Sunday, May 4, 2014

ഫ്രാന്‍സിസ് ഇട്ടിക്കോര

പുസ്തകം : ഫ്രാന്‍സിസ് ഇട്ടിക്കോര
രചയിതാവ് : ടി.ഡി.രാമകൃഷ്ണന്‍
പ്രസാധകര്‍ : ഡി.സി.ബുക്സ്
അവലോകനം : ഗീതാഞ്ജലി കൃഷ്ണന്‍


ഫ്രാന്‍സിസ് ഇട്ടിക്കോരഎന്ന് ഗൂഗിളില്‍ തിരഞ്ഞപ്പോള്‍ 27,100 ലിങ്കുകള്‍ തെളിഞ്ഞു. കൂടുതലും ഫെയ്സ് ബുക്കിലും ട്വിറ്ററിലുമാണ്. “കൊച്ചിയിലെ ഒരു നക്ഷത്ര വേശ്യാലയം.. “ എന്നാണ് തുടക്കം. പ്രതികരിച്ച വായനക്കാരായി അനേകം പേരുണ്ട്. ഡോ.ആര്‍.വീ.ജീ മേനോനും ശ്രീ. കെ.എന്‍ ഷാജിയും ഉള്‍പ്പെടും. എല്ലാവരും പുസ്തകത്തെ പ്രകീര്‍ത്തിക്കുന്നു. ഗണിതം, ചിത്രകല, മൈക്കേല്‍ ആഞ്ജലോവിന്റെ പിയത്ത, അന്താരാഷ്ട്ര സമൂഹം, ഇറാക്കില്‍ അമേരിക്ക നടത്തിയ അധിനിവേശം, സദ്ദാം ഹുസൈന്‍ , തുപാക്ക് അമറു എല്ലാറ്റിനേയും ഒരൊറ്റ ക്യാന്‍‌വാസിനുള്ളില്‍ കൊണ്ടുവന്നില്ലേ? മലയാളഭാഷയില്‍ ഇത്തരമൊരു പ്രദര്‍ശന നോവല്‍ അപൂര്‍വ്വം! കാര്‍ണിവെല്‍ എന്നുവിളിക്കുന്ന രചനാ സങ്കേതമാണ് ഉപയോഗിച്ചിരിക്കുന്നത്. അവതാരിക എഴുതിയിരിക്കുന്നത് ആഷാമേനോനാണ്. അടുത്തകാലത്ത് ഏറ്റവുമധികം വായിക്കപ്പെട്ട മലയാള പുസ്തകങ്ങളിലൊന്നാണത്രെ ഇത്.

