രചയിതാവ് : എസ്.ജോസഫ്
പ്രസാധകര്‍ : ഡി.സി.ബുക്സ്
അവലോകനം : ലാസര്‍ ഡിസല്‍വ
പ്രപഞ്ചത്തിനൊരു താളമുന്ടെന്നാണ് ശാസ്ത്രവും പറയുന്നത്. എങ്കില്‍ ജീവന് മുന്‍പേ കവിതയും ഉണ്ടായിരുന്നിരിക്കാം. പക്ഷെ നമ്മുടെ ചില കവികളെ വായിക്കുമ്പോള്‍ അത്രയ്ക്ക് വയ്യ തന്നെ. അതൊരുപക്ഷേ ഭാഷയുടെ പരിമിതിയാവാം. നമ്മുടെ ഭാഷയുടെ എന്നാണ് ഉദ്ദേശിച്ചത് - കാരണം ഒരുപാട് വിവര്‍ത്തനങ്ങളിലൂടെ കടന്നു നമ്മുടെ കയ്യിലെത്തുമ്പോള്‍ പോലും ജിബ്രാന്‍ പ്രകൃതിയെ അനുഭവവേദ്യമാക്കുന്നുണ്ട്. യൂറോപ്യന്‍ ആധുനികതയുടെ പ്രഭവത്തില്‍, യുദ്ധവിഹ്വലതയില്‍, ദൈവവും ചരിത്രവും മരിച്ചുപോയി എന്ന് ആഘോഷിക്കുന്ന കാലത്ത് കവിയുടെ ഏകാന്തതകള്‍ ഇതെല്ലാം മലകളാണ് കയറിപ്പോയത്:
എന്റെ ചുണ്ടുകളില്‍ ശബ്ദത്തിന്റെ ആദ്യവിറയലനുഭവപ്പെട്ട പുരാതനമായ ഒരു കാലത്ത്, വിശുദ്ധമായ ആ മല കയറിപ്പോയി ഞാന്‍ ദൈവത്തോട് പറഞ്ഞു: "ഗുരോ, ഞാന്‍ നിന്റെ അടിമയാണ്. നിന്റെ നിഗൂഡമായ നിയമാവലികള്‍ അനുസരിച്ച് ഞാന്‍ നടന്നുകൊള്ളാം". പക്ഷെ ദൈവം മറുപടിയൊന്നും പറയാതെ ഒരു ഗംഭീരകൊടുങ്കാറ്റായി കടന്നുപോയി.
ആയിരം വര്‍ഷങ്ങള്‍ക്കു ശേഷം ഞാന്‍ വീണ്ടും ആ വിശുദ്ധമല കയറി ദൈവത്തോട് സംസാരിച്ചു: "സ്രഷ്ടാവേ, ഞാന്‍ നിന്റെ സൃഷ്ടിയാണ്. കളിമണ്ണില്‍ നിന്നും നീയെന്നെ വാര്‍ത്തെടുത്തിരിക്കുന്നു. അതുകൊണ്ട് തന്നെ എനിക്കുള്ളതെല്ലാം നിനക്ക് ഞാന്‍ നല്‍കുന്നു". കാറ്റിന്റെ വേഗമുള്ള ആയിരം ചിറകുകളടിച്ചു മറുപടിയൊന്നും പറയാതെ ദൈവം കടന്നുപോയി.
