Sunday, February 13, 2011

മഞ്ഞ് (SNOW)


പുസ്തകം : മഞ്ഞ് (SNOW)
രചയിതാവ് : ഓര്‍ഹന്‍ പാമുക്
പ്രസാധനം : ഡി.സി.ബുക്ക്സ്
അവലോകനം : കാട്ടിപ്പരുത്തി


കാര്‍സ് എന്ന പട്ടണത്തിലേക്കുള്ള മഞ്ഞുകാലത്തെ യാത്രയുമായാണ് മഞ്ഞിന്റെ തുടക്കം. തുടക്കം അതി മനോഹരമെന്ന് പറയാതെ വയ്യ. സൂക്ഷ്മ വിവരണങ്ങളിലായുള്ള തുടക്കം മനസ്സിലേക്ക് മഞ്ഞു പെയ്യിക്കുക തന്നെയാണ്.

തുര്‍ക്കിയിലെ രാഷ്ട്രീയ ചിത്രം നല്‍കുകയാണ് നോവലിസ്റ്റ് ചെയ്യുന്നതെന്ന് തുടക്കം ഒരിക്കലും വെളിപ്പെടുത്തുകയില്ല. ഒരു കലാകാരന്റെ കയ്യടക്കം പ്രകടമാകുന്നതവിടെയാണ്. ഒരു പത്രപ്രവര്‍ത്തകന്റെ റോളിലായി തന്റെ നീണ്ട ജര്‍മന്‍ പ്രവാസത്തിനു ശേഷം കാ എന്ന കവി കാര്‍സിലേക്ക് നീങ്ങുന്നത് ഇസ്തന്‍ബൂളിലെ സ്നേഹിതന്റെ ആവശ്യപ്രകാരമ്മാണെങ്കിലും, കായെ കൂടുതല്‍ സ്വാധീനിക്കുന്നത് പഴയ കാമുകി വിധവയായി കാര്‍സിലുണ്ടെന്ന അറിവില്‍ നിന്നാണെന്ന വെളിപ്പെടുത്തല്‍ ഒരു പ്രണയ നായകനെയാണ് നമ്മെ ഓര്‍മിപ്പിക്കുക. അതിനാല്‍ ഒരു പ്രണയഭാവം വായനക്കാരില്‍ കാ-ക്കു നല്‍കാന്‍ നാം തയ്യാറെടുത്തിരിക്കും. തലമറക്കാന്‍ അനുവദിക്കാത്തതിനാല്‍ ആത്മഹത്യ ചെയ്യപ്പെട്ട പെണ്‍കുട്ടികളെ കുറിച്ചുള്ള അന്വേഷണമെന അയാളുടെ പത്രപ്രവൃത്തനം അതിനാല്‍ തന്നെ നമുക്കൊരു പ്രച്ഛന്നവേഷമായനുഭവപ്പെടുന്നു എന്നിടത്താണു നോവലിസ്റ്റ് വിജയിക്കുന്നത്. തലമറക്കല്‍ പ്രശ്നം തുര്‍ക്കിയുടെ രാഷ്ട്രീയഭൂപടത്തില്‍ അത്താതുര്‍ക്ക് മുതല്‍ നിലനില്‍ക്കുന്ന പ്രശ്നമാണ്. ആത്മഹത്യയാകട്ടെ ഇസ്ലാം വന്‍പാപമായി കരുതുന്നതും. അപ്പോള്‍ തലമറക്കാനനുവദിക്കാത്ത പെണ്‍കുട്ടികളുടെ ആത്മഹത്യ എന്നതു തന്നെ ഒരു വിരുദ്ധസ്വഭാവമുള്ള സംഭവമാകുന്നു.

