Wednesday, February 9, 2011

മരപ്പാവകള്‍

പുസ്തകം : മരപ്പാവകള്‍
രചയിതാവ് : കാരൂര്‍ നീലകണ്ട്ഠ പിള്ള
പ്രസാധനം : എൻ‍.ബി.എസ്. കോട്ടയം (1963 ല്‍ ആദ്യപ്രസിദ്ധീകരണം)
അവലോകനം : മൈത്രേയി

ഴകനും പൂവാലിയും , ഓലയും നാരായവും , എന്നെ രാജാവാക്കണം, കാരൂരിന്റെ ബാലകഥകള്‍ എന്നീ ബാലസാഹിത്യകൃതകളിലൂടെയാണ് ആദ്യം കാരൂരിനെ പരിചയപ്പെട്ടത്. അതുകൊണ്ടു തന്നെ സ്വന്തം മുത്തശ്ശനോടെന്ന പോല ഒരു പ്രത്യേക മമത മനസ്സില്‍ ഉണ്ടായിരുന്നു താനും.

മരപ്പാവകള്‍ എട്ടു കഥകള്‍ മാത്രമുള്ള ഒരു കുഞ്ഞി പുസ്തകമാണ്. ഏറ്റവും ഇഷ്ടപ്പെട്ടത് ടൈറ്റില്‍ കഥയായ മരപ്പാവകള്‍ തന്നെ. ജനസംഖ്യാ കണക്കെടുക്കാന്‍ വരുന്ന എന്യൂമറേറ്ററും നളിനി എന്ന വീട്ടുകാരിയുമായുള്ള സംഭാഷണത്തിലൂടെ ചുരുള്‍ നിവരുന്ന കഥ ലളിതം, മനോഹരം. സംഭാഷണപ്രധാനമായതുകൊണ്ട് ബോറടിപ്പിക്കുന്ന വര്‍ണ്ണനകളില്ല. ഭര്‍ത്താവ് ഉണ്ടോ എന്ന ചോദ്യത്തിന് നളിനിയുടെ ഉത്തരം ഇങ്ങനെ-
'ഉണ്ടെന്ന് തെളയാതെ എഴുതിക്കോളൂ'.
എന്യൂമറേറ്ററുടെ ചോദ്യങ്ങളുടെ അര്‍ത്ഥം മനസ്സിലാകാതെയുള്ള ഉത്തരങ്ങള്‍ ചിരിപ്പിക്കും.
'അപ്പോള്‍ വരവൊന്നുമില്ല, ആശ്രയിച്ചു കഴീന്നയാൾ‍'- എന്യൂമറേറ്റര്‍
'ഞാനോ, ആ വള്ളക്കടവിലെ കാത്ത പറഞ്ഞതായിരിക്കും, അവടെ കാര്യം എനിക്കും പറയാനുണ്ട്.'- നളിനി
'അയാള്‍ രസിച്ചൊന്നു ചിരിച്ചു'- കഥാകാരൻ‍.

മരപ്പാവകളുണ്ടാക്കി വിറ്റ് അന്നത്തിനു വഴി തേടുന്നവളാണ് നളിനി. കയ്പ്പു നിറഞ്ഞ ജീവിതാനുഭവങ്ങള്‍ പേറുന്നവൾ‍. പക്ഷേ അവള്‍ ഒരിക്കലും പ്രസാദാത്മകത്വം കൈ വെടിയുന്നില്ല, തളരുന്നുമില്ല. കുടിച്ചു കിറുങ്ങിയ ഭര്‍ത്താവ് രാത്രി പോലീസ് സ്‌റ്റേഷനില്‍ ആയപ്പോള്‍ വീട്ടില്‍ വരുന്നു എന്ന ചൊല്ലി അയച്ച ഹേഡ്ഡങ്ങത്തയുടെ ദൂതനോട്, തലയിണക്കീഴില്‍ വാക്കത്തി ഉണ്ടെന്നു മറുപടി പറയുന്ന നളിനി. എന്യൂമറേറ്ററും ചിത്രം വരയ്ക്കാനറിയുന്ന കലാകാരൻ‍. ഔദ്യോഗികമെങ്കിലും ആ കൂടികാഴ്ച്ച അവര്‍ക്കിരുവര്‍ക്കും ആഹ്ലാദദായകമായി. വളരെ ഇഷ്ടപ്പെട്ടു, നല്ല കഥ.

വിഷുക്കണി

സാധുവായ കുഞ്ഞങ്കരനെ ജനം പൊട്ടന്‍ കളിപ്പിക്കുന്നതും അവസാനം ഉള്ളഴിഞ്ഞ് ശിവഭക്തിയില്‍ ലയിച്ചു നിന്ന അയാള്‍ക്ക് ഭഗവാനെ കാണാനാകും വിധം ശ്രീകോവില്‍ തകര്‍ന്നു വീഴുന്നതും ആണ് ഇതിവൃത്തം. നന്നായി പറഞ്ഞിരിക്കുന്നു. കുഞ്ഞങ്കരന്റെ പൊട്ടത്തരത്തിനു മീതെ നില്‍ക്കുന്നു വിശ്വാസത്തിന്റെ ശക്തി.