ഇനിയുമൊരു ആയിരംവര്‍ഷം കഴിഞ്ഞ് പരിശുദ്ധമായ ആ മലമുകളില്‍ ഞാന്‍ വീണ്ടും എത്തി: "എന്റെ ലക് ഷ്യവും നിറജീവനുമായ ദൈവമേ, ഞാന്‍ നിന്റെ ഇന്നലെയും നീയെന്റെ നാളെയുമാണ്. ഞാന്‍ ഭൂമിയുടെ ആഴത്തില്‍ നില്‍ക്കുന്ന നിന്റെ വേരും, നീ ആകാശത്തു വിടര്‍ന്നുനില്‍ക്കുന്ന എന്റെ പൂക്കളുമാണ്. സൂര്യമുഖത്തേക്ക് നമുക്കൊന്നിച്ച് പറന്നുയരാം". അപ്പോള്‍ ദൈവം എന്നിലേക്ക് ചാഞ്ഞു. എന്റെ ചെവിയില്‍ മധുരമായ വാക്കുകളുടെ മര്‍മ്മരം. തന്നിലേക്ക് ഒഴുകിവീഴുന്ന ഒരു അരുവിയെ കടല്‍ ആലിംഗനം ചെയ്യുന്നത് പോലെ ദൈവം എന്നെ ആലിംഗനം ചെയ്തു.
പിന്നെ മലയിറങ്ങിയപ്പോള്‍ താഴ്വാരങ്ങളിലും സമതലങ്ങളിലും ഞാന്‍ ദൈവത്തെ കണ്ടു!
ആധുനികനായ മലയാളിയുടെ കവിഭാവനകള്‍ ചെറുതായിപ്പോയത് നമ്മുടെ ഭാഷാദേശവും ഒരു നേര്‍ത്ത വരപോലെ ചെറുതായിപ്പോയത് കൊണ്ടാവുമോ? ഇതിനെക്കാള്‍ നേര്‍ത്ത ഭൂപ്രദേശമാണല്ലോ ചിലി എന്ന് ഓര്‍മ്മവരുന്നു. മലയാളിയുടെ ആധുനിക കവിതാനുഭവത്തെ മുഴുവന്‍ ഒരു പരുന്തിനെപ്പോലെ കൊത്തി പറന്നുപോയത് ഒരു ചിലിക്കാരന്‍ ആയിരുന്നുവല്ലോ...:
നീ ചോദിക്കും: ലൈലാക്ക് പൂക്കളെല്ലാം എവിടെപോയെന്ന്
പോപ്പിപൂക്കളെ കൊണ്ട് ഇതളുകള്‍ തീര്‍ത്ത
മെറ്റാഫിസിക്സ് എവിടെയെന്ന്
ആ വാക്കുകളില്‍ മഴ ആവര്‍ത്തിച്ചു പുരട്ടിനിറയ്ക്കുന്ന
ദ്വാരങ്ങളും
പക്ഷികളും എവിടെയെന്ന്.
അവന്റെ കവിത
സ്വപ്നങ്ങളെയും ഇലചാര്‍ത്തുകളെയും പറ്റി
പറയാത്തതെന്തെന്നും നീ ചോദിക്കും
അതില്‍
അവന്റെ ജന്മദേശത്തെ ഗംഭീരങ്ങളായ ജ്വാലാ മുഖികള്‍
മിണ്ടാതായതെന്തെന്നും.
വന്നു കാണൂ തെരുവിലെ ചോര
വന്നു കാണൂ
തെരുവിലെ ചോര
പ്രമേയം രാഷ്ട്രീയമായിരിക്കുമ്പോളും, വായന കഴിഞ്ഞ് പോകുന്നവനോടൊപ്പം ഒരു പ്രകൃതിയും എണീറ്റ് നടക്കുന്നു. അത് കവിതയുടെ ആദിമധര്‍മ്മമാണ്. ജീവിതത്തെ പ്രകൃതിയാക്കുന്ന മെറ്റമോര്‍ഫോസിസ്. കവിക്കും കാവ്യാസ്വാദകനും മരണത്തിലും കൊഴിച്ചിടാനാവാത്ത പച്ചനിറമുള്ള പരിണാമം.