ഫ്രാന്‍സിസ് ഇട്ടിക്കോരഎന്ന ശ്രീ. റ്റി.ഡി. രാമകൃഷ്ണന്‍ എഴുതിയ നോവലിന് (ഡി.സി. ബുക്സ്, 2009) വിയോജനക്കുറിപ്പെഴുതുമ്പോള്‍ ഇതുമൂലം അതിന് വായനക്കാര്‍ ഇനിയും കൂടിപ്പോവുമോ എന്ന ആശങ്ക എന്നെ ബാധിച്ചു. അറപ്പോടെയാണ് വായനക്ക് ശേഷം പുസ്തകം പൊതിഞ്ഞ് സഞ്ചിയിലിട്ടത്. ഫ്രാന്‍സിസ് ഇട്ടിക്കോര ഒരു മനോഹര പുസ്തകമാണെന്നും അതു വായിക്കണമെന്നും പറഞ്ഞത് വായനാശീലമുള്ള ഒരു സഹപ്രവര്‍ത്തകനാണ്. എനിക്കു മുന്‍പേ വായിച്ച മറ്റു പലരും ഇതിനെ പുകഴ്ത്തി. ഒരു ഇടത്തരം കുടുംബത്തില്‍ ജനിച്ചുവളര്‍ന്ന ഞാന്‍ മഞ്ഞപ്പുസ്തകങ്ങളോ നീലച്ചിത്രങ്ങളോ അനുഭവിച്ചിട്ടില്ല. ഇത് അത്തരത്തിലുള്ള ആദ്യാനുഭവമായിരുന്നു. മഞ്ഞയിലും നീലയിലും പൊതിഞ്ഞ ഗണിതവും രാഷ്ട്രീയവും. വായനക്കാരായ മനുഷ്യരെല്ലാം ഇതിനെ വാഴ്ത്തുന്നത് ഇതിന്റെ ആവേശം നിറഞ്ഞ പുരുഷാധിപത്യ പ്രവണത കൊണ്ടാണെന്നു പിന്നീടാണ് മനസ്സിലായത്. ബ്രാം സ്റ്റോക്കറിന്റെ ഡ്രാക്കുള എന്ന പുസ്തകം വായിക്കാത്തവര്‍ ചുരുങ്ങും. ഭീതിദമെങ്കിലും ആഖ്യാനരീതികൊണ്ട് മനസ്സിനെ പിടിച്ചിരുത്തുന്ന അനുഭവം. പകല്‍ ശവപ്പെട്ടിയിലുറങ്ങുകയും രാത്രി ഉണര്‍ന്ന് ഇരകളുടെ രക്തം പാനം ചെയ്ത് അമരത്വം നേടുകയും ചെയ്യുന്ന ഡ്രാക്കുള പ്രഭുവിന്റെ കഥ. റുമേനിയായിലെ കാര്‍പ്പേതിയന്‍ മലനിരകളിലെ ഡ്രാക്കുള പ്രഭുവിന്റെ കൊട്ടാരവും അവിടെ കണക്കെഴുത്തുകാരനായി ചെല്ലുന്ന ജൊനാതന്‍ ഹാര്‍പ്പര്‍ എന്ന മനുഷ്യന്റെ അനുഭവങ്ങളും ഉയര്‍ന്ന നെഞ്ചിടിപ്പോടെയാണ് വായിച്ചിരുന്നത്. ഡ്രാക്കുളയില്‍ ഉള്ള എന്തോ ഒന്ന് ഫ്രാന്‍സിസ് ഇട്ടിക്കോരയിലും രുചിച്ചു. രക്തപാനം, മനുഷ്യമാംസ ഭോജനം എന്നിവ. നിലവറക്കകത്ത് ശവപ്പെട്ടിയില്‍ ഉറക്കവും , കൃസ്തുമസ് രാത്രിയില്‍ ഉണര്‍ന്ന് കന്യകയായ യുവതികളെ ഭോഗിക്കുകയും ചിലന്തിയായി രൂപം പ്രാപിക്കയും ചെയ്യുക. കന്യകയായ ഇരയുടെ കഴുത്തിനു പിന്നില്‍ കടിച്ച് ചോര കുടിച്ചുണ്ടാക്കുന്ന മുറിപ്പാടും ഡ്രാക്കുള പ്രഭുവില്‍നിന്നും ഇട്ടിക്കോരയും കടം കൊണ്ടിട്ടുണ്ട്. ഡ്രാക്കുള പ്രഭുവിന്റെ കൊട്ടാരത്തിലുള്ളതുപോലെ തൃശ്ശൂരിനടുത്തുള്ള കുന്ദംകുളത്തും പരിസരത്തുമുള്ള രഹസ്യ ഭൂഗര്‍ഭപാതകളും നിലവറകളും ഫ്രാന്‍സിസ് ഇട്ടിക്കോരയിലുമുണ്ട്. പക്ഷേ ഒരു കുറവുണ്ട്. എഴുത്തുകാരന്റെ സര്‍ഗ്ഗശേഷിയുടെ അഭാവം. ഹൃദയത്തോട് സംവേദിക്കുന്ന ഭാഷയുടെ അഭാവം. പാത്രസൃഷ്ടിയിലും കൈയ്യടക്കത്തിലും കാട്ടേണ്ട ജാലവിദ്യയുടെ അഭാവം. ഇതെല്ലാം നോവലിനെ കോവര്‍കഴുതയെപ്പോലെ ഒരു സങ്കര സന്തതിയാക്കുന്നു. അഥവാ കമ്പ്യൂട്ടര്‍ പോലെ ജീവനില്ലാത്ത ഒരു സൃഷ്ടി.