പദവിയും പട്ടിണിയും

പേരു സൂചിപ്പിക്കുമ്പോലെ പട്ടിണിയിലും കൈവെടിയാത്ത, ആചാരാനുഷ്ഠാനങ്ങളാണ് കഥയിൽ‍.
'നമ്മള്‍ തമ്മില്‍ പിണങ്ങുമ്പോള്‍ നമ്മളഞ്ചവര്‍ നൂറ്റു പേര്‍. നമ്മളോടു പിണങ്ങുമ്പോള്‍ നമ്മള്‍ നൂറ്റഞ്ചുപേര്‍കളാം' (ധര്‍മ്മപുത്രര്‍ ഉവാച:) ശ്രീഭഗവതിയെ പുറത്തെഴുന്നള്ളിക്കട്ടെ എന്ന ചടങ്ങു പ്രകാരമുള്ള (പൊള്ളയായ) ഉപചാര ചോദ്യത്തിനോട് 'എന്നോടെന്തിനാ ചോദിക്കുന്നെ' എന്ന് ഇളമുറക്കാരന്റെ നാണക്കേട് ശുണ്ഠിയായി പുറത്തു വരുന്നു.

ചുടലതെങ്ങ്

ഒരു ചുടല തെങ്ങുണര്‍ത്തുന്ന ഊഷ്മളമായ ഓര്‍മ്മ പങ്കു വയ്ക്കുന്ന കഥ. പുറമേയ്ക്ക് എല്ലാവരേയും വെറുപ്പിച്ച, ശക്തയായ അമ്മൂമ്മയുടെ ലോലഭാവങ്ങള്‍ അറിയാനിടയായ ഗോപാലനാണ് കഥ ഓര്‍ക്കുന്നത്.

ഒരു നാട്ടുപ്രമാണി

കരിനാക്കുകാരനെന്ന് പേരുകേട്ട ഇതില കാരണവര്‍ അവസാനം അവനവനെ തന്നെ ഭയക്കാന്‍ തുടങ്ങിയ കഥയാണിത്. എല്ലാ നാട്ടിന്‍പുറങ്ങളിലും ഉണ്ടായിരുന്നു ഇത്തരം കഥകള്‍ ഒരു കാലത്ത്. ഇതിന്റെ മോഡേണ്‍ വേര്‍ഷന്‍സ് ഇപ്പോഴുമുണ്ട്.

പാരമ്പര്യം

ധര്‍മ്മിഷ്ഠനും ദയാവാനുമായ അച്ഛന്റെ വിപരീതസ്വഭാവിയായ മകന്‍ പ്രേമിച്ചു വിവാഹം കഴിച്ചു. പക്ഷേ വിവാഹത്തോടെ പ്രേമം വിട്ടകന്നുവെന്നു തോന്നുന്നു. കുടിയും വഴക്കും നിത്യസംഭവമായി . വീട്ടില്‍ ചെന്നിട്ട് തിരിച്ചയയ്ക്കാം എന്ന് അയല്‍വാസിയോട് യാത്രാച്ചെലവ് കടം വാങ്ങി വീട്ടമ്മയും കുഞ്ഞുങ്ങളും സ്വന്തം വീട്ടിലേക്കു പോകുന്നു. കഥാകാരന്റെ ഉപദേശശ്രമത്തിനു കിട്ടിയ മറുപടി 'എന്റെ അച്ഛന്റെ കൂട്ടത്തില്‍ സര്‍വ്വീസില്‍ പ്രവേശിച്ചവര്‍ സര്‍ക്കിളിന്‍സ്‌പെക്ടറും എഎസ്‌പിയും ഡിഎസ്‌പി യുമൊക്കെയായി. അച്ഛന്‍ ഹെഡ്ഡായിട്ടു ചേര്‍ന്നു, ഹെഡ്ഡായിട്ടു പെന്‍ഷനും പറ്റി. അതാണ് ദയയുള്ളവരുടെ കഥ. കൊള്ളുകേല അയാളെന്നേ പറയൂ. അപ്പോള്‍ ഞാനും അച്ഛനെപ്പോലായില്ലെന്നു നിങ്ങള്‍ക്കു പരാതിയാണോ'