കവിയുടെ മരണം കഴിഞ്ഞ് അടുത്തൊരു നാളില്‍ സുഹൃത്ത് ഫ്രാന്‍സിസ്കോ ലെവാസ്കോ കവിയുടെ ആളൊഴിഞ്ഞ വീടിനടുത്തുകൂടെ പോകാനിടയായി. ആ വീടിനു ചുറ്റും കുറെ ആളുകള്‍ കൂടിനിന്നിരുന്നു. കവി കൂട്കൂട്ടിയിരുന്ന മാളികമുറിയെ ചൂണ്ടി അവര്‍ അയാളോട് പറഞ്ഞു: "ഡോക്ട്ടര്‍, ആ മുറിയില്‍ ആരോ ഉണ്ടു" ലെവാസ്കോയ്ക്കും അതു ശരിയായി തോന്നി. അവരെല്ലാവരും കൂടി അകത്തുകയറി മുറി തുറന്നുനോക്കി. പ്രതാപിയായൊരു പരുന്ത് മൂര്‍ച്ചയുള്ള നഖങ്ങള്‍നീട്ടി അക്രമിക്കാനെന്ന പോലെ അവിടെ നില്‍ക്കുന്നു. അടച്ചുപൂട്ടിയ വീട്ടില്‍ അതെങ്ങിനെ കയറികൂടി? ലെവാസ്കോയ്ക്ക് പെട്ടെന്നൊരു കാര്യം ഓര്‍മ്മവന്നു - ഇനിയൊരു ജീവിതം കൂടി കിട്ടുകയാണെങ്കില്‍ താനൊരു പരുന്തായി വരും എന്ന് കവി തന്നെ ഒരിക്കല്‍ പറഞ്ഞത്.
ലെവാസ്കോ ഉടനെ മെറ്റില്‍ഡായ്ക്ക് ഫോണ്‍ ചെയ്തു.
"അതു പാവലോ തന്നെ" കവിയുടെ ഭാര്യക്ക് സംശയമേ ഇല്ലായിരുന്നു...
മരണാനന്തരം പ്രകൃതിയിലെ സചേദനങ്ങളിലേക്ക് കവിത കുടിയേറുന്നു. കവി പരുന്തായി പുനര്‍ജനിച്ചതാവില്ല തന്നെ, കവിതയുടെ ഊര്‍ജ്ജം പരുന്തിനേയും അനുവാചകന്റെ ഭ്രമാത്മകമായ മനസ്സിനേയും സംയോജിപ്പിക്കുകയായിരുന്നിരിക്കണം.
മറ്റൊരാള്‍ കഥ എഴുതി തുടങ്ങുക ഇങ്ങിനെയാണ്:
കടല്‍തീരത്തു കളിച്ചു കൊണ്ടിരിക്കുന്ന കുട്ടികളാണ് അതു ആദ്യം കണ്ടത്. തിരകളിലൂടെ മുങ്ങിയും പൊങ്ങിയും ഏതോ ഒരു വസ്തു ഒഴുകിവരുന്നു. ശത്രുരാജ്യത്തിന്റെ പടക്കപ്പലാകാം. ആദ്യം അങ്ങിനെയാണവര്‍ കരുതിയത്. പക്ഷെ കൊടിമരങ്ങളോ പാമരങ്ങളോ കാണാനില്ല. അതൊരു തിമിംഗലം ആകാം എന്നായി അവരുടെ ചിന്ത. ഒടുവില്‍ അതുവന്ന് കരയ്ക്കടിഞ്ഞു. അതില്‍ പറ്റിപ്പിടിച്ചിരിക്കുന്ന കടല്‍പായലിന്റെ കൂട്ടങ്ങളും നീരാളികയ്കളും മത്സ്യ അവശിഷ്ടങ്ങളും തകര്‍ന്ന കപ്പലുകളില്‍ നിന്നുള്ള ചില വസ്തുക്കളുമെല്ലാം നീക്കംചെയ്തപ്പോളാണ് അതു മുങ്ങിമരിച്ച ഒരാളുടെ ശവശരീരമാണെന്ന് അവര്‍ തിരിച്ചറിഞ്ഞത്.