ഒരു നോവല്‍ രാഷ്ട്രീയം പ്രമേയമാക്കുക എന്നത് മറ്റെന്തിനേക്കാളും പ്രയാസകരമായ ഒന്നായിരിക്കും. ( ഏറ്റവും എളുപ്പം പ്രണയവും). കാരണം രാഷ്ട്രീയം കാല്പനികമല്ല. അതിനാല്‍ തന്നെ ഒരു രാഷ്ട്രീയ നോവലിന്റെ വിരസതയില്‍ നിന്നു മഞ്ഞിനെ മാറ്റി നിര്‍ത്തിയത് അതിന്റെ കഥാപാത്രങ്ങളെ തിരഞ്ഞെടുത്ത മിടുക്കാണ്. കഥ പറയുന്ന രീതിയിലുമുണ്ടൊരു പുതുമ. നോവലിസ്റ്റും കായും കായെ കാര്‍സിലേക്ക് പറഞ്ഞയച്ച സുഹൃത്തും വായനക്കാരനോട് സം‌വദിക്കുന്നുണ്ട്. ഇങ്ങിനെ മൂന്ന് പേരിലൂടെയാണു കഥ പറയുന്നത്.

കഥ നീങ്ങുന്നത് രണ്ട് വഴിയിലൂടെയാണു. ഒന്ന് കാ-ക്ക് ഐപെക്കിനോടുള്ള പ്രണയം. ഈ പ്രണയത്തിലൂന്നി ഐപെക്കിനെ സ്വന്തമാക്കാനുള്ള വഴികളിലൂടെ സഞ്ചരിക്കുമ്പോള്‍ അയാള്‍ക്കു കടന്നു പോകേണ്ട വഴികളില്‍ നിന്നാണു മറ്റു കഥാപാത്രങ്ങള്‍ കടന്നു വരുന്നത്. അവരെല്ലാവരുമാണു കഥയില്‍ രാഷ്ട്രീയം ചേര്‍ക്കുന്നത്. അപ്പോഴും മറു വഴിയിലൂടെ തന്റെ പ്രണയത്തിന്റെ കഥ നീക്കുകയും ചെയ്യുന്നു. അങ്ങിനെ ഒരു വിരസമാകേണ്ട വിഷയം സരസമാക്കാന്‍ പാമുക്കിനാകുന്നു.

ഒരു നോവലിന്, കഥക്ക് രണ്ട് വായനകളുണ്ട്. ഒന്ന് അതിന്റെ പുറം വായനയാണ്. മറ്റൊന്ന് അന്വേഷണമാണ്. കഥാകാരന്‍ കഥ പറയുന്നത് അയാളെ സ്പര്‍ശിച്ച ഒന്നിനെ വിശദീകരിക്കയാണു ചെയ്യുന്നത്. അത് അയാളെന്ന വ്യക്തിയുമായി ബന്ധപ്പെട്ടതാകാം. പാമുക് തന്റെ രാജ്യത്തിന്റെ കഥ പറയുകയാണ്. അതിനാല്‍ വായന എന്നെ കൊണ്ടെത്തിച്ചത് തുര്‍ക്കിയുടെ രാഷ്ട്രീയാന്വേഷണമാണ്. അതിവിടെ പകര്‍ത്താനെനിക്കു താത്പര്യമില്ലെങ്കിലും.

ജനാധിപത്യ രാജ്യങ്ങള്‍ എന്നറിയപ്പെടുന്ന ചില രാജ്യങ്ങളിലെങ്കിലും പട്ടാളത്തിന്റെ ഭരണ സ്വാധീനം തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികളേക്കാള്‍ കൂടുതലാണ്. തുര്‍ക്കിയെ നമുക്ക് ഈ രാജ്യങ്ങളുടെ ഗണത്തിലുള്‍പ്പെടുത്താം. നമ്മൂടെ ജനാധിപത്യ സങ്കല്പങ്ങളിലല്ല തുര്‍ക്കി വരുന്നത്. പലപ്പോഴും ഇത് പോലെയുള്ള നോവലുകള്‍ നമുക്ക് മറ്റു പല സാമൂഹിക ചിത്രങ്ങളും നമുക്ക് നല്‍കുന്നു.

ഒരു വായനക്കും തുടരന്വേഷണത്തിനും എന്തായാലും മഞ്ഞില്‍ കുളിരുണ്ട്. നല്ല ഒരു വായനാനുഭവമാണീ നോവല്‍. എങ്കിലും തുടക്കത്തിലെ ലാളിത്യവും ഭം‌ഗിയും ഒരേപോലെ നിലനിര്‍ത്താന്‍ നോവലിനു കഴിയുന്നില്ല എന്നത് കഥയുടെ സ്വഭാവവുമാകാം.

