പുസ്തകം : രണ്ടാം യാമത്തിന്റെ കഥ
രചയിതാവ് : സല്‍മ
പ്രസാധനം : ഡി.സി ബുക്ക്സ്
അവലോകനം : മൈന ഉമൈബാന്‍
അക്കാലത്ത് അവളുടെ ഗ്രാമത്തിലെ സ്‌ത്രീകള്‍ക്ക് സിനിമ നിഷിദ്ധമായിരുന്നു. അവളും കൂട്ടുകാരികളും വിലക്കിനെ വകവെക്കാതെ സിനിമക്കുപോയി. തീയറ്ററില്‍ അവരല്ലാതെ സ്‌ത്രീകളായി ആരുമില്ലായിരുന്നു. എല്ലാപുരുഷന്മാരുടേയും കണ്ണുകള്‍ അവര്‍ക്കുമേലെ വീണു. തിരയില്‍ കണ്ടത് A പടമായിരുന്നു. വീട്ടിലെത്തിയ് അവള്‍ക്ക് തല്ലുകിട്ടിയതിനോടൊപ്പം സ്‌കൂള്‍ പഠനവും അവസാനിച്ചു. 'നീയൊരു പെണ്ണാണ് ‘ എന്ന് അമ്മ ഓര്‍മിപ്പിച്ചു. അങ്ങനെ ഒന്‍പതാംക്ലാസ്സില്‍ പഠനം നിര്‍ത്തി അവള്‍ ഏകാന്തതയുടെ തടവുകാരിയായി. വീടിനു പുറത്തേക്കിറങ്ങാന്‍ പോലും അവള്‍ക്കു സാധിക്കുമായിരുന്നില്ല. അവള്‍ വായിക്കാന്‍ തുടങ്ങി..പിന്നെ പിന്നെ കവിതകള്‍ എഴുതാൻ...
അവള്‍ക്ക് പതിനെട്ടുവയസ്സുള്ളപ്പോള്‍ വീട്ടുകാര്‍ ബന്ധുവിനെകൊണ്ട് വിവാഹമുറപ്പിച്ചു. അവള്‍ എതിര്‍ത്തു. പട്ടിണികിടന്നു. അവളുടെ അമ്മക്ക് നെഞ്ചുവേദന വന്നു. ഡോക്ടറും വീട്ടുകാരും അവള്‍ക്കെതിരെ തിരിഞ്ഞു. അമ്മ മരിച്ചാല്‍ അവളുടെ സ്വാര്‍ത്ഥതയായിരിക്കും കാരണമെന്ന്. അമ്മയുടെ നെഞ്ചുവേദന വിവാഹത്തിനു സമ്മതിക്കുന്നതിനുവേണ്ടിയുള്ള അടവുമാത്രമായിരുന്നെന്ന് വിവാഹശേഷമാണ് അവള്‍ക്ക് മനസ്സിലായിത്.
പക്ഷേ, അവള്‍ക്ക് എഴുതാതിരിക്കാനായില്ല. ശ്വാസം പോലെയായിരുന്നു അവള്‍ക്ക് എഴുത്ത്. പകല്‍ അവള്‍ എല്ലാവരുടേയും റുക്കിയ രാജാത്തിയായിരുന്നു. രാത്രിയില്‍ അവള്‍ സല്‍മയും. ഭര്‍ത്താവറിയാതെ അവള്‍ നട്ടപ്പാതിരയക്ക് കുളിമുറിയിലിരുന്ന് കവിതയെഴുതി. തമിഴിലെ അറിയപ്പെടുന്ന കവയത്രിയായി. പക്ഷേ, വീട്ടുകാരാരുമറിഞ്ഞില്ല സല്‍മയെ. അവര്‍ക്ക് രാജാത്തിയെ മാത്രമേ അറിയുമായിരുന്നുള്ളു.