നോവലിലെ പ്രധാന സ്ത്രീകഥാപാത്രങ്ങള്‍ - രേഖയും രശ്മിയും ബിന്ദുവും - കൊച്ചിയില്‍ ഒരു നക്ഷത്രവേശ്യാലയം രഹസ്യമായി നടത്തുന്നവരും അതിനായി വന്‍ തോക്കുകളെ കൂട്ടുപിടിക്കുന്നവരുമാണ്. സെക്സ് ടൂറിസമാണ് അവരുടെ ലക്ഷ്യം. നായകനായ സേവ്യര്‍ ഇട്ടീക്കോര, അയാളുടെ പൂര്‍വ്വപിതാമഹനായ ഫ്രാന്‍സിസ് ഇട്ടിക്കോര എന്നിവര്‍ സ്ത്രീകളെ ശരീരം എന്ന നിലക്കല്ലാതെ കാണാത്തവരും. ചരിത്ര നായകനായ ഫ്രാന്‍സിസ് ഇട്ടിക്കോരക്ക് ലോകം മുഴുവനുമായി പല സ്ത്രീകളില്‍ 79 മക്കളുണ്ടായിരുന്നു. കുരുമുളക് കച്ചവടത്തിനായി ലോകസഞ്ചാരം നടത്തുന്ന അയാളുടെ കഥ സേവ്യര്‍ ഇട്ടീക്കോരക്കുവേണ്ടി മൂന്നുസ്ത്രീകളും ചേര്‍ന്ന് ഗവേഷണം നടത്തി പുറത്തെടുക്കുന്നതാണ് നോവലിന്റെ ഉള്ളടക്കം. മെയിലിലും ബ്ലോഗിലും ചാറ്റിലും ഒക്കെക്കൂടിയാണ് കഥ വികസിക്കുന്നത്. അമേരിക്കന്‍ പൌരനായ സേവ്യര്‍ ഇട്ടീക്കോര ഇറാക്കിലെ യുദ്ധത്തില്‍ പങ്കെടുത്ത സൈനികനും, നരമാംസഭോജിയുമാണ്. ധാരാളം പണം ഗവേഷണത്തിനായി ഇയാള്‍ മൂന്നു സ്ത്രീകള്‍ക്ക് നല്‍കുന്നുമുണ്ട്. നരമാംസഭോജനത്തെപ്പറ്റി കാര്യമായി വിവരിച്ചിട്ടുണ്ടിതില്‍. പുസ്തകത്തില്‍ പുരുഷ കഥാ‍പാത്രങ്ങളെക്കാള്‍ സ്ത്രീ കഥാപാത്രങ്ങള്‍ ആണു കൂടുതല്‍. സൌന്ദര്യവും മാദകത്വവുമില്ലാത്ത ഒരു സ്ത്രീക്കും നോവലില്‍ ഇട്ടിക്കോരയുടെ കപ്പലില്‍ എന്നപോലെ തന്നെ പ്രവേശനമില്ല (ശ്രീമതി പ്രിയ ദിലീപ് , മലയാളനാട്). വേശ്യയല്ലാത്ത, പുരുഷന് ശരീരം എന്ന നിലയിലല്ലാതെ പ്രത്യക്ഷപ്പെടുന്ന ഒരൊറ്റ സ്ത്രീയുമില്ലെന്നത് ആശ്ചര്യജനകം. പുരുഷാഭിലാഷ പൂര്‍ണനത്തിനുള്ള വസ്തുക്കള്‍ മാത്രമാണ് നോവലിസ്റ്റിന്റെ കണ്ണില്‍ സ്ത്രീകളെല്ലാം എന്നതാണ് സവിശേഷത. സ്ത്രീപുരുഷബന്ധങ്ങളെ ആത്മബന്ധങ്ങളിലേക്ക് നയിക്കാന്‍ സ്ത്രീകള്‍ മുന്‍‌കൈയെടുക്കാറുണ്ടല്ലോ, പക്ഷെ പ്രണയത്തിനും മനസ്സിനും ഇവിടെ പ്രസക്തിയില്ല‍. മാത്രമല്ല, അഴകളവുകള്‍ തികയാത്ത ഒരൊറ്റ സ്ത്രീയും നോവലിലില്ല. ഗണിത ശാസ്ത്രജ്ഞയായ മൊറിഗാമി പോലും വാര്‍പ്പുമാതൃകയിലാണ്. സിനിമ പോലെതന്നെ സാഹിത്യവും ഐറ്റം നംബര്‍ മസാല ചേര്‍ത്ത, മാദകനൃത്തം നടത്താനുള്ള അരങ്ങായി മാറുന്ന കാഴ്ച്ചയാണിത്. പണവും അധികാരവും കച്ചവടവും കൈക്കലാക്കി വച്ചുകൊണ്ട് മുതലാളിത്ത മനസ്സുകള്‍ നടത്തുന്ന ചൂഷണത്തിന്റെ ഒരു വകഭേദം. ഇതിനെ പുരുഷകേന്ദ്രീകൃതമായ ചരിത്രത്തിന് കോറിയിടുന്ന സ്ത്രീ പക്ഷ വായനയെന്ന് വിശേഷിപ്പിക്കപ്പെട്ടത് ( ശ്രീകുമാര്‍, മാതൃഭൂമി ആഴ്ച്ചപ്പതിപ്പ് ) എന്തുകൊണ്ടാണാവോ!