മൃതശരീരത്തോടൊപ്പം ഒരു കടലും ഇവിടെ കരയ്ക്കടിയുന്നു. മൃതശരീരം ഒഴുകിവന്ന ഓളങ്ങളിലൂടെ അനുവാചകന്‍ തിരിച്ചുനടക്കുന്നുണ്ട്. അവന്റെ അഗാധമായ സ്വപ്നങ്ങളില്‍ പോലും ഈ കടല്‍പ്രകൃതി ഹോണ്ട് ചെയ്യും.
തിരിച്ചുവന്നാല്‍, നമ്മുടെ ഭാഷ 'ആധുനികത' അനുഭവിക്കുന്ന നേരത്ത്, അതിനെ കവച്ചുകടന്നതൊക്കെയും ആത്മനിഷ്ഠമായ നിറകണ്‍ചിരിയോടെ നിളാതീരത്ത് ഓര്‍മ്മ നിക്ഷേപിച്ചവകളാണ്, എഴുതപ്പെട്ടത് ലോകത്തിന്റെ ഏത് കോണിലിരുന്നു ആയാലും. 'സ്മാരകശില'കളുടെ അവതാരികയില്‍ എന്‍. ശശിധരന്‍ ഇത് വ്യക്തമാക്കുന്നുണ്ട്. ഈ തോന്നലുകളെ തോല്‍പ്പിച്ചുകളയുക ആനന്ദ് മാത്രമാണ്. മലയാളത്തിന്റെ അനുഭവങ്ങളില്‍ നിന്നും ആത്മഹത്യാപരമായ അകലം സൂക്ഷിച്ചുകൊണ്ട് ആ ഭാഷയില്‍ തന്നെ എഴുതിയ ഭാവനാധിഷണയുടെ ഉയരം, ഒരു പച്ചപ്പിന്റെ മരണം കൂടി ഉള്‍പ്പേറൂന്നുണ്ട് എന്നത് ബോധത്തിന്റെ പിന്നാമ്പുറത്ത് ബാക്കിയാവുകയും ചെയ്യും.
എസ്. ജോസഫിന്റെ 'മീന്‍കാരന്‍' എന്ന കവിതാ പുസ്തകത്തിലൂടെ കടന്നുപോകുമ്പോള്‍, ജിബ്രാനെയും നെരൂദയേയും മാര്‍ക്കേസിനെയുമൊക്കെ ഓര്‍മ്മവരുക അവര്‍ക്ക് ഈ ഭാഷാകവിയുമായി അസാമാന്യമായ കാവ്യബന്ധം ഉണ്ടെന്നു കണ്ടെത്താനായതുകൊണ്ടല്ല, കവിതയുടെ ആത്മനിഷ്ഠമായ പ്രകൃതിരൂപങ്ങളിലേക്കുള്ള അനിവാര്യമായ പിന്‍വാങ്ങല്‍ ഒരു ചാക്രികപ്രക്രിയ പോലെ എല്ലാ ഭാഷാഭാവുകത്വം അനുഭവിച്ചു തന്നെയാവണം എന്ന് സന്തോഷം മനസ്സിലേക്ക് വരുന്നതുകൊണ്ടാണ്.
...... പച്ചമുളക്, വഴുതന, പോത
ഇവയുടെ ഇടങ്ങള്‍ കടന്നു
കുട്ടികാടുകളിലൂടെ ഞങ്ങള്‍ പോയി
അവിടൊരു പൊട്ട കിണറുണ്ട്
ഒരു കല്ലെടുത്തിട്ടു.
കാട്ടുമുയലുകള്‍ ഓടി പോകുന്നത്
ചിലപ്പോള്‍ കാണാം.
.........................
.........................
ആടുകള്‍ പുല്ലു തിന്നുന്നു, തുള്ളി ചാടുന്നു
കല്ലുകള്‍ക്കിടയിലൊരു മഞ്ചട്ടിപാമ്പിനെ കണ്ട്
ഞാന്‍ പേടിച്ചു പോയി.
