പുസ്തകം : സാധനാലഹരി
രചയിതാവ് : മാടമ്പ് കുഞ്ഞുകുട്ടന്‍
പ്രസാധകര്‍ : ഡിസി ബുക്സ്
അവലോകനം : റാണിപ്രിയ
മാടമ്പ് കുഞ്ഞുകുട്ടന്‍ എന്ന ആ നക്ഷത്രം മലയാളസാഹിത്യ ചരിത്ര വനത്തിലെ ഒറ്റയാനായി ഇന്നും തുടരുന്നു. ഇത്തിരിപ്പോന്ന എന്റെ വായനാലോകത്തെയും മദിച്ചു ഈ ഒറ്റയാന്‍. നോവലിസ്റ്റ്, തിരക്കഥാകൃത്ത്,നടന്‍ എന്നീ നിലയില്‍ പ്രശസ്തന്‍. കൂടാതെ ആനക്കമ്പം മൂത്ത് ആനപ്പണിയും ചെയ്തിട്ടുണ്ട്. കൈരളി ടി.വി യില്‍ ‘ഇ ഫോര്‍ എലിഫന്റ്’ എന്ന സീരിയലിലൂടെ മലയാളത്തിന് പരിചിതന്‍ ആണ്. അദ്ദേഹത്തിന്റെ പ്രധാന രചനകള്‍ ആണ് അശ്വത്ഥാമാവ്, ഭ്രഷ്ട്, മരാരാശ്രീ, അവിഘ്നമസ്തു, എന്തരോ മഹാനു ഭാവലു, മഹാപ്രസ്ഥാനം, ഓംശാന്തിഓം, അമൃതസ്യപുത്ര:, സാധനാലഹരി, ചക്കരക്കുട്ടിപ്പാറു, സാവിത്രി ദേ-ഒരു വിലാപം. ഇതില്‍ മഹാപ്രസ്ഥാനത്തിന് സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിക്കുക ഉണ്ടായി.
സിനിമാതിരക്കഥയും അഭിനയവും തനിക്ക് വഴങ്ങുമെന്ന് അദ്ദേഹം തെളിയിച്ചു. അശ്വത്ഥാമാവ് സിനിമയായപ്പോള്‍ തിരക്കഥയും നായക വേഷവും അദ്ദേഹം തന്നെ ചെയ്തു. ദേശാടനം എന്ന ഒരൊറ്റ സിനിമ തന്നെ കേരള ജനതയുടെ ഹൃദയം കീഴടക്കിയിരുന്നു എന്ന് പറഞ്ഞാല്‍ അത് തെറ്റാവില്ല. ദേശീയ അംഗീകാരം നേടിയ പരിണാമം മറ്റൊരു ഉദാഹരണം. ഏഷ്യയിലെ ഏറ്റവും നല്ല തിരക്കഥക്കുള്ള പുരസ്കാരം നേടിയ ‘കരുണം’ മാടമ്പിന്റെ കിരീടത്തിലെ മറ്റൊരു പൊന്‍ തൂവലായി. ശാന്തം, ഗൌരീശങ്കരം, സഫലം എന്നിങ്ങനെ നീളുന്നു..
മാടമ്പിന്റെ ‘സാധനാലഹരി’ യാണു ഞാന്‍ ആദ്യം വായിക്കുന്നത്. അതും മാടമ്പിനോട് ഏറ്റവും അടുപ്പമുള്ള എന്റെ സുഹൃത്ത് വഴി. ശരിക്കും അത് ഒരു ലഹരി തന്നെ. ആത്മീയ ലഹരി. പിന്നെ സാവിത്രി ദേ-ഒരു വിലാപം -തന്റെ ഭാര്യയുടെ അകാലമരണം അദ്ദേഹത്തില്‍ ഏല്‍പ്പിച്ച ദുഖം-മ ലയാളത്തിന്റെ വിലാപ നോവല്‍. 'ചക്കരക്കുട്ടിപ്പാറു’-ഇതില്‍ അസാധാരണമായ ഒരു പ്രണയാനുഭവം പറയുന്നു മാടമ്പ്. അദ്ദേഹത്തിന്റെ ഓരോ കഥയും വായിക്കാന്‍ ഞാന്‍ കൊതിക്കുന്നു.