മാധവിക്കുട്ടിയുടെഎന്റെ കഥ,‘ നളിനീ ജമീലയുടെ ആത്മകഥ എന്നിവ പുറത്തിറങ്ങിയപ്പോള്‍ ഇളകിമറിഞ്ഞ കേരളസമൂഹം ഇപ്പോള്‍ പറയുന്നു, ഇത് ഒരു വെറും നോവല്‍ മാത്രമാണ്. ഗഹനമായ അന്താരാഷ്ട്ര വിഷയങ്ങള്‍ അവതരിപ്പിക്കാന്‍ നോവലിസ്റ്റ് നൂതന മാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ചിരിക്കുന്നു എന്നു മാത്രം. കത്തോലിക്കാസഭയുടെ അധീശത്വം തച്ചുടക്കാന്‍ കസാന്‍‌ദസാക്കീസിന്റെ അന്ത്യപ്രലോഭനത്തിനും ദാന്‍ ബ്രൌണിന്റെ ഡാവിഞ്ചി കോഡിനും തുല്യമായ ഒരു ശ്രമം മാത്രം! “എന്റെ കഥയില്‍ഒരിടത്തുപോലും സ്ത്രീ വിരുദ്ധമായ വിവരണങ്ങളും വര്‍ണനകളും ഇല്ല. സ്നേഹമാഗ്രഹിക്കുന്ന ഒരു സ്ത്രീ മനസ്സിന്റെ നിരാശകള്‍ മാത്രമേയുള്ളൂ. അനുഭവങ്ങളുടെ പങ്കുവയ്ക്കലേയുള്ളൂ. സ്ത്രീയെഴുതുമ്പോള്‍ സദാചാര വിരുദ്ധമാവുന്നത്, പുരുഷന്‍ എഴുതുമ്പോള്‍ മനോഹരമാവുന്നതിലെ മലയാളിയുടെ ഇരട്ടത്തപ്പു നയം വെളിവാകുന്നു എന്നു മാത്രം പറയാം. കാഴ്ച്ചയില്‍ അത്യധികം അഭിരമിക്കുന്നവരാണ് മനുഷ്യരിലെ ആണ്‍പ്രജകള്‍. ( രോഗങ്ങളും സര്‍ഗ്ഗാത്മകതയും - ഡോ. കെ. രാജശേഖരന്‍ നായര്‍ ). കമ്പോളസംസ്കാരം സോപ്പും ചീപ്പും വാഷ്ബേസിനും കാറും വരെ വിറ്റഴിക്കുന്നത് ആണ്‍ കാഴ്ച്ചയുടെ, മനശാസ്ത്രത്തിന്റെ, പിന്‍പറ്റിയാണ്. പണവും അധികാരവും അവര്‍ കൈക്കലാക്കിവച്ചിരിക്കുന്നതു കൊണ്ടാണ്, ആണ്‍പ്രജകളുടെ താല്‍പ്പര്യത്തിനനുസരിച്ച് സിനിമയും മാധ്യമങ്ങളും പരസ്യങ്ങളും രൂപം പ്രാപിക്കുന്നത്. ഇതേ കാഴ്ച്ചക്കുള്ള കെട്ടുകാഴ്ച്ചകളായിട്ടാണ് നോവലിലെ മൂന്നു നായികമാരും ഫെമിനിസ്റ്റായ ഫെമിയും ഹൈപെഷ്യായെന്ന ചരിത്ര കഥാപാത്രവും മൊറിഗാമിയെന്ന ഗണിത വിദഗ്ധയും വരെ വേഷമിടുന്നത്. നോവലിലെ സ്ത്രീ വേഷവര്‍ണനകള്‍ ഒരു ഫാഷന്‍ ഷോയുടെ കമന്ററിയെ അനുസ്മരിപ്പിക്കുന്നു. പ്രപഞ്ചത്തിന്റെ സൌന്ദര്യാനുപാതം - സ്ത്രീ ശരീരത്തിന്റേതു മാത്രം- ഒരു ദിവ്യാനുപാതത്തിലാണെന്നും ഹൈപേഷ്യയുടേത് അത്തരത്തിലൊന്നാണെന്നും പറഞ്ഞിരിക്കുന്നത് കാഴ്ച്ചയുടെ ആസക്തികൊണ്ടാണ്.