പണ്ടത്തെ ഒരു കഥ, ഇന്നത്തേയും

രാജാവു കൊല്ലാന്‍ വിധിച്ച ഒരു കള്ളനെ-സുദേവൻ‍- നല്ലവനാക്കി വിവാഹവും കഴിച്ചു മീന. കാലം ചെല്ലവേ, സുദേവന്‍ മാറാന്‍ തുടങ്ങി, 'എനിക്കു മോഷ്ടിക്കാതിരിക്കാന്‍ വയ്യ, ഇതെന്റെ ജന്മവാസനയാണ് 'അവസാനം പരാജയപ്പെട്ട മീന ആത്മഹത്യ ചെയ്യുന്നു. ശരിയാണത്. പലപ്പോഴും ബോദ്ധ്യപ്പെട്ടിട്ടുള്ള ഒരു കാര്യമുണ്ട്, ബേസിക് ക്യാരക്ടര്‍ ആര്‍ക്കും മാറ്റാനാവില്ല. ജീവിതം പഠിപ്പിച്ച സത്യം കാരൂരും ഇവിടെ ശരി വയ്ക്കുന്നു. അല്ലെങ്കില്‍ കാരൂര്‍ പറഞ്ഞത് ശരിയെന്ന് ജീവിതാനുഭവങ്ങള്‍ മനസ്സിലാക്കിത്തന്നു.

ശേഷിച്ച കടം

വൈഭവക്കാരിയായ നാരായണിയമ്മയുടെ മകന്‍ വിവാഹം സ്വന്തമായി തീരുമാനിച്ചപ്പോള്‍ ഇഷ്ടക്കേടോടെയെങ്കിലും അതിനു സമ്മതം മൂളി അവർ‍. ആ കുട്ടിയുടെ വീട്ടുകാര്‍ സാമൂഹ്യമായി പിന്നാക്കമായിരുന്നെങ്കിലും മകന്റെ ഇഷ്ടം നടത്തി. പിന്നീട് അറിഞ്ഞുവരുന്നു, വര്‍ഷങ്ങള്‍ക്കു മുമ്പ് അവരെ സഹായിച്ച വീട്ടിലെ പെണ്‍കുട്ടിയാണ് വധുവെന്ന്. അപ്പോള്‍ നിറഞ്ഞ മനസ്സോടെ അവര്‍ പറയുന്നു' നാണുക്കുട്ടന്റെ നാക്കേല്‍ ആദ്യം പറ്റിയ ഉപ്പ് ഈ വീട്ടിലേതാണെന്നുള്ളതു മറക്കരുത്. കേട്ടോടാ മകനേ!' അതാണ് തറവാടിത്തം!

48 വര്‍ഷം മുമ്പ് ആദ്യം പ്രസിദ്ധീകരിച്ച ഈ കഥാസമാഹാരം ഇപ്പോഴും ആസ്വാദ്യകരം, അന്നത്തെ കേരളാന്തരീക്ഷം നിറഞ്ഞു നില്‍ക്കുന്നു. ജീവിതവും. ഒട്ടും ബോറടിക്കാതെ വായിച്ചു നീങ്ങാം.

സുമംഗലയെപ്പോലെ ബാലസാഹിത്യത്തിനു വലിയ സംഭാവനകള്‍ നല്‍കിയ ആളാണ് കാരൂർ‍. മലയാളം വായിക്കാന്‍ താല്‍പര്യമുള്ള കുട്ടികള്‍ക്ക് തീര്‍ച്ചയായും വാങ്ങി കൊടുക്കണം.

5 comments:

  1. ഈ കഥ ഞാന്‍ വായിച്ചത് ഇരുപതു വര്ഷം മുന്‍പാണ്...ഇപ്പോഴും ഓര്‍മ്മിക്കുവാന്‍ കഴിയുന്നുണ്ട്...അത് കഥയുടെ രസം കൊണ്ടാണ്...അല്ലാതെ എന്റെ ഓര്‍മ്മ ശക്തി കൂടിയിട്ടല്ല...
    എനിക്ക് തീരെ ഓര്‍മ്മയില്ലെന്നാണ് എന്റെ വീട്ടുകാരുടെ പക്ഷം...എന്നാല്‍ എനിക്ക് താല്‍പ്പര്യമുള്ളവ നല്ല ഓര്‍മയാണ്....
    http://malayalamresources.blogspot.com/
    http://entemalayalam.ning.com/

    ReplyDelete
  2. നന്ദി ...പുസ്തക പരിചയത്തിനു ....

    ReplyDelete
  3. പണ്ടെന്നോ വായിച്ചതാണ്‌. ഓര്‍മ്മപ്പെടുത്തലിന്‌ നന്ദി.

    ReplyDelete
  4. ഒരിക്കൽ എം.കൃഷ്ണൻ നായർ മരപ്പാവകളെ ഏറ്റവും നല്ല മലയാള കഥകളിലൊന്നായി തിരഞ്ഞെടുത്തിരുന്നു. കാരൂരിന്റെ തിരഞ്ഞെടുത്തകഥകൾ വളരെ മുമ്പ് വായിച്ചിട്ടുണ്ട്. ഓർമപുതുക്കലിനു നന്ദി

    ReplyDelete
    Replies
    1. മരപ്പാവുകള്‍ ആണ് ഇതിലെ ഏറ്റവും ശ്രേഷ്ടമായ കഥ. ഇന്നും പ്രസക്തം.

      Delete

താങ്കൾ എന്തുപറയുന്നു പുസ്തക വിചാരത്തെപ്പറ്റി ?