എന്റെ ആദ്യാനുഭവമായ ‘സാധനാലഹരി’ എന്ന പുസ്തകം ഞാനിവിടെ പരിചയപ്പെടുത്തട്ടെ.
ഇത് ഒരു കൗളസാധകന്റെ കഥ.-സാധനാലഹരി-ദീക്ഷാഗുരുവിന്റെ അനുഗ്രഹത്താല്‍ കൗളം പഠിക്കാന്‍ ശ്രമിക്കുകയും സാധന ചെയ്യാന്‍ മോഹിക്കുകയും ചെയ്തതിന്റെ സാരമാണ് ഈ കഥ. ശങ്കരാചാര്യരുടെ സൌന്ദര്യലഹരിയുടെ ഒരേട്. ആ മന്ത്രകാവ്യത്തിന്റെആദ്യത്തെ നാല്‍പ്പത്തൊന്ന് ശ്ലോകമാണ് ഈ ലഹരി. പ്രസിദ്ധമായ കഥാസരിത് സാഗരത്തിലെ വിദ്യാസാഗര ചരിത്രം ചട്ടക്കൂടായി സ്വീകരിച്ചു. കൗളസാധകന്മാരുടെ വേദമാണ് സൌന്ദര്യലഹരി.
കഥ തുടങ്ങുന്നത് വിദ്യാസാഗര്‍ എന്ന മഹാബ്രാഹ്മണനായ സാധകനില്‍ നിന്ന്. കൗളവിധിപ്രകാരമുള്ള പ്രാര്‍ത്ഥനയും നമസ്ക്കാരവും കഴിഞ്ഞ് ചെറുനീര്‍ച്ചാലില്‍ മണല്‍ പരപ്പില്‍ ഇരുന്നു, ഇരുന്നപ്പോള്‍ കിടന്നു, കിടന്നപ്പോള്‍ ഉറങ്ങി. അസ്തമയസൂര്യന്‍ ചുവന്നുതുടുത്തു. ഗ്രാമദേവതയെ പ്രദക്ഷിണം വച്ച് തൊഴുത് തോഴിമാരോടു കൂടി ചിരിച്ചുല്ലസിച്ചു വന്ന മന്ദാകിനി മണല്‍ത്തിട്ടയില്‍ ബോധം വിട്ടുറങ്ങുന്ന പുരുഷയൌവ്വനം കാണുന്നു. ഉറങ്ങുമ്പോഴും പ്രസരിക്കുന്ന തീഷ്ണ പുരുഷഗന്ധം അവളെ തടുത്തു നിര്‍ത്തി. എന്താണെന്നറിയില്ല അന്നേവരെ അനുഭവിക്കാത്ത എന്തോ ഒരു അസ്വസ്ഥത. പോയ ജന്മങ്ങളില്‍ എവിടെയോ ഒപ്പം നടന്ന ഓര്‍മ്മ. അനാദിയായ ഈ ചാര്‍ച്ച വഴി ആത്മാവറിയുന്നു. വാക്കുകളാവാതെ അനുഭവിക്കുന്നു.