ശരീരത്തിന്റെ നിരര്‍ഥകതയെപ്പറ്റി കെ. ആര്‍ മീരയെഴുതിയസോളോ ഗോയാഎന്ന കഥ ഇവിടെ പരാമര്‍ശിക്കട്ടെ. ആല്‍ബയിലെ പ്രഭ്വിയും സ്പാനിഷ് ചിത്രകാരനായ ഫ്രാന്‍സിസ് ഗോയയുമായുള്ള അനുരാഗത്തിന്റെ കഥയാണത്. ഗോയയുടെ അനവധി ചിത്രങ്ങളുടെ മോഡല്‍ ആയിരുന്നു അതിസുന്ദരിയായിരുന്ന പ്രഭ്വി. ചരിത്രവും ചിത്രകലയും കഥയില്‍ ഇഴപിരിച്ച് ചേര്‍ക്കുന്നതിന്റെ, ഭാഷയുടെ അനന്ത സാധ്യതകളുടെ ദൃഷ്ടാ‍ന്തം.പ്രഭ്വിയുടെ മരണശേഷം കുറച്ചുനാള്‍ കഴിഞ്ഞാണ് ശരീരം ബഹുമതികളോടെ സംസ്ക്കരിക്കുന്നതിനായി പുറത്തെടുക്കുന്നത്. അതുകാണാന്‍ ആല്‍ബയിലെ ജനം തടിച്ചുകൂടി. സുന്ദരിമാരില്‍ സുന്ദരിയായിരുന്നവളുടെ ചര്‍മ്മം ഉണങ്ങി ചുക്കി ചുളിഞ്ഞിരുന്നു. തലമുടി വേര്‍പെട്ടിരുന്നു. ...ജീവിതം അത്രേയുള്ളൂ. എന്തൊക്കെപ്പറഞ്ഞാലും കഥപറച്ചിലിന്റെ ഒന്നാമത്തെ പണിയായുധം ഭാഷ കൈകാര്യം ചെയ്യുന്നതിലുള്ള നിപുണതയാണ്. തനിക്ക് വിദ്യാഭ്യാസം കുറവാണെന്നും അതുകൊണ്ട് പരിമിതമായ വാക്കുകളേ സ്വന്തമായിള്ളുവെന്നും മാധവിക്കുട്ടി പറഞ്ഞിട്ടുണ്ട്. പരിമിതമായ വാക്കുകളാണ്നെയ്പ്പയസവും’, ‘പക്ഷിയുടെ മണവുംസൃഷ്ടിച്ചത്!