കാര്‍സിനു തുര്‍ക്കിയുടെ രാഷ്ട്രീയ ഭൂപടത്തില്‍ ചില പ്രത്യേകതകളുണ്ട്. ചരിത്രത്തിലെ പല പടയോട്ടങ്ങളും കടന്നു പോവുകയും നിരവധി രാഷ്ട്രീയ മാറ്റങ്ങള്‍ക്കും അധിനിവേഷങ്ങള്‍ക്കും ഈ പട്ടണം സാക്ഷിയാണ്. അതിനാല്‍ വിവിധ സംസ്കാരങ്ങളുടെ ഒരു മിശ്രണവും സാര്‍ക്കിനുണ്ട്. അത് ഒരേ സമയം പട്ടണത്തേയും ഗ്രാമത്തേയും പ്രതിനിധീകരിക്കുന്നു. വിവിധ വംശങ്ങളുടെ പ്രതിനിധികള്‍ അവിടം സജീവമാണു. കുര്‍ദുകളും യഥാസ്ഥികരും വിശ്വാസികളും നിരീശ്വരരും പരിഷ്കാരികളും പാശ്ചാത്യ തത്പരരും അവിടെ തങ്ങളുടെ റോളുകളിലുണ്ട്.

പട്ടാളം ജനാധിപത്യത്തെ അട്ടിമറിക്കുന്ന ചിത്രം പ്രവിശ്യയിലെ വിജയ സാധ്യതയുണ്ടായിരുന്ന മേയര്‍ സ്ഥാനാര്‍ത്ഥിയെ സ്ഥാനാര്‍ഥിത്വം പിന്‍‌വലിപ്പിക്കാന്‍ ചെയ്യുന്ന അട്ടിമറികളും വ്യക്തിയുടെ സ്വകാര്യതയിലേക്ക് ചൂഴ്ന്നിറങ്ങുന്ന ചാര പ്രവര്‍ത്തനവുമെല്ലാം അനാവരണം ചെയ്യുന്നു. രാഷ്ട്രം അതിന്റെ പൗരരെ സംശയിക്കുമ്പോള്‍ ജീവിതം എത്ര ദുസ്സഹമാകുന്നു എന്നതിനു ഒരു തനിപ്പകര്‍പ്പാവുകയാണ് നോവല്‍ . തുര്‍ക്കിയുടെ രാഷ്ട്രീയ ചിത്രം നേരിട്ട് പകര്‍ത്തുന്നതില്‍ പാമുക്കിന് കഴിയാതെ പോകുന്നുണ്ട്, അത് പ്രതിനിധികളെ തിരഞ്ഞെടുക്കുന്നതില്‍ കാണിക്കുന്ന ചില സ്വാര്‍ത്ഥതകളിലാണ്. ഉദാഹരണത്തിനു ബ്ലൂ എന്ന കഥാപാത്രത്തിന്റെ വ്യക്തിപരമായ കൊള്ളരുതായ്മകളിലൂന്നിയാണ് തീവൃവാദത്തെ പാമുക് പരിഹസിക്കുന്നത്. നിരാശനായ റ്റേര്‍ഗേറ്റ് ബേയി ഇടതുപക്ഷത്തെ പ്രതിനിധീകരിക്കുന്നു. ഒരു പക്ഷെ, എന്തു കൊണ്ട് ഇത്ര നിരാശാജനകമായ തുര്‍‌ക്കിയില്‍ ഒരു ഭരണമാറ്റം സംഭവിക്കുന്നില്ല എന്ന് ചൂണ്ടുകയാണോ ഈ കഥാപാത്രങ്ങളിലൂടെ നോവലിസ്റ്റ് ചെയ്യുന്നത്. കായുടെ പ്രണയിനിയും ഇസ്ലാമിക് ഗ്രൂപ്പിന്റെ മേയര്‍ സ്ഥാനാര്‍ത്ഥി മുഖ്താറിന്റെ മുന്‍ ഭാര്യയുമായ ഐപെക്, തലമറക്കുന്ന പെണ്‍കുട്ടികളുടെ നേതാവായ അനിയത്തി കാദിഫും ഒരേ സമയം ബ്ലൂ-വിന്റെ സ്വാധീനത്തിലായിരുന്നു. എന്നാല്‍ ബ്ലൂ വിന്റെ മനസ്സില്‍ ഹാന്‍ഡിയാണുള്ളതെന്ന സൂചന നോവല്‍ നല്‍കുന്നു. റ്റേര്‍ഗേറ്റ് ബേയി ഐപെക്കിന്റെയും കാദിഫിന്റെയും പിതാവു കൂടിയാണ്.