പക്ഷേ, അടുത്തു വന്ന പഞ്ചായത്ത് തെരെഞ്ഞെടുപ്പില്‍ വനിതാസംവരണമായിരുന്നു. പൊതുപ്രവര്‍ത്തകനായ ഭര്‍ത്താവ് ബന്ധുക്കളില്‍ പലരേയും മത്സരിപ്പിക്കാന്‍ ശ്രമിച്ചു. പക്ഷേ ആരും തയ്യാറായില്ല. എന്നാല്‍ അവള്‍ തയ്യാറായി. അവള്‍ വിജയിച്ചു. അതോടെ റുക്കിയ മാലിക് രാജാത്തി 'സല്‍മ'യാണെന്ന് ലോകമറിഞ്ഞു. അവരിന്ന് തമിഴ്‌നാട് സാമൂഹ്യക്ഷേമബോര്‍ഡ് ചെയര്‍പേഴ്‌സണ്‍ ആണ്.
സല്‍മയുടെ ആദ്യ നോവലാണ് രണ്ടാം യാമത്തിന്റെ കഥ.
അതില്‍ പുരുഷന്മാര്‍ക്കൊന്നും വലിയ സ്ഥാനമില്ല. രണ്ടാം യാമമെന്നാല്‍ നട്ടപ്പാതിര. ആ നട്ടപ്പാതിരകളാണ് സ്‌ത്രീകളുടെ ലോകം. നാലതിരുകള്‍ തീര്‍ത്ത അറക്കപ്പുറം അവര്‍ക്കു ലോകമില്ല. എന്നാല്‍ മതത്തിന്റെയും ആണ്‍കോയ്‌മയ്‌ക്കുമിടയില്‍ അവര്‍ക്കുമൊരു ലോകമുണ്ടെന്നു കാണിച്ചു തരുന്നു ഈ നോവൽ.
സ്‌നേഹം, ദയ, പ്രണയം, കാമം, ദുഖം, അസൂയ, കുശുമ്പ്, പരദൂഷണം അങ്ങനെ എല്ലാം ചേര്‍ന്നതാണ് ഈ കഥ. നിസ്സഹായരാണവര്‍. രണ്ടാംയാമത്തിനപ്പുറത്തേക്കു കടക്കാന്‍ അവര്‍ക്കാകുന്നില്ല. സമൂഹം കല്‌പിച്ചു നല്‌കിയ അതിരുകള്‍ക്കപ്പുറം കടക്കാന്‍ ശ്രമിച്ചവര്‍ക്കൊക്കെ ദുഖം മാത്രമായിരുന്നു വിധി. അവര്‍ വായനക്കാരെയും തീരാദുഖത്തിലെത്തിക്കുന്നു.
ഭര്‍ത്താവു മരിച്ചാല്‍, മൊഴിചൊല്ലിയാല്‍ പിന്നെ സ്‌തീകളുടെ ജീവിതം നിറപകിട്ടില്ലാത്തതാണ്. പലപല നിറങ്ങളില്‍ പട്ടുപുടവകള്‍ അണിയാൻ, മുല്ലപ്പൂവ് ചൂടി സുന്ദരികളായിരിക്കാന്‍ അവര്‍ മോഹിക്കുന്നു. പക്ഷേ, മുതിര്‍ന്നവര്‍ അനുവദിക്കില്ല. സ്‌ത്രീകളാണ് മതത്തിന്റേയും സമൂഹത്തിന്റേയും മാനം കാക്കേണ്ടത്. മാനക്കേടുണ്ടാക്കുന്ന ഒന്നും അവര്‍ ചെയ്‌തുകൂടാ. മതാചാരം ഒരു വഴിക്കും നാട്ടാചാരം മറ്റൊരു വഴിക്കും സ്‌ത്രീയെ വേട്ടയാടുന്നതിന്റെ ദയനീയ ദൃശ്യങ്ങൾ....
അതിസുന്ദരിയായ ഫിര്‍ദൗസിന്റെ കഥതന്നെ എത്ര മനോഹരം. അവളുടെ പ്രണയവും ലോകത്ത് ജീവിച്ചിരിക്കാനുള്ള ആശയും കവിതതന്നെ. ഒരോ വരിയിലും കവിത തുളുമ്പി നില്‌ക്കുന്നു. സ്‌ത്രീയുടെ ഉടലിനെപ്പറ്റി, ആവശ്യങ്ങളെപ്പറ്റി ഇതുപോലൊന്ന് വായിച്ചോര്‍മയില്ല.