നോവലിലെ സ്ത്രീകളെല്ലാം സ്വതന്ത്രകളാണെന്നും വിവാഹം എന്ന കുടുക്കിനുള്ളില്‍ കുടുങ്ങിയവരല്ലെന്നും കാണാം. പ്രസവിച്ച് കുഞ്ഞുവളര്‍ത്തി കുടുംബം നോക്കി അതിന്റെ സുഖദു:ഖങ്ങളനുഭവിക്കുന്ന സ്ത്രീകള്‍ ഇതിലില്ല. പക്ഷേ, അടിമകളെപ്പോലെ ഞരമ്പുരോഗികളോ മാനസികവൈകല്യമുള്ളവരോ ആയ ഉപഭോക്താക്കളുടെ ഭോഗാസക്തിക്കും ഉപദ്രവത്തിനും നിന്നുകൊടുക്കുന്ന, അവര്‍ നല്‍കുന്ന പണത്തിന്റേയും സമ്മാനങ്ങളുടെയും പൊലിമയില്‍ അടിയുടെ വേദന മറക്കുന്ന നോവലിലെ പ്രധാന സ്ത്രീകഥാപാത്രങ്ങള്‍ - രേഖയും രശ്മിയും ബിന്ദുവും - ഏതു സ്വാതന്ത്ര്യത്തെയാണ് പ്രതിനിധീകരിക്കുന്നത്? കീഴാളരിലും അധ:പതിച്ചാണ് അവരുടെ നില. ഉപഭോക്താക്കളെ സന്തോഷിപ്പിച്ച് പണം നേടുക മാ‍ത്രമാണ് കര്‍ത്തവ്യം. അവസാനം പതിനെട്ടാം കൂറ്റുകാരുടെ കയ്യില്‍പ്പെട്ട് ബിന്ദു മരിക്കുമ്പോള്‍ വായനക്കാര്‍ക്ക് ഒന്നും തോന്നുന്നില്ല. ഹിംസയിലും രതിവൈകൃതങ്ങളിലും നമ്മുടെ സമൂഹം അഭിരമിക്കുന്നത് വരച്ചുകാട്ടാനാണ് നോവലിസ്റ്റിന്റെ ശ്രമമെങ്കിലും അത് ആഖ്യാനത്തിലെ പാളിച്ചകൊണ്ട് വിഫലമായി. മറ്റെ അറ്റത്തുള്ള സ്ത്രീ ദുരിതങ്ങളെ മറന്നുപോയതുകൊണ്ട് അസ്ഥാനത്തുമായി.