ഭരണകൂട ഭീകരത, അധികാര ദുര്‍‌വിനയോഗം, തൊഴിലില്ലായ്മ എല്ലാം സ്വാഭാവികമായും നോവലിലുണ്ട്. തലമറക്കാനനുവദിക്കാത്തതിനാല്‍ പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്യുന്നു എന്ന അന്വേഷണത്തില്‍ പോലും ഒരു പുതുമയുണ്ട്. ഒരു പുതിയ പ്രതീകാത്മകതയും. മുസ്ലിം രാജ്യം എന്നറിയപ്പെടുന്ന തുര്‍ക്കിയില്‍ തലമറക്കാന്‍ പാടില്ല എന്ന അറിവു കൂടിയാകുമ്പോള്‍ അതിന്റെ രാഷ്ട്രീയ പ്രാധാന്യം നമുക്ക് കിട്ടും. എന്റെ ഉദ്ദേശ്യം രാഷ്ട്രീയം വിശകലനം ചെയ്യുകയല്ല. നോവലിന്റെ പാശ്ചാത്തലം പറഞ്ഞു പോകുക മാത്രമാണ്.

കാ സ്വയം അവകാശപ്പെടുന്നത് ഒരു നിരീശ്വര വാദിയായാണു പക്ഷെ ഇടക്ക് സന്ദേഹവാദിയായും ചിലപ്പോഴെല്ലാം ദൈവവിശ്വാസിയായും സ്വയം സംശയിക്കുകയും ചെയ്യുന്നുണ്ട്. തീരുമാനമെടുക്കാനുള്ള അയാളുടെ നിസ്സഹയാവസ്ഥ എല്ലാവരാലും ചൂഷണം ചെയ്യപ്പെടുന്നുമുണ്ട്. എല്ലാറ്റിലുമുള്ളവര്‍ക്ക് ആരുമുണ്ടാകില്ല എന്ന ചൊല്ലു പോലെ അവസാനം എല്ലാവരാലും സംശയിക്കപ്പെടുന്നവനായി കാ മാറുന്നു. അയാളുടെ മരണവും അതിന്റെ പരിണതിയാണ്.

നോവലിന്റെ കഥാസംഗ്രഹം പറയുക എനിക്ക് താത്പര്യമില്ല. ഒരു കഥയുടെ വായനയെ അത് ബാധിക്കുമെന്ന് ഞാന്‍ കരുതുന്നതിനാല്‍ അതിലെനിക്ക് താത്പര്യമില്ല. കഥയുടെ ആശയം കഥാകൃത്തിന്റെ താത്പര്യങ്ങളിലൂടെയാണു നീങ്ങുക. പക്ഷെ വായനാനുഭവം നല്ല ഒരു കലാകാരനു ആശയങ്ങളുമായി പൊരുത്തപെടാത്തവര്‍ക്കും പകരാനാകും. അങ്ങിനെ ഞാന്‍ മഞ്ഞിലൂടെ നീങ്ങുന്നു. നിങ്ങള്‍ക്കും ഇഷ്ടപ്പെടാതിരിക്കില്ല.

പുസ്തകം വിവര്‍ത്തനം ചെയ്തത് : ജോളി വര്‍ഗ്ഗീസ്
പുസ്തക വില : 225രൂപ

3 comments:

  1. പരിചയപ്പെടുത്തലിന്‌ നന്ദി

    ReplyDelete
  2. അവലോകനത്തിനു നന്ദി, പുസ്തകം വായിച്ചിട്ടില്ല. വായിക്കനമെന്നു കരുതുന്നു.

    ReplyDelete
  3. തുർക്കിയുടെ ചരിത്രം ഒരു ഹരമാണ്.. കപ്പദോക്യ, ഇസ്താംബൂൾ... നോവലിൽ ചരിത്രപശ്ചാത്തലം ഉണ്ടോ?

    ReplyDelete

താങ്കൾ എന്തുപറയുന്നു പുസ്തക വിചാരത്തെപ്പറ്റി ?