കവിത ഓര്‍മ്മകളിലൂടെ തിരിച്ചുനടക്കുകയാണ്. അത് സ്ഥലവും കാലവും വീണ്ടെടുക്കുന്നു.
കവിതയെന്ത് എന്ന വലിയ ചോദ്യത്തിന്റെ സമഗ്രമറുപടികളൊന്നും കവിതയുടെ ബാധ്യതയല്ല. എന്നാല്‍ മലയാള കവിത ഇന്ന് നേരിടുന്ന സന്ദേഹങ്ങളുടെ ചില ഉത്തരങ്ങളെങ്കിലും ഈ കവിത കാണിച്ചുതരുന്നുണ്ട് - ഒന്ന്, പേടിയില്ലാത്ത ഭാഷ. കവി കീഴാള ഭാഷയേയും ഭാവുകത്വത്തേയും സ്വത്വവല്‍ക്കരിക്കുന്ന ഒരു കുറിപ്പ് പിന്നീട് കാണുകയുണ്ടായി. കവിയുടെ ദര്‍ശനങ്ങളെ കവിത എങ്ങിനെ പറ്റിക്കുന്നു എന്നാണത്. പച്ചമുളകും വഴുതനയും പോതയും കുറ്റികാടുകളും പൊട്ടകിണറും കാട്ടുമുയലുകളും ആടും മഞ്ചട്ടിപാമ്പുമൊന്നും കവിതയ്ക്ക് പുറത്തുള്ള ഒരു ദര്‍ശനത്തെയും അംഗീകരിക്കില്ല.
കടല്‍ക്കരയിലെനിക്കൊരു
കാമുകിയുണ്ടായിരുന്നല്ലോ
....................................
....................................
വള്ളത്തില്‍ മഴപെയ്ത
വെള്ളം കിടന്നിരുന്നല്ലോ
അവളുമാകാശവും ഞാനും
അതിലുണ്ടായിരുന്നല്ലോ
മുക്കുവത്തിയുടെ കീഴാളസ്വത്വം അല്ല എന്തായാലും പ്രണയത്തിന്റെ കാല്പനീകത. എല്ലാ തിരക്കുകള്‍ക്കും ആക്രോശങ്ങള്‍ക്കും ശേഷം മനോഹരമായ വരികളിലൂടെ കവിത സുതാര്യമായ ഒരു പാരമ്പര്യത്തിന്റെ ഊര്‍ജ്ജത്തിലേക്ക് തിരിച്ചുപോകുമ്പോള്‍, കാല്പനീകതയെ ആര്‍ക്കു തെറ്റ് പറയാനാവും.
പ്രാകൃതമായ വാക്കുകളുടെ സമുച്ചയത്തിലൂടെയാണ് കവി ഭാഷയെ ഒഴുക്കിവിടുന്നത്. 'ഒഴുക്ക്' എന്ന രൂപകം ഈ കവിതകള്‍ക്ക് അത്ര കണ്ട് ചേര്‍ന്ന് കൊള്ളണമെന്നില്ല. പ്രകൃതിയുടെ തെറ്റിതെറിച്ച കാഴ്ചകളുടെ ചിന്നതയാണ് ഏറ്റവും ജൈവമായ ഒഴുക്കെന്നാവുമത്. ജീവിതം ഭാഷയെ ആവേശിക്കുന്നുണ്ട്, എന്നോ ജീവിച്ച പ്രകൃതിസംബുഷ്ടതകളെ അന്വേഷിക്കുന്നു എന്നാവുമ്പോള്‍;
താഴ്വര ചെറുകുളം കുട്ടികള്‍
പട്ടിയെ കുളിപ്പിച്ച് നില്‍ക്കുന്നു.
കുളത്തില്‍ മിടിക്കുന്ന മീനുകള്‍.