മന്ദാകിനി വൈദ്യനെയും പല്ലക്കും വിളിച്ചു വരുത്തി. വൈദ്യന്‍ കല്‍പ്പിക്കുന്നു. ഇത് മഹാനിദ്രയാകുന്നു. ആറുമാസമോ അതിലധികമോ ഉറങ്ങാതിരുന്ന ഒരാളുടെ നിദ്ര. നാഡിമിടിപ്പ് മൃദുലം, പരിക്ഷീണം എങ്കിലും കിറുകൃത്യം. മഹായോഗിയുടെ പ്രാണായാമം പോലെ. വൈദ്യന്‍ സംശയിച്ചു, ധ്യാനനിരതനായ ഏതെങ്കിലും സിദ്ധനാകുമോ?പുരുഷന്‍ ഉറങ്ങിക്കിടന്നു. പ്രകൃതിയുണര്‍ന്നു. ഏഴുപകലും ഏഴുരാത്രിയും മന്ദാകിനി ശുശ്രൂഷിച്ചു. ക്രമം തെറ്റാതെ ശ്വാസം വീക്ഷിച്ചു. ഏതോ ദിവ്യസാന്നിധ്യമായ് ഉറങ്ങുന്ന പുരുഷനെ കണ്ടറിഞ്ഞു.
മന്ദാകിനി കുസുമപുരത്തെ നഗരശ്രീ ആയി വാഴേണ്ടവള്‍. പുരുഷന്‍ ഉണര്‍ന്നപ്പോള്‍ ദേവി..ഭവതി ആരാണ്? ദേവിയാണോ നിദ്രയില്‍ നിന്നുന്നുണര്‍ത്തിയത് എന്ന് വിദ്യാസാഗര്‍ ആരായുന്നു. തന്റെ ഗുരുവിന്റെ വാക്ക് ഒരു നിമിഷം വിസ്മരിച്ച് ജലത്തെ സ്പര്‍ശിച്ചപ്പോളാണ് താന്‍ നിദ്രയിലായതെന്നും മന്ദാകിനിയാണ് തനിക്ക് ജീവരക്ഷ ചെയ്തതെന്നും വിദ്യാസാഗര്‍ അറിയിക്കുന്നു. തുടര്‍ന്ന് തന്റെ കഥ പറയുന്നു.
എന്തുകൊണ്ടാണ് താന്‍ അപ്രകാരം ഗുരുവാക്യം മറന്നത്? മന്ദാകിനിക്ക് സൌഹൃദത്തിലും കവിഞ്ഞ ബന്ധം എങ്ങിനെ ഉണ്ടായി? എന്താണ് തന്റെ ജീവരക്ഷക്ക് പകരം വേണ്ടത് എന്ന വിദ്യാസാഗറിന്റെ ചോദ്യത്തിന് ‘അവിടുന്ന് ഈയുള്ളവളെ സ്വീകരിക്കണം’ എന്ന് ആവശ്യപ്പേടുന്നു. ബ്രാഹ്മണനായ വിദ്യാസാഗര്‍ ശൂദ്രസ്ത്രീയായ മന്ദാകിനിയെ സ്വീകരിക്കണമെങ്കില്‍ ആദ്യം സ്വജാതിയില്‍ നിന്നും, പിന്നെ ക്ഷത്രിയ കുലത്തില്‍ നിന്നും തുടര്‍ന്ന് വൈശ്യകുലത്തില്‍ നിന്നും ഭാര്യമാരെ സ്വീകരിക്കണം. മഹാഗുരു അരുളുന്നു.”ഒരുറക്കത്തില്‍ അറിയപ്പെടാത്ത ഒരു നിയോഗമായി അവളെത്തി. അവള്‍ക്കായി മൂന്നുപേരും.. ചാതുര്‍വര്‍ണ്ണ്യവും ഒന്നായി ചേരണമെന്ന് നിയോഗം. കാലം വിഭജിച്ച വര്‍ണ്ണത്തെ കാലപ്രചോദിതനായ താന്‍ ഒന്നാക്കണം എന്ന് പ്രകൃതി നിയോഗം”.