സ്‌ത്രീയുടെ ലോകത്തുകൂടി ഇത്ര സൂക്ഷ്‌മമായി ഭംഗിയായി ഇറങ്ങിച്ചെല്ലാന്‍ സല്‍മക്കുമാത്രമേ സാധിച്ചിട്ടുള്ളു എന്ന് എടുത്തു പറയേണ്ടതാണ്. കണ്ണാടിയില്‍ നോക്കി നില്‍ക്കുന്ന വഹീദ മുഖത്ത് മുഖക്കുരു കണ്ട് ഉള്ളില്‍ സന്തോഷിക്കുന്നതു മുതല്‍ ചെറുപ്പക്കാരികളുടെ അശ്ലീലം പറച്ചിലും കാസറ്റു കാണലും വരെ എത്ര തന്മയത്തത്തോടെ എഴുതിയിരിക്കുന്നു.
മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്‌ത ആറ്റൂര്‍ എഴുതുന്നു. 'പെണ്‍മയുടെ ലോകമാണിതിൽ. പലതരത്തിലുള്ള പെണ്ണുങ്ങൾ. കൗശലക്കാരികളും തന്റേടികളും പാവങ്ങളും ചെറ്റകളും ഒക്കെയാണ് മുതിര്‍ന്നവര്‍. കലഹിപ്പവരും ദുഖിപ്പവരും നിഷേധികളും ആയാണ് ഇളംതലമുറയെ കാണുന്നത്. മൂടിവെയ്‌ക്കല്‍ കലയും സൗന്ദര്യവും സന്മാര്‍ഗ്ഗവുമായിരുന്ന സമുദായത്തില്‍ വെളിപ്പെടുത്തലിന്റെ സ്വാതന്ത്യവും ആരോഗ്യവും കാട്ടുന്നതാണ് ഈ ചെറുപ്പക്കാരികളുടെ ഭാഷ. ലൈംഗികമായി ആക്രമിക്കപ്പെടുകയും തോല്‌പ്പിക്കപ്പെടുകയും ചെയ്യപ്പെടുന്നത് അവരുടെ നിത്യസംഭാഷണവിഷയമാണ്. പെണ്ണിന്റെ വചനസ്വാതന്ത്ര്യം അവര്‍ ആഘോഷിക്കുന്നു.'
'ഇസ്ലാമിക പാരമ്പര്യത്തിലെ ചില മതനിയമങ്ങളും ഇന്ത്യന്‍സാഹചര്യത്തില്‍ അവയിലെ ചില വകുപ്പുകള്‍ക്കു വന്നുചേര്‍ന്ന ആണനുകൂലവ്യാഖ്യാനങ്ങളും അമ്മട്ടിലുള്ള ചില നാട്ടുനടപ്പുകളും ഓരോരോ പ്രായത്തില്‍ എങ്ങനെയെല്ലാം ഉമ്മമാര്‍്‌ക്ക് കൈവിലങ്ങും കാല്‍ച്ചങ്ങലയും ആയിത്തീരുന്നു എന്ന് ഈ കഥയില്‍ എവിടെ നോക്കിയാലും കാണാം. എന്റെ മനസ്സില്‍ ബാക്കിനില്‌ക്കുന്ന ഒരു സംഭാഷണശകലം: ഊരില്‍ ആരാണ് സന്മാര്‍ഗ്ഗി? നോക്ക്. ആണ് അങ്ങനെയൊക്കെ ഇരിക്കും. പെണ്ണ് അങ്ങനെയായാലേ തപ്പുള്ളു'-(അവതാരികയില്‍ കാരശ്ശേരി )
കഥാപാത്രങ്ങള്‍ വികാരാധീനരായി ഒരു ചോദ്യവും ചോദിക്കുന്നില്ല. എന്നാല്‍ ഓരോ സന്ദര്‍ഭത്തിലും അതു വ്യക്തമായി കാണാം. വിവാഹത്തിന്റെ പൊരുത്തത്തെപ്പറ്റി നബീസ ചിന്തിക്കുന്നത് നോക്കുക. "പഴയകാലത്തു പൊരുത്തം നോക്കാതെ പെണ്ണുങ്ങളെ കല്ല്യാണം കഴിപ്പിച്ചു ജീവിതം തുലപ്പിച്ചു. എന്നാല്‍ ഇക്കാലത്തും അങ്ങനെതന്നെ നടക്കുന്നു. പണവും ബന്ധവും മാത്രം നോക്കിയാല്‍ മതി. വേറെ വയസ്സോ കാഴ്‌ചയോ ആരു നോക്കുന്നു? പെണ്ണിന്റെ വിധി...."