മീനിന്റെ മഷിതൊട്ട കണ്ണിലോ
പട്ടിയും കുട്ടികളും സൂര്യനും
പറന്നുപോകുമൊരു പക്ഷിയും
നാഗരികതയുടെ ദൂരങ്ങളിലിരുന്നു പാരിസ്ഥിതിക അശാന്തികള്‍ പങ്കുവയ്ക്കുന്നില്ല ഈ കവിതകള്‍. നഗരവും ഗ്രാമവും ഏറെക്കൂറെ ഒന്നാവുന്നതിന്റെ അബോധസൂചകങ്ങള്‍ വീണുകിടക്കുന്നുമുണ്ട്.
നിങ്ങളുടെ വീടിന്റെ വടക്കേ പുറത്ത് ഒരു പാമ്പുണ്ട്,
അയല് വക്കത്തെ പെണ്‍കുട്ടി പറഞ്ഞു.
പിന്നെ വെയില്കൂടി
വീട്ടിലേക്കു കുറേ വിറകു കീറിക്കൊടുത്തു.
പോസ്റ്റോഫീസില്‍ പോയി
വൈകിട്ട് ടൌണില്‍ പോയി
ഇടിപ്പടം കണ്ടു.
ഏറ്റവും സ്വകാര്യമായ വിശാലതയില്‍ ഇരുന്ന്, ദേശത്തു നിന്നും അനുവാചകാനുഭവങ്ങളില്‍ നിന്നും ഏറിയകൂറും നഷ്ട്ടപ്പെട്ടു പോയി എന്ന് ഭയപ്പെടാവുന്ന ഒരു കാലത്തെയും സ്ഥലത്തെയും കവി വീണ്ടെടുക്കുന്നു. കാടെവിടെ മക്കളെ, നദിയെവിടെ മക്കളെ എന്ന നിലവിളികളൊക്കെ മറികടന്നുപോന്നിട്ട് ഒരുപാട്കാലമായല്ലോ എന്ന് തന്നെയാവും സൂചന. വീടിന്റെ, പറമ്പിന്റെ ചുറ്റുവട്ടങ്ങള്‍ക്ക് അപ്പുറത്തുള്ള ബിംബങ്ങളിലെക്കൊന്നും കവിത പോകുന്നുമില്ല. "പാമ്പാകില്‍ ഭൂമിതന്‍ മാറില്‍ തലയുയര്‍ത്തിപ്പിടിച്ചിഴയാം", ഭൂമിയോട് ചേര്‍ന്ന് ഇഴയുന്ന കവിതകള്‍ - കവി സ്വയം അത് ആദ്യമേ മനസ്സിലാക്കിയിരിക്കുന്നു.
'അമ്മയും കുഞ്ഞും' എന്നൊരു കവിതയുണ്ട്. പ്രകൃതിയില്‍ നിന്നും നേരിട്ട് എടുക്കാത്തതായി ഒരു വാക്ക് പോലുമില്ല ഇതില്‍:
കുലച്ചവാഴകള്‍ക്കിടയില്‍
നിറയെ കയ്ച്ച പേരമരം
....................................
....................................
പറന്നു വന്നൊരു കാക്ക
കാപ്പികമ്പിലിരിക്കുന്നു
വേര്‍ഡ്സ്വേര്‍തിയന്‍ പ്രകൃതിവര്‍ണ്ണന തുടിക്കുന്ന ആദ്യ ഖണ്ഡികയുടെ നേര്പകര്‍പ്പല്ല ഇത്. ലളിതമല്ലാത്ത ജീവിതചരണത്തിന്റെ പല്ലവിയും അനുപല്ലവിയും ആണ് ഇവിടെ പ്രകൃതി.
ഞങ്ങള്‍ കുട്ടികളാണ് കണ്ടത്
അരയടിപോലും പൊക്കമില്ലാത്ത വെള്ളത്തില്‍
കമിഴ്ന്നടിച്ചു കിടക്കുന്ന മീന്‍കാരന്റെ മെയ്യ്.
പാത്രം, ത്രാസും കട്ടിയും.