ഫ്രാന്‍സിസ് ഇട്ടിക്കോരയില്‍ കമ്പ്യൂട്ടറും മെയിലും ഗൂഗിളും വെബ്സൈറ്റുകളും, സാങ്കേതികവിദ്യയുമെല്ലാമുണ്ട്. പക്ഷെ കാമം എന്നല്ലാതെ മറ്റൊരു വികാരവും , വിഷയാസക്തി നിറഞ്ഞ മണിപ്രവാള കവിതകളിലെപ്പോലെ - പ്രതിപാദ്യമാകുന്നില്ല. താരുണ്യ സമൃദ്ധിയും രതികേളികളുമാണ് മുഖ്യ വിഷയം. ഇടക്ക് ഗണിതവും ചരിത്രവും സദ്ദാം ഹുസൈനും അബുഗരീബുമൊക്കെ ചേര്‍ത്തിട്ടുണ്ടെന്നു മാത്രം. നോവലിന് ഹൃദയവും മുഖവും ജീവനുമില്ല. കമ്പ്യൂട്ടര്‍ തലക്കുപിടിച്ച ഒരു യന്ത്രമനുഷ്യന്‍ . “യന്തിരന്‍എന്ന രജനീകാന്ത് സിനിമയിലെ റോബോട്ടിനു പോലും അവസാനം മനുഷ്യ വികാരങ്ങള്‍ കൈവരുന്നുണ്ട്. ഭൂമുഖത്തെ ഏറ്റവും വികലമായ സൃഷ്ടിയാണ് മനുഷ്യനെന്നതും ഹിംസയും ലൈംഗികതയുമാണ് അവന്റെ പ്രധാന തൊഴില്‍ എന്നതിനും തര്‍ക്കമില്ല. മനുഷ്യന്‍ ചെകുത്താന്റെ ജാരസന്തതിയാണെന്ന് ദസ്തയേവ്സ്കി പറഞ്ഞിട്ടുള്ളത് ഓര്‍ക്കുക. പുസ്തകം ഖണ്ഡ: പ്രസിദ്ധീകരിച്ചതിന് വന്‍ സ്വീകരണമായിരുന്നത്രേ. “കേരളം ഞരമ്പുരോഗികളുടെ സ്വന്തം നാടാണല്ലോ”. (ശ്രീമതി കെ.. ബീനയോട് കടപ്പാട്). അവതാരികയില്‍ ആഷാമേനോന്‍ .വി. വിജയന്റെ ധര്‍മ്മപുരാണത്തിനോടാണ് ഇതിനെ ഉപമിക്കുന്നത്. പക്ഷേ, വിജയന്‍ അനശ്വരനായത്ഖസാക്കിന്റെ ഇതിഹാസവും, ഗുരുസാഗരവും, കടല്‍തീരത്തുംഎഴുതിയതു കൊണ്ടാണ്. അല്ലാതെ ധര്‍മ്മപുരാണം എഴുതിയതു കൊണ്ടല്ല.

