Tuesday, February 22, 2011

അമ്മമലയാളം

പുസ്തകം : അമ്മമലയാളം
രചയിതാവ് :
കുരീപ്പുഴ ശ്രീകുമാർ
പ്രസാധനം :
മൈത്രി ബുക്ക്സ്
അവലോകനം : പ്രവീണ്‍ വട്ടപ്പറമ്പത്ത്


ജീവിതയാഥാർത്ഥ്യങ്ങളെ അതിന്റെ തനതായ തീക്ഷ്ണതയോടെ അവതരിപ്പിക്കുന്നതിൽ‌ വിജയിച്ചിട്ടുള്ള ചുരുക്കം ചില സമകാലിക കവികളിൽ ഒരാളാണ് കുരീപ്പുഴ ശ്രീകുമാർ‌. ഇളംകാറ്റിന്റെ കുളിർമയോ, കളകളമൊഴുകുന്ന അരുവിയുടെ ഇമ്പമാർന്ന നാദമോ‌ കുരീപ്പുഴയുടെ കവിതകളിൽ‌ നിന്ന് നമുക്ക് കണ്ടെത്താനായെന്ന് വരില്ല. അതിൽ‌ അടിമത്തത്തിനെതിരേയുള്ള അട്ടഹാസങ്ങളുണ്ട്, ദുഷിച്ച സാമൂഹികവ്യവസ്ഥകളോടുള്ള പ്രതിഷേധമുണ്ട്, കാട്ടാറിന്റെ വന്യതയുണ്ട്, തീക്ഷ്ണതയേറിയ അനുഭവങ്ങളുടെ ഓർമ്മപ്പെടുത്തലുകളുണ്ട്..

അമ്മമലയാളം, ചർവ്വാകം‌,വീണ്ടെടുക്കേണ്ടും കാലം തുടങ്ങിയ പത്തൊൻപത് കവിതകളുടെ സമാഹാരമാണ് മൈത്രി ബുക്ക്സ് പുറത്തിറക്കിയ “അമ്മമലയാളം”. (വില: 35 രൂപ) വിവിധവിഷയങ്ങളിലായി കുരീപ്പുഴയുടെ കവിതാരൂപത്തിലുള്ള പ്രതികരണങ്ങളാണു ഉള്ളടക്കം. ആശകൾ‌നശിച്ചവന്റെ നിസ്സഹായത മുതൽ‌ മാതൃഭാഷക്ക് വേണ്ടി വരുംതലമുറയോടുള്ള ശക്തമായ ആഹ്വാനംവരെ ഇവയിലടങ്ങിയിരിക്കുന്നു.

“ഓലയും നാരായവും കാഞ്ഞിരത്തിന്റെ
ചോലയിൽ വച്ചു നമിച്ചു തിരിഞ്ഞൊരാൾ‌
ആദിത്യ നേത്രം‌ തുറന്നു ചോദിക്കുന്നു
ഏതു കടലിൽ എറിഞ്ഞു നീ ഭാഷയെ”

ജീവിതഭാഷയെ വിറ്റുതുലക്കാനിറങ്ങിയ ഒരു തലമുറയോട് കവിയുടെ ചോദ്യശരങ്ങളുടെ ഒരുകൂമ്പാരമാണ് അമ്മമലയാളമെന്ന കവിത. വീണപൂവും പ്രേമസംഗീതവും ഓമനത്തിങ്കൾക്കിടാവുമൊക്കെ സമ്മാനിച്ച ‘സ്നേഹപൂർണ്ണമലയാളത്തെ’ ചുട്ടുകൊന്ന തലമുറയോടുള്ള കവിയുടെ രോഷം പലപ്പോഴും നമ്മെയൊക്കെ ഒരു ആത്മവിശകലനത്തിന് പ്രേരിപ്പിക്കുന്നുണ്ട്. തമ്മിൽ‌ പിണങ്ങുവാൻ പിന്നെയിണങ്ങുവാൻ നമ്മെ പഠിപ്പിച്ച നന്മയാണമ്മമലയാളമെന്ന ഓർമ്മപ്പെടുത്തലിനോടൊപ്പം നമുക്ക് നഷ്ടപ്പെടുന്നതെന്തെന്ന് ഒരു വിളിച്ച്പറയലും കൂടി കവി നടത്തുന്നുണ്ട്.

