ ഓര്‍മിപ്പിക്കുന്നു. നിഷേധ ഭാവത്തോടെ, മുന്‍വിധികളോടെ കവിതയെ സമീപിക്കുന്നവരെ സമാധാനിപ്പിക്കാനുള്ള ഒറ്റ മര തണലുകള്‍ ഇപ്പോള്‍ മലയാളത്തിലെ പുതുകവിതയില്‍ ഇല്ല. എന്നാല്‍ മര ക്കൂട്ടത്തിന്റെ ഇലയനക്കങ്ങളെ അടുത്തറിയുമ്പോള്‍ നമ്മുടെ കണ്ണുകള്‍ തിളങ്ങാന്‍ തുടങ്ങുന്നുവെന്ന് രാജേഷ് കവിതയിലൂടെ പറഞ്ഞു വെയ്ക്കുന്നു.
വെട്ടിയൊതുക്കിയ വാക്കുകളുടെ ഏറ്റവും ചെറിയ പൂന്തോട്ടങ്ങളാക്കി ഓരോ കവിതയെയും മാറ്റാനാണ് ഈ പുസ്തകം ശ്രമിക്കുന്നത്. ഇത്തരമൊരു കത്രിക വിദ്യയിലൂടെ നീണ്ട വാചകങ്ങ ളില്‍ നിന്ന് വരികളിലെക്കും, ഒറ്റ വാക്കിന്റെ നിഗൂഡതകളിലെക്കും, വാക്കിനുമുള്ളില്‍ വിളയാടുന്ന ഇലക്ട്രോണിക തലത്തിലേക്കും വായനക്കാരന് ചെന്നെത്താനാവുന്നു. പുതുകവിതയില്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന അനേകം ഭാവ മുദ്രകളില്‍ രാജേഷിന്റെ കവിതകളുടെ പ്രത്യേകത കത്രികകണ്ണില്‍ വിരല്‍ കടത്തി കവിതകള്‍ വെട്ടിയെടുക്കുന്ന തയ്യല്‍ പണി തന്നെയാണ്. തയ്യല്‍ മേഷിനിന്റെ യന്ത്ര കലഹങ്ങളെ അവഗണിച്ച് കഴിഞ്ഞ തലമുറയില്‍ നിന്ന് കടം വാങ്ങാത്ത സൂചിയും നൂലും കൊണ്ടുള്ള കവിതയിലെ ഫാഷന്‍ ഡിസൈനിങ്ങ്! ഈ സമാഹാരത്തിലെ കവിതകള്‍ ഇട്ടു നോക്കുമ്പോള്‍ ആദ്യം അത്ര പാകമായില്ലെന്നു തോന്നും. പുതു കവിത വായിക്കുമ്പോള്‍ പണ്ടത്തെ പോലെ കണ്ണാടിക്കു മുന്നില്‍ നിന്ന് പ്രതിബിംബം നോക്കി രസിക്കുന്ന പണി അവസാനിപ്പിക്കുക. വെറുതെയങ്ങ് ഇട്ടു നോക്കുക. വസ്ത്രം നമ്മുടെ തൊലിയോട് അധികം ഒച്ചയില്ലാതെ സംസാരിച്ചു തുടങ്ങും. തീര്‍ച്ച. ദയവു ചെയ്ത് കണ്ണാടിയില്‍ നോക്കരുത്.
No comments:
Post a Comment
താങ്കൾ എന്തുപറയുന്നു പുസ്തക വിചാരത്തെപ്പറ്റി ?