ജീവിതത്തിന്റെ നന്മയും മൂല്യങ്ങളും ഉയര്‍ത്തിപ്പിടിക്കയും അതിന്റെ ജൈവപരമായ ധര്‍മ്മം നിര്‍വഹിക്കാന്‍ സഹായിക്കയുമാണ് ഉത്തമ സാഹിത്യത്തിന്റെ അഭിരുചി. ഇത് ചരിത്രമല്ല. കേട്ടുകേഴ്വികളും കെട്ടുകഥകളും നുണകളും ചേര്‍ത്ത് ഒരു കഥ പൊലിപ്പിച്ചെടുക്കാനുള്ള ശ്രമം മാത്രം. “ നോവലിസ്റ്റ് പറയുന്നു. പൊലിമ മാത്രമേ കാണാനുള്ളൂ. പൂക്കുറ്റി (കൊരവപ്പൂ എന്നു വിളിക്കുന്ന കരിമരുന്നു പ്രയോഗം) കത്തിത്തീരുമ്പോലെ ഒരു കാഴ്ച്ച മാത്രം. പലതരം പ്രദര്‍ശന സ്റ്റാളുകള്‍ നിരത്തിവച്ചിരിക്കുന്ന ഒരു മേള, കാര്‍ണിവെല്‍. ‘തിന്നും കുടിച്ചും ഇണചേര്‍ന്നും ജീവിതത്തെ ഒരു കാര്‍ണിവെല്‍ പോലെ ആഘോഷിക്കുകഎന്നാണ് നായകനായകോരപ്പാപ്പന്റേയുംതത്വശാസ്ത്രം. ഇഗ്ലീഷിലും മലയാളത്തിലുമുള്ള ആഖ്യാനം. ഇപ്പോ മലയാള സിനിമകള്‍ക്ക് ഇംഗ്ലീഷ് പേരിടുന്ന പ്രവണത പോലെ. സെക്സിലും കെട്ടുകാഴ്ച്ചകളിലും പൊതിഞ്ഞ് ചരിത്രവും ഗണിതവും സംഗീതവും ചിത്രകലയും മുന്നിലേക്കുവച്ചാല്‍ അത് ഉത്തമ സാഹിത്യമാകുന്നതെങ്ങനെ? മലയാള സാഹിത്യത്തിന്റെ വളര്‍ച്ചയാവുന്നതെങ്ങനെ?

ഒരു പുസ്തകം ഋണ ഊര്‍ജ്ജം പരത്തുന്നതെങ്ങനെ എന്നതിന്റെ തെളിവാണ് ഫ്രാന്‍സിസ് ഇട്ടിക്കോര. അതുകൊണ്ടുതന്നെ കേരളത്തിലെ വായനാശീലമുള്ള വനിതകള്‍ പുസ്തകത്തെ നിഷേധിക്കേണ്ടതും ആവശ്യമായി വരുന്നു. ജനിതകമാറ്റം വരുത്തിയ നോവലാണ് ഫ്രാന്‍സിസ് ഇട്ടിക്കോര. ഇതു ഭക്ഷിച്ചാല്‍ വായനാസമൂഹത്തിന് ക്യാന്‍സര്‍ പിടിപെടുമെന്നതിന് സംശയം വേണ്ട.

2 comments:

  1. ഈ പുസ്തകത്തെ പറ്റി പുസ്തകവിചാരത്തില്‍ മുന്‍പ് പറഞ്ഞ അഭിപ്രായം തന്നെ ഇപ്പോഴും. വായനക്കാരനെ പിടിച്ചിരുത്താല്‍ എല്ലാ മസാലകളും ചേര്‍ത്ത ഒരു വിഭവം. രുചി ആളുകളുടെ അഭിരുചിക്കനുസരിച്ച് ഇഷ്ടമായെന്നും ഇല്ലെന്നും വരും. അതില്‍ കൂടുതലൊന്നും ഇട്ടിക്കോരയില്‍ ഇല്ല. നിരൂപകര്‍ ബുക്ക് ഷെല്‍ഫിന്റെ മറ്റു തട്ടുകള്‍ കൂടി പരതാന്‍ മിനക്കെടണം.

    ReplyDelete
  2. എന്റെ അഭിപ്രായവും ഇത് തന്നെയാണ്..ധാരാളം നല്ല അഭിപ്രായങ്ങള്‍ വായിച്ചാണ് ഞാനും ഈ പുസ്തകം ലൈബ്രറി യില്‍ നിന്നും എടുത്തത്..ശരിക്കും ശര്‍ദ്ദിക്കാന്‍ തോന്നുന്ന അറപ്പ് തോന്നി,വായന മുഴുമിപ്പിക്കാതെ തിരികെ കൊടുത്തു.

    ReplyDelete

താങ്കൾ എന്തുപറയുന്നു പുസ്തക വിചാരത്തെപ്പറ്റി ?