വഹീദയ്‌ക്കു ആലോചിച്ച പയ്യന് ചീത്തനടത്തമുണ്ടെന്ന് റൈമ ഭര്‍ത്താവിനോട് പറയുമ്പോള്‍ അയാള്‍ പറയുന്ന മറുപടിയുണ്ട്. " ആണാണെങ്കില്‍ അങ്ങിനെയിങ്ങനെയൊക്കെയുണ്ടാവും. ഇതൊക്കെ ഇത്ര വലുതായി കാണുന്നത് ശരിയല്ല. ഊരുലകത്തില്‍ ആരാണ് ഉത്തമനായിരിക്കുന്നത് എന്ന് പറയ്. അങ്ങനെ ഒരുത്തനെക്കൊണ്ടു മകളെ കെട്ടിക്കണമെന്നുവെച്ചാല്‍ ഈ ജന്മത്തില്‍ നടക്കില്ല. അതോര്‍മ്മ വെച്ചോ. ആണ് കെട്ട് പോകുന്നത് അത്ര കാര്യമല്ല..."
അപ്പോള്‍ റൈമ വിചാരിക്കുന്നു. ആണുങ്ങളാരും യോഗ്യരല്ല. എന്നാലും അറിഞ്ഞുകൊണ്ട് ഒരു തെറ്റ് ചെയ്യുന്നതെന്തിനാ? അവള്‍ക്ക് തലവേദന വന്നു. അങ്ങനെ മനസ്സുകുഴങ്ങിയിട്ട് എന്തുകാര്യം. അല്ലാഹുവിനെ ഭാരമേല്‌പ്പിച്ച് സ്വന്തം ജോലിനോക്കുക തന്നെ നല്ലത്.
റാബിയ എന്ന കൊച്ചുപെണ്‍കുട്ടിയുടെ മനസ്സിലൂടെയാണ് കഥതുടങ്ങുന്നത്.
അവള്‍ക്ക് ഒരു മണ്‍ഹുണ്ടികയുണ്ട്. അതിലെ സമ്പാദ്യം കൊണ്ട് അവള്‍ക്ക് തങ്കക്കമ്മല്‍ വാങ്ങാമെന്നാണ് അമ്മ പറയുന്നത്. എന്നാല്‍ അവള്‍ക്കതില്‍ താത്‌പര്യമില്ല. 'ആര്‍ക്കുവേണം പണ്ടം?' അവള്‍ ചോദിച്ചത് 'എനിക്ക് തീവണ്ടി കയറാന്‍ കൊതിയുണ്ട്. കൊണ്ടുപോകാമോ?' എന്നാണ്. 'അല്ലെങ്കില്‍ സൈക്കിള്‍ വാങ്ങി താ' എന്ന്. പെണ്‍കുട്ടികള്‍ക്ക് സൈക്കിള്‍ വേണ്ടെന്ന് അമ്മ. വണ്ടിയില്‍ ഉമ്മയും കയറിയിട്ടില്ല. പിന്നെങ്ങനെ?