പൌരോഹിത്യ ദുഷ്‌പ്രഭുത്വത്തിന്റെ അവശേഷിപ്പുകളായ അനാചാരങ്ങൾക്ക് നേരെയുള്ള പടവാളാണ“ചർ‌വ്വാകൻ” എന്ന കവിത. യുക്തിവാദിയായ കവിയുടെ തീക്ഷ്ണതയേറിയ വാക് ശരങ്ങൾ‌ തറക്കുന്നത്“മത ബോധത്തിൽ” അടിയുറച്ച് മതിലുകൾ കെട്ടിപ്പടുക്കുന്നതിൽ‌ വ്യാപൃതരായിരിക്കുന്നവർക്ക് നേരെയാണ്. ലോകായതക്കാറ്റുടുത്ത്, തീജ്ജ്വാലയായ് രസിക്കാത്ത സത്യങ്ങൾ‌ വിളിച്ച് പറയുന്നചർവ്വാകന്റെ ധർമ്മം‌ കവിയും നിർവ്വഹിക്കുകയാണ്.

“ഇല്ല ദൈവം, ദേവശാപങ്ങൾ മിഥ്യകൾ‌
ഇല്ലില്ല ജാതിമതങ്ങൾ‌,
പരേതർക്ക് ചെന്നിരിക്കാൻ‌ ഇല്ല സ്വർഗ്ഗവും നരകവും‌
ഇല്ല പരമാത്മാവുമില്ലാത്മമോക്ഷവും.."

അപ്രിയമായവ വിളിച്ചു പറയാനുള്ള ചങ്കൂറ്റത്തിന്റെ പ്രത്യക്ഷമായ ഉദാഹരണമായി കവി ഇവിടെമാറുന്നു.

ഗദ്ദറെന്ന തെലുങ്ക് വിപ്ലവകാരിക്കായുള്ള സമർപ്പണമാണു ‘ഗദ്ദറിന് ‘ എന്ന കവിതയെങ്കിൽ‌ സുഖലോലുപതയിൽ മുഴുകി ജീവിതം നയിക്കുന്നവരോട്, നിരന്തരം‌ ഇമയടക്കാതെ ജീവിതത്തോട് പടവെട്ടുന്നവരെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തലാണ് “പകലുറങ്ങുന്നവർ‌“ എന്ന കവിത.

മനുഷ്യപ്രദർ‌ശനം‌,തിരിച്ചു വന്നവൾ‌, വിശുദ്ധവിലാപങ്ങൾ‌,തോക്കിന്റെ വഴി, ഇടപെടൽ‌ എന്നിവ ഈസമാഹാരത്തിലെ ശ്രദ്ധേയമായ മറ്റു കവിതകളാണ്.

3 comments:

  1. കുരീപ്പുഴയെ സമീപിക്കുമ്പോള്‍ ഇത്രയൊക്കെ മതിയോ... ?

    ReplyDelete
  2. കേവലം ഉപരിപ്ലവമായ ഒരു പുസ്തകക്കാഴ്ച

    ReplyDelete
  3. ഇത്രയൊക്കെ മതിയെന്നല്ല, ഇത്രയൊക്കെ പോരാ എന്നതുതന്നെയാണു സത്യം‌. പക്ഷെ ഒരു ചെറിയ രീതിയിലുള്ള വിവരണം എന്നതിലുപരി, വിശദമായ നിരൂപണപഠനം ഇവിടെ ഉദ്ദേശിച്ചില്ല. അതുകൊണ്ട് തന്നെ ഉപരിവിപ്ലവമായി ഒതുക്കേണ്ടി വന്നു. :(

    ReplyDelete

താങ്കൾ എന്തുപറയുന്നു പുസ്തക വിചാരത്തെപ്പറ്റി ?