മരണം ദാരുണമായി അങ്ങിനെയും, ചിലപ്പോള്‍ ഇങ്ങിനെയും:
ഞാന്‍ പറഞ്ഞു
അമ്മേ, ഞങ്ങളും പിരിഞ്ഞു പോകും,
പിന്നീട് മരിക്കും.
ഇനി ഇതുപോലൊരു വീട്ടില്‍ നാം
ഒരുമിക്കയില്ലല്ലോ
നാം പിന്നീട് എവിടെ വച്ചെങ്കിലും കണ്ടു മുട്ടുമോ?
ശരിയാണ് വാക്കുകളുടെ തെളിമയോളം ലളിതമാവുന്നില്ലല്ലോ വേര്‍പാടും മരണവും എന്ന് കവിതയുടെ ആഴം.
അവള്‍ വന്നു, അവളുടെ
കല്യാണം വിളിച്ചിട്ട് പോയി
....................................
....................................
കച്ചിതുമ്പ് തലമുടിയില്‍
ഉണക്കിയ പാവം പെണ്ണുങ്ങള്‍
മടങ്ങുന്നു.
പറമ്പില്‍ കച്ചിയുണക്കിയ
വെയിലും പിന്നെ മടങ്ങുന്നു
കല്യാണത്തിനു പോണില്ല.
ഹോമര്‍ എവിടെയും ഹെലന്റെ സൌന്ദര്യം വര്‍ണ്ണിക്കുന്നില്ല. എന്നിട്ടും ഒടുവില്‍ ഹെലന്‍ ലോകത്തിലെ ഏറ്റവും മനോഹരിയായ സ്ത്രീയായി ബാക്കിയാവുന്നു. പ്രണയത്തിന്റെ നഷ്ട്ടം കവിത പറയുന്നില്ല. എങ്കിലും പിന്‍വാങ്ങുന്ന വെയിലില്‍ അതുണ്ടെന്ന് നമ്മള്‍ അറിയുന്നു. തൂങ്ങിചത്ത രമണന്‍ നടന്ന വഴിയിലൂടെ ഏറെനടന്ന് എത്തപെട്ട നിര്‍മമതയുടെ ആത്മീയത. ഇങ്ങിനെ പറയാന്‍ പഠിച്ചതും എളുപ്പത്തിലാവില്ല, കവി ആ വഴികളുടെ ചതുപ്പിലൂടെ എത്ര അലഞ്ഞിരിക്കണം. വിഹ്വലതകളില്ലാതെ കവിത നേര്‍ക്കുനേര്‍ പ്രണയത്തെ പറയുന്നുണ്ട്;
കടല്ക്കരയിലെനിക്കൊരു
കാമുകി ഉണ്ടായിരുന്നല്ലോ
അവളുമായി മണല്‍പ്പുറത്ത്
വളവോളം നടന്നല്ലോ
വള്ളത്തിലിരുന്നല്ലോ
അവിടെയൊരു കച്ചിതുറു
ചൂടുകാലമാകയാല്‍
അടിയിലിരിക്കുന്ന കോഴികള്‍.
അവയെ പറത്തിവിട്ടി-
ട്ടവിടെ കയറി ഞങ്ങള്‍
ഇരിക്കുമായിരുന്നല്ലോ
പ്രണയത്തെയും മരണത്തെയും മറ്റു പലതിനെയും പിന്നെ ജീവിതത്തെ തന്നെയും പേറുന്ന പ്രകൃതിയുടെ മാറിലൂടെ തലയുയര്‍ത്തിപ്പിടിച്ച് ഒരു പച്ചപാമ്പിനെ പോലെ ഇഴയാനല്ലെങ്കില്‍ കവിത എന്തിന്...!
പിന്‍കുറിപ്പ്: നെരുദ കവിതയുടെ വിവര്‍ത്തനവും കുറിപ്പും - ഒ. കെ സുദേഷ്.
No comments:
Post a Comment
താങ്കൾ എന്തുപറയുന്നു പുസ്തക വിചാരത്തെപ്പറ്റി ?