അവള്‍ കൂട്ടുകാരനോടൊപ്പം മലകാണാന്‍ പോയതിന് അമ്മയുടെ ശകാരം." മലകയറുമ്പോള്‍ വയസ്സറിയിച്ചാല്‍ എന്താവും? പിശാചു ബാധിച്ചിരിക്കും" എന്ന്. അവള്‍ കൂടുതല്‍ മധുരം കഴിച്ചാലും അമ്മ വിലക്കും. പെട്ടെന്ന് വയസ്സറിയിക്കും എന്ന്. അവള്‍ ഹദീസ് വായിച്ച് സംശയാലുവാകുകയാണ്. സ്വര്‍ഗ്ഗത്തില്‍ ചെന്നാല്‍ ആണുങ്ങള്‍ക്ക് ഹൂറികള്‍ ഉണ്ടാവുംപോലെ പെണ്ണുങ്ങള്‍ക്ക് ഹൂറി ആണുങ്ങള്‍ ഉണ്ടാവില്ലേ എന്ന്. അവളുടെ അത്തയ്‌ക്ക് വെപ്പാട്ടിയുണ്ട്. അതിന് എല്ലാവരുടേയും അംഗീകാരവുമുണ്ട്. ചിലര്‍ക്ക് വേറെയും ഭാര്യമാരുണ്ട്. പക്ഷേ അവളുടെ സഹപാഠിയുടെ അമ്മയ്‌ക്ക് രണ്ടു ഭര്‍ത്താക്കന്മാരുണ്ട്. അപ്പോള്‍ അവള്‍ സന്ദേഹിയാവുന്നു. പെണ്ണിന് കൂടുതല്‍ ഭര്‍ത്താക്കന്മാരുണ്ടാവുന്നത് തപ്പല്ലേ?
പുരുഷന് ബഹുഭാര്യത്വവും വെപ്പാട്ടിയും (വെപ്പാട്ടി അന്യജാതിക്കാരിയാണ്)ഒക്കെയാവാം. അതിനൊക്കെ അംഗീകാരവുമുണ്ട്. എന്നാല്‍ അതേ സമൂഹത്തില്‍ ഒരു മുസ്ലീംസ്‌ത്രീ അന്യമതക്കാരന്റെ കൂടെപ്പോയതിന് പള്ളി വിലക്കേര്‍പ്പെടുത്തുകയാണ് അവളുടെ കുടുംബത്തെ. നാട്ടാചാരവും മതനിഷ്‌ഠയും കാത്തുസൂക്ഷിക്കേണ്ടത് പാവപ്പെട്ടവരും പെണ്ണുങ്ങളുമാണ് !
ഇതിന്റെ മൊഴിമാറ്റത്തില്‍ എനിക്ക് പോരായ്‌മകളുണ്ട്. മുസ്ലീം ആചാരങ്ങളിലും വിശേഷാവസരങ്ങളിലും ഉള്ള പരിചയമില്ലായ്‌മ. ഇതില്‍ പലയിടത്തും അറബികലര്‍ന്ന തമിഴ്‌മൊഴി....ആറ്റൂര്‍ മൊഴിമാറ്റത്തെപ്പറ്റി ഇങ്ങനെ എഴുതുന്നു. മൊഴിമാറ്റത്തില്‍ ചില തമിഴ് വാക്കുകള്‍ അങ്ങനെതന്നെ ഉപയോഗിച്ചത് മനോഹരമായിട്ടുണ്ട്. എന്നാല്‍ മൂലകൃതിയില്‍ നിന്ന് മാറ്റം വരുത്തിയപ്പോള്‍ വിളിപ്പേരുകളിലും ചില വാക്കുകളിലും അര്‍ത്ഥവ്യത്യാസം വന്നുവോ എന്ന് ഈയുള്ളവള്‍ക്ക് സന്ദേഹം. തെക്കന്‍തമിഴ്‌നാടാണ് കഥാപരിസരം. റാവുത്തര്‍ മുസ്ലീങ്ങളും. അവര്‍ ഉമ്മ-ബാപ്പ എന്ന് വിളിക്കാറില്ല. അമ്മയും അത്തയുമാണ്. പലയിടങ്ങളിലും തിരിഞ്ഞും മറിഞ്ഞും ഉമ്മ-ബാപ്പ വരുന്നുണ്ട്. ഭര്‍ത്താവ് മച്ചാനാണ്. ജ്യേഷ്‌ഠത്തിയുടെ ഭര്‍ത്താവിനെയും മച്ചാന്‍ എന്നാണ് വിളിക്കാറ്. വിവര്‍ത്തനത്തില്‍ അളിയനായി പോയിട്ടുണ്ട്. കേരളത്തിലെ റാവുത്തര്‍മാരും ഇങ്ങനെതന്നെയാണ് വിളിക്കാറ്. നാത്തൂന്‍ മദനിയാണ്. ഇളയച്ഛന്‍ ചെച്ചയാണ്. കേരളത്തിലെ റാവുത്തര്‍മാരും വീട്ടില്‍ തമിഴ് സംസാരിക്കുന്നവരാണ് അധികവും. ബന്ധുക്കളോട് തമിഴും അയല്‍ക്കാരോട് മലയാളവും ഒരോയൊപ്പം സംസാരിക്കുന്നവർ. അവരുടെ മലയാളത്തില്‍ നാടന്‍ പ്രയോഗങ്ങള്‍ കുറവാണ്. ഏതാണ്ട് മാനകഭാഷതന്നെ ഉപയോഗിക്കുന്നു. പക്ഷേ, വിവര്‍ത്തനത്തില്‍ മലബാര്‍ മുസ്ലീം സംസാരിക്കുന്നഭാഷ പ്രയോഗങ്ങള്‍ കടന്നുവന്നിട്ടുണ്ട്. വരിൻ, ഇരിക്കിൻ, പറയിൻ, ഇങ്ങനെ പോകുന്നു. അറബി വാക്കുകളും തെറ്റായി വന്നിട്ടുണ്ട്.
നോവലിന്റെ പ്രധാനപോരായ്‌മയായി തോന്നിയത് വിമോചനസ്വരമുയര്‍ത്താന്‍ കെല്‍പുള്ളവരുണ്ടായിട്ടും എല്ലാവരും രണ്ടാംയാമത്തിനപ്പുറം പോയില്ല എന്നതാണ്. ഇതൊക്കെതന്നെയാണ് സ്‌ത്രീയുടെ ജീവിതം . ഇതിനപ്പുറം കടക്കാന്‍ കഴിയില്ല എന്ന മട്ടില്‍ അവസാനിച്ചു. എന്നാല്‍ നോവലിസ്‌റ്റിന്റെ യഥാര്‍ത്ഥജീവിതത്തില്‍ ഈ വിമോചനം വരുന്നുണ്ടുതാനും.
ഞാന്‍ ഈയിടെ വായിച്ച നല്ല മുസ്ളിം സാമുദായിക നോവല്‍ ഈജിപ്ഷ്യന്‍ എഴുത്തുകാരന്‍ നജീബ് മഹ്ഫൂസിണ്റ്റെ 'കൊട്ടാരത്തെരു'വാണ് മലയാളത്തില്‍ അപൂര്‍വ്വമായേ ഈ വിഭാഗത്തില്‍പെട്ട രചനകള്‍ ഉണ്ടാകുന്നുള്ളു. നമുക്ക് തമിഴിലേക്ക് തിരിയേണ്ടിയിരിക്കുന്നു. പരിചയപ്പെടുത്തല്‍ നന്നായി.
ReplyDeleteവായിക്കണമെന്ന താല്പര്യമുണ്ടാക്കുന്ന കുറിപ്പ്, നന്ദി.
ReplyDeleteവായിച്ചറിയണം.
ReplyDeleteപരിചയപ്പെടുത്തലിന് നന്ദി
പുസ്തകത്തിനൊപ്പം സല്‍മയെയും പരിചയപ്പെടുത്തിയത്,
ReplyDeleteനോവല്‍ വായിക്കാനുള്ള താല്പര്യം കൂട്ടാനുപകരിച്ചു.
നന്ദി.
വായിക്കണമെന്നുണ്ട്. കിട്ടുമോന്നു നോക്കട്ടെ.
ReplyDeleteassalamu alikkum
ReplyDeleteee vivaranathin nanni ekilum vayikkanam
raihan7.blogspot.com