കൗളമാര്‍ഗമറിയുന്നവന് സൃഷ്ടിരഹസ്യം വെളിവാകുന്നു. മന്ദാകിനി - പൂര്‍വ്വജന്മത്തില്‍ വിദ്യാസാഗര്‍ പ്രത്യക്ഷനമസ്കാരം ചെയ്ത നമസ്കാരകല്ല്. നമസ്കാര ക്രിയയില്‍ എട്ടംഗവും മുട്ടെ എട്ട് പതിറ്റാണ്ട് കിടന്ന കരിങ്കല്ലിന്റെ ആത്മാവ് തുടിച്ചു. ഇതാണ് പ്രപഞ്ചസ്വഭാവം. മറ്റു മൂന്നു പേരും യഥാക്രമം പോയജന്മം പൂജാപാത്രം, ശംഖുകാല്‍, വലംപിരി ശംഖ് എന്നിങ്ങനെ ആയിരുന്നു എന്ന് വിദ്യാസാഗര്‍ അനുഭവിക്കുന്നു. വിദ്യാസാഗറിന്റെ കഥ അങ്ങനെ നീളുകയാണ്. ഇതിലൂടെ അവനവനെ തന്നെ അറിയാത്തവര്‍ ഒന്നും അറിയാത്തവനാണെന്നും,ഗാര്‍ഹപത്യത്തിന്റെ അര്‍ത്ഥവും ലക്ഷ്യവും മനസ്സിലാക്കാനാണ് ദീക്ഷ എന്നും ഏറ്റവും ദുര്‍ഘടമായ ആശ്രമം ഗൃഹസ്ഥാശ്രമം ആണെന്നും മനസ്സിലാക്കിത്തരാന്‍ കഥാകൃത്ത് ശ്രമിക്കുകയാണ്.
മാടമ്പിന് എഴുത്ത് ജീവിതമാണ്, ഉപാസനയാണ്. എഴുത്തിന്റെ ആത്മീയലഹരിയിലാണ് ജീവിതം. വൈദിക പാരമ്പര്യത്തിന്റെ വഴികളിലൂടെ വളര്‍ന്നു വന്നിട്ടും പുരോഗമന ആശയങ്ങളോട് അനുഭാവം പുലര്‍ത്തിയിരുന്നു, അതോടൊപ്പം താന്ത്രികം പോലുള്ള സമ്പ്രദായങ്ങളോടുള്ള താത്പര്യവും.എല്ലാ എഴുത്തുകാരില്‍ നിന്നും വിഭിന്നമായ മാടമ്പ് വേണ്ടത്ര പരിഗണിക്കാതെ പോയോ എന്ന ചിന്ത എന്നില്‍ ഉയരുന്നു. മാടമ്പിന്റെ നോവല്‍ ഇന്നു നാല് ഭാഗങ്ങളായി പ്രസിദ്ധീകരിക്കുന്ന ‘ആര്യാവര്‍ത്തം’ എന്ന നോവലില്‍ എത്തി നില്‍ക്കുന്നു, അതിന്റെ ആദ്യ പതിപ്പ് അദ്ദേഹത്തിന്റെ ജന്മദിനമായ 2011 ജൂണ്‍ 27 നു മാടമ്പ് മനയില്‍ വച്ചു പ്രകാശനം ചെയ്യപ്പെട്ടു. ഇനിയും മാനവരാശിക്കു വേണ്ടി തൂലിക ചലിപ്പിക്കാന്‍ കഴിയട്ടെ എന്നും പ്രാര്‍ത്ഥിക്കട്ടെ......
ശ്രീ.മാടമ്പ് കുഞ്ഞുകുട്ടന്‍റെ എതാണ്ടെല്ലാപുസ്കതങ്ങളും വായിച്ചിട്ടുണ്ട്."സാധനാലഹരി" വായിച്ചിട്ടില്ല.
ReplyDeleteഅവലോകനം നന്നായിരിക്കുന്നു.
ആശംസകള്‍
മാടമ്പിനെ വായിക്കണം .മനസ്സില്‍ കുറിച്ചിടുന്നു ഈ പരിചയപ്പെടുത്തല്‍.
ReplyDeleteനല്ല അവലോകനം പ്രസാധകർ , വില, താളുകൾ ഇവകൂടി സൂചിപ്പിക്കാമായിരുന്നു.
ReplyDeleteപ്രണാമം 🙏
ReplyDelete